Thursday, 26 June 2025

ഒരു ചായ കുടിക്കാൻ ഊട്ടിയിൽ പോയ കഥ


ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടുമെന്ന് ലാലേട്ടൻ പറയാറുണ്ട്. അപ്പോഴൊക്കെ നല്ല ഉശിരൻ ചായ കുടിക്കാൻ തോന്നും.

മധുരൈ ഒരു പരിപാടിക്ക് പോയപ്പോഴാണ് നിയാസിൻറെ കോൾ വന്നത്. അടുത്ത പരിപാടി എന്താ...?

ഞാൻ: നേരെ കേറി പോരൂ... കോയമ്പത്തൂരിൽ നിന്ന് നേരെ ഊട്ടി പോയാലോ... ഊട്ടി പോകാം...

നിയാസ്: ബഡ്‌ജറ്റ്‌...

ഞാൻ: നീ കേറി വാ... അക്കൗണ്ടിൽ കുറച്ചു കാണും... തികഞ്ഞില്ലെങ്കിൽ എമർജൻസി ഫണ്ടർമാർ ഉണ്ടല്ലോ, അവരെ വിളിക്കാം..😌

കൊച്ചിയിൽ നിന്ന് നിയാസ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. മധുരൈയിൽ നിന്ന് ഞാനും. രാവിലെ നാലുമണിക്ക് നിയാസെത്തി. ഞാൻ ഏഴുമണിക്കും. സ്റ്റേഷൻറെ അകത്ത് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ എസി വെയ്റ്റിങ്ങ് റൂമുണ്ട്. ₹30 രൂപ കൊടുത്താൽ ഒരുമണിക്കൂർ സുഖമായി വിശ്രമിക്കാം, ഒപ്പം വൃത്തിയുള്ള ടോയ്ലറ്റും ഉപയോഗിക്കാം. ടോയ്‌ലറ്റിൻറെ മുന്നിൽ പത്തിരുപതുപേരെങ്കിലും ഉണ്ട്. രണ്ടുപേരും ക്യൂ നിന്ന് കുളിച്ചിറങ്ങിയപ്പോൾ തന്നെ ഒരുമണിക്കൂർ കഴിഞ്ഞിരിക്കുന്നു. നേരെ പുറത്തിറങ്ങി ഓരോ മസാലദോശയും പൂരിയും കഴിച്ചു ലോക്കൽ ബസ്സിൽ ന്യൂ ബസ് സ്റ്റാന്റിലേക്ക് പോയി.



അവിടെ നിന്ന് തമിഴ്‌നാട് ആർ.ടി.സി ബസ്സിൽ നേരെ ഊട്ടിക്ക് ടിക്കറ്റെടുത്തു. 150 രൂപ. ഏകദേശം 10 മണിക്ക് കയറിയ ഞങ്ങൾ ഒന്നരയോടെ ഊട്ടി ബസ് സ്റ്റാൻഡിൽ ഇറങ്ങി. തൊട്ടടുത്തു തന്നെയുള്ള രാജ് ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് ഓരോ ബിരിയാണിയൊക്കെ തട്ടി നേരെ പോയത് ഉദഗമണ്ടലം റെയിൽവേ സ്റ്റേഷനിലേക്ക്.


3 മണിക്ക് അവിടെ നിന്ന് കെറ്റിയിലേക്ക് ടോയി ട്രെയിൻ ഉണ്ടെന്ന് പറഞ്ഞു. രണ്ടുപേർക്ക് 730 രൂപ ടിക്കറ്റ് ചാർജ്. മൊത്തം അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒന്നര മണിക്കൂർ യാത്ര. റിസർവേഷൻ കൗണ്ടറിൽ പോയി ഫോം പൂരിപ്പിച്ചു നൽകി ടിക്കറ്റ് എടുത്തു കാത്തു നിന്നു. കുന്നിൻ ചെരുവിലൂടെയുള്ള യാത്ര. മനോഹരമായ ഊട്ടി മുഴുവൻ ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു കിടിലൻ യാത്ര.



കെറ്റിയിൽ കുറച്ചു നേരം നിർത്തി വീണ്ടും ഉദഗമണ്ടലം റെയിൽവേ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ സമയം നാലര. അടുത്ത യാത്രയ്ക്ക് ഒരുപാടുപേരുണ്ടായിരുന്നു.

യാത്രകഴിഞ്ഞു റൂമിൽ വന്നു കുറച്ചു  നേരം വിശ്രമിച്ചതിന് ശേഷം ഞങ്ങൾ നടക്കാനിറങ്ങി. ചോക്കലേറ്റ് ഫാക്ടറിയിൽ പോയി ഹോട്ട് ചോക്കലേറ്റ് കുടിച്ചു. കുറച്ചു ചോക്കലേറ്റും വാങ്ങി. രാത്രി മുഴുവൻ തെരുവിലൂടെ നടന്നു. അവസാനം ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു റൂമിൽ പോയി കിടന്നുറങ്ങി. അത്യാവശ്യം നല്ല തണുപ്പായിരുന്നു. 

