Wednesday, 13 September 2017

കോൺട്രാക്റ്റ് പ്രണയം

 Episode -14 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

കരാർ പ്രകാരം  ആറ് മാസത്തേക്കും ഒരു വർഷത്തേക്കും പ്രണയിക്കുന്നവരെ ആർക്കെങ്കിലും പരിചയമുണ്ടോ ??

ഞാൻ രണ്ടാം വർഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് ക്ളാസ്സിലുള്ള ഒരു പെൺകുട്ടി അടുത്ത കോളേജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഒരുത്തനുമായി പ്രണയത്തിലാകുന്നത്. ഞങ്ങൾ ചോദിച്ചപ്പോൾ ഇതൊരു കോൺട്രാക്റ്റ്‌ പ്രണയമാണെന്നും 6 മാസം കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിശ്വാസമായില്ല. മാത്രമല്ല അവർ തമ്മിൽ ഒരിക്കലും പിരിയില്ലെന്ന് മാത്രമല്ല കല്യാണം കഴിക്കുമെന്നുവരെ ഞങ്ങൾ ബെറ്റ് വച്ചു.

കൃത്യമായി ഗിഫ്റ്റുകൾ കൈമാറുകയും ഐസ്ക്രീം പാർലറിലും ഫാൻസി ഷോപ്പിലും കയറി സാധനങ്ങൾ വാങ്ങിച്ചു കൂട്ടുകയും ബൈക്കിൽ കറങ്ങുകയും ആഴ്ചാവസാനം എങ്ങോട്ടെങ്കിലും കറങ്ങാൻ പോയി ഭാര്യാ ഭർത്താക്കൻമാരെ പോലെ ഒരുമിച്ചു താമസിക്കുകയും പതിവായപ്പോൾ ഞങ്ങൾ അവളെ വിലക്കി. ഇത് മെട്രോ സിറ്റിയൊന്നുമല്ല, വെറും സാധാരണക്കാർ ജീവിക്കുന്ന സ്ഥലമാണ്, കല്യാണം കഴിക്കുന്നുവെങ്കിൽ കുഴപ്പമില്ല, അല്ലെങ്കിൽ ജീവിതം തന്നെ നശിച്ചു പോകുമെന്ന്.

ഒന്നും ചെവികൊണ്ടില്ല.

കൃത്യം ആറ് മാസം ആയപ്പോൾ ഞങ്ങൾ ഫ്രണ്ട്സിനെയൊക്കെ ഒരു ഹോട്ടലിൽ വിളിച്ച് രണ്ടുപേരും പാർട്ടി തന്നു. ആ നിമിഷത്തിലും ഞങ്ങൾ കരുതിയത് ഇവർക്ക് ഒരിക്കലും പിരിയാനാവില്ല എന്ന് തന്നെയാണ്. പക്ഷെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഇരുവരും കൈകൊടുത്ത് കെട്ടിപ്പിടിച്ചു അവസാന ചുംബനവും നൽകി പിരിഞ്ഞു. എങ്കിലും ഞങ്ങളെല്ലാം കരുതിയത് അവർ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞാൽ വീണ്ടും ഒന്നിക്കുമെന്ന്. പക്ഷെ ഉണ്ടായില്ല, അവളുടെ പിന്നീടുള്ള പെരുമാറ്റത്തിലോ സ്വഭാവത്തിലോ സംസാരത്തിലോ യാതൊരു ഭാവമാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല ബിരുദം നല്ലനിലയിൽ പാസ്സായി ബിരുദാനന്തര ബിരുദത്തിന് ചേരുകയും അതും കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത് കുട്ടിയൊക്കെയായി സന്തോഷത്തോടെ കഴിയുകയും ചെയ്യുന്നുണ്ട്...

ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരും കണ്ടുമുട്ടാറുണ്ട്. ഇടയ്ക്ക് അവളെയൊന്നു ദേഷ്യം പിടിപ്പിക്കാൻ നമ്മൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞാലും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നോക്കി അവളും കൂടെ ചിരിക്കും.

പെണ്ണ് വല്ലാത്തൊരു സംഭവമാണെന്ന് തോന്നാറുള്ളത് പലപ്പോഴും അവളെക്കുറിച്ചോർക്കുമ്പോഴാണ്.

എത്ര സുഖ സുന്ദരമായാണ് അവരിങ്ങനെ പരകായ പ്രവേശം നടത്തുന്നത്. ഇവിടെ ഒരു കാര്യത്തിൽ ഞങ്ങളെല്ലാം അവളോട്‌ യോജിക്കുന്നു. അവളവനെ കൃത്യമായും കാലാവധി വച്ചാണ് പ്രണയിച്ചതും അതു കഴിഞ്ഞ് പിരിഞ്ഞതും.

ഇതിനേക്കാൾ വലിയ കാമുകീ കാമുകന്മാരെ കണ്ടിട്ടുണ്ട്. ഒരിക്കലും പിരിയില്ല. പിരിയേണ്ടി വന്നാൽ അത് രണ്ടുപേരുടെയും മരണം കൊണ്ടായിരിക്കും എന്നൊക്കെ പറഞ്ഞ് ഹൃദയവും മനസ്സും ശരീരവും പങ്കിട്ടെടുത്ത് ഒടുവിൽ പരസ്പരം പറ്റിച്ചു പോകുന്നവരെ കണ്ടിട്ടുണ്ട്.

ഈ കഥയൊക്കെ പറഞ്ഞപ്പോഴാണ് ചാലക്കുടിക്കാരി ഫിദയ്ക്ക് ഒരു ആഗ്രഹം. ഒരു ആറ് മാസത്തേയ്ക്ക് പ്രണയിച്ചാലോന്ന്. ഞങ്ങൾ പ്രണയം തുടങ്ങി. പക്ഷെ ആ സമയത്ത് നല്ല തിരക്കിലും യാത്രയിലുമായതുകൊണ്ട് പ്രണയിക്കാൻ സമയം കിട്ടിയില്ല. ആറു മാസത്തിനിടയിൽ വിളിച്ചത് തന്നെ മൂന്നോ നാലോ പ്രാവശ്യം. കാലാവധി കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും പഴയ പോലെ സുഹൃത്തുക്കളായി. ഇന്നും അത് നിർബാധം തുടരുന്നു.

തമ്മിൽ ഭേദം തൊമ്മനല്ലെ...!!!

#contractromance #contractrelationship #relationship #pranayam #life #6month #lifequotes Romance

1 comment:

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...