Sunday, 13 March 2022

My Dear Girls...

 

എന്നെക്കുറിച്ചു നിങ്ങൾക്കെന്തറിയാം?? ഒരു ചുക്കും അറിയില്ല എന്നുതന്നെ പറയാം. ഞാൻ ഭയങ്കര പ്രശ്നക്കാരനാണ്.

നിങ്ങൾക്കറിയാമോ? അതിലൊന്ന്, പെൺകുട്ടികളെ വഴിതെറ്റിക്കലാണ്. ചെറിയ വഴിതെറ്റിക്കലൊന്നുമല്ല ചെയ്യുന്നത്. ഭീകരമായ വിധ്വംസക പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. സ്വന്തം കാലിൽ നിൽക്കാൻ പറയുക, ഒറ്റയ്ക്ക് നടക്കാൻ പറയുക, എഴുതാൻ പറയുക, വായിക്കാൻ പറയുക, കാലാഭിരുചികൾ പുറത്തെടുക്കാൻ പറയുക, മുഖത്ത് നോക്കി തെറിവിളിച്ചവനെ കമന്റടിച്ചവനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ പറയുക. ഇനിയുമുണ്ട് എഴുതിയാൽ തീരാത്ത പിഴകൾ... അതും കൂടാതെ പബ്ലിക്കായി പെൺകുട്ടികളുമായി കറങ്ങുക, അവരെ ഫെമിനിസ്റ്റാക്കുക, കോളേജിലെയും സ്‌കൂളുകളിലെയും പിള്ളേർക്ക് തുല്യത ക്ലാസ്സ് എടുത്തുകൊടുക്കുക... സർവ്വോപരി എന്തിനും ഏതിനും ചേർത്തുപിടിക്കുക...

തെറ്റാണ് സാർ.... ഇതൊക്കെ വലിയ തെറ്റുകൾ തന്നെയാണ്... ഇങ്ങനെ പബ്ലിക്കായി ഒന്നും ചെയ്യാൻ പാടില്ല... വല്ല ഹോട്ടലിൽ റൂം എടുത്തോ, അറിയാത്ത സ്ഥലങ്ങളിൽ കൂട്ടി പോയോ ചെയ്യാനുള്ളത് ചെയ്തു വരിക... അല്ലാതെ ഇങ്ങനെ പബ്ലിക്കായി ഞങ്ങൾക്കിടയിലൂടെ ഇങ്ങനെ നടക്കുന്നതൊന്നും ഞങ്ങൾക്ക് പിടിക്കൂല സാർ...

അയാളുടെ കൂടെ എപ്പോഴും പെണ്ണുങ്ങൾ മാത്രമേ ഉള്ളൂ... പെണ്ണുങ്ങളെ വീഴ്ത്താനും കമ്പനിയാക്കാനും അവന് ഭയങ്കര വിരുതുണ്ട്. അതുകൊണ്ടാണ് അവൻ കല്യാണം പോലും കഴിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നത്...

ഇനി വേറെ കുറേ പ്രശ്നങ്ങളും ഉണ്ട്. അതിലൊന്ന് കൂടെ നടക്കുന്നവരെ ഒരിക്കലും പ്രൊട്ടക്റ്റ് ചെയ്യാനോ, അവരുടെ മറ്റു കാര്യങ്ങൾക്ക് തടസ്സം നിൽക്കാനോ പാടില്ല... കള്ളത്തരങ്ങൾക്ക് നൈസായി നിന്നുകൊടുക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്‌തങ്ങു വേണമെങ്കിൽ കൂടെ കൂട്ടാം. അതല്ലാ, കള്ളത്തരങ്ങളെയൊക്കെ ചോദ്യം ചെയ്യുന്ന പക്ഷം, കള്ളത്തരങ്ങൾ കയ്യോടെ പിടിക്കുന്ന പക്ഷം നിങ്ങളാണ് ഏറ്റവും വലിയ വൃത്തികെട്ടവൻ...

വായി നോക്കി, കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞു നോക്കി, സ്ത്രീകളുടെ കൂടെയുള്ള, അല്ലെങ്കിൽ പെൺകുട്ടികളുടെ കൂടെയുള്ള കറക്കം മറ്റേ ഉദ്ദേശത്തിനാണ് എന്നൊക്കെ പറയും...

