Thursday, 28 December 2017

ഞാൻ കണ്ട ജീവിതം

സ്ത്രീകളെക്കുറിച്ച് പൊതുവെയുള്ള ധാരണകൾ പാടേ മാറ്റുന്ന ഒരു കൂട്ടം സ്ത്രീ സൗഹൃദങ്ങളാണ് എൻറേതെന്ന് പറഞ്ഞാൽ നിങ്ങൾക്കത് എത്രമാത്രം ദഹിക്കുമെന്നെനിക്കറിയില്ല.

ഞാൻ കണ്ട 50 പെണ്ണുങ്ങൾ എന്ന സീരീസ് തുടങ്ങുമ്പോഴും ഞാൻ ജീവിതത്തിൽ 50 പെണ്ണുങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ, അഥവാ പെണ്ണുങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ എന്ന അരികുവത്കരണം വളരെ ദുഃഖകരമാണ്. പെണ്ണുങ്ങളേക്കാൾ കൂടുതൽ ആൺസുഹൃത്തുക്കൾ ഉണ്ടെന്ന് എൻറെ ആൺ സുഹൃത്തുക്കൾക്ക് വളരെ നന്നായി അറിയാം. ഒരു പക്ഷെ ഞാൻ ബന്ധങ്ങൾക്ക് കൽപ്പിക്കുന്ന വില തന്നെയാണ് എൻറെ സൗഹൃദങ്ങൾ നിലനിൽക്കാനുള്ള ഒരുകാരണം.

ബന്ധങ്ങളെ എങ്ങനെ നിലനിർത്താം എന്നതിനെക്കുറിച്ചുള്ള എൻറെ കാഴ്ചപ്പാട് :

പരസ്പര വിശ്വാസം, സ്നേഹം, ബഹുമാനം എന്നത് വളരെ പ്രധാനമാണ്.

സാഹചര്യത്തിനനുസരിച്ചു പെരുമാറാനും നിലപാടുകളിൽ ഉറച്ചു നിൽക്കാനും, പറഞ്ഞവാക്ക് പാലിക്കാനും, പരസ്പര ധാരണയോടെ മുന്നോട്ട് പോകാനും കഴിയണം.


ശാരീരികമായ മാനസികമായ ബലഹീനതകളെ മനസ്സിലാക്കുകയും ആത്മാർത്ഥമായ പിന്തുണ നൽകുകയും ചെയ്യുക.

പരസ്പരം കേൾക്കുക. ഉള്ളുതുറന്ന് സംസാരിക്കുകയും സംസാരിച്ചത് നമ്മളിൽ തന്നെ ഒതുങ്ങുകയും ചെയ്യുക.

ഇങ്ങനെ പൊതുവായി പറയാൻ ഒരുപാടുണ്ടെങ്കിലും എൻറെ അവരോടുള്ള സമീപനം തന്നെയാണ് എന്നിൽ ഇത്രയും വ്യത്യസ്തതയുള്ള ഒരുകൂട്ടം ആൺ പെൺ സുഹൃത്തുക്കൾ ലോകത്തിൻറെ പലഭാഗത്തായി വ്യാപിച്ചു കിടക്കുന്നത്.

Monday, 13 November 2017

കടിഞ്ഞാൺ വിട്ടുപോകുന്ന കുഞ്ഞുങ്ങൾ

വർഷാവർഷം ശിശുദിനവും ശിശു സൗഹൃദവും കൊണ്ടാടുമ്പോഴും കൗമാരത്തിലേക്ക് പോലും എത്തിയിട്ടില്ലാത്ത ആൺ പെൺ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ഏറ്റവും പുതിയ കാലത്തിൻറെ പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി നോക്കിയാലോ എന്ന ചിന്തയുടെ പുറത്താണ് ഇതെഴുതുന്നത്.

നേരിട്ട് കാര്യത്തിലേക്ക് കടക്കും മുമ്പ് ഒന്നുരണ്ട് കേസുകൾ ഓർമ്മവരുന്നത് കുറിക്കുന്നു :

രണ്ട് വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞു മോൾ. കൂട്ടിനൊരു കുഞ്ഞുവാവ വേണമെന്ന് അവൾ പലപ്പോഴും പറയുമെങ്കിലും കല്യാണം കഴിഞ്ഞ സമയത്തെ കൗതുകത്തിന് തോന്നിയ പരസ്പരമുള്ള ശരീരം പങ്കുവയ്ക്കലിലൂടെ കൈമാറിയ ബീജ സങ്കലനവും അതിലൂടെ നടന്ന രാസപ്രവർത്തനത്തിൻറെ ഫലമായി വളർന്ന ഭ്രൂണവും ഒരു ദിവസം മനുഷ്യരൂപത്തിൽ പൊക്കിൾ കൊടി ബന്ധം മുറിച്ചു സ്വാതന്ത്രമായപ്പോൾ ഒരു കുഞ്ഞു സുന്ദരിയായി മാലാഖകുട്ടിയായി അവർക്കിടയിൽ  നടന്നു. പരസ്പരം കുറ്റപ്പെടുത്തലും കണക്കുപറച്ചിലും ഈഗോയും കടന്നുകൂടിയപ്പോൾ മകൾക്കുമുന്നിൽ അഭിനയിക്കുന്ന രണ്ട് നല്ല അഭിനേതാക്കളായി അവർ ചുരുങ്ങാൻ തുടങ്ങി. മകളെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം ഒരുമിച്ചു ജീവിച്ചു മറ്റുള്ളവരുടെ മുന്നിൽ ബോധ്യപ്പെടുത്തുന്ന രണ്ട് ദമ്പതികൾ. ഇനിയൊരു കുഞ്ഞുവാവ അവൾക്ക് വേണമെങ്കിൽ ദിവ്യ ഗർഭം ധരിക്കേണ്ടി വരുമെന്ന് ആ പാവം കുഞ്ഞിനറിയുമോ...?

യുവതിയായിരുന്നു മായ നോർത്ത് ഇന്ത്യയിലെ വലിയൊരു സാമൂഹ്യ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്നു. ഭർത്താവ് ശ്രീധർ അവിടെയുള്ള കോളേജിൽ പ്രൊഫസറും. അവർക്ക് എട്ട് വയസ്സുള്ള ഒരു മകനുമുണ്ട്. പലപല കുഞ്ഞു പ്രശ്നങ്ങൾ കാരണം ഒരിക്കലും ഒത്ത്‌പോകില്ലെന്ന് മനസ്സിലാക്കിയപ്പോൾ മായ കുട്ടിയേയും കൂട്ടി നാട്ടിലേക്കു തിരിച്ചു പോന്നു. രണ്ടു മൂന്നു മാസം പിടിച്ചു നിന്ന ശ്രീധറിന് മകനെ കാണാതെ വയ്യെന്നായപ്പോൾ ജോലിയും രാജിവെച്ചു നാട്ടിലേക്ക് മടങ്ങിവന്നു. മായ ഇപ്പോൾ മെട്രോ നഗരത്തിൽ ജോലിയും നോക്കി ഒരു കുഞ്ഞു ഫ്ലാറ്റിൽ മറ്റൊരു വനിതാ സുഹൃത്തിൻറെ കൂടെ താമസിക്കുന്നു. എല്ലാ വാരാന്ത്യത്തിലും ഭർത്താവിൻറെ വീട്ടിൽ പോയി ഒരേമുറിയിൽ രണ്ടു കട്ടിലിൽ കിടന്നുറങ്ങി തിരിച്ചു വരുമ്പോൾ കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി അവർ സ്വന്തം മകനുമുന്നിൽ, രണ്ടുപേരുടേയും കുടുംബത്തിന് മുന്നിൽ, നാട്ടുകാരുടെ മുന്നിൽ കെട്ടിയാടുന്ന വേഷം കാണുമ്പോൾ വല്ലാത്തൊരു നിസംഗത തോന്നുന്നു.

സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകളെ പത്തൊൻപതാം വയസ്സിൽ പൊന്നും പണവും കൊടുത്ത് കെട്ടിച്ചുവിടുമ്പോൾ മമ്മദ്ക്ക ഒന്നേ ആലോചിച്ചുള്ളു മകളുടെ ഭാവി. വെറും ഒരാഴ്ചത്തെ കൗതുകത്തിന് അവൾക്കൊരു കുഞ്ഞിനേയും സമ്മാനിച്ചു അവൻ കടന്നു കളഞ്ഞു. അവന് വേണ്ടത് പെണ്ണിനെയല്ല, ആണിനെയാണ്. തലാക്കും ചൊല്ലി പോയപ്പോൾ അവൻ ഡിവോഴ്സ് മാത്രം കൊടുത്തില്ല. മറ്റൊന്നും കൊണ്ടല്ല, പേരുകേട്ട തറവാടിൻറെ മാനം കളയാതിരിക്കാൻ നാട്ടുകാരുടെ മുന്നിൽ അവൻറെ ഭാര്യയും കുട്ടിയും ആയി അവർ വേണം.

മൂന്ന് വ്യത്യസ്തമായ കേസുകളിൽപ്പെട്ട ഈ കുട്ടികൾ ഭാവിയിൽ വളർന്നു വരുമ്പോൾ എന്താകും അവസ്ഥയെന്ന് ഒരിക്കൽ പോലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ.?

ഈ കുട്ടികളെ പരസ്പരം സ്നേഹിച്ചു കൊല്ലാൻ മാതാപിതാക്കൾ മത്സരിക്കുകയാണ്. ചോക്കളേറ്റും വീഡിയോ ഗെയിംസും തുടങ്ങി കുട്ടിയെ സന്തോഷിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കുകയുമില്ല. ഒടുവിൽ കുട്ടികൾ ഈ സാഹചര്യം പരമാവധി മുതലെടുത്ത് മറ്റൊരു ലോകത്തേക്കെത്തുമ്പോഴേക്കും കൈവിട്ടുപോകുന്ന ഒരു ബാല്യം തിരിച്ചു പിടിക്കാനാവാതെ വരും.