പിറ്റേന്ന് പത്ത് മണിക്കായിരുന്നു എഴുന്നേറ്റത്. എഴുന്നേറ്റ് കുളിച്ചു പ്രാതലും കഴിച്ചു പെട്ടിയും എടുത്തു ഇറങ്ങി.

ഊട്ടി (ഉദഗമണ്ഡലം), തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മലയോര നഗരമായ ഇത്, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. തണുത്ത കാലാവസ്ഥ, പുഷ്പങ്ങൾ കൊണ്ട് നിറഞ്ഞ ഉദ്യാനങ്ങൾ, പൈതൃക തീവണ്ടിപ്പാത, പ്രകൃതിദത്ത മനോഹാരിത – ഇവയെല്ലാമാണ് ഊട്ടിയെ സഞ്ചാരികളുടെ ഹൃദയത്തിൽ രാജ്ഞിയായി മാറ്റുന്നത്.

ഊട്ടിയിലെ പ്രധാന ആകർഷണങ്ങൾ:

പുഷ്പമേള (May Flower Show): മേയ് മാസത്തിൽ റോസ് ഉദ്യാനത്തിലും ബോട്ടാണിക്കൽ ഗാർഡൻമുകളിലുമാണ് പ്രധാന പരിപാടികൾ. ലോകപ്രശസ്തം.

റോസ് ഗാർഡൻ: 2000+ തരം റോസാച്ചെടികൾ, ഇന്ത്യയിലെ ഏറ്റവും വലിയ റോസ് പൂന്തോട്ടം.

ബോട്ടാണിക്കൽ ഗാർഡൻ: 55 ഏക്കറിൽ പരന്നു കിടക്കുന്ന ശാസ്ത്രീയമായ നിലയിൽ പരിപാലിക്കുന്ന ചെടികളും മൃഗങ്ങളും. 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം പ്രത്യേക ആകർഷണം.

ബോട്ട് ഹൗസുകൾ: ഊട്ടി തടാകം (1823-ൽ ജോൺ സള്ളിവൻ നിർമ്മിച്ചത്), പൈക്കാര തടാകം – ഇരുവരുടെയും ബോട്ടിംഗിനും വിശ്രമത്തിനും അനുയോജ്യമാണ്.

ദൊഡ്ഡബേട്ട ഒബ്സർവേറ്ററി: നീലഗിരിയിലെ ഏറ്റവും ഉയർന്ന പർവതത്തിൻ മുകളിൽ നിന്ന് ഊട്ടിയുടെയും ചുറ്റുമുള്ള മലനിരകളുടെയും വിസ്മയദൃശ്യങ്ങൾ കാണാം.

മെഴുക് മ്യൂസിയം: ചരിത്രപ്രസിദ്ധരുടെയും സിനിമാ താരങ്ങളുടെയും മെഴുകുപാതിരികൾ.

സെൻറ് സ്റ്റീഫൻസ് പള്ളി: 1820-ൽ നിർമ്മിച്ച ഗഥിക് ശൈലിയിലുള്ള ബ്രിട്ടീഷ് പള്ളി.

കുട്ടികളുടെ ഉദ്യാനം, ചാരിംഗ് ക്രോസ്, മറ്റ് വിനോദകേന്ദ്രങ്ങൾ – കുടുംബസഞ്ചാരത്തിന് അനുയോജ്യമായ സ്ഥലങ്ങൾ.

ഊട്ടിയിലേക്കുള്ള യാത്ര:

ഊട്ടി ഇന്ന് നിരവധിയേറെ വഴികളിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ്.


റോഡ് മാർഗം:

കോയമ്പത്തൂർ – ഊട്ടി: 89 കിമീ (പ്രധാനപ്പെട്ട മാർഗം).

കോഴിക്കോട് – ഊട്ടി: 187 കിമീ.

മൈസൂർ – ഗുഡല്ലൂർ വഴി: 155 കിമീ (കുറച്ച് ദുർഘടം).

ചെന്നൈ, കുണ്ടാപുരം, മദുര, സേലം എന്നിവയിലൂടെയും കുത്തിയിലേക്കുള്ള റോഡുകൾ ഉണ്ട്.

കോത്തഗിരിയും കുണൂറുമാകെയുള്ള റൂട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നു.

റോഡുകൾ ടാറിട്ട് നന്നായി സംരക്ഷിക്കപ്പെട്ടവയാണ്, നീലഗിരി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ.

റെയിൽ മാർഗം:

മേട്ടുപ്പാളയം – ഊട്ടി:

നീലഗിരി മൗണ്ടൻ റെയിൽവേ (NMR): ഇന്ത്യയിലെ ഏക റാക്ക് റെയിൽവേ – പൽച്ചക്രം വഴി കയറ്റം കയറുന്ന തീവണ്ടി.

1891-ൽ നിർമ്മാണം തുടങ്ങിയ ഈ പൈതൃക റെയിൽവേ 1908-ൽ പൂർത്തിയായി.