കേൾക്കുന്നവർക്ക് പിന്നെ ഇതൊക്കെ വിശ്വസിക്കാൻ പ്രയാസവും കാണില്ല... കാരണം കണ്മുന്നിലൂടെ കാണുന്നുണ്ടല്ലോ ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നത്... ഇതൊക്കെ നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ... എന്തൊക്കെയായിരുന്നു... ഫെമിനിസം, തുല്യത, മാങ്ങാത്തൊലി... ഇപ്പൊ എന്തായി... ഞാൻ അന്നേ പറഞ്ഞില്ലേ... അവൻ ആള് ശരിയല്ലെന്ന്...

ഈ ശരിയല്ലാത്തവൻറെ കൂടെ കുറേനാൾ നടക്കുമ്പോഴൊന്നും നിങ്ങൾക്ക് മോശമായി തോന്നിയിട്ടില്ലേ...

ഹേയ്... അങ്ങനെയൊന്നും ചോദിച്ചു കളയരുത്... 

So, അതൊകൊണ്ട് എൻറെ പ്രീയപ്പെട്ട പെൺസുഹൃത്തുക്കൾ ഇനിയെങ്കിലും എന്നെ വിട്ടുപോകാൻ ദയവുണ്ടാകണം... കനിവുണ്ടാകണം...


എന്ന് 

നിങ്ങളുടെ സ്വന്തം

ദാസേട്ടൻ.. 

Wednesday, 2 March 2022

വരുമാനത്തിനനുസരിച്ചുള്ള ഒരു വീട് പോരെ...?

 

വീടിനെക്കുറിച്ചുള്ള മലയാളികളുടെ സങ്കൽപം തന്നെ കുറച്ചു കൂടി പോയതല്ലേ എന്ന് തോന്നി പോകും.

വരുമാനത്തിനനുസരിച്ചുള്ള ഒരു വീട് പോരെ...?

ആരെ കാണിക്കാനാണ് കടവും ലോണും എടുത്ത് വലിയ ബംഗ്ലാവുകളും മണി മാളികകളും കെട്ടിപ്പൊക്കുന്നത്...?

നാട്ടിൽ പൊതുവേ നടക്കുന്ന ഒരു കാര്യം ഒന്ന് ചുരുക്കി പറയാം.

നാട്ടിലെ കുഞ്ഞു പ്രാരാബ്ദം കാരണം മിഡിൽ ഈസ്റ്റിൽ പോയി ഒരു കുഞ്ഞു വീട് പണിത്, സെറ്റിലായി നാലഞ്ചു കൊല്ലത്തിനുള്ളിൽ നാട്ടിൽ വന്ന് കുടുംബത്തിൻറെ കൂടെ കൂടണമെന്നു വിചാരിക്കുന്ന ഒത്തിരി പേരുണ്ട്.

ഗൾഫിൽ പോയ ഉടനെ വീട്ടിലെ അത്യാവശ്യ കാര്യങ്ങളൊക്കെ നടക്കാൻ തുടങ്ങി. ആദ്യ വരവിൽ ഒരു ബൈക്ക് വാങ്ങി രണ്ടോ മൂന്നോ മാസം കറങ്ങി തിരിച്ചു പോയി. അപ്പോഴാണ് ഒരു പെണ്ണ് കെട്ടിക്കൂടെ എന്ന ചോദ്യവുമായി അച്ഛനമ്മമാർ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇടയ്ക്ക് നാട്ടിൽ വന്ന് പെണ്ണൊക്കെ നോക്കി, പക്ഷെ ഒന്നും അങ്ങട് ശരിയാവുന്നില്ല. പഴയ വീട്, അതൊക്കെയാണ് പ്രശ്നം. വീണ്ടും തിരിച്ചു പോയി എങ്ങനെയെങ്കിലുമൊക്കെ പഴയ വീട് തല്ലി പൊളിച്ചു മാറ്റി പുതിയ വീട് പണി തുടങ്ങി, സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങി, ബാങ്ക് ലോണും ശരിയാക്കി ഗംഭീരമായി വീട് പണിതു. നാട്ടിൽ ചെന്നപ്പോൾ പെണ്ണൊക്കെ ശരിയായി ഉറപ്പിച്ചു വീണ്ടും പോയി വന്ന് പെണ്ണ് കെട്ടി. മൂന്നോ നാലോ മാസം ലീവക്കോ കള്ളം പറഞ്ഞു വാങ്ങി നാട്ടിൽ അടിച്ചു പൊളിച്ചു തിരിച്ചു പാപ്പരായി പോകുമ്പോഴേക്കും മിക്കവാറും ഭാര്യയുടെ വയറ്റിൽ ഒരുണ്ണി ജന്മമെടുക്കുന്നുണ്ടാകും... പിന്നെ പ്രസവം, മറ്റ് ചടങ്ങുകൾ.

