സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മുന്നിലെ ഗേറ്റിന് മുന്നിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ ഒരച്ഛൻ അവിടെ നിൽക്കുന്നത് കണ്ടു. അവിടെ ഒരു ഡിപ്പാർട്മെന്റിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ് മകൻ. അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ യൂണിവേഴ്‌സിറ്റിക്ക് വരുന്നുണ്ടെന്ന് പറഞ്ഞു മകന് വോയിസ് മെസ്സേജ് അയച്ചതൊക്കെ മകൻ കേട്ടിട്ടുണ്ട്. പിന്നീട് അയച്ചതിനൊന്നും ഒന്നിനും മറുപടി നൽകിയില്ല, കേട്ടിട്ടു കൂടിയില്ല. ഞാൻ അറിയാവുന്ന ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞപ്പോൾ, അവനെ അവർ വിളിച്ചോ എന്നറിയില്ല, അവന്റെ വോയിസ് മെസ്സേജ് വന്നു, ഞാൻ കാഞ്ഞങ്ങാട് ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ഒരു മെസ്സേജും വന്നില്ല. വീട് കാഞ്ഞങ്ങാട് ആണെന്ന് പറഞ്ഞു. 10 കിലോമീറ്റർ അകലെ വീടുണ്ടായിട്ടും ഹോസ്റ്റലിൽ താമസിക്കുന്നതും സ്വന്തം അച്ഛൻ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ വോയ്‌സ് മെസ്സേജ് അയക്കുന്ന ആ മകൻ എങ്ങനെയാണെന്നറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു. അച്ഛനോട് ചോദിച്ചു, മകന് എന്തെങ്കിലും മോശം കൂട്ടുകെട്ട് വല്ലതും ഉണ്ടോ എന്ന്. ഇല്ല, അങ്ങനെയുണ്ടാവാൻ വഴിയില്ല, പൈസയൊന്നും അധികം കൊടുക്കാറില്ല, ആവശ്യത്തിന് മാത്രമേ നല്കാറുള്ളൂ എന്നൊക്കെയാണ് ആ അച്ഛൻ പറയുന്നത്. അമ്മയുമായി നല്ല കൂട്ടുമാണ് എന്നൊക്കെ ചോദിക്കാതെ പറഞ്ഞു. അച്ഛൻ പഴയ ബിഎഡ് കഴിഞ്ഞു അധ്യാപകനൊക്കെ ആയിരുന്നു, പിന്നീട് പഞ്ചായത്ത് സെക്രട്ടറിയൊക്കെ ആയി റിട്ടയർ ചെയ്ത മനുഷ്യനാണ്. മകന് എന്തൊക്കെയോ ഒരു സഞ്ചിയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുവന്നിട്ടുമുണ്ട്. ആ അച്ഛന്റെ നിസ്സഹായത കണ്ടു ഞാൻ എന്തുപറയണമെന്നറിയാതെ പകച്ചു നിന്നു.
എൻറെ മകൻ നല്ലവനായ ഉണ്ണിയാണെന്നും അവൻ മോശം കൂട്ടുകെട്ടിലൊന്നും പോകില്ലെന്നും അവനൊരു പാവമാണെന്നും ധരിച്ചു വെച്ചിരിക്കുന്ന അച്ഛനമ്മമാർ അറിയുന്നുണ്ടോ എന്നറിയില്ല, അവർ പണം കണ്ടെത്തുന്ന പുതിയ മാർഗ്ഗങ്ങളെക്കുറിച്ച്, അവർ ഉപയോഗിക്കുന്ന പുതിയതരം മയക്കുമരുന്ന്കളെക്കുറിച്ച്, അവർ ചെന്നുപെടുന്ന ചക്രവ്യൂഹത്തെക്കുറിച്ച്... ഇത് മകനെക്കുറിച്ചു മാത്രമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന അച്ഛനമ്മമാരോട് പറയാനുള്ളത് സ്വന്തം മകളും ഇതുപോലെയൊക്കെത്തന്നെയാണ്.
പെൺകുട്ടികളുടെ അടിവസ്ത്രങ്ങളിൽ എം.ഡി.എം.എ പോലുള്ള വളരെ വിലകൂടിയ മയക്കുമരുന്നുകൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.?
