Personal Grooming - 2
സാധാരണ എല്ലാവരും ആഗ്രഹിച്ച ജോലി കിട്ടാതിരിക്കുമ്പോൾ കിട്ടിയ ജോലിയിൽ അസംതൃപ്തി പ്രകടിപ്പിച്ചു കൃത്യസമയം പാലിക്കാതെയും ജോലിയിൽ പരിപൂർണ്ണ ശ്രദ്ധ ചെലുത്താതെയും സ്വയം പഴിപറഞ്ഞും ചിലർ ജീവിക്കുന്നത് കാണാം.
സർക്കാർ ജോലി നോക്കുന്നവരിലും ഇത് കാണാം. വരുന്ന പി.എസ്.സി/യു.പി.എസ്.സി പരീക്ഷകളൊക്കെ വലിച്ചുവാരി എഴുതുകയും ഒടുവിൽ ഇഷ്ടപ്പെടാത്തൊരു ജോലിക്ക് അപ്പോയ്ൻമെൻറ് ലെറ്റർ വരികയും ഗവണ്മെന്റ് ജോലിയല്ലേ കളയണ്ട എന്നു വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും പറഞ്ഞതനുസരിച്ചു ജോലിയിൽ കയറി വെറുത്തു വെറുത്തു ദിവസങ്ങൾ തള്ളി നീക്കുന്നവരുണ്ട്.
ഒരു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മറ്റൊരു ജോലിക്ക് വീണ്ടും പഠിച്ചു പരീക്ഷ എഴുതാൻ പാടില്ലെന്ന നിയമമൊന്നും നമ്മുടെ നാട്ടിൽ നിലവിൽ ഇല്ലെന്നിരിക്കെ നിങ്ങൾ താത്കാലികമായി ഒരു ജോലി നിലനില്പിനുവേണ്ടി ചെയ്യുന്നു (നിലനിൽപ്പിന് വേണ്ടി ചെയ്യുന്ന താത്കാലിക ജോലിയായാലും വളരെ ആത്മാർത്ഥമായി ചെയ്യുക) എന്ന് മാത്രം കരുതി വീണ്ടും ആത്മാർത്ഥമായി പഠിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയിൽ, ആഗ്രഹിക്കുന്ന ജോലി തന്നെ ലഭിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്.
കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവ് പ്രകാരം ഇത്ര വർഷം കപ്ലീറ്റ് ആയാൽ അടുത്ത ലെവലിലേക്ക പ്രമോഷൻ ലഭിക്കുമെന്ന വ്യാമോഹം സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ട. പ്രമോഷന് അർഹതയുണ്ടെന്ന് തെളിയിക്കാനുള്ള പരീക്ഷകളിൽ പാസാവുക തന്നെ വേണമെന്ന് കോടതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.
തുടക്കത്തിൽത്തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ട ശമ്പളത്തോടുകൂടിയ ജോലിയോ, ഇഷ്ടപ്പെട്ട മേഖലയോ ലഭിക്കണമെന്നില്ല. എങ്കിലും നിങ്ങൾ ഏതൊരു ജോലിയിൽ കയറിയാലും അതൊരു ചവിട്ടുപടിയായി മാത്രം കണ്ടു ഭാവിയിൽ ഏറ്റവും ഇഷ്ടപ്പെട്ട മേഖലയിൽത്തന്നെ ജോലി ചെയ്യുവാനുള്ള കഠിന പരിശ്രമങ്ങൾക്ക് തുടക്കമിടുക.
