Monday, 2 December 2024

New Gen

 


ന്യൂ ജെൻ പിള്ളേരെന്ന് പലപ്പോഴും ആളുകൾ മുദ്രകുത്തപ്പെട്ട നമ്മുടെ പുതിയ തലമുറയിലെ കുട്ടികളെക്കുറിച്ചുള്ള പല ധാരണകളും പൊതു ധാരണകളും തെറ്റാണെന്നാണ് എൻറെയൊരു നിരീക്ഷണം...

എല്ലാ സൗകര്യമുള്ള ആൻഡ്രോയിഡ് മൊബൈൽ കയ്യിലുണ്ടായിട്ടും സക്കർബർഗിനോട് മുഖം തിരിച്ചു ഫെയ്‌സ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കാത്ത ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടെന്നത് എത്രപേർക്കറിയാം. ഇപ്പോഴും കമ്മ്യൂണിക്കേറ്റ്‌ ചെയ്യാൻ മെയിലുപയോഗിക്കുന്നു എന്നറിയുമ്പോൾ എത്രപേരുടെ പുരികം ചുളിഞ്ഞു പോകും...!!


കിട്ടുന്ന പോക്കറ്റ് മണിയൊക്കെ കൂട്ടി വെച്ച് പുസ്തകം വാങ്ങി വായിക്കുന്ന പുതിയ തലമുറയെ എത്രപേർക്കറിയാം...

അതും ഗംഭീര വായനക്കാരാണ്. പലപ്പോഴും ലോക ക്ളാസ്സിക്കുകളായ പുസ്തകങ്ങൾ ഓൺലൈൻ വഴിയൊക്കെ വാങ്ങി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു എന്നത് അത്യന്തം അദ്‌ഭുതവും സന്തോഷവും ഉണ്ടാക്കുന്നുണ്ട്.

നമ്മിൽ പലരും സാമൂഹ്യ സേവനം ചെയ്യുന്നത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെങ്കിൽ മാനുഷിക പരിഗണനയും സ്നേഹവും കാരുണ്യവും ഇത്രത്തോളം ഈ പുതിയ തലമുറയിൽ ഉണ്ടെന്നറിയുമ്പോൾ ഒരു ആത്മസംതൃപ്തി.

കനിവ് നഷ്ടപ്പെടാത്ത കരുണ നഷ്ടപ്പെടാത്ത ഒരു പുത്തൻ തലമുറ പിന്നാലെയുണ്ടെന്നത് അനുഗ്രഹമാണ്.


മുമ്പൊക്കെ എത്ര സോഷ്യലായി ഇടപെടുന്ന അച്ഛനമ്മമാരും കുട്ടികളെ ഒന്ന് നിയന്ത്രിക്കും. ആൺ പെൺ അതിർ വരമ്പുകൾ ഇട്ട് വയ്ക്കും. ഇപ്പോൾ ആൺ പെൺ അതിർ വരമ്പുകൾ വളരെ കുറവാണ്. ഒന്നിച്ചിരുന്ന് പഠിക്കുകയും ഒരു വീട്ടിൽ എന്നപോലെ കഴിയുകയും വളരെ ആരോഗ്യപരമായ രീതിയിൽ സുഹൃത് ബന്ധം കാത്ത് സൂക്ഷിക്കുകയും അത് രക്ഷിതാക്കൾ (ന്യൂ ജെൻ കുട്ടികളുടെ ന്യൂ ജെൻ രക്ഷിതാക്കൾ) തന്നെ നല്ലരീതിയിൽ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വേഷത്തിലും നടപ്പിലുമൊന്നും ഒരു കാര്യവുമില്ല. മുടി വളർത്തിയും താടി വളർത്തിയും മീശ പിരിച്ചു വെച്ചും കുപ്പി പാന്റിട്ടും, ബർമുഡയിട്ടുമൊക്കെ വരുന്ന ആൺകുട്ടികളും പലരീതിയിലും സ്റ്റൈലിഷ് ആയി നടക്കുന്ന പെൺകുട്ടികളും മുകളിൽ പറഞ്ഞ എല്ലാറ്റിലും ഒരുപോലെ ആത്മസംതൃപ്തി കണ്ടെത്തുന്നവരും ആത്മസമർപ്പണം നടത്തുന്നവരുമാണെന്നു കണ്മുന്നിൽ കണ്ടാൽ പലരും മൂക്കത്ത് വിരൽ വെച്ചു പോകും.....


ഇതാണ് നിങ്ങൾ പറയുന്ന ന്യൂ ജെൻ എങ്കിൽ എനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട് ; അവർ കാണിച്ചു കൂട്ടുന്നതല്ല, അവരെക്കുറിച്ച് നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ എനിക്കാവില്ല. കാരണം ഞാനും നിങ്ങളും അടങ്ങുന്ന ഫെയ്‌സ്ബുക്കിലും വാട്ട്സ് ആപ്പിലും വിരാജിക്കുന്ന ആളുകളെല്ലാം ഇതിൽ മാത്രം സുഖം കണ്ടെത്തുന്നവരാണ്. പക്ഷെ പുതിയ വളർന്നു വരുന്ന തലമുറ അങ്ങനെയല്ല.... അവർക്ക് ചെയ്യാൻ ഒരുപാടുണ്ട്. അതവർ ഭംഗിയായി ചെയ്യുന്നുമുണ്ട്.....

അഭിമാനിക്കുന്നു... ആഹ്ലാദിക്കുന്നു....

©മോഹൻദാസ് വയലാംകുഴി

Saturday, 5 October 2024

ഒരു ചിദംബരം സ്മരണ...

ഒരു ചിദംബരം സ്മരണ

സേലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ലോക്കൽ ബസ്സിൽ പുതിയ ബസ്സ്‌ ടെർമിനലിലേക്ക് പോയി. ചിദംബരത്തെക്കുള്ള തമിഴ് നാട് സർക്കാരിന്റെ പച്ചക്കളറുള്ള ഹൈവേ റൈഡർ കാത്തു നിൽക്കുന്നു. അങ്ങു ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ അവളും കാത്തിരിപ്പുണ്ട്.

ഏഴെട്ടു വർഷം മുമ്പ് പോയത് ഓർക്കുന്നു. അന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ MBA  അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പോയത്. അന്നത്തെ യാത്ര രസകരമായിരുന്നു. ബസ്സിൻറെ സൈടിലോക്കെ സാധനങ്ങൾ തൂക്കിയിട്ട് പഴയൊരു ഫെവിക്കോളിന്റെ പരസ്യത്തെ ഓർമ്മിപ്പിച്ച് കൊണ്ടൊരു സുന്ദരൻ യാത്ര.

ഇന്നത് മാറി. എങ്കിലും റോഡിനിരുവശവുമുള്ള സുന്ദരമായ കാഴ്ചകൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചതായി തോന്നുന്നില്ല.

ആറു മണിക്കൂർ യാത്ര, എങ്കിലും അധികം മുഷിച്ചിലോന്നും ഉണ്ടായില്ല. 

