Friday, 8 September 2017

തട്ടമിട്ട കോഴിക്കോടൻ ഹൽവ

Episode - 9 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

കണ്ണൂർ ക്യാമ്പിലായിരുന്നു ഞാനവളെ കണ്ടത്. അധികമാരോടും സംസാരിക്കാതെ അഹങ്കാരിയായി നടക്കുന്ന മല്ലിഹ നിസാറെന്ന കോഴിക്കോടുകാരി. ആ ക്യാമ്പിൽ പലരുടേയും നോട്ടപ്പുള്ളിയായെങ്കിലും ആരെയും കൂസാതെ നടക്കുന്ന സമയം. രണ്ടാമത്തെ ദിവസം രാത്രി കലാപരിപാടികൾ അവതരിപ്പിക്കാനായി അഞ്ച് ഗ്രൂപ്പുണ്ടാക്കിയപ്പോൾ അവളേതോ ഒരു ഗ്രൂപ്പിൽ പെട്ടു, നിർഭാഗ്യവശാൽ അവളെ ആ ഗ്രൂപ്പുകാർ മൈൻഡ് ചെയ്യാത്തത് കൊണ്ട് അങ്ങുമിങ്ങും നടക്കുന്ന സമയത്താണ് ഞാൻ കണ്ടത്. ഞാൻ ഉൾപ്പെട്ട ഗ്രൂപ്പിലേക്ക് അവളെ ചേർത്ത് നല്ലൊരു റോൾ അവൾക്ക് കൊടുക്കുകയും ചെയ്തു. എന്തായാലും ഭാഗ്യവശാൽ ഞങ്ങളുടെ ഗ്രൂപ്പിന് ഫസ്റ്റ് പ്രൈസ് അടിക്കുകയും ചെയ്തു. അന്ന് രാത്രി ഡിന്നർ അവളെൻറെ കൂടെയിരുന്നായിരുന്നു.

പിറ്റേന്ന് ക്യാമ്പ് കഴിഞ്ഞിറങ്ങുമ്പോൾ അവൾ ലാൻഡ് ഫോൺ നമ്പറും (അന്ന് മൊബൈൽ പ്രചാരത്തിലില്ലായിരുന്നു) അഡ്രസ്സും തന്നു. ഇടയ്ക്കവൾ വിളിക്കും.

അടുത്ത ക്യാമ്പ് കോഴിക്കോടായിരുന്നു. ഒരാഴ്ച മുമ്പേ അവളുടെ കോൾ വന്നു, "വരുന്നോ എൻറെ നാട്ടിലോട്ട്..."

ക്യാമ്പ് ദിവസം വൈകുന്നേരം ക്യാമ്പ് സ്ഥലത്ത് ഞാനാദ്യം എത്തിയിരുന്നു. അവളെ കൊണ്ട് വിടാൻ ഉമ്മയും ബാപ്പയും വന്നു. ദൂരെ നിന്ന് കണ്ടപ്പോഴേ ഓടിവന്ന് കൈപിടിച്ച് വലിച്ചു ഉമ്മയ്ക്കും ബാപ്പയ്ക്കും മുന്നിലേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തി. അവർ പോയപ്പോൾ അവിടെയുള്ള ചാമ്പ മരത്തിൻറെ ചോട്ടിൽ പോയി ഞങ്ങളിരുന്നു. കുറെയേറെ സംസാരിക്കാനുണ്ടായിരുന്നു. കൂടെയുള്ളവർക്ക് ചെറുതായി കുശുമ്പുണ്ടായി എന്നത് പിന്നീടുള്ള സംസാരത്തിൽ നിന്നും മനസ്സിലായി. ബാലുവും, രാമുവും, രാജേഷും അത് സൂചിപ്പിക്കുകയും ചെയ്തു.

ക്യാമ്പ് കഴിഞ്ഞിറങ്ങിയപ്പോൾ ഒരു പതിനെട്ടുകാരൻറെ മനസ്സിലെ ആകുലതകൾ കുറേ ദിവസത്തേയ്ക്ക് വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

ഇടയ്ക്ക് വിളിക്കും, പരസ്പരം കത്തുകളും എഴുതി അയക്കും. പിന്നീടെപ്പോഴോ അതങ്ങ് മുടങ്ങി. ഞാൻ ഡിഗ്രിയും കഴിഞ്ഞു ജോലികൾ മാറി മാറി ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ ഒരു ദിവസം ചെന്നൈ മെയിലിൽ പോകുമ്പോൾ കോഴിക്കോട് നിന്ന് കയറിയ കൂട്ടത്തിൽ അവളെയും കണ്ടു.

അവൾ എം.ബി.ബി.എസ്സിന് പഠിക്കുന്നത് നിർത്തി ബി.ഡി.എസ്സിന് ചെന്നൈയിൽ ചേർന്നെന്ന് പറഞ്ഞു. സീറ്റുകൾ തമ്മിൽ ദൂരമുണ്ടായതിനാൽ ഇറങ്ങുമ്പോൾ കാണാമെന്നും പറഞ്ഞു ഞങ്ങൾ കിടന്നു.

രാവിലെ നോക്കിയപ്പോൾ അവളെ കണ്ടില്ല. പിന്നീട് ഒരു ദിവസം വീട്ടിൽ ചെന്ന് പഴയ ഓട്ടോഗ്രാഫ് മറച്ചു നോക്കുമ്പോൾ അവളുടെ വീട്ടിലെ നമ്പർ എടുത്ത് വിളിച്ചു. ഉമ്മയാണെടുത്തത്. അവളെക്കുറിച്ചു ചോദിച്ചപ്പോൾ കാര്യമായ മറുപടിയൊന്നും കിട്ടിയില്ല. നമ്പർ ചോദിച്ചപ്പോൾ എൻറെ നമ്പർ അവൾക്ക് കൊടുത്ത വിളിക്കാൻ പറയാമെന്ന് പറഞ്ഞു കട്ട് ചെയ്തു.

എന്തായാലും പിന്നീട് വിളിയൊന്നും ഉണ്ടായില്ല. അതങ്ങനെ പോയി...

Episode - 10, Tomorrow 10 PM. Please stay tune  here.

ആലുവയിലെ കുഗ്രാമത്തിൽ കൂട്ടുകാരിയുടെ വീട്ടിൽ പോയി ഉത്സവം കൂടിയൊരു കഥ.

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...