Thursday, 29 February 2024

സ്ഥലകാലജലഭ്രമം

മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മുംബൈ സ്വദേശിയായ ഒരു ടെക്കിയെ പരിചയപ്പെടുന്നത്. അയാൾ ബാംഗ്ളൂർ ജോലി ചെയ്യുന്ന സമയത്ത് കുറെയധികം തമിഴരും മലയാളികളും സുഹൃത്തുക്കളായി ഉണ്ടായിരുന്നു എന്ന് പറഞ്ഞു സംഭാഷണം തുടങ്ങിയതാണ്. കുറച്ചു മലയാളം വാക്കുകളും തമിഴ് വാക്കുകളും പഠിച്ചെന്ന് പറഞ്ഞു. പിന്നീട് ഭാഷകളും അതിലെ രസകരമായ അർത്ഥങ്ങളിലേക്കും കടന്നു.

ചില പേരുകളാണ് മടിയൻ (Lazy Boy), മുള്ളി (മൂത്രമൊഴിച്ചു), മേലെ മുള്ളി (മുകളിൽ മൂത്രമൊഴിച്ചു), മാന്തുക (നഖംകൊണ്ട് കീറുക; തോണ്ടുക (മൺവെട്ടിപോലുള്ള ആയുധംകൊണ്ട് വെട്ടാതെ ചുരണ്ടുക), പരിപ്പായി (വിത്തുണങ്ങിയാൽ പരിപ്പായി എന്ന് പറയും), മൂഞ്ചിക്കൽ (പറ്റിക്കൽ), വെള്ളമടി (മദ്യപിക്കുക), അമ്മായിയപ്പൻ (Father in law), മറന്നോടായ് (മറന്നു പോയോടാ എന്ന് ചോദിക്കുന്നതിന്റെ ചുരുക്കിയത്).

ഇങ്ങനെ ആദ്യത്തെ ചിത്രത്തിൽ കാണുന്ന ചില സ്ഥല പേരുകളുടെ അർത്ഥം രസകരമാണ്.

തിരുവനന്തപുരത്തുകാർ പരസ്പരം സംബോധന ചെയ്യുമ്പോൾ എന്തെരെടെ അപ്പി... ചായകളൊക്കെ കുടിച്ചാ എന്നൊക്കെ ചോദിക്കുമ്പോൾ അങ്ങ് വടക്ക് മലബാർ സൈഡ് കുട്ടികളുടെ മലത്തെയാണ് അപ്പി എന്നു പറയുന്നത്. ഇതേപോലെ തൻറെ അപ്പനെവിടാ എന്ന് തെക്കുള്ളവർ ചോദിച്ചാൽ താങ്കളുടെ അച്ഛൻ എവിടെ എന്നും, തൻറെ അപ്പൻ എന്നൊക്കെ വടക്കുള്ളവരോട് പറഞ്ഞാൽ അതൊരു തെറി വിളിയുമാണ്. അപ്പനെ വിളിക്കുന്നോടാ നായിൻറെ മോനെ എന്നു തിരിച്ചു വിളിക്കും. മലബാർ സൈഡിൽ പ്രായം കുറഞ്ഞവരെ നീ എന്നുവിളിക്കുമ്പോൾ തെക്കൻ സൈഡ് താൻ എന്നും വിളിക്കും. രണ്ടുപേർക്കും ഈ വിളി അങ്ങേയറ്റം ബഹുമാനക്കുറവുണ്ടാക്കുന്നതാണ്.

ജെട്ടി (Jetty)

പൊതുവേ ബോട്ട് വന്നു നിൽക്കുന്ന സ്ഥലത്തിന് ജെട്ടി എന്നാണ് പറയുന്നത്. പൊതുവേ മലയാളികൾക്ക് ജെട്ടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് അണ്ടർ വിയർ (Under Wear) ആയിരിക്കും.

എറണാകുളത്ത് രണ്ട് ഫെറി പോയിൻ്റുകൾ (ജെട്ടികൾ എന്ന് വിളിക്കുന്നു) ഉണ്ട്. എറണാകുളം ബോട്ട് ജെട്ടി, ഹൈക്കോർട്ട് ബോട്ട് ജെട്ടി. തമാശയായി പറഞ്ഞാൽ എറണാകുളത്ത് വിവിധ തരം ജെട്ടികൾ ഉണ്ട്. ഇത് കൂടാതെ നേര്യമംഗലം ബോട്ട് ജെട്ടി, നീൽ ഐലന്റ് ജെട്ടി തുടങ്ങിയ വേറെയും ജെട്ടികൾ ഉണ്ട്.

ജട്ടി(Underpants)

നമ്മൾ പറയുന്ന, ഉപയോഗിക്കുന്ന ജട്ടി (Under Wear) ഇതാണ്. ലിംഗഭേദമെന്യേ ധരിക്കുന്ന അടിവസ്ത്രമാണു ജട്ടി. പൊതുവേ ഇതിന് ഇംഗ്ലീഷ് അക്ഷരമാലയിലെ 'V' എന്ന അക്ഷരത്തിന്റെ ആകൃതി ആയിരിക്കും. ഗുഹ്യഭാഗങ്ങളിലെ അമിതവിയർപ്പ് വലിച്ചെടുത്ത് ശരീരത്തെ സംരക്ഷിക്കുന്നതും ലൈംഗിക അവയവങ്ങളുടെയും മർമ്മ ഭാഗത്തിന്റെയും സംരക്ഷണമാണ് പ്രധാന ജോലി. ഷഡ്ഢി, ജെട്ടി എന്നീ പല പേരുകളിലും അറിയപ്പെടുന്നു. ഒരേ രൂപമാണെങ്കിലും സ്ത്രീക്കും പുരുഷനും ചില്ലറ വ്യത്യാസങ്ങളോടെയാണു ഇതു വിപണിയിൽ ലഭിക്കുന്നത്. പുരുഷന്മാർക്കുള്ളതു "ബ്രീഫ്"എന്നും, സ്ത്രീകൾക്കുള്ളതു "പാന്റി"എന്നും അറിയപ്പെടുന്നു.

