ഹായ്... എന്തുണ്ട്... ഒമ്പത് വർഷമായി കണ്ടിട്ട്...
അതെ... നിങ്ങൾ വോട്ട് ചെയ്തോ? ഇപ്പോൾ എന്താ പരിപാടി...?
ഹാ... നാട്ടിൽ തന്നെ ഉണ്ട്...
നീ...
ഞാൻ ഇവിടെ വീടെടുത്തു... ഹസ്ബൻഡ് യു.കെയിൽ തന്നെയാണ്. ഞാനിവിടെ ഒരു ഓഫീസിൽ ജോലിക്ക് പോകുന്നു...
മക്കൾ..?
രണ്ടുപേരും ഇവിടെ പഠിക്കുന്നുണ്ട്...
'അമ്മ ഇടയ്ക്ക് നോക്കി ചിരിച്ചു... ഞാനും ചിരിച്ചു...
എങ്കിൽ ശരി... ഞാൻ ഇറങ്ങട്ടെ...
അവൾ ചിരിച്ചു തലയാട്ടി...
മുഖത്ത് നല്ല ചുളിവുകൾ വീണിട്ടുണ്ട്... ശരിയാണ്... ഞാൻ ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങി ജോലിക്ക് കയറിയ സമയമാണ് കഥ നടക്കുന്നത്... ഏകദേശം പത്തുപതിനേഴു കൊല്ലം മുമ്പ്...
ഫ്‌ളാഷ് ബാക്ക്....
ഞാൻ മംഗലാപുരത്ത് ജോലി ചെയ്യുന്ന സമയം... കൂടെ പഠിച്ചവരൊക്കെ മംഗലാപുരത്ത് പല കോളേജുകളിലായി പി.ജിക്ക് ചേർന്നിട്ടുണ്ട്. എനിക്ക് ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടിയതുകൊണ്ട് പിന്നെ പഠിക്കാൻ പോയില്ല. അല്ലേലും ഡിഗ്രി തന്നെ കഷ്ടിച്ച് സപ്ലിയൊക്കെ എഴുതി ജയിച്ച എനിക്ക് തുടർന്ന് പഠിക്കാൻ തീരെ താത്പര്യവും ഇല്ലായിരുന്നു. പിന്നെ ഡിഗ്രി കഴിഞ്ഞയുടനെ നല്ലൊരു ജോലി കിട്ടിയതുകൊണ്ട് വീട്ടുകാരും തുടർപഠനത്തെക്കുറിച്ചു മിണ്ടിയില്ല.
മംഗലാപുരത്ത് തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥി റായിക്കൊപ്പം ഒഴിവു ദിവസങ്ങളിൽ കറങ്ങവെയാണ് ജസ്റ്റിൻ കടവിൽ എന്ന ജെ.കെ ഞങ്ങളുടെ സൗഹൃദവലയത്തിലേക്കെത്തുന്നത്. ഞങ്ങൾ മൂന്നുപേരും മൂന്ന് മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴും സ്ഥിരമായി വൈകുന്നേരവും ആഴ്ചയിൽ ഒരിക്കലും കണ്ടുമുട്ടുകയും ഒരുപാടുനേരം സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. എനിക്കും അതിഥിക്കും മറ്റു സൗഹൃദങ്ങൾ കുറവായിരുന്നു. ജെ.കെയ്ക്ക് അലോഷ്യസ് കോളേജിൽ പഠിക്കുന്നൊരു കുട്ടി സുഹൃത്തായി ഉണ്ടെന്നൊക്കെ ഒരു പ്രാവശ്യം പറഞ്ഞിരുന്നു. വളരെ നാളുകൾക്കുശേഷമാണ് ജെ.കെ നമ്മളുമായി ശരിക്കും അടുക്കുന്നതുതന്നെ. ഒരുദിവസം ഞങ്ങൾ മൂന്ന് പേരും വൈകുന്നേരം ഒരു റസ്റ്ററന്റിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തുവന്നു. താര. താരാ ഗോപിനാഥ്. ജെ.കെയുടെ സുഹൃത്താണ് ഒരേ നാട്ടുകാരാണെന്നൊക്കെ പരിചയപ്പെടുത്തി.
