രാവിലെ 7.30 ന് ക്യാബ് ഡ്രൈവർ വരുമ്പോഴേക്കും ഞാൻ പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു. പോണ്ടിച്ചേയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് Auro വില്ല.
Auroville : The Future of World in India, Pondicherry എന്ന തലക്കെട്ടോടെ ലോക ജനതയ്ക്ക് മുമ്പിൽ സമർപ്പിച്ച ഒരത്ഭുതം എന്ന് വേണമെങ്കിൽ പറയാം.
8 മണിക്ക് ഓറോ വില്ലയിലെ വിസിറ്റിംഗ് സെന്ററിൽ എത്തിയപ്പോൾ എഞ്ചിനിയർ ഗോവിന്ദ് സാർ എന്നെ സ്വീകരിച്ചു അവിടെയുള്ള ഫ്രഞ്ച് കഫ്റ്റരിയയിലേക്ക് കൊണ്ടു പോയി. ഞാൻ ഇടലിയും ചായയും കഴിച്ചിരിക്കുമ്പോൾ ഗോവിന്ദ് സാറിന്റെ അസിസ്റ്റന്റ് രാജേന്ദ്രൻ സാർ വന്ന് എന്നെ മാത്രി മന്ദിരത്തിലേക്ക് പോകാനുള്ള starting point ലേക്ക് കൊണ്ടുപോയി. പത്തിരുപത്തഞ്ചു പേർ ക്യൂ നിൽക്കുന്നുണ്ട്. ഞാനും പോയി ക്യൂവിൽ നിന്നപ്പോൾ എന്നെ അവിടത്തെ ചീഫ് വന്ന് കൂട്ടിക്കൊണ്ടുപോയി. സ്‌പെഷ്യൽ പാസ്സാണെന്നു അറിയാം. പക്ഷെ എം.എൽ.എ ലക്ഷ്മി നാരായണൻ സാർ പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പെർമിഷനോടെ അനുവദിച്ച പാസ്സായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. ഫ്രഞ്ച് കോൺസുലേറ്റിൽ നിന്നും 12 പേരും ഉണ്ടായിരുന്നു.
ടെമ്പോ ട്രാവലർ മാത്രി മന്ദിരത്തിലേക്ക് വിട്ടു. കൃത്യം 9 മണിക്ക് മന്ദിരത്തിന് പുറത്തുള്ള ആലിനടിയിലേക്ക് കടത്തി വിട്ടു. അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. മൊബൈൽ ഫോൺ, ബാഗ്,ക്യാമറ, ഒന്നും തന്നെ അകത്തേക്ക് അനുവദിക്കാത്തത് കൊണ്ട് ആദ്യമൊരു സങ്കടമുണ്ടായെങ്കിലും അകത്ത് പ്രവേശിച്ചപ്പോൾ മനസ്സിലായി ഒന്നും ഇല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിച്ചത് പോലൊരു തോന്നൽ. തത്തയും മൈനയും ചേക്കേറിയ ആ ആൽ ആദ്യം കണ്ടപ്പോൾ വലിയൊരു ആലും ചുറ്റും കുഞ്ഞു ആലുകളും എന്നാണ് കരുതിയത്. ചിന്തിച്ചു കൂട്ടിയതൊക്കെയും ആസ്ഥാനത്താക്കി ഞെട്ടിപ്പിച്ചു കൊണ്ട് ആൽ പന്തലിച്ചു കണ്ണിന് മുന്നിൽ ആദ്‌ഭുതമായി നിൽക്കുന്നു. ശിഖരങ്ങൾ വളർന്ന് താഴേക്കിറങ്ങി ഭൂമിയിൽ വേര് പിടിച്ചതാണോ അതോ മുകളിലിലേക്ക് വളർന്ന ആൽമരങ്ങൾ തമ്മിൽ ഒട്ടിപിടിച്ചതോ...!!
പിന്നീട് ഞങ്ങളെ അവർ മാത്രി മന്ദിരത്തിലേക്ക് കൊണ്ടുപോയി. ചുവന്ന ടൈൽ പാകിയ. വൃത്തിയുള്ള നിലങ്ങൾ. ഷൂസും സോക്‌സും അഴിച്ചു ഗ്ലോബിന്റെ ഒന്നാം നിലയിൽ പ്രവേശിച്ചപ്പോൾ അവിടെ പ്രത്യേകം തയ്യാറാക്കി വെച്ച വെള്ള സോക്സുകൾ ധരിക്കാൻ പറഞ്ഞു. റാമ്പിലൂടെ 3 തവണ കറങ്ങിയപ്പോൾ ഒരു വാതിൽ തുറന്നു തന്നു. വൃത്താകൃതിയിൽ ഉള്ള വലിയ ഹാൾ വെളുത്ത 12 മാർബിൾ തൂണുകൾ ചുമരും തറയും വെളുത്ത മാർബിൾ തന്നെയാണ്. ഹാളിന്റെ ഒത്ത നടുവിൽ ഒരു സ്പടികത്തിൽ നിർമ്മിച്ച ഗ്ലോബ്, അതിലേക്ക് നേരിട്ട് ആർട്ടിഫിഷ്യൽ സൂര്യപ്രകാശം പതിക്കുന്നുണ്ടായിരുന്നു. ഹാളിൽ മറ്റു വെളിച്ചമോ സ്വിച്ച്, പ്ലഗ്ഗ്, ലൈറ്റ്, ജനൽ, വായു സഞ്ചാരത്തിനുള്ള മാർഗ്ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും തണുപ്പു നിറഞ്ഞതായിരുന്നു ആ ഹാൾ. ധ്യാനിക്കാൻ വേണ്ടി പ്രത്യേകം ഒരുക്കിയ കുഷ്യനുകളിൽ എല്ലാവരും ഇരുന്നു. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യരുത്. അങ്ങനെ തോന്നിയാൽ പുറത്തു പോകണം. കനത്ത നിശബ്ദത നിറഞ്ഞ ഒരു മണിക്കൂർ കടന്നു പോയത് പോലും അറിഞ്ഞില്ല. തിരികെ താഴെയിറങ്ങി മറ്റൊരു വഴിയിലൂടെ ഗ്ലോബിന്റെ കീഴെയുള്ള പ്രത്യേകം തയ്യാറാക്കിയ മാർബിളിൽ ജലധാരയ്ക്ക് ചുറ്റും ധ്യാനനിരതനായി ഇരുന്നു. പിന്നെ പതുക്കെ പുറത്തേക്ക്.
