Episode -12 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)
ഒരു അക്കൗണ്ടിങ്ങ് സ്ഥാപനത്തിലേക്ക് താൽക്കാലികമായി മാർക്കറ്റിങ്ങ് ചെയ്യുന്ന ജോലിയിലുണ്ടായിരുന്നു. നാലാമത്തെ നിലയിലുള്ള സ്ഥാപനത്തിലേക്ക് എന്നും പടികൾ കയറി വേണം മുകളിലെത്താൻ. മൂന്നാമത്തെ ഫ്ലോറിൽ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സാധനയും സാക്ഷിയും ജോലി ചെയ്യുന്നത്. സാക്ഷി ഇപ്പോഴും റിസപ്‌ഷനിൽ ഇരിക്കുന്നത് കൊണ്ട് മുകളിലേക്ക് കയറി ചെല്ലുമ്പോൾ അവളെ നോക്കി ചിരിക്കുക പതിവായിരുന്നു. തിരിച്ചും ഒരു നനുത്ത പുഞ്ചിരി എറിയും. ഇങ്ങനെ നോട്ടവും ചിരിയും കൊണ്ട് മാത്രം മാസങ്ങൾ കടന്നു പോയി.
ഓണത്തിന് മുന്നോടിയായി നമ്മുടെ സ്ഥാപനത്തിൽ ഒരു പൂക്കളമത്സരവും മറ്റു കലാപരിപാടികളും വെച്ചു. അത് കാണാനായി ആ ബിൽഡിങ്ങിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. ആ ദിവസം അവർ വരികയും ചെയ്തു. അന്നവരുമായി സംസാരിച്ചു. പരിചയപ്പെട്ടു. പായസവും കഴിച്ചു അവർ പോവുകയും ചെയ്തു.
അന്നുച്ചയ്ക്ക് ഞാൻ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ മൂന്നാം നിലയുടെ സ്റ്റെപ്പിനടുത്ത് രണ്ടുപേരും നിൽക്കുന്നുണ്ടായിരുന്നു. രാവിലെ കണ്ടു സംസാരിച്ച ബലത്തിൽ ഫുഡ് കഴിച്ചോന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി കേട്ടപ്പോൾ ഞാൻ ഫുഡ് കഴിക്കാൻ പോകുന്നെന്നും, വരുന്നുണ്ടെങ്കിൽ ഒരുമിച്ചു പോകാമെന്നും പറഞ്ഞപ്പോൾ അവരൊന്ന് ആലോചിച്ചു. പക്ഷെ ആലോചിച്ചു നിൽക്കാതെ പെട്ടന്ന് വരൂ എന്ന് പറഞ്ഞപ്പോൾ സാധന വേഗം ഇറങ്ങി വന്നു. ഒപ്പം സാക്ഷിയും.
ഉഡുപ്പി ഹോട്ടലിലേക്ക് പോയി ഭക്ഷണം കഴിച്ചു. എന്നെ പോലെ തന്നെ അവരും സസ്യാഹാരികൾ ആയിരുന്നു.
ബില്ല് കൊടുക്കാനുള്ള ശ്രമത്തിലും അവർ തന്നെ വിജയിച്ചു. തിരിച്ചു വന്നു മൂന്നാം നിലയിലേക്കെത്തിയപ്പോൾ ഞാൻ ഒരു നിമിഷം നിന്നു. ഓണത്തിനെന്താ പരിപാടി എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കന്നടക്കാർ ഓണം ആഘോഷിക്കാറില്ലെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ ഓണത്തിൻറെ അന്ന് വീട്ടിലോട്ട് വായോ എന്ന് പറഞ്ഞപ്പോൾ കുറെ നേരം ആലോചിച്ചു. വീണ്ടും ആലോചനയ്ക്കിട നൽകാതെ ഞാൻ ഒരു കുഞ്ഞു പേപ്പറെടുത്ത് അഡ്രസ്സും ലാൻഡ് ഫോൺ നമ്പറും കുറിച്ച് കൊടുത്തു. ഒപ്പം തീയതിയും വരേണ്ട സമയവും. വന്നില്ലെങ്കിൽ ഇനി നമ്മൾ തമ്മിൽ കൂട്ടില്ലെന്നും പറഞ്ഞു ഞാൻ നാലാം നിലയിലേക്ക് കയറിപ്പോയി.
ഓണത്തിൻറെ അന്ന് ഒരു പത്ത് മാണിയോട് കൂടി ലാൻഡ് ഫോണിലേക്കൊരു കോൾ വന്നു. സാധനയായിരുന്നു. ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുക്കാൻ വിളിച്ചതായിരുന്നു.
ഏതാനും മണിക്കൂറിനുള്ളിൽ വീട്ടിനു മുന്നിൽ ഒരു ഓട്ടോ എത്തിച്ചേർന്നു. ഏട്ടനായിരുന്നു വീട്ടിനുള്ളിലേക്ക് അവരെ സ്വീകരിച്ചു കൊണ്ട് വന്നത്.
