Wednesday 8 May 2024

ലക്ഷദ്വീപിലേക്കുള്ള എൻറെ സ്വപ്നയാത്ര...

 


കൽപേനി ദ്വീപ് - ഒരു നിധി ദ്വീപ് (Kalpeni Island - A Treasure Island)

ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിൽ കൊച്ചിയോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് കൽ‌പേനി. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ജന്തുജാലങ്ങൾ വെള്ളത്തിനടിയിൽ ആനന്ദിക്കുന്നു.  പർപ്പിൾ നിറത്തിലുള്ള പവിഴപ്പുറ്റുകൾ പലതരം ആകൃതികളിൽ ശാഖ ഉണ്ടാക്കിയിരിക്കുന്നു, എനിക്ക് അവയെ സ്പർശിക്കാൻ കഴിയും;  പക്ഷെ എനിക്ക് നന്നായി അറിയാം - പവിഴപ്പുറ്റുകളുടെ കാഴ്ച അകലെ നിന്ന് ആസ്വദിക്കുന്നതാണ് ഭംഗിയെന്നും, ഒരു ചെറിയ സ്പർശനം പോലും അവയെ ശിഥിലമാക്കുമെന്നും.  ഞാൻ കൊച്ചിയിൽ നിന്ന് പടിഞ്ഞാറ് 155 (287 KM) നോട്ടിക്കൽ മൈൽ അകലെയാണ്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത്.

അറബിക്കടലിൽ, ലക്ഷദ്വീപ് 36 ദ്വീപുകളുടെ ഒരു കൂട്ടമാണ്, അവയിൽ 10 എണ്ണം മാത്രമേ ജനവാസമുള്ളൂ.  12 അറ്റോളുകൾ, 3 പാറകൾ, ചില മനോഹരമായ തടാകങ്ങൾ എന്നിവയാൽ വസിക്കുന്ന, സമുദ്രജീവികളുടെ ഒരു നിധി അതിൻ്റെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു.  ദ്വീപിൻ്റെ ചരിത്രം ഐതിഹ്യങ്ങളാൽ പൊതിഞ്ഞതാണ്, എന്നാൽ അറേബ്യൻ വ്യാപാരികളുടെ സ്വാധീനത്തിൽ നിവാസികൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാം സ്വീകരിച്ചുവെന്നതാണ്.  11-ാം നൂറ്റാണ്ടിൽ, മലബാർ തീരത്ത് നിന്ന് ദ്വീപുകളുടെ നിയന്ത്രണം ചോളന്മാരിലേക്കും കണ്ണനൂർ രാജ്യത്തിലേക്കും പോയി.  ഒടുവിൽ അത് ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമാകുന്നതിന് മുമ്പ് പലതവണ കൈ മാറി.

ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ കൽപേനി ദ്വീപ് ആൻഡ്രോത്തിൽ നിന്ന് അറുപത്തിമൂന്ന് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.  വിനോദസഞ്ചാരകേന്ദ്രത്തിലെ ഒരു പ്രധാന സ്ഥലമായ കൽപേനി വിനോദസഞ്ചാരികൾക്ക് പ്രദേശത്തെ വിവിധ ജല കായിക വിനോദങ്ങളിലൂടെ അവരുടെ കായിക വൈദഗ്ധ്യവും സ്പോർട്സ് സ്പിരിറ്റും പര്യവേക്ഷണം ചെയ്യാനുള്ള മികച്ച അവസരം നൽകുന്നു.

തുല്യ അളവിലുള്ള സാഹസികത കലർന്ന വിനോദത്തിൻ്റെ സമന്വയം ആഗ്രഹിക്കുന്നവർക്ക്, കൽപേനി ദ്വീപ് അവർക്ക് സാഹസികമായ ജല കായിക വിനോദങ്ങൾ കാഴ്ചവയ്ക്കുന്നു.  പ്രകൃതിദത്തവും പ്രകൃതിരമണീയവുമായ സൗന്ദര്യത്തിൻ്റെ ഏറ്റവും മികച്ച സമ്മാനം നൽകുന്ന കൽപേനി ദ്വീപ് പരമ്പരാഗത സംസ്കാരത്തിൻ്റെയും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും സമന്വയമാണ്.

ഈ പ്രദേശത്തെ വൈവിധ്യമാർന്ന പാരിസ്ഥിതിക ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന കൽപേനി ദ്വീപ് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ അനുഗ്രഹീതമാണ്, കൂടാതെ നിരവധി അപൂർവ ജൈവ ഇനം സസ്യങ്ങളും മൃഗങ്ങളും ജലജീവികളും.  സുവർണ്ണ മണൽ ബീച്ചുകളും അറബിക്കടലിലെ ശുദ്ധജലവും കൽപേനി ദ്വീപിലെ പവിഴപ്പുറ്റുകളും വിനോദസഞ്ചാരികളെ ആകർഷകമാക്കുകയും ചെയ്യുന്നു.  കൽപേനി ദ്വീപിലെ അതിമനോഹരമായ ചുറ്റുപാടുകൾ വിനോദസഞ്ചാരികളെ അതീന്ദ്രിയമായ തലത്തിലേക്ക് ഉയർത്തുകയും കവിഭാവനകളെ ഉണർത്തുകയും ചെയ്യുന്നു.

കൽപേനി ദ്വീപിലെ തദ്ദേശവാസികൾ സാമൂഹിക മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ തന്നെ പൊലീസിനെ പെർമിറ്റ് കാണിച്ചു സീലും ഒപ്പും വാങ്ങുകയും മടങ്ങുമ്പോഴും ഇതുപോലെ സീലും ഒപ്പും വാങ്ങേണ്ടതാണ്. കപ്പലിറങ്ങുന്ന സ്ഥലത്ത് പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരിക്കും. ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി സീലും ഒപ്പും വയ്പ്പിക്കണം.  കൽപേനി ദ്വീപ് സമാധാനപരമായ മനുഷ്യ അസ്തിത്വത്തിൻ്റെ സ്ഥലമാണ്. കൽപ്പേനി ദ്വീപിലെ കോൽക്കളിയുടെയും പരിചക്കളിയുടെയും വർണ്ണാഭമായതും ആകർഷകവുമായ നാടോടി നൃത്തങ്ങൾ തദ്ദേശീയ ജനതയുടെ കലാപരമായ കഴിവ് ചിത്രീകരിക്കുന്നു.

കന്നനൂർ ദ്വീപുകളുടെ ഏറ്റവും തെക്കുകിഴക്കായി ആൻഡ്രോത്തിൽ നിന്ന് 63 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന കൽപേനിയാണ്.  കിഴക്ക് ഭാഗത്ത് രണ്ട് പ്രധാന ദ്വീപുകളുള്ള നീളമേറിയ അറ്റോൾ രൂപീകരണം ഇതിൽ അടങ്ങിയിരിക്കുന്നു.  തെക്കൻ ദ്വീപായ കൽപേനി 8 കിലോമീറ്റർ വിസ്തൃതിയുള്ള വലിയ ദ്വീപാണ്.  വടക്ക് ഭാഗത്തുള്ള ചേരിയം ദ്വീപ് 46 ഹെക്ടർ വിസ്തൃതിയുള്ള ഇടുങ്ങിയതാണ്.  കൽപേനിയുടെ ലഗൂൺ സൈഡിൽ നിരവധി ചെറിയ തുരുത്തുകൾ സ്ഥിതി ചെയ്യുന്നു.

പ്രധാന ആകർഷണ കേന്ദ്രങ്ങൾ
  • ടിപ് ബീച്ച്
  • കൂമയിൽ ബീച്ച്
  • മൊയിദീൻ പള്ളി (ജിന്ന് പള്ളി)
  • ലൈറ്റ് ഹൗസ്‌
  • അഗത്തിയാട്ടി പാറ
  • ബനിയൻ നിർമ്മാണശാല
  • കൊക്കനട്ട് പൗഡർ ഫാക്റ്ററി
എന്നിവയാണ് ദ്വീപിലെ പ്രധാന ആകർഷണം. ഇതിൽ കൂമയിൽ ബീച്ചാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം.

തേങ്ങയാണ് ദ്വീപിലെ പ്രധാന കാർഷികോത്പ്പന്നം. മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്. പരിമിതമായ തോതിൽ വാഴയും ഉദ്പാദിപ്പിയ്ക്കുന്നുണ്ട്.
സൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, വാനുകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.

പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ മാത്രമാണ് ഇവിടെ പ്രവർത്തിയ്ക്കുന്നത്. മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾക്കു പുറമേ സ്വാൻ (സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക്) കണക്റ്റിവിറ്റിയും കല്പേനിയിലുണ്ട്. സ്വകാര്യ കേബിൾ ടിവിയും ദൂരദർശന്റെ റിലേ സ്റ്റേഷനും പ്രവർത്തിയ്ക്കുന്നുണ്ട്. 

നെറ്റ് വർക്ക് ബി.എസ്.എൻ.എല്ലിന്റെ മാത്രമായതുകൊണ്ട് ദ്വീപിൽ പോകുന്നവർ ബി.എസ്.എൻ.എല്ലിന്റെ സിം കാർഡ് എടുത്താലേ പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റുകയുള്ളൂ. 2ജി ഇന്റർനെറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. കടകളിലും മിക്ക വീടുകളിലും വൈഫൈ സൗകര്യങ്ങൾ ഉള്ളതാണ് ആശ്വാസം.

ലക്ഷദ്വീപുകളിൽ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസ സ്വാതന്ത്രം ലഭിച്ച ആദ്യ ദ്വീപാണ് കൽപേനി. കരയോട് അടുത്ത്‌ കിടക്കുന്നതുകൊണ്ട് തന്നെ ആവണം, ദ്വീപ്‌സമൂഹത്തിനു പുറത്ത്‌ ജോലി ചെയ്യുന്ന ആൾക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കൽപേനി.


ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഓരോന്ന് വീതവും 6 അംഗനവാടികളും ദ്വീപിലുണ്ട്.


സ്‌കൂളിൽ പഠിക്കുമ്പോൾ വായിച്ചു പഠിച്ച കഥകളിൽ ഒന്നാണ് ജോനാഥൻ സ്വിഫ്റ്റിൻറെ ഗള്ളിവേഴ്സ് ട്രാവൽസിൽ ഗള്ളിവർ എന്ന നാവികൻ ലില്ലിപുട്ട് എന്ന ദ്വീപിലെ കുള്ളന്മാരെക്കുറിച്ചു പറയുന്നുണ്ട്. പിന്നീട് ഒന്നോ രണ്ടോ ഇംഗ്ലീഷ് സിനിമയിലും ദ്വീപിൽ അകപെട്ടുപോയി ദിവസങ്ങളോളം അലയുന്ന നാഗരിക മനുഷ്യനെക്കുറിച്ചുള്ള കഥകൾ കണ്ടു...

ശ്രീപാർവ്വതിയെന്ന പാറു ചേച്ചിയുടെ 'മീനുകൾ ചുംബിക്കുമ്പോൾ' എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിലാണ് ഫിറോസ് നെടിയത്തെന്നു പേരുള്ള തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിക്കുകയായിരുന്ന കൽപേനി ദ്വീപുകാരനെ പരിചയപ്പെടുന്നത്. ഫിറു അങ്ങനെ ഇടയ്ക്ക് കാസർകോഡിലെ എൻറെ ദേവാങ്കണത്തിലേക്ക് കയറി വന്നു. അപ്പോഴൊക്കെയും ദ്വീപിൽ ഒരു ദിവസം പോകാമെന്നൊക്കെ പറയും. ഫിറു ഫ്രീയാകുമ്പോൾ ഞാൻ തിരക്കിലും, ഞാൻ ഫ്രീയാകുമ്പോൾ ഫിറു തിരക്കിലുമായിരിക്കും.

പിന്നീട് ഫിറു ഡോ. ഫാത്തിമ അസ്‌ലയെന്ന പാത്തുവിനെ കല്യാണം കഴിക്കുകയും വീണ്ടും ജോലിയും യാത്രയുമായി തിരക്കിലായി. അങ്ങനെ ഈ നോമ്പ് കാലത്ത് നോമ്പ് തുടങ്ങും മുമ്പേ ഫിറുവും പാത്തുവും ദ്വീപിലേക്ക് പോയി. അവിടെ നിന്നുള്ള അവരുടെ കടലും നിലാവും (Kadalum Nilavum) യൂട്യൂബ് ചാനലിലെ വീഡിയോസ് കണ്ടപ്പോൾ ഫിറുവിനെ ചുമ്മാ വിളിച്ചതാണ്. പെരുന്നാളും, ഇലക്ഷനും കഴിഞ്ഞേ ഫിറുവും പാത്തുവും ഇനി കേരളത്തിലേക്കുള്ളൂ എന്ന് പറഞ്ഞപ്പോൾ, "എടാ എന്നാൽ ഞാൻ അങ്ങോട്ട് പെരുന്നാൾ കൂടാൻ വന്നാലോ?" എന്ന് ചുമ്മാ ചോദിച്ചതേയുള്ളൂ. "എന്നാ നിങ്ങള് വായോ" എന്ന് ഫിറുവും.

അപ്പോൾ തന്നെ കേരള പൊലീസിൻറെ Pol App ൽ കയറി നോൺ ഇൻവോൾമെൻറ് ഇൻ ഒഫൻസസ് സർട്ടിഫിക്കറ്റിന് (Non-Involvement In Offences Certificate or NIOC Certificate or Police Clearance Certificate)*  ഓൺലൈനായി അപേക്ഷ നൽകി.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചയുടനെ ഫിറുവിന് അയച്ചു കൊടുത്ത് ദ്വീപിലേക്കുള്ള പെർമിറ്റ്** എടുക്കാൻ പറഞ്ഞു.  പെർമിറ്റ് കിട്ടിയപ്പോൾ തന്നെ ഏതാണ്ട് പെരുന്നാളിനോടടുത്ത് കപ്പൽ യാത്രയ്ക്കുള്ള ടിക്കറ്റ്*** എടുക്കാനും ഫിറുവിനെത്തന്നെ ഏൽപ്പിച്ചു. അങ്ങനെ 2320 രൂപയ്ക്ക് കൽപേനി ദ്വീപിലേക്ക് പോകാനുള്ള കപ്പൽ ടിക്കറ്റും തിരിച്ചു അതേ ദ്വീപിൽ നിന്ന് തന്നെ വരാനുള്ള കപ്പൽ ടിക്കറ്റും എടുത്തു. ബങ്കറിലാണ് ഞാൻ പോയതും വന്നതും. ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസും ഉണ്ടെങ്കിലും ഉയർന്ന നിരക്കാണ്. ഫസ്റ്റ് ക്ലാസിന് ഏകദേശം 5000 രൂപയോളം വരുന്നുണ്ട്. സെക്കൻഡ് ക്ലാസിനും 2200 രൂപയ്ക്ക് മുകളിൽ ഉണ്ട്. ബങ്കർ അത്ര മോശമൊന്നുമല്ല. ട്രെയിനിലെ സെക്കൻഡ് ഏസി പോലുള്ള സെറ്റപ്പാണ്.

