Monday, 4 September 2017

പൊമറേനിയൻ പെൺകുട്ടി

Episode - 5 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഡിഗ്രി കഴിഞ്ഞു ആദ്യം കയറിയത് ഒരു മൊബൈൽ കമ്പനിയുടെ സ്റ്റാഫായിട്ടായിരുന്നു. അതും നാട്ടിൽ തന്നെ. എന്നും വൈകുന്നേരം ഷോറൂമിൻറെ പുറത്ത് ഞങ്ങൾ കുറച്ചുപേർ വായിനോക്കിയിരിക്കുന്ന സമയം. ഷോറൂമിനുള്ളിലേക്ക് ഒരു പൊമറേനിയൻ പട്ടിക്കുട്ടിയെ പോലെ വാത്സല്യം തോന്നിക്കുന്ന ഒരു പെൺകുട്ടി കയറി പോയി. ഞാൻ പതുക്കെ അകത്തേയ്ക്ക് പോയി കസ്റ്റമർ ഇരിക്കുന്ന സീറ്റിൽ പോയിരുന്നു. മാനേജർ സോണിയും രാമുവും അവിടെ ഇരിക്കുന്നുണ്ട്. നല്ലൊരു നമ്പർ വേണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ രഹസ്യമായി വയ്ക്കുന്ന ബോക്സിൽ നിന്നും ഒരു നമ്പർ എടുത്ത് കൊടുത്തു. ഫോം പൂരിപ്പിക്കുന്നതിനിടയിൽ ഞാൻ അതിൻറെ കവർ എടുത്ത് നോക്കിയപ്പോൾ Booked എന്ന് എഴുതിയിട്ടുണ്ടായിരുന്നു. സാധാരണ നല്ല പ്രീപെയ്ഡ് ഫാൻസി നമ്പറുകൾ ആയിരമോ അയ്യായിരമോ നൽകിയാലേ കൊടുക്കാറുള്ളു. ഞാൻ രഹസ്യമായി കവർ സോണിയെ കാണിച്ചപ്പോൾ എന്നെ കണ്ണിറുക്കി കാണിച്ചു. ഞാൻ മൗനിയായി. സിം കാർഡ് ആക്റ്റീവ് ചെയ്യാൻ കൊടുക്കുകയും പെൺകുട്ടിക്ക് സിം കാർഡ് കൈമാറുകയും ചെയ്തു. സാധാരണ ഐഡി പ്രൂഫും അഡ്രസ് പ്രൂഫും കിട്ടാതെ ആക്റ്റീവ് ചെയ്തു കൊടുക്കാറില്ല എന്നിരിക്കെ വൈകുന്നേരം 'അമ്മ കൊണ്ടുവന്നു തരാമെന്ന് പറഞ്ഞപ്പോൾ അതും കേട്ട് ആക്റ്റീവ് ചെയ്ത് കൊടുക്കുകയായിരുന്നു.

പിറ്റേ ദിവസം  അതേ സമയത്ത് പെൺകുട്ടി വീണ്ടും വന്നു. സിം കാർഡ് ഇതുവരേയും ആക്റ്റീവ് ആയിട്ടില്ല എന്ന പരാതിയുമായി. ഹെഡ് ഓഫീസിലേക്ക് വിളിച്ചു ചോദിച്ചപ്പോൾ അത് ഫാൻസി നമ്പർ ആയത് കൊണ്ട് പോസ്റ്റ് പെയ്ഡ് ആയി മാറ്റാനുള്ള സിം നമ്പർ ആണെന്നും കസ്റ്റമറിന് മറ്റൊരു നമ്പർ കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും പറഞ്ഞത് കേട്ട് പെൺകുട്ടി ആകെ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ സോണി ഓടിപ്പോയി ഞങ്ങളുടെ മെയിൻ ഓഫീസിലേക്ക് പോയി രണ്ട് മിനിറ്റിനുള്ളിൽ തിരിച്ചു വന്ന് പുതിയൊരു നമ്പർ കൊണ്ടുവന്ന് സ്പോട്ട് ആക്റ്റീവ് ചെയ്ത് കോൾ വിളിച്ചു ഉറപ്പു വരുത്തി കൊടുത്തു. രണ്ടു മൂന്ന് ദിവസമായി പുതിയതായി വാങ്ങിയ സിം കാർഡ് ആക്റ്റീവ് ആയില്ലെന്ന് പറഞ്ഞു നടക്കുന്ന രണ്ടു കസ്റ്റമർ അടുത്തിരിക്കുമ്പോഴാണ് ഇതൊക്കെ നടക്കുന്നത് എന്നുകൂടി ഓർക്കണം.