ബാല്യം നന്നാവട്ടെ....  ഒപ്പം കൗമാരവും യൗവനവും വാർദ്ധക്യവും...
Child is the father of the man .

Wednesday, 8 November 2017

സ്ത്രീ = ധനം ?

"സ്ത്രീ" ധനമാണോ സ്ത്രീധനമാണോ വലുതെന്നു ചോദ്യം പലപ്പോഴും പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നിട്ടും വിവാഹകമ്പോളത്തിൽ ലേലം വിളിയുമായി സ്ത്രീയും ധനവും തമ്മിൽ ഇപ്പോഴും മൽപ്പിടുത്തമാണ്.

രണ്ടു ജീവിത പങ്കാളികൾക്കിടയിൽ എന്താണ് ആഭരണങ്ങൾക്കും മറ്റ് ആഡംബര വസ്തുക്കൾക്കും കാര്യമെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ജീവിക്കാൻ പൈസ വേണം, പക്ഷെ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കി ഭാര്യയേയും കുഞ്ഞുങ്ങളേയും പോറ്റാൻ ഗതിയില്ലാത്തവന് സ്ത്രീധനവും കൊടുത്ത് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കുന്ന അപ്പനമ്മമാരെയാണ് പറയേണ്ടത്.

അതിലും രസകരം മറ്റൊന്നാണ്. വർഷങ്ങളോളം പ്രണയിച്ചു വീട്ടുകാരുമായി സംസാരിച്ചുറപ്പിച്ചു നടത്തുന്ന വിവാഹത്തിന് പോലും നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ബാങ്കിൽ നിന്ന് കടമെടുത്തും വസ്തു വിറ്റും കിട്ടുന്ന പൈസ കൊണ്ട് ആഭരണവും മറ്റും വാങ്ങി കെട്ടിച്ചയക്കുമ്പോൾ പെൺ മക്കൾ മാത്രമുള്ള രക്ഷിതാക്കൾ ഓർക്കുന്നുണ്ടോ ഇനി ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്ന്. അല്ല ഇങ്ങനനെയങ്ങ് പോയി ചത്തുകഴിഞ്ഞാൽ ബാങ്കുകാര് അതൊക്കെ എഴുതി തള്ളിക്കളയുമെന്നോ മറ്റോ വിചാരിക്കുന്നുണ്ടോ. കെട്ടിച്ചു വിട്ട മകൾ ഭർത്താവുമൊത്ത് അടിച്ചു പൊളിച്ചു വീടിനെക്കുറിച്ചു പോലും ഓർക്കാതിരുന്നാൽ ജപ്തിയാകും ഒടുവിൽ ഫലം.

പല പെൺകുട്ടികൾക്കും കല്യാണം കഴിഞ്ഞു പോയാൽ സ്വന്തം വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും യാതൊരു ബോധവും കരുതലും പൊതുവേ ഉണ്ടാകാറില്ല (അല്ലാത്തവരും ഉണ്ട്). രണ്ടോ മൂന്നോ പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ മൂന്നെണ്ണത്തിനേയും കെട്ടിച്ചു വിടുന്നതോട് കൂടി സത്യത്തിൽ പാപ്പരാകുന്ന അവസ്ഥയും കടങ്ങളുടെ മുകളിൽ കടമായി ഊണും ഉറക്കത്തിലും ഓരോന്ന് ആലോചിച്ച് സ്വസ്ഥതയും നഷ്ടപ്പെട്ട് മരിക്കേണ്ട അവസ്ഥ വരുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. സ്ത്രീധവും കൊടുത്ത് കെട്ടിച്ചു വിട്ട പെൺ മക്കൾ ഒരാൾ കാനഡയിലും മറ്റൊരാൾ അമേരിക്കയിലും പിന്നൊരാൾ ലണ്ടനിലും ആണെന്ന് നാട്ടുകാരോടും ബന്ധുക്കളോടും വീമ്പടിച്ചു നടക്കുമ്പോഴും വല്ലപ്പോഴും ഒരിക്കൽ സുഖമാണോ എന്നുപോലും വിളിച്ചു ചോദിക്കുന്നില്ലെന്ന് ആ പാവങ്ങൾക്കല്ലേ അറിയൂ.

സ്ത്രീധനം വാങ്ങിപ്പോയ ഏതെങ്കിലുമൊരു പെൺകുട്ടി അത് തിരിച്ചടയ്ക്കാൻ സ്വന്തം രക്ഷിതാക്കൾക്ക് പൈസ അയച്ചു കൊടുത്തിട്ടുണ്ടോ..? എത്രപേർ അതിനെക്കുറിച്ചു അന്വേഷിക്കുന്നുണ്ട്.?

ഇതിന് വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളും ഇവിടെ പറയാതിരിക്കാൻ വയ്യ.

ഒന്നുമില്ലാത്ത കുടുംബത്തിലെ പെൺകുട്ടിയെ ആരുമറിയാതെ വീട്ടിൽ കൊണ്ടുപോയി സ്വർണ്ണവും പണവും നൽകി നാട്ടുകാരുടെ മുന്നിൽ വെച്ച് താലിയും ചാർത്തി കൊണ്ടുവരുന്ന ആൺകുട്ടികളും ഉണ്ട്. സ്വന്തം ഭാര്യയുടെ കുടുംബത്തെ മൊത്തമായി ഏറ്റെടുത്ത് സ്വന്തം കുടുംബമായി കണ്ട് താഴെയുള്ള കുട്ടികളെക്കൂടി പഠിപ്പിച്ചു വലിയ നിലയിലെത്തിച്ചു മരുമകനല്ല താൻ, മകനാണ് എന്ന് കർമ്മം കൊണ്ട് തെളിയിക്കുന്ന ആൺകുട്ടികളും ഉണ്ട്. കല്യാണം കഴിഞ്ഞു പോയാലും സ്വന്തം വീടിനെയും ഭർത്താവിൻറെ വീടിനെയും വേർതിരിച്ചു കാണാതെ വളരെ തന്ത്രപൂർവ്വം മുന്നോട്ട് കൊണ്ടുപോകുന്ന തന്ത്രശാലികളായ പെൺകുട്ടികളും ധാരാളമുണ്ട്.

നാം എവിടെയാണ് അപ്പോൾ അധ:പതിച്ചു പോയിരിക്കുന്നത്. പെൺകുട്ടികൾ ബാധ്യതയാണോ. ബാല്യകാലത്ത് മാത്രം സ്നേഹവും ലാളനയും ആവോളം നൽകി വളർത്തി വലുതാക്കി കഴിഞ്ഞാൽ അവളൊരു ബാധിതയാണോ...? ബാധ്യത ഒഴിവാക്കാനാണോ മുന്നും പിന്നും ആലോചിക്കാതെ പെൺകുട്ടികളെ ഒരുത്തനെ പിടിച്ചേൽപ്പിക്കുന്നത്?

എത്ര വിപ്ലവം പറഞ്ഞു നടക്കുന്നവരും വിവാഹത്തിൻറെ കാര്യം വരുമ്പോൾ ജാതി, മതം, ജാതകം തുടങ്ങി ഓരോ മതത്തിൻറെയും വിശ്വാസപ്രമാണങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാത്രമേ ചിന്തിക്കുന്നത് കണ്ടിട്ടുള്ളൂ. എന്നിട്ട് കുറേ ന്യായീകരണവും ഉണ്ടാകും. പെൺകുട്ടിയുടെയോ ആൺകുട്ടിയുടെയോ ഇഷ്ടാനിഷ്ടങ്ങൾക്ക് പോലും പ്രസക്തിയില്ലാത്ത ഒത്തിരി വിവാഹങ്ങൾ നടക്കുന്നുണ്ട്.

അതിലും രസമാണ് വിവാഹ നിശ്ചയം അഥവാ വിവാഹത്തിന് മുമ്പ് വീട്ടുകാർ തമ്മിൽ ഔദ്യോഗികമായി പറഞ്ഞുറപ്പിക്കൽ ചടങ്ങ്. ഇത് എല്ലാ മതങ്ങളിലും ഉണ്ട്. ഈ ചടങ്ങ് നടക്കുന്നതോട് കൂടി രണ്ട് വീട്ടുകാരും ആചാരപ്രകാരം ബന്ധുക്കളായി എന്നാണ് നാട്ടുനടപ്പ്. കല്യാണം വരെയുള്ള കാലയളവ് നീണ്ട ഇടവേളയാണെങ്കിൽ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ സംസാരിക്കുകയും കാണുകയും ചെയ്യുന്നതോട് കൂടി കല്യാണത്തിന് മുൻപ് തന്നെ ജീവിതത്തിൽ ഒരിക്കലും ഒത്തുപോകില്ലെന്ന് പരസ്പരം മനസ്സിലാക്കി പിരിയാൻ തീരുമാനിച്ചാൽ പോലും അഭിമാന പ്രശ്നത്തിൻറെ പേരിൽ തറവാട്ടു മഹിമയുടെ പേരിൽ, കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി നിർബന്ധിച്ചു കെട്ടിക്കുന്ന കാഴ്ചകൾ ധാരാളം. ഒടുവിൽ സംഭവിക്കുന്നതോ. രണ്ടും രണ്ടു വഴിക്കാവുകയെന്ന തീരുമാനത്തിലേക്ക് തന്നെ. അതിൽ കുറേപ്പേരെങ്കിലും സഹിച്ചും പൊറുത്തും ജീവിക്കുന്നുമുണ്ട്. അതിന് കാരണങ്ങൾ പലതാണ്.

