പെണ്ണൊരുത്തിക്ക് മരിക്കാൻ ഏറ്റവും നല്ല പ്രായം നാല്പതുകളുടെ അവസാനമാകുന്നു.
മക്കൾ ഒട്ടൊക്കെ പറക്കമുറ്റിയിട്ടു ണ്ടാവും
കൂടപ്പിറപ്പുകൾ ഒക്കെ അവരവരുടെ ലോകത്തിലെ വലിയ വലിയ തിരുക്കുകളിൽ,
ഓളത്തിലെ ഒതളങ്ങപോലെ പെട്ട് ഒഴുകിനീങ്ങുകയായിരിക്കും.
വൃദ്ധരായ അച്ഛനമ്മമാർ മിക്കവാറും ഭൂമി വിട്ടു പോയിക്കാണും.
ഭർത്താവിന് അവൾ ജീവിച്ചിരുന്നിട്ട് വിശേഷാൽ പ്രയോജനങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
ഉദ്യോഗമുള്ള ഒരുവളാണെങ്കിൽ കുടുംബവരുമാനത്തിന് ചെറിയ കുറവുണ്ടാകും
പക്ഷെ മരണശേഷം കുടുംബത്തിന് ഒരുമിച്ചുലഭിക്കുന്ന താരതമ്യേന മെച്ചമായ തുക ആ കുറവിനെ മറവിയിലാഴ്ത്തും.
അവളുടെ വ്യക്തിഗത വസ്തുക്കളാൽ നിറഞ്ഞിരുന്ന,
ചിലപ്പോൾ അലങ്കോലപ്പെട്ടുകിടന്നിരുന്ന ഇടങ്ങളിലെല്ലാം ശുദ്ധവായു നിറഞ്ഞു നിൽക്കും.
കനച്ച എണ്ണയുടെ മണമുള്ള മുഷിഞ്ഞ തലയിണ കഴിയുമെങ്കിൽ അന്ന് രാത്രിതന്നെ വൈകിയാണെങ്കിലും ആശ്വാസത്തിന്റെ നെടുവീർപ്പോടെ ഭർത്താവ് മൂലയിലെറിയും.
കുഴമ്പുമണമുള്ള, ചിലപ്പോൾ വഴുക്കുന്ന, കുളിമുറികളിൽ നിന്ന് അയാൾക്ക് മോചനം കിട്ടും.
അവൾ വൈകിയുണരുന്നതിനാൽ ഞായറാഴ്ചകളിൽ മാത്രം കാണേണ്ടി വരുന്ന വെടിച്ച പാദത്തിലെ കറുത്ത വരകൾ അയാളുടെ അന്യഥാ സുന്ദരമാകുമായിരുന്നു പുലരിക്ക് വിലങ്ങനെ വീണു കിടക്കില്ല.
ചുണ്ടിലൊരു മൂളിപ്പാട്ടോടെ കെറ്റിലിൽ ചായയ്ക്ക് വെള്ളം വയ്ക്കുമ്പോൾ
വൃത്തിയിൽ കഴുകിക്കമഴ്ത്തിയ ചായക്കപ്പിൽ അതു പകരുമ്പോൾ
പുറത്തെ വരാന്തയിൽ ഇരുന്ന് ഇതുവരെയില്ലാത്ത ഒരു ലാഘവത്തോടെ ചായ ഊതിക്കുടിക്കുമ്പോൾ
ഒരു പക്ഷെ താൻ ഇത്ര സന്തോഷവാനായിരിക്കുന്നതെന്തെന്ന് അയാൾ അദ്ഭുതപ്പെട്ടേക്കാം.
ചായക്കപ്പിലെ കരിപ്പാടും അത് നീട്ടുന്ന കൈനഖങ്ങളിലെ അഴുക്കും എത്രയാണ് തന്നെ അരിശം പിടിപ്പിച്ചിട്ടുള്ളതെന്ന് ഒട്ടൊരു നിസ്സംഗതയോടെ അയാൾ ഓർത്തെന്നുമിരിക്കും.
ബ്രേക്ക് ഫാസ്റ്റിനായി ഓട്സു കാച്ചുമ്പോൾ
ഉച്ചയ്ക്കത്തെ ഊണിനു ശേഷം തണുത്ത ഫ്രൂട്ട് സലാഡ് കഴിക്കുമ്പോൾ ഇത്ര ചെറിയ കാര്യങ്ങൾക്കാണോ ഇവൾ ജീവിതത്തിന്റെ നല്ലൊരു ഭാഗം അടുക്കളയിൽ തുലച്ചു കളഞ്ഞത് എന്നയാൾ അദ്ഭുതപ്പെട്ടേക്കാം.
ഓഫീസിൽ നിന്ന് മടുത്ത് വരുമ്പോൾ
ഡ്രസ് മാറ്റാതെ സോക്സ് അഴിക്കാതെ സോഫായിലേക്ക് ചായാം എന്ന പ്രലോഭനം
അയാളെ എത്രയധികമാണ് ആനന്ദിപ്പിക്കുന്നത് എന്ന് പറയുക വയ്യ!