ഇടയ്ക്ക് ഞങ്ങൾ മൂന്നുപേരും അടുത്തുള്ള കഫെയിൽ വൈകുന്നേരം കൂടുമ്പോൾ താരയും കയറിവരാൻ തുടങ്ങിയിരുന്നു. എങ്കിലും അതിഥിക്കൊരു സംശയം. അവളെന്നോട് ചോദിക്കുകയും ചെയ്തു. ജെ.കെയും താരയും തമ്മിൽ സൗഹൃദത്തിനുമപ്പുറം എന്തോ ഉണ്ട്. പഠിക്കുന്ന കുട്ടിയാണ്. ഞങ്ങളുടെ മൂന്നുപേരുടെയും വീട്ടുകാർക്ക് തമ്മിൽ അറിയാം. പക്ഷെ, താരയുടെ വീടുമായി ജെ.കെയ്ക്ക് പോലും കണക്ഷനില്ല. ഇത് പണിയാവാൻ സാധ്യതയുണ്ട്. ഞങൾ മൂന്നുപേരും മാത്രമുള്ളൊരു ദിവസം ഞാനും അതിഥിയും ചേർന്ന് ജെ.കെയോട് താരയുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ചു. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ജെ.കെ തുറന്നു പറഞ്ഞു. പിറ്റേന്ന് തന്നെ താരയുമായി ഞങ്ങൾ ഒരുമിച്ചിരുന്നു. താരയോടും ചോദിച്ചപ്പോൾ ജെ.കെയുമായുള്ള ഇഷ്ടം തുറന്നു പറഞ്ഞു. നിങ്ങൾ രണ്ടു മതത്തിലുള്ളവരാണ്, എന്ത് സംഭവിച്ചാലും കല്യാണം കഴിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഈ ബന്ധവുമായി മുന്നോട്ട് പോയാൽ മതി. അല്ലെങ്കിൽ വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞു പ്രശ്നം വഷളായാൽ എല്ലാവരും നാറും. ചീത്തപ്പേരും വരും. അതുകൊണ്ടുതന്നെ രണ്ടുപേരും നന്നായി ആലോചിച്ചു മാത്രം ഈ ബന്ധവുമായി മുന്നോട്ട് പോയാൽ മതി, അതുമല്ലെങ്കിൽ ഞങ്ങളുടെ കമ്പനിയിൽ നിന്നും രണ്ടുപേരും പുറത്തുപോകുന്നതാണ് നല്ലതെന്നും ഞങ്ങൾ തറപ്പിച്ചു പറഞ്ഞു. ഞങ്ങൾക്ക് ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞു രണ്ടുപേരും പിരിഞ്ഞു.
രണ്ടുമൂന്നു ദിവസം ഞങ്ങളെല്ലാം നല്ല തിരക്കിൽ ആയതുകൊണ്ട് ഒത്തുകൂടാനും പറ്റിയില്ല. അഞ്ചാമത്തെ ദിവസം ജെ.കെ. ഉച്ചയ്ക്ക് വിളിച്ചു, വൈകുനേരം നിർബന്ധമായും കാണണമെന്നും അതിഥിയെ കൂട്ടാതെ വരണമെന്നുമൊക്കെ പറഞ്ഞു ഫോൺ വെച്ചു.
വൈകുന്നേരം സ്ഥിരം കൂടാറുള്ള കഫെ ഒഴിവാക്കി ഹംബനകട്ടയിലെ പബ്ബിൽ കയറി. ജെ.കെ പതിവിൽ കൂടുതൽ മദ്യം കഴിച്ചു. എനിക്ക് രാത്രി മറ്റൊരു പാർട്ടിക്ക് പോകേണ്ടതിനാൽ ഒരു ഗ്ളാസ് ബിയറിൽ ഒതുക്കി. ജെ.കെ. കരഞ്ഞു തുടങ്ങി. മദ്യപിച്ചാൽ ജെ.കെ ഇമോഷണൽ ആകും. എന്നെ കെട്ടിപിടിച്ചു കരഞ്ഞു താരയെ മറക്കാൻ പറ്റില്ലെന്നുമൊക്കെ പറഞ്ഞു കരച്ചിലായി. ഉടനെ അതിഥിയെ ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. ജെ.കെ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ അതിഥി നാളെ നേരിൽ കാണാമെന്ന് പറഞ്ഞു ഫോൺ കട്ടുചെയ്തു.