വീട്ടിൽ നിന്ന് കഷ്ട്പ്പെട്ടു കെട്ടിച്ചയക്കുന്ന പല പെൺകുട്ടികളും ആരോടും ഒന്നും പറയാതെ പലതും സഹിച്ചു ജീവിക്കുന്നുണ്ട്. മറ്റു ചിലർക്കിടയിൽ സംഭവിക്കുന്നത് കുട്ടികൾ എന്ന ബാധ്യതയാണ്. ഫലമോ ഭാര്യ തോന്നിയപോലെ അവരുടേതായ ലോകത്തും ഭർത്താവ് അവൻറേതായ ലോകത്തും ജീവിച്ചു ജീവിതം ഉത്സാഹഭരിതമാക്കുന്നു.

ഇതൊക്കെയും കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും ഒരു രക്ഷിതാക്കളെങ്കിലും മാറി ചിന്തിക്കുന്നുണ്ടോ? ഒരു പെൺകുട്ടിയോ ആൺകുട്ടിയോ മാറി ചിന്തിക്കുന്നുണ്ടോ...?

വീട്ടിലേക്കൊന്ന് ഫോൺ ചെയ്തു നോക്കൂ... ഒന്നന്വേഷിക്കൂ....

Friday, 3 November 2017

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്,
വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക...
മതി മറന്നാടുക, മരണം വരെ...

എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം കഴിയുമ്പോൾ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്...?

കല്യാണം കഴിയുന്നതുവരെ അച്ഛനുമമ്മയും പറഞ്ഞു പഠിപ്പിക്കുന്നത് കല്യാണം കഴിഞ്ഞാൽ നിനക്ക് എന്തും ചെയ്യാലോ, എവിടെയും പോവാലോ എന്ന്. രക്ഷിതാക്കൾക്ക് നൽകാൻ പറ്റാത്ത എന്ത് സ്വാതന്ത്ര്യമാണ് തങ്ങളുടെ മകളുടെ ജീവിതത്തിലേക്ക് കയറി വരുന്ന ഒരാൾക്ക് നൽകാൻ കഴിയുക. എന്തൊക്കെ വിപ്ലവം പറഞ്ഞു നടക്കുന്നവനും വീട്ടിൽ കയറി വരുമ്പോൾ തിന്നാൻ ഉണ്ടാക്കി കൊടുക്കാനും അലക്കി കൊടുക്കാനും കിടന്നു കൊടുക്കാനും കെട്ടിയവൾ (കെട്ടിയ) വേണം. ഒരൊറ്റ ദിവസം അവൾ തയ്യാറല്ല എന്നു പറഞ്ഞാൽ....??? 

നമ്മുടെ മുന്നിൽ കളിച്ചു ചിരിച്ചു നടക്കുന്ന പലരുടെയും ജീവിതം വളരെ ശോകമാണ്... കഷ്ടമാണ്. ഇത് പ്രായമാകുംന്തോറും പുളിച്ചു തികട്ടിയത് പോലെ പുറത്തു വന്നാലും ഛർദ്ദിക്കാനും വയ്യ, ഇറക്കാനും വയ്യാത്തൊരവസ്ഥായാണ് പലർക്കും അവരുടെ ജീവിതം.

Yes, Marriage is legal punishment...

ഇതിനിടയിൽ പലരും ജീവിക്കുന്നത് കുട്ടികൾ എന്ന സെൻറിമെൻസ്, അല്ലെങ്കിൽ ബാധ്യത അതുമല്ലെങ്കിൽ തൻറെ രക്തത്തോട് മാത്രമുള്ള അടക്കാനാവാത്ത സ്നേഹം, വാത്സല്യം ഒന്നുകൊണ്ട് മാത്രമാണ്.

ഒരുമിച്ചൊരുമുറിയിൽ രണ്ടിടത്തായി കിടക്കുന്ന ഭാര്യയും ഭർത്താവും വർഷങ്ങളോളം ആളുകളുടെ മുന്നിൽ മാതൃകാ ദമ്പതിമാരായി കഴിയുന്നത് ചില കെട്ടുപാടുകൾ കൊണ്ട് മാത്രമാണ്. സമൂഹം, ചുറ്റുപാടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, തറവാട്ട് മഹിമ, തുടങ്ങിയ നൂറ് നൂറ് കെട്ടുപാടുകൾ മുന്നിലുള്ളത് കൊണ്ടും സമൂഹമെന്ന സദാചാരിയെ പേടിയുള്ളത് കൊണ്ടുമാണ്.

ഇന്ത്യയിൽ പൊതുവെ വിവാഹമെന്നത് സെക്സ് ചെയ്യാനുള്ള ലൈസൻസ് മാത്രമാണെന്ന് തോന്നിപ്പോകും വിധമാണ് കാര്യങ്ങൾ പോകുന്നത്. തിളച്ചു നിൽക്കുന്ന പ്രായത്തിൽ തോന്നുന്ന ഒരുതരം ഇൻഫാക്ച്യുവേഷൻ എന്ന് വേണമെങ്കിൽ പറയാം. അത് ശരീരത്തോടുള്ള ആർത്തിയും കാമവെറിയുമാണ്. അത് കഴിഞ്ഞാൽ തീരും എല്ലാം. അതിനിടയിൽ സ്വന്തം ഭാര്യയായത് കൊണ്ട് മാത്രം കോണ്ടം പോലുമുപയോഗിക്കാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് പറ്റിപോകുന്നതാണ് കുഞ്ഞുങ്ങളെന്ന പ്രതിഭാസം. പകുതിയിലധികവും ഒരു കുഞ്ഞിക്കാലുകാണാൻ ആഗ്രഹമുണ്ടായിട്ടൊന്നും അല്ല ഭാര്യയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത്. മാനസികമായും ശാരീരികമായും തൃപ്തിപ്പെടൽ. പിന്നീട് ആലോചിക്കുമ്പോൾ തെറ്റായിപ്പോയി എന്ന തുറന്നു പറച്ചിലിലേക്ക് എത്തുന്ന ദുരവസ്ഥ.

ഇതിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് ജീവിതാവസാനം വരെ പരസ്പരം പ്രണയിച്ചു ജീവിക്കുന്നത്. ബാക്കി പലതും അഡ്ജസ്റ്റുമെൻറുകൾ മാത്രമാണ്.

പല വിവാഹങ്ങളും പരസ്പര ഇഷ്ടത്തോട് കൂടിയല്ല നടക്കുന്നത്. ഏറെ കാലം പ്രണയിച്ച വ്യക്തികൾ പിരിഞ്ഞു വീട്ടുകാർ കണ്ടെത്തുന്ന വ്യക്തിയെ കല്യാണവും കഴിച്ചു ജീവിക്കുമ്പോഴാണ് നിരാശ വരികയും പിന്നീട് വഴിവിട്ട ജീവിതത്തിലേക്കു നയിക്കുന്നത്.

ഒളിച്ചോട്ടം ഒരു പ്രതിഭാസമേ അല്ലാതായി കഴിഞ്ഞു. പ്രത്യേകിച്ചും കല്യാണം കഴിഞ്ഞ പെൺകുട്ടികൾ. അവിഹിത ബന്ധങ്ങൾക്ക് ന്യായീകരണങ്ങളുണ്ട്. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് തോന്നുന്ന വഴിവിട്ട ബന്ധം പോലും ഒരു പ്രശ്നമല്ലാതായി കഴിഞ്ഞു...

ഇതിനിയൊക്കെ ചോദ്യം ചെയ്യുന്നവരെ സദാചാരവാദികളെന്ന് മുദ്രകുത്തപ്പെടുകയും പുതു തലമുറയുടെ ജീവിത ശൈലിയോടുള്ള പഴയ തലമുറയുടെ വൃത്തികെട്ട മാനോഭാവമെന്നുമൊക്കെ പലരും വിശേഷിക്കുമെങ്കിലും നമ്മൾ ജീവിക്കുന്നയിടം യൂറോപ്പ്യൻ രാജ്യമൊന്നുമല്ല. ഇന്ത്യയാണ്, സർവ്വോപരി കേരളമാണ്. കുറേയധികം മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും കുടുംബമെന്ന മനോഹരമായ പക്ഷിക്കൂടിൽ പരസ്പരം സ്നേഹം പകിട്ടെടുത്ത് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടെയുള്ളത്.

കല്യാണം കഴിഞ്ഞ ഒരു യുവതി പറഞ്ഞതിങ്ങനെയാണ്, "അങ്ങനെ അഭിനയിച്ച് അഭിനയിച്ച് എപ്പോഴോ ഒരിക്കൽ എന്നെ തന്നെ എനിക്ക് നഷ്ടമാകും... എനിക്കിപ്പോൾ അങ്ങനെയേ പറയാൻ പറ്റൂ, മുമ്പായിരുന്നെങ്കിൽ ഞാനും മറ്റുള്ളവരെ പോലെ പറഞ്ഞേനെ..."

ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റും, മറ്റൊരാളുടെ തെറ്റ് വേറൊരാൾക്ക് ശരിയും ആയിരിക്കും...
അതുകൊണ്ട് തന്നെ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ആർക്കും കൃത്യമായി നിർവ്വചിക്കാൻ പറ്റില്ല...


©മോഹൻദാസ് വയലാംകുഴി

#life #lifequotes #adjustmentlife #mentalhealth #relationship #lifeisbeautiful #maritalrelationship #MohandasVayalamkuzhy

Sunday, 29 October 2017

ഭൂമിയിൽ ഞാൻ കണ്ട മാലാഖ

 Episode -15 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഇടയ്ക്കുള്ള യാത്രയ്ക്കിടയിൽ ഒരു റിഹാബിലിറ്റേഷൻ സെൻററിൽ പോകാൻ ഭാഗ്യമുണ്ടായി. ഒരു കല്യാണത്തിന് പോയ സമയത്ത് അവിടെ കൂടെയുണ്ടായിരുന്ന ഒരു ഫാദർ ഞങ്ങളെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോയതായിരുന്നു.

അവിടെയുള്ളവരൊക്കെ തന്നെ ജീവിതത്തിൻറെ ഏറ്റവും നല്ല സുവർണ്ണ നിമിഷങ്ങളിലൂടെ കടന്നു പോയി അപ്രതീക്ഷിതമായ അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് കീഴെ തളർന്നവരായിരുന്നു. ഓരോ വ്യക്തികളുടെയും കഥകൾ ഓരോ നിറമായിരുന്നു.