വൈകുന്നേരം തില്ലൈ നടരാജ ക്ഷേത്രം (ചിദംബരം ക്ഷേത്രം) കാണാൻ പോയി. നാല് ദിക്കിലേക്കും ഒരേ രീതിയിൽ പണികഴിപ്പിച്ച പടുകൂറ്റൻ ഗോപുരം ആണ് പ്രധാന ആകർഷണം. ആരൂഡം ശിവനാണെങ്കിലും (തില്ലൈ നടരാജൻ) തൊട്ടടുത്ത് തന്നെ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീ മഹാവിഷ്ണുവിൻറെ അനന്തശയനം പ്രതിഷ്ഠ ഇവിടെയും കാണാം. ഉപദേവതകളും ദേവന്മാരുമായി മറ്റനേകം പ്രതിഷ്ഠകൾ വേറെയും കാണാം. 12 ഉം 13 ഉം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പല ക്ഷേത്രങ്ങളിലും പൊതുവേ കാണപ്പെട്ടു വരുന്ന ചോള പല്ലവ സംസ്കൃതിയും ചിത്രവേലകളും ഇവിടെയും സമ്മേളിച്ചിരിക്കുന്നതായി  കാണാം. ചുമർ ചിത്രകലകളുടെ ചോള പല്ലവ രീതികൾ വ്യത്യസ്തത പുലർത്തുന്നവയാണെന്നു ഒരോ ചിത്രവും സൂചിപ്പിക്കുന്നു.

മേൽക്കൂരയടക്കം എല്ലാം നിർമ്മിച്ചിരിക്കുന്നത് ശിലയിലാണ്. കല്ലിൽ കൊത്തിയ കവിത എന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാൻ പറ്റിയ ശില്പ ചാതുര്യം. കരവിരുതും കലാവിരുതും സമഞ്ജസമായി സമ്മേളിപ്പിച്ചിരിക്കുന്ന ശില്പസൗകുമാര്യം.

എന്തായാലും നൂറ്റാണ്ടുകൾ പഴക്കമുള്ള ചിദംബരം ക്ഷേത്രം ഒരു മാസ്മരിക കാഴ്ച തന്നെയാണ് നമുക്ക് മുന്നിൽ കാട്ടിത്തരുന്നത്.
പ്രശസ്തമായ അണ്ണമലൈ യൂണിവേഴ്‌സിറ്റി ഇതിനാടുത്താണ് സ്ഥിതി ചെയ്യുന്നത്.

സേലത്തു നിന്ന് ഏകദേശം 180 കിലോമീറ്റർ ഉണ്ട്. ഒരു വൺവെ റെയിൽവേ ട്രാക്കിൽ ഒരു ട്രെയിൻ ഉണ്ട്. ചിദംബരം റെയിൽവേ സ്റ്റേഷനിൽ പോയി ഇറങ്ങാം. പക്ഷെ, ബസ് യാത്ര മറ്റൊരു അനുഭവം സമ്മാനിക്കും.

പറ്റുമെങ്കിൽ ഒരിക്കലെങ്കിലും അത് വഴിയൊന്ന് പോകണം. ആ കാഴ്ചവസന്തം ദർശിക്കുക തന്നെ വേണം.


©മോഹൻദാസ്‌ വയലാംകുഴി

#Chidambaram #AnnamalaiUniversty #ChidambaramTemple #MohandasVayalamkuzhyUpendran #Tamilnadu #Cuddalore #Pallavaram #ThillaiNatarajaTemple #Thiruchitrakoodam #Margazhi

Sunday, 22 September 2024

Crafting The Perfect Resume: A Step-by-Step Guide to Stand Out

 

Personal Grooming - 2

ഒരു വ്യക്തിയുടെ ബയോഡാറ്റ അല്ലെങ്കിൽ റെസ്യൂം എന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെക്കൂടി അളക്കാൻ സാധിക്കുന്ന ഒന്നാണ്. ഒരു നല്ല റെസ്യൂം ആണെങ്കിൽ ആദ്യം തന്നെ നല്ല ഇമ്പ്രഷൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ ഒരു റെസ്യൂം ഉണ്ടാക്കുമ്പോൾ ക്രീയേറ്റിവും ആയിരിക്കണം ഒപ്പം കണ്ടൻറ് കൂടി ഉണ്ടായിരിക്കണം. എന്താണ് ഒരു നല്ല റെസ്യൂം ഉണ്ടാക്കിയെടുക്കാൻ വേണ്ട മിനിമം സംഗതികൾ...

1. ശരിയായ ഫോർമാറ്റ് തിരഞ്ഞെടുക്കുക (Choose the Right Format)

നിങ്ങളുടെ റെസ്യൂം ഫോർമാറ്റ് വ്യക്തവും ചുരുക്കത്തിലുള്ളതും പ്രൊഫഷണലായിരിക്കണം. പ്രധാന മൂന്ന് ഫോർമാറ്റുകൾ ഇവയാണ്:

ക്രൊണോളജിക്കൽ (കാലക്രമം) (Chronological): നിങ്ങളുടെ ജോലിപരിചയം ഏറ്റവും പുതിയതു മുതൽ ക്രമത്തിലെഴുതുന്നു. ഒരു സ്ഥാപനത്തിൽ സ്ഥിരതയാർന്ന ജോലി പരിചയം ഉള്ളവർക്കാണ് ഇത് അനുയോജ്യം.

ഫങ്ഷണൽ (സവിശേഷതകൾ) (Functional): നിങ്ങളുടെ തൊഴിലവസര ചരിത്രത്തെക്കാൾ നിങ്ങളുടെ കഴിവുകളും യോഗ്യതകളും മുഖ്യമായി ഉയർത്തിപ്പിടിക്കുന്നു. തൊഴിൽ ഇടവേളകൾ ഉള്ളവർക്ക് അല്ലെങ്കിൽ കരിയർ മാറുന്നവർക്ക് ഇത് മികച്ചതാണ്.

കോമ്ബിനേഷൻ (സമ്പൂർണ്ണ) (Combination): പ്രത്യേക കഴിവുകളും തൊഴിലവസര ചരിത്രവും തമ്മിലുള്ള ഒരു മിശ്രിതം.

നിങ്ങളുടെ പരിചയം, ജോലി താൽപര്യം എന്നിവയെ അടിസ്ഥാനമാക്കി യോജിച്ച ഫോർമാറ്റ് തിരഞ്ഞെടുക്കുക.

2. ബലമുള്ള ഒരു സംഗ്രഹം അല്ലെങ്കിൽ ലക്ഷ്യം തയ്യാറാക്കുക (Start with a Strong Summary or Objective)

റെസ്യൂം സംഗ്രഹം (അല്ലെങ്കിൽ പ്രവേശന ലെവൽ സ്ഥാനാർത്ഥികൾക്ക് ലക്ഷ്യം) നിങ്ങളുടെ കരിയർ വിജയങ്ങൾ, കഴിവുകൾ, നിങ്ങളുടെ സംഭാവനകൾ എന്നിവയുടെ സംക്ഷിപ്ത പ്രസ്താവനയാണ്. നിങ്ങൾ അപേക്ഷിക്കുന്ന പ്രത്യേക ജോലി അനുസരിച്ച് ഇത് രൂപപ്പെടുത്തുക.

ഉദാഹരണം: “വിശദമായ പ്ലാനിംഗ്, മാർക്കറ്റിംഗ് രംഗത്ത് 5 വർഷം പരിചയം ഉള്ള വ്യക്തി. ഓൺലൈൻ ഇടപെടലുകളിൽ 40% വർദ്ധനവിനു കാരണം.”

