Episode -11 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)
കൊച്ചിയിലെ പഴയ വാസത്തിനിടയിൽ ഒരു രാത്രി എൻറെ സുഹൃത്തിൻറെ കൂടെ വന്നതായിരുന്നു അവൾ. ഒരു പാവം മലയോര ഗ്രാമക്കാരി. തമിഴ് നാട്ടിലെ ചിദംബരത്ത് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അവൾ തിരിച്ചു പോയപ്പോൾ മുതൽ വിളിക്കുകയും മെസ്സേജയക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു. വളരെ നല്ലൊരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
ആയിടയ്ക്കാണ് അവളെന്നും സംസാരിക്കുന്നതിനിടയിൽ പറഞ്ഞത്, എന്ത് കഴിച്ചാലും ഛർദ്ദിക്കുമെന്ന്. ഗ്യാസിൻറെ അസുഖമാണെന്ന് സ്വയം വിശ്വസിച്ചു ഏതാണ്ട് രണ്ടു വർഷത്തോളമായി ഗ്യാസിൻറെ മരുന്നും കഴിക്കുന്നുണ്ട്. ഏറെ മൂർച്ഛിച്ചിരിക്കുന്ന സമയത്ത് ഒരു ദിവസം സഹിക്കാൻ വയ്യാതെ ഫോണിൽ കൂടി കരയുന്നത് കേട്ട് സഹതാപം തോന്നിയപ്പോൾ ഏറ്റവും അടുത്ത് തന്നെ നല്ലൊരു ആശുപത്രിയിൽ പോയി സ്കാൻ ചെയ്യാൻ നിർബന്ധിച്ചു. അതിനിടയിൽ പരീക്ഷയും മറ്റു പ്രശ്നങ്ങളും കാരണം നീണ്ടു നീണ്ട് പോയപ്പോഴും ഞാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ ഒരുമിച്ചു പഠിക്കുന്ന കൂട്ടുകാരെ കൂട്ടി പോണ്ടിച്ചേരിയിലെ നല്ലൊരു ആശുപത്രിയിൽ പോയി സ്കാൻ ചെയ്തപ്പോൾ സംഗതി ഇച്ചിരി കോമ്പ്ലിക്കേറ്റഡ് ആയിരുന്നു. സമായാസമയത്ത് ഭക്ഷണം കഴിക്കാത്തതും അതിനെ വേണ്ട സമയത്ത് ശ്രദ്ധിക്കാതിരുന്നതും കാരണം കുടൽ ചുരുങ്ങി വയറ് മുകളിലോട്ട് കയറിയിരിക്കുകയായിരുന്നു. ഒടുവിൽ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ വിധിച്ചു. അപ്പോഴും വീട്ടുകാരോ മറ്റു സുഹൃത്തുക്കളോ അന്വേഷിക്കാനോ അവിടെ വരെ ഒന്ന് പോയി കാണാനോ സമയം കണ്ടെത്തിയില്ലെന്നു മാത്രമല്ല, ഇത്രേം വലിയൊരു പ്രശ്നത്തിലാണ് അവളവിടെ കഴിയുന്നതെന്ന ബോധം പോലും ഇല്ലാതെയാണ് അവരുടെ പെരുമാറ്റമെന്ന് അവൾ പലപ്പോഴായി പറഞ്ഞിട്ട് അറിയാം.
ഇടയ്ക്കിടെ വിളിക്കുമ്പോൾ എന്നോട് അങ്ങോട്ട് പോകാൻ പറയുമായിരുന്നു. പക്ഷെ, അപ്പോഴെല്ലാം ഞാൻ പലകാരണങ്ങൾ കൊണ്ടും പോകുന്നത് മാറ്റിവെച്ചുകൊണ്ടിരുന്നു. കൂടാതെ എന്നെക്കാളും ഇഷ്ടമുള്ള അവളുടെ കൂട്ടുകാരി അറിഞ്ഞാലുള്ള പ്രശ്നവും ഒരു കാരണമായിരുന്നു.
ദിവസമങ്ങനെ കടന്നുപോയി. പലപ്പോഴും വിളിക്കുമ്പോൾ കരയുകയോ സംസാരിക്കാൻ പറ്റാതെ ഫോൺ കട്ട് ചെയ്യുന്ന അവസ്ഥയോ വന്നപ്പോൾ ഞാൻ തീരുമാനിച്ചു. ഒറ്റയ്ക്കാണെങ്കിലും ഒന്ന് പോയി വരാം. അവളും പറഞ്ഞു, നീയെങ്കിലും സ്നേഹമുണ്ടെങ്കിൽ വായോ...
