Sunday, 30 September 2018

ലിംഗസമവാക്യങ്ങളുടെ പ്രസ്താവങ്ങൾ

Biological Reason കൊണ്ട് ഒരു സ്ത്രീയെ എല്ലാറ്റിൽ നിന്നും മാറ്റി നിർത്തുക, ലിംഗ വിവേചനം (Gender Discrimination) എന്ന വെറും അപരിഷ്കൃതമായ നിലയിലേക്ക് തരം താഴുക ഈ വക കാര്യങ്ങളോടൊന്നും തന്നെ അന്നും ഇന്നും എന്നും തീരെ താത്പര്യമില്ലാത്തത് കൊണ്ടുതന്നെ ഇക്കാര്യത്തിൽ എനിക്കുള്ള ആത്മാർത്ഥമായ എതിർപ്പ് ശക്തമായി രേഖപ്പെടുത്താൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ദയനീയമായി പരാജയപ്പെട്ടിട്ടുമുണ്ട്.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന പലരും ആളുകൾക്ക് മുന്നിൽ നിൽക്കുമ്പോഴും പ്രസംഗിക്കുമ്പോഴും കാണിക്കുന്ന കപട സദാചാരം വെറുമൊരു മുഖംമൂടി മാത്രമാണെന്ന കാര്യം ആരും തിരിച്ചറിയുന്നില്ല. ആണും പെണ്ണും തുല്യത കൈവരിക്കണം, തുല്യമായ പങ്കാളിത്തം ഉറപ്പു വരുത്തണം എന്നൊക്കെ പറയും. ഇതേ പറയുന്നവരാണ് ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് വിലക്ക് കല്പിക്കുന്നവർ.

ഞാൻ ഒന്ന് പറഞ്ഞോട്ടെ, നിങ്ങളിൽ എത്രപേരുണ്ട് സ്വന്തം വീട്ടിലെ തീൻ മേശയിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നവർ, അടുക്കളയിൽ കയറി ആഹാരമുണ്ടാക്കുന്നവർ (ബാച്ചിലർമാരുടെ കാര്യമല്ല), അലക്കുന്നവർ, മുറ്റമടിക്കുന്നവർ, മറ്റെല്ലാ കാര്യങ്ങളിലും തുല്യമായി സഹായിക്കുന്നവർ....??

വിരലിൽ എണ്ണാവുന്നവർ... അതുമല്ലെങ്കിൽ ഭാര്യയെ പേടിയുള്ളവർ, അതുമല്ലെങ്കിൽ രണ്ടുപേരും ജോലിക്ക് പോകുന്നവരായത് കൊണ്ടു മാത്രം ചില കാര്യങ്ങളിൽ സഹായിക്കുന്നവർ... അപ്പോഴും അവിടെ ആത്മാർഥമായ ഒരു സഹകരണം ഉണ്ടാകുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് പുരുഷൻ ജോലിക്ക് പോയി വീട് നോക്കണമെന്നും സ്ത്രീ അടുക്കള പണി എടുക്കണമെന്നും പറയുന്നത്.

ആണും പെണ്ണും കൂട്ടുകൂടാൻ പാടില്ല, ഒരുമിച്ചു നടക്കാനോ, ഒരുമിച്ചു യാത്ര ചെയ്യാനോ പാടില്ല. എന്നിട്ടും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു.

നിയമവും നിയമ വ്യവസ്ഥകളും മാറ്റിവെച്ച് നിങ്ങളൊരു മനുഷ്യനാകൂ. പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യൂ. ആദ്യം വേണ്ടത് അതാണ്.

ഒരു കുഞ്ഞു ജനിച്ചു വീണ ഉടനെ ലിംഗവിവേചനം തുടങ്ങുന്നു. പൊട്ടു തൊടാനും കണ്ണെഴുതാനും കാലിലും കയ്യിലും കഴുത്തിലും ചെവിയിലും ലിംഗവിവേചനത്തിന്റെ രേഖകൾ ശക്തമായി രേഖപ്പെടുത്തുന്നു. എന്നിട്ടും പോരാത്തതിന് ധരിക്കുന്ന വസ്ത്രങ്ങളിൽ ഈ വിവേചനം കൃത്യമായി അടയാളപ്പെടുത്തുന്നു.