ഇനി ഓറോ വില്ലയെക്കുറിച്ചൊരു വിവരണവും കൂടി.
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള നഗരമാണ് ഓറോവില്ല. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തൊരുമിച്ച് കഴിയുന്നു. ജാതി, മത, വർണ്ണ ഭേദമില്ലാത്ത ഇടമാണ് ഓറോവില്ല. പോണ്ടിച്ചേരിയിൽനിന്ന് കേവലം 12 കിലോമീറ്റർ വടക്കാണ് ഓറോവില്ലിന്റെ സ്ഥാനം. 1968ൽ മിറാ അൽഫാസ്സയാണ് ഈ നഗരം സ്ഥാപിച്ചത്. റോജർ ഏങ്കറാണ് ഈ നഗരത്തിന്റെ വാസ്തുശില്പി. ലോകത്തിന് മാനവ ഐക്യത്തെ കാട്ടിക്കൊടുക്കുക എന്നതാണ് ഓറോവില്ല എന്ന സംരംഭത്തിന്റെ ഉദ്ദേശം.
അരൊബിന്ദോ സൊസൈറ്റിയുടെ ഭാഗമായി 1968 ഫെബ്രുവരി 28, ബുധനാഴ്ച മിറാ അല്ഫാസയാണ് ഓറോവില്ല സ്ഥാപിച്ചത്. അരൊബിന്ദോയുടെ സഹകാരിയായിരുന്നു അമ്മ എന്നറിയപ്പെടുന്ന മിറാ അല്ഫാസ. ഓറോവിൽ നഗരത്തിന്റെ ഉദ്ഘാടന വേളയിൽ 124 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. അന്നേ ദിവസം അമ്മ(മിറാ അല്ഫാസ) ഓറോവില്ലിനെ സംബന്ധിക്കുന്ന നാലുകാര്യങ്ങൾ പറയുകയുണ്ടായി.
ഓറോവില്ല ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല. ലോകത്തിലെ സർവമനുഷ്യർക്കും ഓറോവില്ല ഒരുപോലെ അവകാശപ്പെട്ടതാണ്. ലോക മാനവികതയ്ക്ക് സമർപ്പിക്കപ്പെട്ട നഗരമാണ് ഓറോവില്ല. പക്ഷെ ലോകമാനവർക്കുവേണ്ടി സേവനം ചെയ്യാൻ തല്പരരായിരിക്കുന്നവർക്കേ ഓറോവില്ലിൽ താമസിക്കാൻ കഴിയൂ.
ശാശ്വതമായ വിജ്ഞാനത്തിന്റെയും, സ്ഥായിയായ പുരോഗതിയുടെയും, സനാതന യൗവനത്തിന്റെയും കേന്ദ്രമായിരിക്കും ഓറോവില്ല. ഭൂതകാലത്തിനും ഭാവിക്കും ഇടയിലുള്ള പാലമായി ഓറോവില്ല വർത്തിക്കും.
മാനവികതയെ സംബന്ധിച്ച ഭൗതികവും ആധ്യാത്മികവുമായ ഗവേഷണങ്ങളുടെ ഭൂമിയായിരിക്കും ഓറോവില്ല.
ഓറോവില്ലിലെ വാസ്തുവിസ്മയമാണ് മാത്രിമന്ദിർ. യോഗ, ആത്മീയധ്യാനം എന്നിവയ്ക്കായുള്ള ക്ഷേത്രമാണ് ഇത്. മിറ അൽഫാസ്സിന്റെ സങ്കല്പത്തിൽ "പരിപൂർണ്ണതയ്ക്കുവേണ്ടിയുള്ള മാനവരുടെ പ്രേരണക്ക് നൽകാവുന്ന ദൈവികമായ ഉത്തരമാണ് മാത്രിമന്ദിർ".
എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന എന്റെ പ്രീയ സുഹൃത്ത് മോഹൻദാസിന്, അവരുടെ മാനേജർ വിജയ്, എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.
NB : ഓറോ വില്ലായിലേക്ക് ആർക്ക് എപ്പോൾ വേണമെങ്കിലും പോകാം. ഗ്ലോബിന് (മാത്രി മന്ദിരം) ചുറ്റും പുറത്തു നിന്ന് നോക്കി കാണാം. മാത്രി മന്ദിരത്തിനുള്ളിൽ കയറണമെങ്കിൽ മാത്രമാണ് പാസ്സ് ആവശ്യമുള്ളത്.
© മോഹൻദാസ് വയലാംകുഴി
#auroville #pondicherry #puducherry #Sriaurobindo #matrimandir #globalvillage #aurovilleglobal #MohandasVayalamkuzhy