കൂടെ ജോലി ചെയ്യുന്നവരൊക്കെ ചോദിക്കുമ്പോഴൊക്കെ കൈയ്യയച്ചു കടം കൊടുക്കുകയും ചെയ്യും. അതൊരു കെണിയാണ്. മിക്കവരും വീഴുന്ന വലിയ കെണി.

ഒടുവിൽ കുട്ടിയായി, പിന്നെ ഇടയ്ക്കിടെയുള്ള ആശുപത്രി പോക്ക്, മറ്റ് പ്രാരാബ്ദങ്ങൾ, അങ്ങനെ അങ്ങനെ കുട്ടിയെ കാണാൻ വരുന്നത് തന്നെ കുട്ടിക്ക് രണ്ടു വയസ്സ് ആകുമ്പോഴായിരിക്കും. പഴയ ബൈക്ക് സർവീസിന് കൊടുത്തപ്പോൾ തന്നെ നല്ലൊരു കാശായി. മൂന്ന് മാസം ലീവെടുത്ത് വന്ന ആൾ രണ്ടു മാസത്തിനുള്ളിൽ തിരിച്ചു പോയി.

അതിനിടയ്ക്ക് പെങ്ങളുണ്ടെങ്കിൽ കല്യാണം, അച്ഛനമ്മമാരുടെ അസുഖം, ആശുപത്രി പോക്ക്. വാങ്ങിയ കടം കൊടുത്ത് തീർക്കാനുള്ള നെട്ടോട്ടം, ലോൺ വേറെ. വർഷം അഞ്ചും ഏഴും പത്തും കഴിഞ്ഞു.

ഓരോ പ്രാവശ്യവും നിർത്തി പോരാമെന്നു വിചാരിച്ചു നാട്ടിൽ എത്തുമ്പോഴേക്കും പുതിയ പുതിയ പ്രശ്നങ്ങൾ. അപ്പോഴേക്കും മക്കൾ ഒന്നായി, രണ്ടായി, മൂന്നായി... മൂത്തയാൾ എഞ്ചിനിയറിങ്ങോ മെഡിസിനോ അയക്കണം. ഒരാളെയെങ്കിലും കരകയറ്റിയെ പറ്റൂ. വീണ്ടും പ്രവാസം നിർത്താനുള്ള മോഹം കുഴിച്ചു മൂടി എല്ലുമുറിയെ പണിയും ചെയ്ത് എല്ലാ കുടുംബത്തിന് വേണ്ടിയല്ലേ എന്ന് കരുതി സമാധാനിച്ചു ദിവസങ്ങൾ തള്ളി നീക്കുന്നു.

വർഷം ഇരുപത് ഇരുപത്തഞ്ചായി....

നാലഞ്ച് വർഷത്തെ കണക്കു കൂട്ടലുമായി വന്നതാണ്....

എല്ലാം നിർത്തി വരുമ്പോൾ എഞ്ചിനിയറിങ്ങിന് വിട്ട മകൻ 54 പേപ്പറിൽ 39ഉം പൊട്ടി താടിയും വെച്ചു കഞ്ചാവും അടിച്ചു ബൈക്കും എടുത്ത് കറങ്ങുന്നു. മകൾ ഒരുത്തനെ പ്രണയിച്ചു അവനെ മാത്രമേ കെട്ടുള്ളൂ എന്നും പറഞ്ഞു കയറൂരി നിൽക്കുന്നു.

പത്തിരുപത്തഞ്ചു വർഷം മുമ്പേ കെട്ടിയ വീട് പൊളിഞ്ഞു വീഴാറായി. ലോണിപ്പോഴും അടച്ചു തീർന്നിട്ടില്ല.

സ്വപ്നങ്ങൾ സഫലമാകാതെ അയാൾ പോയി. മറ്റൊരു പ്രവാസ ലോകത്തേക്ക്. ഒരിക്കലും തിരിച്ചു വരാനാവാത്ത ഒരു പോക്ക്.

NB : സ്വപ്ന സുന്ദരമായ ബജറ്റിനിണങ്ങുന്ന വീടിനെക്കുറിച്ച് എഴുതാൻ ഇരുന്നതാണ്. വിഷയം മാറിപ്പോയി. അടുത്തത് ഒരു സ്വപ്ന ഭവനത്തെക്കുറിച്ചാണ്. നാളെയാവട്ടെ.

©മോഹൻദാസ് വയലാംകുഴി


#home #dreamhome #concepthome #budgethome #smallhome #house #livingmatter

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...