അങ്ങനെ കൊച്ചിയിലെ വില്ലിംഗ് ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് വാർഫും യാത്രക്കാരുടെ സൗഖ്യ കേന്ദ്രത്തിൽ (Lakshadweep Wharf and Passengers Facilitation Centre) 12 മണിക്ക് എത്തി ചെക്ക് ഇൻ കഴിഞ്ഞു 2 മണിക്ക് വാർഫിൽ നിന്നും പെർമിറ്റും ടിക്കറ്റും ഐഡി കാർഡും പരിശോധിച്ച് സീൽ വെച്ചു യാത്രക്കാരെ കൂട്ടി ബസ്സിൽ പോർട്ടിലേക്ക് പോയി. അവിടെ നിന്ന് എം.വി. കവരത്തി എന്ന കപ്പലിലേക്ക് കയറി.

എം.വി കവരത്തി (M V Kavaratti)

എം.വി കവരത്തി കൊച്ചി നഗരത്തിനും ലക്ഷദ്വീപ് ദ്വീപുകൾക്കുമിടയിൽ പ്രവർത്തിക്കുന്ന ഒരു ക്രൂയിസ് കപ്പലാണ്.  വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്, കപ്പലിൻറെ നിറം വെള്ളയാണ്. എം.വി കവരത്തി, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ദ്വീപുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തതാണ്.  700 യാത്രക്കാരെയും 200 ടൺ ചരക്കുകളെയും വഹിക്കാനുള്ള ശേഷിയുള്ള 120 മീറ്റർ നീളമുള്ള ഈ കപ്പൽ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ യാത്രാ കപ്പലാണ്.  173 കോടി ഇന്ത്യൻ രൂപയാണ് കപ്പലിൻറെ നിർമ്മാണ ചിലവ്.

കപ്പലിന് ആറ് ഡെക്കുകൾ ഉണ്ട്, ഏറ്റവും മുകളിൽ പാലവും ഹെലിപാഡും ഉള്ള ഒരു തുറന്ന ഡെക്ക് ആണ്.  3, 4, 5 ഡെക്കുകളിൽ രണ്ട് ബെഡ് ക്യാബിനുകളുണ്ട്, എന്നാൽ 1, 2 ഡെക്കുകളിൽ ബങ്ക് ബെഡുകളും ലോവർ ക്ലാസ് ക്യാബിനുകളുമുണ്ട്.  അഞ്ചാമത്തെ ഡെക്കിൽ ഒരു നീന്തൽക്കുളമുണ്ട്.  നാലാം ഡെക്കിൽ മുൻവശത്ത് ഒരു വിനോദ ഹാളും പിൻവശത്ത് ഒരു കഫറ്റീരിയയും ഉണ്ട്.  ഒരു ആശുപത്രിയും ഇൻഫർമേഷൻ ഡെസ്കും മൂന്നാം ഡെക്കിലാണ്.  പ്രധാന എംബാർക്കേഷൻ വാതിൽ മൂന്നാം ഡെക്കിലും സെക്കൻഡറി എംബാർക്കേഷൻ വാതിലുകൾ ഒന്നാം ഡെക്കിലുമാണ്.

കപ്പലിൻറെ ക്യാന്റീനിൽ കൃത്യ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. ഉയർന്ന ക്ലാസിലെ യാത്രക്കാർക്കും താഴ്ന്ന ക്ളാസിലെ യാത്രക്കാർക്കും വേറെ വേറെ ക്യാന്റീൻ ഉണ്ടെങ്കിലും ഇതിൽ നിന്ന് വേണമെങ്കിലും കഴിക്കാൻ സാധിക്കും.

കപ്പൽ യാത്രയെക്കുറിച്ചു പല പേടിപ്പെടുത്തുന്ന പല കഥകളും കേട്ടിരുന്നെങ്കിലും ഫ്ളൈറ്റിലൊക്കെ പോകുന്ന ഒരുതരം പ്രതീതിയാണ്. പ്രത്യേകിച്ചും എം.വി കവരത്തിയെന്ന കപ്പൽ വലുതായതുകൊണ്ട് കുലുക്കമൊന്നും അനുഭവപ്പെട്ടില്ല.

ഉച്ചയ്ക്ക് 2 മണിക്ക് ചെക്ക് ഇൻ ചെയ്തു കയറിയിട്ടും ഏകദേശം 6 മണിവരെ ആളുകൾ കയറിക്കൊണ്ടേയിരുന്നു. 7 മണിക്കാണ് കപ്പൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. രാവിലെ 8 മണിക്ക് കൽപേനി ദ്വീപിനടുത്ത് കപ്പൽ കടലിൽ തന്നെ നങ്കൂരമിട്ടു. ഏകദേശം 12 മണിക്കൂറിലധികം വേണ്ടി വരും കൊച്ചിയിൽ നിന്നും കല്പേനിയിലേക്കുള്ള നേരിട്ടുള്ള യാത്രയ്ക്ക്. അവിടെ നിന്നും ചെറു ബോട്ടുകൾ വന്നു ആളുകളെ കയറ്റി ദ്വീപിലേക്ക് പോയി.

എം.വി. കവരത്തി ഞങ്ങളെ ഇറക്കി തൊട്ടടുത്തുള്ള മറ്റു മൂന്ന് ദ്വീപുകളിലേക്ക് കൂടി പോയിട്ടാണ് തിരിച്ചു കൊച്ചിയിലേക്ക് പോകുന്നത്.


ഏകദേശം 8 കിലോമീറ്റർ മാത്രമുള്ള കൽപേനി ദ്വീപിലാണ് ഫിറുവിന്റെ വീട്. ഉപ്പയും ഉമ്മയും സഹോദരന്മാരും സഹോദരിമാരും വല്യുമ്മയും മാമനുമൊക്കെ അടങ്ങിയ വലിയ കുടുംബം. ചെന്നു കയറിയ ദിവസം മുതൽ ആ വീട്ടിൽ എനിക്ക് വേണ്ടി ദ്വീപിലെ വ്യത്യസ്ത തരത്തിലുള്ള സസ്യാഹാരങ്ങൾ ഉണ്ടാക്കി കഴിപ്പിച്ചു കൊണ്ടിരുന്നു. കിലാഞ്ചി. അരിയും മുട്ടയും കൊണ്ട് ഉണ്ടാക്കിയ കനം കുറഞ്ഞ ക്രേപ്പ് പോലെയുള്ള ഒരു വിഭവമാണ് കിലാഞ്ചി, തേങ്ങാപ്പാലും വാഴപ്പഴവും ശർക്കരയും കൊണ്ട് ഉണ്ടാക്കിയ മധുരവും വെള്ളവും ഉള്ള വിഭവം കഴിക്കുന്നതാണ് നല്ലത്.

ഉച്ചയ്ക്ക് പാൽ കഞ്ഞി ആയിരുന്നു. തേങ്ങാ പാലിൽ വേവിച്ചെടുത്ത ചോറ്. കറിയില്ലെങ്കിൽ പോലും ചോറ് മാത്രമായി കഴിക്കാൻ പറ്റും. മറ്റൊരു അഡാർ ഐറ്റമാണ് ദ്വീപ് ഫത്തീർ. മലബാർ മേഖലയിൽ ഉണ്ടാക്കുന്ന അരി പത്തിരി പോലെയാണ് കാണാൻ എങ്കിലും നല്ല വ്യത്യാസമുണ്ട്. കറിയായി തേങ്ങാപ്പാലിൽ പഴം അരിഞ്ഞിട്ട് പഞ്ചസാരയും ചേർത്തു കഴിക്കുമ്പോൾ കിട്ടുന്ന ഒരു ടേസ്റ്റുണ്ട്. പിന്നെ പാലുപോലുള്ള കിണ്ണത്തപ്പവും അരിയുണ്ടയും ദ്വീപിലെ സ്പെഷ്യൽ ബിസ്ക്കറ്റും രുചിയുടെ വ്യത്യസ്ത ലോകം കാണിച്ചു തന്നു. അവിടെ ഉണ്ടായിരുന്ന 6 ദിവസവും അങ്ങനെ കിടിലൻ ഹോം മെയ്‌ഡ്‌ ഫുഡാണ് കഴിക്കാൻ സാധിച്ചത്.


കയാക്കിംഗ് പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ് ലക്ഷദ്വീപിലെ കയാക്കിംഗ്.  ലക്ഷദ്വീപിൽ സാഹസികമായ ജലവിനോദങ്ങൾക്ക് ഒരു കുറവുമില്ല. വെളുപ്പിന് കൽപേനിയിലെ കൂമൽ  ബീച്ച് റിസോട്ടിൽ പോയി കയാക്കിംഗ് ചെയ്തു. ഒപ്പം രണ്ട് ആൾതാമസമില്ലാത്ത കുഞ്ഞു ദ്വീപിൽ കൂടി കയറാൻ പറ്റി. തിരയടിക്കുന്ന തീരമായിരുന്നില്ല ഞങ്ങൾ കയാക്കിംഗ് ചെയ്ത സ്ഥലം. മാത്രമല്ല അവിടെയുള്ള വെള്ളം നല്ല പളുങ്ക് പോലെ ആയിരുന്നു. അടിത്തട്ടിലെ പൂഴിയും കോറൽസും മിനറൽസും എല്ലാം കാണാൻ പറ്റും. 

എനിക്ക് നാല് ദ്വീപിലേക്കുള്ള പെർമിറ്റ് കിട്ടിയിരുന്നെങ്കിലും മറ്റു ദ്വീപുകളിലേക്ക് പോകാൻ വെസ്സലും വല്ലപ്പോഴും മാത്രമേ കാണുകയുള്ളൂ. പോയാലും താമസത്തിനൊക്കെ വേറെ നോക്കേണ്ടിവരും. അതുകൊണ്ടുതന്നെ അങ്ങോട്ടുള്ള യാത്ര ഇനിയൊരിക്കലാകാമെന്ന് തീരുമാനിച്ചു. ഒപ്പം നല്ല ചൂടും ഹ്യുമിഡിറ്റിയും കൂടുതലുള്ള സമയമാണ്. ഒന്നും വേണ്ടപോലെ ആസ്വദിക്കാൻ പറ്റുന്നില്ല. ആഗസ്റ്റ് മുതൽ ഫെബ്രുവരിവരെയൊക്കെ നല്ല സമയമായിരിക്കും. അതുകൊണ്ട് തന്നെ അവിടെയുണ്ടായിരുന്ന ആറ് ദിവസവും വൈകുന്നേരങ്ങളിൽ മാത്രം പുറത്തിറങ്ങി കാഴ്ചകൾ ആസ്വദിച്ചത്. ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ കൽപേനി അറ്റോളിൻ്റെ ഭാഗമായ ജനവാസമില്ലാത്ത പിട്ടി ദ്വീപിൽ പോകണമെന്നുണ്ടായിരുന്നു. രാത്രി അവിടെ തങ്ങി മീനൊക്കെ പിടിച്ചു ചുട്ടു തിന്നാം എന്നൊക്കെ ഫിറു പറഞ്ഞു. ഞാൻ മീൻ കഴിക്കുകയുമില്ല ഈ ചൂടിന് അവിടെ പോയാൽ ആസ്വാദിക്കാനും പറ്റില്ല.

കൽപേനി ലൈറ്റ് ഹൗസ്  (Kalpeni Lighthouse)

കടൽ ഗതാഗതവും മത്സ്യബന്ധന പ്രവർത്തനങ്ങളും വർധിച്ചതോടെ കൽപേനിയിൽ ശക്തമായ ലൈറ്റ് ഹൗസ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത അനുഭവപ്പെട്ടു.  1970-കളുടെ തുടക്കത്തിലാണ് ഈ ലൈറ്റ് ഹൗസ് ആസൂത്രണം ചെയ്തത്. 37 മീറ്റർ ഉയരമുള്ള ടവർ CC ബ്ലോക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചത്. മുഴുവൻ ഉപകരണ ഘടകവും M/S J സ്‌റ്റോൺ ഇന്ത്യ കൽക്കട്ടയാണ് (M/S J Stone India Calcutta) വിതരണം ചെയ്തത്.  1976 നവംബർ 21-നാണ് ലൈറ്റ് ഹൗസ് കമ്മീഷൻ ചെയ്തത്. ഭൂമിശാസ്ത്രപരമായ ലൊക്കേഷനായ Lat.10° 04.50' N, നീളം 73° 58.54' E. ടവറിന് 41 മീറ്റർ വൃത്താകൃതിയിലുള്ള RCC ബ്ലോക്ക് കൊത്തുപണികൾ ഇതര കറുപ്പും വെളുപ്പും ബാൻഡ് ഉപയോഗിച്ച് പെയിൻ്റ് ചെയ്തിട്ടുണ്ട്. ലൈറ്റ് ഹൗസ്  2013 മുതൽ ഓട്ടോമേഷനിൽ ഉൾപ്പെടുത്തി, മിനിക്കോയ് ആർസിഎസിന് കീഴിൽ വരുന്ന ഈ സ്റ്റേഷൻ 2012 മുതൽ NATIONAL AGRICULTURAL INSURANCE SCHEME (NAIS)-ന് കീഴിലുള്ള The Price Support Scheme (PSS)-ൽ ഒന്നാണ്.

മൊയിദീൻ പള്ളി (ജിന്ന് പള്ളി)

കടലിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പൊങ്ങി വന്നതാണെന്നൊക്കെയാണ് ഐതീഹ്യം. ജിന്ന് പള്ളിക്ക് ചുറ്റും ഏഴ് കുളങ്ങൾ ഉണ്ട്. അതിലൊരു കുളത്തിൽ മാത്രം വെള്ളത്തിന് ഉപ്പുരസമില്ല. മറ്റ് ആറ് കുളത്തിലെ വെള്ളത്തിനും  നല്ല ഉപ്പുരസമുള്ളതാണ്.