കൂട്ടത്തിലൊരു ചേട്ടനുണ്ടായിരുന്നു. കഴുത്തിന് കീഴെ തളർന്നിരുക്കുന്ന വളരെ ദയനീയമായ അവസ്ഥ. പക്ഷെ മുഖത്തുള്ള പ്രകാശം കണ്ടാൽ അറിയാം ജീവിതത്തെ ഇത്രയും പോസറ്റിവ് ആയി കാണുന്ന ഒരു വ്യക്തി വേറെയുണ്ടാവില്ലെന്ന്. എല്ലാവർക്കും ആരെങ്കിലുമൊക്കെ ഒരു ബൈ സ്റ്റാൻഡർ അവിടെ ഉണ്ട്. ചേട്ടൻറെ ബൈ സ്റ്റാൻഡർ ആയി അവിടെ നിൽക്കുന്നത് അവരുടെ ഭാര്യയാണ്.

അവരുടെ കഥ കേൾക്കാൻ എനിക്ക് വളരെയധികം ജിജ്ഞാസയുണ്ടായി...

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ചേട്ടൻ ഏതൊരു പ്രവാസിയെ പോലെ കല്യാണമെന്ന മോഹവുമായി നാട്ടിൽ വരികയും കല്യാണം കഴിക്കുകയും ചെയ്തു. ഹണിമൂൺ ആഘോഷിച്ചു അമ്പത്തിയഞ്ചാമത്തെ ദിവസം മനസ്സില്ലാ മനസ്സോടെ വിദേശത്തേയ്ക്ക് തിരിച്ചു പോയ ചേട്ടൻ അമ്പത്തിയെട്ടാമത്തെ ദിവസം ഒരു അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങിയെത്തി. നിർഭാഗ്യമെന്ന് പറയട്ടെ, നട്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റി അരയ്ക്ക് കീഴേയും പിന്നെ ഭാഗികമായി കഴുത്തിന് താഴേക്കും തളർന്ന് പോയി കഴിഞ്ഞിരിക്കുന്നു. കല്യാണം കഴിഞ്ഞു ഏതാനും മാസങ്ങൾ മാത്രമായ ചേച്ചിയെ താനിനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് ബോധ്യപ്പെടുത്തിയെങ്കിലും ഒഴിവാക്കി പോകാൻ അവർ തയ്യാറായില്ല. രണ്ട് മൂന്ന് വർഷത്തോളം ശരിക്കും വെറുപ്പിച്ചു കളഞ്ഞു. എന്നിട്ടും പോകില്ലെന്ന് വാശി പിടിച്ചു. ഇനിയും തന്നെ പോകാൻ പറഞ്ഞാൽ ചത്തു കളയുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് രണ്ടുപേരും ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു റീഹാബിലിറ്റേഷൻ സെൻററിൽ എത്തിയത്. ഇപ്പോൾ അവരുടെ കല്യാണം കഴിഞ്ഞു പന്ത്രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ചേട്ടൻറെ പരിചരണം കൂടാതെ റീഹാബിലിറ്റേഷൻ സെൻററിലെ മറ്റു കാര്യങ്ങൾ കൂടി ഭംഗിയായി ഒരു സങ്കടവുമില്ലാതെ ഏറ്റവും സന്തോഷവതിയായി ചെയ്യുന്നത് കാണുമ്പോൾ, അവരുടെ മുഖത്ത് തുടിക്കുന്ന ആ പ്രകാശം കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം. അവർ നൂറ് ശതമാനവും സന്തോഷവതിയാണെന്ന്.

ആ പടികളിറങ്ങുമ്പോൾ ചുറ്റും കൂടി നിന്നവർ എന്നെ നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഞാനൊന്ന് തിരിഞ്ഞു നോക്കി, കൂട്ടത്തിൽ ആ ചേച്ചിയുടെ ചുറ്റും ഒരു ദിവ്യ പ്രകാശം...

ഒരു പക്ഷെ ഭൂമിയിലേക്കിറങ്ങി വന്ന മാലാഖയായിരിക്കും അവരെന്ന് എനിക്ക് തോന്നി...!!

#angel #earth #life #lifequotes #pwd #personswithdisability #paraplegia #legparalysis

Saturday, 16 September 2017

നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണോ...? നിങ്ങൾക്ക് ആൺ/പെൺ സുഹൃത്തുക്കൾ ഉണ്ടോ...?

സുഹൃത്തുക്കളെ,

നിങ്ങൾ ഒരു സാമൂഹ്യ ജീവിയാണോ (Social Animal) ? എങ്കിൽ തീർച്ചയായും പാലിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

1. ആദ്യം മനസ്സിലാക്കേണ്ടത്, സോഷ്യൽ മീഡിയ എങ്ങനെ കൈകാര്യം ചെയ്യണം എന്നാണ്.

നിങ്ങളുടെ അച്ഛൻ/ അമ്മ/ സഹോദരങ്ങൾ/ ബന്ധുക്കൾ/ ഭാര്യ/ ഭർത്താവ്/ മക്കൾ തുടങ്ങിയ ആളുകളെ ഈ ഇടത്തിൽ വേണോ വേണ്ടയോ എന്ന് ആദ്യം തീരുമാനിക്കുക. കാരണം അവർ നിങ്ങളുടെ സുഹൃത്തല്ല. ഇനി അഥവാ അവർ ഉണ്ടെങ്കിൽ അവരെ എവിടെ നിർത്തണം എന്ന് നമ്മൾ ആദ്യം തീരുമാനിക്കുക.

സുക്കർ ബർഗ് അദ്ദേഹത്തിൻറെ ബന്ധുക്കളോട് കൂട്ടുകൂടാനല്ല ഇത്തരമൊരു പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കിയപ്പോൾ അവരോട് കൂട്ടുകൂടാൻ നെയ്തെടുത്ത ഒരു പക്ഷിക്കൂട് ഇന്ന് ലോകം മൊത്തം പടർന്ന് പന്തലിച്ചു ടാഗോറിൻറെ വിശ്വവിദ്യാലയത്തിൻറെ കവാടത്തിൽ എഴുതിവെച്ച വരികൾ പോലെ "എത്ര വിശ്വം ഭവത്വെക നീഡം" (ഇവിടെ ലോകം പക്ഷിക്കൂട് പോലെ ശോഭിക്കുന്നു).

കാലാകാലങ്ങളിൽ മാറ്റം വരുത്തി വരുത്തി നമുക്ക് ഇഷ്ടമുള്ള രീതിയിൽ കൈകാര്യം ചെയ്യുന്ന ഇടമാക്കി മാറ്റിയിട്ടുണ്ട്. താൻ പാതി ദൈവം പാതി എന്ന് പറയുന്നത് പോലെ സുക്കർബർഗിൻറെ പാതി കഴിഞ്ഞു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്.

ഇവിടെ വന്ന് ലോകത്തെ മാറ്റി മറിച്ചു കളായാമെന്നൊന്നും ചിന്തിച്ചേക്കരുത്. ഇതിനെ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് മാത്രം ചിന്തിക്കുക.

നല്ലത് ചീത്ത എന്നൊന്നുമില്ല. അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

മതം, രാഷ്ട്രീയം, വിശ്വാസം ഇതൊക്കെ പല കാലഘട്ടത്തിൽ പല രീതിയിൽ പല സ്വഭാവത്തിൽ മനുഷ്യരെ സ്വാധീനിച്ചു കൊണ്ടിക്കുമ്പോൾ അവരുടെ പേരുമാറ്റത്തിലും അത് പ്രകടമാകും.

അമിതമായ വിശ്വാസങ്ങൾ, പ്രതീക്ഷകൾ എല്ലാം മനസ്സിനെ മദിച്ചു കൊണ്ടിരിക്കും.

സദാചാരക്കാരും, നുണയന്മാരും, വായിനോക്കികളും, ദോഷൈകദൃക്കുകളും, ആങ്ങളമാരും, ജിഹാദികളും, രക്ഷാധികാരികളും, മൂട് താങ്ങികളും, എല്ലാം എല്ലാം ഉള്ള ഇടത്തിൽ കാല് കുത്തുമ്പോൾ അവനവൻ ശ്രദ്ധിക്കുക.

നിങ്ങളുടെ മൂഡ് (Feelings) മൊത്തമായി വിളമ്പേണ്ട ഇടമല്ല ഇത്തരം ഇടങ്ങൾ. എങ്കിലും പറയേണ്ടത് ഇടംവലം നോക്കാതെ വെട്ടിത്തുറന്നു പറയുകയും ചെയ്യാം.

നിങ്ങളേത് തരക്കാരായിരുന്നാലും സഭ്യതയുടെ, മാന്യതയുടെ, വിവേകത്തോടെ പെരുമാറേണ്ട ബാധ്യത ഉണ്ടെന്നുള്ളത് സ്വയം ഓർമ്മിക്കുന്നത് നല്ലത്.

ഒരാളേയും ഒറ്റയടിക്ക് വിലയിരുത്തിക്കളയരുത്. പതുക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കുക. ഒരാളുടെ പകുതിയിൽ അധികം സ്വഭാവവും അയാളുടെ ആദ്യം മുതൽ അവസാനം വരെയുള്ള എഴുത്തും ചിത്രങ്ങളും, ഷെയർ ചെയ്തിരിക്കുന്ന കാര്യങ്ങളും ഓരോ സാഹചര്യങ്ങളിൽ പ്രതികരിക്കുന്ന രീതിയുമൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകും. അവിടെയും ബുദ്ധിപരമായ കരുനീക്കം നടത്തുന്നവർ ഉണ്ടാകാം (കക്കാനറിയുന്നവൻ നിക്കാൻ പഠിക്കണം).

