എഴുതി തുടങ്ങുന്നത് ഏറ്റവും ലേറ്റസ്റ്റായ ലോകത്തിൽ ജീവിക്കുന്ന എന്റെ അമ്മയിൽ നിന്നു തന്നെയാണ്.
മിശ്ര ആഹാരിയായ അമ്മ കല്യാണം കഴിഞ്ഞു വന്നത് അച്ഛനടക്കമുള്ള സമ്പൂർണ്ണ സസ്യാഹാരികൾ ജീവിക്കുന്ന ഇടത്തിലേക്കാണ്. വർഷം 45 കഴിഞ്ഞു. അമ്മ ഈ നിമിഷം വരെ സസ്യാഹാരമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല.
പണ്ടെങ്ങോ എഴുതിവെച്ച മഹാഭാരത കഥയിൽ അന്ധനായ ഭർത്താവ് ധൃതരാഷ്ട്രർക്ക് വേണ്ടി സ്വന്തം കണ്ണ് പോലും കറുത്ത തുണികൊണ്ട് മറച്ചു ലോകത്തിന് മുന്നിൽ കണ്ണുണ്ടായിട്ടും ഇരുട്ടിൽ ജീവിച്ച ഗാന്ധാരിയെന്ന കുല സ്ത്രീ നമ്മുടെ മുന്നിലുണ്ട്. ആ ബിംബം തന്നെയാണ് മറ്റൊരു രീതിയിൽ അമ്മയുടെ രൂപത്തിൽ ഞാൻ കൺമുന്നിൽ ദർശിക്കുന്നതും. ഇതൊരു ത്യാഗം തന്നെയാണ്. യാതൊരു സങ്കോചവും കൂടാതെ സ്വയം ഏറ്റെടുക്കുന്ന പുതിയ തമുറയ്ക്ക് കേട്ടാൽ പോലും അത്ഭുതകരമായ ഒരു കഥ.
ഒരൊറ്റ ഖണ്ഡികയിൽ തുടങ്ങുന്ന ആമുഖത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് വായിച്ചെടുക്കാനാവും ഇനി മറിക്കുന്ന താളുകളിലെ കഥകൾ. ഒരുപക്ഷെ അത് നിങ്ങളുടെ ഓരോരുത്തരുടെയും കഥയായിരിക്കാം. വീടകങ്ങളിൽ ഒതുങ്ങിപോയവരുടെയും, ഒതുക്കപ്പെട്ടവരുടെയും, ഒതുങ്ങേണ്ടിവന്നവരുടെയും കഥ...
അതിൽ ത്യാഗമുണ്ട്, സഹനമുണ്ട്, സന്തോഷമുണ്ട്, സംതൃപ്തിയുമുണ്ട്.
ഇതൊക്കെ തന്നെയാണ് ഒരു ശരാശരി ഇന്ത്യൻ കുലസ്ത്രീ... ഞാൻ പ്രത്യേകിച്ചു ആരെയും തേടി പോകുന്നില്ല. എനിക്ക് ചുറ്റുമുള്ളവരിൽ തന്നെ ഉണ്ട്.
മാനം, അഭിമാനം, കുടുംബ മഹിമ, പാരമ്പര്യം, തറവാടിത്തം, തുടങ്ങി പല പേരിൽ അറിയപ്പെടുന്ന പാട്രിയാർക്കീയൻ വർഗ്ഗവത്കരണം.
ഇവിടെ നിന്ന് തുടങ്ങുന്നു, പക്ഷെ എവിടെ ചെന്നവസാനിക്കുമെന്നറിയില്ല. ചിലപ്പോൾ എന്നിൽ വന്നവസാനിക്കാനും സാധ്യത ഉണ്ട്.
അതെ, ഓരോ പെണ്ണിന്റെയും കഥ ചെന്നവസാനിക്കുന്നത് ഒരു ആണിലേക്കാണ്.
