ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ഒരു പെണ്ണിൻറെ മുഖത്ത് അടിച്ചിട്ടുണ്ടെങ്കിൽ അത് അവളുടെ വായിൽ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മൈ** എന്നൊരു വാക്ക് കേട്ടതുകൊണ്ടാണ്. കാരണം ഞാൻ ഇന്നേവരെ ഒരാളെപ്പോലും മോശം വാക്ക് കൊണ്ട് അഭിസംബോധന ചെയ്തിട്ടില്ല എന്നതുകൊണ്ടും, എന്നോട് അങ്ങനെയുള്ള മോശം പദപ്രയോഗം നടത്തിയാൽ തീരെ ഉൾക്കൊള്ളാൻ പറ്റാത്തതുകൊണ്ടുള്ള പ്രശ്നവും, അവളെൻറെ ഏറ്റവും പ്രീയപ്പെട്ടവൾ ആയതുകൊണ്ടുമാണ് മുഖത്തടിച്ചുപോയത്.
വീടിനടുത്തുള്ള യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ടു താഴെയുള്ള ക്ലാസുകളിലെ കുട്ടികളും തൊട്ടു മുകളിലെ കുട്ടികളും പരസ്പരം ഇരട്ടപ്പേരിട്ടു വിളിക്കുമ്പോൾ എൻറെ ക്ലാസിലെ സ്ഥിതി മറ്റൊന്നായിരുന്നു. ഞങ്ങൾ ഒരോരുത്തരും അവരവരുടെ ഇനീഷ്യൽ ചേർത്താണ് പരസ്പരം വിളിച്ചിരുന്നത്. പത്തിരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറവും അലുമിനി മീറ്റിങ്ങുകളിൽ കാണുമ്പോഴും അറിയാതെ ഇതേ ഇനീഷ്യൽ ചേർത്തു വിളിച്ചുപോയിട്ടുണ്ട്. അധ്യാപകർക്ക് കൂട്ടുപേരിട്ട് വിളിക്കാത്തൊരു ക്ലാസ്സും എന്റേത് തന്നെയായിരുന്നുവെന്നത് ഇന്നാലോചിക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്.
പലപ്പോഴും ഞാൻ കണ്ട മറ്റൊരു കാഴ്ച സുഹൃത് സദസ്സുകളിൽ പോലും പരസ്പര ബഹുമാനമില്ലാതെ സുഹൃത്തുക്കളായ (ആണും പെണ്ണും) ആളുകളെ വളിപ്പടിച്ചു പരസ്പരം കളിയാക്കുന്ന കാഴ്ച. ഭാര്യമാരെ മറ്റുള്ളവരുടെ മുന്നിൽ വിലകുറച്ചു കാണിക്കുന്ന സംസാരങ്ങൾ, സുഹൃത്തായ പെണ്ണിനെ നോക്കി നീ വിചാരിച്ചാൽ കാര്യം ഈസിയായി നടക്കുമെന്ന കമൻറ് , കൂടെയില്ലാത്തവരെപോലും വിടാറില്ല. അവൾ ബോസിനെ മണിയടിച്ചു നിൽക്കുകയായിരിക്കും, പണി കൂടുതൽ എടുത്തു മാനേജരെ സുഖിപ്പിച്ചു നടക്കലാണ് അവന്റെ/അവളുടെ ജോലി എന്നൊക്കെ കൂടി ജോലി ചെയ്യുന്നവരെക്കുറിച്ചു അവരുടെ അസാന്നിധ്യത്തിൽ കേട്ടിട്ടുണ്ടാകും.
എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാനും ചിന്തിക്കാനും സാധിക്കുന്നത്...?