അങ്ങനെയാണ് ഒരു ക്രിസ്മസ്സിൻറെ രണ്ട് ദിവസം മുമ്പേ ആരോടും പറയാതെ നേരെ ട്രെയിനിൽ സേലത്ത് പോയി അവിടെ നിന്ന് ബസ്സിൽ ചിദംബരത്തേയ്ക്ക് പോയത്. രാത്രി ഏറെ വൈകി ചിദംബരത്തെത്തി റൂം എടുത്ത് താമസിച്ചു. പിറ്റേന്ന് അവൾക്ക് പരീക്ഷയുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞു അവൾ ക്ലാസ്സിലുള്ള പയ്യനുമായെത്തി. ഞങ്ങൾ നേരെ പിച്ചവാരം കണ്ടൽ കായലിൽ പോയി ബോട്ടിൽ കറങ്ങിയടിച്ചു തിരിച്ചു വന്നു.
അന്നും ഉച്ചയ്ക്കും വൈകുന്നേരവും അവൾ കഴിച്ചപ്പോൾ മൊത്തം ഛർദ്ദിച്ചു വശം കെട്ടു. രാത്രി അവൾ ഹോസ്റ്റലിൽ പോയി. കൂടെയുള്ള പയ്യൻറെ കൂടെ ഞാനും. അവൻ എന്നോട് ഞാൻ ക്രിസ്ത്യനാണോ എന്ന് ചോദിച്ചു, ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷെ അവൻ തിരിച്ചെന്നോട് അവൻ ഹിന്ദുവാണെന്ന് പറഞ്ഞു. അവനെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് അപ്പോൾ മനസ്സിലായില്ല.
അന്ന് രാത്രി ഞങ്ങൾ അവളെ കൂട്ടി ഡോക്ടറിനെ കാണാൻ പോയി. ഒടുവിൽ ഏറെ വൈകി തിരിച്ചു ഞാൻ റൂമിലെത്തിയപ്പോൾ അവനെന്നെ വിളിച്ചോണ്ടിരുന്നു. ഞാൻ ഫോണെടുത്തില്ല.
പിറ്റേന്ന് രാവിലെ അവൾ മറ്റൊരു സുഹൃത്തുമായി വന്നു. അവൻ മനഃപൂർവ്വം വന്നതുമില്ല. ചിദംബരത്തെ ഒരു ചർച്ചിൽ പോയി അവൾ ക്രിസ്മസ് കുർബാന കൂടി. ഞങ്ങൾ തിരിച്ചു വന്ന് ഭക്ഷണം കഴിച്ചപ്പോഴും അവൾ ഛർദ്ദിച്ചുകൊണ്ടിരുന്നു.
ഉച്ചയ്ക്ക് ഞാൻ അവിടന്ന് ബസ്സ് കയറി. രാത്രി പത്ത് മണിക്ക് സേലം റെയിൽവേ സ്റ്റേഷനിൽ എത്തി ഓർഡിനറി ടിക്കറ്റിൽ നാട്ടിലേക്ക് ട്രെയിൻ കയറി. ജീവിതത്തിൽ ഇത്രമാത്രം റിസ്‌ക്കെടുത്ത ഒരു യാത്രപോലും ഓർമ്മയിൽ ഇല്ലായിരുന്നു. ഏകദേശം അങ്ങോട്ടും ഇങ്ങോട്ടും ഇരുപത്തെട്ട് മണിക്കൂർ യാത്ര.
വീട്ടിലെത്തിയപ്പോൾ മുതൽ അവളുടെ സുഹൃത്ത് എന്നെ വിളിക്കുകയായിരുന്നു. എന്തോ ഞാൻ ഒറ്റയ്ക്ക് പോയതിലുള്ള നീരസവും അവൾ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ഞാൻ പലവിധ തിരക്കുകൾ കാരണം ഓട്ടത്തിലായിരുന്നു.
അതിനിടയ്ക്ക് അവളുടെ സർജറിയും നടന്നു. ആ സമയത്തൊക്കെ അതുവരെ ഇല്ലാത്തവരൊക്കെ കൂടെയുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്ന് നേരെ അവളുടെ വീട്ടിൽ പോയെന്നറിഞ്ഞു. പിന്നീട് കാര്യമായ വിളിയൊന്നും ഉണ്ടായില്ല. വല്ലപ്പോഴും ഓണത്തിനും വിഷുവിനും ആശംസ മെസ്സേജയച്ചാൽ തിരിച്ചു മെസ്സേജയ്ക്കുമെന്ന് മാത്രം.
ചിലർ അങ്ങനെയാണ്. സ്നേഹത്തിൻറെ അളവിനെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ആ ബന്ധത്തെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്.
"തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽ, നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരാം.."
Episode -12, Tomorrow 11 PM, Please stay tune here.
No comments:
Post a Comment