എം.വി. അറേബ്യൻ സീ (IMO: 9448097) ഒരു പാസഞ്ചർ/ചരക്ക് കപ്പലാണ്. അതിന്റെ നീളം (LOA) 88.8 മീറ്ററും വീതി 15.5 മീറ്ററുമാണ്




*Non-Involvement In Offences Certificate or NIOC Certificate or Police Clearance Certificate

Documents required

👉🏻Proof of Address
👉🏻Proof of Identity
👉🏻Required Documents
👉🏻Passport size colour photo
👉🏻An authorisation letter etc

Steps to apply
👉🏻Create user
👉🏻Select Category of NIO Certificate
👉🏻Fill up application
👉🏻Upload photo & documents
👉🏻Pay fee online & Apply

Pol App ൽ കയറി Services എന്ന വിഭാഗത്തിൽ കയറി Certificate of Non-Involvement In Offences New Request ൽ ക്ലിക്ക് ചെയ്യുക. പിന്നീട് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു മുകളിൽ പറഞ്ഞ രേഖകൾ അപ് ലോഡ് ചെയ്യുകയും ചെയ്യുക. പോലീസ് വിളിക്കുമ്പോൾ രണ്ട് അയൽവാസികളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും നൽകുക. പൊലീസ് നമ്മളെക്കുറിച്ചന്വേഷിച്ചു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കും. ഇത് നമുക്ക് ഇതേ ആപ്പിൾ നിന്ന് തന്നെ ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. 610 രൂപയാണ് ഓണലൈനായി ഫീസ് അടക്കേണ്ടത് 

**പെർമിറ്റ് (Entry Permit)
പെർമിറ്റ് എടുക്കാനും നമ്മുടെ ഫോട്ടോയും ആധാർ കാർഡിൻറെ കോപ്പിയും 3000 രൂപയും വേണം. അതോടൊപ്പം രണ്ട് അയൽക്കാരുടെ പേരും അഡ്രസ്സും ഫോൺ നമ്പറും നൽകണം. പെർമിറ്റിന് നമുക്ക് നേരിട്ട് അപേക്ഷിക്കാൻ പറ്റില്ല. ഏതെങ്കിലുമൊരു ദ്വീപിലെ താമസക്കാർ സ്പോൺസർ ചെയ്യുകയോ അല്ലെങ്കിൽ ട്രാവൽ ഏജൻസിയെ സമീപിക്കുകയെ നിവർത്തിയുള്ളൂ. താമസക്കാരൻറെ സെൽഫ് ഡിക്ലറേഷനും അഡ്രസ്സും ഐഡി പ്രൂഫും മറ്റു വിവരങ്ങളും ആവശ്യമുണ്ട്.

***കപ്പൽ ടിക്കറ്റ് (Ship Ticket)
ടിക്കറ്റ് ഓൺലൈനായോ വില്ലിംഗ് ടൺ ഐലൻഡിലുള്ള ലക്ഷദ്വീപ് വാർഫിലോ പോയി നേരിട്ട് എടുക്കാവുന്നതാണ്.


ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഫിറുവും ടീമും നല്ലൊരു പാക്കേജ് നൽകുന്നുണ്ട്.


©മോഹൻദാസ് വയലാംകുഴി

#Lakshadweep #KadalumNilavumClub #FirozNediyath #DrFathimaAsla #KalpeniIsland #MVKavaratti #MVArabian #Kayaking #LightHouse #Tourism #Island #UnionTerritory #ArabianSea #MohandasVayalamkuzhy

Friday 26 April 2024

വർഷങ്ങൾക്ക് ശേഷം...

ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ അവളെ വീണ്ടും കാണുന്നത്. മുപ്പതാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ അവൾ അമ്മയുടെയും അച്ഛൻറെയും കൂടെ നടന്നു വരുന്നത് കണ്ടു. എന്നെ കണ്ടു കാണില്ല. അവൾ മുപ്പത്തിരണ്ടാം നമ്പർ ബൂത്തിന്റെ ക്യൂവിൽ പോയി നിൽക്കുന്നത് ദൂരെ നിന്ന് കണ്ടു. ഞാൻ വോട്ട് ചെയ്തു വേഗം ഇറങ്ങി. മുപ്പത്തിയൊന്നാം നമ്പർ ബൂത്തിനടുത്ത് അതിഥിയും അവളുടെ രണ്ടു വയസ്സുള്ള കൊച്ചും അമ്മയും നിൽക്കുന്നത് കണ്ടു നേരെ അങ്ങോട്ട് പോയി. അവർക്കൊപ്പം അവിടെനിന്ന് പുറത്തിറങ്ങിയപ്പോൾ വെറുതെ ഒന്ന് മുപ്പത്തിരണ്ടാം ബൂത്തിലേക്ക് നോക്കിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു. ഇനി പോയി സംസാരിച്ചില്ലെങ്കിൽ മോശമല്ലേ.

ഹായ്... എന്തുണ്ട്... ഒമ്പത് വർഷമായി കണ്ടിട്ട്...

അതെ... നിങ്ങൾ വോട്ട് ചെയ്തോ? ഇപ്പോൾ എന്താ പരിപാടി...?

ഹാ... നാട്ടിൽ തന്നെ ഉണ്ട്...

നീ... 

ഞാൻ ഇവിടെ വീടെടുത്തു... ഹസ്ബൻഡ് യു.കെയിൽ തന്നെയാണ്. ഞാനിവിടെ ഒരു ഓഫീസിൽ ജോലിക്ക് പോകുന്നു...

മക്കൾ..?

രണ്ടുപേരും ഇവിടെ പഠിക്കുന്നുണ്ട്...

'അമ്മ ഇടയ്ക്ക് നോക്കി ചിരിച്ചു... ഞാനും ചിരിച്ചു...

എങ്കിൽ ശരി... ഞാൻ ഇറങ്ങട്ടെ...

അവൾ ചിരിച്ചു തലയാട്ടി...

മുഖത്ത് നല്ല ചുളിവുകൾ വീണിട്ടുണ്ട്... ശരിയാണ്... ഞാൻ ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങി ജോലിക്ക് കയറിയ സമയമാണ് കഥ നടക്കുന്നത്... ഏകദേശം പത്തുപതിനേഴു കൊല്ലം മുമ്പ്...


ഫ്‌ളാഷ് ബാക്ക്....


ഞാൻ മംഗലാപുരത്ത് ജോലി ചെയ്യുന്ന സമയം... കൂടെ പഠിച്ചവരൊക്കെ മംഗലാപുരത്ത് പല കോളേജുകളിലായി പി.ജിക്ക് ചേർന്നിട്ടുണ്ട്. എനിക്ക്  ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടിയതുകൊണ്ട് പിന്നെ പഠിക്കാൻ പോയില്ല. അല്ലേലും ഡിഗ്രി തന്നെ കഷ്ടിച്ച് സപ്ലിയൊക്കെ എഴുതി ജയിച്ച എനിക്ക് തുടർന്ന് പഠിക്കാൻ തീരെ താത്പര്യവും ഇല്ലായിരുന്നു. പിന്നെ ഡിഗ്രി കഴിഞ്ഞയുടനെ നല്ലൊരു ജോലി കിട്ടിയതുകൊണ്ട് വീട്ടുകാരും തുടർപഠനത്തെക്കുറിച്ചു മിണ്ടിയില്ല.

മംഗലാപുരത്ത് തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥി റായിക്കൊപ്പം ഒഴിവു ദിവസങ്ങളിൽ കറങ്ങവെയാണ് ജസ്റ്റിൻ കടവിൽ എന്ന ജെ.കെ ഞങ്ങളുടെ സൗഹൃദവലയത്തിലേക്കെത്തുന്നത്. ഞങ്ങൾ മൂന്നുപേരും മൂന്ന് മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും സ്ഥിരമായി വൈകുന്നേരവും ആഴ്ചയിൽ ഒരിക്കലും കണ്ടുമുട്ടുകയും ഒരുപാടുനേരം സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. എനിക്കും അതിഥിക്കും മറ്റു സൗഹൃദങ്ങൾ കുറവായിരുന്നു. ജെ.കെയ്ക്ക് അലോഷ്യസ് കോളേജിൽ പഠിക്കുന്നൊരു കുട്ടി സുഹൃത്തായി ഉണ്ടെന്നൊക്കെ ഒരു പ്രാവശ്യം പറഞ്ഞിരുന്നു. വളരെ നാളുകൾക്കുശേഷമാണ് ജെ.കെ നമ്മളുമായി ശരിക്കും അടുക്കുന്നതുതന്നെ. ഒരുദിവസം ഞങ്ങൾ മൂന്ന് പേരും വൈകുന്നേരം ഒരു റസ്റ്ററന്റിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തുവന്നു. താര. താരാ ഗോപിനാഥ്. ജെ.കെയുടെ സുഹൃത്താണ് ഒരേ നാട്ടുകാരാണെന്നൊക്കെ പരിചയപ്പെടുത്തി.

ഇടയ്ക്ക് ഞങ്ങൾ മൂന്നുപേരും അടുത്തുള്ള കഫെയിൽ വൈകുന്നേരം കൂടുമ്പോൾ താരയും കയറിവരാൻ തുടങ്ങിയിരുന്നു. എങ്കിലും അതിഥിക്കൊരു സംശയം. അവളെന്നോട് ചോദിക്കുകയും ചെയ്തു. ജെ.കെയും താരയും തമ്മിൽ സൗഹൃദത്തിനുമപ്പുറം എന്തോ ഉണ്ട്. പഠിക്കുന്ന കുട്ടിയാണ്. ഞങ്ങളുടെ മൂന്നുപേരുടെയും വീട്ടുകാർക്ക് തമ്മിൽ അറിയാം. പക്ഷെ, താരയുടെ വീടുമായി ജെ.കെയ്ക്ക് പോലും കണക്ഷനില്ല. ഇത് പണിയാവാൻ സാധ്യതയുണ്ട്. ഞങൾ മൂന്നുപേരും മാത്രമുള്ളൊരു ദിവസം ഞാനും അതിഥിയും ചേർന്ന് ജെ.കെയോട് താരയുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ചു. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ജെ.കെ തുറന്നു പറഞ്ഞു. പിറ്റേന്ന് തന്നെ താരയുമായി ഞങ്ങൾ ഒരുമിച്ചിരുന്നു. താരയോടും ചോദിച്ചപ്പോൾ ജെ.കെയുമായുള്ള ഇഷ്ടം തുറന്നു പറഞ്ഞു. നിങ്ങൾ രണ്ടു മതത്തിലുള്ളവരാണ്, എന്ത് സംഭവിച്ചാലും  കല്യാണം കഴിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഈ ബന്ധവുമായി മുന്നോട്ട് പോയാൽ മതി. അല്ലെങ്കിൽ വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞു പ്രശ്നം വഷളായാൽ എല്ലാവരും നാറും. ചീത്തപ്പേരും വരും. അതുകൊണ്ടുതന്നെ രണ്ടുപേരും നന്നായി ആലോചിച്ചു മാത്രം ഈ ബന്ധവുമായി മുന്നോട്ട് പോയാൽ മതി, അതുമല്ലെങ്കിൽ ഞങ്ങളുടെ കമ്പനിയിൽ നിന്നും രണ്ടുപേരും പുറത്തുപോകുന്നതാണ് നല്ലതെന്നും ഞങ്ങൾ തറപ്പിച്ചു പറഞ്ഞു. ഞങ്ങൾക്ക് ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞു രണ്ടുപേരും പിരിഞ്ഞു.

രണ്ടുമൂന്നു ദിവസം ഞങ്ങളെല്ലാം നല്ല തിരക്കിൽ ആയതുകൊണ്ട് ഒത്തുകൂടാനും പറ്റിയില്ല. അഞ്ചാമത്തെ ദിവസം ജെ.കെ. ഉച്ചയ്ക്ക് വിളിച്ചു, വൈകുനേരം നിർബന്ധമായും കാണണമെന്നും അതിഥിയെ കൂട്ടാതെ വരണമെന്നുമൊക്കെ പറഞ്ഞു ഫോൺ വെച്ചു.

വൈകുന്നേരം സ്ഥിരം കൂടാറുള്ള കഫെ ഒഴിവാക്കി ഹംബനകട്ടയിലെ പബ്ബിൽ കയറി. ജെ.കെ പതിവിൽ കൂടുതൽ മദ്യം കഴിച്ചു. എനിക്ക് രാത്രി മറ്റൊരു പാർട്ടിക്ക് പോകേണ്ടതിനാൽ ഒരു ഗ്ളാസ് ബിയറിൽ ഒതുക്കി. ജെ.കെ. കരഞ്ഞു തുടങ്ങി. മദ്യപിച്ചാൽ ജെ.കെ ഇമോഷണൽ ആകും. എന്നെ കെട്ടിപിടിച്ചു കരഞ്ഞു താരയെ മറക്കാൻ പറ്റില്ലെന്നുമൊക്കെ പറഞ്ഞു കരച്ചിലായി. ഉടനെ അതിഥിയെ ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. ജെ.കെ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ അതിഥി നാളെ നേരിൽ കാണാമെന്ന് പറഞ്ഞു ഫോൺ കട്ടുചെയ്തു.

പിറ്റേന്ന് ഞാനും അതിഥിയും വൈകുന്നേരം ജെ.കെയെ കുറേനേരം കാത്തിരുന്നു.ഫോണിൽ വിളിച്ചു കിട്ടിയതുമില്ല. താര വീട്ടിൽ പോയിട്ടുമുണ്ട്. രണ്ടു ദിവസം കഴിഞ്ഞു ഞാനും അതിഥിയും ജെ.കെയെ ഓഫീസിൽ പോയി കയ്യോടെ പിടിച്ചു. മദ്യപിച്ചു ഓവറായി ഫോണിൽ സംസാരിച്ചത് നാണക്കേടായിപ്പോയതുകൊണ്ടാണ് രണ്ടുദിവസം മുങ്ങി നടന്നതെന്ന് ജെ.കെ പറഞ്ഞു. ഞങ്ങൾ അതിനെക്കുറിച്ചു ചോദിച്ചതുമില്ല. താരയെ മറക്കാൻ കഴിയില്ല, അവളെ മാത്രമേ കെട്ടുകയുള്ളൂ, ജീവൻ പോയാലും അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു ഞങ്ങളുടെ കൈ പിടിച്ചു സത്യം ചെയ്തു.

