Friday, 1 September 2017

ചങ്കുറ്റത്തോടെയുള്ള എൻറെ ആദ്യ പ്രൊപ്പോസൽ

Episode - 2 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

അബുദാബിയിലെത്തിയ ആദ്യകാലങ്ങളിൽ രാത്രി പ്രത്യേകിച്ചൊരു പണിയുമില്ലാത്തതുകൊണ്ട് തന്നെ രാത്രിയിൽ കിളികളെ പിടിക്കാനിറങ്ങും. ആരെയെങ്കിലും ഓൺലൈനിൽ കാണുകയാണെങ്കിൽ ചുമ്മാ ഹായ് കൊടുക്കും. പത്തുപേർക്ക് കൊടുത്താൽ ഒരാളെങ്കിലും തിരിച്ചു ഹായ് പറയും എന്നുള്ള വിശ്വാസം തന്നെ...

വിശ്വാസം, അതല്ലേ എല്ലാം...

രണ്ടുമൂന്ന് മാസം തുടർച്ചയായി ഹായ് പറഞ്ഞിട്ടും മൈൻഡ് ചെയ്യാത്തൊരു നാട്ടുകാരി കൊച്ചുണ്ടായിരുന്നു. അവൾ ഇടയ്ക്ക് വന്ന് ഹായ് ഇട്ടിട്ട് പോകും. പിന്നെ ഇടയ്ക്ക് എൻറെ എന്തേലും കുറ്റം തോണ്ടിയെടുത്തു കണ്ടുപിടിച്ചു വന്നു ചോദിക്കും. എന്ത് പറഞ്ഞാലും ഞാൻ കൃത്യമായി സമ്മതിച്ചു കൊടുക്കും. പറയുന്നത് മൊത്തം എന്നെക്കുറിച്ചുള്ള കുറ്റമാണെന്നോർക്കണം. അങ്ങനെ എന്നെക്കുറിച്ചുള്ള കുറ്റങ്ങളെല്ലാം കണ്ടെത്തി തീർന്നപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. സൗദിയിൽ നേഴ്സാണ്. ഇടയ്ക്ക് വിളിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ എനിക്ക് എൻറെ വീട്ടിൽ നിന്നും അവൾക്ക് അവളുടെ വീട്ടിൽ നിന്നും ലൈഫ് പാർട്ണഴ്സ്സിനെ തിരഞ്ഞു കൊണ്ടിരിക്കുന്ന കാലം. എനിക്ക് വരുന്ന മിക്ക ഫോട്ടോയും അവൾക്കും അവൾക്ക് വരുന്ന മിക്ക ഫോട്ടോയും എനിക്കും കൈമാറി അഭിപ്രായം ചോദിക്കുമായിരുന്നു. രണ്ടുപേർക്കും ആരെയും ഇഷ്ടപ്പെട്ടില്ല എന്നതാണ് രസകരം.

ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസിൽ ഇരിക്കുമ്പോൾ ഞാൻ ഫോണെടുത്ത് അവളെ വിളിച്ചു. എനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്യരുതെന്നും വളരെ പതുക്കെ ആലോചിച്ചുത്തരം പറയണമെന്നും പറഞ്ഞപ്പോൾ അവളൊന്നും മിണ്ടിയില്ല.

ഞാൻ നേരെ അവളോട് കാര്യം പറഞ്ഞു, എനിക്കും നിനക്കും വീട്ടുകാർ പാർട്ണർസിനെ അന്വേഷിക്കുന്നുണ്ട്. നമുക്ക് പരസ്പരം അറിയുകേം ചെയ്യാം. ഞാൻ എൻറെ അച്ഛനെയും അമ്മയേയും നിൻറെ അച്ഛനുമമ്മയേയും കാണാൻ പോകാൻ പറയട്ടെ എന്ന് ചോദിച്ചു. അവൾ അത്രയ്ക്കൊന്നും  പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ആ മൗനം അതൊരു തരം സമ്മതമല്ലേ എന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആദ്യമായിട്ടാണൊരു പെൺകുട്ടിയെ ചങ്കുറ്റത്തോടെ പ്രൊപ്പോസ് ചെയ്യുന്നത്. ഒരു പക്ഷെ അവസാനമായിട്ടും.

അത് കഴിഞ്ഞു ഫോൺ വെച്ചപ്പോഴാണ് ബോധോദയമുണ്ടായത്. പെട്ടന്ന് വീണ്ടും ഫോണെടുത്തു അവളെ വിളിച്ചു. ആകാംഷയോടെ അവളുടെ ഉയരം എത്രയാണെന്ന് ചോദിച്ചു. എൻറെ ചങ്ക് തകർക്കുന്ന മറുപടിയാണ് അങ്ങേ തലയ്ക്കൽ നിന്നും  5.8  എന്ന് കേട്ടപ്പോഴേ ഞാൻ അവളോട് പറഞ്ഞു. തൊട്ട് മുമ്പ് പറഞ്ഞതൊക്കെയും തിരിച്ചെടുത്തോളാൻ. അതെ എൻറെ ഉയരം 5.3  മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം ഞാൻ നാട്ടിലേക്ക് പോവുകയും എൻഗേജ്മെൻറ് ചടങ്ങുകൾ കഴിഞ്ഞു തിരിച്ചു പോയപ്പോൾ അവളുടെ കല്യാണം തീരുമാനിച്ചിരുന്നു. അവളോട് ചോദിച്ചപ്പോൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു. ആരെ ആയാലും കെട്ടണം. വീട്ടുകാർ പറഞ്ഞു ഞാൻ സമ്മതിച്ചു. അത്രേയുള്ളു. നിരാശ കലർന്നൊരു മറുപടിയായിരുന്നു അത്.

പിന്നീടെന്തോ ഞങ്ങൾ തമ്മിൽ കാര്യമായ സംസാരങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇപ്പോൾ എവിടെയുണ്ടെന്നും ഞാൻ അന്വേഷിച്ചിട്ടില്ല. എന്നെങ്കിലും മുഖാമുഖം കണ്ടുമുട്ടുന്നൊരു ദിവസമുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ഒരേ നാട്ടുകാരാണല്ലോ...

Episode - 3 Tomorrow 10 PM. Please stay Tune here...

അടുത്തൊരു വെള്ളിയാഴ്ച കൂടി ഞാനവളെ അബുദാബിയിൽ വെച്ച് കണ്ടു. അന്ന് അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു. വാത്സല്യ നിധിയായൊരമ്മ.

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...