പിറ്റേന്ന് ഞാനും അതിഥിയും വൈകുന്നേരം ജെ.കെയെ കുറേനേരം കാത്തിരുന്നു.ഫോണിൽ വിളിച്ചു കിട്ടിയതുമില്ല. താര വീട്ടിൽ പോയിട്ടുമുണ്ട്. രണ്ടു ദിവസം കഴിഞ്ഞു ഞാനും അതിഥിയും ജെ.കെയെ ഓഫീസിൽ പോയി കയ്യോടെ പിടിച്ചു. മദ്യപിച്ചു ഓവറായി ഫോണിൽ സംസാരിച്ചത് നാണക്കേടായിപ്പോയതുകൊണ്ടാണ് രണ്ടുദിവസം മുങ്ങി നടന്നതെന്ന് ജെ.കെ പറഞ്ഞു. ഞങ്ങൾ അതിനെക്കുറിച്ചു ചോദിച്ചതുമില്ല. താരയെ മറക്കാൻ കഴിയില്ല, അവളെ മാത്രമേ കെട്ടുകയുള്ളൂ, ജീവൻ പോയാലും അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു ഞങ്ങളുടെ കൈ പിടിച്ചു സത്യം ചെയ്തു.
അങ്ങനെ ഫോണില്ലാത്ത താരയ്ക്ക് ജെ.കെ ഫോൺ വാങ്ങി കൊടുത്തു. പിന്നീട് മിക്കപ്പോഴും ഞങ്ങളുടെ കൂടികാഴ്ചകളിൽ താരയും ഉണ്ടാകും. ആയിടയ്ക്കാണ് അതിഥി മുംബൈയ്ക്ക് ട്രെയിനിങ്ങിന് പോയത്. ജെ.കെയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് ഓഫറും വന്നു. മാനേജർ പോസ്റ്റാണ്. സാലറിയും കൂടുതലുണ്ട്. ഞങ്ങളുടെ ഒത്തുചേരലുകൾ കുറഞ്ഞു വന്നു. ഇടയ്ക്ക് വല്ലപ്പോഴും കണ്ടാലായി. എല്ലാവരും തിരക്കാണ്. ഞാൻ ഇടയ്ക്ക് സമയം കിട്ടുമ്പോൾ അതിഥിയുടെ ഓഫീസിലും ജെ.കെയുടെ ഓഫീസിലും മാറിമാറി പോയി കാണും.
അതിനിടയ്ക്ക് ഒരുദിവസം ഉച്ചയ്ക്ക് ജെ.കെയുടെ കോൾ വന്നു. താരയുടെ വീട്ടിൽ ഫോൺ പിടിച്ചെന്നും കാണാൻ പോലും പറ്റാത്ത അവസ്ഥയാണെന്നുമൊക്കെ പറഞ്ഞു. പിറ്റേന്ന് ഞാൻ ജെ.കെയെ കൂട്ടി അലോഷ്യസിന്റെ മുന്നിലുള്ള ജോസഫേട്ടന്റെ കൂൾ ബാറിൽ ഇരുത്തി താരയെ ക്ലാസിൽ നിന്ന് ടീച്ചറിനോട് അരമണിക്കൂർ പെർമിഷൻ വാങ്ങി ജോസഫേട്ടന്റെ കടയിലേക്ക് കൂട്ടിവന്നു. ഇടയ്ക്ക് ഇങ്ങനെ കാണാമെന്നും മറ്റൊരു ഫോൺ അത്യാവശ്യ സമയത്ത് വിളിക്കാനും നൽകി ജെ.കെ പോയി. ഞാൻ താരയെ തിരികെ ക്ലാസ്സിൽ വിട്ടു മടങ്ങി.
