Thursday, 22 February 2024

നേപ്പാളെന്ന സ്വപ്ന ഭൂമിയിലേക്കൊരു യാത്ര...

 

കുട്ടി മാമാ... ഞാൻ ഞെട്ടി മാമാ...

നേപ്പാളെന്നു കേൾക്കുമ്പോൾ ആദ്യം നാവിൻ തുമ്പിൽ വരുന്ന ഡയലോഗാണിത്...

അക്കൊസേട്ടനും, അപ്പുക്കുട്ടനും, അശ്വതിയും, (മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധു) ഉണ്ണികുട്ടനും (റിമ്പോച്ചി- സിദ്ധാർത്ഥ് ലാമ)    സ്വയംഭൂനാഥ് ക്ഷേത്രത്തിൻറെ പടിക്കെട്ടുകളൊക്കെ ആർക്കാണ് മറക്കാൻ പറ്റുക...

32 വർഷമായിട്ടും ആളുകൾ യോദ്ധ സിനിമയെയും നേപ്പാളിനേയും നെഞ്ചിലേറ്റി നടക്കുമ്പോൾ നേപ്പാളെന്ന സ്വപ്ന ഭൂമിയിലേക്കൊരു യാത്ര പോവാൻ കൊതിക്കാത്തവരായി ആരുണ്ടാകും. ഹിമാലയൻ പർവ്വത നിരകളുടെ താഴ്വര, ബുദ്ധ വിഹാരങ്ങളുടെ കേന്ദ്രം, സാംസ്കാരിക വൈവിധ്യം നെഞ്ചിലേറ്റി നടക്കുന്ന പൈതൃക നഗരങ്ങൾ... ഇങ്ങനെ പോകുന്നു നേപ്പാളെന്ന രാജ്യത്തിൻറെ വിശേഷങ്ങൾ.

നേപ്പാളിലേക്ക് യാത്ര പോകാൻ കൊതിക്കുന്നവർക്ക് ഇനി തുടർന്നു വായിക്കാം...

ഇന്ത്യക്കാരായ നമുക്ക് നമ്മുടെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന് എത്രപേർക്കറിയാം.?*

നേപ്പാളിലേക്ക് യാത്ര ചെയ്യാൻ പാസ്‌പോർട്ടും വിസയും ഒന്നും വേണ്ട. ആധാർ കാർഡോ, വോട്ടർ ഐഡി കാർഡോ കയ്യിലുണ്ടെങ്കിൽ നേപ്പാളിൽ പോയി വരാം.

കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് പോകുന്നവർക്ക് രണ്ടു വഴികളാണുള്ളത്. ഒന്ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന രപ്തിസാഗർ എക്സ്പ്രെസ്സിൽ ഘോരഖ് പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സൊനൗലി ഇൻഡോ നേപ്പാൾ അതിർത്തിവരെ ടാക്സിയിലോ, ബസ്സിലോ പോകാം. ഏകദേശം 97 കിലോമീറ്റർ ബസ്സിലോ ടാക്സിയിലോ യാത്ര ചെയ്യണം.  അതിർത്തിയിലെ ചെക്കിങ്ങ് കഴിഞ്ഞു ബസ്സിലോ ടാക്സിയിലോ കഠ്മണ്ഡുവിലേക്ക് പോകാവുന്നതാണ്.  അതിർത്തിയിൽ നിന്ന് വീണ്ടും ഏകദേശം 264 കിലോമീറ്റർ കഠ്മണ്ഡു ബസ് സ്റ്റാന്റിലേക്കുണ്ട്.

ഡൽഹി വഴി പോകുന്നവർക്ക് റക്സോൾ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി (Raxaul Junction Railway Station) ഇൻഡോ നേപ്പാൾ അതിർത്തിവരെ ടാക്സിയിലോ, ടുക്ക് ടുക്ക് വണ്ടി എന്നുവിളിക്കുന്ന കുതിര വണ്ടിയിലോ, മുച്ചക്ര വാഹനത്തിലോ, ഓട്ടോയിലോ പോയി, അതിർത്തിയിലെ ചെക്കിങ്ങ് കഴിഞ്ഞു ബസ്സിലോ ടാക്സിയിലോ നേപ്പാൾ അതിർത്തിവരെ പോകാവുന്നതാണ്. അവിടെ നിന്ന് ബസ്സിൽ കഠ്മണ്ഡുവിലേക്ക് പോകാം. ഏകദേശം 153 കിലോമീറ്റർ കഠ്മണ്ഡു ബസ് സ്റ്റാന്റിലേക്കുണ്ട്.

രണ്ടു അതിർത്തിയിൽ നിന്നായാലും ഏകദേശം 600 അല്ലെങ്കിൽ 700 നേപ്പാളി രൂപയാണ് ടിക്കറ്റ് ചാർജ്.

നേപ്പാൾ അതിർത്തിയിൽ നിന്നും കഠ്മണ്ഡുവിലേക്ക് ബസ്സിൽ പോകുമ്പോൾ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിലൊന്ന് നമ്മുടെ നാട്ടിലെ പോലുള്ള റോഡ് അല്ല. ഓരോ മലകൾ താണ്ടിയാണ് ബസ്സ് സഞ്ചരിക്കുന്നത്. നല്ല റോഡുകൾ വളരെ കുറവായതിനാൽ ഏകദേശം 16 മണിക്കൂറിലധികം ബസ്സിൽ ഇരിക്കേണ്ടതായി വരും. ഓഫ് റോഡ് യാത്രയുമാണ്. അതുകൊണ്ടു തന്നെ തുടർച്ചയായി ഇരുന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ കാഠ്മണ്ഡുവിലേക്ക് വിമാനയാത്ര തിരഞ്ഞെടുക്കുന്നതാവും ഉചിതം. നേപ്പാൾ ബോർഡർ രാത്രി 10 മണിക്ക് മുമ്പ് അടയ്ക്കും. അതുകൊണ്ടുതന്നെ 10 മണിക്ക് മുമ്പായി അതിർത്തിയിൽ ചെന്ന് ചെക്കിങ്ങ് കഴിഞ്ഞു പോകുന്നത് ഗുണകരമായിരിക്കും. അല്ലെങ്കിൽ രാവിലെവരെ കാത്തിരിക്കേണ്ടതായി വരും. അതിർത്തിയിൽ ചിലവുകുറഞ്ഞ താമസ സൗകര്യങ്ങൾ ലഭ്യമാണ്.

ഈ രണ്ടു അതിർത്തികൾ കൂടാതെ വേറെയും 4 അതിർത്തികൾ ഉണ്ട്. ഉത്തരാഖണ്ഡ് (ബൻബാസ), ഉത്തർ പ്രദേശ് (സൊനൗലി), ബിഹാർ (റക്സോൾ), വെസ്റ്റ് ബംഗാൾ (ലാൻറ് പോർട്ട് പനിതാങ്കി), സിക്കിം (സിങ്കലില റേഞ്ച്)  എന്നിവയാണ് 6 അതിർത്തികൾ.

ലുംബിനി

പശ്ചിമ നേപ്പാളിലെ രുപന്ദേഹി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധമത തീർത്ഥാടനഭൂമിയാണ് ലുംബിനി (Lumbini). ഇവിടെവെച്ചാണ് മഹാറാണി മായാദേവി സിദ്ധാർത്ഥ ഗൗതമന് ജന്മം നൽകിയത്. പിൽകാലത്ത് ശ്രീ ബുദ്ധനായി മാറി ബുദ്ധമതം സ്ഥാപിച്ച സിദ്ധാർത്ഥൻ ക്രിസ്തുവിന് മുമ്പ് 623-നും 543-നും ഇടയിലാണ് ജീവിച്ചിരുന്നത്. ശ്രീബുദ്ധനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയമുണ്ടായ ബുദ്ധ ഗയ, ശ്രീബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ സാരാനാഥ്, അദ്ദേഹം നിർവാണം പ്രാപിച്ച കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പുണ്യകേന്ദ്രങ്ങൾ.

ബുദ്ധന്റെ കാലഘട്ടത്തിൽ കപിലവസ്തുവിനും ദേവദഹയ്ക്കും ഇടയിലായിലുള്ള പ്രദേശമായിരുന്നു ലുംബിനി. പിൽകാലത്ത് അശോകചക്രവർത്തി ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. അതിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച ലുംബിനിയിലെ അശോകസ്തംഭം ഇതിന്റെ തെളിവാണ്.

1997മുതൽ ലുംബിനി യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. നിരവധി ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇന്ന് ഇവിടെ കാണപ്പെടുന്നു.

സൊനൗലിയിൽ നിന്ന് 26 കിലോമീറ്ററും റക്സോളിൽ നിന്ന് ഏകദേശം 230 കിലോമീറ്ററും ലുംബിനിയിലേക്കുണ്ട്.

കാഠ്മണ്ഡുവാണ് നേപ്പാളിൻ്റെ തലസ്ഥാനമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവിടെയാണ് യോദ്ധാ സിനിമയിലെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. 

കാഠ്മണ്ഡു

നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു (Kathmandu) . മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 മീറ്റർ (4,600 ft) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ദർബാർ ചത്വരത്തിലെ "കാഷ്ഠമണ്ഡപം" എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ(काष्ठ) എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിയിൽ തീർത്ത മണ്ഡപം. കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ മാത്രം നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി എവിടെയും ഉപയോഗിച്ചിട്ടില്ല.

സ്വയംഭൂനാഥ്

(സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം അഥവാ Swoyambhunath Monkey Temple)

നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമാണ് (Swoyambhu Mahachaitya). സ്വയംഭൂനാഥ ക്ഷേത്രം, സ്വയംഭൂനാഥ സ്തൂപം, അനവധി ചെറുക്ഷേത്രങ്ങൾ തുടങിയവ കൂടിച്ചേർന്നതാണ് സ്വയംഭൂനാഥ്. സ്വയംഭൂനാഥ ക്ഷേത്രം വാനരക്ഷേത്രം എന്നപേരിലും അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായ് അതിവസിക്കുന്ന വാനരന്മാർ
മൂലമാണ് ക്ഷേത്രത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. കുരങ്ങന്മാരെ ഇവിടെ പവിത്രമായ ജീവിയായാണ് കണക്കാക്കുന്നത്. ഇവിടെയാണ് യോദ്ധ സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

നേപ്പാളിലെ വളരെ പഴക്കംചെന്ന ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സ്വയംഭൂനാഥ്. ഗോപാലരാജവംശാവലിയിൽ പറയുന്നതനുസരിച്ച്, നേപ്പാൾ രാജാവായിരുന്ന മാനവേന്ദ്രന്റെ പ്രപിതാമഹൻ വൃഷദേവൻ 5-ആം നൂറ്റാണ്ടിൽ പണിതീർത്തതാണ് ഈ സ്ഥലം. സ്വയംഭൂനാഥിലെ സ്തൂപം ഒരു വെളുത്ത അർധകുംഭകത്തിന്മേലാണുള്ളത്. അർധകുംഭകത്തിന്റെ മുകളിൽ ഘനാകാരമുള്ള സ്തൂപത്തിൽ നാലുദിക്കിലേക്കും ദർശനമായി, ഭഗവാൻ ബുദ്ധന്റെ നേത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

പശുപതിനാഥ ക്ഷേത്രം (Pashupatinath Temple)

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതി നദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്. നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രിസ്തു വർഷം 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം (പശൂനാം പതി = പശുപതി; പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇന്ത്യയിലെ വാരാണാസിയിലെ കാഴ്ചകൾക്ക് തുല്യമാണിവിടം. പശുപതിനാഥ് ക്ഷേത്രത്തിൻറെ പിറകിൽ കൂടി ഒഴുകുന്ന ഭാഗ്മതി നദിയുടെ ഇരുകരകളിലായി മരിച്ചവരെ ദഹിപ്പിക്കുന്നത് കാണാം. അർദ്ധ നഗ്നരായ അഘോരി സന്യാസികളും ഇവിടത്തെ കാഴ്ചയാണ്.

ചന്ദ്രഗിരി ഹിൽ (Chandragiri Hills)
തങ്കോട്ടിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ചന്ദ്രഗിരി ഹിൽ (Chandragiri Hills), സമുദ്രനിരപ്പിൽ നിന്നും 2551 മീറ്റർ ഉയരമുള്ള കാഠ്മണ്ഡു താഴ്വരയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കിടക്കുന്നത്. ഹിന്ദു, ബുദ്ധ മതങ്ങളുമായി ഈ മലനിരകൾ ബന്ധപ്പെട്ടിരിക്കുന്നു. അന്നപൂർണ്ണ മുതൽ എവറസ്റ്റ് വരെയുള്ള ഹിമാലയൻ മലനിരകൾ കാഠ്മണ്ഡു താഴ്വരയുടെയും ഹിമാലയൻ 
പർവതങ്ങളുടെയും മനോഹര ദൃശ്യം ഇവിടെ കാണാം. കാഠ്മണ്ഡുവിലെ നാല് പാസുകളിൽ ഒന്നാണ് ചന്ദ്രഗിരി ഹിൽ. ശിവന്റെ ഭാലേശ്വർ മഹാദേവക്ഷേത്രം കുന്നിൻമുകളിലാണ് സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡു വാലിക്ക് അടുത്തായി തുറന്ന ട്രെക്കിങ്ങ് പാതകാണപ്പെടുന്നു. അടുത്തകാലത്ത് ആരംഭിച്ച ചന്ദ്രഗിരി ഹൈക്കിംഗ് ട്രെയ്ൽ. കേബിൾ കാർ എന്നീ ഗതാഗത സൌകര്യം ലഭ്യമാണ്.

ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം (Tribhuvan International Airport)

നേപ്പാളിലെ കാഠ്മണ്ഡുവിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം. 

കാഠ്മണ്ഡുവിലേക്ക് വിമാന മാർഗ്ഗം പോകാൻ ആഗ്രഹിക്കുന്നവർ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. വിമാന മാർഗ്ഗം പോകുന്നുണ്ടെങ്കിലും ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് ആവശ്യമില്ല. മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ആധാർ കാർഡോ വോട്ടർ ഐഡി കാർഡോ മതിയാകും.

കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (Kathmandu Durbar Square)
യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിച്ച നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നാണ്   കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (Basantapur Darbar Kshetra) ഇത് കാഠ്മണ്ഡു കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായി സ്ഥിതിചെയ്യുന്നു. ഈ നഗരം മുഴുവൻ ഭരിച്ചിരുന്ന, മാള, ഷാഹ് രാജാക്കന്മാരുടെ കൊട്ടാരം അടങ്ങുന്ന സ്ഥലമാണ് ദർബാർ സ്ക്വൊയർ. ഈ പ്രദേശത്തേയും ഉൾപ്പെടുത്തിയിട്ടുള്ള ചതുരം ചതുർഭുജ രീതിയിലാണ്, അവിടെ ക്ഷേത്രങ്ങളും, മുറ്റവുമുണ്ട്. ഇത്, ശ്രീരാമന്റെ ഭക്തനായ ഹനുമാനിനെ പ്രതിഷ്ടയായി വച്ചിരിക്കുന്ന, ഹനുമാൻ ദോക്ക ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു. പാലസ്സിന്റെ മുന്നിലായി ഈ ചതുരം സ്ഥിതിചെയ്യുന്നു.

ഭക്തപൂർ ദർബാർ സ്ക്വയർ (Bhaktapur Durbar Square)

ഭക്തപൂർ കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായുള്ള ഒരു വിപണിസ്ഥലമാണ് ഭക്തപൂർ ദർബാർ സ്ക്വയർ. ഇത് സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നുകൂടിയാണ് ഇത്, അവ് മൂന്നും യുനെസ്കോയുടെ പൈതൃക സ്ഥാനം നേടിയവയാണ്. ബോദ്ഗോവൻ എന്നറിയപ്പെടുന്ന ഭഗത്പൂർ നഗരത്തിൽ തന്നെയാണ് ഭക്തപൂർ ദർബാർ സ്ക്വയർ സ്ഥിതിചെയ്യുന്നത്.

കാഠ്മണ്ഡുവിന്റെ കിഴക്ക് 13 കിലോമീറ്റർ വരെ ഈ ദർബാർ സ്ക്വൊയർ വ്യാപിച്ചുകിടക്കുന്നു. ഈ ചതുരത്തിന് ഉപചതുരങ്ങളായി നാല് ചതുരങ്ങൾ കൂടിയുണ്ട് (ദർബാർ സ്ക്വൊയർ, തോമദി സ്ക്വൊയർ, ദറ്റാത്രേയ സ്ക്വൊയർ, പോട്ടെറി സ്ക്വൊയർ) അവയടങ്ങുന്ന മുഴുവൻ പ്രദേശത്തെ ബഗത്ത്പൂർ ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു, കൂടാതെ ഇതുതന്നെയാണ് കാഠ്മണ്ഡു താഴ്വരയിൽ ഏറ്റവും സന്ദർശകരുള്ള ഒരു ഇടം.

55 ജനാലകളുള്ള കൊട്ടാരം
എ.ഡി 1427-ൽ ഭരിച്ചിരുന്ന യക്ഷ മാള എന്ന രാജാവിന്റെ കാലത്താണ്  55 ജനാലകളുള്ള കൊട്ടാരം നിർമ്മിക്കപ്പെടുന്നത്,  ഇതിനെ 17-ാം നൂറ്റാണ്ടിലെ ബൂപതിന്ദ്ര മാളയുടെ കാലത്ത് പുനഃനിർമ്മിക്കുകയും ചെയ്തു. മതിൽക്കെട്ടുകൾക്കപ്പുറമുള്ള, ശ്രേഷ്ഠമായ ശിലാ നിർമ്മാണങ്ങളുടെ ആലേഖന രീതിയും, 55 ജനാലകളുള്ള ബാൽക്കണിയും, അതുല്യമായ മരപ്പണിയിലെ മാസ്റ്റർപീസുകളായി അറിയപ്പെടുന്നു.
സ്വർണ്ണപ്പടിവാതിൽ 

ബഗത്പൂരിലെ ലോകപ്രശ്തമായ സ്വർണ്ണപ്പടിവാതിൽ.
ലോകത്തിൽവച്ച്  വളരെ മനോഹരമായതും,അത്യധികം വിലപിടിപ്പുള്ള വസ്തുക്കളാൽ നിർമ്മിതവുമായ ഒരു പടിവാതിലാണ്  ലു ദോവ്ക്ക (സ്വർണ്ണപ്പടിവാതിൽ. ഈ പടിവാതിലിൽ ഹിന്ദു മതത്തിലെ ദേവതകളായ കാളിയേയും, ഗരുഡനേയും പ്രതിഷ്ടിച്ചിരിക്കുന്നു, കൂടാതെ രണ്ട് ജലകന്യകകളും ഇവിടെയുണ്ട്. ഈ പടിവാതിലിനെ രാക്ഷസന്മാരെകൊണ്ടും, ഹിന്ദു മതത്തിലെ വിശ്വാസപരമായ സങ്കീർണത നിറഞ്ഞ ജീവികളെകൊണ്ടും അലങ്കരിച്ചിരിക്കുന്നു. ഇംഗ്ലീഷ് കലാനിരൂപകനും, ചരിത്രകാരനുമായ പേഴ്സി ബ്രൗൺ ഈ സ്വർണ്ണപടിവാതിലിനെക്കുറിച്ച് പറഞ്ഞതിതാണ്, "ഈ മുഴുവൻ രാജ്യത്തിലേയും കലയിലെ ഏറ്റവും ശ്രേഷ്ഠമായ ഒന്ന് ; എണ്ണിതിട്ടപ്പെടുത്തനാവാത്ത വിധമുള്ള ഭംഗിയാർന്ന മുഖങ്ങളുടെ നിരകൾ, അതിന്റെ പിന്നിലെ പശ്ചാത്തലത്താൽ ഒരു രത്നംപോലെ തിളങ്ങുന്നു." ഈ പടിവാതിൽ നിർമ്മിച്ചത് രഞ്ജിത്ത് മാള രാജാവായിരുന്നു, കൂടാതെ ഇത് 55 ജനാലകളുള്ള കൊട്ടാരത്തിന്റെ മുറ്റത്തേക്കുള്ള വഴിയുമാണ്.


സിംഹപ്പടിവാതിൽ
ഇത്തരം അത്ഭുതപരമായ രീതിശാസ്ത്രത്തോടുകൂടിയ പടിവാതിലുകളുടെ നിർമ്മാണം നടത്തിയത് കൈവേലക്കാരായിരുന്നു, എന്നാൽ ബഗദോൺ രാജാവ് അവരുടെ കൈകളെല്ലാം വെട്ടിമാറ്റിയതിനാൽ വീണ്ടും അത്തരം ശ്രേഷ്ഠമായ മാസ്റ്റർപീസുകൾ ഉണ്ടായതേയില്ല.



നാഗർകോട്ട് 
മധ്യ നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയുടെ അരികിലുള്ള ഒരു ഗ്രാമമാണ് നാഗർകോട്ട്.  വടക്കുകിഴക്ക് എവറസ്റ്റ് ഉൾപ്പെടെയുള്ള ഹിമാലയത്തിൻ്റെ കാഴ്ചകൾക്ക് ഇത് അറിയപ്പെടുന്നു, ഇത് സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും പ്രത്യേകിച്ചും ശ്രദ്ധേയമാണ്.  ചുറ്റുപാടുമുള്ള സ്‌ക്രബ്‌ലാൻഡ് പാതകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ നിരവധി ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രവുമാണ്.  പടിഞ്ഞാറ് ഭാഗത്തായി വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന പുരാതന പഗോഡ ശൈലിയിലുള്ള ചംഗുനാരായണ ക്ഷേത്രവും ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ്.

ഇങ്ങനെ നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ കാഴ്ചകൾ മാത്രമാണ് ഈ ലേഖനത്തിൽ പറഞ്ഞു വെച്ചിരിക്കുന്നത്. നേപ്പാൾ എന്ന രാജ്യത്ത് മനോഹരമായ മറ്റു സ്ഥലങ്ങളും ഉണ്ട്. 

സിം കാർഡ് 
ഇന്ത്യൻ സിം കാർഡ് അതിർത്തി കടക്കുമ്പോൾ തന്നെ നിശ്ചലമാകും. അല്ലെങ്കിൽ പോകും മുമ്പ് ഇന്റർനാഷണൽ റോമിങ്ങ് ഉപയോഗിക്കുന്നതിലേക്കായി റീചാർജ് ചെയ്യേണ്ടതായി വരും. അതിന് ഉയർന്ന നിരക്കുമാണ്. അതിനേക്കാൾ സൗകര്യം അതിർത്തിയിൽ തന്നെ അല്ലെങ്കിൽ വിമാനത്താവളത്തിൽ നിന്ന് ആധാർ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് എന്നിവ നൽകി Ncell എന്ന കമ്പനിയുടെ സിം കാർഡ് എടുക്കാവുന്നതാണ്. 350 ഇന്ത്യൻ രൂപ നൽകിയാൽ 5 ദിവസത്തേക്ക് 5 ജി.ബി ഡാറ്റയും Ncell ലേക്ക് സൗജന്യമായും വിളിക്കാവുന്നതാണ്.

താമസം

നേപ്പാളിൻ്റെ ഹൃദയ ഭാഗമെന്നറിയപ്പെടുന്ന തമേലിൽ ഒരുപാട് ഹോട്ടലുകളുണ്ട്. 1200 നേപ്പാളി രൂപ മുതൽ മുകളിലോട്ട് ഡബിൾ റൂം ലഭിക്കും. പക്ഷെ ഭക്ഷണം കഴിക്കാനുള്ള ഹോട്ടൽ മുഴുവനും മുന്തിയ വിലയിൽ ഭക്ഷണം വിളമ്പുന്നവയാണ്. കുറച്ചുള്ളിലോട്ട് പോയാൽ ബനിയാത്തർ എന്ന സ്ഥലത്ത് ഹോട്ടൽ സാറാസ് ബാക്ക്പാക്കേർസ് (Hotel Sara's Backpackers (P) Ltd.)** എന്നൊരു ചെറിയൊരു ഹോട്ടലുണ്ട്. അവിടെ 350 നേപ്പാളി രൂപയ്ക്ക് ഡോർമെറ്ററി സൗകര്യവും 800 നേപ്പാളി രൂപയ്ക്ക് സിംഗിൾ റൂമും 1200 നേപ്പാളി രൂപയ്ക്ക് ഡബിൾ റൂമും ലഭിക്കും. അതിന്റെ പരിസരങ്ങളിലായി നിരവധി ചെറിയ ചെറിയ ഹോട്ടലുകൾ ഉണ്ട്. പൊതുവേ ഇവിടങ്ങളിൽ ഭക്ഷണത്തിന് പൈസയും കുറവാണ്.

ഇൻ ഡ്രൈവ് (InDrive)

ഇൻ ഡ്രൈവ് (InDrive) എന്നൊരു ആപ്പ് ഡൗൺലോഡ് ചെയ്‌താൽ ബൈക്ക് ടാക്സിയോ, കാറോ ബുക്ക് ചെയ്യാവുന്നതാണ്. ഇഷ്ടം പോലെ ബസ്സുകളും ഷെയർ ടാക്‌സികളും ലഭ്യമാണ്.