പഠിക്കുമ്പോൾ തന്നെ സ്വിഗ്ഗിയിലും സൊമാറ്റോയിലും ഓലയിലും ഉബറിലും ജോലി ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. അവരൊക്കെയും ഇത്തരം കമ്പനികൾ മൾട്ടി നാഷണൽ കമ്പനികളായതുകൊണ്ടും പറയാൻ ഇച്ചിരി കൊള്ളാവുന്ന കമ്പനികളായതുകൊണ്ടും ജോലി ചെയ്യുന്നതായിട്ടാണ് പലരോടും ചോദിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്. അതേസമയം തട്ടുകട നടത്തിയും ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും പത്രമിട്ടും പൂഴിവാരാൻ പോയും വരുമാനമുണ്ടാക്കി പഠിക്കുന്നവരുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തോടുകൂടി ന്യൂജെൻ പിള്ളേർക്ക് എന്ത് ജോലി ചെയ്താലും അതൊക്കെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വൈറലായാൽ അഭിമാനിക്കാം എന്നുള്ളതുകൊണ്ട് പലരും എന്ത് ജോലിയായാലും ചെയ്യാൻ ഉത്സാഹം കാണിക്കുന്നുണ്ട്. പക്ഷെ, ഈ ഉത്സാഹം എത്രനാൾ കാണും എന്നതാണ് പ്രധാനം.
പറഞ്ഞു വരുന്നത് പഠിത്തം കഴിഞ്ഞുള്ള ജോലിയെക്കുറിച്ചാണ്. നിങ്ങളുടെ ഭാഗ്യംകൊണ്ടോ, കുറച്ചധികം നാക്കിൻറെ ബലം കൊണ്ടോ, അതുമല്ലെങ്കിൽ ആരുടെയെങ്കിലും റഫറൻസിലോ ഇഷ്ടപ്പെട്ട ജോലി കിട്ടിയെന്നിരിക്കട്ടെ. പക്ഷെ, നിങ്ങൾക്ക് ആ ജോലിയിൽ വേണ്ടത്ര തിളങ്ങാൻ പറ്റിയില്ലെങ്കിൽ? വിചാരിച്ച രീതിയിൽ കാര്യങ്ങൾ മാനേജ് ചെയ്യാൻ പറ്റാതിരുന്നാൽ? ക്ലയന്റിനെ കൃത്യമായി സംതൃപ്തിപെടുത്താൻ പറ്റിയില്ലെങ്കിൽ? മീറ്റിങ്ങുകളിൽ കാര്യങ്ങൾ വേണ്ട രീതിയിൽ വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ? നല്ലരീതിയിൽ പ്രസന്റേഷൻ സ്കിൽ ഇല്ലെങ്കിൽ? ഇഷ്ടപ്പെട്ട ജോലിയായാലും നിങ്ങൾ വെറുത്തുപോകുന്നത് എന്തുകൊണ്ടായിരിക്കും? ഇങ്ങനെ വരുമ്പോൾ കമ്പനിയെയും മറ്റുള്ളവരെയും സ്വയം പഴിച്ചും കാര്യമുണ്ടോ?
ഇവിടെയാണ് നമ്മുടെ സ്കിൽ പരിപോഷിപ്പിച്ചെടുക്കേണ്ട ആവശ്യകത സംജാതമാകുന്നത്. മുകളിൽ പറഞ്ഞ ഏതെങ്കിലും ഭാഗ്യം കൊണ്ട് ജോലി കിട്ടിയതാണെങ്കിലും കഷ്ടപ്പെട്ടുതന്നെ നേടിയതാണെങ്കിലും നിങ്ങൾക്ക് ആ ജോലിയിൽ തന്നെ ദീർഘകാലം തുടരാനും സമ്മർദ്ധങ്ങളില്ലാതെ സന്തോഷത്തോടും സമാധാനത്തോടുംകൂടി ജോലി ചെയ്യണമെങ്കിൽ ആ മേഖലയിൽത്തന്നെ ഉയർന്ന പദവിയും ഉയർന്ന ശമ്പളവും ഭാവിയിൽ ലഭിക്കണമെങ്കിൽ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾകൂടി ചെയ്യേണ്ടതായി വരും.
