Monday, 13 November 2017

കടിഞ്ഞാൺ വിട്ടുപോകുന്ന കുഞ്ഞുങ്ങൾ

വർഷാവർഷം ശിശുദിനവും ശിശു സൗഹൃദവും കൊണ്ടാടുമ്പോഴും കൗമാരത്തിലേക്ക് പോലും എത്തിയിട്ടില്ലാത്ത ആൺ പെൺ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ഏറ്റവും പുതിയ കാലത്തിൻറെ പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി നോക്കിയാലോ എന്ന ചിന്തയുടെ പുറത്താണ് ഇതെഴുതുന്നത്.

നേരിട്ട് കാര്യത്തിലേക്ക് കടക്കും മുമ്പ് ഒന്നുരണ്ട് കേസുകൾ ഓർമ്മവരുന്നത് കുറിക്കുന്നു :

രണ്ട് വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞു മോൾ. കൂട്ടിനൊരു കുഞ്ഞുവാവ വേണമെന്ന് അവൾ പലപ്പോഴും പറയുമെങ്കിലും കല്യാണം കഴിഞ്ഞ സമയത്തെ കൗതുകത്തിന് തോന്നിയ പരസ്പരമുള്ള ശരീരം പങ്കുവയ്ക്കലിലൂടെ കൈമാറിയ ബീജ സങ്കലനവും അതിലൂടെ നടന്ന രാസപ്രവർത്തനത്തിൻറെ ഫലമായി വളർന്ന ഭ്രൂണവും ഒരു ദിവസം മനുഷ്യരൂപത്തിൽ പൊക്കിൾ കൊടി ബന്ധം മുറിച്ചു സ്വാതന്ത്രമായപ്പോൾ ഒരു കുഞ്ഞു സുന്ദരിയായി മാലാഖകുട്ടിയായി അവർക്കിടയിൽ  നടന്നു. പരസ്പരം കുറ്റപ്പെടുത്തലും കണക്കുപറച്ചിലും ഈഗോയും കടന്നുകൂടിയപ്പോൾ മകൾക്കുമുന്നിൽ അഭിനയിക്കുന്ന രണ്ട് നല്ല അഭിനേതാക്കളായി അവർ ചുരുങ്ങാൻ തുടങ്ങി. മകളെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം ഒരുമിച്ചു ജീവിച്ചു മറ്റുള്ളവരുടെ മുന്നിൽ ബോധ്യപ്പെടുത്തുന്ന രണ്ട് ദമ്പതികൾ. ഇനിയൊരു കുഞ്ഞുവാവ അവൾക്ക് വേണമെങ്കിൽ ദിവ്യ ഗർഭം ധരിക്കേണ്ടി വരുമെന്ന് ആ പാവം കുഞ്ഞിനറിയുമോ...?

യുവതിയായിരുന്നു മായ നോർത്ത് ഇന്ത്യയിലെ വലിയൊരു സാമൂഹ്യ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്നു. ഭർത്താവ് ശ്രീധർ അവിടെയുള്ള കോളേജിൽ പ്രൊഫസറും. അവർക്ക് എട്ട് വയസ്സുള്ള ഒരു മകനുമുണ്ട്. പലപല കുഞ്ഞു പ്രശ്നങ്ങൾ കാരണം ഒരിക്കലും ഒത്ത്‌പോകില്ലെന്ന് മനസ്സിലാക്കിയപ്പോൾ മായ കുട്ടിയേയും കൂട്ടി നാട്ടിലേക്കു തിരിച്ചു പോന്നു. രണ്ടു മൂന്നു മാസം പിടിച്ചു നിന്ന ശ്രീധറിന് മകനെ കാണാതെ വയ്യെന്നായപ്പോൾ ജോലിയും രാജിവെച്ചു നാട്ടിലേക്ക് മടങ്ങിവന്നു. മായ ഇപ്പോൾ മെട്രോ നഗരത്തിൽ ജോലിയും നോക്കി ഒരു കുഞ്ഞു ഫ്ലാറ്റിൽ മറ്റൊരു വനിതാ സുഹൃത്തിൻറെ കൂടെ താമസിക്കുന്നു. എല്ലാ വാരാന്ത്യത്തിലും ഭർത്താവിൻറെ വീട്ടിൽ പോയി ഒരേമുറിയിൽ രണ്ടു കട്ടിലിൽ കിടന്നുറങ്ങി തിരിച്ചു വരുമ്പോൾ കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി അവർ സ്വന്തം മകനുമുന്നിൽ, രണ്ടുപേരുടേയും കുടുംബത്തിന് മുന്നിൽ, നാട്ടുകാരുടെ മുന്നിൽ കെട്ടിയാടുന്ന വേഷം കാണുമ്പോൾ വല്ലാത്തൊരു നിസംഗത തോന്നുന്നു.

സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകളെ പത്തൊൻപതാം വയസ്സിൽ പൊന്നും പണവും കൊടുത്ത് കെട്ടിച്ചുവിടുമ്പോൾ മമ്മദ്ക്ക ഒന്നേ ആലോചിച്ചുള്ളു മകളുടെ ഭാവി. വെറും ഒരാഴ്ചത്തെ കൗതുകത്തിന് അവൾക്കൊരു കുഞ്ഞിനേയും സമ്മാനിച്ചു അവൻ കടന്നു കളഞ്ഞു. അവന് വേണ്ടത് പെണ്ണിനെയല്ല, ആണിനെയാണ്. തലാക്കും ചൊല്ലി പോയപ്പോൾ അവൻ ഡിവോഴ്സ് മാത്രം കൊടുത്തില്ല. മറ്റൊന്നും കൊണ്ടല്ല, പേരുകേട്ട തറവാടിൻറെ മാനം കളയാതിരിക്കാൻ നാട്ടുകാരുടെ മുന്നിൽ അവൻറെ ഭാര്യയും കുട്ടിയും ആയി അവർ വേണം.

മൂന്ന് വ്യത്യസ്തമായ കേസുകളിൽപ്പെട്ട ഈ കുട്ടികൾ ഭാവിയിൽ വളർന്നു വരുമ്പോൾ എന്താകും അവസ്ഥയെന്ന് ഒരിക്കൽ പോലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ.?

ഈ കുട്ടികളെ പരസ്പരം സ്നേഹിച്ചു കൊല്ലാൻ മാതാപിതാക്കൾ മത്സരിക്കുകയാണ്. ചോക്കളേറ്റും വീഡിയോ ഗെയിംസും തുടങ്ങി കുട്ടിയെ സന്തോഷിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കുകയുമില്ല. ഒടുവിൽ കുട്ടികൾ ഈ സാഹചര്യം പരമാവധി മുതലെടുത്ത് മറ്റൊരു ലോകത്തേക്കെത്തുമ്പോഴേക്കും കൈവിട്ടുപോകുന്ന ഒരു ബാല്യം തിരിച്ചു പിടിക്കാനാവാതെ വരും.

ബാല്യം നന്നാവട്ടെ....  ഒപ്പം കൗമാരവും യൗവനവും വാർദ്ധക്യവും...
Child is the father of the man .

Wednesday, 8 November 2017

സ്ത്രീ = ധനം ?

"സ്ത്രീ" ധനമാണോ സ്ത്രീധനമാണോ വലുതെന്നു ചോദ്യം പലപ്പോഴും പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നിട്ടും വിവാഹകമ്പോളത്തിൽ ലേലം വിളിയുമായി സ്ത്രീയും ധനവും തമ്മിൽ ഇപ്പോഴും മൽപ്പിടുത്തമാണ്.

രണ്ടു ജീവിത പങ്കാളികൾക്കിടയിൽ എന്താണ് ആഭരണങ്ങൾക്കും മറ്റ് ആഡംബര വസ്തുക്കൾക്കും കാര്യമെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ജീവിക്കാൻ പൈസ വേണം, പക്ഷെ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കി ഭാര്യയേയും കുഞ്ഞുങ്ങളേയും പോറ്റാൻ ഗതിയില്ലാത്തവന് സ്ത്രീധനവും കൊടുത്ത് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കുന്ന അപ്പനമ്മമാരെയാണ് പറയേണ്ടത്.

