Tuesday, 5 September 2017

കോൾ സെന്ററിലെ സൗഹൃദം

 Episode - 6 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ചെന്നൈയിലെ കോൾ സെന്ററിൽ ട്രെയിനിംഗ് കഴിഞ്ഞു ആദ്യത്തെ ദിവസം തന്നെ ടെസ്റ്റ് കോളെടുക്കാൻ ഫ്ലോറിൽ കയറിയതായിരുന്നു. എന്നെ ഇരുത്തിയത് ഒരു മഞ്ഞക്കളർ ചുരിദാറിട്ട പെൺകുട്ടിയുടെ അടുത്തും. അന്ന് കുറച്ചു കോളെടുക്കാനൊക്കെ  പഠിപ്പിച്ചു അവളുടെ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ അവൾ ഇറങ്ങിപ്പോയി. പിറ്റേന്ന് അവളെ കണ്ടില്ല. മൂന്നാമത്തെ ദിവസം അവൾ വന്ന് കാര്യമായി ജോലിയൊന്നും ചെയ്യുന്നത് കണ്ടില്ല. ഇടയ്ക്ക് കാന്റീനിൽ പോയി ഇരുന്നപ്പോൾ ഞാനും പോയി അവളുടെ മുന്നിലിരുന്നു. ആദ്യം അത്ര മൈൻഡ് ആക്കിയില്ലെങ്കിലും ഞാൻ അലസമായി പേരും മറ്റെന്തൊക്കെയോ ചോദിച്ചു. അവളും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവളന്ന് ആ കമ്പനിയിൽ അവസാനത്തെ ദിവസമായിരുന്നു എന്ന് സംസാരമദ്ധ്യേ മനസ്സിലായി. അധികം ലോഹ്യമായില്ലെങ്കിലും എഴുന്നേൽക്കുമ്പോൾ എൻറെ ഫോൺ നമ്പർ വാങ്ങി എനിക്ക് മിസ്സ് കോളും തന്ന് നമ്പർ സേവ് ചെയ്തിടാൻ പറഞ്ഞവൾ നടന്നു നീങ്ങി.

ദിവസങ്ങൾക്ക് ശേഷം അവളെന്നെ വിളിക്കുമ്പോൾ ഞാൻ വീണ്ടും ബാങ്കിൽ ജോലിക്ക് കയറിയിരുന്നു. ചേതൻ ഭഗത്തിൻറെ  One Night at call center  വായിച്ചപ്പോൾ തോന്നിയ ഒരു ഭ്രാന്തായിരുന്നു കോൾ സെന്ററിൽ ജോലിക്ക് കയറാൻ എന്നെ പ്രേരിപ്പിച്ചത്. ആ ഭ്രാന്ത് തീർന്നപ്പോൾ വീണ്ടും പഴയ ജോലിയിൽ തന്നെ കയറുകയുണ്ടായി.

ഞാൻ ചെല്ലുമ്പോൾ ശരവണ ഭവനിലെ ഒരു കോർണറിൽ അവൾ ഇരിക്കുകയായിരുന്നു. ഞാൻ രണ്ട് മസാല ദോശയ്ക്ക് ഓർഡർ ചെയ്തു. അവൾ കരയുന്നുണ്ടായിരുന്നു. പിന്നെ വീട്ടിലെ കുറേ പ്രശ്നങ്ങൾ പറഞ്ഞോണ്ടിരുന്നു. ബാങ്കിൽ നിന്ന് വിളി വന്നത് കാരണം ഞാൻ പതുക്കെ അവളെ സമാധാനിപ്പിച്ചു ബാങ്കിലേക്ക് പോയി. പിന്നെ ഇടയ്ക്കിടെ ശരവണ ഭവനിലെ കൂടിക്കാഴ്ചകൾ നിർബാധം തുടർന്ന് കൊണ്ടിരുന്നു.

ഇടയ്ക്കവളുടെ പുതിയ വീടിൻറെ പാലുകാച്ചൽ നടന്നപ്പോൾ ഞാനും പോയിരുന്നു.

പിന്നീട് നാട്ടിൽ നിന്ന് ഒന്നു രണ്ടു കൂട്ടുകാർ ചെന്നൈ വന്നപ്പോൾ അവളും കൂടി ഞങ്ങൾക്കൊപ്പം വന്നു. അവളും ഒരു ദിവസം മൊത്തം ഞങ്ങളുടെ കൂടെ മ്യൂസിയത്തിലും, മറീന ബീച്ചിലും കറങ്ങാൻ ഒപ്പം കൂടി. അന്നൊക്കെ കൂടെയുണ്ടായിരുന്ന ചേട്ടൻ പറഞ്ഞതുമായിരുന്നു. ഇത് നിനക്ക് പണിയാകാൻ സാധ്യതയുണ്ടെന്ന്.

വീണ്ടും ശരവണ ഭവനിലെ ചായകുടിയും കണ്ടു മുട്ടലുകളും നിർബാധം തുടർന്നു. ഇടയ്ക്ക് അത്ര പന്തിയല്ലെന്ന് തോന്നിയപ്പോൾ ഞാൻ അവളെ കാണുന്നത് കുറയ്ക്കുകയും ചെയ്തു.

ഒടുവിൽ ചെന്നൈ വിടാൻ പ്ലാനിട്ടപ്പോൾ ഞാൻ അവളോട് പറഞ്ഞില്ല. വീട്ടിൽ പോകാനുണ്ട്, കുറച്ചുനാൾ കഴിഞ്ഞേ തിരിച്ചു വരുള്ളൂ എന്ന് പറഞ്ഞപ്പോൾ അവൾ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് വന്നിരുന്നു. കൂടെയുള്ള ചേട്ടനും ഉണ്ടായിരുന്നു. ട്രെയിൻ നീങ്ങിയപ്പോഴാണ് അവൾ പോയത്. വീട്ടിലെത്തി ആ ചേട്ടനെ വിളിക്കുമ്പോൾ അവളിന്നലെ ട്രെയിൻ വിട്ടപ്പോൾ കണ്ണൊക്കെ കലങ്ങി ഒരുമാതിരി കോലത്തിലായിരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാണ്ടായി...

ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൾ നാട്ടിൽ വന്നു. പിന്നെ കല്യാണം തീരുമാനിച്ചെന്ന് പറഞ്ഞു വിളിച്ചു പറഞ്ഞു. അതിനിടയ്ക്ക് ഞാൻ ദുബായിലേക്ക് പോയിരുന്നു. പിന്നെ വിളിച്ചപ്പോൾ കല്യാണം കഴിഞ്ഞു, ഭർത്താവിൻറെ  വീട്ടിലാണ് മൊത്തം പ്രശ്നമാണെന്നൊക്കെ പറഞ്ഞു. ഞാൻ പിന്നീട് വിളിച്ചതേയില്ല. ഇടയ്ക്കെപ്പെഴോ എനിക്ക് ജീവിതം മടുത്തു എന്നൊക്കെ പറഞ്ഞു മെസ്സേജയച്ചിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല.

എവിടെയുണ്ടെന്ന് ആർക്കറിയാം...

 Episode -7 Tomorrow 10PM, Please stay tune here.

കാശ്മീരി സുന്ദരി ഷാനുവുമൊത്തുള്ള കോർപ്പറേറ്റ് നെസ്റ്റിലെ ദിനങ്ങളിലെ ഒരേട്...

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...