3. പ്രധാന കഴിവുകൾ അടയാളപ്പെടുത്തുക (Highlight Key Skills)

നിങ്ങളുടെ അനുയോജ്യമായ പ്രധാന കഴിവുകൾ എഴുതുക. സാങ്കേതിക കഴിവുകൾ (സോഫ്റ്റ്‌വെയർ പ്രാവീണ്യം പോലുള്ള) അല്ലെങ്കിൽ സോഫ്റ്റ് സ്കില്ലുകൾ (നേതൃത്വം അല്ലെങ്കിൽ സംവാദശക്തി പോലുള്ള) എന്നിവയും ചേർക്കാം. അപേക്ഷിക്കുന്ന ജോലിയെ അടിസ്ഥാനമാക്കി അനുയോജ്യമായവ ശ്രദ്ധയോടെ അടയാളപ്പെടുത്തുക.

4. പ്രൊഫഷണൽ അനുഭവം (Professional Experience)

ജോലി പരിചയമാണ് നിങ്ങളുടെ റെസ്യൂമിൽ പ്രധാനമായി ചേർക്കേണ്ട കാര്യങ്ങൾ:

  • ജോലിസ്ഥാനം (Job Title)
  • കമ്പനിയുടെ പേര് (Company Name)
  • പ്രവർത്തന കാലയളവ് (Dates of Employment)
  • പ്രധാന ഉത്തരവാദിത്തങ്ങളും നേട്ടങ്ങളും (Key Responsibilities and Achievements)

നിങ്ങളുടെ നേട്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തുക. ഉദാഹരണത്തിന് "ടീമിനെ നയിച്ചു" എന്നത് പറയുന്നതിന് പകരം, "10 അംഗങ്ങളുടെ ടീമിനെ നയിച്ചു, ആറുമാസത്തിനുള്ളിൽ 20% വിൽപ്പന വർദ്ധിപ്പിച്ചു" "ഞാൻ ജോലിക്ക് കയറുമ്പോൾ എൻറെ ഡിപ്പാർട്മെൻറ് ഇത്ര ശതമാനമാണ്, ഞാൻ ഇറങ്ങുമ്പോൾ ഇത്ര ശതമാനമായി വർദ്ധിപ്പിച്ചിരുന്നു." ഇങ്ങനെ എന്ന് പറയുക. ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമായി പറയുകയും കൺവിൻസ്‌ ചെയ്യുകയും ചെയ്യുക. 

5. വിദ്യാഭ്യാസവും സർട്ടിഫിക്കേഷനും (Education and Certifications)

നിങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം എഴുതുക, ഏറ്റവും ഉയർന്ന യോഗ്യത തുടങ്ങിയവ. സ്ഥാപനത്തിന്റെ പേര്, ഡിഗ്രി, പാസായ വർഷം എന്നിവ ചേർക്കുക. അതുമായി ബന്ധപ്പെട്ട  സർട്ടിഫിക്കേഷനുകൾ ഉണ്ടെങ്കിൽ അത് ചേർക്കാം.

6. അപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം (ATS) മായി പരിചാരം നേടുക (Tailor for Applicant Tracking Systems (ATS))

കമ്പനികൾ പലപ്പോഴും നിങ്ങളുടെ റെസ്യൂം ഇതിലെ പ്രധാന കീവേഡുകൾ സ്കാൻ ചെയ്യുന്നതിന് ATS (അപ്ലിക്കേഷൻ ട്രാക്കിംഗ് സിസ്റ്റം) ഉപയോഗിക്കുന്നു. ഇതിനായി:

  • ജോലിവിവരണത്തിലെ കീവേഡുകൾ ഉപയോഗിക്കുക.
  • ATS മനസ്സിലാക്കാൻ പ്രയാസം തോന്നിക്കുന്ന ഗ്രാഫിക്സ്, ചിത്രങ്ങൾ, ടേബിളുകൾ ഒഴിവാക്കുക.
  • സാധാരണ ഫോണ്ടുകൾ (Arial, Times New Roman) ഉപയോഗിച്ച് സരളമായ ഫോർമാറ്റ് തിരഞ്ഞെടുക്കുക.

7. ചുരുക്കമുള്ളതും പ്രസക്തവുമായിരിക്കുക (Keep It Concise and Relevant) 

അനുഭവം കുറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ഒരു പേജ്, കൂടുതൽ അനുഭവമുള്ളവർക്കു രണ്ടു പേജ്, ഇങ്ങനെയാണ് സാധാരണ ബയോഡാറ്റ ഉണ്ടാക്കുമ്പോൾ അനുവർത്തിച്ചു പോരുന്നത്. ജോലിയുമായി ബന്ധമുള്ള കാര്യങ്ങൾ മാത്രം റെസ്യൂമിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കുക. അപ്പോഴും നമ്മുടെ നേട്ടങ്ങളെ എടുത്തുകാണിക്കുന്ന കാര്യങ്ങൾ ഒരിക്കലും വിട്ടുപോവുകയുമരുത്.

8. ഉചിതമാക്കൽ (Proofread and Polish)

അക്ഷരതെറ്റുകൾ ഗ്രാമർ മിസ്റ്റേക്കുകൾ ഇല്ലെന്ന് ഉറപ്പാക്കുക. ഏറ്റവും സാധാരണയായി ഓൺലൈൻ ടൂളുകൾ ഉപയോഗിച്ച് പരിശോധന നടത്തുക, അല്ലെങ്കിൽ ഒരു വിശ്വസ്ത സുഹൃത്തിന്റെ സഹായം തേടുക. Formatting എല്ലായിടത്തും സ്ഥിരതയുള്ളതായി ഉറപ്പുവരുത്തുക.

9. കൂടുതൽ വിഭാഗങ്ങൾ ചേർക്കുക (Add Optional Sections)

ആവശ്യമെങ്കിൽ മാത്രം, ഇനിപ്പറയുന്ന വിഭാഗങ്ങൾ ചേർക്കാം:

സ്വയംസേവക സേവനം (Volunteer Experience): നിങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നു.

പദ്ധതികൾ (Projects): ശ്രദ്ധേയമായ പദ്ധതികൾ അടയാളപ്പെടുത്തുക.

ഭാഷകൾ (Languages): ഒരേ സമയം ഒന്നിലധികം ഭാഷാ പ്രാവീണ്യമുള്ളത് നിങ്ങളെ മികച്ച സ്ഥാനത്തിരുത്തും.

പ്രൊഫഷണൽ അംഗത്വങ്ങൾ (Professional Affiliations): ബന്ധപ്പെട്ട അംഗത്വങ്ങൾ നിങ്ങളുടെ വിശ്വാസ്യതയെ വർദ്ധിപ്പിക്കുന്നു.

10. ആക്ഷൻ വാക്കുകൾ ഉപയോഗിക്കുക (Use Action Words)

Start your bullet points with action verbs to give your accomplishments more impact. Examples of action words include "led," "designed," "implemented," "increased," "improved," and "managed."