അതിലും രസകരം മറ്റൊന്നാണ്. വർഷങ്ങളോളം പ്രണയിച്ചു വീട്ടുകാരുമായി സംസാരിച്ചുറപ്പിച്ചു നടത്തുന്ന വിവാഹത്തിന് പോലും നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ബാങ്കിൽ നിന്ന് കടമെടുത്തും വസ്തു വിറ്റും കിട്ടുന്ന പൈസ കൊണ്ട് ആഭരണവും മറ്റും വാങ്ങി കെട്ടിച്ചയക്കുമ്പോൾ പെൺ മക്കൾ മാത്രമുള്ള രക്ഷിതാക്കൾ ഓർക്കുന്നുണ്ടോ ഇനി ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്ന്. അല്ല ഇങ്ങനനെയങ്ങ് പോയി ചത്തുകഴിഞ്ഞാൽ ബാങ്കുകാര് അതൊക്കെ എഴുതി തള്ളിക്കളയുമെന്നോ മറ്റോ വിചാരിക്കുന്നുണ്ടോ. കെട്ടിച്ചു വിട്ട മകൾ ഭർത്താവുമൊത്ത് അടിച്ചു പൊളിച്ചു വീടിനെക്കുറിച്ചു പോലും ഓർക്കാതിരുന്നാൽ ജപ്തിയാകും ഒടുവിൽ ഫലം.

പല പെൺകുട്ടികൾക്കും കല്യാണം കഴിഞ്ഞു പോയാൽ സ്വന്തം വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും യാതൊരു ബോധവും കരുതലും പൊതുവേ ഉണ്ടാകാറില്ല (അല്ലാത്തവരും ഉണ്ട്). രണ്ടോ മൂന്നോ പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ മൂന്നെണ്ണത്തിനേയും കെട്ടിച്ചു വിടുന്നതോട് കൂടി സത്യത്തിൽ പാപ്പരാകുന്ന അവസ്ഥയും കടങ്ങളുടെ മുകളിൽ കടമായി ഊണും ഉറക്കത്തിലും ഓരോന്ന് ആലോചിച്ച് സ്വസ്ഥതയും നഷ്ടപ്പെട്ട് മരിക്കേണ്ട അവസ്ഥ വരുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. സ്ത്രീധവും കൊടുത്ത് കെട്ടിച്ചു വിട്ട പെൺ മക്കൾ ഒരാൾ കാനഡയിലും മറ്റൊരാൾ അമേരിക്കയിലും പിന്നൊരാൾ ലണ്ടനിലും ആണെന്ന് നാട്ടുകാരോടും ബന്ധുക്കളോടും വീമ്പടിച്ചു നടക്കുമ്പോഴും വല്ലപ്പോഴും ഒരിക്കൽ സുഖമാണോ എന്നുപോലും വിളിച്ചു ചോദിക്കുന്നില്ലെന്ന് ആ പാവങ്ങൾക്കല്ലേ അറിയൂ.

സ്ത്രീധനം വാങ്ങിപ്പോയ ഏതെങ്കിലുമൊരു പെൺകുട്ടി അത് തിരിച്ചടയ്ക്കാൻ സ്വന്തം രക്ഷിതാക്കൾക്ക് പൈസ അയച്ചു കൊടുത്തിട്ടുണ്ടോ..? എത്രപേർ അതിനെക്കുറിച്ചു അന്വേഷിക്കുന്നുണ്ട്.?

ഇതിന് വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളും ഇവിടെ പറയാതിരിക്കാൻ വയ്യ.

ഒന്നുമില്ലാത്ത കുടുംബത്തിലെ പെൺകുട്ടിയെ ആരുമറിയാതെ വീട്ടിൽ കൊണ്ടുപോയി സ്വർണ്ണവും പണവും നൽകി നാട്ടുകാരുടെ മുന്നിൽ വെച്ച് താലിയും ചാർത്തി കൊണ്ടുവരുന്ന ആൺകുട്ടികളും ഉണ്ട്. സ്വന്തം ഭാര്യയുടെ കുടുംബത്തെ മൊത്തമായി ഏറ്റെടുത്ത് സ്വന്തം കുടുംബമായി കണ്ട് താഴെയുള്ള കുട്ടികളെക്കൂടി പഠിപ്പിച്ചു വലിയ നിലയിലെത്തിച്ചു മരുമകനല്ല താൻ, മകനാണ് എന്ന് കർമ്മം കൊണ്ട് തെളിയിക്കുന്ന ആൺകുട്ടികളും ഉണ്ട്. കല്യാണം കഴിഞ്ഞു പോയാലും സ്വന്തം വീടിനെയും ഭർത്താവിൻറെ വീടിനെയും വേർതിരിച്ചു കാണാതെ വളരെ തന്ത്രപൂർവ്വം മുന്നോട്ട് കൊണ്ടുപോകുന്ന തന്ത്രശാലികളായ പെൺകുട്ടികളും ധാരാളമുണ്ട്.

