Wednesday, 9 November 2022

ജീവിതത്തിനും സ്വപ്നങ്ങൾക്കുമിടയിൽ മയങ്ങി വീഴുന്നവർ...

സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മുന്നിലെ ഗേറ്റിന് മുന്നിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ ഒരച്ഛൻ അവിടെ നിൽക്കുന്നത് കണ്ടു. അവിടെ ഒരു ഡിപ്പാർട്മെന്റിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ് മകൻ. അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ യൂണിവേഴ്‌സിറ്റിക്ക് വരുന്നുണ്ടെന്ന് പറഞ്ഞു മകന് വോയിസ് മെസ്സേജ് അയച്ചതൊക്കെ മകൻ കേട്ടിട്ടുണ്ട്. പിന്നീട് അയച്ചതിനൊന്നും ഒന്നിനും മറുപടി നൽകിയില്ല,  കേട്ടിട്ടു കൂടിയില്ല. ഞാൻ അറിയാവുന്ന ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞപ്പോൾ, അവനെ അവർ വിളിച്ചോ എന്നറിയില്ല, അവന്റെ വോയിസ് മെസ്സേജ് വന്നു, ഞാൻ കാഞ്ഞങ്ങാട് ഉണ്ടെന്ന് പറഞ്ഞു. പിന്നീട്‌ ഒരു മെസ്സേജും വന്നില്ല. വീട് കാഞ്ഞങ്ങാട് ആണെന്ന് പറഞ്ഞു. 10 കിലോമീറ്റർ അകലെ വീടുണ്ടായിട്ടും ഹോസ്റ്റലിൽ താമസിക്കുന്നതും സ്വന്തം അച്ഛൻ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ വോയ്‌സ് മെസ്സേജ് അയക്കുന്ന ആ മകൻ എങ്ങനെയാണെന്നറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു. അച്ഛനോട് ചോദിച്ചു, മകന് എന്തെങ്കിലും മോശം കൂട്ടുകെട്ട് വല്ലതും ഉണ്ടോ എന്ന്. ഇല്ല, അങ്ങനെയുണ്ടാവാൻ വഴിയില്ല, പൈസയൊന്നും അധികം കൊടുക്കാറില്ല, ആവശ്യത്തിന് മാത്രമേ നല്കാറുള്ളൂ എന്നൊക്കെയാണ് ആ അച്ഛൻ പറയുന്നത്. അമ്മയുമായി നല്ല കൂട്ടുമാണ് എന്നൊക്കെ ചോദിക്കാതെ പറഞ്ഞു. അച്ഛൻ പഴയ ബിഎഡ് കഴിഞ്ഞു അധ്യാപകനൊക്കെ ആയിരുന്നു, പിന്നീട് പഞ്ചായത്ത് സെക്രട്ടറിയൊക്കെ ആയി റിട്ടയർ ചെയ്ത മനുഷ്യനാണ്. മകന് എന്തൊക്കെയോ ഒരു സഞ്ചിയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുവന്നിട്ടുമുണ്ട്. ആ അച്ഛന്റെ നിസ്സഹായത കണ്ടു ഞാൻ എന്തുപറയണമെന്നറിയാതെ പകച്ചു നിന്നു.

എൻറെ മകൻ നല്ലവനായ ഉണ്ണിയാണെന്നും അവൻ മോശം കൂട്ടുകെട്ടിലൊന്നും പോകില്ലെന്നും അവനൊരു പാവമാണെന്നും ധരിച്ചു വെച്ചിരിക്കുന്ന അച്ഛനമ്മമാർ അറിയുന്നുണ്ടോ എന്നറിയില്ല, അവർ പണം കണ്ടെത്തുന്ന പുതിയ മാർഗ്ഗങ്ങളെക്കുറിച്ച്, അവർ ഉപയോഗിക്കുന്ന പുതിയതരം മയക്കുമരുന്ന്കളെക്കുറിച്ച്, അവർ ചെന്നുപെടുന്ന ചക്രവ്യൂഹത്തെക്കുറിച്ച്... ഇത് മകനെക്കുറിച്ചു മാത്രമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന അച്ഛനമ്മമാരോട് പറയാനുള്ളത് സ്വന്തം മകളും ഇതുപോലെയൊക്കെത്തന്നെയാണ്.

പെൺകുട്ടികളുടെ അടിവസ്ത്രങ്ങളിൽ എം.ഡി.എം.എ പോലുള്ള വളരെ വിലകൂടിയ മയക്കുമരുന്നുകൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.?