NB: പല ടൂളുകളും ഉപയോഗിച്ച് റെസ്യൂമുണ്ടാക്കുന്നവരാണ് പലരും. പക്ഷെ റെസ്യൂം ഉണ്ടാക്കി സേവ് ചെയ്യുന്നത് ചിലർ ശ്രദ്ധിക്കാറേയില്ല. വെറുതെ സേവ് കൊടുത്താൽ ഏറ്റവും ആദ്യം കൊടുത്തിരിക്കുന്ന ടൈറ്റിൽ അല്ലെങ്കിൽ സ്ഥിരമായി സേവ് ചെയ്യുന്ന ഫോർമാറ്റിൽ സേവ് ആകും. നിങ്ങളിത് മെയിൽ വഴി അറ്റാച്ച് ചെയ്തയക്കുമ്പോൾ ഫയൽ നെയിം നിങ്ങളുടെ പേരായിരിക്കില്ല കാണിക്കുന്നത്. സേവ് ചെയ്തതിനു ശേഷം നിങ്ങളുടെ ഫുൾ നെയിം കൃത്യമായി റിനെയിം ചെയ്തു വയ്ക്കാൻ ശ്രദ്ധിക്കുക. ഒരു ഹ്യൂമൻ റിസോഴ്സ് ടീമിന് ഇങ്ങനെ ലഭിക്കുന്ന റെസ്യൂമുകൾ അവരുടെ സിസ്റ്റത്തിൽ സേവ് ചെയ്തിടുമ്പോൾ നിങ്ങളുടെ റെസ്യൂം കണ്ടെത്താൻ എളുപ്പമായിരിക്കും. റെസ്യൂമിനൊപ്പം Linkedin പോലുള്ള പ്രൊഫഷണൽ ലിങ്കുകൾ ചേർക്കുന്നത് നല്ലതായിരിക്കും.


Personal Grooming - 1

https://storiesofmohandas.blogspot.com/2023/08/interview-tips-and-personal-grooming.html

Personal Grooming - 2


©മോഹൻദാസ് വയലാംകുഴി


#MohandasVayalamkuzhy #Article #Career #Job #Interview #SocialMediaCulture #SocialMedia #Behaviour #charecter #Potential #growth #Salary #Position #JobSearch #PartTimeJob #WorkFromHome

Friday, 30 August 2024

Love of darkness...

 
"തീരത്തെക്കൂടി സഞ്ചരിക്കുമ്പോൾ, സൂര്യന്റെ തീക്കണങ്ങൾ തണുത്തുപോകുമ്പോഴും, നക്ഷത്രങ്ങളോട് കുഴിച്ചുവെക്കുന്ന നുണകളിൽ നിന്നെ അവിശ്വസിക്കാനാവില്ല. സങ്കടവും മഴയും തനിയെ പടരുമ്പോൾ, ആഴങ്ങളിലേക്ക് പതുക്കെ നടക്കുന്നു..."

ചില സമയങ്ങളിൽ ഞാനിങ്ങനെയാണ്. കത്തിയമരുന്ന സൂര്യനെ നോക്കി തീരത്തങ്ങനെ ഇരിക്കും... ഇരുട്ട് പരക്കുന്തോറും ആനന്ദമാണ്.

കടൽക്കരയിലെ കാറ്റാടിമരങ്ങളുടെ മർമ്മരം ചെവിതുളച്ചു വരുമ്പോൾ ഇരുളിലേക്ക് നോക്കി ആകാശത്തെയും എണ്ണമില്ലാത്ത നക്ഷത്രങ്ങളെയും നോക്കി കിടക്കും... രഹസ്യങ്ങൾ പറയാൻ പലപ്പോഴും എനിക്ക് കഴിയാറില്ല, ചുറ്റും കുഴികുത്തി കിടന്ന് ഇടയ്ക്കിടെ തല വെളിയിലേക്കിട്ടു നോക്കുന്ന ചാരന്മാരെ പോലെ ചുറ്റും ഞണ്ടുകൾ ഉണ്ടാകും...

ഇരുട്ടിനെ വല്ലാതെ പ്രണയിക്കാറുണ്ട്.

തീരത്തടിഞ്ഞുകൂടിയ ചിപ്പിയും മീൻ മുള്ളുകളും ഞണ്ടിൻറെ തോടുകളും കൂമ്പാരമായി കിടക്കുന്ന ചപ്പു ചവറുകൾക്കിടയിൽ കൂടിയും ഓരിയിട്ടുകൊണ്ടു കടിപിടി കൂടുന്ന പട്ടികളും രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കടന്നു പോകുമ്പോഴും എന്നിൽ പ്രത്യേകിച്ചൊരു വികാരവും ഉണ്ടാക്കിയില്ല.

പതിവ് പോലെ തീരത്തുകൂടി നടന്നു. കടലിൻറെ ഇരമ്പിലിനൊപ്പം മഴയുടെ ശീൽക്കാരവും കേട്ട് തുടങ്ങി.

ഞാൻ മഴ നനഞ്ഞു നടന്നു. കവിളിലൂടെ ഒഴുകുന്നത് സങ്കടകടലോ അതോ മഴനൂൽ ചാലുകളാണോ എന്നുപോലും കണ്ണടച്ചു കളഞ്ഞു മറഞ്ഞു പോയ നക്ഷത്രങ്ങൾക്ക് മനസ്സിലായിക്കാണില്ല. ഇനി മനസ്സിലായാലും ആർക്കും പിടികൊടുക്കാതെ ഞാൻ ഒരുപാടകലേയ്ക്ക് നടന്നു നീങ്ങിയിരുന്നു...

©മോഹൻദാസ് വയലാംകുഴി


#MohandasVayalamkuzhy

Monday, 26 August 2024

ഇങ്ങനെയും ചിലർ...

 ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ഒരു പെണ്ണിൻറെ മുഖത്ത് അടിച്ചിട്ടുണ്ടെങ്കിൽ അത് അവളുടെ വായിൽ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മൈ** എന്നൊരു വാക്ക് കേട്ടതുകൊണ്ടാണ്. കാരണം ഞാൻ ഇന്നേവരെ ഒരാളെപ്പോലും മോശം വാക്ക് കൊണ്ട് അഭിസംബോധന ചെയ്തിട്ടില്ല എന്നതുകൊണ്ടും, എന്നോട് അങ്ങനെയുള്ള മോശം പദപ്രയോഗം നടത്തിയാൽ തീരെ ഉൾക്കൊള്ളാൻ പറ്റാത്തതുകൊണ്ടുള്ള പ്രശ്നവും, അവളെൻറെ ഏറ്റവും പ്രീയപ്പെട്ടവൾ ആയതുകൊണ്ടുമാണ് മുഖത്തടിച്ചുപോയത്. 

വീടിനടുത്തുള്ള യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ തൊട്ടു താഴെയുള്ള ക്ലാസുകളിലെ കുട്ടികളും തൊട്ടു മുകളിലെ കുട്ടികളും പരസ്പരം ഇരട്ടപ്പേരിട്ടു വിളിക്കുമ്പോൾ എൻറെ ക്ലാസിലെ സ്ഥിതി മറ്റൊന്നായിരുന്നു. ഞങ്ങൾ ഒരോരുത്തരും അവരവരുടെ ഇനീഷ്യൽ ചേർത്താണ് പരസ്പരം വിളിച്ചിരുന്നത്. പത്തിരുപത്തഞ്ചു വർഷങ്ങൾക്കിപ്പുറവും അലുമിനി മീറ്റിങ്ങുകളിൽ കാണുമ്പോഴും അറിയാതെ ഇതേ ഇനീഷ്യൽ ചേർത്തു വിളിച്ചുപോയിട്ടുണ്ട്. അധ്യാപകർക്ക് കൂട്ടുപേരിട്ട് വിളിക്കാത്തൊരു ക്ലാസ്സും എന്റേത് തന്നെയായിരുന്നുവെന്നത് ഇന്നാലോചിക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്.