സ്ത്രീകളുടെ ജാതി ലക്ഷണങ്ങൾ കോടാങ്കി ശാസ്ത്രത്തിൽ പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നിങ്ങനെ തരം തിരിച്ചു പറയുന്നുണ്ട്. ലക്ഷണ ശാസ്ത്രപ്രകാരം ഒരു സ്ത്രീ എങ്ങനെയൊക്കെ ആയിരിക്കും എന്ന അതിപുരാതന കാലത്തെ ലക്ഷണ ശാസ്ത്രപടുവായ സമുദ്രമഹർഷിയുടെ "സമുദ്ര സംഹിത" എന്ന അതിബൃഹത്തായ ശാസ്ത്രഗ്രന്ഥത്തിൽ നിബന്ധിച്ചിരിക്കുന്ന "ഉർവ്വശീ സൂത്രം" എന്ന അധികാരത്തിലാണ് ലക്ഷണ ശാസ്ത്രമായ കോടാങ്കി ശാസ്ത്രം വിവരിക്കുന്നത്.
ഇവിടെ നിന്ന് തന്നെ തുടങ്ങാം ഒരു ഇന്ത്യൻ കുലസ്ത്രീയിലേക്കുള്ള യാത്ര.
പെണ്ണ് കാണാൻ ചെല്ലുമ്പോൾ മുറ്റമടിക്കുന്ന പെണ്ണിനെ കണ്ടാൽ ഉറപ്പിക്കാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവൾ എന്ന്, തല കുനിച്ചു നിലത്ത് കാൽവിരൽ കൊണ്ട് വരയ്ക്കുമ്പോൾ അവൾ നാണക്കാരിയും ഏവരെയും ബഹുമാനിക്കുന്നവളും അടക്കവും ഒതുക്കവും ഉള്ളവളും ആയിരിക്കുമെന്ന് പറയുന്നു. പിന്നെയും കുറെയധികം ലക്ഷണങ്ങൾ. ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കേട്ടാൽ അവിശ്വസനീയമായ ആചാരങ്ങൾ.
ഒക്കെയും സ്ത്രീകളെ അരികുവത്കരിക്കാൻ മെയിൽ ഷോവനിസ്റ്റുകളായ പുരുഷന്മാർ കണ്ടെത്തിയ വഴികൾ. എവിടെയും എഴുതിവയ്ക്കപ്പെടാത്ത നിയമങ്ങളും സംഹിതകളും. അതിൽ നിന്ന് വ്യതിചലിക്കുമ്പോൾ ഇന്നത്തെ കാലത്തിന്റെ ഭാഷയായ ഫെമിനിച്ചിയെന്ന ലേബലിൽ മാറ്റിനിർത്തപ്പെടുന്നു..
ആർഷഭാരത സംസ്കാരം, കുല മഹിമ, പാരമ്പര്യം എന്നൊക്കെ പൊക്കി പിടിച്ചു നടക്കുന്ന, പല കൊടികുത്തി വാഴുന്ന കുടുംബ പാരമ്പര്യമുണ്ടെന്ന് സ്വയം അഭിമാനിക്കുന്ന, വസുദൈവകുടുംബകം എന്നൊക്കെ പറഞ്ഞു നടക്കുന്ന ചില മുഖം മൂടിയിട്ട ഒരുകൂട്ടം ആളുകൾ സമൂഹത്തിന് മുന്നിൽ കുലസ്ത്രീ പട്ടം അണിഞ്ഞു നടക്കുന്ന പെണ്ണുങ്ങൾ, കുല പുരുഷൻമാർ അവരുടെ പൊയ്മുഖങ്ങൾ, അവരുടെ കദന കഥകൾ...
നവരസഭാവങ്ങളിൽ പലമുഖങ്ങൾ നിങ്ങളുടെ കൺമുന്നിൽ കൂടി കടന്നു പോകുമ്പോൾ നിങ്ങൾ തരിച്ചിരിക്കരുത്.
©മോഹൻദാസ് വയലാംകുഴി
#TheIndianWomen #MohandasVayalamkuzhy