മയക്കുമരുന്നുകൾ ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട് യാതൊരു മടിയുമില്ലാതെ ലൈംഗീക ബന്ധത്തിലേർപ്പെട്ട് ഒടുവിൽ സ്വബോധം വീണ്ടെടുക്കുമ്പോൾ ദൃശ്യങ്ങളായും വീഡിയോകളായും പുറത്തു പോകുന്നതും അതുവെച്ചുള്ള ബ്ളാക്ക് മെയിലിംഗും പിന്നീട് ഈയൊരു സംഘത്തിന് വേണ്ടി കാരിയർ ആകുന്നതും വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എത്രയെത്ര ജീവിതങ്ങൾ ഇങ്ങനെ ഒരു നിമിഷത്തിൻറെ ലഹരിയിൽപ്പെട്ടു നശിച്ചുപോകുന്നത്.

ജയിലുകളിൽ എത്തപ്പെടുന്ന കേസുകൾ പരിശോദിച്ചാൽ അറിയാൻ പറ്റുന്നത് അതിലും ഭീകരമാണ്. എളുപ്പത്തിൽ പണമുണ്ടാക്കാനും പല തരത്തിലുള്ള കടം വീട്ടാനുമായി ലഹരി വില്പനയ്ക്കിറങ്ങി പെട്ടവരാണ്. എന്നും പൈസയ്ക്ക് വേണ്ടി മാത്രം ശല്യപ്പെടുത്തുന്ന ഭാര്യമാരും ചില അച്ഛനമ്മമമാരും അറിയുന്നില്ല, എളുപ്പത്തിൽ പണമുണ്ടാക്കാൻ മക്കൾ ഇത്തരം മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പോയി തലവയ്ക്കുന്നത്. ഒന്നോ രണ്ടോ പ്രാവശ്യം ലഹരി കടത്ത് നടത്തി സഹായിച്ചു പൈസ കിട്ടി ആവശ്യങ്ങൾ സാധിച്ചാൽ പിന്നീട് പണത്തിന് ആവശ്യം വരുമ്പോഴൊക്കെ ഒരു ഭയവുമില്ലാതെ വീണ്ടും ഇതിലേക്ക് ചെല്ലുന്നവരുണ്ട്.

പഠിക്കുന്ന പെൺകുട്ടികളാണ് ഇപ്പോൾ ലഹരി മാഫിയയുടെ കാരിയർ ആയി കൂടുതലും ഉള്ളത്. പെൺകുട്ടികളാകുമ്പോൾ കൂടുതൽ പരിശോധനകളൊന്നും ഉണ്ടാവില്ല എന്നതും ഒരു ഗുണമാണ്. സാധാരണ പരിശോധനകളിലൊന്നും പെടാതെ സാധനം എത്തേണ്ടിടത്ത് എത്തുമെന്നുള്ളതും ഇത്തരം മാഫിയകൾക്ക് പെൺകുട്ടികളെ ഉപയോഗിച്ചുള്ള കടത്തലുകൾക്ക് ഉപകാരമാകുന്നു. ജയിലുകളിൽ എത്തിപ്പെട്ട പെൺകുട്ടികളുടെ എണ്ണമെടുത്താൽ എല്ലാവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 

കള്ളും കഞ്ചാവും ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ട. അതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആണ്. അവർക്ക് വേണ്ടത് ഏറ്റവും പുതിയ ലഹരികൾ ആണ്. എത്ര ദിവസത്തോളം മയങ്ങി കിടക്കാൻ പറ്റുന്നുവോ അത്രയും ദിവസം ആസ്വദിക്കുക എന്നാണ് ന്യൂ ജെൻ കൺസെപ്റ്റ്. ഒപ്പം വിദേശ ആപ്പുകൾ വഴി സാധനം ബുക്ക് ചെയ്തു കൊറിയർ വഴി വീട്ടിൽ എത്തിക്കുന്നതും പതിവായിരിക്കുന്നു. ആരെങ്കിലും പിടിച്ചാൽ പഠിക്കാനുള്ളതാണ്, ലാബിലേക്കാണ്, ഓർമ്മ ശക്തി കൂട്ടാനുള്ള മരുന്നാണ്, ഷുഗർ ഫ്രീ ടാബ്‌ലറ്റ് ആണ് എന്നൊക്കെ പറഞ്ഞു വീട്ടുകാരെ വിശ്വസിപ്പിക്കും. 