പലപ്പോഴും ഞാൻ കണ്ട മറ്റൊരു കാഴ്ച സുഹൃത് സദസ്സുകളിൽ പോലും പരസ്പര ബഹുമാനമില്ലാതെ സുഹൃത്തുക്കളായ (ആണും പെണ്ണും) ആളുകളെ വളിപ്പടിച്ചു പരസ്പരം കളിയാക്കുന്ന കാഴ്ച. ഭാര്യമാരെ മറ്റുള്ളവരുടെ മുന്നിൽ വിലകുറച്ചു കാണിക്കുന്ന സംസാരങ്ങൾ, സുഹൃത്തായ പെണ്ണിനെ നോക്കി നീ വിചാരിച്ചാൽ കാര്യം ഈസിയായി നടക്കുമെന്ന കമൻറ് , കൂടെയില്ലാത്തവരെപോലും വിടാറില്ല. അവൾ ബോസിനെ മണിയടിച്ചു നിൽക്കുകയായിരിക്കും, പണി കൂടുതൽ എടുത്തു മാനേജരെ സുഖിപ്പിച്ചു നടക്കലാണ് അവന്റെ/അവളുടെ ജോലി എന്നൊക്കെ കൂടി ജോലി ചെയ്യുന്നവരെക്കുറിച്ചു അവരുടെ അസാന്നിധ്യത്തിൽ കേട്ടിട്ടുണ്ടാകും.

എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാനും ചിന്തിക്കാനും സാധിക്കുന്നത്...?

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ എൻറെ ഓഫീസിൽ ഇരിക്കുമ്പോൾ ഇടയ്ക്ക് വരാറുള്ളൊരു സുഹൃത്ത് കയറിവന്നു. ഒരുപാട് നാട്ടുവിശേഷങ്ങളും ജോലിയുടെ വിശേഷങ്ങളും ജോലിക്കിടയിലെ സമ്മർദ്ധവും വിരസതയും പറഞ്ഞു വരുമ്പോൾ കല്യാണവും കഴിച്ചു രണ്ടു കുട്ടികളുമുള്ള കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ആ അധ്യാപകൻ നൈസായി ഇടയിൽ ഒരു കാര്യം കൂടി പറഞ്ഞു, നിങ്ങളുടെ ആ ഫ്രണ്ടിനെ (എൻറെ ഏറ്റവും നല്ല കൂട്ടുകാരിയും, കുടുംബ സുഹൃത്തും കല്യാണം കഴിഞ്ഞു കുട്ടികളിലൊക്കെയുള്ള പെൺകുട്ടി) പോലുള്ള മറ്റാരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് കൂടി പരിചയപ്പെടുത്തി കമ്പനിയാക്കി തരണം. ഇടയ്ക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാലോ എന്നും പറഞ്ഞൊരു നിഷ്ക്കളങ്കൻറെ ചിരി മുഖത്ത് വരുത്തി ഒരുളുപ്പുമില്ലാതെ മുന്നിലിരിക്കുന്നു. ആ ഫ്രണ്ടിനെ പോലെ എന്ന ധ്വനിയിൽ ആ ഫ്രണ്ടിനെ ഞാനെന്തോ കീപ്പ് ചെയ്തു വച്ചേക്കുന്നത് പോലെയും അല്ലെങ്കിൽ എൻറെ കാമുകിയായി കൊണ്ട് നടക്കുന്നവളാണെന്നുമുള്ള ഒരു ധ്വനിപോലെയാണ് എനിക്കനുഭവപ്പെട്ടത്. വല്ലാതെ ചടച്ചുപോയി... ശരീരമാകെ ഒരു വിറയൽ ബാധിച്ചു പോയി... ആളുകൾ ഞങ്ങളെക്കുറിച്ചു ഇങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത് എന്ന് വരികൾക്കിടയിലൂടെ വായിക്കുമ്പോൾ എനിക്ക് തോന്നി... അതും അത്ര പ്രീയപ്പെട്ടവരെക്കുറിച്ചാണ് കേൾക്കുന്നത്.

ആ ഫ്രണ്ടിനെ പോലെ... അപ്പോൾ ആ ഫ്രെണ്ടിനെത്തന്നെ ആയാലും കുഴപ്പമില്ല, അല്ലെങ്കിൽ ഒരു ഫോട്ടോ കോപ്പി എടുത്ത് കൊടുത്താൽ വളരെ സന്തോഷം...

ഇതിന് മുൻപ് അതെ ഓഫീസിൽ വെച്ച് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഇരുന്ന് സംസാരിക്കുമ്പോൾ ഇതേ പ്രീയപ്പെട്ട ആളിനെക്കുറിച്ചൊരു സംസാരം വരികയുണ്ടായി. കാരണം അവളുടെയും സുഹൃത്തുക്കളായിരുന്നു ആ കൂട്ടത്തിലെ എല്ലാവരും. അതൊലൊരുവൻ അവളെ വീഡിയോ കോൾ വിളിച്ചപ്പോൾ എടുത്തില്ല, പിന്നീട് എൻറെ ഫോൺ അനുവാദമില്ലാതെ തട്ടിയെടുത്ത് കോൾ വിളിച്ചപ്പോൾ അവൾ എടുക്കുകയും ചെയ്തു. അവൾ ഫോൺ എടുത്തപ്പോൾ തന്നെ പറഞ്ഞത് എന്തോ ജോലിയിൽ ആയിരുന്നു, ആദ്യം റിംഗ് ചെയ്തത് കേട്ട് ഓടിയെത്തുമ്പോഴേക്കും കോൾ കട്ടായിരുന്നു അടുത്ത നിമിഷം എൻറെ ഫോണിൽ നിന്നുള്ള കോൾ കണ്ടപ്പോൾ എടുത്തു എന്നും... ആ കോളിലും ബാക്കിയുള്ളവർ ചേർന്ന് അവളെ കുറേ കളിയാക്കുന്നത് സഹതാപത്തോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ. അതിലൊരുവനാണ് ഈ കോപ്പി ഫ്രണ്ടിനെ ആഗ്രഹിക്കുന്നവനും...

ഇങ്ങനെ ചേതമില്ലാ എന്ന് തോന്നുന്ന തമാശകളും സംഭാഷണങ്ങളും സൗഹൃദ സദസ്സിൽ കൊണ്ടുവരുന്നവരുണ്ട്.

ഇനി മറ്റൊരു വിഭാഗം കൂട്ടത്തിൽ ഇല്ലാത്തവൻറെ പെങ്ങളേയോ, ഭാര്യയെയോ കാമുകിയേയോ പറ്റി അനാവശ്യം പറഞ്ഞു കോൾമയിർ കൊള്ളുക... സ്വന്തം ഭാര്യയെയോ കാമുകിയെ തന്നെയോ കൊച്ചാക്കി പറയുക, അവൾ കളിക്കാൻ പോരാ എന്നോ, അവളെ മടുത്തു എന്നൊക്കെ പറയുക... അവൾക്കിപ്പോൾ ആ പഴയ എനർജിയും സൗന്ദര്യമൊന്നുമില്ല എന്ന് പറയുക.