സെൽഫ് പ്രമോഷനും ബിസിനസ് പ്രമോഷനും നടത്താൻ പറ്റിയൊരു ഇടമാണ് ഇതെന്ന് കൂടി മനസ്സിലാക്കുക. ഒപ്പം ചില നല്ല കാര്യങ്ങളും കൂടി നടക്കുന്നുവെന്നത് പറയാതിരിക്കാനാവില്ല.

ഇച്ചിരി ധൈര്യവും, ചങ്കുറ്റവും സ്പോർട്സ് മാൻ സ്പിരിറ്റും ഉണ്ടേൽ, വരും വരായ്കകളെ മുന്നിൽ കണ്ട് സ്വയം പ്രതിരോധം തീർക്കാൻ കഴിവുള്ള ആർക്കും ഇവിടെ നിലനിൽക്കാനും ആർമ്മാദിക്കാനും കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.

2. വീട്ടുകാരെ, നാട്ടുകാരെ, ബന്ധുക്കളെ, സുഹൃത്തുക്കളെ എങ്ങനെ കൈകാര്യം ചെയ്യണം...?

എവിടെയും നിങ്ങളുടെ വ്യക്തമായ നിലപാടുകൾ കൃത്യതയോടെ അവതരിപ്പിക്കുകയും കമ്മ്യൂണിക്കേഷൻ മിസ്റ്റെക്ക് പരമാവധി കുറച്ചു പറയുന്നത് വ്യക്തതയോടെ മുഖത്ത് നോക്കി പറയുക.

ബ്ലോക്ക് ചെയ്യേണ്ടവരെ ബ്ലോക്ക് ചെയ്യുക. ചില ബന്ധങ്ങൾക്ക് കൃത്യമായ പരിധി നിർണയിക്കുക. ബന്ധങ്ങൾ ബന്ധനങ്ങളാവാതെ അതാത് സമയത്ത് തുറന്നു പറയുക.

അനാവശ്യ സമയത്തും, അസമയത്തും നിങ്ങളുടെ ഇടത്തിൽ കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കുക. താത്പര്യമില്ലെങ്കിൽ ഒഴിവാക്കുക.

പരമാവധി നേരിട്ടോ, സുഹൃത്തുക്കൾ മുഖേനയോ അറിയുന്നവരെ മാത്രം സുഹൃത്തുക്കളാക്കുക.

NB : നിങ്ങളുടെ അച്ഛൻ/ അമ്മ/ മക്കൾ/ ഭാര്യ/ ഭർത്താവ്/ ബന്ധുക്കൾ നിങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും നിങ്ങളിടുന്ന സ്റ്റാറ്റസിന് "പൊളിച്ചു മുത്തേ" എന്ന് കമന്റിടും എന്നുറപ്പുണ്ടെങ്കിൽ ധൈര്യപൂർവ്വം അവരെ നിലനിർത്തിക്കോളൂ, നിങ്ങളുടെ തള്ളലുകൾ നിർബാധം തുടർന്നോളൂ.

എന്ന്
ഒപ്പ്
മോഹൻദാസ് വയലാംകുഴി

#socialmedia #life #relationship #socialmedialife #usageofsocialmedia #facebook #instagram #linkedin

Wednesday, 13 September 2017

കോൺട്രാക്റ്റ് പ്രണയം

 Episode -14 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

കരാർ പ്രകാരം  ആറ് മാസത്തേക്കും ഒരു വർഷത്തേക്കും പ്രണയിക്കുന്നവരെ ആർക്കെങ്കിലും പരിചയമുണ്ടോ ??

ഞാൻ രണ്ടാം വർഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് ക്ളാസ്സിലുള്ള ഒരു പെൺകുട്ടി അടുത്ത കോളേജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഒരുത്തനുമായി പ്രണയത്തിലാകുന്നത്. ഞങ്ങൾ ചോദിച്ചപ്പോൾ ഇതൊരു കോൺട്രാക്റ്റ്‌ പ്രണയമാണെന്നും 6 മാസം കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിശ്വാസമായില്ല. മാത്രമല്ല അവർ തമ്മിൽ ഒരിക്കലും പിരിയില്ലെന്ന് മാത്രമല്ല കല്യാണം കഴിക്കുമെന്നുവരെ ഞങ്ങൾ ബെറ്റ് വച്ചു.

കൃത്യമായി ഗിഫ്റ്റുകൾ കൈമാറുകയും ഐസ്ക്രീം പാർലറിലും ഫാൻസി ഷോപ്പിലും കയറി സാധനങ്ങൾ വാങ്ങിച്ചു കൂട്ടുകയും ബൈക്കിൽ കറങ്ങുകയും ആഴ്ചാവസാനം എങ്ങോട്ടെങ്കിലും കറങ്ങാൻ പോയി ഭാര്യാ ഭർത്താക്കൻമാരെ പോലെ ഒരുമിച്ചു താമസിക്കുകയും പതിവായപ്പോൾ ഞങ്ങൾ അവളെ വിലക്കി. ഇത് മെട്രോ സിറ്റിയൊന്നുമല്ല, വെറും സാധാരണക്കാർ ജീവിക്കുന്ന സ്ഥലമാണ്, കല്യാണം കഴിക്കുന്നുവെങ്കിൽ കുഴപ്പമില്ല, അല്ലെങ്കിൽ ജീവിതം തന്നെ നശിച്ചു പോകുമെന്ന്.

ഒന്നും ചെവികൊണ്ടില്ല.

കൃത്യം ആറ് മാസം ആയപ്പോൾ ഞങ്ങൾ ഫ്രണ്ട്സിനെയൊക്കെ ഒരു ഹോട്ടലിൽ വിളിച്ച് രണ്ടുപേരും പാർട്ടി തന്നു. ആ നിമിഷത്തിലും ഞങ്ങൾ കരുതിയത് ഇവർക്ക് ഒരിക്കലും പിരിയാനാവില്ല എന്ന് തന്നെയാണ്. പക്ഷെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഇരുവരും കൈകൊടുത്ത് കെട്ടിപ്പിടിച്ചു അവസാന ചുംബനവും നൽകി പിരിഞ്ഞു. എങ്കിലും ഞങ്ങളെല്ലാം കരുതിയത് അവർ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞാൽ വീണ്ടും ഒന്നിക്കുമെന്ന്. പക്ഷെ ഉണ്ടായില്ല, അവളുടെ പിന്നീടുള്ള പെരുമാറ്റത്തിലോ സ്വഭാവത്തിലോ സംസാരത്തിലോ യാതൊരു ഭാവമാറ്റവും ഉണ്ടായില്ലെന്ന് മാത്രമല്ല ബിരുദം നല്ലനിലയിൽ പാസ്സായി ബിരുദാനന്തര ബിരുദത്തിന് ചേരുകയും അതും കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത് കുട്ടിയൊക്കെയായി സന്തോഷത്തോടെ കഴിയുകയും ചെയ്യുന്നുണ്ട്...

ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരും കണ്ടുമുട്ടാറുണ്ട്. ഇടയ്ക്ക് അവളെയൊന്നു ദേഷ്യം പിടിപ്പിക്കാൻ നമ്മൾ പഴയ കാര്യങ്ങളൊക്കെ പറഞ്ഞാലും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നോക്കി അവളും കൂടെ ചിരിക്കും.

പെണ്ണ് വല്ലാത്തൊരു സംഭവമാണെന്ന് തോന്നാറുള്ളത് പലപ്പോഴും അവളെക്കുറിച്ചോർക്കുമ്പോഴാണ്.

എത്ര സുഖ സുന്ദരമായാണ് അവരിങ്ങനെ പരകായ പ്രവേശം നടത്തുന്നത്. ഇവിടെ ഒരു കാര്യത്തിൽ ഞങ്ങളെല്ലാം അവളോട്‌ യോജിക്കുന്നു. അവളവനെ കൃത്യമായും കാലാവധി വച്ചാണ് പ്രണയിച്ചതും അതു കഴിഞ്ഞ് പിരിഞ്ഞതും.

ഇതിനേക്കാൾ വലിയ കാമുകീ കാമുകന്മാരെ കണ്ടിട്ടുണ്ട്. ഒരിക്കലും പിരിയില്ല. പിരിയേണ്ടി വന്നാൽ അത് രണ്ടുപേരുടെയും മരണം കൊണ്ടായിരിക്കും എന്നൊക്കെ പറഞ്ഞ് ഹൃദയവും മനസ്സും ശരീരവും പങ്കിട്ടെടുത്ത് ഒടുവിൽ പരസ്പരം പറ്റിച്ചു പോകുന്നവരെ കണ്ടിട്ടുണ്ട്.

ഈ കഥയൊക്കെ പറഞ്ഞപ്പോഴാണ് ചാലക്കുടിക്കാരി ഫിദയ്ക്ക് ഒരു ആഗ്രഹം. ഒരു ആറ് മാസത്തേയ്ക്ക് പ്രണയിച്ചാലോന്ന്. ഞങ്ങൾ പ്രണയം തുടങ്ങി. പക്ഷെ ആ സമയത്ത് നല്ല തിരക്കിലും യാത്രയിലുമായതുകൊണ്ട് പ്രണയിക്കാൻ സമയം കിട്ടിയില്ല. ആറു മാസത്തിനിടയിൽ വിളിച്ചത് തന്നെ മൂന്നോ നാലോ പ്രാവശ്യം. കാലാവധി കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും പഴയ പോലെ സുഹൃത്തുക്കളായി. ഇന്നും അത് നിർബാധം തുടരുന്നു.

തമ്മിൽ ഭേദം തൊമ്മനല്ലെ...!!!

#contractromance #contractrelationship #relationship #pranayam #life #6month #lifequotes Romance

ഹരിയാനക്കാരി ഗീതാഞ്ജലി റാട്ടി

 Episode -13 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

കൊച്ചിയിൽ നിന്ന് ട്രെയിൻ കയറുമ്പോൾ കൂട്ടിനാരുമുണ്ടായിരുന്നില്ല. തൃശ്ശൂർ എത്തിയപ്പോൾ ചപ്പാത്തി വാങ്ങി കഴിച്ചു കിടന്നു.

