Wednesday, 19 September 2018

കൗമാര സ്വപ്‌നങ്ങൾ വിൽപ്പന ചരക്കാകുമ്പോൾ...

കൗമാരത്തിൻറെ പ്രസരിപ്പിൽ കാണിച്ചു കൂട്ടുന്ന വെറുമൊരു തമാശയാണ് ഇന്ന് ആണും പെണ്ണും തമ്മിലുള്ള സൗഹൃദവും ഒപ്പം ഒരു മടിയുമില്ലാതെ കിടക്ക പങ്കിടൽ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നത്. പുതുതലമുറയുടെ ആപ്തവാക്യം പോലും Sex is not a promise എന്നാണ്.

തീരെ വിദ്യാഭ്യാസമില്ലാത്ത പാവപ്പെട്ടവരായ പെൺകുട്ടികൾ പണ്ട് നിവർത്തികേടുകൊണ്ട് ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ട്. പക്ഷെ, ഇന്ന് കുറെയൊക്കെ ആ സ്ഥിതി മാറിയിരിക്കുന്നു.

ഇന്ന് വളരേയധികം വിദ്യാസമ്പന്നരായ പ്രതികരണ ശേഷിയുള്ള പെൺകുട്ടികൾ വരെ കല്യാണത്തിന് മുമ്പുള്ള പ്രീ മാരിറ്റൽ സെക്സിനെ വളരെ ലാഘവത്തോടെയാണ് സമീപിക്കുന്നത്. ഇതിൽ പെൺകുട്ടികൾ മാത്രമാണോ തെറ്റുകാർ എന്ന് ചോദിച്ചാൽ അല്ല എന്ന് ഉത്തരം പറയേണ്ടി വരും. ആൺകുട്ടികളും ഒരുപോലെ ഈ തെറ്റിൽ പങ്കാളിയാകുന്നുണ്ട്. ലൈംഗീകാസക്തി പൂണ്ടുവരുന്ന പെൺകുട്ടിയോട് NO പറയാൻ എന്ത് കൊണ്ട് ഒരു ആൺകുട്ടിക്ക് പറ്റുന്നില്ല...?

അൺഎത്തിക്കൽ ക്രൈം എന്ന് പറയാവുന്ന പുതുതലമുറ സദാചാരമെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളുന്ന അതിഭീകരമായ അവസ്ഥയിലൂടെയാണ് സമൂഹത്തിലെ ഒട്ടുമിക്ക ന്യൂ ജെൻ ആൺകുട്ടികളും പെൺകുട്ടികളും കടന്നു പോകുന്നത്.

കഴിഞ്ഞ ദിവസം എൻറെ ഒരു സുഹൃത്ത് വിളിച്ചു ഏതാണ്ട് ഒരു മൂന്ന് മണിക്കൂറിലധികം അവൻറെ സങ്കടകരമായ ജീവിത കഥ പറയുകയുണ്ടായി.

ഇരുപതാം വയസ്സിൽ പത്താം ക്ലാസ്സുകാരിയോട് തോന്നിയ പ്രണയം ഏഴുവർഷങ്ങൾ പിന്നിട്ടപ്പോൾ ഒടുവിൽ വീട്ടുകാർ തമ്മിൽ പരസ്പരം മനസ്സിലാക്കി വിവാഹനിശ്ചയം നടത്തി കാത്തിരിക്കുന്നതിനിടെയാണ് പണ്ട് ഏഴാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ച ആൺ സുഹൃത്തുമായി വീണ്ടും ഫെയ്‌സ്ബുക്കിൽ കണ്ടുമുട്ടുകയും ബന്ധം സ്ഥാപിക്കുകയും നേരിട്ടുള്ള കണ്ടുമുട്ടലും കറക്കവുമായി ഒടുവിൽ ഭാവി വരൻ അറിഞ്ഞപ്പോൾ ആദ്യം കള്ളം പറയുകയും പിന്നീട് വെറുമൊരു സുഹൃത്ത് മാത്രമാണ് എന്നുപറഞ്ഞു താൽക്കാലിക രക്ഷപ്പെടൽ നടത്തുകയും ചെയ്തപ്പോൾ ഭാവി വരൻ പിന്നാലെ പോയി രണ്ടുപേരേയും കയ്യോടെ പിടികൂടുകയായിരുന്നു. ഒടുവിൽ തർക്കവും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും കൂടിയപ്പോൾ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാഗ്യവശാൽ പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രി കിടക്കയിൽ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയോ അച്ഛനോ മറ്റു സുഹൃത്തുക്കളോ ബന്ധുക്കളോ പോലും കടന്നു വരാത്ത സാഹചര്യത്തിലും ഭാവി വരൻ കൂട്ടിരുന്നപ്പോഴാണ് പെൺകുട്ടിക്ക് തൻറെ തെറ്റ് മനസ്സിലായത്.