മൈരേ

തമിഴിലെ മൈര് എന്ന പദത്തിന്റെ അർത്ഥം മലയാളത്തിൽ "മൂറുകൾ" എന്നാണ്. പക്ഷെ കാസർകോടിലെ ഒരു സ്ഥലപ്പേര് മൈരേ എന്നായിരുന്നു. തെറിപ്പേരായതുകൊണ്ട് മൈരേ പേര് മാറ്റി ഷേണിയാക്കി. തെറി കാരണം പെരുമാറിയ ഒരു നാടിന്റെ കഥ, സ്ഥലപ്പേര് മലയാളത്തിലെ സർവ്വസാധാരണമായൊരു തെറിക്ക് സമാനമായി തോന്നിയതിനാൽ കാസർകോട് ജില്ലയിലെ എൻമകജയിലെ ഈ സ്ഥലത്തിൻറെ പേര് തന്നെ സർക്കാർ ഔദ്യോഗികമായി മാറ്റിയിരിക്കുകയാണ്. മൈര് എന്നതിന് രോമം എന്നും തലമുടി എന്നൊക്കെ അർത്ഥങ്ങളുണ്ട്.

കെട്ടണ്ടപട്ടി - Kettandapatti - Thekkupattu, Tamil Nadu
"കെട്ടണ്ട പട്ടി" (നീ കെട്ടണ്ടട പട്ടി) എന്ന് മലയാളത്തിൽ വായിച്ചു പോകുന്ന ഒരു റെയിൽവേ സ്റ്റേഷന്റെ പേരാണിത്.
ദക്ഷിണ റെയിൽവേ സോണിലെ ചെന്നൈ റെയിൽവേ ഡിവിഷനിലെ NSG–6 വിഭാഗത്തിലുള്ള ഇന്ത്യൻ റെയിൽവേ സ്റ്റേഷനാണ് കെറ്റണ്ടപതി (സ്റ്റേഷൻ കോഡ്: KDY).  ചെന്നൈ നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്റ്റേഷനാണിത്.  ജോലാർപേട്ടാണ് ഇതിൻ്റെ ഏറ്റവും അടുത്തുള്ള പട്ടണം.


തൂറാൻ (Touran)

ഫോക്സ് വാഗന്റെ ഒരു മോഡലാണ് തൂറാൻ (TOURAN). മലയാളത്തിലെ ഉച്ചാരണത്തിൽ വരുന്ന മാറ്റം കൊണ്ടാണ് ആ കാറിനെ തൂറാൻ എന്ന് വിളിക്കുന്നത്. ട്രോളുകൾ വന്നപ്പോൾ കേരളത്തിലേക്ക് ഫോക്സ് വാഗൻ തൂറാൻ വരുന്നു എന്നുവരെ രസകരമായി അടിച്ചു വിട്ടവരുണ്ട്.
പേർഷ്യൻ പേരാണ് തൂറാൻ. ഒരു സ്ഥലപ്പേരാണത് (a place name inshahnameh)

ഒരു മീനിൻറെ പേരാണ് ഉടുപ്പൂരി (Leather Jacket Fish)
ഉടുപ്പൂരി (Leather Jacket Fish) ശാസ്ത്രീയനാമം  (Oligoplites saurus). ലെതർ ജാക്കറ്റ് ഫിഷ് (ഒലിഗോപ്ലൈറ്റ്സ് സോറസ്), ലെതർ ജാക്ക് എന്നും അറിയപ്പെടുന്നു, ഇത് കാരൻഗിഡേ കുടുംബത്തിലെ ഒരു ഇനം മീനാണ്. പൈലറ്റ് ഫിഷ് പോലെയുള്ള കാരൻഗിഡേയിലെ മറ്റ് അംഗങ്ങളെ ലെതർ ജാക്ക് സൂചിപ്പിക്കാം. ഏറ്റവും വലിയവയ്ക്ക് ഒരടിയോളം നീളമുണ്ട്. ഉടുപ്പൂരി എന്നത് വസ്ത്രം അഴിച്ചു എന്നാണ് അർത്ഥം.

പോണ്ട
പോണ്ട (ഗോവ ജില്ലയിലെ ഒരു നഗരവും മുനിസിപ്പൽ കൗൺസിലുമാണ്. ഗോവയിലെ സെൻട്രൽ പ്രദേശത്താണ് പോണ്ട. പോണ്ടയുടെ നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളും പ്രദേശത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കാരണം "അൻട്രൂസ് മഹൽ" എന്നും അറിയപ്പെടുന്നു. കാസർകോട് കണ്ണൂർ ജില്ലകളിൽ പോണ്ട എന്നത് പോവരുത് എന്ന അർത്ഥത്തിൽ ആണ്. നീ ആട പോണ്ട (നീ അവിടെ പോകരുത്).

പുല്ല്

കമ്മീഷണർ സിനിമയിൽ വിജയരാഘവൻ പറയുന്ന പഞ്ച് ഡയലോഗായിരുന്നു പോ പുല്ലേ.... പുല്ല് എന്നത് വെറുമൊരു മണ്ണിൽ ചെറിയൊരു ഉയരത്തിൽ മുളച്ചു പൊന്തുന്ന സസ്യമാണെന്നത് ഏവർക്കും അറിയാം. അതിനെയാണ് ഇത്രേം വല്ല്യൊരു സംഭവമാക്കിയത്. പോടാ പുല്ലേ എന്നുദ്ദേശിക്കുന്നത് നീ പോയി നിൻറെ പണി നോക്ക് എന്നെ ചൊറിയാൻ വരണ്ട എന്നർത്ഥത്തിലാണ്. അതിലൊരു പുച്ഛവും കലർന്നിട്ടുണ്ട്.