രാവിലെ എഴുന്നേറ്റപ്പോഴാണ് മനസ്സിലായത് ആ ബോഗിയിലുള്ള പകുതി യാത്രക്കാരും ഡൽഹി ജാമിയ മിലിയ ഇസ്ളാമിയ യൂണിവേഴ്സിറ്റിയിലെ Msc കെമിസ്ട്രി സ്റ്റുഡന്റസ് ആണെന്ന്.

മലയാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. രാവിലെ നല്ല തണുപ്പ്. മഡ്ഗാവ് സ്റ്റേഷനിൽ ഇറങ്ങി നല്ലൊരു മസാല ചായ വാങ്ങി കുടിച്ചു വീണ്ടും സീറ്റിൽ വന്നിരുന്നു. കൂട്ടിന് ഗുലാംനബിയുടെ ഗസലും ഫൈസൽ ബ്രോയുടെ പൂമരവും...

ഇടയ്ക്ക് ഓഷോയുടെ ഫലിതങ്ങളും സി.വി.ബാലകൃഷ്ണന്റെ അവനവൻറെ ആനന്ദം കണ്ടെത്താനുള്ള വഴികളും. ഇടയ്ക്ക് ഒരു പ്രൊഫസർ വന്ന് കമ്പനി തന്നതൊഴിച്ചാൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അങ്ങനെ ആ ദിവസവും പോയി കിട്ടി.

സാധാരണ എവിടെയും ഇടിച്ചു കയറി സംസാരിക്കുന്ന എനിക്ക് വണ്ടി കയറുമ്പോൾ തന്നെ രേഷൂൻറെ ഇൻസ്ട്രക്ഷൻ ഉണ്ടായിരുന്നു. ഓരോ പുതിയ വള്ളിക്കെട്ടിനെയെടുത്തു തലയിൽ വെച്ച് കൊണ്ട് ഇങ്ങോട്ട് കയറി വരണ്ടാന്ന്. നോക്കീം കണ്ടും പോകണമെന്നൊക്കെ. ഈ പെങ്ങമ്മാരെ കൊണ്ട് തോറ്റു.

രാവിലെ എഴുന്നേറ്റ് ഫെയ്‌സ്ബുക്കിലും വാട്ട്സ് ആപ്പിലും കുത്തിക്കളിച്ചോണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത കുപ്പയിൽ നിന്നും ഒരു പെൺകുട്ടി പുഞ്ചിരിച്ചു കൊണ്ട് എൻറെയടുത്തു വന്നിരുന്നത്. പതുക്കെ പരിചയപ്പെട്ടു.

ഹരിയാനയിലെ ജാട്ട് വിഭാഗത്തിൽ പെട്ട ഗീതാഞ്ജലി റാട്ടി എന്ന പെൺകുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവെച്ചപ്പോൾ കുറെയേറെ സാമ്യതകളുണ്ടായിരുന്നു.
അച്ഛൻ അമ്മ ചേട്ടൻ അനിയൻ എന്നിവരടങ്ങുന്ന അവളുടെ കുടുംബം അവിടത്തെ വലിയൊരു ജന്മി കുടുംബമാണ്. പക്ഷെ ജീവിതത്തിൻറെ ആ പളപളപ്പിലൊന്നും താത്പര്യമില്ലാതെ ഡൽഹിയിൽ ചെറിയൊരു ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുമ്പോഴാണ് Msc കെമിസ്ട്രി ചെയ്യാൻ തോന്നി ജാമിയ മിലിയ ഇസ്ളാമിയ യൂണിവേഴ്സിറ്റിയിൽ വീണ്ടും ചേർന്നത്. ഏപ്രിലിൽ ക്ലാസ്സ് കഴിയും. Phd ചെയ്യണം, യാത്ര ചെയ്യണം, സോഷ്യൽ വർക്ക് ചെയ്യണമെന്നൊക്കെയുള്ള നിറയെ ആഗ്രഹങ്ങളുമായി നടക്കുന്ന മുഖത്ത് സദാസമയവും പുഞ്ചിരിയുമായി എല്ലാവർക്കുമിടയിൽ പറന്നു നടക്കുന്ന മലയാളിയെ പോലെ തോന്നിക്കുന്ന ഹരിയാനക്കാരി.

മൂന്ന് മണിക്ക് നിസാമുദ്ദീൻ സ്റ്റേഷനിൽ ഇറങ്ങാൻ വേണ്ടി വാതിലിൽ നിൽക്കുമ്പോൾ അവൾ ഫോൺ വാങ്ങി ഫെയ്‌സ്ബുക്കിൽ റിക്വസ്റ്റ് അയച്ചു, ഫോൺ നമ്പറും സേവ് ചെയ്തു തന്നു. പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.

രാത്രി ഗീതാഞ്ജലിയുടെ മെസ്സേജ് വന്നു. നാളെ രാമകൃഷ്ണ ആശ്രമത്തിൽ കാണാമെന്ന് പറഞ്ഞു. ഞങ്ങൾ അന്ന് കുറേ കറങ്ങി, കുറെയേറെ മനസ്സ് തുറന്നു.

ഞാനുറങ്ങി. വീണ്ടും കണ്ടുമുട്ടുമോ എന്നൊന്നും അറിയില്ല. ഡൽഹിയിലേക്കുള്ള എൻറെ യാത്രകളും ഇനി ഉണ്ടാകുമോ എന്ന് ഉറപ്പുമില്ല. എന്തായാലും ഞങ്ങളുടെ സുഹൃത് ബന്ധം വളരെ സുഖകരമായി പോകുന്നു.

ഇന്നലെയും വിളിക്കുമ്പോൾ അവൾ കൊച്ചിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു...

#haryana #geethanjalirathi

Monday, 11 September 2017

ഈശ്വരൻ സാക്ഷി

 Episode -12 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

ഒരു അക്കൗണ്ടിങ്ങ് സ്ഥാപനത്തിലേക്ക് താൽക്കാലികമായി മാർക്കറ്റിങ്ങ് ചെയ്യുന്ന ജോലിയിലുണ്ടായിരുന്നു. നാലാമത്തെ നിലയിലുള്ള സ്ഥാപനത്തിലേക്ക് എന്നും പടികൾ കയറി വേണം മുകളിലെത്താൻ. മൂന്നാമത്തെ ഫ്ലോറിൽ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സാധനയും സാക്ഷിയും ജോലി ചെയ്യുന്നത്. സാക്ഷി ഇപ്പോഴും റിസപ്‌ഷനിൽ ഇരിക്കുന്നത് കൊണ്ട് മുകളിലേക്ക് കയറി ചെല്ലുമ്പോൾ അവളെ നോക്കി ചിരിക്കുക പതിവായിരുന്നു. തിരിച്ചും ഒരു നനുത്ത പുഞ്ചിരി എറിയും. ഇങ്ങനെ നോട്ടവും ചിരിയും കൊണ്ട് മാത്രം മാസങ്ങൾ കടന്നു പോയി.

ഓണത്തിന് മുന്നോടിയായി നമ്മുടെ സ്ഥാപനത്തിൽ ഒരു പൂക്കളമത്സരവും മറ്റു കലാപരിപാടികളും വെച്ചു. അത് കാണാനായി ആ ബിൽഡിങ്ങിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. ആ ദിവസം അവർ വരികയും ചെയ്തു. അന്നവരുമായി സംസാരിച്ചു. പരിചയപ്പെട്ടു. പായസവും കഴിച്ചു അവർ പോവുകയും ചെയ്തു.

അന്നുച്ചയ്ക്ക് ഞാൻ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ മൂന്നാം നിലയുടെ സ്റ്റെപ്പിനടുത്ത് രണ്ടുപേരും നിൽക്കുന്നുണ്ടായിരുന്നു. രാവിലെ കണ്ടു സംസാരിച്ച ബലത്തിൽ ഫുഡ് കഴിച്ചോന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി കേട്ടപ്പോൾ ഞാൻ ഫുഡ് കഴിക്കാൻ പോകുന്നെന്നും, വരുന്നുണ്ടെങ്കിൽ ഒരുമിച്ചു പോകാമെന്നും പറഞ്ഞപ്പോൾ അവരൊന്ന് ആലോചിച്ചു. പക്ഷെ ആലോചിച്ചു നിൽക്കാതെ പെട്ടന്ന് വരൂ എന്ന് പറഞ്ഞപ്പോൾ സാധന വേഗം ഇറങ്ങി വന്നു. ഒപ്പം സാക്ഷിയും.

ഉഡുപ്പി ഹോട്ടലിലേക്ക് പോയി ഭക്ഷണം കഴിച്ചു. എന്നെ പോലെ തന്നെ അവരും സസ്യാഹാരികൾ ആയിരുന്നു.
ബില്ല് കൊടുക്കാനുള്ള ശ്രമത്തിലും അവർ തന്നെ വിജയിച്ചു. തിരിച്ചു വന്നു മൂന്നാം നിലയിലേക്കെത്തിയപ്പോൾ ഞാൻ ഒരു നിമിഷം നിന്നു. ഓണത്തിനെന്താ പരിപാടി എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കന്നടക്കാർ ഓണം ആഘോഷിക്കാറില്ലെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ ഓണത്തിൻറെ അന്ന് വീട്ടിലോട്ട് വായോ എന്ന് പറഞ്ഞപ്പോൾ കുറെ നേരം ആലോചിച്ചു. വീണ്ടും ആലോചനയ്ക്കിട നൽകാതെ ഞാൻ ഒരു കുഞ്ഞു പേപ്പറെടുത്ത് അഡ്രസ്സും ലാൻഡ് ഫോൺ നമ്പറും കുറിച്ച് കൊടുത്തു. ഒപ്പം തീയതിയും വരേണ്ട സമയവും. വന്നില്ലെങ്കിൽ ഇനി നമ്മൾ തമ്മിൽ കൂട്ടില്ലെന്നും പറഞ്ഞു ഞാൻ നാലാം നിലയിലേക്ക് കയറിപ്പോയി.