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ എൻറെ ഓഫീസിൽ ഇരിക്കുമ്പോൾ ഇടയ്ക്ക് വരാറുള്ളൊരു സുഹൃത്ത് കയറിവന്നു. ഒരുപാട് നാട്ടുവിശേഷങ്ങളും ജോലിയുടെ വിശേഷങ്ങളും ജോലിക്കിടയിലെ സമ്മർദ്ധവും വിരസതയും പറഞ്ഞു വരുമ്പോൾ കല്യാണവും കഴിച്ചു രണ്ടു കുട്ടികളുമുള്ള കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ആ അധ്യാപകൻ നൈസായി ഇടയിൽ ഒരു കാര്യം കൂടി പറഞ്ഞു, നിങ്ങളുടെ ആ ഫ്രണ്ടിനെ (എൻറെ ഏറ്റവും നല്ല കൂട്ടുകാരിയും, കുടുംബ സുഹൃത്തും കല്യാണം കഴിഞ്ഞു കുട്ടികളിലൊക്കെയുള്ള പെൺകുട്ടി) പോലുള്ള മറ്റാരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് കൂടി പരിചയപ്പെടുത്തി കമ്പനിയാക്കി തരണം. ഇടയ്ക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാലോ എന്നും പറഞ്ഞൊരു നിഷ്ക്കളങ്കൻറെ ചിരി മുഖത്ത് വരുത്തി ഒരുളുപ്പുമില്ലാതെ മുന്നിലിരിക്കുന്നു. ആ ഫ്രണ്ടിനെ പോലെ എന്ന ധ്വനിയിൽ ആ ഫ്രണ്ടിനെ ഞാനെന്തോ കീപ്പ് ചെയ്തു വച്ചേക്കുന്നത് പോലെയും അല്ലെങ്കിൽ എൻറെ കാമുകിയായി കൊണ്ട് നടക്കുന്നവളാണെന്നുമുള്ള ഒരു ധ്വനിപോലെയാണ് എനിക്കനുഭവപ്പെട്ടത്. വല്ലാതെ ചടച്ചുപോയി... ശരീരമാകെ ഒരു വിറയൽ ബാധിച്ചു പോയി... ആളുകൾ ഞങ്ങളെക്കുറിച്ചു ഇങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത് എന്ന് വരികൾക്കിടയിലൂടെ വായിക്കുമ്പോൾ എനിക്ക് തോന്നി... അതും അത്ര പ്രീയപ്പെട്ടവരെക്കുറിച്ചാണ് കേൾക്കുന്നത്.
ആ ഫ്രണ്ടിനെ പോലെ... അപ്പോൾ ആ ഫ്രെണ്ടിനെത്തന്നെ ആയാലും കുഴപ്പമില്ല, അല്ലെങ്കിൽ ഒരു ഫോട്ടോ കോപ്പി എടുത്ത് കൊടുത്താൽ വളരെ സന്തോഷം...
ഇതിന് മുൻപ് അതെ ഓഫീസിൽ വെച്ച് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഇരുന്ന് സംസാരിക്കുമ്പോൾ ഇതേ പ്രീയപ്പെട്ട ആളിനെക്കുറിച്ചൊരു സംസാരം വരികയുണ്ടായി. കാരണം അവളുടെയും സുഹൃത്തുക്കളായിരുന്നു ആ കൂട്ടത്തിലെ എല്ലാവരും. അതൊലൊരുവൻ അവളെ വീഡിയോ കോൾ വിളിച്ചപ്പോൾ എടുത്തില്ല, പിന്നീട് എൻറെ ഫോൺ അനുവാദമില്ലാതെ തട്ടിയെടുത്ത് കോൾ വിളിച്ചപ്പോൾ അവൾ എടുക്കുകയും ചെയ്തു. അവൾ ഫോൺ എടുത്തപ്പോൾ തന്നെ പറഞ്ഞത് എന്തോ ജോലിയിൽ ആയിരുന്നു, ആദ്യം റിംഗ് ചെയ്തത് കേട്ട് ഓടിയെത്തുമ്പോഴേക്കും കോൾ കട്ടായിരുന്നു അടുത്ത നിമിഷം എൻറെ ഫോണിൽ നിന്നുള്ള കോൾ കണ്ടപ്പോൾ എടുത്തു എന്നും... ആ കോളിലും ബാക്കിയുള്ളവർ ചേർന്ന് അവളെ കുറേ കളിയാക്കുന്നത് സഹതാപത്തോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ. അതിലൊരുവനാണ് ഈ കോപ്പി ഫ്രണ്ടിനെ ആഗ്രഹിക്കുന്നവനും...