എൻറെ മറ്റൊരു സുഹൃത്ത് പിന്നെ വളരെ വ്യത്യസ്തനാണ്... സമൂഹ മാധ്യമങ്ങളിൽ കൂടിയൊക്കെ പരിചയപ്പെട്ട് എൻറെ ബെസ്റ്റ് ഫ്രണ്ടാണെന്നൊക്കെ പറഞ്ഞു കമ്പനി കൂടി അവരെയൊക്കെ പല സമയങ്ങളിലായി സമയം കണ്ടെത്തി നേരിട്ട് പോയി കാണുകയും, കമ്പനിയാക്കുകയും ഒടുവിൽ പതുക്കെ നമ്മളെക്കുറിച്ചുള്ള അപരാധം പറഞ്ഞു പരത്തി പിന്നെ പതിയെ കളി ചോദിക്കുന്നവൻ. ആദ്യത്തെ ഒന്ന് രണ്ടുപേരെ കണ്ടെന്ന് അവർ പറഞ്ഞറിഞ്ഞു. പിന്നീട് മൂന്നാമത്തെ ആൾ പറഞ്ഞിരുന്നില്ല. പിന്നീട് ആരോ പറഞ്ഞറിഞ്ഞതാണ്. ഈ ഗ്രൂപ്പിലൊക്കെ ആൺകുട്ടികളുമുണ്ട്. അവരാരെയും അയാൾ വിളിച്ചിട്ടില്ല, കണ്ടിട്ടുമില്ല. കൂടെയുള്ളവരെ പരിചയപ്പെട്ടാലോ കമ്പനിയാക്കിയാലോ മിണ്ടിയാലോ എനിക്ക് ഒന്നും തന്നെയില്ല. പക്ഷെ, ടാർഗറ്റ് ചെയ്തു കമ്പനിയാക്കി എന്നെക്കുറിച്ചപരാധം പറഞ്ഞു പരത്തി എന്നിൽനിന്നകറ്റി ഒടുവിൽ കളി ചോദിച്ചു നടക്കുമ്പോൾ എന്താണ് അയാളുടെ ടാർഗറ്റ് എന്ന് മനസ്സിലാക്കുമ്പോൾ പിന്നീട് അത്തരം ആളുകളെ ഭയത്തോടുകൂടിയെ കാണാൻ സാധിക്കുകയുള്ളൂ...

വളരെ വർഷങ്ങൾക്ക് മുമ്പ് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. കാണാൻ കൊള്ളാവുന്നവരൊക്കെ അവനെക്കാൾ ഇളയതാണെങ്കിൽ അവൻറെ കസിൻ ആയിരിക്കും, മൂത്തതാണെങ്കിൽ ചേച്ചി മോൾ ആയിരിക്കും, കുറച്ചു പ്രായം ചെന്നാലും സുന്ദരിയാണെങ്കിൽ അവൻറെ അമ്മായി ആയിരിക്കും. പരിചയപ്പെട്ട് സംസാരിച്ചു കുറച്ചു കഴിയുമ്പോൾ തന്നെ കയ്യൊക്കെ പിടിച്ചായിരിക്കും പിന്നീടുള്ള സംസാരം. കാണുമ്പോൾ ഒട്ടുംതന്നെ മോശമായി തോന്നില്ലെങ്കിലും അവർ പോയി കഴിഞ്ഞു നമ്മൾ മാത്രമുള്ള സൗഹൃദ സദസ്സിലേക്കെത്തുമ്പോൾ എന്ത് മിനുസമുള്ള കൈ, നല്ല നാഭി, നല്ല അരക്കെട്ട്, കിടിലൻ ചന്തി, തെറിച്ചു നിൽക്കുന്ന മുലകൾ, ഉമ്മ വയ്ക്കാൻ തോന്നുന്ന കവിളുകൾ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു അഞ്ചോ പത്തോ മിനിറ്റ് സംസാരിച്ചപ്പോഴേക്കും അവൻറെ കണ്ണുകൾ എവിടെയൊക്കെ പോയിരിക്കാം എന്നൂഹിച്ചു നോക്കൂ...

സൗഹൃദ സദസ്സുകളിൽ ഇത്തരം തമാശകളും കളിയാക്കലുകളും, ഊക്കി വിടലുകളും, അസംഭ്യം പറയലുകളും നിർത്തണം. പേടിവേണം. പരസ്പര ബഹുമാനം വേണം. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ലേബലിൽ എന്തും പറയാമെന്നുള്ള ധാരണകൾക്ക് മാറ്റമുണ്ടാകണം. ആണും പെണ്ണും സുഹൃത്തുക്കളായി നടന്നാൽ ആ പെണ്ണ് പോക്ക് കേസും അവൻറെ ഒരു യോഗവും എന്ന് പറയുന്നത് നിർത്തുക തന്നെ വേണം. സൗഹൃദം നടിച്ചു മുതലാക്കാമെന്നുള്ള വിചാരം തന്നെ മുളയിലേ നുള്ളിക്കളയണം...

ആണായാലും പെണ്ണായാലും എത്ര കട്ട ചങ്കായാലും സ്നേഹത്തിനൊപ്പം തന്നെ പരസ്പര ബഹുമാനവും ഒറ്റയ്ക്കായാലും ഒരു കൂട്ടത്തിൽ ആയാലും ഏറ്റവും ബഹുമാനത്തോടുകൂടിത്തന്നെ സംസാരിക്കാനും പെരുമാറാനും പഠിക്കണം...

കീടങ്ങളെ തിരിച്ചറിഞ്ഞു കൊന്നുകളഞ്ഞില്ലെങ്കിൽ കൃഷി നശിപ്പിച്ചു കുടുംബത്തിൻറെ അന്നം മുടങ്ങും...

NB: നിയമപരമായ മുന്നറിയിപ്പ്: ഇവിടെ എഴുതുന്നത് എൻറെ മാത്രം ചിന്തകളും അഭിപ്രായങ്ങളുമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.

©മോഹൻദാസ് വയലാംകുഴി

#MohandasVayalamkuzhy #DifferentTypesofFriends #BetterLife #VerbalAsult #Abuse 

Tuesday, 20 August 2024

Life is beautiful....

 

വീണാലും ഉരുണ്ടു ചാടി എഴുന്നേറ്റു നിൽക്കണം, വസ്ത്രങ്ങളിൽ അഴുക്ക് പറ്റിയത് ആരെങ്കിലും കണ്ടാൽ അവരെ നോക്കി സർഫ് എക്സലിന്റെ പരസ്യത്തിലെ പോലെ കറ നല്ലതല്ലേ എന്ന് ചോദിച്ചു പൊട്ടി ചിരിക്കണം.

പറഞ്ഞു വന്നത്, ജീവിതത്തിലെ അപ് & ഡൗൺസിനെക്കുറിച്ചാണ്. ഏറ്റവും ഉയരങ്ങളിൽ ചെന്നെത്തി താഴേക്ക് പതിച്ച എത്രയോപേരുണ്ട്. പയറുപോലെ നടന്നവർ ഒരൊറ്റ അറ്റാക്കിൽ മണ്ണോടു ചേർന്നിട്ടുണ്ട്, ഒരൊറ്റ നിമിഷത്തെ ശ്രദ്ധക്കുറവുകൊണ്ട് ജീവിതകാലം മുഴുവൻ തളർന്നു കിടന്നവരുമുണ്ട്.