പറയാനാണെങ്കിൽ കഥകൾ ഇങ്ങനെ അനവധി നിരവധി...

©മോഹൻദാസ് വയലാംകുഴി


#cuk #centraluniversityofkerala #students #drugs #drugabuse #kasaragod #kerala

Monday, 29 August 2022

#Me Too

 



എന്റെ ജീവിതത്തിലെ പ്രണയത്തിന്റെയും പ്രണയ പരാജയത്തിന്റെയും തുറന്നെഴുത്ത്.


Stay tuned here....

Sunday, 26 June 2022

പുരോഗമനം

ബ്രാഹ്മിൺ ആണോ...

അല്ല...

അല്ല, വെജിറ്റേറിയൻ ആണെന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്.

അയാളെ കണ്ടാൽ SC/ST യിൽ പെട്ടതാണെന്നും പറയില്ല ട്ടോ... നല്ല വെളുത്ത് തുടുത്തിരിക്കുന്നത് കണ്ടില്ലേ...
സ്സ്സ്... അമ്മ പണ്ടെതെങ്കിലും മതില് ചാടിയതായിരിക്കാനെ വഴിയുള്ളൂ...

അയാളെ കണ്ടാൽ ഒരിക്കലും പൂജാരിയാണെന്നൊന്നും പറയില്ല. ആ രൂപം നോക്ക്... കറുത്ത് ഇരുണ്ട്....

അയ്യേ... ഈ ഹൈറ്റ് ഇല്ലാത്തയാളാണോ കേണൽ...

അയ്യേ... ഈ കുടവയറനാണോ പോലീസ്...

അവൾക്ക് ലോട്ടറിയടിച്ചതാണ്... ആ ചെക്കൻ ഷാറൂഖ് ഖാനെ പോലെയുണ്ട്.

താടിയും മുടിയും വളർത്തി എന്തൊരു കോലമാണ് ചെക്കന്റെ... കഞ്ചാവാണെന്നെ പറയൂ....

അവളുടെയൊരു നടത്തോo കളിയും മിനിങ്ങലും... അവളെ കണ്ടാലറിയാം പോക്കു കേസാണെന്ന്...

അവള് രാത്രി വൈകിയിട്ടൊക്കെയാണ് കേറിവരുന്നത്. പല ചെക്കന്മാരുടെ കൂടെ കറങ്ങി നടക്കുന്നതും കണ്ടിട്ടുണ്ട്. അവൾ വെടിയാണ്...

ഓന്റെ താടി കണ്ടാൽ അറിഞ്ഞൂടെ IS ആണെന്ന്. പിന്നെ ഫുൾ ടൈം പള്ളിയിലും...

ഓൻ സംഘി ആണ്. കയ്യിൽ മറ്റേ രാഖിയും കുറിയും രുദ്രാക്ഷവും...

ഓനിപ്പോ പത്രാസില് നടക്കുന്നത് നോക്കണ്ട... ഓന്റെ അച്ഛനും അമ്മയും നമ്മളെ തോട്ടത്തില് പണിയെടുത്തതാണ്.

ഓനോ... ഓന്റച്ചൻ ചെത്തുകാരൻ അല്ലെ...

ഇങ്ങനെ പോകുന്ന വർത്തമാനങ്ങൾ... ജാതിയുടെ തൊലിയുടെ നിറത്തിന്റെ ജോലിയുടെ ആചാരത്തിന്റെ വസ്ത്രത്തിന്റെ വേഷത്തിന്റെ പേരിൽ ചാപ്പ കുത്തുന്ന പുരോഗമനവാദികളുടെ നടുക്ക് പുരോഗമനം പറഞ്ഞു ഏമ്പക്കവും വിട്ട് നീട്ടി ബളിയിടുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം...

ഇതിങ്ങനെ തന്നെ പോയാലെ ചിലർക്കെങ്കിലും ഇവിടെ ജീവിച്ചു പോകാൻ പറ്റൂ. അധികാരം നേടിയെടുക്കാൻ പറ്റൂ... വീണ്ടും വീണ്ടും അധികാരത്തിന്റെ അപ്പ കഷണം നുണയാൻ പറ്റൂ...

©മോഹൻദാസ് വയലാംകുഴി

Sunday, 13 March 2022

My Dear Girls...

 

എന്നെക്കുറിച്ചു നിങ്ങൾക്കെന്തറിയാം?? ഒരു ചുക്കും അറിയില്ല എന്നുതന്നെ പറയാം. ഞാൻ ഭയങ്കര പ്രശ്നക്കാരനാണ്.