എനിക്കാകെ എക്സൈറ്റ്മെന്റായിരുന്നു. സാധനയും ഏട്ടനും പെട്ടന്ന് തന്നെ കമ്പനിയായി. അവരെന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ സാക്ഷി എന്റെയടുത്തേക്ക് വന്നു. ഞങ്ങൾ വെളിയിലൊക്കെ ഇറങ്ങി പറമ്പിലൂടെ നടന്നു. ഇടയ്ക്ക് തമ്മിൽ നോക്കി ചിരിക്കുമെന്നല്ലാതെ സംഭാഷണങ്ങൾ അധികമുണ്ടായില്ല. ഊണ് റെഡി ആയപ്പോൾ 'അമ്മ വിളിച്ചു. ഞങ്ങളെല്ലാം മേശയ്ക്ക് ചുറ്റുമിരുന്ന് ഊണ് കഴിച്ചു. അപ്പോഴും സാക്ഷി എനിക്കൊപ്പമായിരുന്നു.
ഊണും കഴിഞ്ഞു കുറച്ചിരുന്ന് അവർ പോയി.
രണ്ടു ദിവസം കഴിഞ്ഞായിരുന്നു ഞാൻ വീണ്ടും ഓഫീസിൽ ചെല്ലുന്നത്. മൂന്നാമത്തെ നിലയിൽ എത്തിയപ്പോൾ നിന്നു. സാധന ഓടി വന്നു. കുറേ നന്ദിയൊക്കെ പറഞ്ഞു. സാക്ഷിയെ കണ്ടില്ലെന്ന് പറഞ്ഞപ്പോൾ അവൾ ലീവാണെന്ന് പറഞ്ഞു. ഞാൻ പതുക്കെ കയറിപ്പോയി. വേഗം തന്നെ തിരിച്ചിറങ്ങി വീട്ടിലേക്ക് പോയി.
പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ എനിക്കൊരു കോൾ വന്നു. സാധനയായിരുന്നു മറുതലയ്ക്കൽ. തിരക്കില്ലെങ്കിൽ ഒന്ന് ഫുഡ് കോർട്ട് വരെ വരാമോ എന്ന് ചോദിച്ചു.
ഫുഡ് കോർട്ടിനുള്ളിൽ കയറി പോകുമ്പോൾ അവളാകെ വിളറിയ മുഖവുമായി ഇരിക്കുകയായിരുന്നു.
അവൾ ബാഗ്ലൂരിലേക്ക് ജോലി കിട്ടി പോകുകയാണെന്നും സാക്ഷിയെ എന്നെ ഏൽപ്പിക്കുന്നെന്നും പറയാനായിരുന്നു അവൾ വിളിച്ചത്. ഓണം കഴിഞ്ഞ അന്ന് മുതൽ ഈ കാര്യം പറഞ്ഞത് കൊണ്ടാണ് സാക്ഷി ലീവെടുത്തിരിക്കുന്നത്.
ഞങ്ങൾ ഒരു ചായ കുടിച്ചിറങ്ങി.
രണ്ടു ദിവസങ്ങൾക്കുള്ളിൽ സാക്ഷി ജോലിക്ക് കയറി. മിക്കപ്പോഴും ഞാൻ കയറി പോകുമ്പോൾ അവളോടി വരും. കുറേനേരം സംസാരിച്ചു മാത്രമേ ഞങ്ങൾ പിരിയാറുള്ളൂ.
ഒരു മാസം കഴിഞ്ഞപ്പോൾ എന്നോടവൾ പറഞ്ഞു. ഒരു ബെറ്റർ ജോബ് അന്വേഷിക്കാൻ. ഞാനും പറഞ്ഞു, എനിക്കും മാറണമെന്നുണ്ടെന്ന്.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ എൻറെ ഒരു സുഹൃത്ത് വിളിച്ചു ഒരു അഡ്മിൻ ജോലിയുണ്ട്. ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. ഞാനവളെ ഇന്റർവ്യൂന് ചെല്ലാൻ പറഞ്ഞു. അവൾ പോയി വന്നതിന് ശേഷം മാനേജർ എന്നെ വിളിച്ചു. അവളൊത്തിരി ചെറുതായി പോയി എന്ന്. ഞാൻ നിർബന്ധിച്ചപ്പോൾ കുറച്ചു മാസം നോക്കും, ഇല്ലെങ്കിൽ ഒഴിവാക്കുമെന്ന് പറഞ്ഞു എടുത്തു. അവൾ ജോലിക്ക് കയറുന്ന ദിവസം എനിക്കൊരു ബാങ്കിൽ ജോലി കിട്ടി ഞാനും കയറിയിരുന്നു.