ഇതേ സിനിമയിലെ മറ്റൊരു തെറിയാണ് പുലയാടി. പൊലയാടി മോനെ (പുലയാടി മോനെ) എന്ന് തെറിയായി വിളിക്കുന്നവരുണ്ട്. പുലയാടി വ്യഭിചാരിണി എന്നും മലയാളത്തിൽ അർത്ഥമുണ്ട്. ഇത്തരത്തിൽ പുലയർ തൊട്ട് അശുദ്ധമാക്കി ജാതി ഭ്രഷ്ടായ സ്ത്രീകളെ പുലയാടി എന്നു വിളിച്ചു വന്നു. പുലയർ എന്നത് ഒരു ജാതിയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദളിത് വിഭാഗത്തിൽ പെട്ട ഒരു പ്രബല സമുദായമാണ് പുലയർ (ചെറുമർ, ചെറുമക്കൾ). കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്നത് ഈ സമുദായക്കാരായിരുന്നു എന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ. ഈ പുലയരെ ആണ് പുലയാടി മക്കൾ എന്ന് വിളിക്കുന്നത്. ജാതികളുടെ മുത്തച്ഛന്മാർ ചേരമർ (പുലയർ) എന്നും പറയുന്നുണ്ട്.
"പുലയാടി മക്കൾക്ക് പുലയാണ് പോലും" എന്നൊരു വിവാദ ഗാനം 2022 ൽ ഇറങ്ങിയ ഭാരത സർക്കസ് എന്ന സിനിമയിലുണ്ട്.

ഇതിൽ തന്നെ വേറെയും വാക്കുകൾ ഉണ്ട്. എന്ത് പന്നത്തരമാടോ (എന്ത് വൃത്തികേടാടോ താൻ കാണിച്ചത്) താൻ കാണിച്ചത്? എന്ന് എൻ.എഫ്.വർഗ്ഗീസ് ചോദിക്കുന്നുണ്ട്.

പന്ന
ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ പന്ന ജില്ലയിലുൾപ്പെട്ട ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ്. ഈ പട്ടണം ഇവിടുത്തെ രത്നഖനികളാൽ പ്രസിദ്ധമായിരിക്കുന്നു. പന്ന ജില്ലയുടെ ഭരണസിരാ കേന്ദ്രമാണീ പട്ടണം. 


പന്ന എന്നപേരിൽ കൊളംബിയൻ സ്റ്റോണുമുണ്ട്  (Panna Stone Colombian Gemstone). എമറാൾഡ് (പന്ന) എമറാൾഡ് ബെറിൽ മിനറൽ കുടുംബത്തിൽപ്പെട്ട, പച്ച നിറമുള്ള, വളരെ വിലയേറിയ രത്നമാണ്. വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രശസ്തമായ രത്നങ്ങളിൽ ഒന്നാണിത്




നീ കണ്ടവൻറെയൊക്കെ തിണ്ണ നിരങ്ങിക്കോ. ഈട്ത്തെ കാര്യക്കെ നിന്റൊൾക്ക് ഒറ്റക്ക് പാറ്റ്വോ  (നീ അന്യരുടെ വീട്ടിലൊക്കെ പോവുന്നതൊക്കെ കൊള്ളാം, ഇവിടത്തെ കാര്യങ്ങൾ നോക്കാൻ നിൻറെ ഭാര്യയ്ക്ക് ഒറ്റയ്ക്ക് കഴിയുമോ). തിണ്ണ എന്നത് വരാന്തയാണ്. അഥവാ, പഴയ വീടിൻറെ ചായ്പ്പ്.

കൂത്തിച്ചി മോളെ എന്ന് തെറി വിളിക്കാറുണ്ട്. കൂത്താടി നടക്കുന്നവൾ എന്നാണ് ഉദ്ദേശിക്കുന്നത്. നർത്തകി. വ്യഭിചാരിണി, വേശ്യ എന്നീ നാനാർത്ഥങ്ങളുമുണ്ട്. കൂത്തിച്ചിമോൻ = വേശ്യാപുത്രൻ (ശകാരവാക്ക്).

ഭരണിപ്പാട്ട്

കൊടുങ്ങല്ലൂർ ഭരണി, കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട്.

വിശ്വ വിഖ്യാത തെറി

ചരിത്രത്തിൽ ആദ്യമായി ഒരു കോളജ് മാഗസിൻ പുസ്തകമായി. ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളാണ് കോളേജ് മാഗസിന് വിശ്വ വിഖ്യാത തെറി എന്ന പേര് നൽകിയത്. സവർണബോധം അരികുജീവിതങ്ങളെ അധിക്ഷേപിക്കാൻ തുപ്പുന്ന ‘ചെറ്റ’പോലുള്ള തെറിവാക്കുകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അധികാരത്തിന്റെ വിധ്വംസകതയും കീഴാളവിരുദ്ധതയും അടയാളപ്പെടുത്തുന്ന കവർസ്റ്റോറിയാണ് മാഗസിന്റെ പ്രധാന ഹൈലൈറ്റ്. തെറികളുടെ ചരിത്രം ചികഞ്ഞുപോകുമ്പോൾ ജാതീയമായ ഉച്ചനീചത്വങ്ങളിലേക്കും, എക്കാലത്തും പ്രബലമായ സവർണ ബോധത്തിലേക്കും നാമെത്തുന്നുവെന്ന് ഇത് ഓർമിപ്പിക്കുന്നു..

തെറിക്കുത്തരം മുറി പത്തൽ എന്നാൽ മുഖത്തടിച്ചതുപോലെ പറയുന്നതിനെ ഇങ്ങനെ പറയാറുണ്ട്. അവൻറെ അണ്ണാക്കിനിട്ട് കൊടുക്ക് എന്ന് പറയാറുണ്ട്. ഇങ്ങോട്ട് പറഞ്ഞതിൻറെ ഇരട്ടിയായി തിരിച്ചു പിന്നീടൊന്നും പറയാൻ പറ്റാത്ത രീതിയിൽ മറുപടി കൊടുക്കണമെന്നാണുദ്ദേശിക്കുന്നത്.