ഇത് വെറുമൊരു നാട്ടിൻപുറത്തെ കഥ.

ഇതിനേക്കാൾ വെല്ലുന്ന കഥകളാണ് വൻകിട നഗരത്തിൽ ജീവിച്ചു പഠിക്കുന്ന പെൺകുട്ടികളുടെയും ഒപ്പം ആൺകുട്ടികളുടെയും അവസ്ഥ.

വീട്ടിൽ നിന്നും ലഭിക്കുന്ന പോക്കറ്റ് മണി തികയാതെ വരുമ്പോൾ ആൺകുട്ടികളുമായി കൂട്ട് കൂടി ഡേറ്റ് ചെയ്ത് ആഡംബരജീവിതം നയിക്കുന്ന ഒട്ടേറെ പെൺകുട്ടികളുണ്ട്. ഇതിലേറെയും മെഡിസിനും നേഴ്‌സിങ്ങിനും പഠിക്കുന്ന കുട്ടികളാണ്. വെറുമൊരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന പാവപ്പെട്ട ഒരു പെൺകുട്ടിയെ ഇത്തരത്തിൽ ഒരു ദിവസം ഒരുത്തൻറെ കൂടെ പബ്ബിൽ കണ്ടപ്പോൾ ഞാൻ മാറ്റി നിർത്തി ചോദിച്ചപ്പോൾ ആ പെൺകുട്ടി വളരെ ലാഘവത്തോടുകൂടി പറഞ്ഞതിങ്ങനെയാണ്, "ചേട്ടനറിയാലോ വീട്ടിലെ അവസ്ഥ, അവരെ ബുദ്ധിമുട്ടിക്കാനും വയ്യ, പക്ഷെ ഒന്നിച്ചു പഠിക്കുന്നവർ എല്ലാം കാശുള്ള വീട്ടിലെ കുട്ടികളാണ്. അവരുടെ അടുത്ത് നാണം കെട്ട് ജീവിക്കാൻ വയ്യാത്തോണ്ടാ. ഇവനെ പോലെ വേറെയും സുഹൃത്തുക്കൾ ഉണ്ട്. ആരോടും കമ്മിറ്റ്മെന്റൊന്നും ഇല്ല. ഇവൻ പോയാൽ വേറെ ഒരാൾ, അത്രേയുള്ളൂ.."

അവളുടെ കയ്യിലെ ലേറ്റസ്റ്റ് മോഡൽ ഐ ഫോൺ  ബെല്ലടിച്ചുകൊണ്ടിരുന്നു. "ചേട്ടനിത് ആരോടും പറയാൻ നിക്കണ്ട. ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ... കാണാം.." എന്നും പറഞ്ഞവൾ ഇരുണ്ടകോണിൽ അവനരികിൽ പോയിരുന്ന് വോഡ്ക്കയും നുണഞ്ഞു അവൻറെ നെഞ്ചിലേക്ക് മുഖമമർത്തി.

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...