യൂനസ്‌കോയുടെ ലോക പൈതൃക തീവണ്ടി പട്ടികയിൽ ഉൾപ്പെട്ടത്.

കൂനൂർ വരെ – ആവി എൻജിൻ (വിന്റർത്തുർ, സ്വിറ്റ്സർലാൻഡ് നിർമ്മിതം),

കൂനൂർ – ഊട്ടി – ഡീസൽ എൻജിൻ.

നടന്ന് പോകുന്ന പ്രകൃതിദൃശ്യങ്ങൾ, മലമുകൾ, വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവ കാഴ്ചവിരുന്ന് ഒരുക്കുന്നു.

വിമാന മാർഗം:

ഏറ്റവും അടുത്ത വിമാനത്താവളം കോയമ്പത്തൂർ വിമാനത്താവളം ആണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം: ബാക്കപ്പ് മാർഗമായി ഉപയോഗപ്പെടുത്താവുന്നതാണ്

ഊട്ടിയിലെ ഓരോ കാഴ്‌ചയും ഓരോ അനുഭവമാണ്. whether it's the mist-covered tea gardens, heritage toy train, vibrant flower shows, or simply a hot cup of tea in the chill air — ഊട്ടി പെട്ടെന്ന് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

📍വിനോദ സഞ്ചാരികൾക്കുള്ള കുഞ്ഞു നിർദേശങ്ങൾ:

മാർച്ച് – ജൂൺ: പ്രധാന സീസൺ.

തണുപ്പ് കൂടുതൽ – കോട്ട്, ഷാൾ, കമ്പിളി വസ്ത്രങ്ങൾ നിർബന്ധം.

ബോട്ട് ടിക്കറ്റ്, റെയിൽവേ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഉചിതം.

ഞങ്ങളുടെ മടക്കയാത്ര:

ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് നേരെ ഗൂഡല്ലൂർ ബസിൽ കയറി. ഒന്നരയോടെ ഗൂഡല്ലൂരിലെത്തി. അവിടെ നിന്ന് ഊണും കഴിച്ചു സുൽത്താൻ ബത്തേരിയിലേക്കും അവിടെ നിന്ന് മാനന്തവാടിക്കും ബസ് കയറി. ഏകദേശം ആറുമണിക്ക് മാനന്തവാടി എത്തിയ ഞങ്ങൾ ഓരോ ചായയും കുടിച്ചു നേരെ കണ്ണൂരിലേക്ക് വിട്ടു. കണ്ണൂരിൽ നിന്ന് രാത്രി പതിനൊന്നരയ്ക്ക് ട്രെയിനിൽ കാസർകോടെക്കും. ഏകദേശം ഒരു മണിയോടെ വീട്ടിലെത്തി.



ഈ യാത്രയുടെ ഹൈലൈറ്റ് ചിലവായ പൈസ തന്നെയാണ്. ഏറ്റവും ലക്ഷ്വറി യാത്ര നടത്തുന്ന രണ്ടുപേർ 3500  രൂപയ്ക്കടുത്തു മാത്രം ചിലവാക്കി ഒരു കിടുക്കാച്ചി യാത്ര നടത്തിയിരിക്കുന്നു. അതെ, കോയമ്പത്തൂരിൽ നിന്നും കാസർകോട് വരെയുള്ള ഞങ്ങളുടെ രണ്ടുപേരുടെയും യാത്രയ്ക്ക് ആകെ ചെലവായത് 3500 രൂപയ്ക്കടുത്ത് മാത്രം.


©മോഹൻദാസ് വയലാംകുഴി 

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

ചിത്രങ്ങൾക്ക് കടപ്പാട്: നിയാസ് ചട്ടഞ്ചാൽ (https://www.instagram.com/creative_eye_by_niyas)

#ooty #BudgetFriendly #Explore #Experiance #Tamilnadu #wanderlust #Traveller #MohandasVayalamkuzhy


Thursday, 15 May 2025

ബാസ്റ്റഡ്....

 

അങ്ങനെയായിരുന്നു ദേഷ്യം വന്നപ്പോൾ ഞാനവനെ അറിയാതെ വിളിച്ചു പോയത്.

അന്ന് ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നു. മലയാളം മീഡിയമാണെങ്കിലും വലിയ വായിൽ വരുന്ന ഒന്ന് രണ്ട് ചീത്ത വിളി ബാസ്റ്റഡ്, കണ്ട്രി ആയിരുന്നു. വീട്ടിൽ നിന്ന് ഒരിക്കൽപോലും ഒരു ചീത്ത വിളി കേട്ടിട്ടില്ല. ഇത്തരം വാക്കുകൾ തന്നെ അറിയാതെ അവരുടെ മുന്നിൽ നിന്ന് വായിൽ വന്നാൽ അതോടെ തീരും.