"ആലപ്പുഴയിൽ പുഴയുണ്ടെന്നാൽ ആലപ്പുഴയൊരു പുഴയല്ല.
എറണാകുളത്ത് കുളമുണ്ടെന്നാൽ എറണാകുളമൊരു കുളമല്ല.
കോഴിക്കോടിൽ കൊഴിയുണ്ടെന്നാൽ കോഴിക്കോടൊരു കോഴിയല്ല.
മലപ്പുറത്ത് മലയുണ്ടെന്നാൽ മലപ്പുറമൊരു മലയല്ല.
വയലാംകുഴിയിൽ കുഴിയുണ്ടെന്നാൽ വയലാംകുഴിയൊരു കുഴിയല്ല."

NB: ഇങ്ങനെ നിങ്ങൾക്കറിയാവുന്ന രസകരമായ വാക്കുകളും ചിത്രങ്ങളും കമന്റായി നൽകിയാൽ എഡിറ്റ് ചെയ്തു ഈ ലേഖനം വിപുലീകരിക്കാൻ പറ്റും.

© മോഹൻദാസ് വയലാംകുഴി

#storiesofwords #words #abusewords #censorship #censorwords #theri 

Thursday, 22 February 2024

നേപ്പാളെന്ന സ്വപ്ന ഭൂമിയിലേക്കൊരു യാത്ര...

 

കുട്ടി മാമാ... ഞാൻ ഞെട്ടി മാമാ...

നേപ്പാളെന്നു കേൾക്കുമ്പോൾ ആദ്യം നാവിൻ തുമ്പിൽ വരുന്ന ഡയലോഗാണിത്...

അക്കൊസേട്ടനും, അപ്പുക്കുട്ടനും, അശ്വതിയും, (മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധു) ഉണ്ണികുട്ടനും (റിമ്പോച്ചി- സിദ്ധാർത്ഥ് ലാമ)    സ്വയംഭൂനാഥ് ക്ഷേത്രത്തിൻറെ പടിക്കെട്ടുകളൊക്കെ ആർക്കാണ് മറക്കാൻ പറ്റുക...

32 വർഷമായിട്ടും ആളുകൾ യോദ്ധ സിനിമയെയും നേപ്പാളിനേയും നെഞ്ചിലേറ്റി നടക്കുമ്പോൾ നേപ്പാളെന്ന സ്വപ്ന ഭൂമിയിലേക്കൊരു യാത്ര പോവാൻ കൊതിക്കാത്തവരായി ആരുണ്ടാകും. ഹിമാലയൻ പർവ്വത നിരകളുടെ താഴ്വര, ബുദ്ധ വിഹാരങ്ങളുടെ കേന്ദ്രം, സാംസ്കാരിക വൈവിധ്യം നെഞ്ചിലേറ്റി നടക്കുന്ന പൈതൃക നഗരങ്ങൾ... ഇങ്ങനെ പോകുന്നു നേപ്പാളെന്ന രാജ്യത്തിൻറെ വിശേഷങ്ങൾ.

നേപ്പാളിലേക്ക് യാത്ര പോകാൻ കൊതിക്കുന്നവർക്ക് ഇനി തുടർന്നു വായിക്കാം...

ഇന്ത്യക്കാരായ നമുക്ക് നമ്മുടെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് എത്രപേർക്കറിയാം.?*

നേപ്പാളിലേക്ക് യാത്ര ചെയ്യാൻ പാസ്‌പോർട്ടും വിസയും ഒന്നും വേണ്ട. ആധാർ കാർഡോ, വോട്ടർ ഐഡി കാർഡോ കയ്യിലുണ്ടെങ്കിൽ നേപ്പാളിൽ പോയി വരാം.

കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് പോകുന്നവർക്ക് രണ്ടു വഴികളാണുള്ളത്. ഒന്ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന രപ്തിസാഗർ എക്സ്പ്രെസ്സിൽ ഘോരഖ് പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സൊനൗലി ഇൻഡോ നേപ്പാൾ അതിർത്തിവരെ ടാക്സിയിലോ, ബസ്സിലോ പോകാം. ഏകദേശം 97 കിലോമീറ്റർ ബസ്സിലോ ടാക്സിയിലോ യാത്ര ചെയ്യണം.  അതിർത്തിയിലെ ചെക്കിങ്ങ് കഴിഞ്ഞു ബസ്സിലോ ടാക്സിയിലോ കഠ്മണ്ഡുവിലേക്ക് പോകാവുന്നതാണ്.  അതിർത്തിയിൽ നിന്ന് വീണ്ടും ഏകദേശം 264 കിലോമീറ്റർ കഠ്മണ്ഡു ബസ് സ്റ്റാന്റിലേക്കുണ്ട്.

ഡൽഹി വഴി പോകുന്നവർക്ക് റക്സോൾ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി (Raxaul Junction Railway Station) ഇൻഡോ നേപ്പാൾ അതിർത്തിവരെ ടാക്സിയിലോ, ടുക്ക് ടുക്ക് വണ്ടി എന്നുവിളിക്കുന്ന കുതിര വണ്ടിയിലോ, മുച്ചക്ര വാഹനത്തിലോ, ഓട്ടോയിലോ പോയി, അതിർത്തിയിലെ ചെക്കിങ്ങ് കഴിഞ്ഞു ബസ്സിലോ ടാക്സിയിലോ നേപ്പാൾ അതിർത്തിവരെ പോകാവുന്നതാണ്. അവിടെ നിന്ന് ബസ്സിൽ കഠ്മണ്ഡുവിലേക്ക് പോകാം. ഏകദേശം 153 കിലോമീറ്റർ കഠ്മണ്ഡു ബസ് സ്റ്റാന്റിലേക്കുണ്ട്.

രണ്ടു അതിർത്തിയിൽ നിന്നായാലും ഏകദേശം 600 അല്ലെങ്കിൽ 700 നേപ്പാളി രൂപയാണ് ടിക്കറ്റ് ചാർജ്.