താര നല്ലൊരു ആർട്ടിസ്റ്റായിരുന്നു. ഇടയ്ക്കവൾ ഹമ്പനക്കട്ടയിലെ ഓർക്കിഡ് ആർട്ട് ഗാലറിയിൽ തൻറെ പെയിന്റിങ്ങുകൾ പ്രദർശനത്തിന് വയ്ക്കുകയും, വിൽപ്പനയ്ക്ക് വയ്ക്കുകയും ചെയ്തിരുന്നു.
ആയിടയ്ക്ക് ഞാൻ ജോലി രാജിവെച്ചു വീട്ടിൽ കുറേകാലം വെറുതെയിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ജെ.കെയെ ഫ്ലാറ്റിൽ പോയി കാണും. മിക്കപ്പോഴും ഞായറാഴ്ചകളിൽ വിളിക്കുമ്പോൾ ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരിക്കും. പിന്നീടാണ് മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞത് ജെ.കെയുടെ പുതിയ കമ്പനിയിലെ ഒരു പെൺകുട്ടിയുമായി ഫുൾ ടൈം കറക്കമാണെന്നും താരയുമായി ഉടക്കിയെന്നൊക്കെ. ഇടയ്ക്ക് ജെ.കെയെ കണ്ടപ്പോൾ ചോദിച്ചു. ഒഫീഷ്യൽ കാര്യത്തിന് ഒരുമിച്ചു പോകാറുണ്ടെന്നും ആളുകൾ ചുമ്മാ ഗോസിപ്പ് പറയുന്നതെന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഊട്ടിയിൽ നിന്ന് ഒരു സുഹൃത്ത് കണ്ടതായി വിളിച്ചു പറഞ്ഞു. ഇതൊക്കെയും താരയും എങ്ങനെയോ അറിഞ്ഞു. താര ഡിഗ്രി കഴിഞ്ഞു പി.ജിക്ക് ചേരാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴാണ് ഇതൊക്കെ അറിയുന്നത്. അവൾ ഇടയ്ക്ക് എന്നെ വിളിച്ചു കരയുകയും അവനില്ലെങ്കിൽ ചത്തുകളയുമെന്നൊക്കെ പറഞ്ഞു. ഒടുവിൽ താരയുടെ ശല്യം സഹിക്ക വയ്യാതെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്, ഞാൻ നിന്നെ കെട്ടിക്കോളാമെന്നൊക്കെ പറഞ്ഞപ്പോൾ താരയാകെ തകർന്നുപോയി. അതുവരെ കൂടപ്പിറപ്പുകളെപോലെ നടന്നവരായിരുന്നു ഞങ്ങൾ രണ്ടുപേരും. മാത്രവുമല്ല, സുഹൃത്തിൻറെ ജീവിത സഖി ആകാൻ പോകുന്നവളും.
താര പിന്നീട് വിളിച്ചില്ല. കുറേ ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ജെ.കെ. അത്താവാറിലെ ഒരു ബാറിലേക്ക് വിളിച്ചു. ഞാൻ പോയപ്പോൾ എൻറെ താരയെ നീ കള്ളം പറഞ്ഞു അകറ്റി, അവളെ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്തതെന്നും പറഞ്ഞു കുറെ അടിച്ചു. കുറച്ചു ദിവസം ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. താര ഇതറിഞ്ഞു വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല.