ഞാൻ ഇന്റർവെൽ സമയത്ത് പുറത്ത് പോകാതെ ക്ലാസ്സിൽ ഇരുന്ന് എന്തോ കാര്യമായി വായിക്കുകയായിരുന്നു. അപ്പോഴാണ് ഉണ്ണി (പേര് ഒറിജിനൽ അല്ല) കടന്നുവന്നത്. അവൻ അടുത്തിരുന്നു ഡസ്കിൽ മുട്ടി പാട്ടുപാടുകയും കൂട്ടത്തിൽ ഒന്നു രണ്ടു വട്ടം തോണ്ടുകയും ചെയ്തു. പ്ലീസ് ഒന്ന് പോയിത്തരുമോ എന്ന് പറഞ്ഞപ്പോൾ അവൻ ഒച്ചയെടുത്തു പാടി. ദേഷ്യം വന്നപ്പോഴാണ് ബാസ്റ്റഡ് എന്ന് വിളിച്ചത്. പെട്ടന്ന് ഉണ്ണിയുടെ ശബ്ദം നിലച്ചു. ഞാൻ പുസ്തകത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്. ഉണ്ണി എഴുന്നേറ്റ് പോയെന്ന് കരുതി ഞാൻ വായന തുടർന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു തേങ്ങൽ കേട്ട് മുഖം തിരിച്ചു നോക്കിയപ്പോൾ ഡസ്കിലേക്ക് മുഖം പൂഴ്ത്തി ഉണ്ണി കരയുന്നു. ഞാൻ തല പൊക്കാൻ ശ്രമിച്ചപ്പോൾ കണ്ണിൽ നിന്നും ധാര ധാരയായി കാണ്ണീർ ഒഴുകി വരുന്നു.

ഞാനാകെ വല്ലാതെയായി. വായന നിർത്തി. അവൻ മുറുമുറുക്കുന്നത് കേട്ടു... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... യെസ് ആം ബാസ്റ്റഡ്... എന്ന്...

എനിക്കതിന്റെ അർത്ഥം അറിയാമെങ്കിലും പെട്ടന്ന് ഒന്നും മനസ്സിലായില്ല. പക്ഷെ എന്തോ പന്തികേടുണ്ടെന്നു ബോധ്യമായി. ഞാൻ അവനെ പൊക്കാൻ ശ്രമിച്ചപ്പോൾ അവൻ എഴുന്നേറ്റ് തലകുനിച്ചു പിറകിൽ പോയി ഇരുന്നു.

എനിക്കാകെ തല പെരുക്കാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞു അവന്റെ വീടിനടുത്തുള്ള മറ്റൊരു കുട്ടി ക്ലാസ്സിൽ വന്നപ്പോൾ അവനോട് ചോദിച്ചു ഉണ്ണിയുടെ അച്ഛന് എന്തുപറ്റിയെന്ന്...??

വ്യക്തമായ മറുപടിയല്ലെങ്കിൽ കൂടി അവൻ പറഞ്ഞു, അവന് അച്ഛനില്ല.മറ്റൊന്നും കൃത്യമായി അറിയില്ല എന്ന്.

ഞാൻ ഉണ്ണിയുടെ അടുത്ത് പോയി കൈപിടിച്ചു കുറേ സോറി പറഞ്ഞു. അന്ന് തന്നെ മനസ്സിൽ ഒരു ശപഥവും എടുത്തു. തമാശയ്ക്ക് പോലും ഒരാളെ ചീത്ത വിളിക്കില്ലെന്ന്.

അന്ന് മുതൽ ഈ നിമിഷം വരെ അത് പാലിക്കുന്നുണ്ട്. അത്രെയേറെ ദേഷ്യം തോന്നിയ നിമിഷങ്ങളിൽ ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ നൂറ് മുതൽ പിറകിലോട്ട് എണ്ണും. എവിടെയോ വായിച്ച അറിവാണ്. വേറെ വഴിയില്ല എനിക്ക് എന്നെ നിയന്ത്രിക്കുവാൻ.

ഈ വാട്ട്സ് ആപ്പ് ഒക്കെ വന്ന ശേഷമാണ് വീണ്ടും ഇമോജികൊണ്ട് തെറി വിളിക്കാൻ തുടങ്ങിയത്.


©മോഹൻദാസ് വയലാംകുഴി

#bastard #story #classroomjokes #jokes #life #MohandasVayalamkuzhyUpendran #writer #blogger #founder #socialworker #school 

Thursday, 1 May 2025

കുട്ടികളെ വഴിതെറ്റിക്കുന്നതാര്? രക്ഷിതാക്കൾ തന്നെയല്ലെ?


കുട്ടിക്ക് ഒരു വയസ്സ് ആകും മുമ്പേ തന്നെ മടിയിലിരുത്തി ഭക്ഷണം കഴിപ്പിക്കുമ്പോൾ കാർട്ടൂണും പാട്ടും വെച്ചു കൊടുത്തു സ്ക്രീനിന്റെ അടിമയാക്കി മാറ്റുന്നു, പിന്നീട് മൊബൈൽ ഇല്ലാതെ കുട്ടി ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെയാകും, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രായമാകുമ്പോൾ ടി.വി. ഓൺ ചെയ്തു കൊടുത്തും മൊബൈൽ ഓണാക്കി മുന്നിൽ വെച്ചു കൊടുത്തും അടുക്കളയിലോ, അതിഥികളുടെ അടുത്തോ സംസാരിച്ചിരിക്കുമ്പോൾ കുട്ടി സ്ക്രോൾ ചെയ്തു കാണുന്ന കണ്ടന്റ് എന്താണെന്ന് പോലും ശ്രദ്ധിക്കുന്നില്ല. ഇവിടെയാണ് ഒരു ക്രൈമിന്റെ തുടക്കം...


കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിയതിൽ പിന്നെ ജോലിക്ക് പോകുന്ന ഭർത്താവ് വീട്ടിൽ ഒറ്റയ്ക്ക് കുട്ടിയെ മാനേജ് ചെയ്യുന്ന ഭാര്യ സ്വാഭാവികമായും അടുക്കളയിൽ ജോലി ചെയ്യുമ്പോഴോ, വീട് ക്ളീൻ ചെയ്യുമ്പോഴോ, അലക്കുമ്പോഴോ, കുട്ടി കരയാതിരിക്കാൻ ചെയ്യുന്ന എളുപ്പ വിദ്യയാണ് ടി.വി ഓൺചെയ്തു കാർട്ടൂൺ വെച്ചു കൊടുക്കുകയോ മൊബൈലിൽ യൂട്യൂബ് എടുത്തു ഏതെങ്കിലും കുട്ടിക്ക് ഇഷ്ടപ്പെട്ട പാട്ടോ, കാർട്ടൂണോ വെച്ചു കൊടുത്തു കുട്ടിയെ തനിയെവിട്ടു വീട്ടുജോലികൾ തീർക്കുന്നത്. ഇതൊക്കെ കുഞ്ഞിലെ മുതലെടുക്കുന്ന കുട്ടികൾ വീട്ടിൽ അതിഥികൾ ആരെങ്കിലും വന്നാൽ എന്തെങ്കിലും പറഞ്ഞു ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും, ഇത്തരം സന്ദർഭങ്ങളിലും കുട്ടിക്ക് മൊബൈൽ കളിക്കാൻ നൽകുമ്പോൾ കുട്ടി ഒരു സൈഡിൽ ഇരുന്നു കളിക്കും. ഇതേ മുതലെടുപ്പ് കുട്ടികൾ കല്യാണം കൂടാൻ പോയാലോ, മറ്റു ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴോ പയറ്റി നോക്കും. ആളുകളുടെ മുന്നിൽ നാണം കെടാതിരിക്കാൻ വീണ്ടും കുട്ടിയുടെ കയ്യിൽ മൊബൈൽ വെച്ചു കൊടുക്കും. ഏതൊക്കെ സാഹചര്യങ്ങളിൽ ബഹളമുണ്ടാക്കിയാൽ മൊബൈൽ ഫോൺ തങ്ങളുടെ കയ്യിലെത്തുമെന്നു ഒരു കുട്ടി പഠിച്ചു കഴിഞ്ഞിരിക്കും. കുട്ടിയുടെ കയ്യിൽ മൊബൈൽ കൊടുക്കുമ്പോൾ രക്ഷിതാക്കൾ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും കുട്ടികൾക്ക് മുന്നിൽ തുറന്നു കിടപ്പുണ്ടാവും. രക്ഷിതാക്കൾ കണ്ട അടൽറ്റ് കണ്ടന്റും അതിൽ കിടക്കുന്നുണ്ടാവാം. സമൂഹ മാധ്യമങ്ങളിൽ നമ്മൾ ഒരു കണ്ടന്റ് കണ്ടാൽ സമാനമായ കണ്ടന്റ് വന്നുകൊണ്ടേയിരിക്കും എന്നത് ആർക്കും അറിയാത്തതല്ല. രക്ഷിതാക്കളുടെ ആശ്രദ്ധയാണ് പലപ്പോഴും ഇത്തരം കണ്ടന്റിലേക്ക് കുട്ടികൾ ചെന്നെത്തുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു റീലിൽ രണ്ടോ മൂന്നോ വയസ്സായ ഒരാൺകുട്ടിയും പെൺകുട്ടിയും ബസ്സിൽ രണ്ടു രക്ഷിതാക്കളുടെ കയ്യിലിരുന്നു തന്നെ പരസ്പരം ചുണ്ടുകൾ മുട്ടിച്ചു ചുംബിക്കുന്നു. പത്ത് വയസ്സായ മകൻ സ്വന്തം 'അമ്മ തുണി മാറുന്നത് മൊബൈലിൽ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നു. അമ്മയ്ക്കൊപ്പം കിടന്നു പ്രായപൂർത്തിയായവർ ചെയ്യുന്ന പ്രവർത്തികൾ സ്വന്തം അമ്മയിൽ തന്നെ പരീക്ഷിക്കുന്നു. സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് മനസ്സിലായത് മൊബൈലിൽ കണ്ടത് പരീക്ഷിക്കാൻ കിട്ടിയത് സ്വന്തം അമ്മയെ തന്നെയാണെന്ന്.