എന്റെ അറിവുവെച്ചു പറയുകയാണെങ്കിൽ, ഋതുമതിയാകുന്നതുവരെയും ഒരു പെൺ കുട്ടിയും ഒരാൺ കുട്ടിയും Biologically വല്ല്യ വ്യത്യാസമൊന്നും ഇല്ല എന്നാണ് തോന്നുന്നത്. അപ്പോൾ പിന്നെ എന്തിനാണ് ആ കാലഘട്ടം വരെ നീ പെണ്ണാണ്, നീ ചുരിദാറും, പാവാടയും, ബ്ലൗസും, മിടിയും ടോപ്പും, ദാവണിയും മാത്രമേ ധരിക്കാൻ പാടുള്ളൂ, മുടി നീട്ടി വളർത്തണം, ചെവിയിൽ കാത് കുത്തണം, പാദസരം ഇടണം, മാലയിടണം, പൊട്ടു തൊടണം എന്നൊക്കെ വാശി പിടിക്കുന്നത്...? കളിക്കാൻ പാവയും അടുക്കള പാത്രങ്ങളും മാത്രമേ വാങ്ങിക്കൊടുക്കുള്ളൂ. ആൺകുട്ടിയെ പഠിപ്പിച്ചാൽ ഗുണമുണ്ട്. പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കാര്യം... അവർ മറ്റൊരു വീട്ടിലേക്ക് പോകേണ്ടവരണല്ലോ, എന്നൊക്കെയുള്ള മനോഭാവം. ഇപ്പോഴും സ്ത്രീധനമെന്ന വൃത്തികെട്ട വ്യവസ്ഥിതി നിലവിലുണ്ടല്ലോ...!!

പറഞ്ഞു വരുന്നത്, ആരാണ് ലിംഗവിവേചനം നടത്തുന്നത്... സ്വന്തം വീട്ടിൽ നിന്ന് തുടങ്ങുന്നതാണ്. പിന്നീട് സമൂഹ മധ്യത്തിലിറങ്ങുമ്പോഴേക്കും വിവേചനത്തിന്റെ പരകോടിയിൽ എത്തിയിട്ടുണ്ടാകും ഒരാണും പെണ്ണും.

ചില മതങ്ങളിൽ സ്ത്രീകളുടെ അടുത്ത് പുരുഷന്മാർ ഇരിക്കാൻ പാടില്ല, കാണാൻ പാടില്ല, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പാടില്ല. കല്യാണ സമയത്ത് പെണ്ണിന്റെ പിതാവ് ആണിന്റെ കൈപിടിച്ചാണ് വിവാഹം പോലും ഉറപ്പിക്കുന്നത്. ഇതൊക്കെ എന്നാണ് മാറാൻ പോകുന്നത്....

അപ്പോൾ വെറും വായിൽ ഛർദ്ധിക്കുകയോ വിശ്വാസ പ്രമാണങ്ങളിൽ നിയമപരമായ മാറ്റം വരുത്തിയതുകൊണ്ടോ കാര്യമില്ല. ആളുകളുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്. വർഗ്ഗ ശത്രുക്കൾ നമുക്കിടയിൽ തന്നെയുണ്ട്. നിങ്ങൾ മറ്റുള്ളവരെ രണ്ടു കണ്ണുകൊണ്ട് സംശയത്തോടെ നോക്കുമ്പോൾ നിങ്ങളെ ഈ ലോകത്തെ മുഴുവൻ കണ്ണുകളും സംശയത്തോടെ നോക്കുമെന്ന് അറിയുക.

ലിംഗ സമത്വം അംഗീകരിക്കാത്തവർ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവരാണെന്ന് സാരം. സ്ത്രീ പുരുഷ സമത്വം പൂർണമായിട്ടുള്ള പശ്ചാത്യ രാജ്യങ്ങളിൽ ഉള്ളതിലും ശക്തമായ കുടംബ ബന്ധം ഇവിടെ നിലനിൽക്കുന്നത് ചിലപ്പോൾ സ്ത്രീ പുരുഷ സമത്വം ഇല്ലാത്തതിനാലാവാം.
ഈ ഒരൊറ്റ വിധിയോടെ ലിംഗനീതി കൈവരിച്ചിരിക്കുന്നതിനാൽ സ്ത്രീകൾക്ക് വീക്കർ സെക്സ് എന്ന നിലയിൽ അനുവദിച്ചു നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും പിൻവലിക്കേണ്ടതാണ്.