അങ്ങനെ ഫോണില്ലാത്ത താരയ്ക്ക് ജെ.കെ ഫോൺ വാങ്ങി കൊടുത്തു. പിന്നീട് മിക്കപ്പോഴും ഞങ്ങളുടെ കൂടികാഴ്ചകളിൽ താരയും ഉണ്ടാകും. ആയിടയ്ക്കാണ് അതിഥി മുംബൈയ്ക്ക് ട്രെയിനിങ്ങിന് പോയത്. ജെ.കെയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് ഓഫറും വന്നു. മാനേജർ പോസ്റ്റാണ്. സാലറിയും കൂടുതലുണ്ട്. ഞങ്ങളുടെ ഒത്തുചേരലുകൾ കുറഞ്ഞു വന്നു. ഇടയ്ക്ക് വല്ലപ്പോഴും കണ്ടാലായി. എല്ലാവരും തിരക്കാണ്. ഞാൻ ഇടയ്ക്ക് സമയം കിട്ടുമ്പോൾ അതിഥിയുടെ ഓഫീസിലും ജെ.കെയുടെ ഓഫീസിലും മാറിമാറി പോയി കാണും.

അതിനിടയ്ക്ക് ഒരുദിവസം ഉച്ചയ്ക്ക് ജെ.കെയുടെ കോൾ വന്നു. താരയുടെ വീട്ടിൽ ഫോൺ പിടിച്ചെന്നും കാണാൻ പോലും പറ്റാത്ത അവസ്ഥയാണെന്നുമൊക്കെ പറഞ്ഞു. പിറ്റേന്ന് ഞാൻ ജെ.കെയെ കൂട്ടി അലോഷ്യസിന്റെ മുന്നിലുള്ള ജോസഫേട്ടന്റെ കൂൾ ബാറിൽ ഇരുത്തി താരയെ ക്ലാസിൽ നിന്ന് ടീച്ചറിനോട് അരമണിക്കൂർ പെർമിഷൻ വാങ്ങി ജോസഫേട്ടന്റെ കടയിലേക്ക് കൂട്ടിവന്നു. ഇടയ്ക്ക് ഇങ്ങനെ കാണാമെന്നും മറ്റൊരു ഫോൺ അത്യാവശ്യ സമയത്ത് വിളിക്കാനും നൽകി ജെ.കെ പോയി. ഞാൻ താരയെ തിരികെ ക്ലാസ്സിൽ വിട്ടു മടങ്ങി.

താര നല്ലൊരു ആർട്ടിസ്റ്റായിരുന്നു. ഇടയ്ക്കവൾ ഹമ്പനക്കട്ടയിലെ ഓർക്കിഡ് ആർട്ട് ഗാലറിയിൽ തൻറെ പെയിന്റിങ്ങുകൾ പ്രദർശനത്തിന് വയ്ക്കുകയും, വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്തിരുന്നു.

ആയിടയ്ക്ക് ഞാൻ ജോലി രാജിവെച്ചു വീട്ടിൽ കുറേകാലം വെറുതെയിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ജെ.കെയെ ഫ്ലാറ്റിൽ പോയി കാണും. മിക്കപ്പോഴും ഞായറാഴ്ചകളിൽ വിളിക്കുമ്പോൾ ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരിക്കും. പിന്നീടാണ് മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞത് ജെ.കെയുടെ പുതിയ കമ്പനിയിലെ ഒരു പെൺകുട്ടിയുമായി ഫുൾ ടൈം കറക്കമാണെന്നും താരയുമായി ഉടക്കിയെന്നൊക്കെ. ഇടയ്ക്ക് ജെ.കെയെ കണ്ടപ്പോൾ ചോദിച്ചു. ഒഫീഷ്യൽ കാര്യത്തിന് ഒരുമിച്ചു പോകാറുണ്ടെന്നും ആളുകൾ ചുമ്മാ ഗോസിപ്പ് പറയുന്നതെന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഊട്ടിയിൽ നിന്ന് ഒരു സുഹൃത്ത് കണ്ടതായി വിളിച്ചു പറഞ്ഞു. ഇതൊക്കെയും താരയും എങ്ങനെയോ അറിഞ്ഞു. താര ഡിഗ്രി കഴിഞ്ഞു പി.ജിക്ക് ചേരാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴാണ് ഇതൊക്കെ അറിയുന്നത്. അവൾ ഇടയ്ക്ക് എന്നെ വിളിച്ചു കരയുകയും അവനില്ലെങ്കിൽ ചത്തുകളയുമെന്നൊക്കെ പറഞ്ഞു. ഒടുവിൽ താരയുടെ ശല്യം സഹിക്ക വയ്യാതെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്, ഞാൻ നിന്നെ കെട്ടിക്കോളാമെന്നൊക്കെ പറഞ്ഞപ്പോൾ താരയാകെ തകർന്നുപോയി. അതുവരെ കൂടപ്പിറപ്പുകളെപോലെ നടന്നവരായിരുന്നു ഞങ്ങൾ രണ്ടുപേരും. മാത്രവുമല്ല, സുഹൃത്തിൻറെ ജീവിത സഖി ആകാൻ പോകുന്നവളും. 

താര പിന്നീട് വിളിച്ചില്ല. കുറേ ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ജെ.കെ. അത്താവാറിലെ ഒരു ബാറിലേക്ക് വിളിച്ചു. ഞാൻ പോയപ്പോൾ എൻറെ താരയെ നീ കള്ളം പറഞ്ഞു അകറ്റി, അവളെ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്തതെന്നും പറഞ്ഞു കുറെ അടിച്ചു. കുറച്ചു ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. താര ഇതറിഞ്ഞു വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല.

പിന്നീട് ഞാൻ കൽക്കട്ടയിലേക്ക് പോയി. ഇടയ്ക്കെപ്പോഴോ നാട്ടിൽ വന്നപ്പോൾ അമ്പലത്തിൽ വെച്ച് താരയെ കണ്ടു. അമ്മയ്‌ക്കൊപ്പമുള്ളതുകൊണ്ട് ഒന്നും ചോദിച്ചില്ല. പക്ഷെ കണ്ണൊക്കെ കുഴിഞ്ഞു, വിളറിയ മുഖവുമായി വല്ലാത്തൊരവസ്ഥയിലായിരുന്നു. പിന്നീടിന്നോ ഒരുനാൾ ഫോൺ വിളിച്ചു പി.ജിക്ക് ചേർന്നു, ഇപ്പോൾ ഹാപ്പിയാണ് എന്നൊക്കെ പറഞ്ഞു വെച്ചു. പിനീട് ഞങ്ങളാരും കണ്ടില്ല. അതിഥി കല്യാണം കഴിഞ്ഞു കാനഡയിൽ പോയി സെറ്റിലായി. ജെ.കെ ബാംഗ്ലൂരിലേക്ക് പോയിന്നൊക്കെ ആരോ പറഞ്ഞു. ഓർക്കിഡ് ആർട്ട് ഗാലറിയിൽ ഒരുദിവസം പോയപ്പോൾ താരയുടെ പഴയ ഒന്ന് രണ്ടു പെയിന്റിങ്ങുകൾ കണ്ടു. താര ഇപ്പോൾ അങ്ങോട്ട് വരാറില്ലെന്ന് അതിൻറെ ഓണർ ഡിസൂസ സാർ പറഞ്ഞു.

നാലഞ്ചുകൊല്ലത്തെ കൽക്കട്ട വാസം മടുത്തപ്പോൾ ഞാൻ നേരെ യൂ.കെയിലേക്ക് പി.ജി ചെയ്യാൻ പോയി. വീക്കെന്റിലൊരുദിവസം യു.കെയിലുള്ള അതിഥിയുടെ കസിൻ എന്നെ കൂട്ടി ഒരു സ്ഥലം വരെ കൊണ്ടുപോയി. മനോഹരമായ പച്ചപ്പ്‌ നിറഞ്ഞ ഒരൊറ്റപ്പെട്ടു നിൽക്കുന്ന വീട്ടിലേക്ക്. ഞങ്ങൾ കാറിൽ നിന്നിറങ്ങുമ്പോൾ സുമുഖനായൊരു ചെറുപ്പക്കാരനും കൈപിടിച്ചൊരു കുഞ്ഞും ഞങ്ങളെ സ്വീകരിക്കാനെത്തി. ശ്രീ എന്ന് സ്വയം പരിചയപ്പെടുത്തി. ഞങ്ങളിരുന്നു സംസാരിക്കുന്നതിനിടെ ചായയുമായി ശ്രീയുടെ ഭാര്യ വന്നു. കുട്ടിയുമായി കളിച്ചിരുന്ന ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ചായ എൻറെ അടുത്തേക്ക് നീട്ടുമ്പോഴാണ് ഞാൻ ആളിനെ ശ്രദ്ധിച്ചത്. മൈ ഗോഡ്... താര.

ഞങ്ങൾ പരസ്പരം ചിരിച്ചെന്നു വരുത്തി. ശ്രീ പറഞ്ഞു, നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടാകുമല്ലേ എന്ന്. ഒന്ന് രണ്ടു തവണ ക്ഷേത്രത്തിവെച്ചു കണ്ടിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. പിന്നീട് ഞങ്ങളധികം സംസാരിച്ചില്ല. ജോലിയുണ്ടെന്ന് പറഞ്ഞു താര അടുക്കളയിലേക്ക് പോയി. കുറച്ചു നേരമിരുന്നു സംസാരിച്ചു. ഞങ്ങൾ പോകാൻ നേരത്ത് താര പുറത്തുവന്നു കൈവീശികാണിച്ചു യാത്രയാക്കി. പിന്നീടൊരിക്കലും അങ്ങോട്ട് പോയില്ല.

എൻറെ പി.ജി പഠനം പൂർത്തിയാക്കി ഞാൻ നാട്ടിലോട്ടു വന്നു.

ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ അവളെ വീണ്ടും കാണുന്നത്.

നാട്ടിൽ വന്നിട്ട് ഒമ്പത് കൊല്ലമായെന്ന് താരയെ കണ്ടപ്പോഴാണ് ഓർത്തത്...!!


മോഹൻദാസ് വയലാംകുഴി


#varshangalkkushesham #vote #electionstory #mangaluru #lovestory #story #life #MohandasVayalamkuzhy

Thursday 21 March 2024

തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം



തളികപറമ്പ് എങ്ങനെ തളിപ്പറമ്പായി എന്ന് അന്വേഷിച്ചു പോയപ്പോൾ പ്രകാശേട്ടനാണ് പറഞ്ഞു തുടങ്ങിയത്...

കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. പരബ്രഹ്മസ്വരൂപിയായ പരമശിവന്റെ പല പേരുകളിൽ ഒന്നായ "രാജരാജേശ്വരന്റെ" പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. "ശങ്കരനാരായണ" ഭാവത്തിലാണ് പ്രതിഷ്ഠ. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ (തളികകൾ) ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുന്ന പതിവ് ഉള്ളത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും, കർണ്ണാടക മുഖ്യമന്ത്രി മാരും, അനിൽ കുംബ്ലെ തുടങ്ങി നിരവധി പ്രമുഖർ പലതവണ സന്ദർശനം നടത്തി എന്ന് പത്രങ്ങളിൽ കൂടി അറിയുമ്പോൾ ഒന്ന് കാണണമെന്ന ജിജ്ജാസ പലപ്പോഴും ഉണ്ടായിരുന്നു. സമയവും കാലവുമാണ് പലപ്പോഴും വില്ലനായി കടന്നു വരുന്നത്.

ശക്തിപീഠം

ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്.

മാന്ധാതാവ്

ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതിദേവി ഭഗവാൻ ശിവന്റെ സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പരമശിവനെ പൂജകൾ കൊണ്ട് സം‌പ്രീതനാക്കി. പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യമടയുകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.

മുചുകുന്ദൻ

മാന്ധാതാവിന്റെ മകനായ മുചുകുന്ദൻ പിന്നീട് ശ്രീ പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി.

ശതസോമൻ

പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.

ശതസേനൻ

ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.

ശ്രീരാമൻ

ലങ്കയിൽ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകൾ അർപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തിൽ പ്രവേശനമില്ല.

പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ് ക്ഷേത്രം, എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരള ക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം,ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമർശമുണ്ട്.

നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. പൗരാണിക കാലം മുതൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.

ടിപ്പുവിന്റെ പടയോട്ടം 

തന്റെ ജനവിരുദ്ധമായ നയങ്ങൾ അംഗീകരിയ്ക്കാൻ കൂട്ടാക്കാത്ത ജനങ്ങളിൽ അവ വാൾമുനകൊണ്ടു നടപ്പാക്കാൻ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറിൽ കടന്നു വെന്നു കേരള ചരിത്രത്താളുകളിൽ കാണുന്നു. 1788 ജനുവരിയിൽ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറിൽ കടക്കുകയും. മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കുകയുണ്ടായതായി ചരിത്രകാരന്മാർ സാക്ഷ്യം വഹിക്കുന്നു. അതിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകർന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്റെ പൗരാണിക ശേഷിപ്പുകൾ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോൾ ആദ്യം ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാർ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ (കൂട്ടമണി അടിക്കുമ്പോൾ) സഹായിക്കാനായി മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.

കൊട്ടുമ്പുറം 

കേരളത്തിലെ കലകൾക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗല്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകൾ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേർന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തിൽ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തിൽ വെച്ച് നൽകപ്പെടുന്ന ഈ സ്ഥാനമാനങ്ങൾ ഏറ്റവും ഉൽകൃഷ്ടമായി കണക്കാക്കിയിരുന്നു.