ഇങ്ങനെ ചേതമില്ലാ എന്ന് തോന്നുന്ന തമാശകളും സംഭാഷണങ്ങളും സൗഹൃദ സദസ്സിൽ കൊണ്ടുവരുന്നവരുണ്ട്.
ഇനി മറ്റൊരു വിഭാഗം കൂട്ടത്തിൽ ഇല്ലാത്തവൻറെ പെങ്ങളേയോ, ഭാര്യയെയോ കാമുകിയേയോ പറ്റി അനാവശ്യം പറഞ്ഞു കോൾമയിർ കൊള്ളുക... സ്വന്തം ഭാര്യയെയോ കാമുകിയെ തന്നെയോ കൊച്ചാക്കി പറയുക, അവൾ കളിക്കാൻ പോരാ എന്നോ, അവളെ മടുത്തു എന്നൊക്കെ പറയുക... അവൾക്കിപ്പോൾ ആ പഴയ എനർജിയും സൗന്ദര്യമൊന്നുമില്ല എന്ന് പറയുക.
എൻറെ മറ്റൊരു സുഹൃത്ത് പിന്നെ വളരെ വ്യത്യസ്തനാണ്... സമൂഹ മാധ്യമങ്ങളിൽ കൂടിയൊക്കെ പരിചയപ്പെട്ട് എൻറെ ബെസ്റ്റ് ഫ്രണ്ടാണെന്നൊക്കെ പറഞ്ഞു കമ്പനി കൂടി അവരെയൊക്കെ പല സമയങ്ങളിലായി സമയം കണ്ടെത്തി നേരിട്ട് പോയി കാണുകയും, കമ്പനിയാക്കുകയും ഒടുവിൽ പതുക്കെ നമ്മളെക്കുറിച്ചുള്ള അപരാധം പറഞ്ഞു പരത്തി പിന്നെ പതിയെ കളി ചോദിക്കുന്നവൻ. ആദ്യത്തെ ഒന്ന് രണ്ടുപേരെ കണ്ടെന്ന് അവർ പറഞ്ഞറിഞ്ഞു. പിന്നീട് മൂന്നാമത്തെ ആൾ പറഞ്ഞിരുന്നില്ല. പിന്നീട് ആരോ പറഞ്ഞറിഞ്ഞതാണ്. ഈ ഗ്രൂപ്പിലൊക്കെ ആൺകുട്ടികളുമുണ്ട്. അവരാരെയും അയാൾ വിളിച്ചിട്ടില്ല, കണ്ടിട്ടുമില്ല. കൂടെയുള്ളവരെ പരിചയപ്പെട്ടാലോ കമ്പനിയാക്കിയാലോ മിണ്ടിയാലോ എനിക്ക് ഒന്നും തന്നെയില്ല. പക്ഷെ, ടാർഗറ്റ് ചെയ്തു കമ്പനിയാക്കി എന്നെക്കുറിച്ചപരാധം പറഞ്ഞു പരത്തി എന്നിൽനിന്നകറ്റി ഒടുവിൽ കളി ചോദിച്ചു നടക്കുമ്പോൾ എന്താണ് അയാളുടെ ടാർഗറ്റ് എന്ന് മനസ്സിലാക്കുമ്പോൾ പിന്നീട് അത്തരം ആളുകളെ ഭയത്തോടുകൂടിയെ കാണാൻ സാധിക്കുകയുള്ളൂ...
