ചാപ്പ പുര (പുല്ല് മേഞ്ഞ വീട്) യിലായിരുന്ന ഞാൻ ആർത്തവകാലത്ത് വീടിനു പുറത്തെ ചായ്പ്പിലായിരുന്നു അഞ്ചാറ് ദിവസം കിടന്നിരുന്നത്. ആ ദിവസങ്ങളിലൊന്നും തന്നെ ഉറങ്ങിയിരുന്നില്ല. പിന്നീട് ഓടിട്ട വീട് പണിതപ്പോൾ വരാന്തയിലായി ഈ ദിവസങ്ങളിലെ കിടത്തം. ഒരു ദിവസം പേടിച്ചു വിറച്ചു അച്ഛനോട് പറഞ്ഞപ്പോൾ അടുക്കളയിൽ കിടക്കാൻ പറഞ്ഞു. അവിടെ പല്ലിയും എലിയും വരുന്നത് കൊണ്ട് പേടിച്ചു ഉറങ്ങാൻ പറ്റിയില്ല. ഒടുവിൽ അടുക്കളയുടെ തൊട്ടടുത്തുള്ള മുറിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. ഇപ്പോൾ എൻറെ മകൾ കിടക്കുന്നത് അവളുടെ സ്വന്തം മുറിയിലാണ്. ആ 'അമ്മ ഇത്രയും പറഞ്ഞപ്പോൾ ഒരു നെടുവീർപ്പായിരുന്നു.
ആർത്തവനാളിലെ മറ്റൊരു പ്രശ്നം അടിവസ്ത്രത്തിനൊപ്പം ഉപയോഗിക്കുന്ന വെളുത്ത തുണിയായിരുന്നു. അലക്കി ഉണക്കാൻ ആരും കാണാത്ത ഇടങ്ങളിലോ, മറ്റു വസ്ത്രത്തിൻറെ അടിയിലോ ആയി ഇട്ടാണ് ഒന്ന് ഉണക്കിയെടുക്കുക. ഇന്നിപ്പോൾ സാനിറ്ററി പാഡ് ഉപയോഗിക്കുന്നത് കൊണ്ട് സ്‌കൂളിലും കോളേജിലും ജോലിക്കും പോകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആത്മവിശ്വാസത്തോടെ ചുവന്ന രക്തത്തുള്ളികൾ പടരുന്നത് പേടിക്കാതെ പുറത്തിറങ്ങാം.
ലിംഗനീതിയെക്കുറിച്ചുള്ള ക്ലാസ്സിൽ പോലും ഇടയ്ക്ക് മുഴച്ചു നിന്നത് പുരുഷാധിപത്യമായിരുന്നു എന്നത് ദയനീയമായ കാഴ്ചയായിരുന്നു. പക്ഷെ ചിലരുടെ മനോഭാവം തന്നെ നൂറ് വർഷം പിറകിലാണെന്നത് ബോധവത്കരണ ക്ളാസ്സുകൊണ്ട് മാത്രം മാറ്റാവുന്ന ഒന്നല്ല എന്ന തിരിച്ചറിവു നൽകുന്നതാണ്.
ലിംഗനീതിയെക്കുറിച്ചു പറയുമ്പോൾ വീട്ടിൽ നിന്ന് തുടങ്ങുന്ന അനീതിയെക്കുറിച്ചു പറയേണ്ടി വരും. കുഞ്ഞു നാളിൽ തന്നെ ആൺകുട്ടിക്ക് കളിതോക്കും പെൺകുട്ടിക്ക് പാവയും വാങ്ങിച്ചു നൽകുന്ന രക്ഷിതാക്കൾ വസ്ത്രങ്ങളിൽ പോലും തുല്യത കാണിക്കാതെ സ്വന്തം കുഞ്ഞിൻറെ അനുവാദമില്ലാതെ കാതുകുത്തൽ പോലുള്ള ചടങ്ങുകൾ നടത്തുന്നതോടൊപ്പം മറ്റുള്ളവർക്ക് പ്രകടമായ നിലയിൽ ലിംഗ വ്യത്യാസം തുറന്നു കാണിക്കാൻ വളയും കാതുകുത്തലുകൾക്കൊപ്പം പാദസരവും ഇട്ട് വേർതിരിവിൻറെ വേലികെട്ടുകൾ തീർക്കുന്നു. അതും ആണും പെണ്ണും എന്ന വ്യത്യാസം ശരീരത്തിൽ പ്രകടമാകും മുമ്പാണെന്നത് ദയനീയമാണ്. ആൺകുട്ടിയുടെ മുടി മുറിച്ചു കളയുകയും പെൺകുട്ടിക്ക് മുടി നീട്ടി വളർത്താൻ അനുവദിക്കുകയും ചെയ്യുന്നതും ഇതേ മനോഭാവം കൊണ്ടുതന്നെയാണ്.
