Wednesday, 8 November 2017

സ്ത്രീ = ധനം ?

"സ്ത്രീ" ധനമാണോ സ്ത്രീധനമാണോ വലുതെന്നു ചോദ്യം പലപ്പോഴും പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നിട്ടും വിവാഹകമ്പോളത്തിൽ ലേലം വിളിയുമായി സ്ത്രീയും ധനവും തമ്മിൽ ഇപ്പോഴും മൽപ്പിടുത്തമാണ്.

രണ്ടു ജീവിത പങ്കാളികൾക്കിടയിൽ എന്താണ് ആഭരണങ്ങൾക്കും മറ്റ് ആഡംബര വസ്തുക്കൾക്കും കാര്യമെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ജീവിക്കാൻ പൈസ വേണം, പക്ഷെ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കി ഭാര്യയേയും കുഞ്ഞുങ്ങളേയും പോറ്റാൻ ഗതിയില്ലാത്തവന് സ്ത്രീധനവും കൊടുത്ത് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കുന്ന അപ്പനമ്മമാരെയാണ് പറയേണ്ടത്.

അതിലും രസകരം മറ്റൊന്നാണ്. വർഷങ്ങളോളം പ്രണയിച്ചു വീട്ടുകാരുമായി സംസാരിച്ചുറപ്പിച്ചു നടത്തുന്ന വിവാഹത്തിന് പോലും നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ബാങ്കിൽ നിന്ന് കടമെടുത്തും വസ്തു വിറ്റും കിട്ടുന്ന പൈസ കൊണ്ട് ആഭരണവും മറ്റും വാങ്ങി കെട്ടിച്ചയക്കുമ്പോൾ പെൺ മക്കൾ മാത്രമുള്ള രക്ഷിതാക്കൾ ഓർക്കുന്നുണ്ടോ ഇനി ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്ന്. അല്ല ഇങ്ങനനെയങ്ങ് പോയി ചത്തുകഴിഞ്ഞാൽ ബാങ്കുകാര് അതൊക്കെ എഴുതി തള്ളിക്കളയുമെന്നോ മറ്റോ വിചാരിക്കുന്നുണ്ടോ. കെട്ടിച്ചു വിട്ട മകൾ ഭർത്താവുമൊത്ത് അടിച്ചു പൊളിച്ചു വീടിനെക്കുറിച്ചു പോലും ഓർക്കാതിരുന്നാൽ ജപ്തിയാകും ഒടുവിൽ ഫലം.

പല പെൺകുട്ടികൾക്കും കല്യാണം കഴിഞ്ഞു പോയാൽ സ്വന്തം വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും യാതൊരു ബോധവും കരുതലും പൊതുവേ ഉണ്ടാകാറില്ല (അല്ലാത്തവരും ഉണ്ട്). രണ്ടോ മൂന്നോ പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ മൂന്നെണ്ണത്തിനേയും കെട്ടിച്ചു വിടുന്നതോട് കൂടി സത്യത്തിൽ പാപ്പരാകുന്ന അവസ്ഥയും കടങ്ങളുടെ മുകളിൽ കടമായി ഊണും ഉറക്കത്തിലും ഓരോന്ന് ആലോചിച്ച് സ്വസ്ഥതയും നഷ്ടപ്പെട്ട് മരിക്കേണ്ട അവസ്ഥ വരുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. സ്ത്രീധവും കൊടുത്ത് കെട്ടിച്ചു വിട്ട പെൺ മക്കൾ ഒരാൾ കാനഡയിലും മറ്റൊരാൾ അമേരിക്കയിലും പിന്നൊരാൾ ലണ്ടനിലും ആണെന്ന് നാട്ടുകാരോടും ബന്ധുക്കളോടും വീമ്പടിച്ചു നടക്കുമ്പോഴും വല്ലപ്പോഴും ഒരിക്കൽ സുഖമാണോ എന്നുപോലും വിളിച്ചു ചോദിക്കുന്നില്ലെന്ന് ആ പാവങ്ങൾക്കല്ലേ അറിയൂ.

സ്ത്രീധനം വാങ്ങിപ്പോയ ഏതെങ്കിലുമൊരു പെൺകുട്ടി അത് തിരിച്ചടയ്ക്കാൻ സ്വന്തം രക്ഷിതാക്കൾക്ക് പൈസ അയച്ചു കൊടുത്തിട്ടുണ്ടോ..? എത്രപേർ അതിനെക്കുറിച്ചു അന്വേഷിക്കുന്നുണ്ട്.?

ഇതിന് വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളും ഇവിടെ പറയാതിരിക്കാൻ വയ്യ.

ഒന്നുമില്ലാത്ത കുടുംബത്തിലെ പെൺകുട്ടിയെ ആരുമറിയാതെ വീട്ടിൽ കൊണ്ടുപോയി സ്വർണ്ണവും പണവും നൽകി നാട്ടുകാരുടെ മുന്നിൽ വെച്ച് താലിയും ചാർത്തി കൊണ്ടുവരുന്ന ആൺകുട്ടികളും ഉണ്ട്. സ്വന്തം ഭാര്യയുടെ കുടുംബത്തെ മൊത്തമായി ഏറ്റെടുത്ത് സ്വന്തം കുടുംബമായി കണ്ട് താഴെയുള്ള കുട്ടികളെക്കൂടി പഠിപ്പിച്ചു വലിയ നിലയിലെത്തിച്ചു മരുമകനല്ല താൻ, മകനാണ് എന്ന് കർമ്മം കൊണ്ട് തെളിയിക്കുന്ന ആൺകുട്ടികളും ഉണ്ട്. കല്യാണം കഴിഞ്ഞു പോയാലും സ്വന്തം വീടിനെയും ഭർത്താവിൻറെ വീടിനെയും വേർതിരിച്ചു കാണാതെ വളരെ തന്ത്രപൂർവ്വം മുന്നോട്ട് കൊണ്ടുപോകുന്ന തന്ത്രശാലികളായ പെൺകുട്ടികളും ധാരാളമുണ്ട്.

