Sunday, 29 October 2017

ഭൂമിയിൽ ഞാൻ കണ്ട മാലാഖ

 Episode -15 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഇടയ്ക്കുള്ള യാത്രയ്ക്കിടയിൽ ഒരു റിഹാബിലിറ്റേഷൻ സെൻററിൽ പോകാൻ ഭാഗ്യമുണ്ടായി. ഒരു കല്യാണത്തിന് പോയ സമയത്ത് അവിടെ കൂടെയുണ്ടായിരുന്ന ഒരു ഫാദർ ഞങ്ങളെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോയതായിരുന്നു.

അവിടെയുള്ളവരൊക്കെ തന്നെ ജീവിതത്തിൻറെ ഏറ്റവും നല്ല സുവർണ്ണ നിമിഷങ്ങളിലൂടെ കടന്നു പോയി അപ്രതീക്ഷിതമായ അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് കീഴെ തളർന്നവരായിരുന്നു. ഓരോ വ്യക്തികളുടെയും കഥകൾ ഓരോ നിറമായിരുന്നു.

കൂട്ടത്തിലൊരു ചേട്ടനുണ്ടായിരുന്നു. കഴുത്തിന് കീഴെ തളർന്നിരുക്കുന്ന വളരെ ദയനീയമായ അവസ്ഥ. പക്ഷെ മുഖത്തുള്ള പ്രകാശം കണ്ടാൽ അറിയാം ജീവിതത്തെ ഇത്രയും പോസറ്റിവ് ആയി കാണുന്ന ഒരു വ്യക്തി വേറെയുണ്ടാവില്ലെന്ന്. എല്ലാവർക്കും ആരെങ്കിലുമൊക്കെ ഒരു ബൈ സ്റ്റാൻഡർ അവിടെ ഉണ്ട്. ചേട്ടൻറെ ബൈ സ്റ്റാൻഡർ ആയി അവിടെ നിൽക്കുന്നത് അവരുടെ ഭാര്യയാണ്.

അവരുടെ കഥ കേൾക്കാൻ എനിക്ക് വളരെയധികം ജിജ്ഞാസയുണ്ടായി...

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ചേട്ടൻ ഏതൊരു പ്രവാസിയെ പോലെ കല്യാണമെന്ന മോഹവുമായി നാട്ടിൽ വരികയും കല്യാണം കഴിക്കുകയും ചെയ്തു. ഹണിമൂൺ ആഘോഷിച്ചു അമ്പത്തിയഞ്ചാമത്തെ ദിവസം മനസ്സില്ലാ മനസ്സോടെ വിദേശത്തേയ്ക്ക് തിരിച്ചു പോയ ചേട്ടൻ അമ്പത്തിയെട്ടാമത്തെ ദിവസം ഒരു അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങിയെത്തി. നിർഭാഗ്യമെന്ന് പറയട്ടെ, നട്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റി അരയ്ക്ക് കീഴേയും പിന്നെ ഭാഗികമായി കഴുത്തിന് താഴേക്കും തളർന്ന് പോയി കഴിഞ്ഞിരിക്കുന്നു. കല്യാണം കഴിഞ്ഞു ഏതാനും മാസങ്ങൾ മാത്രമായ ചേച്ചിയെ താനിനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് ബോധ്യപ്പെടുത്തിയെങ്കിലും ഒഴിവാക്കി പോകാൻ അവർ തയ്യാറായില്ല. രണ്ട് മൂന്ന് വർഷത്തോളം ശരിക്കും വെറുപ്പിച്ചു കളഞ്ഞു. എന്നിട്ടും പോകില്ലെന്ന് വാശി പിടിച്ചു. ഇനിയും തന്നെ പോകാൻ പറഞ്ഞാൽ ചത്തു കളയുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് രണ്ടുപേരും ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു റീഹാബിലിറ്റേഷൻ സെൻററിൽ എത്തിയത്. ഇപ്പോൾ അവരുടെ കല്യാണം കഴിഞ്ഞു പന്ത്രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ചേട്ടൻറെ പരിചരണം കൂടാതെ റീഹാബിലിറ്റേഷൻ സെൻററിലെ മറ്റു കാര്യങ്ങൾ കൂടി ഭംഗിയായി ഒരു സങ്കടവുമില്ലാതെ ഏറ്റവും സന്തോഷവതിയായി ചെയ്യുന്നത് കാണുമ്പോൾ, അവരുടെ മുഖത്ത് തുടിക്കുന്ന ആ പ്രകാശം കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം. അവർ നൂറ് ശതമാനവും സന്തോഷവതിയാണെന്ന്.

ആ പടികളിറങ്ങുമ്പോൾ ചുറ്റും കൂടി നിന്നവർ എന്നെ നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഞാനൊന്ന് തിരിഞ്ഞു നോക്കി, കൂട്ടത്തിൽ ആ ചേച്ചിയുടെ ചുറ്റും ഒരു ദിവ്യ പ്രകാശം...

ഒരു പക്ഷെ ഭൂമിയിലേക്കിറങ്ങി വന്ന മാലാഖയായിരിക്കും അവരെന്ന് എനിക്ക് തോന്നി...!!

#angel #earth #life #lifequotes #pwd #personswithdisability #paraplegia #legparalysis

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...