എവിടെ പോയാലും കാശ് കൊടുക്കുമ്പോൾ നേപ്പാളി രൂപയാണോ ഇന്ത്യൻ രൂപയാണോ എന്ന് ചോദിച്ചു ഉറപ്പുവരുത്തുക. കാരണം മിക്ക സ്ഥലങ്ങളിലും ഈ രണ്ടു പൈസയും എടുക്കും. പ്രത്യേകിച്ച് ടൂറിസ്റ്റ് സ്ഥലങ്ങളിലും ടാക്സികളിലും. ഇന്ത്യയുടെ ഒരു രൂപ 1.6 നേപ്പാളി രൂപയാണ്***. മറ്റൊരു കാര്യം ഇന്ത്യയിൽ നിന്ന് നേരിട്ട് പൈസ അയക്കാൻ സാങ്കേതികമായ ബുദ്ധിമുട്ടുള്ളതിനാലും ഇന്ത്യൻ ബാങ്കിൻറെ എ.ടി.എം എല്ലാ സ്ഥലങ്ങളിലും എടുക്കണമെന്ന് നിർബന്ധവുമില്ല. എടുത്താൽ തന്നെ ഭീമമായ തുകയാണ് പൈസ പിൻവലിക്കുമ്പോൾ ഈടാക്കുന്നത്. പരമാവധി കയ്യിൽ ഇന്ത്യൻ രൂപ കരുതിയാൽ നേപ്പാളിൽ എവിടെ നിന്ന് വേണമെങ്കിലും നേപ്പാളി രൂപയായി മാറാവുന്നതാണ്. അല്ലെങ്കിൽ നേപ്പാളി രൂപയ്ക്ക് സമാനമായ തുക ഇന്ത്യൻ രൂപയായി നൽകാവുന്നതാണ്.

ട്രെയിൻ വഴി സാധാരണ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തു പോകുന്നവർക്ക് പോകാനും വരാനും നേപ്പാളിൽ 5 ദിവസം ചിലവഴിക്കാനും ഏകദേശം 12000 ഇന്ത്യൻ രൂപ മതിയാകും.

©മോഹൻദാസ് വയലാംകുഴി

(According to the 2023 Passport Index by Henley & Partners, Indian passport holders can now travel to 57 countries without facing visa issues. This list includes countries offering visa-free travel, visa-on-arrival services, and electronic travel authorization.)

** Hotel Sara's Backpackers (P) Ltd. - +9779851207616, +9779849046752 (WhatsApp & Call Available)

*** INR to NPR Convertor


Location Reference: Wikipedia


#nepal #kathmandu #tourist #yoddha #rimbochi #lama #everest #himalaya #visafree #MohandasVayalamkuzhy #Buddha #DalaiLama #Mohanlal #jagathysreekumar #madhoo #urvashi #India #IndoNepal #Raxaul #Lumbini #Hindu 

Sunday, 10 September 2023

Auroville : The Future of World in India

 

രാവിലെ 7.30 ന് ക്യാബ് ഡ്രൈവർ വരുമ്പോഴേക്കും ഞാൻ പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു. പോണ്ടിച്ചേയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് Auro വില്ല.

Auroville : The Future of World in India, Pondicherry എന്ന തലക്കെട്ടോടെ ലോക ജനതയ്ക്ക് മുമ്പിൽ സമർപ്പിച്ച ഒരത്ഭുതം എന്ന് വേണമെങ്കിൽ പറയാം.

8 മണിക്ക് ഓറോ വില്ലയിലെ വിസിറ്റിംഗ് സെന്ററിൽ എത്തിയപ്പോൾ എഞ്ചിനിയർ ഗോവിന്ദ് സാർ എന്നെ സ്വീകരിച്ചു അവിടെയുള്ള ഫ്രഞ്ച് കഫ്റ്റരിയയിലേക്ക് കൊണ്ടു പോയി. ഞാൻ ഇടലിയും ചായയും കഴിച്ചിരിക്കുമ്പോൾ ഗോവിന്ദ് സാറിന്റെ അസിസ്റ്റന്റ് രാജേന്ദ്രൻ സാർ വന്ന് എന്നെ മാത്രി മന്ദിരത്തിലേക്ക് പോകാനുള്ള starting point ലേക്ക് കൊണ്ടുപോയി. പത്തിരുപത്തഞ്ചു പേർ ക്യൂ നിൽക്കുന്നുണ്ട്. ഞാനും പോയി ക്യൂവിൽ നിന്നപ്പോൾ എന്നെ അവിടത്തെ ചീഫ് വന്ന് കൂട്ടിക്കൊണ്ടുപോയി. സ്‌പെഷ്യൽ പാസ്സാണെന്നു അറിയാം. പക്ഷെ എം.എൽ.എ ലക്ഷ്മി നാരായണൻ സാർ പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പെർമിഷനോടെ അനുവദിച്ച പാസ്സായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. ഫ്രഞ്ച് കോൺസുലേറ്റിൽ നിന്നും 12 പേരും ഉണ്ടായിരുന്നു.

ടെമ്പോ ട്രാവലർ മാത്രി മന്ദിരത്തിലേക്ക് വിട്ടു. കൃത്യം 9 മണിക്ക് മന്ദിരത്തിന് പുറത്തുള്ള ആലിനടിയിലേക്ക് കടത്തി വിട്ടു. അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. മൊബൈൽ ഫോൺ, ബാഗ്,ക്യാമറ, ഒന്നും തന്നെ അകത്തേക്ക് അനുവദിക്കാത്തത് കൊണ്ട് ആദ്യമൊരു സങ്കടമുണ്ടായെങ്കിലും അകത്ത് പ്രവേശിച്ചപ്പോൾ മനസ്സിലായി ഒന്നും ഇല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിച്ചത് പോലൊരു തോന്നൽ. തത്തയും മൈനയും ചേക്കേറിയ ആ ആൽ ആദ്യം കണ്ടപ്പോൾ വലിയൊരു ആലും ചുറ്റും കുഞ്ഞു ആലുകളും എന്നാണ് കരുതിയത്. ചിന്തിച്ചു കൂട്ടിയതൊക്കെയും ആസ്ഥാനത്താക്കി ഞെട്ടിപ്പിച്ചു കൊണ്ട് ആൽ പന്തലിച്ചു കണ്ണിന് മുന്നിൽ ആദ്‌ഭുതമായി നിൽക്കുന്നു. ശിഖരങ്ങൾ വളർന്ന് താഴേക്കിറങ്ങി ഭൂമിയിൽ വേര് പിടിച്ചതാണോ അതോ മുകളിലിലേക്ക് വളർന്ന ആൽമരങ്ങൾ തമ്മിൽ ഒട്ടിപിടിച്ചതോ...!!

പിന്നീട് ഞങ്ങളെ അവർ മാത്രി മന്ദിരത്തിലേക്ക് കൊണ്ടുപോയി. ചുവന്ന ടൈൽ പാകിയ. വൃത്തിയുള്ള നിലങ്ങൾ. ഷൂസും സോക്‌സും അഴിച്ചു ഗ്ലോബിന്റെ ഒന്നാം നിലയിൽ പ്രവേശിച്ചപ്പോൾ അവിടെ പ്രത്യേകം തയ്യാറാക്കി വെച്ച വെള്ള സോക്സുകൾ ധരിക്കാൻ പറഞ്ഞു. റാമ്പിലൂടെ 3 തവണ കറങ്ങിയപ്പോൾ ഒരു വാതിൽ തുറന്നു തന്നു. വൃത്താകൃതിയിൽ ഉള്ള വലിയ ഹാൾ വെളുത്ത 12 മാർബിൾ തൂണുകൾ ചുമരും തറയും വെളുത്ത മാർബിൾ തന്നെയാണ്. ഹാളിന്റെ ഒത്ത നടുവിൽ ഒരു സ്പടികത്തിൽ നിർമ്മിച്ച ഗ്ലോബ്, അതിലേക്ക് നേരിട്ട് ആർട്ടിഫിഷ്യൽ സൂര്യപ്രകാശം പതിക്കുന്നുണ്ടായിരുന്നു. ഹാളിൽ മറ്റു വെളിച്ചമോ സ്വിച്ച്, പ്ലഗ്ഗ്‌, ലൈറ്റ്, ജനൽ, വായു സഞ്ചാരത്തിനുള്ള മാർഗ്ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും തണുപ്പു നിറഞ്ഞതായിരുന്നു ആ ഹാൾ. ധ്യാനിക്കാൻ വേണ്ടി പ്രത്യേകം ഒരുക്കിയ കുഷ്യനുകളിൽ എല്ലാവരും ഇരുന്നു. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യരുത്. അങ്ങനെ തോന്നിയാൽ പുറത്തു പോകണം. കനത്ത നിശബ്ദത നിറഞ്ഞ ഒരു മണിക്കൂർ കടന്നു പോയത് പോലും അറിഞ്ഞില്ല. തിരികെ താഴെയിറങ്ങി മറ്റൊരു വഴിയിലൂടെ ഗ്ലോബിന്റെ കീഴെയുള്ള പ്രത്യേകം തയ്യാറാക്കിയ മാർബിളിൽ ജലധാരയ്ക്ക് ചുറ്റും ധ്യാനനിരതനായി ഇരുന്നു. പിന്നെ പതുക്കെ പുറത്തേക്ക്.

ഇനി ഓറോ വില്ലയെക്കുറിച്ചൊരു വിവരണവും കൂടി.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള നഗരമാണ് ഓറോവില്ല. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തൊരുമിച്ച് കഴിയുന്നു. ജാതി, മത, വർണ്ണ ഭേദമില്ലാത്ത ഇടമാണ് ഓറോവില്ല. പോണ്ടിച്ചേരിയിൽനിന്ന് കേവലം 12 കിലോമീറ്റർ വടക്കാണ് ഓറോവില്ലിന്റെ സ്ഥാനം. 1968ൽ മിറാ അൽഫാസ്സയാണ് ഈ നഗരം സ്ഥാപിച്ചത്. റോജർ ഏങ്കറാണ് ഈ നഗരത്തിന്റെ വാസ്തുശില്പി. ലോകത്തിന് മാനവ ഐക്യത്തെ കാട്ടിക്കൊടുക്കുക എന്നതാണ് ഓറോവില്ല എന്ന സംരംഭത്തിന്റെ ഉദ്ദേശം.
അരൊബിന്ദോ സൊസൈറ്റിയുടെ ഭാഗമായി 1968 ഫെബ്രുവരി 28, ബുധനാഴ്ച മിറാ അല്ഫാസയാണ് ഓറോവില്ല സ്ഥാപിച്ചത്. അരൊബിന്ദോയുടെ സഹകാരിയായിരുന്നു അമ്മ എന്നറിയപ്പെടുന്ന മിറാ അല്ഫാസ. ഓറോവിൽ നഗരത്തിന്റെ ഉദ്ഘാടന വേളയിൽ 124 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. അന്നേ ദിവസം അമ്മ(മിറാ അല്ഫാസ) ഓറോവില്ലിനെ സംബന്ധിക്കുന്ന നാലുകാര്യങ്ങൾ പറയുകയുണ്ടായി.

ഓറോവില്ല ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല. ലോകത്തിലെ സർവമനുഷ്യർക്കും ഓറോവില്ല ഒരുപോലെ അവകാശപ്പെട്ടതാണ്. ലോക മാനവികതയ്ക്ക് സമർപ്പിക്കപ്പെട്ട നഗരമാണ് ഓറോവില്ല. പക്ഷെ ലോകമാനവർക്കുവേണ്ടി സേവനം ചെയ്യാൻ തല്പരരായിരിക്കുന്നവർക്കേ ഓറോവില്ലിൽ താമസിക്കാൻ കഴിയൂ.
ശാശ്വതമായ വിജ്ഞാനത്തിന്റെയും, സ്ഥായിയായ പുരോഗതിയുടെയും, സനാതന യൗവനത്തിന്റെയും കേന്ദ്രമായിരിക്കും ഓറോവില്ല. ഭൂതകാലത്തിനും ഭാവിക്കും ഇടയിലുള്ള പാലമായി ഓറോവില്ല വർത്തിക്കും.
മാനവികതയെ സംബന്ധിച്ച ഭൗതികവും ആധ്യാത്മികവുമായ ഗവേഷണങ്ങളുടെ ഭൂമിയായിരിക്കും ഓറോവില്ല.
ഓറോവില്ലിലെ വാസ്തുവിസ്മയമാണ് മാത്രിമന്ദിർ. യോഗ, ആത്മീയധ്യാനം എന്നിവയ്ക്കായുള്ള ക്ഷേത്രമാണ് ഇത്. മിറ അൽഫാസ്സിന്റെ സങ്കല്പത്തിൽ "പരിപൂർണ്ണതയ്ക്കുവേണ്ടിയുള്ള മാനവരുടെ പ്രേരണക്ക് നൽകാവുന്ന ദൈവികമായ ഉത്തരമാണ് മാത്രിമന്ദിർ".

പുറംകാഴ്ചയിൽ സുവർണ്ണനിറത്തിലുള്ള ഒരു ഗോളാമാണ് ഈ നിർമ്മിതി. സന്ദർശകർക്ക് മനഃശാന്തി കൈവരിക്കുന്നതിനായി മാത്രിമന്ദിറിനകം എപ്പോഴും നിശ്ശബ്ദമായിരിക്കത്തക്ക വിധം സംരക്ഷിച്ചിരിക്കുന്നു.
എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന എന്റെ പ്രീയ സുഹൃത്ത് മോഹൻദാസിന്, അവരുടെ മാനേജർ വിജയ്, എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.