നാം എവിടെയാണ് അപ്പോൾ അധ:പതിച്ചു പോയിരിക്കുന്നത്. പെൺകുട്ടികൾ ബാധ്യതയാണോ. ബാല്യകാലത്ത് മാത്രം സ്നേഹവും ലാളനയും ആവോളം നൽകി വളർത്തി വലുതാക്കി കഴിഞ്ഞാൽ അവളൊരു ബാധിതയാണോ...? ബാധ്യത ഒഴിവാക്കാനാണോ മുന്നും പിന്നും ആലോചിക്കാതെ പെൺകുട്ടികളെ ഒരുത്തനെ പിടിച്ചേൽപ്പിക്കുന്നത്?

എത്ര വിപ്ലവം പറഞ്ഞു നടക്കുന്നവരും വിവാഹത്തിൻറെ കാര്യം വരുമ്പോൾ ജാതി, മതം, ജാതകം തുടങ്ങി ഓരോ മതത്തിൻറെയും വിശ്വാസപ്രമാണങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാത്രമേ ചിന്തിക്കുന്നത് കണ്ടിട്ടുള്ളൂ. എന്നിട്ട് കുറേ ന്യായീകരണവും ഉണ്ടാകും. പെൺകുട്ടിയുടെയോ ആൺകുട്ടിയുടെയോ ഇഷ്ടാനിഷ്ടങ്ങൾക്ക് പോലും പ്രസക്തിയില്ലാത്ത ഒത്തിരി വിവാഹങ്ങൾ നടക്കുന്നുണ്ട്.

അതിലും രസമാണ് വിവാഹ നിശ്ചയം അഥവാ വിവാഹത്തിന് മുമ്പ് വീട്ടുകാർ തമ്മിൽ ഔദ്യോഗികമായി പറഞ്ഞുറപ്പിക്കൽ ചടങ്ങ്. ഇത് എല്ലാ മതങ്ങളിലും ഉണ്ട്. ഈ ചടങ്ങ് നടക്കുന്നതോട് കൂടി രണ്ട് വീട്ടുകാരും ആചാരപ്രകാരം ബന്ധുക്കളായി എന്നാണ് നാട്ടുനടപ്പ്. കല്യാണം വരെയുള്ള കാലയളവ് നീണ്ട ഇടവേളയാണെങ്കിൽ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ സംസാരിക്കുകയും കാണുകയും ചെയ്യുന്നതോട് കൂടി കല്യാണത്തിന് മുൻപ് തന്നെ ജീവിതത്തിൽ ഒരിക്കലും ഒത്തുപോകില്ലെന്ന് പരസ്പരം മനസ്സിലാക്കി പിരിയാൻ തീരുമാനിച്ചാൽ പോലും അഭിമാന പ്രശ്നത്തിൻറെ പേരിൽ തറവാട്ടു മഹിമയുടെ പേരിൽ, കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി നിർബന്ധിച്ചു കെട്ടിക്കുന്ന കാഴ്ചകൾ ധാരാളം. ഒടുവിൽ സംഭവിക്കുന്നതോ. രണ്ടും രണ്ടു വഴിക്കാവുകയെന്ന തീരുമാനത്തിലേക്ക് തന്നെ. അതിൽ കുറേപ്പേരെങ്കിലും സഹിച്ചും പൊറുത്തും ജീവിക്കുന്നുമുണ്ട്. അതിന് കാരണങ്ങൾ പലതാണ്.

വീട്ടിൽ നിന്ന് കഷ്ട്പ്പെട്ടു കെട്ടിച്ചയക്കുന്ന പല പെൺകുട്ടികളും ആരോടും ഒന്നും പറയാതെ പലതും സഹിച്ചു ജീവിക്കുന്നുണ്ട്. മറ്റു ചിലർക്കിടയിൽ സംഭവിക്കുന്നത് കുട്ടികൾ എന്ന ബാധ്യതയാണ്. ഫലമോ ഭാര്യ തോന്നിയപോലെ അവരുടേതായ ലോകത്തും ഭർത്താവ് അവൻറേതായ ലോകത്തും ജീവിച്ചു ജീവിതം ഉത്സാഹഭരിതമാക്കുന്നു.

ഇതൊക്കെയും കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും ഒരു രക്ഷിതാക്കളെങ്കിലും മാറി ചിന്തിക്കുന്നുണ്ടോ? ഒരു പെൺകുട്ടിയോ ആൺകുട്ടിയോ മാറി ചിന്തിക്കുന്നുണ്ടോ...?

വീട്ടിലേക്കൊന്ന് ഫോൺ ചെയ്തു നോക്കൂ... ഒന്നന്വേഷിക്കൂ....

3 comments:

  1. Very Pathetic & true

    ReplyDelete
  2. മാറ്റമില്ലാതെ തുടരുന്ന വസ്തുതകൾ

    ReplyDelete

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...