ന്യൂ ജെൻ പിള്ളേരെന്ന് പലപ്പോഴും ആളുകൾ മുദ്രകുത്തപ്പെട്ട നമ്മുടെ പുതിയ തലമുറയിലെ കുട്ടികളെക്കുറിച്ചുള്ള പല ധാരണകളും പൊതു ധാരണകളും തെറ്റാണെന്നാണ് എൻറെയൊരു നിരീക്ഷണം...
എല്ലാ സൗകര്യമുള്ള ആൻഡ്രോയിഡ് മൊബൈൽ കയ്യിലുണ്ടായിട്ടും സക്കർബർഗിനോട് മുഖം തിരിച്ചു ഫെയ്‌സ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കാത്ത ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടെന്നത് എത്രപേർക്കറിയാം. ഇപ്പോഴും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ മെയിലുപയോഗിക്കുന്നു എന്നറിയുമ്പോൾ എത്രപേരുടെ പുരികം ചുളിഞ്ഞു പോകും...!!
കിട്ടുന്ന പോക്കറ്റ് മണിയൊക്കെ കൂട്ടി വെച്ച് പുസ്തകം വാങ്ങി വായിക്കുന്ന പുതിയ തലമുറയെ എത്രപേർക്കറിയാം...
അതും ഗംഭീര വായനക്കാരാണ്. പലപ്പോഴും ലോക ക്ളാസ്സിക്കുകളായ പുസ്തകങ്ങൾ ഓൺലൈൻ വഴിയൊക്കെ വാങ്ങി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു എന്നത് അത്യന്തം അദ്‌ഭുതവും സന്തോഷവും ഉണ്ടാക്കുന്നുണ്ട്.
നമ്മിൽ പലരും സാമൂഹ്യ സേവനം ചെയ്യുന്നത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെങ്കിൽ മാനുഷിക പരിഗണനയും സ്നേഹവും കാരുണ്യവും ഇത്രത്തോളം ഈ പുതിയ തലമുറയിൽ ഉണ്ടെന്നറിയുമ്പോൾ ഒരു ആത്മസംതൃപ്തി.
കനിവ് നഷ്ടപ്പെടാത്ത കരുണ നഷ്ടപ്പെടാത്ത ഒരു പുത്തൻ തലമുറ പിന്നാലെയുണ്ടെന്നത് അനുഗ്രഹമാണ്.
മുമ്പൊക്കെ എത്ര സോഷ്യലായി ഇടപെടുന്ന അച്ഛനമ്മമാരും കുട്ടികളെ ഒന്ന് നിയന്ത്രിക്കും. ആൺ പെൺ അതിർ വരമ്പുകൾ ഇട്ട് വയ്ക്കും. ഇപ്പോൾ ആൺ പെൺ അതിർ വരമ്പുകൾ വളരെ കുറവാണ്. ഒന്നിച്ചിരുന്ന് പഠിക്കുകയും ഒരു വീട്ടിൽ എന്നപോലെ കഴിയുകയും വളരെ ആരോഗ്യപരമായ രീതിയിൽ സുഹൃത് ബന്ധം കാത്ത് സൂക്ഷിക്കുകയും അത് രക്ഷിതാക്കൾ (ന്യൂ ജെൻ കുട്ടികളുടെ ന്യൂ ജെൻ രക്ഷിതാക്കൾ) തന്നെ നല്ലരീതിയിൽ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വേഷത്തിലും നടപ്പിലുമൊന്നും ഒരു കാര്യവുമില്ല. മുടി വളർത്തിയും താടി വളർത്തിയും മീശ പിരിച്ചു വെച്ചും കുപ്പി പാന്റിട്ടും, ബർമുഡയിട്ടുമൊക്കെ വരുന്ന ആൺകുട്ടികളും പലരീതിയിലും സ്റ്റൈലിഷ് ആയി നടക്കുന്ന പെൺകുട്ടികളും മുകളിൽ പറഞ്ഞ എല്ലാറ്റിലും ഒരുപോലെ ആത്മസംതൃപ്തി കണ്ടെത്തുന്നവരും ആത്മസമർപ്പണം നടത്തുന്നവരുമാണെന്നു കണ്മുന്നിൽ കണ്ടാൽ പലരും മൂക്കത്ത് വിരൽ വെച്ചു പോകും.....
ഇതാണ് നിങ്ങൾ പറയുന്ന ന്യൂ ജെൻ എങ്കിൽ എനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട് ; അവർ കാണിച്ചു കൂട്ടുന്നതല്ല, അവരെക്കുറിച്ച് നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ എനിക്കാവില്ല. കാരണം ഞാനും നിങ്ങളും അടങ്ങുന്ന ഫെയ്‌സ്ബുക്കിലും വാട്ട്സ് ആപ്പിലും വിരാജിക്കുന്ന ആളുകളെല്ലാം ഇതിൽ മാത്രം സുഖം കണ്ടെത്തുന്നവരാണ്. പക്ഷെ പുതിയ വളർന്നു വരുന്ന തലമുറ അങ്ങനെയല്ല.... അവർക്ക് ചെയ്യാൻ ഒരുപാടുണ്ട്. അതവർ ഭംഗിയായി ചെയ്യുന്നുമുണ്ട്.....
അഭിമാനിക്കുന്നു... ആഹ്ലാദിക്കുന്നു....
©മോഹൻദാസ് വയലാംകുഴി