ഓണത്തിൻറെ അന്ന് ഒരു പത്ത് മാണിയോട് കൂടി ലാൻഡ് ഫോണിലേക്കൊരു കോൾ വന്നു. സാധനയായിരുന്നു. ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുക്കാൻ വിളിച്ചതായിരുന്നു.

ഏതാനും മണിക്കൂറിനുള്ളിൽ വീട്ടിനു മുന്നിൽ ഒരു ഓട്ടോ എത്തിച്ചേർന്നു. ഏട്ടനായിരുന്നു വീട്ടിനുള്ളിലേക്ക് അവരെ സ്വീകരിച്ചു കൊണ്ട് വന്നത്.

എനിക്കാകെ എക്സൈറ്റ്മെന്റായിരുന്നു. സാധനയും ഏട്ടനും പെട്ടന്ന് തന്നെ കമ്പനിയായി. അവരെന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ സാക്ഷി എന്റെയടുത്തേക്ക് വന്നു. ഞങ്ങൾ വെളിയിലൊക്കെ ഇറങ്ങി പറമ്പിലൂടെ നടന്നു. ഇടയ്ക്ക് തമ്മിൽ നോക്കി ചിരിക്കുമെന്നല്ലാതെ സംഭാഷണങ്ങൾ അധികമുണ്ടായില്ല. ഊണ് റെഡി ആയപ്പോൾ 'അമ്മ വിളിച്ചു. ഞങ്ങളെല്ലാം മേശയ്ക്ക് ചുറ്റുമിരുന്ന് ഊണ് കഴിച്ചു. അപ്പോഴും സാക്ഷി എനിക്കൊപ്പമായിരുന്നു.

ഊണും കഴിഞ്ഞു കുറച്ചിരുന്ന് അവർ പോയി.

രണ്ടു ദിവസം കഴിഞ്ഞായിരുന്നു ഞാൻ വീണ്ടും ഓഫീസിൽ ചെല്ലുന്നത്. മൂന്നാമത്തെ നിലയിൽ എത്തിയപ്പോൾ നിന്നു. സാധന ഓടി വന്നു. കുറേ നന്ദിയൊക്കെ പറഞ്ഞു. സാക്ഷിയെ കണ്ടില്ലെന്ന് പറഞ്ഞപ്പോൾ അവൾ ലീവാണെന്ന് പറഞ്ഞു. ഞാൻ പതുക്കെ കയറിപ്പോയി. വേഗം തന്നെ തിരിച്ചിറങ്ങി വീട്ടിലേക്ക് പോയി.

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ എനിക്കൊരു കോൾ വന്നു. സാധനയായിരുന്നു മറുതലയ്ക്കൽ. തിരക്കില്ലെങ്കിൽ ഒന്ന് ഫുഡ് കോർട്ട് വരെ വരാമോ എന്ന് ചോദിച്ചു.

ഫുഡ് കോർട്ടിനുള്ളിൽ കയറി പോകുമ്പോൾ അവളാകെ വിളറിയ മുഖവുമായി ഇരിക്കുകയായിരുന്നു.

അവൾ ബാഗ്ലൂരിലേക്ക് ജോലി കിട്ടി പോകുകയാണെന്നും സാക്ഷിയെ എന്നെ ഏൽപ്പിക്കുന്നെന്നും പറയാനായിരുന്നു അവൾ വിളിച്ചത്. ഓണം കഴിഞ്ഞ അന്ന് മുതൽ ഈ കാര്യം പറഞ്ഞത് കൊണ്ടാണ് സാക്ഷി ലീവെടുത്തിരിക്കുന്നത്.

ഞങ്ങൾ ഒരു ചായ കുടിച്ചിറങ്ങി.

രണ്ടു ദിവസങ്ങൾക്കുള്ളിൽ സാക്ഷി ജോലിക്ക് കയറി. മിക്കപ്പോഴും ഞാൻ കയറി പോകുമ്പോൾ അവളോടി വരും. കുറേനേരം സംസാരിച്ചു മാത്രമേ ഞങ്ങൾ പിരിയാറുള്ളൂ.

ഒരു മാസം കഴിഞ്ഞപ്പോൾ എന്നോടവൾ പറഞ്ഞു. ഒരു ബെറ്റർ ജോബ് അന്വേഷിക്കാൻ. ഞാനും പറഞ്ഞു, എനിക്കും മാറണമെന്നുണ്ടെന്ന്.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ എൻറെ ഒരു സുഹൃത്ത് വിളിച്ചു ഒരു അഡ്മിൻ ജോലിയുണ്ട്. ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. ഞാനവളെ ഇന്റർവ്യൂന് ചെല്ലാൻ പറഞ്ഞു. അവൾ പോയി വന്നതിന് ശേഷം മാനേജർ എന്നെ വിളിച്ചു. അവളൊത്തിരി ചെറുതായി പോയി എന്ന്. ഞാൻ നിർബന്ധിച്ചപ്പോൾ കുറച്ചു മാസം നോക്കും, ഇല്ലെങ്കിൽ ഒഴിവാക്കുമെന്ന് പറഞ്ഞു എടുത്തു. അവൾ ജോലിക്ക് കയറുന്ന ദിവസം എനിക്കൊരു ബാങ്കിൽ ജോലി കിട്ടി ഞാനും കയറിയിരുന്നു.

അവളുടെ കമ്പനിയിലെ ബാങ്ക് അക്കൗണ്ട് ഞങ്ങളുടെ ബാങ്കിൽ ആയിരുന്നു. പൈസ അടക്കാൻ അവൾ തന്നെയായിരുന്നു ബാങ്കിലേക്ക് വന്നിരുന്നതും. വന്നാൽ എൻറെ കാബിനിൽ വന്നിരിക്കും.

വൈകുന്നേരം എല്ലാ ദിവസവും എനിക്കൊരു കോൾ വരും അപ്പോൾ ഞാൻ ബാങ്കിന് വെളിയിലിറങ്ങി നിൽക്കും. അവൾ ബസ്സിൽ പോകുമ്പോൾ കൈകാണിച്ചു കടന്ന് പോയാൽ ഞാൻ വീണ്ടും അകത്ത് കയറും. ഒരു ദിവസം കൈകാണിച്ചു തിരിയുമ്പോൾ മാനേജരും മറ്റു സ്റ്റാഫും എല്ലാം എൻറെ പുറകിൽ നിൽക്കുകയായിരുന്നു.

പിറ്റേന്ന് അവൾ ബാങ്കിൽ വരുമ്പോൾ എല്ലാവരും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങളെ പറ്റിയുള്ള ഗോസിപ്പുകൾ ഇറങ്ങിത്തുടങ്ങി. അവളും ഞാനും ഒരുപോലെ അസ്വസ്ഥനായിരുന്നു.

ഒരു ഞായറാഴ്ച ദിവസം ഞാൻ കൂട്ടുകാരുടെ കൂടെ നിൽക്കുമ്പോഴാണ് അവളുടെ വിളി വന്നത്. 'അമ്മ അവളെ മുറിയിൽ പൂട്ടിയിട്ടിട്ടുണ്ട്. കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ സമ്മതിക്കുന്നില്ലെന്നും ഇനി ഈ വീട്ടിൽ നിൽക്കാൻ പറ്റില്ല. ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരട്ടെ എന്നും ചോദിച്ചു. എനിക്ക് ഇതൊക്കെ കേട്ടപ്പോഴേ പകുതി ബോധം പോയി.

എൻറെ രണ്ടു സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോൾ അവളെ ടൗണിലേക്ക് വരാൻ പറയൂ എന്ന് പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് പോയി. ഞാനും അവളും കൂടി ഒരു ഐസ്ക്രീം പാർലറിൽ കയറി സംസാരിച്ചിരുന്നു. ഞാനവളോട് പറഞ്ഞു. ഞാനും നീയും രണ്ടു കുടുംബത്തിൽപ്പെട്ടവരാണ്, നീ എൻറെ വീട്ടിൽ എന്ത് പറഞ്ഞിട്ടാണ് വന്നു താമസിക്കുന്നത്. പോലീസ് കേസായാൽ ആകെ നാണക്കേടാകും. കേസായാൽ രണ്ടുപേരുടെയും നല്ലൊരു ജോലിയാണ് നഷ്ടപ്പെടുമെന്നും, ഭാവിയും അവതാളത്തിൽ ആകുമെന്നൊക്കെ പറഞ്ഞു കൺവിൻസ്‌ ചെയ്ത് ബാഗുമായി വന്നവളെ തിരിച്ചയച്ചു.

പിന്നീട് ബാങ്കിലേക്ക് വന്നാലും അധികം മൈൻഡ് ചെയ്യാതായി. ഇടയ്ക്ക് വേറെ ആൾക്കാരെ അയക്കാൻ തുടങ്ങി. അതിനിടയിലാണ് ഞാൻ ആക്സിഡന്റായി ഹോസ്പിറ്റലിൽ കിടക്കുന്നത്.

ഇടയ്ക്കൊരു ദിവസം നോക്കാൻ വരുന്നെന്ന് പറഞ്ഞു വിളിച്ചു. ഞാൻ ആരെയും കടത്തി വിടെണ്ടന്നു മുൻകൂട്ടി പറഞ്ഞതിനാൽ ആർക്കും തന്നെ അവിടേക്ക് പ്രവേശനമുണ്ടായില്ല.

ഒരാഴ്ചക്കുള്ളിൽ മറ്റൊരു ബാങ്കിൽ ജോലി കിട്ടി ഞാൻ ബാഗ്ളൂരിലേക്ക് ട്രെയിനിങ്ങിന് പോയി. പിന്നീട് വിളിച്ചിട്ടുമില്ല കണ്ടിട്ടുമില്ല.