പണം കുമിഞ്ഞു കൂടി എങ്ങനെ ചിലവഴിക്കണമെന്നറിയാത്തവന് എന്ത് പ്രളയം, എന്ത് ഭൂകമ്പം, എന്ത് സുനാമി, എന്ത് മഴ, എന്ത് വെയിൽ.... എന്ത് മനുഷ്യർ...!!

ഈ കഴിഞ്ഞ കുറേ ദിവസങ്ങളിൽ കുറേ മനുഷ്യരുടെ തലവര തന്നെ മാറിയിട്ടുണ്ട്. ഒന്നിച്ചുണ്ടുറങ്ങിയവർ ഒറ്റ നിമിഷം കൊണ്ട് ബും ന്ന് കൺമുന്നിൽ നിന്ന് ഒലിച്ചു പോയി...

കുറേ മനുഷ്യർ അതിനിടയിൽ കൈമെയ്‌ മറന്നു വിറ്റു പെറുക്കി കയ്യിലുള്ളതൊക്കെ ചേർത്ത് മറ്റുള്ളവന്റെ മുന്നിൽ കൈകാട്ടിയും സ്വരൂപിച്ചും ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആർക്കൊക്കെയോ വേണ്ടി സഹായത്തിനറങ്ങുന്നു. കിട്ടുന്നത് മുഴുവൻ അന്യനെ സഹായിക്കാൻ ദാനം ചെയ്യുന്നു. മറ്റൊരു രാജ്യത്തിരുന്നു പോലും സ്വന്തം നാടിന് വേണ്ടി പറ്റാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.

കരുണ വറ്റിയിയിട്ടില്ലാത്ത ചിലരെങ്കിലും ഉള്ളതുകൊണ്ട് തന്നെയാണ് ഈ ഭൂമിയെ ഇത്രയെങ്കിലും താങ്ങി നിർത്തി മുന്നോട്ട് കൊണ്ടുപോകുന്നത്.

അതിനിടയിലും ദുരന്തത്തെക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടെന്നുള്ളത് ദയനീയം തന്നെ...

വളരെയധികം സുരക്ഷിതമായ ഇടങ്ങളിൽ ഇരുന്ന് വിഷം ചീറ്റുന്നവർ, യാതൊരു പരിസരബോധവുമില്ലാത്തവർ, ചുറ്റും നടക്കുന്നതൊന്നും നമ്മളെ ബാധിക്കുന്നതല്ലല്ലോ പിന്നെന്തിന് നമ്മൾ ബേജാറാകണം എന്ന് ചിന്തിക്കുന്നവർ, ഇന്ത്യയിൽ പ്രളയം വന്നാൽ അമേരിക്കയിലെയോ ലണ്ടനിലെയോ വീട്ടിൽ പോയി താമസിക്കാം എന്ന് ലാഘവത്തോടെ ചിന്തിക്കുന്നവർ... പബ്ലിസിറ്റി സ്റ്റണ്ട് ലാക്കാക്കി കോമാളി വേഷം കെട്ടുന്നവർ...

എന്നിൽ നിന്നും നമ്മളിലേക്ക് എന്ന ചിന്ത രൂപപ്പെടാത്തിടത്തോളം കാലം അവനവനിസത്തിലേക്ക് ഉൾവലിയുകയല്ലാതെ മറ്റു പോംവഴികൾ ഒന്നുമില്ല.

മനുഷ്യരാശിയുടെ പൊതുവായ സന്തോഷത്തിനും സൗഹാർദ്ദത്തിനും വേണ്ടി ഒരാൾ ചെയ്യുന്ന കാര്യങ്ങളാണ് ആ വ്യക്തിയുടെ ശാന്തിക്കും മുക്തിക്കുമുള്ള അടിസ്ഥാനം.

നമ്മൾ എപ്പോഴും പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചുമാണ് കഴിഞ്ഞിരുന്നത്, മേലിലും അങ്ങനെയേ കഴിയൂ. സഹസൃഷ്ടികളില്ലാതെ നമുക്ക് ജീവിതം സാദ്ധ്യമല്ല. അതുകൊണ്ട് എന്നിൽ നിന്നും നമ്മളിലേക്ക് - വ്യക്തിയിൽ നിന്ന് സമഷ്ടിയിലേക്ക് വികസിപ്പിച്ചുകൊണ്ട് വിശ്വാസത്തോളം വിശാലമാകട്ടെ നമ്മുടെ വീക്ഷണം.

വെറുപ്പുള്ളിടത്ത് സ്നേഹവും,

കലാപമുള്ളിടത്ത് സമാധാനവും,

ദുരിതമുള്ളിടത്ത് ആനന്ദവും കൊണ്ടുവരാൻ നിനക്ക് കഴിയുമെങ്കിൽ

നീ തന്നെയാണ് യഥാർത്ഥ ദൈവം.

തത്വമസിയും അത് തന്നെയാണ് പറഞ്ഞു വയ്ക്കുന്നത്.


©മോഹൻദാസ് വയലാംകുഴി


#കരളുറപ്പുള്ള_കേരളം #അതിജീവനം #ആശുപത്രി_ചിന്തകൾ #Lifeisbeautiful #lifequote #life #BetterLife #BetterFuture #MohandasVayalamkuzhy

Saturday, 3 August 2024

കുട്ടികളെ ദത്തെടുക്കുമ്പോൾ...

 

ദത്തെടുക്കൽ ഒരു കുട്ടിയെ തങ്ങളുടെ നിയമപരമായ മകനായി അല്ലെങ്കിൽ മകളായി സ്വീകരിക്കുന്ന ഒരു നിയമ നടപടി ക്രമമാണ്. ഇന്ത്യൻ നിയമങ്ങൾ പ്രകാരം, ദത്തെടുക്കൽ പ്രധാനമായും ഹിന്ദു അഡോക്ഷൻ ആൻഡ് മെൻറനൻസ് ആക്ട് (HAMA), 1956, ആയും ജൂവിനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട്, 2015, ആയും നിയന്ത്രിക്കുന്നു.

ദത്തെടുക്കൽ പ്രക്രിയ

  1. അംഗീകൃത ഏജൻസിയുമായുള്ള രജിസ്ട്രേഷൻ: ആദ്യ ഘട്ടം ഒരു അംഗീകൃത ദത്തെടുക്കൽ ഏജൻസിയുമായി രജിസ്റ്റർ ചെയ്യൽ ആണ്.
  2. ഹോം സ്റ്റഡി റിപോർട്ട്: എജൻസി ഒരു ഹോം സ്റ്റഡി റിപോർട്ട് തയ്യാറാക്കുകയും, കുടുംബത്തിന്റെ യോഗ്യതയും അനുയോജ്യതയും പരിശോധിക്കുകയും ചെയ്യുന്നു.
  3. കുട്ടിയുടെ ഒപ്പ്: ഒരു കുട്ടിയെ തിരഞ്ഞെടുത്ത്, കുട്ടിയുടേയും ശാരീരികവും മാനസികവുമായ ആരോഗ്യ നില പരിശോധിക്കും.
  4. കേസ് ഫയലിംഗ്: ദത്തെടുക്കൽ പ്രക്രിയ നീതിന്യായലത്തിൽ ഫയൽ ചെയ്യപ്പെടുകയും കോടതി ഉത്തരവിടുകയും ചെയ്യും.
  5. കോർട്ട് ഉത്തരവ്: കോടതി നിർദ്ദേശങ്ങൾ പാലിച്ച ശേഷം, ദത്തെടുക്കൽ പ്രക്രിയ പൂർത്തിയാകുകയും, കുട്ടിയുടെ പുതിയ മാതാപിതാക്കൾക്ക് നിയമപരമായ ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്യും.