മാണി മാധവ ചാക്യാർ, ഉദ്ദണ്ഡശാസ്ത്രികൾ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകൾ സാക്ഷ്യം പറയുന്നു. 1923-ൽ മാണിമാധവചാക്രാർക്ക് പ്രശസ്തമായ വീരശൃംഖല സമ്മാനിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പണ്ഡിതശ്രേഷ്ഠൻ‌മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ് രാജരാജേശ്വര സന്നിധിയിൽ വെച്ച് പണ്ഡിത സദസ്സിനെ സാക്ഷിയാക്കി വീരശൃംഖല സമ്മാനിക്കുന്നത്. കൂടാതെ1954-ൽ അദ്ദേഹത്തിന് വിദൂഷകരത്നം പട്ടം കൊടുക്കുകയുണ്ടായി. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂർണ്ണതയ്ക്ക് ആയിരുന്നു ഈ ബഹുമതി. ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ചായിരുന്നു ഈ ചടങ്ങുകൾ നടത്തിയത്.

ക്ഷേത്ര രൂപകല്പന

കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെവലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും 

കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാ‍ർ സമുദായത്തിലെ "മാണി" കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാൻ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് "വിദൂഷകരത്നം" പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.

ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള "വീരശൃംഖല". ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഖല നൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഖല സമ്മാനിച്ചത്. വീരശൃംഖല ലഭിക്കുമ്പോൾ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ 'കൊട്ടുംപുറം' പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സിൽ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.

പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. (വൈകുന്നേരം 7.30 മുതൽ 8.30 വരെ) ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

പൂക്കോത്ത് കൊട്ടാരത്തിലെ പേരിടീച്ചിൽ 

ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. സാക്ഷാൽ പെരുംതൃക്കോവിലപ്പനായ ശ്രീ രാജരാജേശ്വര പെരുമാളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉള്ളതിനാലാണ് കൊട്ടാരം എന്ന നാമകരണം ഉണ്ടായതെന്നു പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയാൽ നാമകരണം ചെയ്ത് പേര് ഉറപ്പിക്കുന്നത് പൂക്കോത്ത് കൊട്ടാരത്തിൽ വച്ചാണ്.

പൂജകൾ 

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു. ഇങ്ങനെ കിട്ടുന്ന നെയ്യ് അഭിഷേകത്തിനും വിളക്കിനും ഉപയോഗിച്ചുവരുന്നു.

പ്രതിഷ്ഠാ സങ്കല്പം 

ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തിൽ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങൾ കൂടിച്ചേർന്ന ആരാധനാമൂർത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തിൽ വരുന്ന അവസരത്തിൽ ഇവിടെത്തെ മൂർത്തിയെ ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. തിങ്കളാഴ്ചയ്ക്കുപകരം ബുധനാഴ്ചയാണ് ഇവിടെ പ്രധാനദിവസം. മാത്രവുമല്ല, പ്രദോഷവ്രതം ഇവിടെ ആചരിയ്ക്കപ്പെടുന്നില്ല. അതുപോലെതന്നെ ശിവരാത്രിദിവസവും ധാര പതിവില്ല.

പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷഭൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ആട്ട വിശേഷങ്ങൾ 

കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു.

ശിവരാത്രി 

ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദം മുഴുവൻ സമയവുമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കുശേഷം എട്ടു മണിക്ക് ശേഷമേ പാടുള്ളൂ.

പുത്തരി ഉത്സവം 

പുത്തരിനാളിൽ ദേശവാസികൾക്കെല്ലാം ക്ഷേത്ര സങ്കേതത്തിൽ വിഭവസമൃദ്ധമായ സദ്യയുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിന് കുറച്ചകലെയുള്ള കതിർവെക്കും തറയിൽ കതിർകുലകൾ കൊണ്ടുവെക്കാനുള്ള അവകാശം നൽകിയിരിക്കുനത് ഹരിജനങ്ങൾക്കാണ്.

ക്ഷേത്ര ഊരാണ്മ 

ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതം മാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കൂട്ടമണി അടിക്കുമ്പോൾ സഹായിക്കാനായി മുസ്ളിങ്ങൾക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാൾ ഊരരശു കൈമൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

Click: Google Map

വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ, അശോകേട്ടൻ, ക്ഷേത്ര പരിസര വാസികൾ.

©മോഹൻദാസ് വയലാംകുഴി


#SriRajarajeswaraTemple #Kannur #tourism #temple #malabar #malabartemple #kerala #Godowncountry #sivatemple #mahadevatemple #MohandasVayalamkuzhy

Monday 11 March 2024

ചതുർമുഖ ബസ്തി ജൈന ക്ഷേത്രം, മഞ്ചേശ്വരം

പ്രധാന പ്രത്യേകത, സൂര്യൻ ഏത് ഭാഗത്തുണ്ടായാലും സൂര്യന്റെ പ്രകാശം  ക്ഷേത്രവിഗ്രഹത്തിന്റെ ശിരസ്സിൽ പതിക്കും എന്നത് തന്നെ. ക്ഷേത്രത്തിന് നാല് വാതിലുകളും ഉണ്ട്. നാല് വശത്തുനിന്നും ഒരുപോലെ വിഗ്രഹത്തെ ദർശിക്കാനും സാധിക്കും.

ലോകത്തിൽ തന്നെ ഇങ്ങനെയുള്ള രണ്ടെണ്ണത്തിൽ ഒന്നാണിത്.

കേരളത്തിൽ വേരുകൾ ഇല്ലാത്ത ഒരു മതമാണ് ജൈനമതം. ഇപ്പോൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കുടുംബം ഉണ്ടെങ്കിലും തായ്വഴികൾ ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന വലിയൊരു തറവാടും തറവാട് ക്ഷേത്രവും വയസ്സായ ഒരു മുത്തശ്ശനും മുത്തശ്ശിയും മാത്രമേ അവിടെയുള്ളൂ.

2002ൽ ആണെന്ന് തോന്നുന്നു ആദ്യമായി റാഷിദിന്റെ കൂടെ ഇവിടെ ഞാൻ പോയത്.

ഇപ്പോൾ നശിച്ചു നിലം പൊത്താവുന്ന തറവാടും പരിസരവും കാണാൻ കഴിയും. ചതുർമുഖ ക്ഷേത്രം ആർക്കിയോളജിക്കൽ ഡിപാർട്ട്മെന്റ് ഏറ്റെടുത്ത് സംരക്ഷിച്ചു പോകുന്നുണ്ട്. 

എന്തായാലും കാസർകോടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതും ഒരു നല്ല കാണേണ്ട സ്ഥലങ്ങളിൽ ഒന്നാണ്.

വയനാടിൽ വീരേന്ദ്രകുമാർ സ്ഥാപിച്ച ജൈന ക്ഷേത്രം പുതിയതാണ്. പലരുടെയും തെറ്റായ ധാരണ ധർമ്മസ്ഥലയിലെ ക്ഷേത്രം ഹിന്ദുമത വിശ്വാസികളുടെ ആണെന്നാണ്. യഥാർത്ഥത്തിൽ അത് ജൈനമത ക്ഷേത്രമാണ്. പഴയ പല ജൈനമത ക്ഷേത്രങ്ങളും ഹിന്ദുക്കൾ കയ്യേറിയതാണ്.

ചതുർമുഖ ബസ്തി - ജൈന ക്ഷേത്രം, മഞ്ചേശ്വരം - കാസർഗോഡ് ജില്ല

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുള്ള രണ്ട് ജൈനക്ഷേത്രങ്ങളിൽ ഒന്നാണ് ചതുർമുഖ ബസ്തി.

കേരളത്തിലെ തദ്ദേശീയമല്ലാത്ത മതങ്ങളിൽ ആദ്യത്തേതാണ് ജൈനമതം.  ഒരു കാലത്ത് ഇവിടെ തഴച്ചുവളർന്ന ജൈനമതത്തിൻ്റെ അവശിഷ്ടങ്ങൾ മഞ്ചേശ്വരത്ത് - അനേകം ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ, ജൈന ക്ഷേത്രങ്ങൾ എന്നിവയുള്ള കാസർഗോഡിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം - വടക്കൻ കേരളത്തിലെ സന്ദർശകരുടെ പ്രധാന ആകർഷണമാണ്.  ഇവിടെയുള്ള ചതുർമുഖ ബസ്തി ഒരു പഴയ ജൈന ക്ഷേത്രമാണ്.

ബിസി മൂന്നാം നൂറ്റാണ്ടിലാണ് ജൈനമതം തെക്കോട്ട് കൊണ്ടുവന്നത്.  ചന്ദ്ര ഗുപ്ത മൗര്യ (ബി.സി. 321-297), ജൈന സന്യാസി ഭദ്രബാഹു എന്നിവരാൽ, ജൈന പാരമ്പര്യമനുസരിച്ച്.  ഇവർ മൈസൂരിലെ ശ്രാവണബെൽഗോളയിൽ എത്തി.  പിന്നീട് കൂടുതൽ ജൈന മിഷനറിമാർ തമിഴ്നാട്ടിലെത്തി നിരവധി ചേരന്മാരെ അവരുടെ മതത്തിലേക്ക് പരിവർത്തനം ചെയ്തു.  ശിലപ്പദികാരത്തിൻ്റെ രചയിതാവായ പ്രിൻസ് ഇളങ്കോ അടികൾ ജൈനമത വിശ്വാസിയാണെന്ന് വിശ്വസിക്കപ്പെടുന്നു.  ആറാം നൂറ്റാണ്ടിൽ തുടങ്ങിയ ചേര കുടിയേറ്റക്കാരോടൊപ്പം ജൈനന്മാർ കേരളത്തിലെത്തി.  ഇന്നത്തെ ചില ഹിന്ദു ക്ഷേത്രങ്ങൾ യഥാർത്ഥത്തിൽ ജൈന ക്ഷേത്രങ്ങളായിരുന്നു എന്ന അനിഷേധ്യമായ വസ്തുത മാത്രമാണ് കേരളത്തിൽ അവരുടെ സാന്നിധ്യത്തിൻ്റെ ഏക തെളിവ്.

ഇവിടെയുള്ള ചതുർമുഖ ബസ്തി ഒരു പഴയ ജൈന ക്ഷേത്രമാണ്.  ജൈനമതം, ബുദ്ധമതം, ഹിന്ദുമതം തുടങ്ങിയ ആര്യമതങ്ങളുടെ വടക്കുനിന്നുള്ള വരവ് പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡ ജീവിതരീതിയെ മാറ്റിമറിച്ചു.  ജൈനമതമാണ് ആദ്യം വന്നത്.  തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലുള്ള കൂടൽമാണിക്യം ക്ഷേത്രം യഥാർത്ഥത്തിൽ ഒരു ജൈനക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.  എ ഡി എട്ടാം നൂറ്റാണ്ടോടെ ജൈനമതം കേരളത്തിൽ ക്ഷയിച്ചു തുടങ്ങി.  ഏകദേശം 16-ആം നൂറ്റാണ്ടിൽ എ.ഡി.  വയനാട്, കാസർഗോഡ്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ ജൈന ആരാധനാലയങ്ങൾ ഇന്നും നിലനിൽക്കുന്നു.  വർധമാന മഹാവീരൻ്റെ നാല് വിഗ്രഹങ്ങൾ നാല് ദിശകളിലേക്ക് അഭിമുഖീകരിച്ചിരിക്കുന്നതിനാൽ ചതുർമുഖ ബസ്തി സവിശേഷമാണ്.  അതിനാൽ ചതുര്മുഖം (നാലു മുഖങ്ങൾ), ബസ്തി (ക്ഷേത്രം).

മഞ്ചേശ്വരം ടൗണിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലേക്കെത്താം. 

Location: https://www.jainmandir.org/Temple/Ancient-Digamer-Jain-Chaturmukha-Temple%2C-Bangramanjeshwar%2C-District---Kasaragod-(Kerala)

©മോഹൻദാസ് വയലാംകുഴി

#കാസർകോട് #kasaragodtourism #godsowncountry #jainatemple #chathurmukhabasti #temple #manjeshwaram

Thursday 29 February 2024

സ്ഥലകാലജലഭ്രമം

മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മുംബൈ സ്വദേശിയായ ഒരു ടെക്കിയെ പരിചയപ്പെടുന്നത്. അയാൾ ബാംഗ്ളൂർ ജോലി ചെയ്യുന്ന സമയത്ത് കുറെയധികം തമിഴരും മലയാളികളും സുഹൃത്തുക്കളായി ഉണ്ടായിരുന്നു എന്ന് പറഞ്ഞു സംഭാഷണം തുടങ്ങിയതാണ്. കുറച്ചു മലയാളം വാക്കുകളും തമിഴ് വാക്കുകളും പഠിച്ചെന്ന് പറഞ്ഞു. പിന്നീട് ഭാഷകളും അതിലെ രസകരമായ അർത്ഥങ്ങളിലേക്കും കടന്നു.

ചില പേരുകളാണ് മടിയൻ (Lazy Boy), മുള്ളി (മൂത്രമൊഴിച്ചു), മേലെ മുള്ളി (മുകളിൽ മൂത്രമൊഴിച്ചു), മാന്തുക (നഖംകൊണ്ട് കീറുക; തോണ്ടുക (മൺവെട്ടിപോലുള്ള ആയുധംകൊണ്ട് വെട്ടാതെ ചുരണ്ടുക), പരിപ്പായി (വിത്തുണങ്ങിയാൽ പരിപ്പായി എന്ന് പറയും), മൂഞ്ചിക്കൽ (പറ്റിക്കൽ), വെള്ളമടി (മദ്യപിക്കുക), അമ്മായിയപ്പൻ (Father in law), മറന്നോടായ് (മറന്നു പോയോടാ എന്ന് ചോദിക്കുന്നതിന്റെ ചുരുക്കിയത്).

ഇങ്ങനെ ആദ്യത്തെ ചിത്രത്തിൽ കാണുന്ന ചില സ്ഥല പേരുകളുടെ അർത്ഥം രസകരമാണ്.

തിരുവനന്തപുരത്തുകാർ പരസ്പരം സംബോധന ചെയ്യുമ്പോൾ എന്തെരെടെ അപ്പി... ചായകളൊക്കെ കുടിച്ചാ എന്നൊക്കെ ചോദിക്കുമ്പോൾ അങ്ങ് വടക്ക് മലബാർ സൈഡ് കുട്ടികളുടെ മലത്തെയാണ് അപ്പി എന്നു പറയുന്നത്. ഇതേപോലെ തൻറെ അപ്പനെവിടാ എന്ന് തെക്കുള്ളവർ ചോദിച്ചാൽ താങ്കളുടെ അച്ഛൻ എവിടെ എന്നും, തൻറെ അപ്പൻ എന്നൊക്കെ വടക്കുള്ളവരോട് പറഞ്ഞാൽ അതൊരു തെറി വിളിയുമാണ്. അപ്പനെ വിളിക്കുന്നോടാ നായിൻറെ മോനെ എന്നു തിരിച്ചു വിളിക്കും. മലബാർ സൈഡിൽ പ്രായം കുറഞ്ഞവരെ നീ എന്നുവിളിക്കുമ്പോൾ തെക്കൻ സൈഡ് താൻ എന്നും വിളിക്കും. രണ്ടുപേർക്കും ഈ വിളി അങ്ങേയറ്റം ബഹുമാനക്കുറവുണ്ടാക്കുന്നതാണ്.