നിങ്ങൾക്കറിയാമോ? അതിലൊന്ന്, പെൺകുട്ടികളെ വഴിതെറ്റിക്കലാണ്. ചെറിയ വഴിതെറ്റിക്കലൊന്നുമല്ല ചെയ്യുന്നത്. ഭീകരമായ വിധ്വംസക പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. സ്വന്തം കാലിൽ നിൽക്കാൻ പറയുക, ഒറ്റയ്ക്ക് നടക്കാൻ പറയുക, എഴുതാൻ പറയുക, വായിക്കാൻ പറയുക, കാലാഭിരുചികൾ പുറത്തെടുക്കാൻ പറയുക, മുഖത്ത് നോക്കി തെറിവിളിച്ചവനെ കമന്റടിച്ചവനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ പറയുക. ഇനിയുമുണ്ട് എഴുതിയാൽ തീരാത്ത പിഴകൾ... അതും കൂടാതെ പബ്ലിക്കായി പെൺകുട്ടികളുമായി കറങ്ങുക, അവരെ ഫെമിനിസ്റ്റാക്കുക, കോളേജിലെയും സ്‌കൂളുകളിലെയും പിള്ളേർക്ക് തുല്യത ക്ലാസ്സ് എടുത്തുകൊടുക്കുക... സർവ്വോപരി എന്തിനും ഏതിനും ചേർത്തുപിടിക്കുക...

തെറ്റാണ് സാർ.... ഇതൊക്കെ വലിയ തെറ്റുകൾ തന്നെയാണ്... ഇങ്ങനെ പബ്ലിക്കായി ഒന്നും ചെയ്യാൻ പാടില്ല... വല്ല ഹോട്ടലിൽ റൂം എടുത്തോ, അറിയാത്ത സ്ഥലങ്ങളിൽ കൂട്ടി പോയോ ചെയ്യാനുള്ളത് ചെയ്തു വരിക... അല്ലാതെ ഇങ്ങനെ പബ്ലിക്കായി ഞങ്ങൾക്കിടയിലൂടെ ഇങ്ങനെ നടക്കുന്നതൊന്നും ഞങ്ങൾക്ക് പിടിക്കൂല സാർ...

അയാളുടെ കൂടെ എപ്പോഴും പെണ്ണുങ്ങൾ മാത്രമേ ഉള്ളൂ... പെണ്ണുങ്ങളെ വീഴ്ത്താനും കമ്പനിയാക്കാനും അവന് ഭയങ്കര വിരുതുണ്ട്. അതുകൊണ്ടാണ് അവൻ കല്യാണം പോലും കഴിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നത്...

ഇനി വേറെ കുറേ പ്രശ്നങ്ങളും ഉണ്ട്. അതിലൊന്ന് കൂടെ നടക്കുന്നവരെ ഒരിക്കലും പ്രൊട്ടക്റ്റ് ചെയ്യാനോ, അവരുടെ മറ്റു കാര്യങ്ങൾക്ക് തടസ്സം നിൽക്കാനോ പാടില്ല... കള്ളത്തരങ്ങൾക്ക് നൈസായി നിന്നുകൊടുക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്‌തങ്ങു വേണമെങ്കിൽ കൂടെ കൂട്ടാം. അതല്ലാ, കള്ളത്തരങ്ങളെയൊക്കെ ചോദ്യം ചെയ്യുന്ന പക്ഷം, കള്ളത്തരങ്ങൾ കയ്യോടെ പിടിക്കുന്ന പക്ഷം നിങ്ങളാണ് ഏറ്റവും വലിയ വൃത്തികെട്ടവൻ...

വായി നോക്കി, കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞു നോക്കി, സ്ത്രീകളുടെ കൂടെയുള്ള, അല്ലെങ്കിൽ പെൺകുട്ടികളുടെ കൂടെയുള്ള കറക്കം മറ്റേ ഉദ്ദേശത്തിനാണ് എന്നൊക്കെ പറയും...

കേൾക്കുന്നവർക്ക് പിന്നെ ഇതൊക്കെ വിശ്വസിക്കാൻ പ്രയാസവും കാണില്ല... കാരണം കണ്മുന്നിലൂടെ കാണുന്നുണ്ടല്ലോ ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നത്... ഇതൊക്കെ നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ... എന്തൊക്കെയായിരുന്നു... ഫെമിനിസം, തുല്യത, മാങ്ങാത്തൊലി... ഇപ്പൊ എന്തായി... ഞാൻ അന്നേ പറഞ്ഞില്ലേ... അവൻ ആള് ശരിയല്ലെന്ന്...