പിന്നീട് ഞാൻ കൽക്കട്ടയിലേക്ക് പോയി. ഇടയ്ക്കെപ്പോഴോ നാട്ടിൽ വന്നപ്പോൾ അമ്പലത്തിൽ വെച്ച് താരയെ കണ്ടു. അമ്മയ്‌ക്കൊപ്പമുള്ളതുകൊണ്ട് ഒന്നും ചോദിച്ചില്ല. പക്ഷെ കണ്ണൊക്കെ കുഴിഞ്ഞു, വിളറിയ മുഖവുമായി വല്ലാത്തൊരവസ്ഥയിലായിരുന്നു. പിന്നീടിന്നോ ഒരുനാൾ ഫോൺ വിളിച്ചു പി.ജിക്ക് ചേർന്നു, ഇപ്പോൾ ഹാപ്പിയാണ് എന്നൊക്കെ പറഞ്ഞു വെച്ചു. പിനീട് ഞങ്ങളാരും കണ്ടില്ല. അതിഥി കല്യാണം കഴിഞ്ഞു കാനഡയിൽ പോയി സെറ്റിലായി. ജെ.കെ ബാംഗ്ലൂരിലേക്ക് പോയിന്നൊക്കെ ആരോ പറഞ്ഞു. ഓർക്കിഡ് ആർട്ട് ഗാലറിയിൽ ഒരുദിവസം പോയപ്പോൾ താരയുടെ പഴയ ഒന്ന് രണ്ടു പെയിന്റിങ്ങുകൾ കണ്ടു. താര ഇപ്പോൾ അങ്ങോട്ട് വരാറില്ലെന്ന് അതിൻറെ ഓണർ ഡിസൂസ സാർ പറഞ്ഞു.
നാലഞ്ചുകൊല്ലത്തെ കൽക്കട്ട വാസം മടുത്തപ്പോൾ ഞാൻ നേരെ യൂ.കെയിലേക്ക് പി.ജി ചെയ്യാൻ പോയി. വീക്കെന്റിലൊരുദിവസം യു.കെയിലുള്ള അതിഥിയുടെ കസിൻ എന്നെ കൂട്ടി ഒരു സ്ഥലം വരെ കൊണ്ടുപോയി. മനോഹരമായ പച്ചപ്പ് നിറഞ്ഞ ഒരൊറ്റപ്പെട്ടു നിൽക്കുന്ന വീട്ടിലേക്ക്. ഞങ്ങൾ കാറിൽ നിന്നിറങ്ങുമ്പോൾ സുമുഖനായൊരു ചെറുപ്പക്കാരനും കൈപിടിച്ചൊരു കുഞ്ഞും ഞങ്ങളെ സ്വീകരിക്കാനെത്തി. ശ്രീ എന്ന് സ്വയം പരിചയപ്പെടുത്തി. ഞങ്ങളിരുന്നു സംസാരിക്കുന്നതിനിടെ ചായയുമായി ശ്രീയുടെ ഭാര്യ വന്നു. കുട്ടിയുമായി കളിച്ചിരുന്ന ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ചായ എൻറെ അടുത്തേക്ക് നീട്ടുമ്പോഴാണ് ഞാൻ ആളിനെ ശ്രദ്ധിച്ചത്. മൈ ഗോഡ്... താര.
ഞങ്ങൾ പരസ്പരം ചിരിച്ചെന്നു വരുത്തി. ശ്രീ പറഞ്ഞു, നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടാകുമല്ലേ എന്ന്. ഒന്ന് രണ്ടു തവണ ക്ഷേത്രത്തിവെച്ചു കണ്ടിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. പിന്നീട് ഞങ്ങളധികം സംസാരിച്ചില്ല. ജോലിയുണ്ടെന്ന് പറഞ്ഞു താര അടുക്കളയിലേക്ക് പോയി. കുറച്ചു നേരമിരുന്നു സംസാരിച്ചു. ഞങ്ങൾ പോകാൻ നേരത്ത് താര പുറത്തുവന്നു കൈവീശികാണിച്ചു യാത്രയാക്കി. പിന്നീടൊരിക്കലും അങ്ങോട്ട് പോയില്ല.
എൻറെ പി.ജി പഠനം പൂർത്തിയാക്കി ഞാൻ നാട്ടിലോട്ടു വന്നു.
ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ അവളെ വീണ്ടും കാണുന്നത്.
നാട്ടിൽ വന്നിട്ട് ഒമ്പത് കൊല്ലമായെന്ന് താരയെ കണ്ടപ്പോഴാണ് ഓർത്തത്...!!
മോഹൻദാസ് വയലാംകുഴി
#varshangalkkushesham #vote #electionstory #mangaluru #lovestory #story #life #MohandasVayalamkuzhy
No comments:
Post a Comment