അവളുടെ കമ്പനിയിലെ ബാങ്ക് അക്കൗണ്ട് ഞങ്ങളുടെ ബാങ്കിൽ ആയിരുന്നു. പൈസ അടക്കാൻ അവൾ തന്നെയായിരുന്നു ബാങ്കിലേക്ക് വന്നിരുന്നതും. വന്നാൽ എൻറെ കാബിനിൽ വന്നിരിക്കും.
വൈകുന്നേരം എല്ലാ ദിവസവും എനിക്കൊരു കോൾ വരും അപ്പോൾ ഞാൻ ബാങ്കിന് വെളിയിലിറങ്ങി നിൽക്കും. അവൾ ബസ്സിൽ പോകുമ്പോൾ കൈകാണിച്ചു കടന്ന് പോയാൽ ഞാൻ വീണ്ടും അകത്ത് കയറും. ഒരു ദിവസം കൈകാണിച്ചു തിരിയുമ്പോൾ മാനേജരും മറ്റു സ്റ്റാഫും എല്ലാം എൻറെ പുറകിൽ നിൽക്കുകയായിരുന്നു.
പിറ്റേന്ന് അവൾ ബാങ്കിൽ വരുമ്പോൾ എല്ലാവരും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങളെ പറ്റിയുള്ള ഗോസിപ്പുകൾ ഇറങ്ങിത്തുടങ്ങി. അവളും ഞാനും ഒരുപോലെ അസ്വസ്ഥനായിരുന്നു.
ഒരു ഞായറാഴ്ച ദിവസം ഞാൻ കൂട്ടുകാരുടെ കൂടെ നിൽക്കുമ്പോഴാണ് അവളുടെ വിളി വന്നത്. 'അമ്മ അവളെ മുറിയിൽ പൂട്ടിയിട്ടിട്ടുണ്ട്. കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ സമ്മതിക്കുന്നില്ലെന്നും ഇനി ഈ വീട്ടിൽ നിൽക്കാൻ പറ്റില്ല. ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരട്ടെ എന്നും ചോദിച്ചു. എനിക്ക് ഇതൊക്കെ കേട്ടപ്പോഴേ പകുതി ബോധം പോയി.
എൻറെ രണ്ടു സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോൾ അവളെ ടൗണിലേക്ക് വരാൻ പറയൂ എന്ന് പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് പോയി. ഞാനും അവളും കൂടി ഒരു ഐസ്ക്രീം പാർലറിൽ കയറി സംസാരിച്ചിരുന്നു. ഞാനവളോട് പറഞ്ഞു. ഞാനും നീയും രണ്ടു കുടുംബത്തിൽപ്പെട്ടവരാണ്, നീ എൻറെ വീട്ടിൽ എന്ത് പറഞ്ഞിട്ടാണ് വന്നു താമസിക്കുന്നത്. പോലീസ് കേസായാൽ ആകെ നാണക്കേടാകും. കേസായാൽ രണ്ടുപേരുടെയും നല്ലൊരു ജോലിയാണ് നഷ്ടപ്പെടുമെന്നും, ഭാവിയും അവതാളത്തിൽ ആകുമെന്നൊക്കെ പറഞ്ഞു കൺവിൻസ് ചെയ്ത് ബാഗുമായി വന്നവളെ തിരിച്ചയച്ചു.
പിന്നീട് ബാങ്കിലേക്ക് വന്നാലും അധികം മൈൻഡ് ചെയ്യാതായി. ഇടയ്ക്ക് വേറെ ആൾക്കാരെ അയക്കാൻ തുടങ്ങി. അതിനിടയിലാണ് ഞാൻ ആക്സിഡന്റായി ഹോസ്പിറ്റലിൽ കിടക്കുന്നത്.
ഇടയ്ക്കൊരു ദിവസം നോക്കാൻ വരുന്നെന്ന് പറഞ്ഞു വിളിച്ചു. ഞാൻ ആരെയും കടത്തി വിടെണ്ടന്നു മുൻകൂട്ടി പറഞ്ഞതിനാൽ ആർക്കും തന്നെ അവിടേക്ക് പ്രവേശനമുണ്ടായില്ല.
ഒരാഴ്ചക്കുള്ളിൽ മറ്റൊരു ബാങ്കിൽ ജോലി കിട്ടി ഞാൻ ബാഗ്ളൂരിലേക്ക് ട്രെയിനിങ്ങിന് പോയി. പിന്നീട് വിളിച്ചിട്ടുമില്ല കണ്ടിട്ടുമില്ല.
വർഷങ്ങൾക്ക് ശേഷം ഞാനൊരു അമ്പലത്തിൽ പോയി പ്രദക്ഷിണം വെച്ചു വരുമ്പോൾ അവൾ നടന്നു വരുന്നത് കണ്ടു. എന്നെ കണ്ടില്ല. എത്രയും പെട്ടന്ന് ഞാനവിടെ നിന്നും സ്ഥലം കാലിയാക്കിയിരുന്നു.
Episode -13, Tomorrow 10 PM, Please stay tune here.
No comments:
Post a Comment