രക്ഷിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കിൽ സ്‌കൂൾ വിട്ടു വീട്ടിൽ എത്തിയാലും രക്ഷിതാക്കൾ വരുന്നത് വരെ മൊബൈൽ ഫോണിൽ ആയിരിക്കും. കുട്ടികൾ മൊബൈലിൽ കളിക്കുന്ന ഗെയിമുകളിൽ പലതും യുദ്ധവും വെടിവെപ്പും ഒക്കെ ആണ്. അത്തരം ഗെയിമുകളിൽ തന്നെ ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിവരങ്ങളൊക്കെ കാണും. വ്യത്യസ്ത തരം ആയുധങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകളും ഉണ്ട്. ആളുകളെ കൊല്ലുന്നതിനനുസരിച്ചു കൂടുതൽ പോയിന്റുകൾ നേടാനുള്ള അവസരങ്ങളും ഓൺലൈനായി കളിക്കുന്ന ഗെയിമുകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ ഇരുന്ന് കളിക്കാൻ പറ്റുമെന്നതും കുട്ടികളെ വിശാലമായ ലോകത്തേക്ക് ഉയർത്തി കൊണ്ടുപോകുന്നു. ഓൺലൈനായി ഗെയിമുകൾ കളിക്കുമ്പോൾ പരസ്പരം സംസാരിക്കാനുള്ള ഓപ്ഷൻസ് കൂടി പല ഗെയിം ആപ്പുകളിലും ഉണ്ട് എന്നത് ഗെയിം കളിക്കുമ്പോൾ പരസ്പരം വീറും വാശിയുമുണ്ടാക്കാൻ കാരണമാകുന്നുണ്ട്. സ്‌കൂളുകളിൽ ഒരേ ബഞ്ചിലിരുന്നു പഠിക്കുന്നവർ വീട്ടിലെത്തിയാൽ ഇത്തരം ഓൺലൈൻ ഗെയിമുകൾ കളിച്ചു തോൽക്കുമ്പോൾ കൂട്ടുകാരെ കൂട്ടി തല്ലാനും കൊല്ലാനും പോകുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്.

യൂട്യൂബിൽ കണ്ടന്റ് ഫിൽറ്റർ എന്നൊരു ഓപ്ഷൻ ഉണ്ട്. അടൽറ്റ് കണ്ടന്റുകൾ വരാതിരിക്കാൻ സെറ്റ് ചെയ്തു വയ്ക്കാൻ സാധിക്കും. ഗൂഗിളിലും മറ്റു സമൂഹ മാധ്യമങ്ങളിൽലും ഈ ഓപ്ഷൻ നമുക്ക് ചെയ്തുവയ്ക്കാം. കൂടാതെ പാരൻറ് കണ്ട്രോൾ എന്നൊരു ഓപ്ഷനും ഉണ്ട്. രാത്രി ഏറെ വൈകി മൊബൈൽ ഉപയോഗിക്കുന്ന കുട്ടിയെ നിയന്ത്രിക്കാൻ ഇത്തരം ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.

പരസ്പരം സീക്രട്ട് ചാറ്റുകൾക്ക് പലതരം ആപ്പുകൾ നിലവിലുണ്ട്. സ്നാപ്പ് ചാറ്റിൽ ഓരോ ചാറ്റുകളും കണ്ടാൽ പിന്നീട് അപ്രത്യക്ഷമായി പോകും. ടെലിഗ്രാമിൽ സീക്രട്ട് ചാറ്റ് ഓപ്ഷൻ എടുത്താൽ നമ്മൾ അയക്കുന്ന വീഡിയോ അല്ലെങ്കിൽ ഫോട്ടോസ് ആർക്കെങ്കിലും ഫോർവേഡ്  ചെയ്താൽ അതിൽ കാണിക്കും അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്താൽ ഫോർവേഡ് ചെയ്തു കിട്ടിയ ആൾക്കും പിന്നീട് കാണാൻ സാധിക്കില്ല. സീക്രട്ട് ചാറ്റ് നടത്തുമ്പോൾ തന്നെ എന്തെങ്കിലും സംശയം വരികയാണെങ്കിൽ ആർക്ക് വേണമെങ്കിലും ചാറ്റ് ഡിലീറ്റ് ചെയ്യാം. അപ്പോൾ രണ്ടിടത്തും ചാറ്റ് ഡിലീറ്റ് ആയിട്ടുണ്ടാകും. ഇതൊന്നും കൂടാതെ ഫോട്ടോയും വീഡിയോയും ലോക്ക് ചെയ്തു ഹൈടാക്കി വയ്ക്കുന്ന ആപ്പുകൾ ഉണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ മൊബൈൽ ഇടയ്ക്ക് പരിശോധിച്ചാലും മോശമായ ഒരു കാര്യവും കാണാൻ സാധിക്കില്ല. ആൺകുട്ടികളെക്കാൾ ലഹരി ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും പെൺകുട്ടികൾ ആണെന്ന് പറഞ്ഞാൽ എത്രപേർ സമ്മതിച്ചു തരുമെന്നറിയില്ല. രാസലഹരികൾ കടത്തുന്നതും കൂടുതലും പെൺകുട്ടികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പ്രത്യേകിച്ചും സ്വകാര്യ ഭാഗങ്ങളിൽ വെച്ചു ട്രെയിനുകളിലും ബസ്സുകളിലും യാത്ര ചെയ്ത് ഇത്തരം രാസ ലഹരികൾ കടത്തുമ്പോൾ യാതൊരു തരത്തിലുള്ള പരിശോധനകൾക്കും വിധേയമാകുന്നില്ലെന്നതാണ് ഇത്തരക്കാരുടെ ധൈര്യം. സാനിറ്ററി പാഡുകളിലൊക്കെ ഇത്തരം ലഹരികൾ ഈസിയായി കടുത്തുന്നുണ്ട്.