വൈകുന്നേരം അത്താഴത്തിന് കഞ്ഞിയാക്കിയേക്കാം എന്ന് ഒരു മാറ്റത്തിനു വേണ്ടി തീരുമാനിക്കുമ്പോൾ
എത്രയരി
വെള്ളം എത്ര
സമയം എത്ര എന്നൊട്ടു കുഴങ്ങിയേക്കാമെങ്കിലും
കഞ്ഞി, കാപ്പിപ്പൊടി നിറത്തിലുള്ള ഇടിച്ചമ്മന്തിയുമായിച്ചേർത്ത് അയാൾ നിറച്ചു കഴിച്ച് തൃപ്തനാകും.
ഒന്നും അസാധാരണമായിട്ടില്ലെന്നും ജീവിതം കുറച്ചു കൂടി സ്വസ്ഥമാണെന്നും അയാൾക്ക് ബോധ്യപ്പെട്ടു വരുന്നുണ്ടിപ്പോൾ.
പിറ്റേന്ന് രാവിലെ ചായയിൽ ഇടാൻ പഞ്ചസാരപ്പാത്രം തുറക്കുമ്പോൾ അത് ഒഴിഞ്ഞിരിക്കുമ്പോൾ
അയാൾക്ക് അരിശം വരും. "ങ്ഹും പഞ്ചസാര തീരാറായെന്ന് അവൾ പറഞ്ഞു പോലുമില്ല" എന്ന ഒരാത്മഗതത്തിനപ്പുറം ആയുസ്സുണ്ടാകാത്ത ഒരരിശം!
വാങ്ങാൻ മറന്നു പോകാതിരിക്കാൻ ഫോണിൽ സേവ് ചെയ്യാൻ നോട്ട് തുറക്കുമ്പോൾ
വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് കണ്ണിൽപ്പെടുന്നുണ്ട്.
ഉറപ്പായും പഞ്ചസാര അതിൽ ഉണ്ട് എന്നതാണ് അയാളുടെ മുഖത്ത് നൊടിയിട തങ്ങി നിന്ന ആ ചെറിയ ചളിപ്പിനു കാരണം.
ഓഫീസിൽ പോകാൻ നേരം
രണ്ടു ബട്ടൻ അഴിച്ച് തല വഴി ഷർട്ട് വലിച്ചിറക്കുമ്പോൾ ഇന്നും മൂന്നാമത്തെ ബട്ടൻ പൊട്ടി.
ഇനി തയ്ച്ചുപിടിപ്പിച്ചു പോകാൻ നേരമില്ല.
'കൈകഴുകി സാരിത്തുമ്പിൽ തുടച്ച് ഷർട്ടിന്റെ ബട്ടൻ തുന്നിത്തരുമായിരുന്ന ഒരുവളുടെ തള്ളിക്കയറി വന്ന ഓർമ്മയെ അയാൾ ഊരിയ ഷർട്ടിനൊപ്പം കട്ടിലിൽ കുടഞ്ഞിട്ടു.
ഒരു മാസത്തേക്കെങ്കിലും ഉപയോഗി
നുള്ള ഷർട്ടുകൾ തേച്ചു മടക്കിയത് അലമാരിയിൽ അടുങ്ങിയിരുന്ന് അയാളെ നോക്കി സാരമില്ല എന്ന് പുഞ്ചിരിച്ചു.
ഇനി രണ്ടാഴ്ചകഴിയുമ്പോൾ മുഷിഞ്ഞ തുണികളെല്ലാം വാരിക്കെട്ടി ഓഫീസിനടുത്ത് പുതുതായിത്തുടങ്ങിയ ഡ്രസ് റിഫ്രെ ഷിംഗ് സെന്ററിൽ ഏല്പിച്ചാൽ മൂന്നോ നാലോ ദിവസം കഴിയുമ്പോൾ അത് അലക്കി പശമുക്കി ഇസ്തിരിയിട്ട് കവറിലിട്ട് ബ്രാൻഡ് ന്യൂ പോലെ അടുക്കിയടുക്കി തിരികെ കിട്ടും.
ഈ ലോകത്തിൽ മാന്യമായി ജീവിക്കാൻ ഒരു ഭാര്യയുടെ ആവശ്യമൊന്നുമില്ല എന്ന് അയാൾക്ക് കൃത്യമായി ബോധ്യപ്പെടുന്നുണ്ടിപ്പോൾ.
ആഴ്ചയുടെ അവസാനം വീട്ടിൽ വരുമായിരുന്ന മക്കൾ മാസത്തിലൊന്നും രണ്ടു മാസത്തിലൊന്നും എന്ന് ചുരുക്കിയപ്പോൾ
അയാൾക്ക് ഒരു തരത്തിൽ സമാധാനമായി.
ഒഴിവു ദിവസങ്ങളിൽ പുതിയ പുതിയ സ്നേഹിതരുമായി യാത്ര പോകലുകൾ ശീലമായി.