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ എൻറെ കമ്പനി നമ്പർ ഞാൻ കൊടുത്തിരുന്നു. രാത്രി എനിക്ക് അവളുടെ കോൾ വന്നു. കുറെ നമ്പറിൽ നിന്ന് തുടർച്ചയായി ടെക്സ്റ്റ് മെസ്സേജ് വരുന്നു. ഒപ്പം മിസ്സ് കോളും. നമ്പർ ചോദിച്ചപ്പോൾ എല്ലാം നമ്മുടെ ഓഫീസിലെ സ്‌റ്റാഫിൻറെ നമ്പറുകൾ ആയിരുന്നു. ഞാൻ നമ്പർ മാറ്റാൻ പറഞ്ഞു. മംഗലാപുരം ഒരു കോളേജിൽ സൈക്കോളജിക്ക് പഠിക്കുന്ന അവൾ പത്ത് ദിവസത്തെ ലീവിന് വന്നപ്പോൾ ഉപയോഗിക്കാൻ എടുത്ത നമ്പർ ആയിരുന്നു അതെന്ന് പറഞ്ഞപ്പോൾ ഞാൻ മറ്റൊരു നമ്പർ തരാമെന്ന് പറഞ്ഞു. അങ്ങനെയാണ് മറ്റൊരു സ്ഥലത്ത് മിന്നുവിനെ ഞാൻ പോയി കാണുന്നത്. എൻറെ കയ്യിലുണ്ടായിരുന്ന അധികം ഉപയോഗിക്കാത്ത മറ്റൊരു കമ്പനിയുടെ സിം കാർഡ് ഞാനവൾക്ക് കൊടുത്ത് പ്രശ്നം പരിഹരിച്ചു.

അന്ന് രാത്രി മുതൽ അവൾ തിരിച്ചു പോകുന്നത് വരെ എന്നെ അവൾ മര്യാദയ്ക്ക് ഉറങ്ങാൻ വിട്ടിട്ടില്ല. ഇടയ്ക്കെപ്പോഴോ ഞാൻ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും വിളിച്ചിരുന്നു. അതിലേക്ക് അവളൊരു ദിവസം തിരിച്ചു വിളിച്ചപ്പോൾ അമ്മയാണെടുത്തത്. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ അന്ന് മൂന്ന് നാല് പ്രാവശ്യം വിളിച്ചെന്നും ഒടുവിൽ വിളിക്കുമ്പോൾ കരയുകയായിരുന്നു എന്നും 'അമ്മ പറഞ്ഞു. അമ്മയ്ക്ക് ഇതൊന്നും പുതുമയല്ലാത്തത് കൊണ്ട് എന്നോടൊന്നും ചോദിച്ചില്ല.

ഇടയ്ക്കിടെ ഇങ്ങനെ നാട്ടിൽ വന്നപ്പോൾ ആ നമ്പർ അവൾക്ക് തിരിച്ചു കൊടുക്കും. ഞാൻ ജോലിചെയ്യുന്ന സ്ഥാലങ്ങളിലൊക്കെ അവൾ കയറി ഇറങ്ങിയത് കാരണം മിക്കവാറും എല്ലാവർക്കും മിന്നുവിനെ നല്ല പരിചയമാണ്. ടൗണിലെ മിക്ക ഐസ്ക്രീം പാർലറിലും ഞങ്ങൾ കയറിയിറങ്ങിയിട്ടുമുണ്ട്.

പിന്നീടൊരു ദിവസം അവളെ മൊബൈലിൽ വിളിച്ചു കിട്ടാതായപ്പോൾ അവളുടെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. അവളുടെ അമ്മയെടുത്ത് ആരാണെന്ന് ചോദിച്ചപ്പോൾ ക്ലാസ്സ് മേറ്റാണെന്ന് അറിയാതെ കള്ളം പറഞ്ഞു. പേര് ചോദിച്ചപ്പോൾ എന്തോ പേരും ചോദിച്ചു. പക്ഷെ അങ്ങനെയൊരു പേരിൽ ആ സ്‌കൂളിൽ ഒരു കുട്ടിയില്ലെന്നു അവർ തറപ്പിച്ചു പറഞ്ഞു.

അതെ, അവളുടെ 'അമ്മ ആ സ്‌കൂളിൽ വർഷങ്ങളായി ടീച്ചർ ആയിരുന്നു, ഇപ്പോൾ ഹെഡ്മിസ്ട്രെസ്സും.

അതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം അവസാനിച്ചു.

Episode - 6 Tomorrow 10 PM, Please stay tune here.

ലൈഫ്റ്റിൽ നിന്നും താഴേക്കിറങ്ങുമ്പോൾ നേരെ എതിർവശത്ത് നിൽക്കുന്ന ആ വെള്ളാരം കണ്ണുള്ള പെണ്ണിനെ നോക്കി ഞാൻ പറഞ്ഞു, "നിൻറെ കണ്ണുകൾ എനിക്കിഷ്ടായി...".

"കണ്ണുകൾ മാത്രമേ ഇഷ്ടായുള്ളൂ...??"
"അല്ല, നിന്നേയും.." എന്നെനിക്ക് പറയണമെന്നൊരാഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, ഇതെല്ലാം കേട്ടുകൊണ്ട് അവളുടെ കാമുകൻ ഞങ്ങൾക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു....

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...