ലോകം വിശാലമായി തുറന്നുകൊടുക്കുന്ന മൊബൈൽ ഫോൺ തന്നെയാണ് ഇത്തരത്തിലുള്ള സൂത്രവിദ്യകൾ പകർന്നു നൽകുന്നത്. അതിക്രൂരമായ കൊലപാതകങ്ങൾ നടന്ന കേസിലൊക്കെയും പോലീസ് ഡിജിറ്റൽ തെളിവുകളായി കണ്ടെത്തിയത് ഇത്തരത്തിലുള്ള സെർച്ച് ഹിസ്റ്ററികളാണ്. എന്തിനും ഏതിനും ഒരു സൊല്യൂഷനായി ഗൂഗിൾ മുന്നിൽ കിടക്കുമ്പോൾ കന്യാകുമാരിയിൽ ഇരുന്ന് കശ്മീരിൽ ബോംബ് പൊട്ടിക്കാനും അമേരിക്കയിൽ മിസൈൽ ഇട്ടു തകർക്കാനും ഒരൊറ്റ ക്ലിക്ക് മതി. ലോകത്തിന് മീതെ ഡമോക്ലസിന്റെ വാളുപോലെ തൂങ്ങി കിടക്കുന്നതാണ് ഇത്തരം സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം. ലോകം വിരൽ തുമ്പിൽ എന്നത് ഇന്നൊരു സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.


©മോഹൻദാസ് വയലാംകുഴി


#Mobileaddict #mobile #children #addiction

Saturday, 4 January 2025

ഞാനൊരു കള്ളനാണ്...

ഞാനൊരു കള്ളനാണ്... പഠിച്ച കള്ളൻ എന്നൊക്കെ പറയാമോ എന്നറിയില്ല.

ഏകദേശം പത്തുപന്ത്രണ്ട് കൊല്ലത്തിലേറെയായി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയിട്ട് അതിലും മുമ്പേ 2005 മുതൽ മൊബൈൽ ഉപയോഗിച്ചു തുടങ്ങിയിട്ട്.

അന്ന് മുതൽ ഇന്ന് വരെ പരിചയപ്പെട്ട ഒട്ടു മുക്കാൽ ആളുകളെയും പരമാവധി ഒരു Keep in touch ലൈനിൽ മെയ്ന്റയിൻ ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. കുറെയേറെ വിജയിച്ചിട്ടുമുണ്ട്.

ആദ്യ കാലത്തൊക്കെ Text Message ആയിരുന്നു. പിന്നെ പതുക്കെ സോഷ്യൽ മീഡിയയിലേക്ക് വന്നതോട് കൂടി പണ്ട് കൂടെ പടിച്ചവരെയും ഇടയ്ക്ക് കൈവിട്ടുപോയ സൗഹൃദങ്ങളെയും തേടി കണ്ടുപിടിച്ചു ഓർക്കൂട്ടിലാക്കി, പിന്നീടത് ഫെയ്സ്ബുക്കിലേക്ക് മാറി, കൂട്ടത്തിൽ ഇൻസ്റ്റാഗ്രാമും ലിങ്ക്ഡ്ഇൻ, വാട്ട്സ് ആപ്പ്, തുടങ്ങിയ മറ്റ് സാമൂഹ്യ മാധ്യമങ്ങളും കൂടി ആയപ്പോൾ നമ്മൾ ഇവിടെ ലൈവായി നിൽക്കുന്നു എന്നുള്ളത് നമുക്ക് വേണ്ടപ്പെട്ടവരെ അറിയിക്കാനും അവരുടെ വിശേഷങ്ങൾ അറിയാനും പറ്റുന്നു എന്നത് വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ചും എന്നെ പോലെ ഒരാൾക്ക് ജോലിയോടാനുബന്ധിച്ചു യാത്ര ചെയ്യേണ്ടി വരുന്നത് കൊണ്ട് Near By Options, ഓരോ സ്ഥലത്തെത്തുമ്പോഴും അതാത് സ്ഥലങ്ങളിലെ സൗഹൃദങ്ങളെ കാണാനും അത്യാവശ്യം വന്നാൽ ഒരു താമസ സൗകര്യമോ മറ്റ് അത്യാവശ്യ കാര്യങ്ങൾ ചെയ്തു തരാൻ ഒരാൾ ഉണ്ടാകും എന്നൊരു ബലം വലിയൊരു ആത്മവിശ്വാസമാണ്. (ഇതുവരെയും അധികമാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നതും എന്നതും എടുത്തു പറയേണ്ടതാണ്).