NB : ഓറോ വില്ലായിലേക്ക് ആർക്ക് എപ്പോൾ വേണമെങ്കിലും പോകാം. ഗ്ലോബിന് (മാത്രി മന്ദിരം) ചുറ്റും പുറത്തു നിന്ന് നോക്കി കാണാം. മാത്രി മന്ദിരത്തിനുള്ളിൽ കയറണമെങ്കിൽ മാത്രമാണ് പാസ്സ് ആവശ്യമുള്ളത്.






© മോഹൻദാസ് വയലാംകുഴി

#auroville #pondicherry #puducherry #Sriaurobindo #matrimandir #globalvillage #aurovilleglobal #MohandasVayalamkuzhy

Thursday, 3 August 2023

Interview Tips & Personal Grooming

Personal Grooming - 1

പലരും കുറെയധികം ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകും. റിസൾട്ട് വരുമ്പോൾ റാങ്ക് ലിസ്റ്റിൽ പോലും ഉണ്ടാകില്ല. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് എപ്പോഴെങ്കിലും സെൽഫ് അനാലിസിസ് നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു കടലാസെടുത്തു നിങ്ങളുടെ സ്ട്രെങ്ങ്ത്തും വീക്ക്നെസും ഒന്ന് എഴുതി നോക്കുക. എന്നിട്ട് വീക്ക്നെസ് ഉള്ള ഭാഗങ്ങൾ ഒന്ന് കറക്റ്റ് ചെയ്യാൻ ശ്രമിക്കുക. അല്ലാതെ എന്നെക്കാളും യോഗ്യതയില്ലാത്തവർക്കാണ് ആ ജോലി കിട്ടിയിരിക്കുന്നത് എന്നൊക്കെ നിലവിളിച്ചു സ്വയം ന്യായീകരിക്കാൻ ശ്രമിച്ചാൽ വലിയ മണ്ടത്തരമായിരിക്കും.


യോഗ്യത:

വിളിച്ച ജോലിക്കുള്ള കൃത്യമായ യോഗ്യത നിങ്ങൾക്കുണ്ടോ എന്നു പരിശോധന നടത്തി മാത്രം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക. അല്ലെങ്കിൽ അപേക്ഷിക്കുന്നതിന് മുമ്പായി ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദം എന്ന് പരസ്യത്തിൽ കണ്ടാലും ജോലി എന്താണെന്ന് നോക്കിയ ശേഷം അതിന് സ്വയം യോഗ്യതയുണ്ടോ എന്നു മാത്രം പരിശോധിക്കുക. പരിശോധിച്ചു ഉറപ്പുവരുത്തി മാത്രം അപേക്ഷിക്കുക. മിക്ക ഓഫീസുകളിലും കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഓഫീസ് കാര്യങ്ങൾ മുഴുവനും കമ്പ്യൂട്ടർ വഴി മാത്രം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വേഡ്, എക്സൽ, പവർ പോയിന്റ്, ടൈപ്പിംഗ് സ്പീഡ്, ഈമെയിൽ, എന്നിവയെക്കുറിച്ചൊക്കെ നല്ല അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അഡീഷണൽ കോഴ്‌സുകൾ നിർബന്ധമായും പഠിച്ചു വയ്ക്കുക. കൂടാതെ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് മുന്നോട്ടുള്ള വളർച്ചയ്ക്കും അത്യാവശ്യമാണ്. കൂടുതൽ ഭാഷകളിൽ പ്രാവീണ്യമുണ്ടെങ്കിൽ ജോലിയിലുള്ള ഉയർച്ചയും അതുമൂലം ഉന്നത പദവിയിലെത്താനുള്ള സാധ്യതയും കൂടുതലാണ്.

ബയോഡാറ്റ:

ബയോഡാറ്റ പരമാവധി സ്വന്തമായി തയ്യാറാക്കുക. തയ്യാറാക്കുമ്പോൾ കൃത്യമായി ബോധ്യമുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഭാഷ തമിഴ്, ഇംഗ്ലീഷ് എന്നൊക്കെ കൊടുക്കും. തമിഴ് സിനിമ കണ്ടതിന്റെ ബലത്തിൽ ആയിരിക്കും. എന്നിട്ട് ആരെങ്കിലും തമിഴിൽ എന്തെങ്കിലും ചോദിച്ചാൽ ബ...ബ...ബ... അടിക്കും. പിന്നെ ഹോബിസ് എന്നും പറഞ്ഞു ട്രാവലിംഗ്, റീഡിങ്ങ് എന്നൊക്കെ കാച്ചിക്കളയും. ലാസ്റ്റ് വായിച്ച പുസ്തകം ഏതാണെന്ന് പോലും ഓർമ്മ കാണില്ല, അത് എഴുതിയത് ആര്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമേത് എന്ന് ചോദിച്ചാൽ വിയർക്കും. അവസാനം എവിടേക്കാണ് ട്രാവൽ ചെയ്തതെന്ന് ചോദിച്ചാൽ ജീവിതത്തിൽ ഇന്നേവരെ ജില്ല വിട്ടു പോയിട്ടുണ്ടാവില്ല. ആഗ്രഹമാണ് എന്നൊക്കെ പറയും. ഹോബിസ് എന്നത് ആഗ്രഹമല്ല എന്ന് ആദ്യം മനസ്സിലാക്കുക. പിന്നെ എക്സ്പീരിയൻസ് വയ്ക്കുമ്പോൾ ചെയ്ത ജോലിയുടെ മാത്രം വയ്ക്കുക. ചെയ്യാത്ത ജോലിയെക്കുറിച്ചു ചോദിച്ചാൽ തീരും നിങ്ങളുടെ മുന്നിലുള്ള ഭാവിയിൽ ലഭിച്ചേക്കാവുന്ന ജോലി. പിന്നെ ഏത് ഇന്റർവ്യൂവിന് പോകുമ്പോഴും അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റ തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്റർവ്യൂ:

ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യത്തോടൊപ്പം തന്നെ പഠിച്ച വിഷയത്തെക്കുറിച്ചും അറ്റൻഡ് ചെയ്യുന്ന ജോലിയുടെ സ്വഭാവത്തെക്കുറിച്ചും നന്നായി ഹോംവർക്ക് ചെയ്തു പോവുക. അനുഭവ സമ്പത്തും ഒപ്പം അക്കാദമിക്ക് മികവും കൂടിയുള്ള ഒരു വ്യക്തിയാണ് ഇന്റർവ്യൂ ബോഡിൽ ഇരിക്കുന്നതെങ്കിൽ നിങ്ങൾ നല്ലരീതിയിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്ന പുരുഷൻമാർ ശ്രദ്ധിക്കേണ്ടത്:

ശരീരത്തിന് ഇണങ്ങിയ, ഫിറ്റായ ലൈറ്റ് കളർ ഷർട്ട് തിരഞ്ഞെടുക്കുക. അതും ഫോർമൽ ഷർട്ട്. ഒപ്പം ഫോർമൽ പാന്റ് തന്നെ ധരിക്കാൻ ശ്രദ്ധിക്കണം (പലരും ജീൻസ് ധരിച്ചു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നുണ്ട്). ഫോർമൽ ഷൂസ് തന്നെ തിരഞ്ഞെടുക്കുക, ഒപ്പം നന്നായി പോളീഷ് ചെയ്തു ഉപയോഗിക്കുക. കയ്യിലും കഴുത്തിലും അനാവശ്യ നൂലുകളും മലകളും വളകളും ഒഴിവാക്കുന്നത് നല്ലതായിരിക്കും. അഥവാ അങ്ങനെയുണ്ടെങ്കിൽ അധികം പുറത്ത് കാണാത്ത രീതിയിൽ മറച്ചു വയ്ക്കുക. മുടി ഭംഗിയായി വെട്ടിയൊതുക്കി വയ്ക്കുക. കൈ വിരലിലെ നഖങ്ങളും വൃത്തിയായി വെട്ടി വയ്ക്കുക. മറ്റുള്ളവർക്ക് ആരോചകമാവാത്ത പെർഫ്യൂം ഉപയോഗിക്കുക.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്:

ശരീരത്തിന് ഇണങ്ങിയ, ഫിറ്റായ ഫോർമൽ വസ്ത്രങ്ങൾ, അല്ലെങ്കിൽ സാരിയോ ചൂരിദാറോ ധരിക്കുക. എന്ത് ധരിക്കുമ്പോഴും ശരീരത്തിന് ഇണങ്ങിയതാണോ, എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാക്കുന്നവയാണോ എന്നൊക്കെ പരിശോധിക്കുക. ഉദാഹരണത്തിന് ചുരിദാർ ധരിക്കുമ്പോൾ ഷോൾ ഇടുന്നവർ അത് ഇടയ്ക്കിടെ നേരെയാക്കിക്കൊണ്ടിരിക്കുക, മുടി മുഖത്ത് പാറി വരുമ്പോൾ അത് ഇടയ്ക്കിടെ പിന്നോട്ട് ശരിയാക്കാൻ ശ്രമിക്കുക, സാരി ഉടുത്തു പോയാൽ അരക്കെട്ട് കാണുന്നുണ്ടോ, മുൻഭാഗം ശരിയായി ഒതുക്കത്തിൽ നിൽക്കുന്നുണ്ടോ എന്നൊക്കെ ഇടയ്ക്കിടെ ശ്രദ്ധിക്കുമ്പോൾ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിക്ക് അസ്വസ്ഥത തോന്നിയേക്കാം. ലൈറ്റ് ഷേഡ് ലിപ്സ്റ്റിക്കും അത്യാവശ്യം മേക്കപ്പ് മാത്രം ചെയ്യുക. അതുപോലെതന്നെ വസ്ത്രത്തിന് ഇണങ്ങും വിധമുള്ള ആഭരണങ്ങൾ മാത്രം ധരിക്കുക. നെയിൽ പോളീഷ് ചെയ്യുന്നവർ വൃത്തിയായി ചെയ്യുക. അവിടെയും ഇവിടെയും അടർന്നു പോയ നഖങ്ങൾ കാണുമ്പോൾ ആരോചകം സൃഷ്ടിച്ചേക്കാം. കാലിന് ഇണങ്ങുന്ന ചപ്പലോ ഷൂസോ ധരിക്കുക. ഇട്ടിരിക്കുന്ന വസ്ത്രത്തിനും മാച്ചുണ്ടായാൽ നല്ലത്.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഇന്റർവ്യൂന് പോകുമ്പോൾ ആവശ്യമായ എല്ലാ ഒറിജിനൽ രേഖകളും എടുക്കുന്നതിനോടൊപ്പം എല്ലാറ്റിന്റെയും ഫോട്ടോ കോപ്പിയും കരുതുക. ഒപ്പം പാസ്സ്പോർട്ട് സൈസ് ഫോട്ടോസ്, ഒറിജിനൽ ഐഡൻറിറ്റി കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയും അവയുടെ ഫോട്ടോ കോപ്പിയും കരുതുക. എല്ലാറ്റിന്റെയും ഓരോ കോപ്പി ഓർഡറിൽ പിൻ ചെയ്തു വയ്ക്കുക. കയ്യിൽ കറുപ്പും നീലയും മഷിയുള്ള ഒന്നിലധികം പേനകൾ കരുതുക. എല്ലാ സർട്ടിഫിക്കറ്റുകളും കൃത്യമായി കാണിക്കാൻ പറ്റിയ ഒതുക്കമുള്ള ഒരു ഫയലിൽ ഓർഡറിൽ തല കീഴാകാതെ ഒരേ ഭാഗത്ത്‌ കാണാത്തക്ക രീതിയിൽ വയ്ക്കുക. ഇത്തരം ഫയലിൽ അനാവശ്യ സർട്ടിഫിക്കറ്റുകളും കടലാസുകളും ഒഴിവാക്കുക.

ഇനിയാണ് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നിങ്ങൾ പല സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരായിരിക്കാം. പല തരത്തിലുള്ള പോസ്റ്റുകൾ സ്വന്തമായി എഴുതിയിടുന്നവരോ, അതുമല്ലെങ്കിൽ മറ്റുള്ളവരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരാകാം. എന്തുതന്നെയായാലും അത് നിങ്ങളെ ഏത് തരത്തിൽ ആളുകൾ വിളിയിരുത്തുന്നുണ്ടെന്നോ, അതിലെ അപകടം എന്താണെന്നോ നിങ്ങൾ ചിന്തിച്ചു കാണുമോ എന്നറിയില്ല. കോളിളക്കം സൃഷ്ടിച്ച ഒരു ബലാത്സംഗ കൊലപാതക കേസിലെ പ്രതിയെ തൂക്കിക്കൊല്ലണമെന്നും, അവനെ നേരിൽ കണ്ടാൽ തല്ലി കൊല്ലണമെന്നൊക്കെയുള്ള പോസ്റ്റുകൾ കയ്യടി നേടിയേക്കാം. പക്ഷെ, അത്രത്തോളം അഗ്രസീവും നിയമത്തെക്കുറിച്ചുള്ള ബോധമില്ലാത്തവരും, നിയമത്തെ പേടിയില്ലാത്തവരും ഭരണകൂടത്തെയും ജുഡീഷ്യൽ വ്യവസ്ഥകളോട് പുച്ഛമുള്ളവരുമായിരിക്കും ഇത്തരം ആളുകൾ. ആ പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ നമ്മുടെ ചിന്തയും അതിനോട് അനുകൂലിക്കുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത്. പ്രത്യക്ഷമായ സ്വഭാവവും പരോക്ഷമായ സ്വഭാവവും രണ്ടും രണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഒരാളെ ജോലിക്കെടുക്കാൻ ബന്ധപ്പെട്ടവർ ഒന്ന് മടിക്കും. ഇതേപോലെതന്നെയാണ് നമ്മുടെ മറ്റുള്ള സമൂഹ മാധ്യമ ഇടപെടലും സൂചിപ്പിക്കുന്നത്. തീവ്ര ജാതിമത, രാഷ്ട്രീയ ചിന്തകൾ നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുമ്പോൾ നിങ്ങൾ ഇന്റർവ്യൂവിന് കടന്നു ചെല്ലുന്ന കമ്പനികളുടെ മേധാവികൾ നിങ്ങളുടെ ചിന്തകൾക്ക് എതിർ ചേരിയിൽ നിൽക്കുന്ന ജാതിമത രാഷ്ട്രീയ ചിന്തകളുമായി സഹകരിച്ചു പോകുന്നവരായിരിക്കാം, ഇതിനോടൊക്കെ വൈമുഖ്യം കാണിക്കുന്നവരുമായിരിക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ഇത്തരം തീവ്ര ചിന്തകളും നിങ്ങൾക്ക് പ്രതികൂലമായി ബാധിച്ചേക്കാം.

വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ അടിച്ചു പിരിഞ്ഞ ദമ്പതികളും കാമുകീകാമുകന്മാരും സുഹൃത്തുക്കളുംവരെയുണ്ട്. ഇത്തരം ആശ്രദ്ധകളും, അറിവില്ലായ്മാകളൊക്കെ നമ്മുടെ സ്വര്യ ജീവിതത്തിനും ജോലിക്കും തടസ്സമായി വന്നേക്കാം.

സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പിഴവ് മുതലാളിമാർക്കും, ഉയർന്ന പോസ്റ്റിൽ ഇരിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും സ്ഥാനഭ്രംശവും സ്ഥാപനത്തിന്റെ സുഖമമായി മുന്നോട്ട് പോകുന്നതിനെ തടസ്സപ്പെടുത്തിയേക്കാം. സർക്കാർ തലത്തിലും ഭിന്നതകൾ സംഭവിച്ചേക്കാം. നിർദ്ധോഷമായി ഏതെങ്കിലും പോസ്റ്റുകളിൽ പോയി ഇടുന്ന കമന്റുകൾ പോലും എട്ടിന്റെ പണി കിട്ടിയേക്കാം. ലോകം നമുക്ക് മുന്നിൽ ഇരുപത്തിനാലു മണിക്കൂറും ഇമ ചിമ്മാതെ കിടക്കുന്ന CCTV ക്യാമറ പോലെയാണ്.

പഠിക്കുന്ന സമയത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലും മറ്റും പ്രവർത്തിച്ചു പലതരത്തിലുള്ള കേസുകൾ ഉണ്ടാകാം. അത്തരത്തിലുള്ള കേസുകൾ ജോലിക്ക് കയറുന്ന സമയത്ത് പാരയായി വന്നേക്കാം. ഇങ്ങനെയുള്ള കേസുകൾ ഉണ്ടെങ്കിൽ പരമാവധി പഠിത്തം കഴിഞ്ഞിറങ്ങുമ്പോൾ തന്നെ സ്വന്തം ചെലവിൽ വക്കീലിനെയൊക്കെ വെച്ചു ഏറ്റവും വേഗത്തിൽ ഒഴിവാക്കി ഒന്നിൽ കൂടുതൽ കേസുകൾ പല സ്ഥലങ്ങളിൽ ഉണ്ടെങ്കിൽ ഹൈക്കോടതിയിൽ പോയി ക്വാഷ് ചെയ്തു ഉത്തരവ് കയ്യിൽ സൂക്ഷിക്കുക.

ജോലി ലഭിച്ചാൽ:

ജോലി ലഭിച്ചാൽ എന്തും ആകാം, പഴയ പോലെയൊക്കെ നടന്നുകളയാം എന്നൊന്നും വിചാരിക്കരുത്. ഓരോ കമ്പനിക്കും ഓരോ പോളിസിയും, നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അതുകൊണ്ടുതന്നെ പ്രൊബേഷൻ പിരിഡിൽ ഇത്തരം കാര്യങ്ങളൊക്കെ കമ്പനികൾ കർശ്ശനമായി നിരീക്ഷിക്കും. പിന്നെ പെർഫോമൻസ്, ടൈം മാനേജ്‌മെന്റ്, ടാർഗറ്റ് അചീവ്മെന്റ്, തുടങ്ങി മറ്റു പല ഘടങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തിയായിരിക്കും നിങ്ങളെ ആ കമ്പനിയിൽ സ്ഥിരപ്പെടുത്തുന്നത്. മേൽ സൂചിപ്പിച്ചതൊക്കെ സർക്കാർ ജോലിക്കും ബാധകമാണ് (ഓഫർ ലെറ്റർ കൃത്യമായി വായിച്ചു നോക്കുക). ഒരു ജോലി പോയാൽ വേറെ നൂറുജോലി കിട്ടുമെന്നൊക്കെ വീമ്പിളക്കാമെങ്കിലും കരിയർ ബ്രെക്കും തുടർച്ചയായ മാറ്റം ഒരു ജോലിയിലും അധികം പിടിച്ചു നിൽക്കാത്ത വ്യക്തിയെന്ന ലേബൽ വരികയും പിന്നീട് ഉദ്ദേശിച്ച ജോലികളൊന്നും ലഭിക്കാതെ വരികയും ചെയ്യും. പല കമ്പനികളും മുൻപ് ജോലി ചെയ്ത കമ്പനിയിലെ സാലറി സ്‌ലിപ്പൊക്കെ നോക്കി ഉറപ്പു വരുത്തുന്ന പതിവും ഉണ്ട്. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയാൽ ഇന്റേണൽ വെരിഫിക്കേഷനും നടത്താറുണ്ട്.

ഫിറ്റ്നസ്:

ഏത് ജോലി ലഭിച്ചാലും തട്ടിമുട്ടി പോകാമെന്നും ജോലി ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഇഷ്ടമുള്ള രീതിയിൽ നടക്കാമെന്നൊക്കെയുള്ള ചിന്ത ആദ്യം ഒഴിവാക്കുക. എല്ലാ കമ്പനികളും ഒരാളുടെ ആരോഗ്യം, മെന്റൽ ഹെൽത്ത്, വർക്ക് എഫിഷ്യൻസി, ധരിക്കുന്ന വസ്ത്രം, വൃത്തി എല്ലാം ശ്രദ്ധിക്കും. ഇതൊക്കെയും കൃത്യമായി മെയിന്റൻ ചെയ്യാൻ സാധിക്കുന്നില്ല എന്നു കമ്പനിക്ക് തോന്നിയാൽ കമ്പനി ഏതെങ്കിലും തരത്തിൽ ഒഴിവാക്കും. ഒട്ടുമിക്ക കമ്പനികളും ആറുമാസത്തിലൊരിക്കൽ പെർഫോമൻസ് അപ്രൈസൽ, ട്രെയിനിംഗ്, എന്നൊക്കെയുള്ള പരിപാടികൾ കാര്യക്ഷമമായി തന്നെ നടത്താറുണ്ട്. അത്തരത്തിലുള്ള പരിപാടികളിൽ മോശം പെർഫോമൻസ് കാഴ്ച വയ്ക്കുന്നവരെയാണ് കമ്പനികൾ പല കാരണങ്ങൾ പറഞ്ഞു പിരിച്ചു വിടുന്നത്. പിരിച്ചുവിടലിന് കാരണമായി കമ്പനികൾ പലപ്പോഴും റിസഷൻ എന്നൊക്കെയാണ് പുറത്തുപറയുന്നത്. യഥാർത്ഥ കാരണങ്ങൾ ഇതൊക്കെത്തന്നെയാണ്. കാരണം, കൂട്ട പിരിച്ചുവിടൽ നടത്തിയ പല കമ്പനികളും നല്ല ഗ്രോത്ത് കാഴ്ചവയ്ക്കുകയും നല്ല ലാഭത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതും.

എക്സ്പീരിയൻസ്:

ഒരു കമ്പനിയിൽ വളരെക്കാലം ജോലി ചെയ്യുകയും ആ ജോലിയിൽ വളരെനല്ല പെർഫോമൻസ് കാഴ്ചവയ്ക്കുകയും ചെയ്താൽ മറ്റു കമ്പനികൾ കൂടുതൽ ശമ്പളം ഓഫർ ചെയ്തു ഇന്റർവ്യൂ ഇല്ലാതെ തന്നെ എടുക്കുകയും ചെയ്യും. ഇത്തരത്തിൽ ഓഫർ ലഭിക്കുമ്പോഴും ഓഫർ ചെയ്ത കമ്പനിയെക്കുറിച്ചും ലഭിക്കുന്ന പദവിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കണം. അല്ലെങ്കിൽ ഉത്തരത്തിലുള്ളത് എടുക്കാനും വയ്യ കക്ഷത്തിലുള്ളത് പോവുകയും ചെയ്തു എന്ന് പറഞ്ഞപോലൊരു അവസ്ഥയാകും. പിന്നീട് പഴയ പദവിയും പഴയ ശമ്പളവും ലഭിക്കാതെയും വരാം.

ടെർമിനേഷൻ:

ഒരു കമ്പനിയും ഒരാളെ പരമാവധി ടെർമിനേറ്റ് ചെയ്യാൻ നിൽക്കാറില്ല. അങ്ങനെ ചെയ്താൽ മറ്റൊരു കമ്പനിയിൽ ജോലിക്ക് ശ്രമിച്ചാൽ കിട്ടാതെ വരും. ഒരു കമ്പനിയിൽ ജോലിയിലിരിക്കെ മോശം പെരുമാറ്റമോ, കമ്പനിയുടെ പോളിസിയും, നിയമങ്ങളും വ്യവസ്ഥകളും പാലിക്കാതിരിക്കുകയും കമ്പനിയുടെ സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്താൽ ടെർമിനേഷൻ എന്ന നടപടിയിലേക്ക് കമ്പനി പോകും. മൾട്ടിനാഷണൽ കമ്പനികളൊക്കെയാണെങ്കിൽ മറ്റു കമ്പനികളിലേക്ക് കൂടി ടെർമിനേഷൻ വിവരം അറിയിക്കുകയും, പിന്നീട് ആ കമ്പനികളിലൊന്നും തന്നെ ജോലി ലഭിക്കാതിരിക്കുകയും ചെയ്യും. സർക്കാർ ജോലികളിൽ നിന്നും ഇതുപോലെ നിർബന്ധിത പിരിച്ചുവിടൽ പ്രക്രീയ നടന്നു കഴിഞ്ഞാൽ പിന്നെ പ്രൈവറ്റ് കമ്പനികളിൽ കൂടി ജോലി സാധ്യത വിരളമായിരിക്കും.

കയ്യിലിരിപ്പ് നന്നായാൽ ടെൻഷനില്ലാതെ ജീവിക്കാം.

Personal Grooming - 2

Unlock your potential & find a job that sets your soul on fire



©മോഹൻദാസ് വയലാംകുഴി
ഫൗണ്ടർ, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഇൻഡ്യ

Interview Published by:
Grihshobha Malayalam Magazine

#interviewtips #grihshobhamalayalam #grihshobha #delhipress #personalgrooming #grooming #interview #MohandasVayalamkuzhy

Saturday, 21 January 2023

വിവാഹത്തിൽ മൃതിയടയുന്ന കുരുന്നു ജീവിതങ്ങൾ


ഇടയ്ക്കുള്ള ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ഞാൻ ഒരു ദിവസം പരിചയപ്പെട്ടത് ഒരു യു.പി സ്വദേശിയായ ചെറുക്കനെയാണ്. ഏകദേശം 16 വയസ്സ് എന്നാണ് അവൻ തന്നെ പറഞ്ഞത്. കേരളത്തിൽ 13 വർഷമായി എത്തിയിട്ട്.  നന്നായി മലയാളം പറയും. എറണാകുളം സൗത്തിലെ ഒരു ഹോട്ടലിൽ പൊറോട്ട മേക്കറാണ് കക്ഷി.