മയക്കുമരുന്നുകൾ ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട് യാതൊരു മടിയുമില്ലാതെ ലൈംഗീക ബന്ധത്തിലേർപ്പെട്ട് ഒടുവിൽ സ്വബോധം വീണ്ടെടുക്കുമ്പോൾ ദൃശ്യങ്ങളായും വീഡിയോകളായും പുറത്തു പോകുന്നതും അതുവെച്ചുള്ള ബ്ളാക്ക് മെയിലിംഗും പിന്നീട് ഈയൊരു സംഘത്തിന് വേണ്ടി കാരിയർ ആകുന്നതും വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എത്രയെത്ര ജീവിതങ്ങൾ ഇങ്ങനെ ഒരു നിമിഷത്തിൻറെ ലഹരിയിൽപ്പെട്ടു നശിച്ചുപോകുന്നത്.
ജയിലുകളിൽ എത്തപ്പെടുന്ന കേസുകൾ പരിശോദിച്ചാൽ അറിയാൻ പറ്റുന്നത് അതിലും ഭീകരമാണ്. എളുപ്പത്തിൽ പണമുണ്ടാക്കാനും പല തരത്തിലുള്ള കടം വീട്ടാനുമായി ലഹരി വില്പനയ്ക്കിറങ്ങി പെട്ടവരാണ്. എന്നും പൈസയ്ക്ക് വേണ്ടി മാത്രം ശല്യപ്പെടുത്തുന്ന ഭാര്യമാരും ചില അച്ഛനമ്മമമാരും അറിയുന്നില്ല, എളുപ്പത്തിൽ പണമുണ്ടാക്കാൻ മക്കൾ ഇത്തരം മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പോയി തലവയ്ക്കുന്നത്. ഒന്നോ രണ്ടോ പ്രാവശ്യം ലഹരി കടത്ത് നടത്തി സഹായിച്ചു പൈസ കിട്ടി ആവശ്യങ്ങൾ സാധിച്ചാൽ പിന്നീട് പണത്തിന് ആവശ്യം വരുമ്പോഴൊക്കെ ഒരു ഭയവുമില്ലാതെ വീണ്ടും ഇതിലേക്ക് ചെല്ലുന്നവരുണ്ട്.
പഠിക്കുന്ന പെൺകുട്ടികളാണ് ഇപ്പോൾ ലഹരി മാഫിയയുടെ കാരിയർ ആയി കൂടുതലും ഉള്ളത്. പെൺകുട്ടികളാകുമ്പോൾ കൂടുതൽ പരിശോധനകളൊന്നും ഉണ്ടാവില്ല എന്നതും ഒരു ഗുണമാണ്. സാധാരണ പരിശോധനകളിലൊന്നും പെടാതെ സാധനം എത്തേണ്ടിടത്ത് എത്തുമെന്നുള്ളതും ഇത്തരം മാഫിയകൾക്ക് പെൺകുട്ടികളെ ഉപയോഗിച്ചുള്ള കടത്തലുകൾക്ക് ഉപകാരമാകുന്നു. ജയിലുകളിൽ എത്തിപ്പെട്ട പെൺകുട്ടികളുടെ എണ്ണമെടുത്താൽ എല്ലാവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.
കള്ളും കഞ്ചാവും ഇപ്പോഴത്തെ തലമുറയ്ക്ക് വേണ്ട. അതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആണ്. അവർക്ക് വേണ്ടത് ഏറ്റവും പുതിയ ലഹരികൾ ആണ്. എത്ര ദിവസത്തോളം മയങ്ങി കിടക്കാൻ പറ്റുന്നുവോ അത്രയും ദിവസം ആസ്വദിക്കുക എന്നാണ് ന്യൂ ജെൻ കൺസെപ്റ്റ്. ഒപ്പം വിദേശ ആപ്പുകൾ വഴി സാധനം ബുക്ക് ചെയ്തു കൊറിയർ വഴി വീട്ടിൽ എത്തിക്കുന്നതും പതിവായിരിക്കുന്നു. ആരെങ്കിലും പിടിച്ചാൽ പഠിക്കാനുള്ളതാണ്, ലാബിലേക്കാണ്, ഓർമ്മ ശക്തി കൂട്ടാനുള്ള മരുന്നാണ്, ഷുഗർ ഫ്രീ ടാബ്‌ലറ്റ് ആണ് എന്നൊക്കെ പറഞ്ഞു വീട്ടുകാരെ വിശ്വസിപ്പിക്കും.
പറയാനാണെങ്കിൽ കഥകൾ ഇങ്ങനെ അനവധി നിരവധി...
©മോഹൻദാസ് വയലാംകുഴി
#cuk #centraluniversityofkerala #students #drugs #drugabuse #kasaragod #kerala