പറഞ്ഞു വരുന്നത് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വരുന്ന കോലാഹലം തന്നെ. ഒരു വർഗ്ഗീയ ലഹളയ്ക്ക് തീപിടിപ്പിക്കാൻ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റോ, ഒരു whatsapp സന്ദേശമോ മതിയാകും എന്ന നിലയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ.

ഫെയ്‌സ്ബുക്കിൽ കിടന്നു വിപ്ലവം പറയുന്ന ഒരാളും പകൽ വെളിച്ചത്തിൽ അത് പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കാത്തവരാണ്.

കാരുണ്യപോസ്റ്റുകൾ ഷെയർ ചെയ്യുന്നവരിൽ 99% ആളുകളും സ്വന്തം വീട്ടിലേക്ക് വിശന്നൊരു യാചകൻ കയറി വന്നാൽ ആട്ടിപായിക്കുന്നവരാണ്. ചിലരോ റോഡ് സൈഡിൽ പോയി പോതിച്ചോർ കൊടുക്കുന്നത് ഫോട്ടോ എടുത്ത് നാലാളെ അറിയിക്കാൻ വേണ്ടി മാത്രം ഫോട്ടോ പോസ്റ്റ് ചെയ്യും (സംഘടനകൾ ചെയ്യുന്നതും വ്യക്തികൾ ചെയ്യുന്നതും വ്യത്യാസമുണ്ട്. സംഘടനകൾ ചെയ്യുന്നത് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ മറ്റുള്ളവർക്കും ഒരു പ്രചോദനമാകും എന്ന് വിശ്വസിക്കുന്നു).

മഹാപ്രളയം വന്നപ്പോൾ സോഷ്യൽ മീഡിയ എത്രത്തോളം ഉപകാരപ്പെട്ടു എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. അന്നാർക്കും ജാതിയും മതവും രാഷ്ട്രീയവും ഒന്നും ഉണ്ടായിരുന്നില്ല.  ട്രോളുകൾ പോലും നല്ലകാര്യങ്ങൾക്ക് വേണ്ടി ഉണ്ടായി.

ഇന്നത്തെ അവസ്ഥ നോക്കൂ. സുഹൃത്തുക്കൾ വരെ പരസ്പരം കടിച്ചു കീറാൻ നോക്കുന്നു, പഴി ചാരുന്നു, വെല്ലുവിളി നടത്തുന്നു. 

പലരും പറയുന്നത് ഇച്ചിരി ചോര പുഴ ഒഴുകിയാലെ നവോത്ഥാനം ഉണ്ടാകുകയുള്ളൂ എന്ന്.  ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങൾ നിരത്തുന്നു. കാലപങ്ങൾക്കും ഹർത്തലുകൾക്കും പരസ്പരം കൊല്ലുന്ന ഈ വൃത്തികെട്ട സാഹചര്യങ്ങൾക്ക് പോലും ന്യായീകരണം കണ്ടെത്തുന്നു.

ആദ്യം പറഞ്ഞപോലെ, ഞാൻ ഒരു കള്ളനാണ്. മിക്കതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കും, വിപ്ലവം എന്ന് നിങ്ങൾ പറയുന്ന ഒരു കാര്യത്തിനും അഭിപ്രായങ്ങൾ പറയാൻ പരമാവധി ശ്രമിക്കാറില്ല, വിവാദ പരാമർശങ്ങളൊന്നും തന്നെ നടത്താറില്ല. എങ്ങനെയെങ്കിലും ആരേയും വ്രണപ്പെടുത്താതെ, തട്ടാതെ മുട്ടാതെ, നുഴഞ്ഞു നുഴഞ്ഞു നീന്തി കരപിടിക്കുക എന്ന കൗശലമാണ് കയ്യിലുള്ളത്.

നല്ലത് പറയിപ്പിക്കാനൊന്നുമല്ല, പരമാവധി മോശം പറയിപ്പിക്കാതെ, ആരുടെയും വിദ്വേഷവും പകയും എന്റെ മുകളിൽ പതിക്കാതിരിക്കാനുള്ള ഒരു കുഞ്ഞു തന്ത്രം. കാരണം, ഈ ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവും ഉള്ളത് എന്ന വിശ്വാസക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ ഇത് പരമാവധി കണ്ടും ആസ്വദിച്ചും കുറെയേറെ ആഗ്രഹങ്ങൾ സാധിച്ചും ഒരു ദിവസം ആരോടും പറയാതെ പ്രാണൻ വിട്ടു പോവുക എന്ന ഒരു സെല്ഫിഷ് മൈൻഡ് ഉള്ള ഒരാളാണ്.

അതിനിടയിൽ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു. വല്ലാത്തൊരു പേടി.

©മോഹൻദാസ് വയലാംകുഴി

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...