വർഷങ്ങൾക്ക് ശേഷം ഞാനൊരു അമ്പലത്തിൽ പോയി പ്രദക്ഷിണം വെച്ചു വരുമ്പോൾ അവൾ നടന്നു വരുന്നത് കണ്ടു. എന്നെ കണ്ടില്ല. എത്രയും പെട്ടന്ന് ഞാനവിടെ നിന്നും സ്ഥലം കാലിയാക്കിയിരുന്നു.

Episode -13, Tomorrow 10 PM, Please stay tune here.



Sunday, 10 September 2017

ഒളിച്ചോട്ടം...

Episode -11 (ഞാൻ കണ്ട 50 പെണ്ണുങ്ങൾ)

കൊച്ചിയിലെ പഴയ വാസത്തിനിടയിൽ ഒരു രാത്രി എൻറെ സുഹൃത്തിൻറെ കൂടെ വന്നതായിരുന്നു അവൾ. ഒരു പാവം മലയോര ഗ്രാമക്കാരി. തമിഴ് നാട്ടിലെ ചിദംബരത്ത് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അവൾ തിരിച്ചു പോയപ്പോൾ മുതൽ വിളിക്കുകയും മെസ്സേജയക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു. വളരെ നല്ലൊരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

ആയിടയ്ക്കാണ് അവളെന്നും സംസാരിക്കുന്നതിനിടയിൽ പറഞ്ഞത്, എന്ത് കഴിച്ചാലും ഛർദ്ദിക്കുമെന്ന്. ഗ്യാസിൻറെ അസുഖമാണെന്ന് സ്വയം വിശ്വസിച്ചു ഏതാണ്ട് രണ്ടു വർഷത്തോളമായി ഗ്യാസിൻറെ മരുന്നും കഴിക്കുന്നുണ്ട്. ഏറെ മൂർച്ഛിച്ചിരിക്കുന്ന സമയത്ത് ഒരു ദിവസം സഹിക്കാൻ വയ്യാതെ ഫോണിൽ കൂടി കരയുന്നത് കേട്ട് സഹതാപം തോന്നിയപ്പോൾ ഏറ്റവും അടുത്ത് തന്നെ നല്ലൊരു ആശുപത്രിയിൽ പോയി സ്കാൻ ചെയ്യാൻ നിർബന്ധിച്ചു. അതിനിടയിൽ പരീക്ഷയും മറ്റു പ്രശ്നങ്ങളും കാരണം നീണ്ടു നീണ്ട് പോയപ്പോഴും ഞാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ ഒരുമിച്ചു പഠിക്കുന്ന കൂട്ടുകാരെ കൂട്ടി പോണ്ടിച്ചേരിയിലെ നല്ലൊരു ആശുപത്രിയിൽ പോയി സ്കാൻ ചെയ്തപ്പോൾ സംഗതി ഇച്ചിരി കോമ്പ്ലിക്കേറ്റഡ് ആയിരുന്നു. സമായാസമയത്ത് ഭക്ഷണം കഴിക്കാത്തതും അതിനെ വേണ്ട സമയത്ത് ശ്രദ്ധിക്കാതിരുന്നതും കാരണം കുടൽ ചുരുങ്ങി വയറ് മുകളിലോട്ട് കയറിയിരിക്കുകയായിരുന്നു. ഒടുവിൽ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ വിധിച്ചു. അപ്പോഴും വീട്ടുകാരോ മറ്റു സുഹൃത്തുക്കളോ അന്വേഷിക്കാനോ അവിടെ വരെ ഒന്ന് പോയി കാണാനോ സമയം കണ്ടെത്തിയില്ലെന്നു മാത്രമല്ല, ഇത്രേം വലിയൊരു പ്രശ്നത്തിലാണ് അവളവിടെ കഴിയുന്നതെന്ന ബോധം പോലും ഇല്ലാതെയാണ് അവരുടെ പെരുമാറ്റമെന്ന് അവൾ പലപ്പോഴായി പറഞ്ഞിട്ട് അറിയാം.

ഇടയ്ക്കിടെ വിളിക്കുമ്പോൾ എന്നോട് അങ്ങോട്ട് പോകാൻ പറയുമായിരുന്നു. പക്ഷെ, അപ്പോഴെല്ലാം ഞാൻ പലകാരണങ്ങൾ കൊണ്ടും പോകുന്നത് മാറ്റിവെച്ചുകൊണ്ടിരുന്നു. കൂടാതെ എന്നെക്കാളും ഇഷ്ടമുള്ള അവളുടെ കൂട്ടുകാരി അറിഞ്ഞാലുള്ള പ്രശ്നവും ഒരു കാരണമായിരുന്നു.

ദിവസമങ്ങനെ കടന്നുപോയി. പലപ്പോഴും വിളിക്കുമ്പോൾ കരയുകയോ സംസാരിക്കാൻ പറ്റാതെ ഫോൺ കട്ട് ചെയ്യുന്ന അവസ്ഥയോ വന്നപ്പോൾ ഞാൻ തീരുമാനിച്ചു. ഒറ്റയ്ക്കാണെങ്കിലും ഒന്ന് പോയി വരാം. അവളും പറഞ്ഞു, നീയെങ്കിലും സ്നേഹമുണ്ടെങ്കിൽ വായോ...

അങ്ങനെയാണ് ഒരു ക്രിസ്മസ്സിൻറെ രണ്ട് ദിവസം മുമ്പേ ആരോടും പറയാതെ നേരെ ട്രെയിനിൽ സേലത്ത് പോയി അവിടെ നിന്ന് ബസ്സിൽ ചിദംബരത്തേയ്ക്ക് പോയത്. രാത്രി ഏറെ വൈകി ചിദംബരത്തെത്തി റൂം എടുത്ത് താമസിച്ചു. പിറ്റേന്ന് അവൾക്ക് പരീക്ഷയുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞു അവൾ ക്ലാസ്സിലുള്ള പയ്യനുമായെത്തി. ഞങ്ങൾ നേരെ പിച്ചവാരം കണ്ടൽ കായലിൽ പോയി ബോട്ടിൽ കറങ്ങിയടിച്ചു തിരിച്ചു വന്നു.

അന്നും ഉച്ചയ്ക്കും വൈകുന്നേരവും അവൾ  കഴിച്ചപ്പോൾ മൊത്തം ഛർദ്ദിച്ചു വശം കെട്ടു. രാത്രി അവൾ ഹോസ്റ്റലിൽ പോയി. കൂടെയുള്ള പയ്യൻറെ കൂടെ ഞാനും. അവൻ എന്നോട് ഞാൻ ക്രിസ്ത്യനാണോ എന്ന് ചോദിച്ചു, ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷെ അവൻ തിരിച്ചെന്നോട് അവൻ ഹിന്ദുവാണെന്ന് പറഞ്ഞു. അവനെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് അപ്പോൾ മനസ്സിലായില്ല.

അന്ന് രാത്രി ഞങ്ങൾ അവളെ കൂട്ടി ഡോക്ടറിനെ കാണാൻ പോയി. ഒടുവിൽ ഏറെ വൈകി തിരിച്ചു ഞാൻ റൂമിലെത്തിയപ്പോൾ അവനെന്നെ വിളിച്ചോണ്ടിരുന്നു. ഞാൻ ഫോണെടുത്തില്ല.

പിറ്റേന്ന് രാവിലെ അവൾ മറ്റൊരു സുഹൃത്തുമായി വന്നു. അവൻ മനഃപൂർവ്വം വന്നതുമില്ല. ചിദംബരത്തെ ഒരു ചർച്ചിൽ പോയി അവൾ ക്രിസ്മസ് കുർബാന കൂടി. ഞങ്ങൾ തിരിച്ചു വന്ന് ഭക്ഷണം കഴിച്ചപ്പോഴും അവൾ ഛർദ്ദിച്ചുകൊണ്ടിരുന്നു.

ഉച്ചയ്ക്ക് ഞാൻ അവിടന്ന് ബസ്സ് കയറി. രാത്രി പത്ത് മണിക്ക് സേലം റെയിൽവേ സ്റ്റേഷനിൽ എത്തി ഓർഡിനറി ടിക്കറ്റിൽ നാട്ടിലേക്ക് ട്രെയിൻ കയറി. ജീവിതത്തിൽ ഇത്രമാത്രം റിസ്‌ക്കെടുത്ത ഒരു യാത്രപോലും ഓർമ്മയിൽ ഇല്ലായിരുന്നു. ഏകദേശം അങ്ങോട്ടും ഇങ്ങോട്ടും ഇരുപത്തെട്ട് മണിക്കൂർ യാത്ര.

വീട്ടിലെത്തിയപ്പോൾ മുതൽ അവളുടെ സുഹൃത്ത് എന്നെ വിളിക്കുകയായിരുന്നു. എന്തോ ഞാൻ ഒറ്റയ്ക്ക് പോയതിലുള്ള നീരസവും അവൾ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ഞാൻ പലവിധ തിരക്കുകൾ കാരണം ഓട്ടത്തിലായിരുന്നു.

അതിനിടയ്ക്ക് അവളുടെ സർജറിയും നടന്നു. ആ സമയത്തൊക്കെ അതുവരെ ഇല്ലാത്തവരൊക്കെ കൂടെയുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്ന് നേരെ അവളുടെ വീട്ടിൽ പോയെന്നറിഞ്ഞു. പിന്നീട് കാര്യമായ വിളിയൊന്നും ഉണ്ടായില്ല. വല്ലപ്പോഴും ഓണത്തിനും വിഷുവിനും ആശംസ മെസ്സേജയച്ചാൽ തിരിച്ചു മെസ്സേജയ്ക്കുമെന്ന് മാത്രം.

ചിലർ അങ്ങനെയാണ്. സ്നേഹത്തിൻറെ അളവിനെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ആ ബന്ധത്തെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്.

"തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽ, നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരാം.."

Episode -12, Tomorrow 11 PM, Please stay tune here.



Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...