നേപ്പാൾ അതിർത്തിയിൽ നിന്നും കഠ്മണ്ഡുവിലേക്ക് ബസ്സിൽ പോകുമ്പോൾ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിലൊന്ന് നമ്മുടെ നാട്ടിലെ പോലുള്ള റോഡ് അല്ല. ഓരോ മലകൾ താണ്ടിയാണ് ബസ്സ് സഞ്ചരിക്കുന്നത്. നല്ല റോഡുകൾ വളരെ കുറവായതിനാൽ ഏകദേശം 16 മണിക്കൂറിലധികം ബസ്സിൽ ഇരിക്കേണ്ടതായി വരും. ഓഫ് റോഡ് യാത്രയുമാണ്. അതുകൊണ്ടു തന്നെ തുടർച്ചയായി ഇരുന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ കാഠ്മണ്ഡുവിലേക്ക് വിമാനയാത്ര തിരഞ്ഞെടുക്കുന്നതാവും ഉചിതം. നേപ്പാൾ ബോർഡർ രാത്രി 10 മണിക്ക് മുമ്പ് അടയ്ക്കും. അതുകൊണ്ടുതന്നെ 10 മണിക്ക് മുമ്പായി അതിർത്തിയിൽ ചെന്ന് ചെക്കിങ്ങ് കഴിഞ്ഞു പോകുന്നത് ഗുണകരമായിരിക്കും. അല്ലെങ്കിൽ രാവിലെവരെ കാത്തിരിക്കേണ്ടതായി വരും. അതിർത്തിയിൽ ചിലവുകുറഞ്ഞ താമസ സൗകര്യങ്ങൾ ലഭ്യമാണ്.

ഈ രണ്ടു അതിർത്തികൾ കൂടാതെ വേറെയും 4 അതിർത്തികൾ ഉണ്ട്. ഉത്തരാഖണ്ഡ് (ബൻബാസ), ഉത്തർ പ്രദേശ് (സൊനൗലി), ബിഹാർ (റക്സോൾ), വെസ്റ്റ് ബംഗാൾ (ലാൻറ് പോർട്ട് പനിതാങ്കി), സിക്കിം (സിങ്കലില റേഞ്ച്)  എന്നിവയാണ് 6 അതിർത്തികൾ.

ലുംബിനി

പശ്ചിമ നേപ്പാളിലെ രുപന്ദേഹി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധമത തീർത്ഥാടനഭൂമിയാണ് ലുംബിനി (Lumbini). ഇവിടെവെച്ചാണ് മഹാറാണി മായാദേവി സിദ്ധാർത്ഥ ഗൗതമന് ജന്മം നൽകിയത്. പിൽകാലത്ത് ശ്രീ ബുദ്ധനായി മാറി ബുദ്ധമതം സ്ഥാപിച്ച സിദ്ധാർത്ഥൻ ക്രിസ്തുവിന് മുമ്പ് 623-നും 543-നും ഇടയിലാണ് ജീവിച്ചിരുന്നത്. ശ്രീബുദ്ധനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയമുണ്ടായ ബുദ്ധ ഗയ, ശ്രീബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ സാരാനാഥ്, അദ്ദേഹം നിർവാണം പ്രാപിച്ച കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പുണ്യകേന്ദ്രങ്ങൾ.

ബുദ്ധന്റെ കാലഘട്ടത്തിൽ കപിലവസ്തുവിനും ദേവദഹയ്ക്കും ഇടയിലായിലുള്ള പ്രദേശമായിരുന്നു ലുംബിനി. പിൽകാലത്ത് അശോകചക്രവർത്തി ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. അതിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച ലുംബിനിയിലെ അശോകസ്തംഭം ഇതിന്റെ തെളിവാണ്.

1997മുതൽ ലുംബിനി യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. നിരവധി ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇന്ന് ഇവിടെ കാണപ്പെടുന്നു.

സൊനൗലിയിൽ നിന്ന് 26 കിലോമീറ്ററും റക്സോളിൽ നിന്ന് ഏകദേശം 230 കിലോമീറ്ററും ലുംബിനിയിലേക്കുണ്ട്.

കാഠ്മണ്ഡുവാണ് നേപ്പാളിൻ്റെ തലസ്ഥാനമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവിടെയാണ് യോദ്ധാ സിനിമയിലെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. 

കാഠ്മണ്ഡു

നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു (Kathmandu) . മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 മീറ്റർ (4,600 ft) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ദർബാർ ചത്വരത്തിലെ "കാഷ്ഠമണ്ഡപം" എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ(काष्ठ) എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിയിൽ തീർത്ത മണ്ഡപം. കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ മാത്രം നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി എവിടെയും ഉപയോഗിച്ചിട്ടില്ല.

സ്വയംഭൂനാഥ്

(സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം അഥവാ Swoyambhunath Monkey Temple)

നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമാണ് (Swoyambhu Mahachaitya). സ്വയംഭൂനാഥ ക്ഷേത്രം, സ്വയംഭൂനാഥ സ്തൂപം, അനവധി ചെറുക്ഷേത്രങ്ങൾ തുടങിയവ കൂടിച്ചേർന്നതാണ് സ്വയംഭൂനാഥ്. സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായ് അതിവസിക്കുന്ന വാനരന്മാർ
മൂലമാണ് ക്ഷേത്രത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. കുരങ്ങന്മാരെ ഇവിടെ പവിത്രമായ ജീവിയായാണ് കണക്കാക്കുന്നത്. ഇവിടെയാണ് യോദ്ധ സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

