ഞാനൊരു കള്ളനാണ്... പഠിച്ച കള്ളൻ എന്നൊക്കെ പറയാമോ എന്നറിയില്ല.
ഏകദേശം പത്തുപന്ത്രണ്ട് കൊല്ലത്തിലേറെയായി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയിട്ട് അതിലും മുമ്പേ 2005 മുതൽ മൊബൈൽ ഉപയോഗിച്ചു തുടങ്ങിയിട്ട്.
അന്ന് മുതൽ ഇന്ന് വരെ പരിചയപ്പെട്ട ഒട്ടു മുക്കാൽ ആളുകളെയും പരമാവധി ഒരു Keep in touch ലൈനിൽ മെയ്ന്റയിൻ ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. കുറെയേറെ വിജയിച്ചിട്ടുമുണ്ട്.
ആദ്യ കാലത്തൊക്കെ Text Message ആയിരുന്നു. പിന്നെ പതുക്കെ സോഷ്യൽ മീഡിയയിലേക്ക് വന്നതോട് കൂടി പണ്ട് കൂടെ പടിച്ചവരെയും ഇടയ്ക്ക് കൈവിട്ടുപോയ സൗഹൃദങ്ങളെയും തേടി കണ്ടുപിടിച്ചു ഓർക്കൂട്ടിലാക്കി, പിന്നീടത് ഫെയ്സ്ബുക്കിലേക്ക് മാറി, കൂട്ടത്തിൽ ഇൻസ്റ്റാഗ്രാമും ലിങ്ക്ഡ്ഇൻ, വാട്ട്സ് ആപ്പ്, തുടങ്ങിയ മറ്റ് സാമൂഹ്യ മാധ്യമങ്ങളും കൂടി ആയപ്പോൾ നമ്മൾ ഇവിടെ ലൈവായി നിൽക്കുന്നു എന്നുള്ളത് നമുക്ക് വേണ്ടപ്പെട്ടവരെ അറിയിക്കാനും അവരുടെ വിശേഷങ്ങൾ അറിയാനും പറ്റുന്നു എന്നത് വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ചും എന്നെ പോലെ ഒരാൾക്ക് ജോലിയോടാനുബന്ധിച്ചു യാത്ര ചെയ്യേണ്ടി വരുന്നത് കൊണ്ട് Near By Options, ഓരോ സ്ഥലത്തെത്തുമ്പോഴും അതാത് സ്ഥലങ്ങളിലെ സൗഹൃദങ്ങളെ കാണാനും അത്യാവശ്യം വന്നാൽ ഒരു താമസ സൗകര്യമോ മറ്റ് അത്യാവശ്യ കാര്യങ്ങൾ ചെയ്തു തരാൻ ഒരാൾ ഉണ്ടാകും എന്നൊരു ബലം വലിയൊരു ആത്മവിശ്വാസമാണ്. (ഇതുവരെയും അധികമാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല എന്നതും എന്നതും എടുത്തു പറയേണ്ടതാണ്).
പറഞ്ഞു വരുന്നത് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വരുന്ന കോലാഹലം തന്നെ. ഒരു വർഗ്ഗീയ ലഹളയ്ക്ക് തീപിടിപ്പിക്കാൻ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റോ, ഒരു whatsapp സന്ദേശമോ മതിയാകും എന്ന നിലയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ.
ഫെയ്‌സ്ബുക്കിൽ കിടന്നു വിപ്ലവം പറയുന്ന ഒരാളും പകൽ വെളിച്ചത്തിൽ അത് പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കാത്തവരാണ്.