നാം എവിടെയാണ് അപ്പോൾ അധ:പതിച്ചു പോയിരിക്കുന്നത്. പെൺകുട്ടികൾ ബാധ്യതയാണോ. ബാല്യകാലത്ത് മാത്രം സ്നേഹവും ലാളനയും ആവോളം നൽകി വളർത്തി വലുതാക്കി കഴിഞ്ഞാൽ അവളൊരു ബാധിതയാണോ...? ബാധ്യത ഒഴിവാക്കാനാണോ മുന്നും പിന്നും ആലോചിക്കാതെ പെൺകുട്ടികളെ ഒരുത്തനെ പിടിച്ചേൽപ്പിക്കുന്നത്?

എത്ര വിപ്ലവം പറഞ്ഞു നടക്കുന്നവരും വിവാഹത്തിൻറെ കാര്യം വരുമ്പോൾ ജാതി, മതം, ജാതകം തുടങ്ങി ഓരോ മതത്തിൻറെയും വിശ്വാസപ്രമാണങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാത്രമേ ചിന്തിക്കുന്നത് കണ്ടിട്ടുള്ളൂ. എന്നിട്ട് കുറേ ന്യായീകരണവും ഉണ്ടാകും. പെൺകുട്ടിയുടെയോ ആൺകുട്ടിയുടെയോ ഇഷ്ടാനിഷ്ടങ്ങൾക്ക് പോലും പ്രസക്തിയില്ലാത്ത ഒത്തിരി വിവാഹങ്ങൾ നടക്കുന്നുണ്ട്.

അതിലും രസമാണ് വിവാഹ നിശ്ചയം അഥവാ വിവാഹത്തിന് മുമ്പ് വീട്ടുകാർ തമ്മിൽ ഔദ്യോഗികമായി പറഞ്ഞുറപ്പിക്കൽ ചടങ്ങ്. ഇത് എല്ലാ മതങ്ങളിലും ഉണ്ട്. ഈ ചടങ്ങ് നടക്കുന്നതോട് കൂടി രണ്ട് വീട്ടുകാരും ആചാരപ്രകാരം ബന്ധുക്കളായി എന്നാണ് നാട്ടുനടപ്പ്. കല്യാണം വരെയുള്ള കാലയളവ് നീണ്ട ഇടവേളയാണെങ്കിൽ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ സംസാരിക്കുകയും കാണുകയും ചെയ്യുന്നതോട് കൂടി കല്യാണത്തിന് മുൻപ് തന്നെ ജീവിതത്തിൽ ഒരിക്കലും ഒത്തുപോകില്ലെന്ന് പരസ്പരം മനസ്സിലാക്കി പിരിയാൻ തീരുമാനിച്ചാൽ പോലും അഭിമാന പ്രശ്നത്തിൻറെ പേരിൽ തറവാട്ടു മഹിമയുടെ പേരിൽ, കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി നിർബന്ധിച്ചു കെട്ടിക്കുന്ന കാഴ്ചകൾ ധാരാളം. ഒടുവിൽ സംഭവിക്കുന്നതോ. രണ്ടും രണ്ടു വഴിക്കാവുകയെന്ന തീരുമാനത്തിലേക്ക് തന്നെ. അതിൽ കുറേപ്പേരെങ്കിലും സഹിച്ചും പൊറുത്തും ജീവിക്കുന്നുമുണ്ട്. അതിന് കാരണങ്ങൾ പലതാണ്.

വീട്ടിൽ നിന്ന് കഷ്ട്പ്പെട്ടു കെട്ടിച്ചയക്കുന്ന പല പെൺകുട്ടികളും ആരോടും ഒന്നും പറയാതെ പലതും സഹിച്ചു ജീവിക്കുന്നുണ്ട്. മറ്റു ചിലർക്കിടയിൽ സംഭവിക്കുന്നത് കുട്ടികൾ എന്ന ബാധ്യതയാണ്. ഫലമോ ഭാര്യ തോന്നിയപോലെ അവരുടേതായ ലോകത്തും ഭർത്താവ് അവൻറേതായ ലോകത്തും ജീവിച്ചു ജീവിതം ഉത്സാഹഭരിതമാക്കുന്നു.