നേപ്പാളിലെ വളരെ പഴക്കംചെന്ന ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സ്വയംഭൂനാഥ്. ഗോപാലരാജവംശാവലിയിൽ പറയുന്നതനുസരിച്ച്, നേപ്പാൾ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹൻ വൃഷദേവൻ 5-ആം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ സ്ഥലം. സ്വയംഭൂനാഥിലെ സ്തൂപം ഒരു വെളുത്ത അർധകുംഭകത്തിന്മേലാണുള്ളത്. അർധകുംഭകത്തിന്റെ മുകളിൽ ഘനാകാരമുള്ള സ്തൂപത്തിൽ നാലുദിക്കിലേക്കും ദർശനമായി, ഭഗവാൻ ബുദ്ധന്റെ നേത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

പശുപതിനാഥ ക്ഷേത്രം (Pashupatinath Temple)

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതി നദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്. നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രിസ്തു വർഷം 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം (പശൂനാം പതി = പശുപതി; പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇന്ത്യയിലെ വാരാണാസിയിലെ കാഴ്ചകൾക്ക് തുല്യമാണിവിടം. പശുപതിനാഥ് ക്ഷേത്രത്തിൻറെ പിറകിൽ കൂടി ഒഴുകുന്ന ഭാഗ്മതി നദിയുടെ ഇരുകരകളിലായി മരിച്ചവരെ ദഹിപ്പിക്കുന്നത് കാണാം. അർദ്ധ നഗ്നരായ അഘോരി സന്യാസികളും ഇവിടത്തെ കാഴ്ചയാണ്.

ചന്ദ്രഗിരി ഹിൽ (Chandragiri Hills)
തങ്കോട്ടിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ചന്ദ്രഗിരി ഹിൽ (Chandragiri Hills), സമുദ്രനിരപ്പിൽ നിന്നും 2551 മീറ്റർ ഉയരമുള്ള കാഠ്മണ്ഡു താഴ്വരയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കിടക്കുന്നത്. ഹിന്ദു, ബുദ്ധ മതങ്ങളുമായി ഈ മലനിരകൾ ബന്ധപ്പെട്ടിരിക്കുന്നു. അന്നപൂർണ്ണ മുതൽ എവറസ്റ്റ് വരെയുള്ള ഹിമാലയൻ മലനിരകൾ കാഠ്മണ്ഡു താഴ്വരയുടെയും ഹിമാലയൻ 
പർവതങ്ങളുടെയും മനോഹര ദൃശ്യം ഇവിടെ കാണാം. കാഠ്മണ്ഡുവിലെ നാല് പാസുകളിൽ ഒന്നാണ് ചന്ദ്രഗിരി ഹിൽ. ശിവന്റെ ഭാലേശ്വർ മഹാദേവക്ഷേത്രം കുന്നിൻമുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡു വാലിക്ക് അടുത്തായി തുറന്ന ട്രെക്കിങ്ങ് പാതകാണപ്പെടുന്നു. അടുത്തകാലത്ത് ആരംഭിച്ച ചന്ദ്രഗിരി ഹൈക്കിംഗ് ട്രെയ്ൽ. കേബിൾ കാർ എന്നീ ഗതാഗത സൌകര്യം ലഭ്യമാണ്.

ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം (Tribhuvan International Airport)

നേപ്പാളിലെ കാഠ്മണ്ഡുവിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം. 

കാഠ്മണ്ഡുവിലേക്ക് വിമാന മാർഗ്ഗം പോകാൻ ആഗ്രഹിക്കുന്നവർ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. വിമാന മാർഗ്ഗം പോകുന്നുണ്ടെങ്കിലും ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് ആവശ്യമില്ല. മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ആധാർ കാർഡോ വോട്ടർ ഐഡി കാർഡോ മതിയാകും.

കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (Kathmandu Durbar Square)
യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിച്ച നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നാണ്   കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (Basantapur Darbar Kshetra) ഇത് കാഠ്മണ്ഡു കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായി സ്ഥിതിചെയ്യുന്നു. ഈ നഗരം മുഴുവൻ ഭരിച്ചിരുന്ന, മാള, ഷാഹ് രാജാക്കന്മാരുടെ കൊട്ടാരം അടങ്ങുന്ന സ്ഥലമാണ് ദർബാർ സ്ക്വൊയർ. ഈ പ്രദേശത്തേയും ഉൾപ്പെടുത്തിയിട്ടുള്ള ചതുരം ചതുർഭുജ രീതിയിലാണ്, അവിടെ ക്ഷേത്രങ്ങളും, മുറ്റവുമുണ്ട്. ഇത്, ശ്രീരാമന്റെ ഭക്തനായ ഹനുമാനിനെ പ്രതിഷ്ടയായി വച്ചിരിക്കുന്ന, ഹനുമാൻ ദോക്ക ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു. പാലസ്സിന്റെ മുന്നിലായി ഈ ചതുരം സ്ഥിതിചെയ്യുന്നു.

ഭക്തപൂർ ദർബാർ സ്ക്വയർ (Bhaktapur Durbar Square)

ഭക്തപൂർ കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായുള്ള ഒരു വിപണിസ്ഥലമാണ് ഭക്തപൂർ ദർബാർ സ്ക്വയർ. ഇത് സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നുകൂടിയാണ് ഇത്, അവ് മൂന്നും യുനെസ്കോയുടെ പൈതൃക സ്ഥാനം നേടിയവയാണ്. ബോദ്ഗോവൻ എന്നറിയപ്പെടുന്ന ഭഗത്പൂർ നഗരത്തിൽ തന്നെയാണ് ഭക്തപൂർ ദർബാർ സ്ക്വയർ സ്ഥിതിചെയ്യുന്നത്.

കാഠ്മണ്ഡുവിന്റെ കിഴക്ക് 13 കിലോമീറ്റർ വരെ ഈ ദർബാർ സ്ക്വൊയർ വ്യാപിച്ചുകിടക്കുന്നു. ഈ ചതുരത്തിന് ഉപചതുരങ്ങളായി നാല് ചതുരങ്ങൾ കൂടിയുണ്ട് (ദർബാർ സ്ക്വൊയർ, തോമദി സ്ക്വൊയർ, ദറ്റാത്രേയ സ്ക്വൊയർ, പോട്ടെറി സ്ക്വൊയർ) അവയടങ്ങുന്ന മുഴുവൻ പ്രദേശത്തെ ബഗത്ത്പൂർ ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു, കൂടാതെ ഇതുതന്നെയാണ് കാഠ്മണ്ഡു താഴ്വരയിൽ ഏറ്റവും സന്ദർശകരുള്ള ഒരു ഇടം.