ഈ ശരിയല്ലാത്തവൻറെ കൂടെ കുറേനാൾ നടക്കുമ്പോഴൊന്നും നിങ്ങൾക്ക് മോശമായി തോന്നിയിട്ടില്ലേ...

ഹേയ്... അങ്ങനെയൊന്നും ചോദിച്ചു കളയരുത്... 

So, അതൊകൊണ്ട് എൻറെ പ്രീയപ്പെട്ട പെൺസുഹൃത്തുക്കൾ ഇനിയെങ്കിലും എന്നെ വിട്ടുപോകാൻ ദയവുണ്ടാകണം... കനിവുണ്ടാകണം...


എന്ന് 

നിങ്ങളുടെ സ്വന്തം

ദാസേട്ടൻ.. 

Wednesday, 2 March 2022

വരുമാനത്തിനനുസരിച്ചുള്ള ഒരു വീട് പോരെ...?

 

വീടിനെക്കുറിച്ചുള്ള മലയാളികളുടെ സങ്കൽപം തന്നെ കുറച്ചു കൂടി പോയതല്ലേ എന്ന് തോന്നി പോകും.

വരുമാനത്തിനനുസരിച്ചുള്ള ഒരു വീട് പോരെ...?

ആരെ കാണിക്കാനാണ് കടവും ലോണും എടുത്ത് വലിയ ബംഗ്ലാവുകളും മണി മാളികകളും കെട്ടിപ്പൊക്കുന്നത്...?

നാട്ടിൽ പൊതുവേ നടക്കുന്ന ഒരു കാര്യം ഒന്ന് ചുരുക്കി പറയാം.

നാട്ടിലെ കുഞ്ഞു പ്രാരാബ്ദം കാരണം മിഡിൽ ഈസ്റ്റിൽ പോയി ഒരു കുഞ്ഞു വീട് പണിത്, സെറ്റിലായി നാലഞ്ചു കൊല്ലത്തിനുള്ളിൽ നാട്ടിൽ വന്ന് കുടുംബത്തിൻറെ കൂടെ കൂടണമെന്നു വിചാരിക്കുന്ന ഒത്തിരി പേരുണ്ട്.

ഗൾഫിൽ പോയ ഉടനെ വീട്ടിലെ അത്യാവശ്യ കാര്യങ്ങളൊക്കെ നടക്കാൻ തുടങ്ങി. ആദ്യ വരവിൽ ഒരു ബൈക്ക് വാങ്ങി രണ്ടോ മൂന്നോ മാസം കറങ്ങി തിരിച്ചു പോയി. അപ്പോഴാണ് ഒരു പെണ്ണ് കെട്ടിക്കൂടെ എന്ന ചോദ്യവുമായി അച്ഛനമ്മമാർ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇടയ്ക്ക് നാട്ടിൽ വന്ന് പെണ്ണൊക്കെ നോക്കി, പക്ഷെ ഒന്നും അങ്ങട് ശരിയാവുന്നില്ല. പഴയ വീട്, അതൊക്കെയാണ് പ്രശ്നം. വീണ്ടും തിരിച്ചു പോയി എങ്ങനെയെങ്കിലുമൊക്കെ പഴയ വീട് തല്ലി പൊളിച്ചു മാറ്റി പുതിയ വീട് പണി തുടങ്ങി, സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങി, ബാങ്ക് ലോണും ശരിയാക്കി ഗംഭീരമായി വീട് പണിതു. നാട്ടിൽ ചെന്നപ്പോൾ പെണ്ണൊക്കെ ശരിയായി ഉറപ്പിച്ചു വീണ്ടും പോയി വന്ന് പെണ്ണ് കെട്ടി. മൂന്നോ നാലോ മാസം ലീവക്കോ കള്ളം പറഞ്ഞു വാങ്ങി നാട്ടിൽ അടിച്ചു പൊളിച്ചു തിരിച്ചു പാപ്പരായി പോകുമ്പോഴേക്കും മിക്കവാറും ഭാര്യയുടെ വയറ്റിൽ ഒരുണ്ണി ജന്മമെടുക്കുന്നുണ്ടാകും... പിന്നെ പ്രസവം, മറ്റ് ചടങ്ങുകൾ.