ചുരുക്കി പറയട്ടെ, നിങ്ങൾക്ക് ചുറ്റുമുള്ള (ആണും പെണ്ണും) കുറച്ചു പേരെ നിങ്ങൾ ഒരൊറ്റ കണ്ണിലൂടെ കാണാൻ ശ്രമിക്കൂ. ആണിനേയും പെണ്ണിനേയും രണ്ടായി കാണാതെ നിങ്ങൾക്കൊപ്പം ചേർത്തു നിർത്തു.

ഉണരുക.... ഉയരുക... ലോകത്തിനൊപ്പം, കാലത്തിനൊപ്പം....

Time is God.

Wednesday, 19 September 2018

കൗമാര സ്വപ്‌നങ്ങൾ വിൽപ്പന ചരക്കാകുമ്പോൾ...

കൗമാരത്തിൻറെ പ്രസരിപ്പിൽ കാണിച്ചു കൂട്ടുന്ന വെറുമൊരു തമാശയാണ് ഇന്ന് ആണും പെണ്ണും തമ്മിലുള്ള സൗഹൃദവും ഒപ്പം ഒരു മടിയുമില്ലാതെ കിടക്ക പങ്കിടൽ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നത്. പുതുതലമുറയുടെ ആപ്തവാക്യം പോലും Sex is not a promise എന്നാണ്.

തീരെ വിദ്യാഭ്യാസമില്ലാത്ത പാവപ്പെട്ടവരായ പെൺകുട്ടികൾ പണ്ട് നിവർത്തികേടുകൊണ്ട് ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ട്. പക്ഷെ, ഇന്ന് കുറെയൊക്കെ ആ സ്ഥിതി മാറിയിരിക്കുന്നു.

ഇന്ന് വളരേയധികം വിദ്യാസമ്പന്നരായ പ്രതികരണ ശേഷിയുള്ള പെൺകുട്ടികൾ വരെ കല്യാണത്തിന് മുമ്പുള്ള പ്രീ മാരിറ്റൽ സെക്സിനെ വളരെ ലാഘവത്തോടെയാണ് സമീപിക്കുന്നത്. ഇതിൽ പെൺകുട്ടികൾ മാത്രമാണോ തെറ്റുകാർ എന്ന് ചോദിച്ചാൽ അല്ല എന്ന് ഉത്തരം പറയേണ്ടി വരും. ആൺകുട്ടികളും ഒരുപോലെ ഈ തെറ്റിൽ പങ്കാളിയാകുന്നുണ്ട്. ലൈംഗീകാസക്തി പൂണ്ടുവരുന്ന പെൺകുട്ടിയോട് NO പറയാൻ എന്ത് കൊണ്ട് ഒരു ആൺകുട്ടിക്ക് പറ്റുന്നില്ല...?

അൺഎത്തിക്കൽ ക്രൈം എന്ന് പറയാവുന്ന പുതുതലമുറ സദാചാരമെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളുന്ന അതിഭീകരമായ അവസ്ഥയിലൂടെയാണ് സമൂഹത്തിലെ ഒട്ടുമിക്ക ന്യൂ ജെൻ ആൺകുട്ടികളും പെൺകുട്ടികളും കടന്നു പോകുന്നത്.

കഴിഞ്ഞ ദിവസം എൻറെ ഒരു സുഹൃത്ത് വിളിച്ചു ഏതാണ്ട് ഒരു മൂന്ന് മണിക്കൂറിലധികം അവൻറെ സങ്കടകരമായ ജീവിത കഥ പറയുകയുണ്ടായി.