55 ജനാലകളുള്ള കൊട്ടാരം
എ.ഡി 1427-ൽ ഭരിച്ചിരുന്ന യക്ഷ മാള എന്ന രാജാവിന്റെ കാലത്താണ്  55 ജനാലകളുള്ള കൊട്ടാരം നിർമ്മിക്കപ്പെടുന്നത്,  ഇതിനെ 17-ാം നൂറ്റാണ്ടിലെ ബൂപതിന്ദ്ര മാളയുടെ കാലത്ത് പുനഃനിർമ്മിക്കുകയും ചെയ്തു. മതിൽക്കെട്ടുകൾക്കപ്പുറമുള്ള, ശ്രേഷ്ഠമായ ശിലാ നിർമ്മാണങ്ങളുടെ ആലേഖന രീതിയും, 55 ജനാലകളുള്ള ബാൽക്കണിയും, അതുല്യമായ മരപ്പണിയിലെ മാസ്റ്റർപീസുകളായി അറിയപ്പെടുന്നു.
സ്വർണ്ണപ്പടിവാതിൽ 

ബഗത്പൂരിലെ ലോകപ്രശ്തമായ സ്വർണ്ണപ്പടിവാതിൽ.
ലോകത്തിൽവച്ച്  വളരെ മനോഹരമായതും,അത്യധികം വിലപിടിപ്പുള്ള വസ്തുക്കളാൽ നിർമ്മിതവുമായ ഒരു പടിവാതിലാണ്  ലു ദോവ്ക്ക (സ്വർണ്ണപ്പടിവാതിൽ. ഈ പടിവാതിലിൽ ഹിന്ദു മതത്തിലെ ദേവതകളായ കാളിയേയും, ഗരുഡനേയും പ്രതിഷ്ടിച്ചിരിക്കുന്നു, കൂടാതെ രണ്ട് ജലകന്യകകളും ഇവിടെയുണ്ട്. ഈ പടിവാതിലിനെ രാക്ഷസന്മാരെകൊണ്ടും, ഹിന്ദു മതത്തിലെ വിശ്വാസപരമായ സങ്കീർണത നിറഞ്ഞ ജീവികളെകൊണ്ടും അലങ്കരിച്ചിരിക്കുന്നു. ഇംഗ്ലീഷ് കലാനിരൂപകനും, ചരിത്രകാരനുമായ പേഴ്സി ബ്രൗൺ ഈ സ്വർണ്ണപടിവാതിലിനെക്കുറിച്ച് പറഞ്ഞതിതാണ്, "ഈ മുഴുവൻ രാജ്യത്തിലേയും കലയിലെ ഏറ്റവും ശ്രേഷ്ഠമായ ഒന്ന് ; എണ്ണിതിട്ടപ്പെടുത്തനാവാത്ത വിധമുള്ള ഭംഗിയാർന്ന മുഖങ്ങളുടെ നിരകൾ, അതിന്റെ പിന്നിലെ പശ്ചാത്തലത്താൽ ഒരു രത്നംപോലെ തിളങ്ങുന്നു." ഈ പടിവാതിൽ നിർമ്മിച്ചത് രഞ്ജിത്ത് മാള രാജാവായിരുന്നു, കൂടാതെ ഇത് 55 ജനാലകളുള്ള കൊട്ടാരത്തിന്റെ മുറ്റത്തേക്കുള്ള വഴിയുമാണ്.


സിംഹപ്പടിവാതിൽ
ഇത്തരം അത്ഭുതപരമായ രീതിശാസ്ത്രത്തോടുകൂടിയ പടിവാതിലുകളുടെ നിർമ്മാണം നടത്തിയത് കൈവേലക്കാരായിരുന്നു, എന്നാൽ ബഗദോൺ രാജാവ് അവരുടെ കൈകളെല്ലാം വെട്ടിമാറ്റിയതിനാൽ വീണ്ടും അത്തരം ശ്രേഷ്ഠമായ മാസ്റ്റർപീസുകൾ ഉണ്ടായതേയില്ല.



നാഗർകോട്ട് 
മധ്യ നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയുടെ അരികിലുള്ള ഒരു ഗ്രാമമാണ് നാഗർകോട്ട്.  വടക്കുകിഴക്ക് എവറസ്റ്റ് ഉൾപ്പെടെയുള്ള ഹിമാലയത്തിൻ്റെ കാഴ്ചകൾക്ക് ഇത് അറിയപ്പെടുന്നു, ഇത് സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും പ്രത്യേകിച്ചും ശ്രദ്ധേയമാണ്.  ചുറ്റുപാടുമുള്ള സ്‌ക്രബ്‌ലാൻഡ് പാതകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ നിരവധി ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രവുമാണ്.  പടിഞ്ഞാറ് ഭാഗത്തായി വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന പുരാതന പഗോഡ ശൈലിയിലുള്ള ചംഗുനാരായണ ക്ഷേത്രവും ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ്.

ഇങ്ങനെ നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ കാഴ്ചകൾ മാത്രമാണ് ഈ ലേഖനത്തിൽ പറഞ്ഞു വെച്ചിരിക്കുന്നത്. നേപ്പാൾ എന്ന രാജ്യത്ത് മനോഹരമായ മറ്റു സ്ഥലങ്ങളും ഉണ്ട്. 