ജെട്ടി (Jetty)

പൊതുവേ ബോട്ട് വന്നു നിൽക്കുന്ന സ്ഥലത്തിന് ജെട്ടി എന്നാണ് പറയുന്നത്. പൊതുവേ മലയാളികൾക്ക് ജെട്ടിയെന്നു കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് അണ്ടർ വിയർ (Under Wear) ആയിരിക്കും.

എറണാകുളത്ത് രണ്ട് ഫെറി പോയിൻ്റുകൾ (ജെട്ടികൾ എന്ന് വിളിക്കുന്നു) ഉണ്ട്. എറണാകുളം ബോട്ട് ജെട്ടി, ഹൈക്കോർട്ട് ബോട്ട് ജെട്ടി. തമാശയായി പറഞ്ഞാൽ എറണാകുളത്ത് വിവിധ തരം ജെട്ടികൾ ഉണ്ട്. ഇത് കൂടാതെ നേര്യമംഗലം ബോട്ട് ജെട്ടി, നീൽ ഐലന്റ് ജെട്ടി തുടങ്ങിയ വേറെയും ജെട്ടികൾ ഉണ്ട്.

ജട്ടി(Underpants)

നമ്മൾ പറയുന്ന, ഉപയോഗിക്കുന്ന ജട്ടി (Under Wear) ഇതാണ്. ലിംഗഭേദമെന്യേ ധരിക്കുന്ന അടിവസ്ത്രമാണു ജട്ടി. പൊതുവേ ഇതിന് ഇംഗ്ലീഷ് അക്ഷരമാലയിലെ 'V' എന്ന അക്ഷരത്തിന്റെ ആകൃതി ആയിരിക്കും. ഗുഹ്യഭാഗങ്ങളിലെ അമിതവിയർപ്പ് വലിച്ചെടുത്ത് ശരീരത്തെ സംരക്ഷിക്കുന്നതും ലൈംഗിക അവയവങ്ങളുടെയും മർമ്മ ഭാഗത്തിന്റെയും സംരക്ഷണമാണ് പ്രധാന ജോലി. ഷഡ്ഢി, ജെട്ടി എന്നീ പല പേരുകളിലും അറിയപ്പെടുന്നു. ഒരേ രൂപമാണെങ്കിലും സ്ത്രീക്കും പുരുഷനും ചില്ലറ വ്യത്യാസങ്ങളോടെയാണു ഇതു വിപണിയിൽ ലഭിക്കുന്നത്. പുരുഷന്മാർക്കുള്ളതു "ബ്രീഫ്"എന്നും, സ്ത്രീകൾക്കുള്ളതു "പാന്റി"എന്നും അറിയപ്പെടുന്നു.

മൈരേ

തമിഴിലെ മൈര് എന്ന പദത്തിന്റെ അർത്ഥം മലയാളത്തിൽ "മൂറുകൾ" എന്നാണ്. പക്ഷെ കാസർകോടിലെ ഒരു സ്ഥലപ്പേര് മൈരേ എന്നായിരുന്നു. തെറിപ്പേരായതുകൊണ്ട് മൈരേ പേര് മാറ്റി ഷേണിയാക്കി. തെറി കാരണം പെരുമാറിയ ഒരു നാടിന്റെ കഥ, സ്ഥലപ്പേര് മലയാളത്തിലെ സർവ്വസാധാരണമായൊരു തെറിക്ക് സമാനമായി തോന്നിയതിനാൽ കാസർകോട് ജില്ലയിലെ എൻമകജയിലെ ഈ സ്ഥലത്തിൻറെ പേര് തന്നെ സർക്കാർ ഔദ്യോഗികമായി മാറ്റിയിരിക്കുകയാണ്. മൈര് എന്നതിന് രോമം എന്നും തലമുടി എന്നൊക്കെ അർത്ഥങ്ങളുണ്ട്.

തൂറാൻ (Touran)

ഫോക്സ് വാഗന്റെ ഒരു മോഡലാണ് തൂറാൻ (TOURAN). മലയാളത്തിലെ ഉച്ചാരണത്തിൽ വരുന്ന മാറ്റം കൊണ്ടാണ് ആ കാറിനെ തൂറാൻ എന്ന് വിളിക്കുന്നത്. ട്രോളുകൾ വന്നപ്പോൾ കേരളത്തിലേക്ക് ഫോക്സ് വാഗൻ തൂറാൻ വരുന്നു എന്നുവരെ രസകരമായി അടിച്ചു വിട്ടവരുണ്ട്.
പേർഷ്യൻ പേരാണ് തൂറാൻ. ഒരു സ്ഥലപ്പേരാണത് (a place name inshahnameh)

ഒരു മീനിൻറെ പേരാണ് ഉടുപ്പൂരി (Leather Jacket Fish)
ഉടുപ്പൂരി (Leather Jacket Fish) ശാസ്ത്രീയനാമം  (Oligoplites saurus). ലെതർ ജാക്കറ്റ് ഫിഷ് (ഒലിഗോപ്ലൈറ്റ്സ് സോറസ്), ലെതർ ജാക്ക് എന്നും അറിയപ്പെടുന്നു, ഇത് കാരൻഗിഡേ കുടുംബത്തിലെ ഒരു ഇനം മീനാണ്. പൈലറ്റ് ഫിഷ് പോലെയുള്ള കാരൻഗിഡേയിലെ മറ്റ് അംഗങ്ങളെ ലെതർ ജാക്ക് സൂചിപ്പിക്കാം. ഏറ്റവും വലിയവയ്ക്ക് ഒരടിയോളം നീളമുണ്ട്. ഉടുപ്പൂരി എന്നത് വസ്ത്രം അഴിച്ചു എന്നാണ് അർത്ഥം.

പോണ്ട
പോണ്ട (ഗോവ ജില്ലയിലെ ഒരു നഗരവും മുനിസിപ്പൽ കൗൺസിലുമാണ്. ഗോവയിലെ സെൻട്രൽ പ്രദേശത്താണ് പോണ്ട. പോണ്ടയുടെ നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളും പ്രദേശത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കാരണം "അൻട്രൂസ് മഹൽ" എന്നും അറിയപ്പെടുന്നു. കാസർകോട് കണ്ണൂർ ജില്ലകളിൽ പോണ്ട എന്നത് പോവരുത് എന്ന അർത്ഥത്തിൽ ആണ്. നീ ആട പോണ്ട (നീ അവിടെ പോകരുത്).

പുല്ല്

കമ്മീഷണർ സിനിമയിൽ വിജയരാഘവൻ പറയുന്ന പഞ്ച് ഡയലോഗായിരുന്നു പോ പുല്ലേ.... പുല്ല് എന്നത് വെറുമൊരു മണ്ണിൽ ചെറിയൊരു ഉയരത്തിൽ മുളച്ചു പൊന്തുന്ന സസ്യമാണെന്നത് ഏവർക്കും അറിയാം. അതിനെയാണ് ഇത്രേം വല്ല്യൊരു സംഭവമാക്കിയത്. പോടാ പുല്ലേ എന്നുദ്ദേശിക്കുന്നത് നീ പോയി നിൻറെ പണി നോക്ക് എന്നെ ചൊറിയാൻ വരണ്ട എന്നർത്ഥത്തിലാണ്. അതിലൊരു പുച്ഛവും കലർന്നിട്ടുണ്ട്.

ഇതേ സിനിമയിലെ മറ്റൊരു തെറിയാണ് പുലയാടി. പൊലയാടി മോനെ (പുലയാടി മോനെ) എന്ന് തെറിയായി വിളിക്കുന്നവരുണ്ട്. പുലയാടി വ്യഭിചാരിണി എന്നും മലയാളത്തിൽ അർത്ഥമുണ്ട്. ഇത്തരത്തിൽ പുലയർ തൊട്ട് അശുദ്ധമാക്കി ജാതി ഭ്രഷ്ടായ സ്ത്രീകളെ പുലയാടി എന്നു വിളിച്ചു വന്നു. പുലയർ എന്നത് ഒരു ജാതിയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദളിത് വിഭാഗത്തിൽ പെട്ട ഒരു പ്രബല സമുദായമാണ് പുലയർ (ചെറുമർ, ചെറുമക്കൾ). കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്നത് ഈ സമുദായക്കാരായിരുന്നു എന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ. ഈ പുലയരെ ആണ് പുലയാടി മക്കൾ എന്ന് വിളിക്കുന്നത്. ജാതികളുടെ മുത്തച്ഛന്മാർ ചേരമർ (പുലയർ) എന്നും പറയുന്നുണ്ട്.
"പുലയാടി മക്കൾക്ക് പുലയാണ് പോലും" എന്നൊരു വിവാദ ഗാനം 2022 ൽ ഇറങ്ങിയ ഭാരത സർക്കസ് എന്ന സിനിമയിലുണ്ട്.

ഇതിൽ തന്നെ വേറെയും വാക്കുകൾ ഉണ്ട്. എന്ത് പന്നത്തരമാടോ (എന്ത് വൃത്തികേടാടോ താൻ കാണിച്ചത്) താൻ കാണിച്ചത്? എന്ന് എൻ.എഫ്.വർഗ്ഗീസ് ചോദിക്കുന്നുണ്ട്.

പന്ന
ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ പന്ന ജില്ലയിലുൾപ്പെട്ട ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ്. ഈ പട്ടണം ഇവിടുത്തെ രത്നഖനികളാൽ പ്രസിദ്ധമായിരിക്കുന്നു. പന്ന ജില്ലയുടെ ഭരണസിരാ കേന്ദ്രമാണീ പട്ടണം. 


പന്ന എന്നപേരിൽ കൊളംബിയൻ സ്റ്റോണുമുണ്ട്  (Panna Stone Colombian Gemstone). എമറാൾഡ് (പന്ന) എമറാൾഡ് ബെറിൽ മിനറൽ കുടുംബത്തിൽപ്പെട്ട, പച്ച നിറമുള്ള, വളരെ വിലയേറിയ രത്നമാണ്. വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രശസ്തമായ രത്നങ്ങളിൽ ഒന്നാണിത്




നീ കണ്ടവൻറെയൊക്കെ തിണ്ണ നിരങ്ങിക്കോ. ഈട്ത്തെ കാര്യക്കെ നിന്റൊൾക്ക് ഒറ്റക്ക് പാറ്റ്വോ  (നീ അന്യരുടെ വീട്ടിലൊക്കെ പോവുന്നതൊക്കെ കൊള്ളാം, ഇവിടത്തെ കാര്യങ്ങൾ നോക്കാൻ നിൻറെ ഭാര്യയ്ക്ക് ഒറ്റയ്ക്ക് കഴിയുമോ). തിണ്ണ എന്നത് വരാന്തയാണ്. അഥവാ, പഴയ വീടിൻറെ ചായ്പ്പ്.

കൂത്തിച്ചി മോളെ എന്ന് തെറി വിളിക്കാറുണ്ട്. കൂത്താടി നടക്കുന്നവൾ എന്നാണ് ഉദ്ദേശിക്കുന്നത്. നർത്തകി. വ്യഭിചാരിണി, വേശ്യ എന്നീ നാനാർത്ഥങ്ങളുമുണ്ട്. കൂത്തിച്ചിമോൻ = വേശ്യാപുത്രൻ (ശകാരവാക്ക്).

ഭരണിപ്പാട്ട്

കൊടുങ്ങല്ലൂർ ഭരണി, കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട്.

വിശ്വ വിഖ്യാത തെറി

ചരിത്രത്തിൽ ആദ്യമായി ഒരു കോളജ് മാഗസിൻ പുസ്തകമായി. ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളാണ് കോളേജ് മാഗസിന് വിശ്വ വിഖ്യാത തെറി എന്ന പേര് നൽകിയത്. സവർണബോധം അരികുജീവിതങ്ങളെ അധിക്ഷേപിക്കാൻ തുപ്പുന്ന ‘ചെറ്റ’പോലുള്ള തെറിവാക്കുകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അധികാരത്തിന്റെ വിധ്വംസകതയും കീഴാളവിരുദ്ധതയും അടയാളപ്പെടുത്തുന്ന കവർസ്റ്റോറിയാണ് മാഗസിന്റെ പ്രധാന ഹൈലൈറ്റ്. തെറികളുടെ ചരിത്രം ചികഞ്ഞുപോകുമ്പോൾ ജാതീയമായ ഉച്ചനീചത്വങ്ങളിലേക്കും, എക്കാലത്തും പ്രബലമായ സവർണ ബോധത്തിലേക്കും നാമെത്തുന്നുവെന്ന് ഇത് ഓർമിപ്പിക്കുന്നു..

തെറിക്കുത്തരം മുറി പത്തൽ എന്നാൽ മുഖത്തടിച്ചതുപോലെ പറയുന്നതിനെ ഇങ്ങനെ പറയാറുണ്ട്. അവൻറെ അണ്ണാക്കിനിട്ട് കൊടുക്ക് എന്ന് പറയാറുണ്ട്. ഇങ്ങോട്ട് പറഞ്ഞതിൻറെ ഇരട്ടിയായി തിരിച്ചു പിന്നീടൊന്നും പറയാൻ പറ്റാത്ത രീതിയിൽ മറുപടി കൊടുക്കണമെന്നാണുദ്ദേശിക്കുന്നത്.

"ആലപ്പുഴയിൽ പുഴയുണ്ടെന്നാൽ ആലപ്പുഴയൊരു പുഴയല്ല.
എറണാകുളത്ത് കുളമുണ്ടെന്നാൽ എറണാകുളമൊരു കുളമല്ല.
കോഴിക്കോടിൽ കൊഴിയുണ്ടെന്നാൽ കോഴിക്കോടൊരു കോഴിയല്ല.
മലപ്പുറത്ത് മലയുണ്ടെന്നാൽ മലപ്പുറമൊരു മലയല്ല.
വയലാംകുഴിയിൽ കുഴിയുണ്ടെന്നാൽ വയലാംകുഴിയൊരു കുഴിയല്ല."

