Tuesday, 20 August 2024

Life is beautiful....

 

വീണാലും ഉരുണ്ടു ചാടി എഴുന്നേറ്റു നിൽക്കണം, വസ്ത്രങ്ങളിൽ അഴുക്ക് പറ്റിയത് ആരെങ്കിലും കണ്ടാൽ അവരെ നോക്കി സർഫ് എക്സലിന്റെ പരസ്യത്തിലെ പോലെ കറ നല്ലതല്ലേ എന്ന് ചോദിച്ചു പൊട്ടി ചിരിക്കണം.

പറഞ്ഞു വന്നത്, ജീവിതത്തിലെ അപ് & ഡൗൺസിനെക്കുറിച്ചാണ്. ഏറ്റവും ഉയരങ്ങളിൽ ചെന്നെത്തി താഴേക്ക് പതിച്ച എത്രയോപേരുണ്ട്. പയറുപോലെ നടന്നവർ ഒരൊറ്റ അറ്റാക്കിൽ മണ്ണോടു ചേർന്നിട്ടുണ്ട്, ഒരൊറ്റ നിമിഷത്തെ ശ്രദ്ധക്കുറവുകൊണ്ട് ജീവിതകാലം മുഴുവൻ തളർന്നു കിടന്നവരുമുണ്ട്.

പണം കുമിഞ്ഞു കൂടി എങ്ങനെ ചിലവഴിക്കണമെന്നറിയാത്തവന് എന്ത് പ്രളയം, എന്ത് ഭൂകമ്പം, എന്ത് സുനാമി, എന്ത് മഴ, എന്ത് വെയിൽ.... എന്ത് മനുഷ്യർ...!!

ഈ കഴിഞ്ഞ കുറേ ദിവസങ്ങളിൽ കുറേ മനുഷ്യരുടെ തലവര തന്നെ മാറിയിട്ടുണ്ട്. ഒന്നിച്ചുണ്ടുറങ്ങിയവർ ഒറ്റ നിമിഷം കൊണ്ട് ബും ന്ന് കൺമുന്നിൽ നിന്ന് ഒലിച്ചു പോയി...

കുറേ മനുഷ്യർ അതിനിടയിൽ കൈമെയ്‌ മറന്നു വിറ്റു പെറുക്കി കയ്യിലുള്ളതൊക്കെ ചേർത്ത് മറ്റുള്ളവന്റെ മുന്നിൽ കൈകാട്ടിയും സ്വരൂപിച്ചും ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആർക്കൊക്കെയോ വേണ്ടി സഹായത്തിനറങ്ങുന്നു. കിട്ടുന്നത് മുഴുവൻ അന്യനെ സഹായിക്കാൻ ദാനം ചെയ്യുന്നു. മറ്റൊരു രാജ്യത്തിരുന്നു പോലും സ്വന്തം നാടിന് വേണ്ടി പറ്റാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.

കരുണ വറ്റിയിയിട്ടില്ലാത്ത ചിലരെങ്കിലും ഉള്ളതുകൊണ്ട് തന്നെയാണ് ഈ ഭൂമിയെ ഇത്രയെങ്കിലും താങ്ങി നിർത്തി മുന്നോട്ട് കൊണ്ടുപോകുന്നത്.

അതിനിടയിലും ദുരന്തത്തെക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടെന്നുള്ളത് ദയനീയം തന്നെ...

വളരെയധികം സുരക്ഷിതമായ ഇടങ്ങളിൽ ഇരുന്ന് വിഷം ചീറ്റുന്നവർ, യാതൊരു പരിസരബോധവുമില്ലാത്തവർ, ചുറ്റും നടക്കുന്നതൊന്നും നമ്മളെ ബാധിക്കുന്നതല്ലല്ലോ പിന്നെന്തിന് നമ്മൾ ബേജാറാകണം എന്ന് ചിന്തിക്കുന്നവർ, ഇന്ത്യയിൽ പ്രളയം വന്നാൽ അമേരിക്കയിലെയോ ലണ്ടനിലെയോ വീട്ടിൽ പോയി താമസിക്കാം എന്ന് ലാഘവത്തോടെ ചിന്തിക്കുന്നവർ... പബ്ലിസിറ്റി സ്റ്റണ്ട് ലാക്കാക്കി കോമാളി വേഷം കെട്ടുന്നവർ...

എന്നിൽ നിന്നും നമ്മളിലേക്ക് എന്ന ചിന്ത രൂപപ്പെടാത്തിടത്തോളം കാലം അവനവനിസത്തിലേക്ക് ഉൾവലിയുകയല്ലാതെ മറ്റു പോംവഴികൾ ഒന്നുമില്ല.

മനുഷ്യരാശിയുടെ പൊതുവായ സന്തോഷത്തിനും സൗഹാർദ്ദത്തിനും വേണ്ടി ഒരാൾ ചെയ്യുന്ന കാര്യങ്ങളാണ് ആ വ്യക്തിയുടെ ശാന്തിക്കും മുക്തിക്കുമുള്ള അടിസ്ഥാനം.

നമ്മൾ എപ്പോഴും പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചുമാണ് കഴിഞ്ഞിരുന്നത്, മേലിലും അങ്ങനെയേ കഴിയൂ. സഹസൃഷ്ടികളില്ലാതെ നമുക്ക് ജീവിതം സാദ്ധ്യമല്ല. അതുകൊണ്ട് എന്നിൽ നിന്നും നമ്മളിലേക്ക് - വ്യക്തിയിൽ നിന്ന് സമഷ്ടിയിലേക്ക് വികസിപ്പിച്ചുകൊണ്ട് വിശ്വാസത്തോളം വിശാലമാകട്ടെ നമ്മുടെ വീക്ഷണം.

വെറുപ്പുള്ളിടത്ത് സ്നേഹവും,

കലാപമുള്ളിടത്ത് സമാധാനവും,

ദുരിതമുള്ളിടത്ത് ആനന്ദവും കൊണ്ടുവരാൻ നിനക്ക് കഴിയുമെങ്കിൽ

നീ തന്നെയാണ് യഥാർത്ഥ ദൈവം.

തത്വമസിയും അത് തന്നെയാണ് പറഞ്ഞു വയ്ക്കുന്നത്.


©മോഹൻദാസ് വയലാംകുഴി


#കരളുറപ്പുള്ള_കേരളം #അതിജീവനം #ആശുപത്രി_ചിന്തകൾ #Lifeisbeautiful #lifequote #life #BetterLife #BetterFuture #MohandasVayalamkuzhy

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...