സിം കാർഡ് 
ഇന്ത്യൻ സിം കാർഡ് അതിർത്തി കടക്കുമ്പോൾ തന്നെ നിശ്ചലമാകും. അല്ലെങ്കിൽ പോകും മുമ്പ് ഇന്റർനാഷണൽ റോമിങ്ങ് ഉപയോഗിക്കുന്നതിലേക്കായി റീചാർജ് ചെയ്യേണ്ടതായി വരും. അതിന് ഉയർന്ന നിരക്കുമാണ്. അതിനേക്കാൾ സൗകര്യം അതിർത്തിയിൽ തന്നെ അല്ലെങ്കിൽ വിമാനത്താവളത്തിൽ നിന്ന് ആധാർ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് എന്നിവ നൽകി Ncell എന്ന കമ്പനിയുടെ സിം കാർഡ് എടുക്കാവുന്നതാണ്. 350 ഇന്ത്യൻ രൂപ നൽകിയാൽ 5 ദിവസത്തേക്ക് 5 ജി.ബി ഡാറ്റയും Ncell ലേക്ക് സൗജന്യമായും വിളിക്കാവുന്നതാണ്.

താമസം

നേപ്പാളിൻ്റെ ഹൃദയ ഭാഗമെന്നറിയപ്പെടുന്ന തമേലിൽ ഒരുപാട് ഹോട്ടലുകളുണ്ട്. 1200 നേപ്പാളി രൂപ മുതൽ മുകളിലോട്ട് ഡബിൾ റൂം ലഭിക്കും. പക്ഷെ ഭക്ഷണം കഴിക്കാനുള്ള ഹോട്ടൽ മുഴുവനും മുന്തിയ വിലയിൽ ഭക്ഷണം വിളമ്പുന്നവയാണ്. കുറച്ചുള്ളിലോട്ട് പോയാൽ ബനിയാത്തർ എന്ന സ്ഥലത്ത് ഹോട്ടൽ സാറാസ് ബാക്ക്പാക്കേർസ് (Hotel Sara's Backpackers (P) Ltd.)** എന്നൊരു ചെറിയൊരു ഹോട്ടലുണ്ട്. അവിടെ 350 നേപ്പാളി രൂപയ്ക്ക് ഡോർമെറ്ററി സൗകര്യവും 800 നേപ്പാളി രൂപയ്ക്ക് സിംഗിൾ റൂമും 1200 നേപ്പാളി രൂപയ്ക്ക് ഡബിൾ റൂമും ലഭിക്കും. അതിന്റെ പരിസരങ്ങളിലായി നിരവധി ചെറിയ ചെറിയ ഹോട്ടലുകൾ ഉണ്ട്. പൊതുവേ ഇവിടങ്ങളിൽ ഭക്ഷണത്തിന് പൈസയും കുറവാണ്.

ഇൻ ഡ്രൈവ് (InDrive)

ഇൻ ഡ്രൈവ് (InDrive) എന്നൊരു ആപ്പ് ഡൗൺലോഡ് ചെയ്‌താൽ ബൈക്ക് ടാക്സിയോ, കാറോ ബുക്ക് ചെയ്യാവുന്നതാണ്. ഇഷ്ടം പോലെ ബസ്സുകളും ഷെയർ ടാക്‌സികളും ലഭ്യമാണ്.

എവിടെ പോയാലും കാശ് കൊടുക്കുമ്പോൾ നേപ്പാളി രൂപയാണോ ഇന്ത്യൻ രൂപയാണോ എന്ന് ചോദിച്ചു ഉറപ്പുവരുത്തുക. കാരണം മിക്ക സ്ഥലങ്ങളിലും ഈ രണ്ടു പൈസയും എടുക്കും. പ്രത്യേകിച്ച് ടൂറിസ്റ്റ് സ്ഥലങ്ങളിലും ടാക്സികളിലും. ഇന്ത്യയുടെ ഒരു രൂപ 1.6 നേപ്പാളി രൂപയാണ്***. മറ്റൊരു കാര്യം ഇന്ത്യയിൽ നിന്ന് നേരിട്ട് പൈസ അയക്കാൻ സാങ്കേതികമായ ബുദ്ധിമുട്ടുള്ളതിനാലും ഇന്ത്യൻ ബാങ്കിൻറെ എ.ടി.എം എല്ലാ സ്ഥലങ്ങളിലും എടുക്കണമെന്ന് നിർബന്ധവുമില്ല. എടുത്താൽ തന്നെ ഭീമമായ തുകയാണ് പൈസ പിൻവലിക്കുമ്പോൾ ഈടാക്കുന്നത്. പരമാവധി കയ്യിൽ ഇന്ത്യൻ രൂപ കരുതിയാൽ നേപ്പാളിൽ എവിടെ നിന്ന് വേണമെങ്കിലും നേപ്പാളി രൂപയായി മാറാവുന്നതാണ്. അല്ലെങ്കിൽ നേപ്പാളി രൂപയ്ക്ക് സമാനമായ തുക ഇന്ത്യൻ രൂപയായി നൽകാവുന്നതാണ്.

ട്രെയിൻ വഴി സാധാരണ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തു പോകുന്നവർക്ക് പോകാനും വരാനും നേപ്പാളിൽ 5 ദിവസം ചിലവഴിക്കാനും ഏകദേശം 12000 ഇന്ത്യൻ രൂപ മതിയാകും.

©മോഹൻദാസ് വയലാംകുഴി

(According to the 2023 Passport Index by Henley & Partners, Indian passport holders can now travel to 57 countries without facing visa issues. This list includes countries offering visa-free travel, visa-on-arrival services, and electronic travel authorization.)

** Hotel Sara's Backpackers (P) Ltd. - +9779851207616, +9779849046752 (WhatsApp & Call Available)

*** INR to NPR Convertor


Location Reference: Wikipedia


#nepal #kathmandu #tourist #yoddha #rimbochi #lama #everest #himalaya #visafree #MohandasVayalamkuzhy #Buddha #DalaiLama #Mohanlal #jagathysreekumar #madhoo #urvashi #India #IndoNepal #Raxaul #Lumbini #Hindu 

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...