NB: ഇങ്ങനെ നിങ്ങൾക്കറിയാവുന്ന രസകരമായ വാക്കുകളും ചിത്രങ്ങളും കമന്റായി നൽകിയാൽ എഡിറ്റ് ചെയ്തു ഈ ലേഖനം വിപുലീകരിക്കാൻ പറ്റും.

© മോഹൻദാസ് വയലാംകുഴി

#storiesofwords #words #abusewords #censorship #censorwords #theri 

Thursday 22 February 2024

നേപ്പാളെന്ന സ്വപ്ന ഭൂമിയിലേക്കൊരു യാത്ര...

 

കുട്ടി മാമാ... ഞാൻ ഞെട്ടി മാമാ...

നേപ്പാളെന്നു കേൾക്കുമ്പോൾ ആദ്യം നാവിൻ തുമ്പിൽ വരുന്ന ഡയലോഗാണിത്...

അക്കൊസേട്ടനും, അപ്പുക്കുട്ടനും, അശ്വതിയും, (മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധു) ഉണ്ണികുട്ടനും (റിമ്പോച്ചി- സിദ്ധാർത്ഥ് ലാമ)    സ്വയംഭൂനാഥ് ക്ഷേത്രത്തിൻറെ പടിക്കെട്ടുകളൊക്കെ ആർക്കാണ് മറക്കാൻ പറ്റുക...

32 വർഷമായിട്ടും ആളുകൾ യോദ്ധ സിനിമയെയും നേപ്പാളിനേയും നെഞ്ചിലേറ്റി നടക്കുമ്പോൾ നേപ്പാളെന്ന സ്വപ്ന ഭൂമിയിലേക്കൊരു യാത്ര പോവാൻ കൊതിക്കാത്തവരായി ആരുണ്ടാകും. ഹിമാലയൻ പർവ്വത നിരകളുടെ താഴ്വര, ബുദ്ധ വിഹാരങ്ങളുടെ കേന്ദ്രം, സാംസ്കാരിക വൈവിധ്യം നെഞ്ചിലേറ്റി നടക്കുന്ന പൈതൃക നഗരങ്ങൾ... ഇങ്ങനെ പോകുന്നു നേപ്പാളെന്ന രാജ്യത്തിൻറെ വിശേഷങ്ങൾ.

നേപ്പാളിലേക്ക് യാത്ര പോകാൻ കൊതിക്കുന്നവർക്ക് ഇനി തുടർന്നു വായിക്കാം...

ഇന്ത്യക്കാരായ നമുക്ക് നമ്മുടെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് എത്രപേർക്കറിയാം.?*

നേപ്പാളിലേക്ക് യാത്ര ചെയ്യാൻ പാസ്‌പോർട്ടും വിസയും ഒന്നും വേണ്ട. ആധാർ കാർഡോ, വോട്ടർ ഐഡി കാർഡോ കയ്യിലുണ്ടെങ്കിൽ നേപ്പാളിൽ പോയി വരാം.

കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് പോകുന്നവർക്ക് രണ്ടു വഴികളാണുള്ളത്. ഒന്ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന രപ്തിസാഗർ എക്സ്പ്രെസ്സിൽ ഘോരഖ് പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സൊനൗലി ഇൻഡോ നേപ്പാൾ അതിർത്തിവരെ ടാക്സിയിലോ, ബസ്സിലോ പോകാം. ഏകദേശം 97 കിലോമീറ്റർ ബസ്സിലോ ടാക്സിയിലോ യാത്ര ചെയ്യണം.  അതിർത്തിയിലെ ചെക്കിങ്ങ് കഴിഞ്ഞു ബസ്സിലോ ടാക്സിയിലോ കഠ്മണ്ഡുവിലേക്ക് പോകാവുന്നതാണ്.  അതിർത്തിയിൽ നിന്ന് വീണ്ടും ഏകദേശം 264 കിലോമീറ്റർ കഠ്മണ്ഡു ബസ് സ്റ്റാന്റിലേക്കുണ്ട്.

ഡൽഹി വഴി പോകുന്നവർക്ക് റക്സോൾ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി (Raxaul Junction Railway Station) ഇൻഡോ നേപ്പാൾ അതിർത്തിവരെ ടാക്സിയിലോ, ടുക്ക് ടുക്ക് വണ്ടി എന്നുവിളിക്കുന്ന കുതിര വണ്ടിയിലോ, മുച്ചക്ര വാഹനത്തിലോ, ഓട്ടോയിലോ പോയി, അതിർത്തിയിലെ ചെക്കിങ്ങ് കഴിഞ്ഞു ബസ്സിലോ ടാക്സിയിലോ നേപ്പാൾ അതിർത്തിവരെ പോകാവുന്നതാണ്. അവിടെ നിന്ന് ബസ്സിൽ കഠ്മണ്ഡുവിലേക്ക് പോകാം. ഏകദേശം 153 കിലോമീറ്റർ കഠ്മണ്ഡു ബസ് സ്റ്റാന്റിലേക്കുണ്ട്.

രണ്ടു അതിർത്തിയിൽ നിന്നായാലും ഏകദേശം 600 അല്ലെങ്കിൽ 700 നേപ്പാളി രൂപയാണ് ടിക്കറ്റ് ചാർജ്.

നേപ്പാൾ അതിർത്തിയിൽ നിന്നും കഠ്മണ്ഡുവിലേക്ക് ബസ്സിൽ പോകുമ്പോൾ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിലൊന്ന് നമ്മുടെ നാട്ടിലെ പോലുള്ള റോഡ് അല്ല. ഓരോ മലകൾ താണ്ടിയാണ് ബസ്സ് സഞ്ചരിക്കുന്നത്. നല്ല റോഡുകൾ വളരെ കുറവായതിനാൽ ഏകദേശം 16 മണിക്കൂറിലധികം ബസ്സിൽ ഇരിക്കേണ്ടതായി വരും. ഓഫ് റോഡ് യാത്രയുമാണ്. അതുകൊണ്ടു തന്നെ തുടർച്ചയായി ഇരുന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ കാഠ്മണ്ഡുവിലേക്ക് വിമാനയാത്ര തിരഞ്ഞെടുക്കുന്നതാവും ഉചിതം. നേപ്പാൾ ബോർഡർ രാത്രി 10 മണിക്ക് മുമ്പ് അടയ്ക്കും. അതുകൊണ്ടുതന്നെ 10 മണിക്ക് മുമ്പായി അതിർത്തിയിൽ ചെന്ന് ചെക്കിങ്ങ് കഴിഞ്ഞു പോകുന്നത് ഗുണകരമായിരിക്കും. അല്ലെങ്കിൽ രാവിലെവരെ കാത്തിരിക്കേണ്ടതായി വരും. അതിർത്തിയിൽ ചിലവുകുറഞ്ഞ താമസ സൗകര്യങ്ങൾ ലഭ്യമാണ്.

ഈ രണ്ടു അതിർത്തികൾ കൂടാതെ വേറെയും 4 അതിർത്തികൾ ഉണ്ട്. ഉത്തരാഖണ്ഡ് (ബൻബാസ), ഉത്തർ പ്രദേശ് (സൊനൗലി), ബിഹാർ (റക്സോൾ), വെസ്റ്റ് ബംഗാൾ (ലാൻറ് പോർട്ട് പനിതാങ്കി), സിക്കിം (സിങ്കലില റേഞ്ച്)  എന്നിവയാണ് 6 അതിർത്തികൾ.

ലുംബിനി

പശ്ചിമ നേപ്പാളിലെ രുപന്ദേഹി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധമത തീർത്ഥാടനഭൂമിയാണ് ലുംബിനി (Lumbini). ഇവിടെവെച്ചാണ് മഹാറാണി മായാദേവി സിദ്ധാർത്ഥ ഗൗതമന് ജന്മം നൽകിയത്. പിൽകാലത്ത് ശ്രീ ബുദ്ധനായി മാറി ബുദ്ധമതം സ്ഥാപിച്ച സിദ്ധാർത്ഥൻ ക്രിസ്തുവിന് മുമ്പ് 623-നും 543-നും ഇടയിലാണ് ജീവിച്ചിരുന്നത്. ശ്രീബുദ്ധനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയമുണ്ടായ ബുദ്ധ ഗയ, ശ്രീബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ സാരാനാഥ്, അദ്ദേഹം നിർവാണം പ്രാപിച്ച കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പുണ്യകേന്ദ്രങ്ങൾ.

ബുദ്ധന്റെ കാലഘട്ടത്തിൽ കപിലവസ്തുവിനും ദേവദഹയ്ക്കും ഇടയിലായിലുള്ള പ്രദേശമായിരുന്നു ലുംബിനി. പിൽകാലത്ത് അശോകചക്രവർത്തി ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. അതിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച ലുംബിനിയിലെ അശോകസ്തംഭം ഇതിന്റെ തെളിവാണ്.

1997മുതൽ ലുംബിനി യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. നിരവധി ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇന്ന് ഇവിടെ കാണപ്പെടുന്നു.

സൊനൗലിയിൽ നിന്ന് 26 കിലോമീറ്ററും റക്സോളിൽ നിന്ന് ഏകദേശം 230 കിലോമീറ്ററും ലുംബിനിയിലേക്കുണ്ട്.

കാഠ്മണ്ഡുവാണ് നേപ്പാളിൻ്റെ തലസ്ഥാനമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവിടെയാണ് യോദ്ധാ സിനിമയിലെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. 

കാഠ്മണ്ഡു

നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു (Kathmandu) . മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 മീറ്റർ (4,600 ft) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ദർബാർ ചത്വരത്തിലെ "കാഷ്ഠമണ്ഡപം" എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ(काष्ठ) എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിയിൽ തീർത്ത മണ്ഡപം. കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ മാത്രം നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി എവിടെയും ഉപയോഗിച്ചിട്ടില്ല.

സ്വയംഭൂനാഥ്

(സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം അഥവാ Swoyambhunath Monkey Temple)

നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമാണ് (Swoyambhu Mahachaitya). സ്വയംഭൂനാഥ ക്ഷേത്രം, സ്വയംഭൂനാഥ സ്തൂപം, അനവധി ചെറുക്ഷേത്രങ്ങൾ തുടങിയവ കൂടിച്ചേർന്നതാണ് സ്വയംഭൂനാഥ്. സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായ് അതിവസിക്കുന്ന വാനരന്മാർ
മൂലമാണ് ക്ഷേത്രത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. കുരങ്ങന്മാരെ ഇവിടെ പവിത്രമായ ജീവിയായാണ് കണക്കാക്കുന്നത്. ഇവിടെയാണ് യോദ്ധ സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

നേപ്പാളിലെ വളരെ പഴക്കംചെന്ന ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സ്വയംഭൂനാഥ്. ഗോപാലരാജവംശാവലിയിൽ പറയുന്നതനുസരിച്ച്, നേപ്പാൾ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹൻ വൃഷദേവൻ 5-ആം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ സ്ഥലം. സ്വയംഭൂനാഥിലെ സ്തൂപം ഒരു വെളുത്ത അർധകുംഭകത്തിന്മേലാണുള്ളത്. അർധകുംഭകത്തിന്റെ മുകളിൽ ഘനാകാരമുള്ള സ്തൂപത്തിൽ നാലുദിക്കിലേക്കും ദർശനമായി, ഭഗവാൻ ബുദ്ധന്റെ നേത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

പശുപതിനാഥ ക്ഷേത്രം (Pashupatinath Temple)

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതി നദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്. നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രിസ്തു വർഷം 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം (പശൂനാം പതി = പശുപതി; പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇന്ത്യയിലെ വാരാണാസിയിലെ കാഴ്ചകൾക്ക് തുല്യമാണിവിടം. പശുപതിനാഥ് ക്ഷേത്രത്തിൻറെ പിറകിൽ കൂടി ഒഴുകുന്ന ഭാഗ്മതി നദിയുടെ ഇരുകരകളിലായി മരിച്ചവരെ ദഹിപ്പിക്കുന്നത് കാണാം. അർദ്ധ നഗ്നരായ അഘോരി സന്യാസികളും ഇവിടത്തെ കാഴ്ചയാണ്.

ചന്ദ്രഗിരി ഹിൽ (Chandragiri Hills)
തങ്കോട്ടിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ചന്ദ്രഗിരി ഹിൽ (Chandragiri Hills), സമുദ്രനിരപ്പിൽ നിന്നും 2551 മീറ്റർ ഉയരമുള്ള കാഠ്മണ്ഡു താഴ്വരയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കിടക്കുന്നത്. ഹിന്ദു, ബുദ്ധ മതങ്ങളുമായി ഈ മലനിരകൾ ബന്ധപ്പെട്ടിരിക്കുന്നു. അന്നപൂർണ്ണ മുതൽ എവറസ്റ്റ് വരെയുള്ള ഹിമാലയൻ മലനിരകൾ കാഠ്മണ്ഡു താഴ്വരയുടെയും ഹിമാലയൻ 
പർവതങ്ങളുടെയും മനോഹര ദൃശ്യം ഇവിടെ കാണാം. കാഠ്മണ്ഡുവിലെ നാല് പാസുകളിൽ ഒന്നാണ് ചന്ദ്രഗിരി ഹിൽ. ശിവന്റെ ഭാലേശ്വർ മഹാദേവക്ഷേത്രം കുന്നിൻമുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡു വാലിക്ക് അടുത്തായി തുറന്ന ട്രെക്കിങ്ങ് പാതകാണപ്പെടുന്നു. അടുത്തകാലത്ത് ആരംഭിച്ച ചന്ദ്രഗിരി ഹൈക്കിംഗ് ട്രെയ്ൽ. കേബിൾ കാർ എന്നീ ഗതാഗത സൌകര്യം ലഭ്യമാണ്.

ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം (Tribhuvan International Airport)

നേപ്പാളിലെ കാഠ്മണ്ഡുവിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം. 

