അന്ന് ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നു. മലയാളം മീഡിയമാണെങ്കിലും വലിയ വായിൽ വരുന്ന ഒന്ന് രണ്ട് ചീത്ത വിളി ബാസ്റ്റഡ്, കണ്ട്രി ആയിരുന്നു. വീട്ടിൽ നിന്ന് ഒരിക്കൽപോലും ഒരു ചീത്ത വിളി കേട്ടിട്ടില്ല. ഇത്തരം വാക്കുകൾ തന്നെ അറിയാതെ അവരുടെ മുന്നിൽ നിന്ന് വായിൽ വന്നാൽ അതോടെ തീരും.
ഞാൻ ഇന്റർവെൽ സമയത്ത് പുറത്ത് പോകാതെ ക്ലാസ്സിൽ ഇരുന്ന് എന്തോ കാര്യമായി വായിക്കുകയായിരുന്നു. അപ്പോഴാണ് ഉണ്ണി (പേര് ഒറിജിനൽ അല്ല) കടന്നുവന്നത്. അവൻ അടുത്തിരുന്നു ഡസ്കിൽ മുട്ടി പാട്ടുപാടുകയും കൂട്ടത്തിൽ ഒന്നു രണ്ടു വട്ടം തോണ്ടുകയും ചെയ്തു. പ്ലീസ് ഒന്ന് പോയിത്തരുമോ എന്ന് പറഞ്ഞപ്പോൾ അവൻ ഒച്ചയെടുത്തു പാടി. ദേഷ്യം വന്നപ്പോഴാണ് ബാസ്റ്റഡ് എന്ന് വിളിച്ചത്. പെട്ടന്ന് ഉണ്ണിയുടെ ശബ്ദം നിലച്ചു. ഞാൻ പുസ്തകത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്. ഉണ്ണി എഴുന്നേറ്റ് പോയെന്ന് കരുതി ഞാൻ വായന തുടർന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു തേങ്ങൽ കേട്ട് മുഖം തിരിച്ചു നോക്കിയപ്പോൾ ഡസ്കിലേക്ക് മുഖം പൂഴ്ത്തി ഉണ്ണി കരയുന്നു. ഞാൻ തല പൊക്കാൻ ശ്രമിച്ചപ്പോൾ കണ്ണിൽ നിന്നും ധാര ധാരയായി കാണ്ണീർ ഒഴുകി വരുന്നു.
ഞാനാകെ വല്ലാതെയായി. വായന നിർത്തി. അവൻ മുറുമുറുക്കുന്നത് കേട്ടു... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... എന്ന്...
എനിക്കതിന്റെ അർത്ഥം അറിയാമെങ്കിലും പെട്ടന്ന് ഒന്നും മനസ്സിലായില്ല. പക്ഷെ എന്തോ പന്തികേടുണ്ടെന്നു ബോധ്യമായി. ഞാൻ അവനെ പൊക്കാൻ ശ്രമിച്ചപ്പോൾ അവൻ എഴുന്നേറ്റ് തലകുനിച്ചു പിറകിൽ പോയി ഇരുന്നു.
എനിക്കാകെ തല പെരുക്കാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞു അവന്റെ വീടിനടുത്തുള്ള മറ്റൊരു കുട്ടി ക്ലാസ്സിൽ വന്നപ്പോൾ അവനോട് ചോദിച്ചു ഉണ്ണിയുടെ അച്ഛന് എന്തുപറ്റിയെന്ന്...??
വ്യക്തമായ മറുപടിയല്ലെങ്കിൽ കൂടി അവൻ പറഞ്ഞു, അവന് അച്ഛനില്ല.മറ്റൊന്നും കൃത്യമായി അറിയില്ല എന്ന്.
ഞാൻ ഉണ്ണിയുടെ അടുത്ത് പോയി കൈപിടിച്ചു കുറേ സോറി പറഞ്ഞു. അന്ന് തന്നെ മനസ്സിൽ ഒരു ശപഥവും എടുത്തു. തമാശയ്ക്ക് പോലും ഒരാളെ ചീത്ത വിളിക്കില്ലെന്ന്.
അന്ന് മുതൽ ഈ നിമിഷം വരെ അത് പാലിക്കുന്നുണ്ട്. അത്രെയേറെ ദേഷ്യം തോന്നിയ നിമിഷങ്ങളിൽ ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ നൂറ് മുതൽ പിറകിലോട്ട് എണ്ണും. എവിടെയോ വായിച്ച അറിവാണ്. വേറെ വഴിയില്ല എനിക്ക് എന്നെ നിയന്ത്രിക്കുവാൻ.
ഈ വാട്ട്സ് ആപ്പ് ഒക്കെ വന്ന ശേഷമാണ് വീണ്ടും ഇമോജികൊണ്ട് തെറി വിളിക്കാൻ തുടങ്ങിയത്.
©മോഹൻദാസ് വയലാംകുഴി
#bastard #story #classroomjokes #jokes #life #MohandasVayalamkuzhyUpendran #writer #blogger #founder #socialworker #school