ഇരുപതാം വയസ്സിൽ പത്താം ക്ലാസ്സുകാരിയോട് തോന്നിയ പ്രണയം ഏഴുവർഷങ്ങൾ പിന്നിട്ടപ്പോൾ ഒടുവിൽ വീട്ടുകാർ തമ്മിൽ പരസ്പരം മനസ്സിലാക്കി വിവാഹനിശ്ചയം നടത്തി കാത്തിരിക്കുന്നതിനിടെയാണ് പണ്ട് ഏഴാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ച ആൺ സുഹൃത്തുമായി വീണ്ടും ഫെയ്‌സ്ബുക്കിൽ കണ്ടുമുട്ടുകയും ബന്ധം സ്ഥാപിക്കുകയും നേരിട്ടുള്ള കണ്ടുമുട്ടലും കറക്കവുമായി ഒടുവിൽ ഭാവി വരൻ അറിഞ്ഞപ്പോൾ ആദ്യം കള്ളം പറയുകയും പിന്നീട് വെറുമൊരു സുഹൃത്ത് മാത്രമാണ് എന്നുപറഞ്ഞു താൽക്കാലിക രക്ഷപ്പെടൽ നടത്തുകയും ചെയ്തപ്പോൾ ഭാവി വരൻ പിന്നാലെ പോയി രണ്ടുപേരേയും കയ്യോടെ പിടികൂടുകയായിരുന്നു. ഒടുവിൽ തർക്കവും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും കൂടിയപ്പോൾ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാഗ്യവശാൽ പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രി കിടക്കയിൽ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയോ അച്ഛനോ മറ്റു സുഹൃത്തുക്കളോ ബന്ധുക്കളോ പോലും കടന്നു വരാത്ത സാഹചര്യത്തിലും ഭാവി വരൻ കൂട്ടിരുന്നപ്പോഴാണ് പെൺകുട്ടിക്ക് തൻറെ തെറ്റ് മനസ്സിലായത്.

ഇത് വെറുമൊരു നാട്ടിൻപുറത്തെ കഥ.

ഇതിനേക്കാൾ വെല്ലുന്ന കഥകളാണ് വൻകിട നഗരത്തിൽ ജീവിച്ചു പഠിക്കുന്ന പെൺകുട്ടികളുടെയും ഒപ്പം ആൺകുട്ടികളുടെയും അവസ്ഥ.

വീട്ടിൽ നിന്നും ലഭിക്കുന്ന പോക്കറ്റ് മണി തികയാതെ വരുമ്പോൾ ആൺകുട്ടികളുമായി കൂട്ട് കൂടി ഡേറ്റ് ചെയ്ത് ആഡംബരജീവിതം നയിക്കുന്ന ഒട്ടേറെ പെൺകുട്ടികളുണ്ട്. ഇതിലേറെയും മെഡിസിനും നേഴ്‌സിങ്ങിനും പഠിക്കുന്ന കുട്ടികളാണ്. വെറുമൊരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന പാവപ്പെട്ട ഒരു പെൺകുട്ടിയെ ഇത്തരത്തിൽ ഒരു ദിവസം ഒരുത്തൻറെ കൂടെ പബ്ബിൽ കണ്ടപ്പോൾ ഞാൻ മാറ്റി നിർത്തി ചോദിച്ചപ്പോൾ ആ പെൺകുട്ടി വളരെ ലാഘവത്തോടുകൂടി പറഞ്ഞതിങ്ങനെയാണ്, "ചേട്ടനറിയാലോ വീട്ടിലെ അവസ്ഥ, അവരെ ബുദ്ധിമുട്ടിക്കാനും വയ്യ, പക്ഷെ ഒന്നിച്ചു പഠിക്കുന്നവർ എല്ലാം കാശുള്ള വീട്ടിലെ കുട്ടികളാണ്. അവരുടെ അടുത്ത് നാണം കെട്ട് ജീവിക്കാൻ വയ്യാത്തോണ്ടാ. ഇവനെ പോലെ വേറെയും സുഹൃത്തുക്കൾ ഉണ്ട്. ആരോടും കമ്മിറ്റ്മെന്റൊന്നും ഇല്ല. ഇവൻ പോയാൽ വേറെ ഒരാൾ, അത്രേയുള്ളൂ.."

അവളുടെ കയ്യിലെ ലേറ്റസ്റ്റ് മോഡൽ ഐ ഫോൺ  ബെല്ലടിച്ചുകൊണ്ടിരുന്നു. "ചേട്ടനിത് ആരോടും പറയാൻ നിക്കണ്ട. ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ... കാണാം.." എന്നും പറഞ്ഞവൾ ഇരുണ്ടകോണിൽ അവനരികിൽ പോയിരുന്ന് വോഡ്ക്കയും നുണഞ്ഞു അവൻറെ നെഞ്ചിലേക്ക് മുഖമമർത്തി.

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...