ഇത്ര സുഖമാകാമായിരുന്നു ജീവിതം എന്ന് അയാൾ തെല്ലൊരു സങ്കടത്തോടെ അനുഭവിച്ചറിഞ്ഞു.
ഒരു അഞ്ച് കൊല്ലം മുൻപെങ്കിലും അവൾ മരിക്കേണ്ടതായിരുന്നു എന്ന് തെല്ലൊരു ഇച്ഛാഭംഗത്തോടെ അയാൾ ഓർത്തു.
സമർപ്പണം:
"ഞാൻ മരിച്ചാൽ നിങ്ങൾ അനുഭവിക്കും" എന്ന് ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്ന പാവങ്ങൾക്ക്.
ഒരു ഗ്രൂപ്പിൽ വാട്ട്സ് ആപ്പ് വഴി വന്ന മരണത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു മുകളിൽ കൊടുത്തത്.
ചിലപ്പോഴെങ്കിലും ചില അപ്രിയ സത്യങ്ങൾ പറയാതിരിക്കുക, അല്ലെങ്കിൽ ഓർക്കാതിരിക്കുക എന്നുള്ള ഒരുതരം കള്ളത്തരം നമ്മൾ തന്നെ ചെയ്യാറുണ്ട്. കുറച്ചു ദിവസം മനസ്സിൽ ഇതായിരിക്കും. അതങ്ങനെ മനസ്സിനെ വലച്ചു കൊണ്ടിരിക്കും. അല്ലെങ്കിൽ പിന്നെ മനുഷ്യത്വം എന്ന സാധനം മനസ്സിൽ നിന്ന് പറിച്ചെറിഞ്ഞു കളയേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ഈ കുടുംബവും മറ്റു സുഹൃത്തുക്കളും എല്ലാം നഷ്ടപ്പെടുത്തേണ്ടി വരും.
ചിലപ്പോൾ അതൊരു പരാചയമായിരിക്കും. പക്ഷെ ജീവിതത്തിൽ ചില പരാജയങ്ങൾ നല്ലതാണ്. വിജയങ്ങൾ മാത്രമാകുമ്പോൾ നമുക്ക് ചുറ്റുമുള്ളതെല്ലാം നഷ്ടമാകും, അല്ലെങ്കിൽ നഷ്ടപ്പെടുത്തേണ്ടിവരും. അപ്പോൾ ദയ, കരുണ, സഹാനുഭൂതി, സ്നേഹം, വിശ്വാസം, ബഹുമാനം തുടങ്ങിയ കുഞ്ഞു വികാരങ്ങൾക്കൊന്നും സ്ഥാനമില്ലാതെയാകും. ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ അങ്ങനെയുള്ള ഒത്തിരി പേരെ കണ്ടിട്ടുണ്ട്. അങ്ങനെ ആവരുതേ എന്ന പ്രാർത്ഥനയോടെയാണ് എന്നും ഉറങ്ങാൻ കിടക്കുന്നത്.
നമ്മൾക്ക് ഇതൊക്കെ കൃത്യമായി മുൻകൂട്ടി അറിയാൻ പറ്റുമായിരുന്നെങ്കിൽ (I mean normal death) പിന്നെ ഒരാള്പോലും ഇങ്ങനെ ഓരോന്നും കെട്ടിപിടിച്ചു, ശ്വാസമടക്കി പിടിച്ചു ജീവിക്കില്ലായിരുന്നു.
ഏഴാം വയസ്സിൽ ശ്രീചിത്രാ മെഡിക്കൽ സെൻററിൻറെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടു പോകുമ്പോൾ ഡോ.മാർത്താണ്ഡ വർമ്മ ശങ്കരൻ വല്യത്താൻ പറഞ്ഞത് പ്രാർത്ഥിക്കുക എന്ന് മാത്രമാണ്.
2007 ൽ സെറിബ്രൽ മലേറിയ പിടിച്ചു കിടന്നപ്പോൾ ഡോ.ജയദേവ് കങ്കീല പറഞ്ഞതും ഇത് തന്നെ. 2009ൽ ബൈക്ക് ആക്സിഡൻറ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്ഞപ്പോൾ ഡോ.പ്രശാന്ത് പറഞ്ഞതും ഇത് തന്നെ. 2014 ൽ അബുദാബിയിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ICCU യിൽ ബോധമില്ലാതെ ലോകത്തെ മറന്നു കിടക്കുമ്പോൾ എന്താണ് പ്രശ്‌നമെന്ന് പോലും കണ്ടു പിടിക്കാനാവാതെ ആദ്യ മൂന്ന് ദിവസം ഡോക്ടർമാർ വലഞ്ഞപ്പോഴും ഡോക്ടർ പറഞ്ഞത് ഇത് തന്നെ.
ജീവിച്ചിരിക്കുന്നിടത്തോളം കാലം സന്തോഷത്തോടെ, സ്നേഹത്തോടെ ആരേയും പറയിപ്പിക്കാതെ നമുക്ക് ഇങ്ങനെ പരസ്പരം സ്നേഹിച്ചു ജീവിക്കാം.