കാഠ്മണ്ഡുവിലേക്ക് വിമാന മാർഗ്ഗം പോകാൻ ആഗ്രഹിക്കുന്നവർ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. വിമാന മാർഗ്ഗം പോകുന്നുണ്ടെങ്കിലും ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് ആവശ്യമില്ല. മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ആധാർ കാർഡോ വോട്ടർ ഐഡി കാർഡോ മതിയാകും.

കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (Kathmandu Durbar Square)
യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിച്ച നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നാണ്   കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (Basantapur Darbar Kshetra) ഇത് കാഠ്മണ്ഡു കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായി സ്ഥിതിചെയ്യുന്നു. ഈ നഗരം മുഴുവൻ ഭരിച്ചിരുന്ന, മാള, ഷാഹ് രാജാക്കന്മാരുടെ കൊട്ടാരം അടങ്ങുന്ന സ്ഥലമാണ് ദർബാർ സ്ക്വൊയർ. ഈ പ്രദേശത്തേയും ഉൾപ്പെടുത്തിയിട്ടുള്ള ചതുരം ചതുർഭുജ രീതിയിലാണ്, അവിടെ ക്ഷേത്രങ്ങളും, മുറ്റവുമുണ്ട്. ഇത്, ശ്രീരാമന്റെ ഭക്തനായ ഹനുമാനിനെ പ്രതിഷ്ടയായി വച്ചിരിക്കുന്ന, ഹനുമാൻ ദോക്ക ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു. പാലസ്സിന്റെ മുന്നിലായി ഈ ചതുരം സ്ഥിതിചെയ്യുന്നു.

ഭക്തപൂർ ദർബാർ സ്ക്വയർ (Bhaktapur Durbar Square)

ഭക്തപൂർ കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായുള്ള ഒരു വിപണിസ്ഥലമാണ് ഭക്തപൂർ ദർബാർ സ്ക്വയർ. ഇത് സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നുകൂടിയാണ് ഇത്, അവ് മൂന്നും യുനെസ്കോയുടെ പൈതൃക സ്ഥാനം നേടിയവയാണ്. ബോദ്ഗോവൻ എന്നറിയപ്പെടുന്ന ഭഗത്പൂർ നഗരത്തിൽ തന്നെയാണ് ഭക്തപൂർ ദർബാർ സ്ക്വയർ സ്ഥിതിചെയ്യുന്നത്.

കാഠ്മണ്ഡുവിന്റെ കിഴക്ക് 13 കിലോമീറ്റർ വരെ ഈ ദർബാർ സ്ക്വൊയർ വ്യാപിച്ചുകിടക്കുന്നു. ഈ ചതുരത്തിന് ഉപചതുരങ്ങളായി നാല് ചതുരങ്ങൾ കൂടിയുണ്ട് (ദർബാർ സ്ക്വൊയർ, തോമദി സ്ക്വൊയർ, ദറ്റാത്രേയ സ്ക്വൊയർ, പോട്ടെറി സ്ക്വൊയർ) അവയടങ്ങുന്ന മുഴുവൻ പ്രദേശത്തെ ബഗത്ത്പൂർ ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു, കൂടാതെ ഇതുതന്നെയാണ് കാഠ്മണ്ഡു താഴ്വരയിൽ ഏറ്റവും സന്ദർശകരുള്ള ഒരു ഇടം.

55 ജനാലകളുള്ള കൊട്ടാരം
എ.ഡി 1427-ൽ ഭരിച്ചിരുന്ന യക്ഷ മാള എന്ന രാജാവിന്റെ കാലത്താണ്  55 ജനാലകളുള്ള കൊട്ടാരം നിർമ്മിക്കപ്പെടുന്നത്,  ഇതിനെ 17-ാം നൂറ്റാണ്ടിലെ ബൂപതിന്ദ്ര മാളയുടെ കാലത്ത് പുനഃനിർമ്മിക്കുകയും ചെയ്തു. മതിൽക്കെട്ടുകൾക്കപ്പുറമുള്ള, ശ്രേഷ്ഠമായ ശിലാ നിർമ്മാണങ്ങളുടെ ആലേഖന രീതിയും, 55 ജനാലകളുള്ള ബാൽക്കണിയും, അതുല്യമായ മരപ്പണിയിലെ മാസ്റ്റർപീസുകളായി അറിയപ്പെടുന്നു.
സ്വർണ്ണപ്പടിവാതിൽ 

ബഗത്പൂരിലെ ലോകപ്രശ്തമായ സ്വർണ്ണപ്പടിവാതിൽ.
ലോകത്തിൽവച്ച്  വളരെ മനോഹരമായതും,അത്യധികം വിലപിടിപ്പുള്ള വസ്തുക്കളാൽ നിർമ്മിതവുമായ ഒരു പടിവാതിലാണ്  ലു ദോവ്ക്ക (സ്വർണ്ണപ്പടിവാതിൽ. ഈ പടിവാതിലിൽ ഹിന്ദു മതത്തിലെ ദേവതകളായ കാളിയേയും, ഗരുഡനേയും പ്രതിഷ്ടിച്ചിരിക്കുന്നു, കൂടാതെ രണ്ട് ജലകന്യകകളും ഇവിടെയുണ്ട്. ഈ പടിവാതിലിനെ രാക്ഷസന്മാരെകൊണ്ടും, ഹിന്ദു മതത്തിലെ വിശ്വാസപരമായ സങ്കീർണത നിറഞ്ഞ ജീവികളെകൊണ്ടും അലങ്കരിച്ചിരിക്കുന്നു. ഇംഗ്ലീഷ് കലാനിരൂപകനും, ചരിത്രകാരനുമായ പേഴ്സി ബ്രൗൺ ഈ സ്വർണ്ണപടിവാതിലിനെക്കുറിച്ച് പറഞ്ഞതിതാണ്, "ഈ മുഴുവൻ രാജ്യത്തിലേയും കലയിലെ ഏറ്റവും ശ്രേഷ്ഠമായ ഒന്ന് ; എണ്ണിതിട്ടപ്പെടുത്തനാവാത്ത വിധമുള്ള ഭംഗിയാർന്ന മുഖങ്ങളുടെ നിരകൾ, അതിന്റെ പിന്നിലെ പശ്ചാത്തലത്താൽ ഒരു രത്നംപോലെ തിളങ്ങുന്നു." ഈ പടിവാതിൽ നിർമ്മിച്ചത് രഞ്ജിത്ത് മാള രാജാവായിരുന്നു, കൂടാതെ ഇത് 55 ജനാലകളുള്ള കൊട്ടാരത്തിന്റെ മുറ്റത്തേക്കുള്ള വഴിയുമാണ്.


സിംഹപ്പടിവാതിൽ
ഇത്തരം അത്ഭുതപരമായ രീതിശാസ്ത്രത്തോടുകൂടിയ പടിവാതിലുകളുടെ നിർമ്മാണം നടത്തിയത് കൈവേലക്കാരായിരുന്നു, എന്നാൽ ബഗദോൺ രാജാവ് അവരുടെ കൈകളെല്ലാം വെട്ടിമാറ്റിയതിനാൽ വീണ്ടും അത്തരം ശ്രേഷ്ഠമായ മാസ്റ്റർപീസുകൾ ഉണ്ടായതേയില്ല.



നാഗർകോട്ട് 
മധ്യ നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയുടെ അരികിലുള്ള ഒരു ഗ്രാമമാണ് നാഗർകോട്ട്.  വടക്കുകിഴക്ക് എവറസ്റ്റ് ഉൾപ്പെടെയുള്ള ഹിമാലയത്തിൻ്റെ കാഴ്ചകൾക്ക് ഇത് അറിയപ്പെടുന്നു, ഇത് സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും പ്രത്യേകിച്ചും ശ്രദ്ധേയമാണ്.  ചുറ്റുപാടുമുള്ള സ്‌ക്രബ്‌ലാൻഡ് പാതകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ നിരവധി ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രവുമാണ്.  പടിഞ്ഞാറ് ഭാഗത്തായി വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന പുരാതന പഗോഡ ശൈലിയിലുള്ള ചംഗുനാരായണ ക്ഷേത്രവും ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ്.

ഇങ്ങനെ നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ കാഴ്ചകൾ മാത്രമാണ് ഈ ലേഖനത്തിൽ പറഞ്ഞു വെച്ചിരിക്കുന്നത്. നേപ്പാൾ എന്ന രാജ്യത്ത് മനോഹരമായ മറ്റു സ്ഥലങ്ങളും ഉണ്ട്. 

സിം കാർഡ് 
ഇന്ത്യൻ സിം കാർഡ് അതിർത്തി കടക്കുമ്പോൾ തന്നെ നിശ്ചലമാകും. അല്ലെങ്കിൽ പോകും മുമ്പ് ഇന്റർനാഷണൽ റോമിങ്ങ് ഉപയോഗിക്കുന്നതിലേക്കായി റീചാർജ് ചെയ്യേണ്ടതായി വരും. അതിന് ഉയർന്ന നിരക്കുമാണ്. അതിനേക്കാൾ സൗകര്യം അതിർത്തിയിൽ തന്നെ അല്ലെങ്കിൽ വിമാനത്താവളത്തിൽ നിന്ന് ആധാർ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് എന്നിവ നൽകി Ncell എന്ന കമ്പനിയുടെ സിം കാർഡ് എടുക്കാവുന്നതാണ്. 350 ഇന്ത്യൻ രൂപ നൽകിയാൽ 5 ദിവസത്തേക്ക് 5 ജി.ബി ഡാറ്റയും Ncell ലേക്ക് സൗജന്യമായും വിളിക്കാവുന്നതാണ്.

താമസം

നേപ്പാളിൻ്റെ ഹൃദയ ഭാഗമെന്നറിയപ്പെടുന്ന തമേലിൽ ഒരുപാട് ഹോട്ടലുകളുണ്ട്. 1200 നേപ്പാളി രൂപ മുതൽ മുകളിലോട്ട് ഡബിൾ റൂം ലഭിക്കും. പക്ഷെ ഭക്ഷണം കഴിക്കാനുള്ള ഹോട്ടൽ മുഴുവനും മുന്തിയ വിലയിൽ ഭക്ഷണം വിളമ്പുന്നവയാണ്. കുറച്ചുള്ളിലോട്ട് പോയാൽ ബനിയാത്തർ എന്ന സ്ഥലത്ത് ഹോട്ടൽ സാറാസ് ബാക്ക്പാക്കേർസ് (Hotel Sara's Backpackers (P) Ltd.)** എന്നൊരു ചെറിയൊരു ഹോട്ടലുണ്ട്. അവിടെ 350 നേപ്പാളി രൂപയ്ക്ക് ഡോർമെറ്ററി സൗകര്യവും 800 നേപ്പാളി രൂപയ്ക്ക് സിംഗിൾ റൂമും 1200 നേപ്പാളി രൂപയ്ക്ക് ഡബിൾ റൂമും ലഭിക്കും. അതിന്റെ പരിസരങ്ങളിലായി നിരവധി ചെറിയ ചെറിയ ഹോട്ടലുകൾ ഉണ്ട്. പൊതുവേ ഇവിടങ്ങളിൽ ഭക്ഷണത്തിന് പൈസയും കുറവാണ്.

ഇൻ ഡ്രൈവ് (InDrive)

ഇൻ ഡ്രൈവ് (InDrive) എന്നൊരു ആപ്പ് ഡൗൺലോഡ് ചെയ്‌താൽ ബൈക്ക് ടാക്സിയോ, കാറോ ബുക്ക് ചെയ്യാവുന്നതാണ്. ഇഷ്ടം പോലെ ബസ്സുകളും ഷെയർ ടാക്‌സികളും ലഭ്യമാണ്.

എവിടെ പോയാലും കാശ് കൊടുക്കുമ്പോൾ നേപ്പാളി രൂപയാണോ ഇന്ത്യൻ രൂപയാണോ എന്ന് ചോദിച്ചു ഉറപ്പുവരുത്തുക. കാരണം മിക്ക സ്ഥലങ്ങളിലും ഈ രണ്ടു പൈസയും എടുക്കും. പ്രത്യേകിച്ച് ടൂറിസ്റ്റ് സ്ഥലങ്ങളിലും ടാക്സികളിലും. ഇന്ത്യയുടെ ഒരു രൂപ 1.6 നേപ്പാളി രൂപയാണ്***. മറ്റൊരു കാര്യം ഇന്ത്യയിൽ നിന്ന് നേരിട്ട് പൈസ അയക്കാൻ സാങ്കേതികമായ ബുദ്ധിമുട്ടുള്ളതിനാലും ഇന്ത്യൻ ബാങ്കിൻറെ എ.ടി.എം എല്ലാ സ്ഥലങ്ങളിലും എടുക്കണമെന്ന് നിർബന്ധവുമില്ല. എടുത്താൽ തന്നെ ഭീമമായ തുകയാണ് പൈസ പിൻവലിക്കുമ്പോൾ ഈടാക്കുന്നത്. പരമാവധി കയ്യിൽ ഇന്ത്യൻ രൂപ കരുതിയാൽ നേപ്പാളിൽ എവിടെ നിന്ന് വേണമെങ്കിലും നേപ്പാളി രൂപയായി മാറാവുന്നതാണ്. അല്ലെങ്കിൽ നേപ്പാളി രൂപയ്ക്ക് സമാനമായ തുക ഇന്ത്യൻ രൂപയായി നൽകാവുന്നതാണ്.

ട്രെയിൻ വഴി സാധാരണ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തു പോകുന്നവർക്ക് പോകാനും വരാനും നേപ്പാളിൽ 5 ദിവസം ചിലവഴിക്കാനും ഏകദേശം 12000 ഇന്ത്യൻ രൂപ മതിയാകും.

©മോഹൻദാസ് വയലാംകുഴി

(According to the 2023 Passport Index by Henley & Partners, Indian passport holders can now travel to 57 countries without facing visa issues. This list includes countries offering visa-free travel, visa-on-arrival services, and electronic travel authorization.)

** Hotel Sara's Backpackers (P) Ltd. - +9779851207616, +9779849046752 (WhatsApp & Call Availbale)

*** INR to NPR Convertor


Location Reference: Wikipedia


#nepal #kathmandu #tourist #yoddha #rimbochi #lama #everest #himalaya #visafree #MohandasVayalamkuzhy #Buddha #DalaiLama #Mohanlal #jagathysreekumar #madhoo #urvashi

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... നമ്മുടെ മുന്നിൽ കളിച്ചു ചിരിച്ചു ന...