ഇനിയാണ് മൂപ്പരുടെ രസകരമായ കഥ. 13 വർഷത്തിന് ശേഷം ഹരിയാനയിലെ അമ്മയുടെ അനുജത്തിയുടെ മകളെ കാണാൻ പോയതാണ്. അവിടെ അമ്മയുടെ അനുജത്തിയുടെ പെൺമക്കൾ മുറപ്പെണ്ണാണ് എന്നറിയാൻ പറ്റി. പെണ്ണിന് ഇപ്പോൾ 10 വയസ്സ്, 13 വയസ്സ് ആകുമ്പോൾ അവൻ അവളെ കല്യാണം കഴിക്കും. കല്യാണം ഉറപ്പിച്ചതിന്റെ ഫോട്ടോയൊക്കെ എനിക്കവൻ കാണിച്ചു തന്നു. ഇത് വർഷങ്ങൾക്ക് മുമ്പുള്ള കഥയൊന്നുമല്ല. ഒരു വർഷം മുമ്പുള്ള കഥ. ഇങ്ങനെ എട്ടും പൊട്ടും തിരിയാത്ത എത്ര ആൺ കുട്ടികളും പെൺകുട്ടികളും കല്യാണം കഴിച്ചു പ്രായപൂർത്തിയാകും മുൻപ് തന്നെ ഒന്നും രണ്ടും പിള്ളേരായി അതിനെ വളർത്താൻ പ്രാപ്തിയില്ലാതെ കേരളത്തിന്റെ വഴിയോരങ്ങളിൽ ബലൂൺ, പേന കച്ചവടവും മൊബൈൽ ഫോൺ ആക്‌സസറീസ് വിൽപനയും ഒക്കെയായി നമ്മുടെ കൺവെട്ടത്തിൽ കാണുന്നുണ്ട്. ഇവരെയാരും കാണാത്തതാണോ, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ!!

©മോഹൻദാസ് വയലാംകുഴി

Wednesday, 9 November 2022

ജീവിതത്തിനും സ്വപ്നങ്ങൾക്കുമിടയിൽ മയങ്ങി വീഴുന്നവർ...

സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മുന്നിലെ ഗേറ്റിന് മുന്നിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ ഒരച്ഛൻ അവിടെ നിൽക്കുന്നത് കണ്ടു. അവിടെ ഒരു ഡിപ്പാർട്മെന്റിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ് മകൻ. അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ യൂണിവേഴ്‌സിറ്റിക്ക് വരുന്നുണ്ടെന്ന് പറഞ്ഞു മകന് വോയിസ് മെസ്സേജ് അയച്ചതൊക്കെ മകൻ കേട്ടിട്ടുണ്ട്. പിന്നീട് അയച്ചതിനൊന്നും ഒന്നിനും മറുപടി നൽകിയില്ല,  കേട്ടിട്ടു കൂടിയില്ല. ഞാൻ അറിയാവുന്ന ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞപ്പോൾ, അവനെ അവർ വിളിച്ചോ എന്നറിയില്ല, അവന്റെ വോയിസ് മെസ്സേജ് വന്നു, ഞാൻ കാഞ്ഞങ്ങാട് ഉണ്ടെന്ന് പറഞ്ഞു. പിന്നീട്‌ ഒരു മെസ്സേജും വന്നില്ല. വീട് കാഞ്ഞങ്ങാട് ആണെന്ന് പറഞ്ഞു. 10 കിലോമീറ്റർ അകലെ വീടുണ്ടായിട്ടും ഹോസ്റ്റലിൽ താമസിക്കുന്നതും സ്വന്തം അച്ഛൻ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ വോയ്‌സ് മെസ്സേജ് അയക്കുന്ന ആ മകൻ എങ്ങനെയാണെന്നറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു. അച്ഛനോട് ചോദിച്ചു, മകന് എന്തെങ്കിലും മോശം കൂട്ടുകെട്ട് വല്ലതും ഉണ്ടോ എന്ന്. ഇല്ല, അങ്ങനെയുണ്ടാവാൻ വഴിയില്ല, പൈസയൊന്നും അധികം കൊടുക്കാറില്ല, ആവശ്യത്തിന് മാത്രമേ നല്കാറുള്ളൂ എന്നൊക്കെയാണ് ആ അച്ഛൻ പറയുന്നത്. അമ്മയുമായി നല്ല കൂട്ടുമാണ് എന്നൊക്കെ ചോദിക്കാതെ പറഞ്ഞു. അച്ഛൻ പഴയ ബിഎഡ് കഴിഞ്ഞു അധ്യാപകനൊക്കെ ആയിരുന്നു, പിന്നീട് പഞ്ചായത്ത് സെക്രട്ടറിയൊക്കെ ആയി റിട്ടയർ ചെയ്ത മനുഷ്യനാണ്. മകന് എന്തൊക്കെയോ ഒരു സഞ്ചിയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുവന്നിട്ടുമുണ്ട്. ആ അച്ഛന്റെ നിസ്സഹായത കണ്ടു ഞാൻ എന്തുപറയണമെന്നറിയാതെ പകച്ചു നിന്നു.

എൻറെ മകൻ നല്ലവനായ ഉണ്ണിയാണെന്നും അവൻ മോശം കൂട്ടുകെട്ടിലൊന്നും പോകില്ലെന്നും അവനൊരു പാവമാണെന്നും ധരിച്ചു വെച്ചിരിക്കുന്ന അച്ഛനമ്മമാർ അറിയുന്നുണ്ടോ എന്നറിയില്ല, അവർ പണം കണ്ടെത്തുന്ന പുതിയ മാർഗ്ഗങ്ങളെക്കുറിച്ച്, അവർ ഉപയോഗിക്കുന്ന പുതിയതരം മയക്കുമരുന്ന്കളെക്കുറിച്ച്, അവർ ചെന്നുപെടുന്ന ചക്രവ്യൂഹത്തെക്കുറിച്ച്... ഇത് മകനെക്കുറിച്ചു മാത്രമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന അച്ഛനമ്മമാരോട് പറയാനുള്ളത് സ്വന്തം മകളും ഇതുപോലെയൊക്കെത്തന്നെയാണ്.

പെൺകുട്ടികളുടെ അടിവസ്ത്രങ്ങളിൽ എം.ഡി.എം.എ പോലുള്ള വളരെ വിലകൂടിയ മയക്കുമരുന്നുകൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.?

മയക്കുമരുന്നുകൾ ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട് യാതൊരു മടിയുമില്ലാതെ ലൈംഗീക ബന്ധത്തിലേർപ്പെട്ട് ഒടുവിൽ സ്വബോധം വീണ്ടെടുക്കുമ്പോൾ ദൃശ്യങ്ങളായും വീഡിയോകളായും പുറത്തു പോകുന്നതും അതുവെച്ചുള്ള ബ്ളാക്ക് മെയിലിംഗും പിന്നീട് ഈയൊരു സംഘത്തിന് വേണ്ടി കാരിയർ ആകുന്നതും വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എത്രയെത്ര ജീവിതങ്ങൾ ഇങ്ങനെ ഒരു നിമിഷത്തിൻറെ ലഹരിയിൽപ്പെട്ടു നശിച്ചുപോകുന്നത്.

ജയിലുകളിൽ എത്തപ്പെടുന്ന കേസുകൾ പരിശോദിച്ചാൽ അറിയാൻ പറ്റുന്നത് അതിലും ഭീകരമാണ്. എളുപ്പത്തിൽ പണമുണ്ടാക്കാനും പല തരത്തിലുള്ള കടം വീട്ടാനുമായി ലഹരി വില്പനയ്ക്കിറങ്ങി പെട്ടവരാണ്. എന്നും പൈസയ്ക്ക് വേണ്ടി മാത്രം ശല്യപ്പെടുത്തുന്ന ഭാര്യമാരും ചില അച്ഛനമ്മമമാരും അറിയുന്നില്ല, എളുപ്പത്തിൽ പണമുണ്ടാക്കാൻ മക്കൾ ഇത്തരം മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പോയി തലവയ്ക്കുന്നത്. ഒന്നോ രണ്ടോ പ്രാവശ്യം ലഹരി കടത്ത് നടത്തി സഹായിച്ചു പൈസ കിട്ടി ആവശ്യങ്ങൾ സാധിച്ചാൽ പിന്നീട് പണത്തിന് ആവശ്യം വരുമ്പോഴൊക്കെ ഒരു ഭയവുമില്ലാതെ വീണ്ടും ഇതിലേക്ക് ചെല്ലുന്നവരുണ്ട്.

പഠിക്കുന്ന പെൺകുട്ടികളാണ് ഇപ്പോൾ ലഹരി മാഫിയയുടെ കാരിയർ ആയി കൂടുതലും ഉള്ളത്. പെൺകുട്ടികളാകുമ്പോൾ കൂടുതൽ പരിശോധനകളൊന്നും ഉണ്ടാവില്ല എന്നതും ഒരു ഗുണമാണ്. സാധാരണ പരിശോധനകളിലൊന്നും പെടാതെ സാധനം എത്തേണ്ടിടത്ത് എത്തുമെന്നുള്ളതും ഇത്തരം മാഫിയകൾക്ക് പെൺകുട്ടികളെ ഉപയോഗിച്ചുള്ള കടത്തലുകൾക്ക് ഉപകാരമാകുന്നു. ജയിലുകളിൽ എത്തിപ്പെട്ട പെൺകുട്ടികളുടെ എണ്ണമെടുത്താൽ എല്ലാവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 

കള്ളും കഞ്ചാവും ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ട. അതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആണ്. അവർക്ക് വേണ്ടത് ഏറ്റവും പുതിയ ലഹരികൾ ആണ്. എത്ര ദിവസത്തോളം മയങ്ങി കിടക്കാൻ പറ്റുന്നുവോ അത്രയും ദിവസം ആസ്വദിക്കുക എന്നാണ് ന്യൂ ജെൻ കൺസെപ്റ്റ്. ഒപ്പം വിദേശ ആപ്പുകൾ വഴി സാധനം ബുക്ക് ചെയ്തു കൊറിയർ വഴി വീട്ടിൽ എത്തിക്കുന്നതും പതിവായിരിക്കുന്നു. ആരെങ്കിലും പിടിച്ചാൽ പഠിക്കാനുള്ളതാണ്, ലാബിലേക്കാണ്, ഓർമ്മ ശക്തി കൂട്ടാനുള്ള മരുന്നാണ്, ഷുഗർ ഫ്രീ ടാബ്‌ലറ്റ് ആണ് എന്നൊക്കെ പറഞ്ഞു വീട്ടുകാരെ വിശ്വസിപ്പിക്കും. 

പറയാനാണെങ്കിൽ കഥകൾ ഇങ്ങനെ അനവധി നിരവധി...

©മോഹൻദാസ് വയലാംകുഴി


#cuk #centraluniversityofkerala #students #drugs #drugabuse #kasaragod #kerala

Monday, 29 August 2022

#Me Too

 



എന്റെ ജീവിതത്തിലെ പ്രണയത്തിന്റെയും പ്രണയ പരാജയത്തിന്റെയും തുറന്നെഴുത്ത്.


Stay tuned here....

Sunday, 26 June 2022

പുരോഗമനം

ബ്രാഹ്മിൺ ആണോ...

അല്ല...

അല്ല, വെജിറ്റേറിയൻ ആണെന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്.

അയാളെ കണ്ടാൽ SC/ST യിൽ പെട്ടതാണെന്നും പറയില്ല ട്ടോ... നല്ല വെളുത്ത് തുടുത്തിരിക്കുന്നത് കണ്ടില്ലേ...
സ്സ്സ്... അമ്മ പണ്ടെതെങ്കിലും മതില് ചാടിയതായിരിക്കാനെ വഴിയുള്ളൂ...

അയാളെ കണ്ടാൽ ഒരിക്കലും പൂജാരിയാണെന്നൊന്നും പറയില്ല. ആ രൂപം നോക്ക്... കറുത്ത് ഇരുണ്ട്....

അയ്യേ... ഈ ഹൈറ്റ് ഇല്ലാത്തയാളാണോ കേണൽ...

അയ്യേ... ഈ കുടവയറനാണോ പോലീസ്...

അവൾക്ക് ലോട്ടറിയടിച്ചതാണ്... ആ ചെക്കൻ ഷാറൂഖ് ഖാനെ പോലെയുണ്ട്.

താടിയും മുടിയും വളർത്തി എന്തൊരു കോലമാണ് ചെക്കന്റെ... കഞ്ചാവാണെന്നെ പറയൂ....

അവളുടെയൊരു നടത്തോo കളിയും മിനിങ്ങലും... അവളെ കണ്ടാലറിയാം പോക്കു കേസാണെന്ന്...

അവള് രാത്രി വൈകിയിട്ടൊക്കെയാണ് കേറിവരുന്നത്. പല ചെക്കന്മാരുടെ കൂടെ കറങ്ങി നടക്കുന്നതും കണ്ടിട്ടുണ്ട്. അവൾ വെടിയാണ്...

ഓന്റെ താടി കണ്ടാൽ അറിഞ്ഞൂടെ IS ആണെന്ന്. പിന്നെ ഫുൾ ടൈം പള്ളിയിലും...

ഓൻ സംഘി ആണ്. കയ്യിൽ മറ്റേ രാഖിയും കുറിയും രുദ്രാക്ഷവും...

ഓനിപ്പോ പത്രാസില് നടക്കുന്നത് നോക്കണ്ട... ഓന്റെ അച്ഛനും അമ്മയും നമ്മളെ തോട്ടത്തില് പണിയെടുത്തതാണ്.

ഓനോ... ഓന്റച്ചൻ ചെത്തുകാരൻ അല്ലെ...