നിങ്ങളുടെ നിലവിലുള്ള രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമുള്ള മാറ്റങ്ങൾക്ക് വിധേയമാകുക - ഓരോ സ്ഥാപനത്തിനും ഓരോ പോളിസിയുണ്ട്, ഡ്രസ്സ് കോഡുണ്ട്, വർക്കിങ്ങ് സ്റ്റൈലും കൾച്ചറുമുണ്ട്. അതിനനുസരിച്ചു നിങ്ങൾ മാറിയേതീരൂ.
സമയം - ഓരോ സ്ഥാപനങ്ങൾക്കും ഓരോ രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അത് ആ സ്ഥാപനത്തിൻറെ സ്വഭാവം അനുസരിച്ചായിരിക്കും.ഉദാഹരണത്തിന് ബാങ്കിലൊക്കെ മാസാവസാനവും വർഷാവസാനവും നല്ലരീതിയിൽ വർക്ക് പ്രഷറും ജോലി ഭാരം കൂടുകയും കൂടുതൽ സമയം ജോലി ചെയ്യേണ്ടാതായി വരികയും ചെയ്യും. പോസ്റ്റൽ കൊറിയർ, സ്ഥാപനങ്ങളിലൊക്കെ രാവിലെ മുതൽ ഉച്ചവരെ എൻട്രിയും തരം തിരിക്കലുമായി നല്ല പണികാണും. അതുകഴിഞ്ഞാൽ ചിലപ്പോൾ ഒരുപണിയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഓരോ സ്ഥാപനത്തിലും ജോലിക്ക് കയറും മുൻപ് ആ സ്ഥാപനത്തിന്റെയും നിങ്ങൾ കയറുന്ന ജോലിയുടെയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക. പ്രത്യേകിച്ചും ഹോസ്പിറ്റലിൽ ജോലിക്ക് കയറുന്നവർ ഒട്ടുമിക്ക ജോലിയിലും നിർബന്ധമായും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടതായി വരും. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യാൻ പറ്റാത്തവരുണ്ടെങ്കിൽ ആദ്യമേ ഇത്തരം ജോലി നോക്കാതിരിക്കുന്നതാണ് ഉചിതം. വീട്ടിൽ പല ജോലികളും തീർത്ത് ജോലിക്ക് പോകുന്നവരും ജോലി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, വീട്ടിൽ പ്രായമായ അച്ഛനും അമ്മയും ചെറിയ കുട്ടികളും ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങളിലൊക്കെ കൃത്യസമയങ്ങളിൽ ശ്രദ്ധവേണ്ട അവസ്ഥയുള്ളവരാണെങ്കിൽ നിർബന്ധമായും ഇപ്പോൾ നിലവിലുള്ള വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിനനുസരിച്ചു വീട്ടുജോലിക്കാരെയോ മറ്റു രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി ജോലിക്ക് പോവുക. അല്ലെങ്കിൽ വീട്ടിലെ പ്രശ്നങ്ങളും സമയവും മാത്രം ആലോചിച്ചു ജോലിയിൽ ശ്രദ്ധാകേന്ദ്രീകരിക്കാനാവാതെ വരികയും ഒടുവിൽ ജോലിയിലുള്ള കാര്യക്ഷമത നഷ്ടപ്പെട്ട് ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാം. അതുകൊണ്ടുതന്നെ ടൈം മാനേജ്‌മെന്റ് എന്നത് എത്രത്തോളം പ്രധാനമെന്നത് നിങ്ങൾ മനസ്സിലാക്കിയേ മതിയാകൂ.