കൂടെ ജോലി ചെയ്യുന്നവരൊക്കെ ചോദിക്കുമ്പോഴൊക്കെ കൈയ്യയച്ചു കടം കൊടുക്കുകയും ചെയ്യും. അതൊരു കെണിയാണ്. മിക്കവരും വീഴുന്ന വലിയ കെണി.

ഒടുവിൽ കുട്ടിയായി, പിന്നെ ഇടയ്ക്കിടെയുള്ള ആശുപത്രി പോക്ക്, മറ്റ് പ്രാരാബ്ദങ്ങൾ, അങ്ങനെ അങ്ങനെ കുട്ടിയെ കാണാൻ വരുന്നത് തന്നെ കുട്ടിക്ക് രണ്ടു വയസ്സ് ആകുമ്പോഴായിരിക്കും. പഴയ ബൈക്ക് സർവീസിന് കൊടുത്തപ്പോൾ തന്നെ നല്ലൊരു കാശായി. മൂന്ന് മാസം ലീവെടുത്ത് വന്ന ആൾ രണ്ടു മാസത്തിനുള്ളിൽ തിരിച്ചു പോയി.

അതിനിടയ്ക്ക് പെങ്ങളുണ്ടെങ്കിൽ കല്യാണം, അച്ഛനമ്മമാരുടെ അസുഖം, ആശുപത്രി പോക്ക്. വാങ്ങിയ കടം കൊടുത്ത് തീർക്കാനുള്ള നെട്ടോട്ടം, ലോൺ വേറെ. വർഷം അഞ്ചും ഏഴും പത്തും കഴിഞ്ഞു.

ഓരോ പ്രാവശ്യവും നിർത്തി പോരാമെന്നു വിചാരിച്ചു നാട്ടിൽ എത്തുമ്പോഴേക്കും പുതിയ പുതിയ പ്രശ്നങ്ങൾ. അപ്പോഴേക്കും മക്കൾ ഒന്നായി, രണ്ടായി, മൂന്നായി... മൂത്തയാൾ എഞ്ചിനിയറിങ്ങോ മെഡിസിനോ അയക്കണം. ഒരാളെയെങ്കിലും കരകയറ്റിയെ പറ്റൂ. വീണ്ടും പ്രവാസം നിർത്താനുള്ള മോഹം കുഴിച്ചു മൂടി എല്ലുമുറിയെ പണിയും ചെയ്ത് എല്ലാ കുടുംബത്തിന് വേണ്ടിയല്ലേ എന്ന് കരുതി സമാധാനിച്ചു ദിവസങ്ങൾ തള്ളി നീക്കുന്നു.

വർഷം ഇരുപത് ഇരുപത്തഞ്ചായി....

നാലഞ്ച് വർഷത്തെ കണക്കു കൂട്ടലുമായി വന്നതാണ്....

എല്ലാം നിർത്തി വരുമ്പോൾ എഞ്ചിനിയറിങ്ങിന് വിട്ട മകൻ 54 പേപ്പറിൽ 39ഉം പൊട്ടി താടിയും വെച്ചു കഞ്ചാവും അടിച്ചു ബൈക്കും എടുത്ത് കറങ്ങുന്നു. മകൾ ഒരുത്തനെ പ്രണയിച്ചു അവനെ മാത്രമേ കെട്ടുള്ളൂ എന്നും പറഞ്ഞു കയറൂരി നിൽക്കുന്നു.

പത്തിരുപത്തഞ്ചു വർഷം മുമ്പേ കെട്ടിയ വീട് പൊളിഞ്ഞു വീഴാറായി. ലോണിപ്പോഴും അടച്ചു തീർന്നിട്ടില്ല.

സ്വപ്നങ്ങൾ സഫലമാകാതെ അയാൾ പോയി. മറ്റൊരു പ്രവാസ ലോകത്തേക്ക്. ഒരിക്കലും തിരിച്ചു വരാനാവാത്ത ഒരു പോക്ക്.

NB : സ്വപ്ന സുന്ദരമായ ബജറ്റിനിണങ്ങുന്ന വീടിനെക്കുറിച്ച് എഴുതാൻ ഇരുന്നതാണ്. വിഷയം മാറിപ്പോയി. അടുത്തത് ഒരു സ്വപ്ന ഭവനത്തെക്കുറിച്ചാണ്. നാളെയാവട്ടെ.

©മോഹൻദാസ് വയലാംകുഴി


#home #dreamhome #concepthome #budgethome #smallhome #house #livingmatter

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...