ഇങ്ങനെ പോകുന്ന വർത്തമാനങ്ങൾ... ജാതിയുടെ തൊലിയുടെ നിറത്തിന്റെ ജോലിയുടെ ആചാരത്തിന്റെ വസ്ത്രത്തിന്റെ വേഷത്തിന്റെ പേരിൽ ചാപ്പ കുത്തുന്ന പുരോഗമനവാദികളുടെ നടുക്ക് പുരോഗമനം പറഞ്ഞു ഏമ്പക്കവും വിട്ട് നീട്ടി ബളിയിടുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം...

ഇതിങ്ങനെ തന്നെ പോയാലെ ചിലർക്കെങ്കിലും ഇവിടെ ജീവിച്ചു പോകാൻ പറ്റൂ. അധികാരം നേടിയെടുക്കാൻ പറ്റൂ... വീണ്ടും വീണ്ടും അധികാരത്തിന്റെ അപ്പ കഷണം നുണയാൻ പറ്റൂ...

©മോഹൻദാസ് വയലാംകുഴി

Sunday, 13 March 2022

My Dear Girls...

 

എന്നെക്കുറിച്ചു നിങ്ങൾക്കെന്തറിയാം?? ഒരു ചുക്കും അറിയില്ല എന്നുതന്നെ പറയാം. ഞാൻ ഭയങ്കര പ്രശ്നക്കാരനാണ്.

നിങ്ങൾക്കറിയാമോ? അതിലൊന്ന്, പെൺകുട്ടികളെ വഴിതെറ്റിക്കലാണ്. ചെറിയ വഴിതെറ്റിക്കലൊന്നുമല്ല ചെയ്യുന്നത്. ഭീകരമായ വിധ്വംസക പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. സ്വന്തം കാലിൽ നിൽക്കാൻ പറയുക, ഒറ്റയ്ക്ക് നടക്കാൻ പറയുക, എഴുതാൻ പറയുക, വായിക്കാൻ പറയുക, കാലാഭിരുചികൾ പുറത്തെടുക്കാൻ പറയുക, മുഖത്ത് നോക്കി തെറിവിളിച്ചവനെ കമന്റടിച്ചവനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ പറയുക. ഇനിയുമുണ്ട് എഴുതിയാൽ തീരാത്ത പിഴകൾ... അതും കൂടാതെ പബ്ലിക്കായി പെൺകുട്ടികളുമായി കറങ്ങുക, അവരെ ഫെമിനിസ്റ്റാക്കുക, കോളേജിലെയും സ്‌കൂളുകളിലെയും പിള്ളേർക്ക് തുല്യത ക്ലാസ്സ് എടുത്തുകൊടുക്കുക... സർവ്വോപരി എന്തിനും ഏതിനും ചേർത്തുപിടിക്കുക...

തെറ്റാണ് സാർ.... ഇതൊക്കെ വലിയ തെറ്റുകൾ തന്നെയാണ്... ഇങ്ങനെ പബ്ലിക്കായി ഒന്നും ചെയ്യാൻ പാടില്ല... വല്ല ഹോട്ടലിൽ റൂം എടുത്തോ, അറിയാത്ത സ്ഥലങ്ങളിൽ കൂട്ടി പോയോ ചെയ്യാനുള്ളത് ചെയ്തു വരിക... അല്ലാതെ ഇങ്ങനെ പബ്ലിക്കായി ഞങ്ങൾക്കിടയിലൂടെ ഇങ്ങനെ നടക്കുന്നതൊന്നും ഞങ്ങൾക്ക് പിടിക്കൂല സാർ...

അയാളുടെ കൂടെ എപ്പോഴും പെണ്ണുങ്ങൾ മാത്രമേ ഉള്ളൂ... പെണ്ണുങ്ങളെ വീഴ്ത്താനും കമ്പനിയാക്കാനും അവന് ഭയങ്കര വിരുതുണ്ട്. അതുകൊണ്ടാണ് അവൻ കല്യാണം പോലും കഴിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നത്...

ഇനി വേറെ കുറേ പ്രശ്നങ്ങളും ഉണ്ട്. അതിലൊന്ന് കൂടെ നടക്കുന്നവരെ ഒരിക്കലും പ്രൊട്ടക്റ്റ് ചെയ്യാനോ, അവരുടെ മറ്റു കാര്യങ്ങൾക്ക് തടസ്സം നിൽക്കാനോ പാടില്ല... കള്ളത്തരങ്ങൾക്ക് നൈസായി നിന്നുകൊടുക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്‌തങ്ങു വേണമെങ്കിൽ കൂടെ കൂട്ടാം. അതല്ലാ, കള്ളത്തരങ്ങളെയൊക്കെ ചോദ്യം ചെയ്യുന്ന പക്ഷം, കള്ളത്തരങ്ങൾ കയ്യോടെ പിടിക്കുന്ന പക്ഷം നിങ്ങളാണ് ഏറ്റവും വലിയ വൃത്തികെട്ടവൻ...

വായി നോക്കി, കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞു നോക്കി, സ്ത്രീകളുടെ കൂടെയുള്ള, അല്ലെങ്കിൽ പെൺകുട്ടികളുടെ കൂടെയുള്ള കറക്കം മറ്റേ ഉദ്ദേശത്തിനാണ് എന്നൊക്കെ പറയും...

കേൾക്കുന്നവർക്ക് പിന്നെ ഇതൊക്കെ വിശ്വസിക്കാൻ പ്രയാസവും കാണില്ല... കാരണം കണ്മുന്നിലൂടെ കാണുന്നുണ്ടല്ലോ ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നത്... ഇതൊക്കെ നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ... എന്തൊക്കെയായിരുന്നു... ഫെമിനിസം, തുല്യത, മാങ്ങാത്തൊലി... ഇപ്പൊ എന്തായി... ഞാൻ അന്നേ പറഞ്ഞില്ലേ... അവൻ ആള് ശരിയല്ലെന്ന്...

ഈ ശരിയല്ലാത്തവൻറെ കൂടെ കുറേനാൾ നടക്കുമ്പോഴൊന്നും നിങ്ങൾക്ക് മോശമായി തോന്നിയിട്ടില്ലേ...

ഹേയ്... അങ്ങനെയൊന്നും ചോദിച്ചു കളയരുത്... 

So, അതൊകൊണ്ട് എൻറെ പ്രീയപ്പെട്ട പെൺസുഹൃത്തുക്കൾ ഇനിയെങ്കിലും എന്നെ വിട്ടുപോകാൻ ദയവുണ്ടാകണം... കനിവുണ്ടാകണം...


എന്ന് 

നിങ്ങളുടെ സ്വന്തം

ദാസേട്ടൻ.. 

Wednesday, 2 March 2022

വരുമാനത്തിനനുസരിച്ചുള്ള ഒരു വീട് പോരെ...?

 

വീടിനെക്കുറിച്ചുള്ള മലയാളികളുടെ സങ്കൽപം തന്നെ കുറച്ചു കൂടി പോയതല്ലേ എന്ന് തോന്നി പോകും.

വരുമാനത്തിനനുസരിച്ചുള്ള ഒരു വീട് പോരെ...?

ആരെ കാണിക്കാനാണ് കടവും ലോണും എടുത്ത് വലിയ ബംഗ്ലാവുകളും മണി മാളികകളും കെട്ടിപ്പൊക്കുന്നത്...?

നാട്ടിൽ പൊതുവേ നടക്കുന്ന ഒരു കാര്യം ഒന്ന് ചുരുക്കി പറയാം.

നാട്ടിലെ കുഞ്ഞു പ്രാരാബ്ദം കാരണം മിഡിൽ ഈസ്റ്റിൽ പോയി ഒരു കുഞ്ഞു വീട് പണിത്, സെറ്റിലായി നാലഞ്ചു കൊല്ലത്തിനുള്ളിൽ നാട്ടിൽ വന്ന് കുടുംബത്തിൻറെ കൂടെ കൂടണമെന്നു വിചാരിക്കുന്ന ഒത്തിരി പേരുണ്ട്.

ഗൾഫിൽ പോയ ഉടനെ വീട്ടിലെ അത്യാവശ്യ കാര്യങ്ങളൊക്കെ നടക്കാൻ തുടങ്ങി. ആദ്യ വരവിൽ ഒരു ബൈക്ക് വാങ്ങി രണ്ടോ മൂന്നോ മാസം കറങ്ങി തിരിച്ചു പോയി. അപ്പോഴാണ് ഒരു പെണ്ണ് കെട്ടിക്കൂടെ എന്ന ചോദ്യവുമായി അച്ഛനമ്മമാർ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇടയ്ക്ക് നാട്ടിൽ വന്ന് പെണ്ണൊക്കെ നോക്കി, പക്ഷെ ഒന്നും അങ്ങട് ശരിയാവുന്നില്ല. പഴയ വീട്, അതൊക്കെയാണ് പ്രശ്നം. വീണ്ടും തിരിച്ചു പോയി എങ്ങനെയെങ്കിലുമൊക്കെ പഴയ വീട് തല്ലി പൊളിച്ചു മാറ്റി പുതിയ വീട് പണി തുടങ്ങി, സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങി, ബാങ്ക് ലോണും ശരിയാക്കി ഗംഭീരമായി വീട് പണിതു. നാട്ടിൽ ചെന്നപ്പോൾ പെണ്ണൊക്കെ ശരിയായി ഉറപ്പിച്ചു വീണ്ടും പോയി വന്ന് പെണ്ണ് കെട്ടി. മൂന്നോ നാലോ മാസം ലീവക്കോ കള്ളം പറഞ്ഞു വാങ്ങി നാട്ടിൽ അടിച്ചു പൊളിച്ചു തിരിച്ചു പാപ്പരായി പോകുമ്പോഴേക്കും മിക്കവാറും ഭാര്യയുടെ വയറ്റിൽ ഒരുണ്ണി ജന്മമെടുക്കുന്നുണ്ടാകും... പിന്നെ പ്രസവം, മറ്റ് ചടങ്ങുകൾ.

കൂടെ ജോലി ചെയ്യുന്നവരൊക്കെ ചോദിക്കുമ്പോഴൊക്കെ കൈയ്യയച്ചു കടം കൊടുക്കുകയും ചെയ്യും. അതൊരു കെണിയാണ്. മിക്കവരും വീഴുന്ന വലിയ കെണി.

ഒടുവിൽ കുട്ടിയായി, പിന്നെ ഇടയ്ക്കിടെയുള്ള ആശുപത്രി പോക്ക്, മറ്റ് പ്രാരാബ്ദങ്ങൾ, അങ്ങനെ അങ്ങനെ കുട്ടിയെ കാണാൻ വരുന്നത് തന്നെ കുട്ടിക്ക് രണ്ടു വയസ്സ് ആകുമ്പോഴായിരിക്കും. പഴയ ബൈക്ക് സർവീസിന് കൊടുത്തപ്പോൾ തന്നെ നല്ലൊരു കാശായി. മൂന്ന് മാസം ലീവെടുത്ത് വന്ന ആൾ രണ്ടു മാസത്തിനുള്ളിൽ തിരിച്ചു പോയി.

അതിനിടയ്ക്ക് പെങ്ങളുണ്ടെങ്കിൽ കല്യാണം, അച്ഛനമ്മമാരുടെ അസുഖം, ആശുപത്രി പോക്ക്. വാങ്ങിയ കടം കൊടുത്ത് തീർക്കാനുള്ള നെട്ടോട്ടം, ലോൺ വേറെ. വർഷം അഞ്ചും ഏഴും പത്തും കഴിഞ്ഞു.

ഓരോ പ്രാവശ്യവും നിർത്തി പോരാമെന്നു വിചാരിച്ചു നാട്ടിൽ എത്തുമ്പോഴേക്കും പുതിയ പുതിയ പ്രശ്നങ്ങൾ. അപ്പോഴേക്കും മക്കൾ ഒന്നായി, രണ്ടായി, മൂന്നായി... മൂത്തയാൾ എഞ്ചിനിയറിങ്ങോ മെഡിസിനോ അയക്കണം. ഒരാളെയെങ്കിലും കരകയറ്റിയെ പറ്റൂ. വീണ്ടും പ്രവാസം നിർത്താനുള്ള മോഹം കുഴിച്ചു മൂടി എല്ലുമുറിയെ പണിയും ചെയ്ത് എല്ലാ കുടുംബത്തിന് വേണ്ടിയല്ലേ എന്ന് കരുതി സമാധാനിച്ചു ദിവസങ്ങൾ തള്ളി നീക്കുന്നു.

വർഷം ഇരുപത് ഇരുപത്തഞ്ചായി....

നാലഞ്ച് വർഷത്തെ കണക്കു കൂട്ടലുമായി വന്നതാണ്....

എല്ലാം നിർത്തി വരുമ്പോൾ എഞ്ചിനിയറിങ്ങിന് വിട്ട മകൻ 54 പേപ്പറിൽ 39ഉം പൊട്ടി താടിയും വെച്ചു കഞ്ചാവും അടിച്ചു ബൈക്കും എടുത്ത് കറങ്ങുന്നു. മകൾ ഒരുത്തനെ പ്രണയിച്ചു അവനെ മാത്രമേ കെട്ടുള്ളൂ എന്നും പറഞ്ഞു കയറൂരി നിൽക്കുന്നു.