ഇതൊക്കെയും കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും ഒരു രക്ഷിതാക്കളെങ്കിലും മാറി ചിന്തിക്കുന്നുണ്ടോ? ഒരു പെൺകുട്ടിയോ ആൺകുട്ടിയോ മാറി ചിന്തിക്കുന്നുണ്ടോ...?

വീട്ടിലേക്കൊന്ന് ഫോൺ ചെയ്തു നോക്കൂ... ഒന്നന്വേഷിക്കൂ....

Friday, 3 November 2017

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്,
വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക...
മതി മറന്നാടുക, മരണം വരെ...

എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം കഴിയുമ്പോൾ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്...?

കല്യാണം കഴിയുന്നതുവരെ അച്ഛനുമമ്മയും പറഞ്ഞു പഠിപ്പിക്കുന്നത് കല്യാണം കഴിഞ്ഞാൽ നിനക്ക് എന്തും ചെയ്യാലോ, എവിടെയും പോവാലോ എന്ന്. രക്ഷിതാക്കൾക്ക് നൽകാൻ പറ്റാത്ത എന്ത് സ്വാതന്ത്ര്യമാണ് തങ്ങളുടെ മകളുടെ ജീവിതത്തിലേക്ക് കയറി വരുന്ന ഒരാൾക്ക് നൽകാൻ കഴിയുക. എന്തൊക്കെ വിപ്ലവം പറഞ്ഞു നടക്കുന്നവനും വീട്ടിൽ കയറി വരുമ്പോൾ തിന്നാൻ ഉണ്ടാക്കി കൊടുക്കാനും അലക്കി കൊടുക്കാനും കിടന്നു കൊടുക്കാനും കെട്ടിയവൾ (കെട്ടിയ) വേണം. ഒരൊറ്റ ദിവസം അവൾ തയ്യാറല്ല എന്നു പറഞ്ഞാൽ....??? 

നമ്മുടെ മുന്നിൽ കളിച്ചു ചിരിച്ചു നടക്കുന്ന പലരുടെയും ജീവിതം വളരെ ശോകമാണ്... കഷ്ടമാണ്. ഇത് പ്രായമാകുംന്തോറും പുളിച്ചു തികട്ടിയത് പോലെ പുറത്തു വന്നാലും ഛർദ്ദിക്കാനും വയ്യ, ഇറക്കാനും വയ്യാത്തൊരവസ്ഥായാണ് പലർക്കും അവരുടെ ജീവിതം.

Yes, Marriage is legal punishment...

ഇതിനിടയിൽ പലരും ജീവിക്കുന്നത് കുട്ടികൾ എന്ന സെൻറിമെൻസ്, അല്ലെങ്കിൽ ബാധ്യത അതുമല്ലെങ്കിൽ തൻറെ രക്തത്തോട് മാത്രമുള്ള അടക്കാനാവാത്ത സ്നേഹം, വാത്സല്യം ഒന്നുകൊണ്ട് മാത്രമാണ്.

ഒരുമിച്ചൊരുമുറിയിൽ രണ്ടിടത്തായി കിടക്കുന്ന ഭാര്യയും ഭർത്താവും വർഷങ്ങളോളം ആളുകളുടെ മുന്നിൽ മാതൃകാ ദമ്പതിമാരായി കഴിയുന്നത് ചില കെട്ടുപാടുകൾ കൊണ്ട് മാത്രമാണ്. സമൂഹം, ചുറ്റുപാടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, തറവാട്ട് മഹിമ, തുടങ്ങിയ നൂറ് നൂറ് കെട്ടുപാടുകൾ മുന്നിലുള്ളത് കൊണ്ടും സമൂഹമെന്ന സദാചാരിയെ പേടിയുള്ളത് കൊണ്ടുമാണ്.

