Friday, 30 August 2024

Love of darkness...

 
"തീരത്തെക്കൂടി സഞ്ചരിക്കുമ്പോൾ, സൂര്യന്റെ തീക്കണങ്ങൾ തണുത്തുപോകുമ്പോഴും, നക്ഷത്രങ്ങളോട് കുഴിച്ചുവെക്കുന്ന നുണകളിൽ നിന്നെ അവിശ്വസിക്കാനാവില്ല. സങ്കടവും മഴയും തനിയെ പടരുമ്പോൾ, ആഴങ്ങളിലേക്ക് പതുക്കെ നടക്കുന്നു..."

ചില സമയങ്ങളിൽ ഞാനിങ്ങനെയാണ്. കത്തിയമരുന്ന സൂര്യനെ നോക്കി തീരത്തങ്ങനെ ഇരിക്കും... ഇരുട്ട് പരക്കുന്തോറും ആനന്ദമാണ്.

കടൽക്കരയിലെ കാറ്റാടിമരങ്ങളുടെ മർമ്മരം ചെവിതുളച്ചു വരുമ്പോൾ ഇരുളിലേക്ക് നോക്കി ആകാശത്തെയും എണ്ണമില്ലാത്ത നക്ഷത്രങ്ങളെയും നോക്കി കിടക്കും... രഹസ്യങ്ങൾ പറയാൻ പലപ്പോഴും എനിക്ക് കഴിയാറില്ല, ചുറ്റും കുഴികുത്തി കിടന്ന് ഇടയ്ക്കിടെ തല വെളിയിലേക്കിട്ടു നോക്കുന്ന ചാരന്മാരെ പോലെ ചുറ്റും ഞണ്ടുകൾ ഉണ്ടാകും...

ഇരുട്ടിനെ വല്ലാതെ പ്രണയിക്കാറുണ്ട്.

തീരത്തടിഞ്ഞുകൂടിയ ചിപ്പിയും മീൻ മുള്ളുകളും ഞണ്ടിൻറെ തോടുകളും കൂമ്പാരമായി കിടക്കുന്ന ചപ്പു ചവറുകൾക്കിടയിൽ കൂടിയും ഓരിയിട്ടുകൊണ്ടു കടിപിടി കൂടുന്ന പട്ടികളും രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കടന്നു പോകുമ്പോഴും എന്നിൽ പ്രത്യേകിച്ചൊരു വികാരവും ഉണ്ടാക്കിയില്ല.

പതിവ് പോലെ തീരത്തുകൂടി നടന്നു. കടലിൻറെ ഇരമ്പിലിനൊപ്പം മഴയുടെ ശീൽക്കാരവും കേട്ട് തുടങ്ങി.

ഞാൻ മഴ നനഞ്ഞു നടന്നു. കവിളിലൂടെ ഒഴുകുന്നത് സങ്കടകടലോ അതോ മഴനൂൽ ചാലുകളാണോ എന്നുപോലും കണ്ണടച്ചു കളഞ്ഞു മറഞ്ഞു പോയ നക്ഷത്രങ്ങൾക്ക് മനസ്സിലായിക്കാണില്ല. ഇനി മനസ്സിലായാലും ആർക്കും പിടികൊടുക്കാതെ ഞാൻ ഒരുപാടകലേയ്ക്ക് നടന്നു നീങ്ങിയിരുന്നു...

©മോഹൻദാസ് വയലാംകുഴി


#MohandasVayalamkuzhy

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...