പത്തിരുപത്തഞ്ചു വർഷം മുമ്പേ കെട്ടിയ വീട് പൊളിഞ്ഞു വീഴാറായി. ലോണിപ്പോഴും അടച്ചു തീർന്നിട്ടില്ല.

സ്വപ്നങ്ങൾ സഫലമാകാതെ അയാൾ പോയി. മറ്റൊരു പ്രവാസ ലോകത്തേക്ക്. ഒരിക്കലും തിരിച്ചു വരാനാവാത്ത ഒരു പോക്ക്.

NB : സ്വപ്ന സുന്ദരമായ ബജറ്റിനിണങ്ങുന്ന വീടിനെക്കുറിച്ച് എഴുതാൻ ഇരുന്നതാണ്. വിഷയം മാറിപ്പോയി. അടുത്തത് ഒരു സ്വപ്ന ഭവനത്തെക്കുറിച്ചാണ്. നാളെയാവട്ടെ.

©മോഹൻദാസ് വയലാംകുഴി


#home #dreamhome #concepthome #budgethome #smallhome #house #livingmatter

Thursday, 2 April 2020

കോവിഡ് -19 ന്റെ പ്രഭാവം


തുടക്കക്കാർക്കായി...
നമുക്കെല്ലാവർക്കും ഡോക്ടർമാരായ സഹോദരങ്ങളില്ല, അതുകൊണ്ട് തന്നെ അവർക്ക് നമ്മുടെ മുൻ‌ഗണനാ ക്രമങ്ങൾ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ നൽകുമ്പോൾ നമ്മളെ വീണ്ടും ഭയപ്പെടുത്താനും സമയം നൽകാനും കഴിയും.

ഒരു ഡോക്ടറായ എന്റെ സഹോദരൻ ഇന്ന് എന്നോട് പറഞ്ഞ ആദ്യത്തെ കാര്യം, 21 ദിവസത്തെ ലോക്ക് ഡൗൺ അല്ല പ്രധാനം, 22-ാം ദിവസം മുതൽ നമ്മൾ ചെയ്യുന്നത് എന്താണോ അതാണ് പ്രധാനം.

അതിനാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നോക്കൂ:

ജനതാ കർഫ്യൂവിൽ ചില ആളുകൾ ചെയ്തതുപോലെ കർഫ്യൂ അവസാനിക്കുമ്പോൾ ആഹ്ലാദാരവം മുഴക്കി റോഡിൽ ഇറങ്ങുകയും ആഘോഷിക്കുകയും ചെയ്യുന്നത് എല്ലാവരും കണ്ടു കാണും. അപ്പോൾ ലോക്ക് ഡൗൺ തീരുന്ന ദിവസം രാജ്യം മുഴുവൻ പെട്ടെന്നുതന്നെ ദേശീയ പതാകയുമായി വീടുകളിൽ നിന്നിറങ്ങി പുറത്തേക്ക് ഓടിപ്പോകുന്നത് കാണും, ദേശസ്നേഹ ഗാനങ്ങൾ ആലപിക്കുകയും നമ്മൾ ഒരു യുദ്ധം ജയിച്ചതുപോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ഇത്ര മഹത്തായ ഒരു രാജ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. നമ്മൾ വൈറസിനെ പൂർണ്ണമായും ഇല്ലാതാക്കിയിട്ടില്ല, മറിച്ച് അത് കുറയ്ക്കാൻ ശ്രമിച്ചുവെന്ന കാര്യം പാടേ മറക്കുകയും ചെയ്യും.

വൻകിട നഗരത്തിലെ ഉന്നത വിദ്യാഭ്യാസമുള്ള ആളുകൾ കൃത്യമായി 22-ാം ദിവസം സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നിറയാൻ പോകുന്നു, എന്തുകൊണ്ട് അങ്ങനെ ചെയ്യരുത് എന്ന് പറയുന്നത്.  സാമൂഹ്യ അകലം ഉപേക്ഷിക്കാൻ അവർക്ക് കഴിയില്ലെന്നും വൈറസ് ഇപ്പോഴും അവിടെ ഉണ്ടായിരിക്കാമെന്നും അവർ തീർച്ചയായും അവഗണിക്കാൻ പോകുകയാണ്. നമുക്ക് നല്ലത് മാത്രം പ്രതീക്ഷിക്കാം, പക്ഷേ ഒരാൾക്ക് ഒരിക്കലും ഇത്രയധികം ജാഗ്രത പാലിക്കാൻ കഴിയില്ല.

എല്ലാ ചെറുകിട, ഇടത്തരം ബിസിനസുകളും, എല്ലാ കോർപ്പറേറ്റ് ഓഫീസുകളും അവരുടെ സാധാരണ ഷെഡ്യൂൾ ചെയ്ത സമയത്തുതന്നെ പ്രവർത്തിക്കാൻ തുടങ്ങും. ഇരട്ട ഷിഫ്റ്റുകൾ, ലോക്ക് ഡൗൺ കാലഘട്ടത്തിലെ അവശേഷിക്കുന്ന ജോലികൾ മറികടക്കാൻ അധിക മണിക്കൂർ, ജീവനക്കാരെ വലിയ തോതിൽ ഹോസ്റ്റുചെയ്യുന്നു, അതുവഴി  വലിയ അളവിൽ മലിനീകരണം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ഇതിനകം തന്നെ അവരവരുടെ ഗ്രാമങ്ങളിലേക്ക് പോയ ആളുകൾ, ഉദാഹരണത്തിന് ന്നമ്മുടെ വീട്ടു ജോലി അല്ലെങ്കിൽ ദൈനംദിന വേതനത്തിൽ ജോലി ചെയ്യുന്നവർ മോശം സമ്പദ്‌വ്യവസ്ഥ കാരണം നഗരത്തിലേക്ക് എത്രയും പെട്ടന്ന് ഓടിയെത്തും. അവർക്ക് നഷ്ടപ്പെട്ടതിൽ നിന്ന് കുറച്ചെങ്കിലും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരിക്കും ആ തിരിച്ചു വരവ്.  ശുഭാപ്തിവിശ്വാസം കണക്കിലെടുത്ത്, ആയിരക്കണക്കിന് ആളുകളിൽ ഒരാൾക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്ന് തോന്നുകയോ പരീക്ഷിക്കാതിരിക്കുകയോ ചെയ്താലും അടിസ്ഥാന സൗകര്യങ്ങളുടെ അശ്രദ്ധ അല്ലെങ്കിൽ ലഭ്യതയില്ലായ്മ കാരണം വൈറസ് ഹോസ്റ്റു ചെയ്യുന്നുണ്ടെങ്കിലും, ഇപ്പോൾ മറ്റൊരു 50 പേരെ വഹിക്കുന്ന ഒരു ട്രെയിൻ / ബസ് വഴി യാത്ര ചെയ്യും നഗരത്തിലേക്ക്.

പൊതുഗതാഗതത്തിനുള്ള എല്ലാ മാർഗ്ഗങ്ങളും അപ്പോൾ രാജ്യമെമ്പാടും തിരക്കേറിയതായിരിക്കും, പെട്ടെന്ന് ആളുകളെ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതകളിലേക്ക് അത് എത്തിക്കുന്നു.

22-ാം ദിവസം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ നിങ്ങളോട് കൃത്യമായി പറയുന്നു. നമ്മൾ ഒരു മഹാമാരിയുടെയും ആഗോള പ്രതിസന്ധിയുടെയും മധ്യത്തിലാണെന്നും എല്ലാവരും മുഖംമൂടികൾ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പോകുന്നുവെന്നും ഇനി കൊറോണയെക്കുറിച്ചു ഇന്ത്യൻ ജനത മറക്കാൻ പോകുന്നു. ശുചിത്വക്കാരും വ്യക്തിപരമായ ശുചിത്വം പാലിക്കാൻ മറക്കുകയും ചെയ്യുന്നു. വൈറസിന് ഒരു പരിഹാരം നമ്മൾ കണ്ടെത്തി, നമ്മൾ 21 ദിവസം വീട്ടിൽ താമസിച്ചു, ഇനിയിപ്പോൾ അത് മറന്ന് മുന്നോട്ട് പോകും.

ഈ കാരണത്താലാണ് വൈറസിന്റെ രണ്ടാം വ്യാപനം കാട്ടുതീ പോലെ രാജ്യത്തേക്ക് പടരാനുള്ള സാധ്യത. നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ, 2009 ൽ ഉടലെടുത്ത H1N1 എന്ന ഈ വൈറസിന്റെ സ്ഥിതിവിവരക്കണക്കുകൾ നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും, അവിടെ കൃത്യമായി സംഭവിച്ചത്. അത് ഉൾക്കൊള്ളുകയും ആളുകൾ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തയുടനെ രണ്ടാമത്തെ വ്യാപനമുണ്ടായി.

അതിനാൽ സാങ്കേതികമായി 21 ദിവസത്തെ ഹോം ക്വാറന്റൈൻ തികച്ചും ഉപയോഗശൂന്യമാകും 22-ാം ദിവസം കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് നമ്മൾ ആളുകളെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം മറ്റൊരു ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നമ്മൾക്ക് അത് തീർച്ചയായും ആവശ്യമില്ല. ഉൾക്കൊള്ളാനും പ്രയാസമായിരിക്കും.






അതിനാൽ നമ്മൾക്ക് ചെയ്യാനാകുന്നത് ഇതാണ്:

നമ്മൾ വിവേകപൂർവ്വം ചിന്തിക്കുകയും പ്രവർത്തിക്കുകയും ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മുടെ സാമാന്യബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്നു;  22-ാം ദിവസം പാർട്ടിക്ക് പോകരുത്;  കഴിഞ്ഞ 4 ആഴ്ചയായി നിങ്ങൾ ചെയ്ത എല്ലാ നിർദ്ദേശങ്ങളും പരമാവധി പരിധി വരെ പിന്തുടരാൻ ശ്രമിക്കുക;  ദയവായി മറക്കരുത്, ഇത് വൈറസിന്റെ അവസാനമല്ല, ഇത് അവസാനത്തിന്റെ ആരംഭം മാത്രമാണ്.

ഈ ലേഖനം പങ്കിട്ടുകൊണ്ട് വിദ്യാസമ്പന്നരായ നമ്മൾ വിവേകത്തോടെ ആളുകൾക്ക് പിന്നീടുള്ള ഫലങ്ങളെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ലോക്ക് ഡൗൺ അവസാനിച്ചതിനുശേഷം കൂടുതൽ നിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്ന ഔദ്യോഗിക അപേക്ഷയായി നമ്മൾ ഇത് ഉപയോഗിക്കുന്നു.

പ്രത്യേക ഘട്ടങ്ങളിൽ ലോക്ക് ഡൗൺ കുറയ്ക്കാൻ നമ്മൾ സർക്കാരിനെ പ്രേരിപ്പിക്കുന്നു:

ഉദാഹരണത്തിന് 22-ാം ദിവസം മുതൽ മറ്റൊരു ആഴ്ച വരെ അവശ്യ സേവനങ്ങൾ, ബാങ്കുകൾ, പലചരക്ക് കടകൾ പോലെ തുറന്നിരിക്കുമെന്നും പൊതുഗതാഗതത്തിന്റെ ആവൃത്തി വളരെ കുറവായിരിക്കണമെന്നും നിർദ്ദേശിക്കുന്നു. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ച് പരമാവധി യാത്രകൾ ഉപേക്ഷിച്ചു സാമൂഹിക അകലം പാലിക്കുക.

അടുത്ത ആഴ്ചയിൽ, വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നിരീക്ഷിച്ചതിന് ശേഷം ആവൃത്തി വർദ്ധിപ്പിക്കാൻ കഴിയും, മാത്രമല്ല വലിയ തോതിൽ ഒത്തുചേരുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുക.

തിയറ്ററുകൾ‌, മാളുകൾ‌, പാർക്കുകൾ‌ എന്നിവപോലുള്ള എല്ലാ പൊതു സ്ഥലങ്ങളും പൊതുജനങ്ങൾക്കായി തുറക്കുന്നതിനുള്ള അവസാന മുൻ‌ഗണനയായിരിക്കും നൽകേണ്ടത്.

ഈ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്നത്തിന്റെ ഗൗരവം നമ്മൾ ആത്മാർത്ഥമായി മനസിലാക്കുകയും ഒരൊറ്റ ശബ്ദമായി ഒത്തുചേരുകയും ചെയ്താൽ, 1.3 ബില്യൺ ഇന്ത്യക്കാരുടെ ജീവിതത്തിൽ നമുക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയും.

ഞാൻ വൈറസിനെക്കുറിച്ചുള്ള അനാസ്ഥയും കൊറോണ വൈറസിന്റെ വ്യാപനം തടയാനും ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നതുമായ ഒരു സാധാരണ പൗരൻ മാത്രമാണ്.

 നന്ദി.
©മോഹൻദാസ് വയലാംകുഴി

NB : Oblivion8 ബ്ലോഗിന്റെ സ്വതന്ത്ര മലയാള വിവർത്തനം

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...