ഇന്ത്യയിൽ പൊതുവെ വിവാഹമെന്നത് സെക്സ് ചെയ്യാനുള്ള ലൈസൻസ് മാത്രമാണെന്ന് തോന്നിപ്പോകും വിധമാണ് കാര്യങ്ങൾ പോകുന്നത്. തിളച്ചു നിൽക്കുന്ന പ്രായത്തിൽ തോന്നുന്ന ഒരുതരം ഇൻഫാക്ച്യുവേഷൻ എന്ന് വേണമെങ്കിൽ പറയാം. അത് ശരീരത്തോടുള്ള ആർത്തിയും കാമവെറിയുമാണ്. അത് കഴിഞ്ഞാൽ തീരും എല്ലാം. അതിനിടയിൽ സ്വന്തം ഭാര്യയായത് കൊണ്ട് മാത്രം കോണ്ടം പോലുമുപയോഗിക്കാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് പറ്റിപോകുന്നതാണ് കുഞ്ഞുങ്ങളെന്ന പ്രതിഭാസം. പകുതിയിലധികവും ഒരു കുഞ്ഞിക്കാലുകാണാൻ ആഗ്രഹമുണ്ടായിട്ടൊന്നും അല്ല ഭാര്യയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത്. മാനസികമായും ശാരീരികമായും തൃപ്തിപ്പെടൽ. പിന്നീട് ആലോചിക്കുമ്പോൾ തെറ്റായിപ്പോയി എന്ന തുറന്നു പറച്ചിലിലേക്ക് എത്തുന്ന ദുരവസ്ഥ.

ഇതിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് ജീവിതാവസാനം വരെ പരസ്പരം പ്രണയിച്ചു ജീവിക്കുന്നത്. ബാക്കി പലതും അഡ്ജസ്റ്റുമെൻറുകൾ മാത്രമാണ്.

പല വിവാഹങ്ങളും പരസ്പര ഇഷ്ടത്തോട് കൂടിയല്ല നടക്കുന്നത്. ഏറെ കാലം പ്രണയിച്ച വ്യക്തികൾ പിരിഞ്ഞു വീട്ടുകാർ കണ്ടെത്തുന്ന വ്യക്തിയെ കല്യാണവും കഴിച്ചു ജീവിക്കുമ്പോഴാണ് നിരാശ വരികയും പിന്നീട് വഴിവിട്ട ജീവിതത്തിലേക്കു നയിക്കുന്നത്.

ഒളിച്ചോട്ടം ഒരു പ്രതിഭാസമേ അല്ലാതായി കഴിഞ്ഞു. പ്രത്യേകിച്ചും കല്യാണം കഴിഞ്ഞ പെൺകുട്ടികൾ. അവിഹിത ബന്ധങ്ങൾക്ക് ന്യായീകരണങ്ങളുണ്ട്. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് തോന്നുന്ന വഴിവിട്ട ബന്ധം പോലും ഒരു പ്രശ്നമല്ലാതായി കഴിഞ്ഞു...

ഇതിനിയൊക്കെ ചോദ്യം ചെയ്യുന്നവരെ സദാചാരവാദികളെന്ന് മുദ്രകുത്തപ്പെടുകയും പുതു തലമുറയുടെ ജീവിത ശൈലിയോടുള്ള പഴയ തലമുറയുടെ വൃത്തികെട്ട മാനോഭാവമെന്നുമൊക്കെ പലരും വിശേഷിക്കുമെങ്കിലും നമ്മൾ ജീവിക്കുന്നയിടം യൂറോപ്പ്യൻ രാജ്യമൊന്നുമല്ല. ഇന്ത്യയാണ്, സർവ്വോപരി കേരളമാണ്. കുറേയധികം മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും കുടുംബമെന്ന മനോഹരമായ പക്ഷിക്കൂടിൽ പരസ്പരം സ്നേഹം പകിട്ടെടുത്ത് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടെയുള്ളത്.

കല്യാണം കഴിഞ്ഞ ഒരു യുവതി പറഞ്ഞതിങ്ങനെയാണ്, "അങ്ങനെ അഭിനയിച്ച് അഭിനയിച്ച് എപ്പോഴോ ഒരിക്കൽ എന്നെ തന്നെ എനിക്ക് നഷ്ടമാകും... എനിക്കിപ്പോൾ അങ്ങനെയേ പറയാൻ പറ്റൂ, മുമ്പായിരുന്നെങ്കിൽ ഞാനും മറ്റുള്ളവരെ പോലെ പറഞ്ഞേനെ..."

ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റും, മറ്റൊരാളുടെ തെറ്റ് വേറൊരാൾക്ക് ശരിയും ആയിരിക്കും...
അതുകൊണ്ട് തന്നെ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ആർക്കും കൃത്യമായി നിർവ്വചിക്കാൻ പറ്റില്ല...


©മോഹൻദാസ് വയലാംകുഴി

#life #lifequotes #adjustmentlife #mentalhealth #relationship #lifeisbeautiful #maritalrelationship #MohandasVayalamkuzhy

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...