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വല്ലാതെ മാനസികമായി പിരിമുറുക്കത്തിൽ അകപ്പെട്ടുകിടക്കുകയാണെന്നും എന്തെങ്കിലും സൊലൂഷൻ പറഞ്ഞുതരണമെന്നും ചോദിച്ചു വിളിച്ചിരുന്നു. ആദ്യം ഞാൻ എല്ലാം കേട്ടു. കേട്ടപ്പോൾ എന്ത് സൊലൂഷൻ പറയണമെന്ന് ആശങ്കയിലായി. കാരണം, ഇഷ്ടപ്പെട്ട ജോലിയാണ് ചെയ്യുന്നത്. നല്ല ശമ്പളവും ഉണ്ട്. അതിലുപരി ഇഷ്ടത്തിനനുസരിച്ചു ജോലി ചെയ്യാനുള്ള സാഹചര്യവും അത്യാവശ്യം വന്നാൽ ഹാഫ് ഡേ ലീവോ, അത്യാവശ്യ ഘട്ടങ്ങളിൽ ഒന്നോ രണ്ടോ ദിവസവും ലീവെടുക്കാനും മാനേജ്‌മെന്റ് സമ്മതിക്കുന്നുണ്ട്. വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ ഉള്ളിൽ തന്നെയാണ് സ്ഥാപനം. പക്ഷെ, അതിരാവിലെ എഴുന്നേറ്റ് ജോലിയൊക്കെത്തീർത്തു മക്കളെയൊക്കെ റെഡിയാക്കി ജോലിക്ക് ബസ്സിൻറെ സമയം നോക്കി വീട്ടിൽ നിന്നും ഇറങ്ങണം. രാവിലെയും വൈകുന്നേരവും നല്ല ട്രാഫിക്ക് കാരണം ഒരുപാട് സമയം എടുക്കുന്നതുകൊണ്ട് കുറച്ചുകൂടി നേരത്തെ ഇറങ്ങേണ്ടതായി വരുന്നുണ്ട്. വൈകുന്നേരം ചിലപ്പോൾ കസ്റ്റമേഴ്‌സ് ഉണ്ടെങ്കിൽ ബില്ലൊക്കെ റെഡിയാക്കി കൊടുത്ത് ഇറങ്ങുമ്പോൾ തന്നെ വൈകും. വീട്ടിൽ എത്തുമ്പോൾ ചിലപ്പോൾ രാത്രിയാകും. വീണ്ടും വീട്ടിലെ മൊത്തം ജോലിയൊക്കെത്തീർത്തു കിടക്കുമ്പോൾ ഏറെ വൈകും. ഇതുതന്നെയാണ് ദിവസവും തുടരുന്നത്. ആകെ കിട്ടുന്ന ഞായറാഴ്ച അലക്കാനും വീട് വൃത്തിയാക്കാനും ഉണ്ടാകും. അത്യാവശ്യം എഴുത്തിനോടും വായനയോടും താത്പര്യമുള്ള ആളെന്ന നിലയിൽ വായനയും എഴുത്തും നടക്കുന്നില്ലെന്ന വിഷമവും ക്രീയേറ്റിവായി ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ആധിയുമാണ് ഇപ്പോൾ അലട്ടികൊണ്ടിരിക്കുന്ന മാനസിക പിരിമുറുക്കത്തിന് കാരണം. കഥ മൊത്തം കേട്ടപ്പോൾ എനിക്ക് നിർദ്ദേശിക്കാൻ തോന്നിയ ഒരേയൊരു സൊലൂഷൻ ഒരു ടൂവീലർ എടുക്കുക എന്നതാണ്. ടൂവീലർ ഓടിക്കാൻ അറിയില്ലെന്നും പേടിയാണെന്നൊക്കെ പറഞ്ഞു. എന്നാൽ പാഷനൊക്കെ മനസ്സിൽ നിന്ന് കളഞ്ഞു ഇപ്പോൾ ജീവിക്കുന്നതുപോലെ ജീവിച്ചു മരിച്ചോ ജീവിച്ചോ എന്ന് പറഞ്ഞു.