കാരുണ്യപോസ്റ്റുകൾ ഷെയർ ചെയ്യുന്നവരിൽ 99% ആളുകളും സ്വന്തം വീട്ടിലേക്ക് വിശന്നൊരു യാചകൻ കയറി വന്നാൽ ആട്ടിപായിക്കുന്നവരാണ്. ചിലരോ റോഡ് സൈഡിൽ പോയി പോതിച്ചോർ കൊടുക്കുന്നത് ഫോട്ടോ എടുത്ത് നാലാളെ അറിയിക്കാൻ വേണ്ടി മാത്രം ഫോട്ടോ പോസ്റ്റ് ചെയ്യും (സംഘടനകൾ ചെയ്യുന്നതും വ്യക്തികൾ ചെയ്യുന്നതും വ്യത്യാസമുണ്ട്. സംഘടനകൾ ചെയ്യുന്നത് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ മറ്റുള്ളവർക്കും ഒരു പ്രചോദനമാകും എന്ന് വിശ്വസിക്കുന്നു).
മഹാപ്രളയം വന്നപ്പോൾ സോഷ്യൽ മീഡിയ എത്രത്തോളം ഉപകാരപ്പെട്ടു എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. അന്നാർക്കും ജാതിയും മതവും രാഷ്ട്രീയവും ഒന്നും ഉണ്ടായിരുന്നില്ല. ട്രോളുകൾ പോലും നല്ലകാര്യങ്ങൾക്ക് വേണ്ടി ഉണ്ടായി.
ഇന്നത്തെ അവസ്ഥ നോക്കൂ. സുഹൃത്തുക്കൾ വരെ പരസ്പരം കടിച്ചു കീറാൻ നോക്കുന്നു, പഴി ചാരുന്നു, വെല്ലുവിളി നടത്തുന്നു.
പലരും പറയുന്നത് ഇച്ചിരി ചോര പുഴ ഒഴുകിയാലെ നവോത്ഥാനം ഉണ്ടാകുകയുള്ളൂ എന്ന്. ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങൾ നിരത്തുന്നു. കാലപങ്ങൾക്കും ഹർത്തലുകൾക്കും പരസ്പരം കൊല്ലുന്ന ഈ വൃത്തികെട്ട സാഹചര്യങ്ങൾക്ക് പോലും ന്യായീകരണം കണ്ടെത്തുന്നു.
ആദ്യം പറഞ്ഞപോലെ, ഞാൻ ഒരു കള്ളനാണ്. മിക്കതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കും, വിപ്ലവം എന്ന് നിങ്ങൾ പറയുന്ന ഒരു കാര്യത്തിനും അഭിപ്രായങ്ങൾ പറയാൻ പരമാവധി ശ്രമിക്കാറില്ല, വിവാദ പരാമർശങ്ങളൊന്നും തന്നെ നടത്താറില്ല. എങ്ങനെയെങ്കിലും ആരേയും വ്രണപ്പെടുത്താതെ, തട്ടാതെ മുട്ടാതെ, നുഴഞ്ഞു നുഴഞ്ഞു നീന്തി കരപിടിക്കുക എന്ന കൗശലമാണ് കയ്യിലുള്ളത്.
നല്ലത് പറയിപ്പിക്കാനൊന്നുമല്ല, പരമാവധി മോശം പറയിപ്പിക്കാതെ, ആരുടെയും വിദ്വേഷവും പകയും എന്റെ മുകളിൽ പതിക്കാതിരിക്കാനുള്ള ഒരു കുഞ്ഞു തന്ത്രം. കാരണം, ഈ ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗവും നരകവും ഉള്ളത് എന്ന വിശ്വാസക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ ഇത് പരമാവധി കണ്ടും ആസ്വദിച്ചും കുറെയേറെ ആഗ്രഹങ്ങൾ സാധിച്ചും ഒരു ദിവസം ആരോടും പറയാതെ പ്രാണൻ വിട്ടു പോവുക എന്ന ഒരു സെല്ഫിഷ് മൈൻഡ് ഉള്ള ഒരാളാണ്.
അതിനിടയിൽ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു. വല്ലാത്തൊരു പേടി.
©മോഹൻദാസ് വയലാംകുഴി
No comments:
Post a Comment