പ്രസവ സമയത്തെ കരുതലും സംരക്ഷണവും എത്രത്തോളം പ്രാധാന്യത്തോടെ നല്കുന്നു അത്രയും പ്രാധാന്യം തന്നെ ആർത്തവ കാലത്തും നൽകേണ്ടതാണ്. ഈ സമയങ്ങളിലാണ് ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ വൃത്തിയായും വെടിപ്പായും നടക്കേണ്ടതും വൃത്തിയുളള ശുചിത്വമുളള ഇടങ്ങളിൽ വിശ്രമിക്കേണ്ടതും. അല്ലെങ്കിൽ അണുബാധ പകരാനുള്ള സാധ്യത കൂടുതലാണ്.
സാനിറ്ററി പാഡിനു പകരം ഏറ്റവും പുതിയ രീതിയാണ് സസ്‌റ്റെയിനബിൾ മെൻസ്ട്രേഷ്വൻ കപ്പ് (Pampon). ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണ്. സാനിറ്ററി പാഡിന് പുറത്തേക്ക് പടരാൻ സാധ്യതയുള്ള രക്തത്തുള്ളികളെ പോലും സുരക്ഷിതമായി ശേഖരിച്ചു നിർത്താനും കൃത്യമായ സമയങ്ങളിൽ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ പറ്റുമെന്നതും ചിലവ് ചുരുക്കാനും ഒപ്പം ഏറ്റവും സുരക്ഷിതരായിരിക്കാനും സാധിക്കും.
പലപ്പോഴും ആർത്തവം എന്നത് മറച്ചു പിടിക്കേണ്ട ഒന്നല്ല. മെൻസസ് ആയത് അമ്മയോട് മാത്രം പങ്കിടുന്നത് എത്ര സങ്കടകരമാണ്. അമ്മയും അച്ഛനും സഹോദരമാരും അറിയേണ്ടതല്ലേ...?
തുല്യ നീതിക്ക് വേണ്ടി വാദിക്കുമ്പോഴും സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണെന്നത് വിരോധാഭാസമാണ്. പൊതു ഇടങ്ങളിൽ, വീടുകളിൽ, ജോലി സ്ഥലങ്ങളിൽ സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ ഒപ്പമുണ്ടാകുന്നത് പുരുഷന്മാർ തന്നെയായിരിക്കും. മാനസികമായ പിന്തുണ പോലും നല്കാത്തവരാണ് ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകൾ എന്നതും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതിരിക്കുന്നതും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ആക്കം കൂട്ടുന്നു.
കഴിഞ്ഞ ദിവസം നാട്ടിലെ അമ്പലത്തിൽ രാത്രി തെയ്യം കൂടാൻ പോയപ്പോൾ സ്ത്രീകൾ ഇരിക്കുന്നതിൻറെ പിറകിൽ കസേരയിട്ട് അറുപതിലധികം വയസ്സായ ഒരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ട് മുന്നിലുള്ള ഒരു പെൺകുട്ടിയെ പല പ്രാവശ്യം തൊണ്ടിയിട്ടും ആ പെൺകുട്ടി പ്രതികരിക്കുന്നതായി കണ്ടില്ല. മറ്റുള്ളവർ കാണാത്തത് കൊണ്ടുതന്നെ ആർക്കും ഒന്നും പറയാൻ പറ്റാത്തൊരവസ്ഥ. ഞാൻ ആ പെൺകുട്ടിയോട് പറഞ്ഞു ഇനി തോണ്ടിയാൽ സേഫ്റ്റി പിന്നെടുത്ത് കുത്തിക്കോളാൻ. ആ സമയം അയാൾ ഒന്ന് നിലവിളിച്ചിട്ടുണ്ടെങ്കിൽ വേണ്ടത് ചെയ്യാമെന്ന്. പക്ഷെ പെൺകുട്ടി അവിടെ നിന്നും എഴുന്നേറ്റ് പോയി. ഇങ്ങനെയുള്ള അവസരങ്ങളിൽ പിന്തുണയുമായി എത്തുന്ന ആണുങ്ങൾക്ക് അപമാനമാകും ഫലം എന്നത് ഇനിയൊരു സന്ദർഭത്തിൽ ഇതുപോലൊരു സംഭവം കണ്ടാലും പ്രതികരിക്കാതെ മാറി നിൽക്കാൻ പ്രേരിപ്പിക്കും.
ലിംഗനീതി വീട്ടിൽ നിന്നും തുടങ്ങണം. അച്ഛനും അമ്മയും തുടങ്ങി വെച്ചാൽ മാത്രമേ തുടർന്ന് അദ്ധ്യാപകർക്കും അത് പിന്തുടരാനും പിന്തുണയ്ക്കാനും പറ്റൂ. ആദ്യം ബോയ്സ് ഓൺലി സ്‌കൂളും ഗേൾസ് ഓൺലി സ്‌കൂളും അടച്ചു പൂട്ടി ലിംഗനീതിയ്ക്ക് തുടക്കം കുറിക്കട്ടെ.
മോഹൻദാസ് വയലാംകുഴി
Menstrual Cup നെക്കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട്: Dr. Thulasi Balasubramanian
#MenstrualHygiene #MenstrualCup #SanitaryPad #Periods #MohandasVayalamkuzhy #BetterLifeFoundationIndia #Kasaragod #Kerala #Awareness #HealthandHygiene #Menstruation #SustainableProduct
No comments:
Post a Comment