ഒരു ചിദംബരം സ്മരണ
സേലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ലോക്കൽ ബസ്സിൽ പുതിയ ബസ്സ് ടെർമിനലിലേക്ക് പോയി. ചിദംബരത്തെക്കുള്ള തമിഴ് നാട് സർക്കാരിന്റെ പച്ചക്കളറുള്ള ഹൈവേ റൈഡർ കാത്തു നിൽക്കുന്നു. അങ്ങു ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ അവളും കാത്തിരിപ്പുണ്ട്.
ഏഴെട്ടു വർഷം മുമ്പ് പോയത് ഓർക്കുന്നു. അന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ MBA അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പോയത്. അന്നത്തെ യാത്ര രസകരമായിരുന്നു. ബസ്സിൻറെ സൈടിലോക്കെ സാധനങ്ങൾ തൂക്കിയിട്ട് പഴയൊരു ഫെവിക്കോളിന്റെ പരസ്യത്തെ ഓർമ്മിപ്പിച്ച് കൊണ്ടൊരു സുന്ദരൻ യാത്ര.
ഇന്നത് മാറി. എങ്കിലും റോഡിനിരുവശവുമുള്ള സുന്ദരമായ കാഴ്ചകൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചതായി തോന്നുന്നില്ല.
ആറു മണിക്കൂർ യാത്ര, എങ്കിലും അധികം മുഷിച്ചിലോന്നും ഉണ്ടായില്ല.
വൈകുന്നേരം തില്ലൈ നടരാജ ക്ഷേത്രം (ചിദംബരം ക്ഷേത്രം) കാണാൻ പോയി. നാല് ദിക്കിലേക്കും ഒരേ രീതിയിൽ പണികഴിപ്പിച്ച പടുകൂറ്റൻ ഗോപുരം ആണ് പ്രധാന ആകർഷണം. ആരൂഡം ശിവനാണെങ്കിലും (തില്ലൈ നടരാജൻ) തൊട്ടടുത്ത് തന്നെ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീ മഹാവിഷ്ണുവിൻറെ അനന്തശയനം പ്രതിഷ്ഠ ഇവിടെയും കാണാം. ഉപദേവതകളും ദേവന്മാരുമായി മറ്റനേകം പ്രതിഷ്ഠകൾ വേറെയും കാണാം. 12 ഉം 13 ഉം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പല ക്ഷേത്രങ്ങളിലും പൊതുവേ കാണപ്പെട്ടു വരുന്ന ചോള പല്ലവ സംസ്കൃതിയും ചിത്രവേലകളും ഇവിടെയും സമ്മേളിച്ചിരിക്കുന്നതായി കാണാം. ചുമർ ചിത്രകലകളുടെ ചോള പല്ലവ രീതികൾ വ്യത്യസ്തത പുലർത്തുന്നവയാണെന്നു ഒരോ ചിത്രവും സൂചിപ്പിക്കുന്നു.
മേൽക്കൂരയടക്കം എല്ലാം നിർമ്മിച്ചിരിക്കുന്നത് ശിലയിലാണ്. കല്ലിൽ കൊത്തിയ കവിത എന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാൻ പറ്റിയ ശില്പ ചാതുര്യം. കരവിരുതും കലാവിരുതും സമഞ്ജസമായി സമ്മേളിപ്പിച്ചിരിക്കുന്ന ശില്പസൗകുമാര്യം.
എന്തായാലും നൂറ്റാണ്ടുകൾ പഴക്കമുള്ള ചിദംബരം ക്ഷേത്രം ഒരു മാസ്മരിക കാഴ്ച തന്നെയാണ് നമുക്ക് മുന്നിൽ കാട്ടിത്തരുന്നത്.
പ്രശസ്തമായ അണ്ണമലൈ യൂണിവേഴ്‌സിറ്റി ഇതിനാടുത്താണ് സ്ഥിതി ചെയ്യുന്നത്.
സേലത്തു നിന്ന് ഏകദേശം 180 കിലോമീറ്റർ ഉണ്ട്. ഒരു വൺവെ റെയിൽവേ ട്രാക്കിൽ ഒരു ട്രെയിൻ ഉണ്ട്. ചിദംബരം റെയിൽവേ സ്റ്റേഷനിൽ പോയി ഇറങ്ങാം. പക്ഷെ, ബസ് യാത്ര മറ്റൊരു അനുഭവം സമ്മാനിക്കും.
പറ്റുമെങ്കിൽ ഒരിക്കലെങ്കിലും അത് വഴിയൊന്ന് പോകണം. ആ കാഴ്ചവസന്തം ദർശിക്കുക തന്നെ വേണം.
©മോഹൻദാസ് വയലാംകുഴി
#Chidambaram #AnnamalaiUniversty #ChidambaramTemple #MohandasVayalamkuzhyUpendran #Tamilnadu #Cuddalore #Pallavaram #ThillaiNatarajaTemple #Thiruchitrakoodam #Margazhi
No comments:
Post a Comment