ടൂവീലർ ഓപ്‌ഷൻ വെച്ചതിനുള്ള കാരണങ്ങൾ ഇതാണ്. ഇഷ്ടപ്പെട്ട ജോലി, ഉയർന്ന ശമ്പളം, പ്രായവും കൂടിയിട്ടുണ്ട് (പുതിയൊരു ജോലി തപ്പിയെടുക്കാനുള്ള ബുദ്ധിമുട്ട്) പത്ത് കിലോമീറ്റർ എന്നത് വലിയ ദൂരവുമല്ല, അത്യാവശ്യം സ്വാതന്ത്ര്യത്തോടും സമാധാനത്തോടുംകൂടി ജോലി ചെയ്യാൻ പറ്റുന്ന സ്ഥാപനവുമാണ്. ഇവിടെ വിഷയം ബസ്സിൽ പോയി വരുന്നതുകൊണ്ട് രാവിലെയും വൈകുന്നേരവും ബസ്സിൻറെ സമയം നോക്കി ഇറങ്ങേണ്ടതുണ്ട്. സമയത്തിന് പോകേണ്ടതുകൊണ്ട് ചിലപ്പോഴൊക്കെ കുട്ടികളുടെ കാര്യങ്ങൾ വീട്ടിലുള്ള മറ്റുള്ളവരെ ഏൽപ്പിച്ചു ഇറങ്ങിയാലും കുട്ടികൾ മര്യാദയ്ക്ക് കഴിച്ചു കാണുമോ, സ്‌കൂളിൽ പോയോ എന്നൊക്കെയുള്ള ചിന്തകളായിരിക്കും. വൈകുന്നേരം കസ്റ്റമേഴ്സ് കൂടുതൽ ഉണ്ടെങ്കിൽ ഇടയ്ക്കിടെ സമയം നോക്കി ടെൻഷൻ അടിച്ചു ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതെ വരുന്നു. തെറ്റുകൾ വരുന്നതുകൊണ്ട് പിറ്റേന്ന് മേലധികാരിയിൽ നിന്ന് ചീത്ത കേൾക്കേണ്ടതായി വരുന്നു. കൂടുതൽ വൈകിയാൽ ഓട്ടോ പിടിച്ചു പോകേണ്ടതായി വരുന്നു. എല്ലാം കൂടി ടെൻഷൻ മാറുന്നേയില്ല. ഏറ്റവും ട്രാഫിക്ക് കൂടിയ ഒരു നഗരത്തിൽ താമസിക്കുമ്പോൾ ഒരു ടൂവീലർ സ്വന്തമായി ഉണ്ടെങ്കിൽ നിങ്ങളുടെ സമയത്തിനനുസരിച്ചു പോകാനും വരാനും സാധിക്കും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്പോൾ നിർബന്ധമായും അതിന് വേണ്ടി ഡ്രൈവിങ്ങ് സ്‌കിൽ ഉണ്ടാക്കിയെടുത്തെ മതിയാകൂ.
അതുപോലെതന്നെയാണ് ഫീൽഡ് ജോലി ചെയ്യുന്നവരും നിർബന്ധമായും നിങ്ങളുടെ ജോലിക്ക് അനുസരിച്ചു ടൂവീലർ അല്ലെങ്കിൽ ഫോർവീലർ സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്.
ജീവിതത്തിൽ ടൈം മാനേജ്‌മെൻറ് പിന്തുടർന്നാൽ ഒരുപാട് കാര്യങ്ങൾക്ക് സ്വാഭാവികമായിത്തന്നെ പരിഹാരമുണ്ടാകും. അതില്ലെങ്കിൽ സമയത്തിന് ജോലി തീർക്കാത്തതിനുള്ള ചീത്തവിളിയും, ടെൻഷനും പിരിമുറുക്കവും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
https://storiesofmohandas.blogspot.com/2023/08/interview-tips-and-personal-grooming.html
Personal Grooming - 3
Crafting The Perfect Resume: A Step-by-Step Guide to Stand Out
https://storiesofmohandas.blogspot.com/2024/09/crafting-perfect-resume-step-by-step.html
©മോഹൻദാസ് വയലാംകുഴി
#MohandasVayalamkuzhy #Article #Career #Job #Interview #SocialMediaCulture #SocialMedia #Behaviour #charecter #Potential #growth #Salary #Position #JobSearch #PartTimeJob #WorkFromHome
No comments:
Post a Comment