വളരെ വർഷങ്ങൾക്ക് മുമ്പ് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. കാണാൻ കൊള്ളാവുന്നവരൊക്കെ അവനെക്കാൾ ഇളയതാണെങ്കിൽ അവൻറെ കസിൻ ആയിരിക്കും, മൂത്തതാണെങ്കിൽ ചേച്ചി മോൾ ആയിരിക്കും, കുറച്ചു പ്രായം ചെന്നാലും സുന്ദരിയാണെങ്കിൽ അവൻറെ അമ്മായി ആയിരിക്കും. പരിചയപ്പെട്ട് സംസാരിച്ചു കുറച്ചു കഴിയുമ്പോൾ തന്നെ കയ്യൊക്കെ പിടിച്ചായിരിക്കും പിന്നീടുള്ള സംസാരം. കാണുമ്പോൾ ഒട്ടുംതന്നെ മോശമായി തോന്നില്ലെങ്കിലും അവർ പോയി കഴിഞ്ഞു നമ്മൾ മാത്രമുള്ള സൗഹൃദ സദസ്സിലേക്കെത്തുമ്പോൾ എന്ത് മിനുസമുള്ള കൈ, നല്ല നാഭി, നല്ല അരക്കെട്ട്, കിടിലൻ ചന്തി, തെറിച്ചു നിൽക്കുന്ന മുലകൾ, ഉമ്മ വയ്ക്കാൻ തോന്നുന്ന കവിളുകൾ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു അഞ്ചോ പത്തോ മിനിറ്റ് സംസാരിച്ചപ്പോഴേക്കും അവൻറെ കണ്ണുകൾ എവിടെയൊക്കെ പോയിരിക്കാം എന്നൂഹിച്ചു നോക്കൂ...
സൗഹൃദ സദസ്സുകളിൽ ഇത്തരം തമാശകളും കളിയാക്കലുകളും, ഊക്കി വിടലുകളും, അസംഭ്യം പറയലുകളും നിർത്തണം. പേടിവേണം. പരസ്പര ബഹുമാനം വേണം. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ലേബലിൽ എന്തും പറയാമെന്നുള്ള ധാരണകൾക്ക് മാറ്റമുണ്ടാകണം. ആണും പെണ്ണും സുഹൃത്തുക്കളായി നടന്നാൽ ആ പെണ്ണ് പോക്ക് കേസും അവൻറെ ഒരു യോഗവും എന്ന് പറയുന്നത് നിർത്തുക തന്നെ വേണം. സൗഹൃദം നടിച്ചു മുതലാക്കാമെന്നുള്ള വിചാരം തന്നെ മുളയിലേ നുള്ളിക്കളയണം...
ആണായാലും പെണ്ണായാലും എത്ര കട്ട ചങ്കായാലും സ്നേഹത്തിനൊപ്പം തന്നെ പരസ്പര ബഹുമാനവും ഒറ്റയ്ക്കായാലും ഒരു കൂട്ടത്തിൽ ആയാലും ഏറ്റവും ബഹുമാനത്തോടുകൂടിത്തന്നെ സംസാരിക്കാനും പെരുമാറാനും പഠിക്കണം...
കീടങ്ങളെ തിരിച്ചറിഞ്ഞു കൊന്നുകളഞ്ഞില്ലെങ്കിൽ കൃഷി നശിപ്പിച്ചു കുടുംബത്തിൻറെ അന്നം മുടങ്ങും...
NB: നിയമപരമായ മുന്നറിയിപ്പ്: ഇവിടെ എഴുതുന്നത് എൻറെ മാത്രം ചിന്തകളും അഭിപ്രായങ്ങളുമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.
©മോഹൻദാസ് വയലാംകുഴി
#MohandasVayalamkuzhy #DifferentTypesofFriends #BetterLife #VerbalAsult #Abuse
👏👏👏
ReplyDeleteThank you
Delete