Wednesday, 13 September 2017

ഹരിയാനക്കാരി ഗീതാഞ്ജലി റാട്ടി

 Episode -13 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

കൊച്ചിയിൽ നിന്ന് ട്രെയിൻ കയറുമ്പോൾ കൂട്ടിനാരുമുണ്ടായിരുന്നില്ല. തൃശ്ശൂർ എത്തിയപ്പോൾ ചപ്പാത്തി വാങ്ങി കഴിച്ചു കിടന്നു.

രാവിലെ എഴുന്നേറ്റപ്പോഴാണ് മനസ്സിലായത് ആ ബോഗിയിലുള്ള പകുതി യാത്രക്കാരും ഡൽഹി ജാമിയ മിലിയ ഇസ്ളാമിയ യൂണിവേഴ്സിറ്റിയിലെ Msc കെമിസ്ട്രി സ്റ്റുഡന്റസ് ആണെന്ന്.

മലയാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. രാവിലെ നല്ല തണുപ്പ്. മഡ്ഗാവ് സ്റ്റേഷനിൽ ഇറങ്ങി നല്ലൊരു മസാല ചായ വാങ്ങി കുടിച്ചു വീണ്ടും സീറ്റിൽ വന്നിരുന്നു. കൂട്ടിന് ഗുലാംനബിയുടെ ഗസലും ഫൈസൽ ബ്രോയുടെ പൂമരവും...

ഇടയ്ക്ക് ഓഷോയുടെ ഫലിതങ്ങളും സി.വി.ബാലകൃഷ്ണന്റെ അവനവൻറെ ആനന്ദം കണ്ടെത്താനുള്ള വഴികളും. ഇടയ്ക്ക് ഒരു പ്രൊഫസർ വന്ന് കമ്പനി തന്നതൊഴിച്ചാൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അങ്ങനെ ആ ദിവസവും പോയി കിട്ടി.

സാധാരണ എവിടെയും ഇടിച്ചു കയറി സംസാരിക്കുന്ന എനിക്ക് വണ്ടി കയറുമ്പോൾ തന്നെ രേഷൂൻറെ ഇൻസ്ട്രക്ഷൻ ഉണ്ടായിരുന്നു. ഓരോ പുതിയ വള്ളിക്കെട്ടിനെയെടുത്തു തലയിൽ വെച്ച് കൊണ്ട് ഇങ്ങോട്ട് കയറി വരണ്ടാന്ന്. നോക്കീം കണ്ടും പോകണമെന്നൊക്കെ. ഈ പെങ്ങമ്മാരെ കൊണ്ട് തോറ്റു.

രാവിലെ എഴുന്നേറ്റ് ഫെയ്‌സ്ബുക്കിലും വാട്ട്സ് ആപ്പിലും കുത്തിക്കളിച്ചോണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത കുപ്പയിൽ നിന്നും ഒരു പെൺകുട്ടി പുഞ്ചിരിച്ചു കൊണ്ട് എൻറെയടുത്തു വന്നിരുന്നത്. പതുക്കെ പരിചയപ്പെട്ടു.

ഹരിയാനയിലെ ജാട്ട് വിഭാഗത്തിൽ പെട്ട ഗീതാഞ്ജലി റാട്ടി എന്ന പെൺകുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവെച്ചപ്പോൾ കുറെയേറെ സാമ്യതകളുണ്ടായിരുന്നു.
അച്ഛൻ അമ്മ ചേട്ടൻ അനിയൻ എന്നിവരടങ്ങുന്ന അവളുടെ കുടുംബം അവിടത്തെ വലിയൊരു ജന്മി കുടുംബമാണ്. പക്ഷെ ജീവിതത്തിൻറെ ആ പളപളപ്പിലൊന്നും താത്പര്യമില്ലാതെ ഡൽഹിയിൽ ചെറിയൊരു ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുമ്പോഴാണ് Msc കെമിസ്ട്രി ചെയ്യാൻ തോന്നി ജാമിയ മിലിയ ഇസ്ളാമിയ യൂണിവേഴ്സിറ്റിയിൽ വീണ്ടും ചേർന്നത്. ഏപ്രിലിൽ ക്ലാസ്സ് കഴിയും. Phd ചെയ്യണം, യാത്ര ചെയ്യണം, സോഷ്യൽ വർക്ക് ചെയ്യണമെന്നൊക്കെയുള്ള നിറയെ ആഗ്രഹങ്ങളുമായി നടക്കുന്ന മുഖത്ത് സദാസമയവും പുഞ്ചിരിയുമായി എല്ലാവർക്കുമിടയിൽ പറന്നു നടക്കുന്ന മലയാളിയെ പോലെ തോന്നിക്കുന്ന ഹരിയാനക്കാരി.

മൂന്ന് മണിക്ക് നിസാമുദ്ദീൻ സ്റ്റേഷനിൽ ഇറങ്ങാൻ വേണ്ടി വാതിലിൽ നിൽക്കുമ്പോൾ അവൾ ഫോൺ വാങ്ങി ഫെയ്‌സ്ബുക്കിൽ റിക്വസ്റ്റ് അയച്ചു, ഫോൺ നമ്പറും സേവ് ചെയ്തു തന്നു. പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.

രാത്രി ഗീതാഞ്ജലിയുടെ മെസ്സേജ് വന്നു. നാളെ രാമകൃഷ്ണ ആശ്രമത്തിൽ കാണാമെന്ന് പറഞ്ഞു. ഞങ്ങൾ അന്ന് കുറേ കറങ്ങി, കുറെയേറെ മനസ്സ് തുറന്നു.

ഞാനുറങ്ങി. വീണ്ടും കണ്ടുമുട്ടുമോ എന്നൊന്നും അറിയില്ല. ഡൽഹിയിലേക്കുള്ള എൻറെ യാത്രകളും ഇനി ഉണ്ടാകുമോ എന്ന് ഉറപ്പുമില്ല. എന്തായാലും ഞങ്ങളുടെ സുഹൃത് ബന്ധം വളരെ സുഖകരമായി പോകുന്നു.

ഇന്നലെയും വിളിക്കുമ്പോൾ അവൾ കൊച്ചിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു...

#haryana #geethanjalirathi

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...