ദത്തെടുത്ത ശേഷം കുട്ടിയ്ക്കും പുതുക്കിയ മാതാപിതാക്കൾക്കും നിയമപരമായ എല്ലാ അവകാശങ്ങളും ബാധ്യതകളും ഉണ്ടാകും.

ബാലനീതി നിയമം 2015 (Care and Protection of Children Act 2015)

പശ്ചാത്തലം: ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദങ്ങൾ 14, 15, 19, 21, 23, 24, 45 എന്നിവ കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായി വ്യവസ്ഥകൾ നിർദ്ദേശിക്കുകയും കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്താൻ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച കുട്ടികളുടെ അവകാശ ഉടമ്പടി 1992-ൽ ഭാരതം ഒപ്പുവെച്ചതിനാൽ, രാജ്യത്തെ ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യം നൽകുക എന്നത് ഭാരതത്തിന്റെ കടമയാണ്.


പ്രധാന സവിശേഷതകൾ:

  1. വ്യാഖ്യാനങ്ങൾ: വകുപ്പ് 2(12) പ്രകാരം 0-18 വയസ്സുള്ള ആളുകളെ കുട്ടി എന്ന് നിർവചിക്കുന്നു.
  2. കുട്ടികളുടെ തരംതിരിക്കൽ:
    • നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി: കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന കുട്ടികൾ.
    • ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടി: തെരുവുകുട്ടികൾ, ബാലവേല, ശൈശവ വിവാഹം, ഭിക്ഷാടനം, എച്ച്.ഐ.വി. എയ്ഡ്സ്, പീഡനത്തിനിരയായ, ലഹരിക്ക് അടിമയായ, ഉപേക്ഷിക്കപ്പെട്ട കുട്ടികൾ മുതലായവ.
  3. പ്രതിരോധ, സംരക്ഷണ, പുനരധിവാസ സംവിധാനം: ജൂവനൈൽ ജസ്റ്റിസ് ബോർഡ് (JJB) കുട്ടികൾക്കായി, ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) എല്ലാ ജില്ലകളിലും രൂപീകരണം.
  4. ദത്തെടുക്കൽ (Adoption): www.cara.nic.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
  5. പോറ്റി വളർത്തൽ (Foster Care): താൽക്കാലികം മറ്റൊരു കുടുംബത്തിൽ കുട്ടിയെ പാർപ്പിക്കുക.
  6. സ്പോൺസർഷിപ്പ്: കുട്ടിക്ക് മെച്ചമായ ജീവിതം നൽകാൻ ധനസഹായം.

CWC യുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്തവും:

  1. കുട്ടികളെ സ്വീകരിക്കുക: ഹാജരാക്കുന്ന കുട്ടികളെ സ്വീകരിക്കുക.
  2. തീരുമാനം എടുക്കുക: കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുക.
  3. സ്വമേധയാ ഇടപെടുക: കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വമേധയാ ഇടപെടുക.
  4. അന്വേഷണം നടത്തുക: സംരക്ഷണത്തിന് വെല്ലുവിളിയുള്ള സാഹചര്യങ്ങളിൽ അന്വേഷണം നടത്തുക.
  5. വൈദ്യപരിശോധന: കുട്ടികളുടെ പ്രായം സ്ഥിരീകരിക്കുക.
  6. പുനരധിവാസം: കുട്ടികളെ പുനരധിവസിപ്പിക്കുക.
  7. രേഖ സൂക്ഷിക്കുക: ഓരോ കുട്ടിയെക്കുറിച്ചും എടുത്ത തീരുമാനവും രേഖപ്പെടുത്തുക.
  8. കുട്ടി സൗഹൃദ അന്തരീക്ഷം: കമ്മിറ്റിയിൽ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക.
  9. ഫോസ്റ്റർ കെയർ: കുഞ്ഞുങ്ങളില്ലാത്ത മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ ലഭ്യമാക്കുക.
  10. സാക്ഷിപത്രം: ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ സാക്ഷിപത്രം നൽകുക.
  11. സ്ഥാപനങ്ങളുടെ പരിശോധന: കുട്ടികളെ പാർപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങൾ സന്ദർശിക്കുക.
  12. സംയോജിത പ്രവർത്തനം: മറ്റു സർക്കാർ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സംയോജിച്ച് പ്രവർത്തിക്കുക.
  13. മേൽവിലാസപ്പട്ടിക: സന്നദ്ധസംഘടനകളുടെ മേൽവിലാസപ്പട്ടിക തയ്യാറാക്കുക.

CWC യുടെ തീരുമാനങ്ങളിൽ പരാതിയുള്ളവർ: ജില്ലാ കളക്ടർക്കു പരാതി നൽകാം.

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി - Central Adoption Resource Authority (CARA)

ഇന്ത്യാ ഗവൺമെൻ്റിലെ വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ ഒരു സ്വയംഭരണാധികാരവും നിയമാനുസൃതവുമായ സ്ഥാപനമാണ് ഇത് 1990-ൽ സ്ഥാപിതമായി. ഇത് 2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന് കീഴിലുള്ള ഒരു നിയമപരമായ ബോഡിയാണ്. ഇന്ത്യൻ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നോഡൽ ബോഡിയായി ഇത് പ്രവർത്തിക്കുന്നു, കൂടാതെ ഇത് രാജ്യത്ത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിർബന്ധിതമാണ്. രാജ്യാന്തര ദത്തെടുക്കലുകളും. 2003-ൽ ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിച്ച ഇൻ്റർ-കൺട്രി അഡോപ്ഷൻ സംബന്ധിച്ച 1993-ലെ ഹേഗ് കൺവെൻഷൻ്റെ വ്യവസ്ഥകൾക്കനുസൃതമായി അന്തർ-രാജ്യ ദത്തെടുക്കൽ കൈകാര്യം ചെയ്യുന്നതിനുള്ള സെൻട്രൽ അതോറിറ്റിയായി CARA നിയോഗിക്കപ്പെട്ടിരിക്കുന്നു .

ഇന്ത്യയിൽ ഒന്നിലധികം ദത്തെടുക്കൽ നിയമങ്ങളുണ്ട്. പരമ്പരാഗതമായി, 1956-ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിൻ്റനൻസ് ആക്ട് (HAMA), ദത്തെടുക്കൽ, നിയമത്തിൻ്റെ ആവശ്യകതകൾക്കും കാഠിന്യത്തിനും വിധേയമായി, ഇന്ത്യയിൽ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും മറ്റുള്ളവർക്കും ഹിന്ദു കുടുംബ നിയമത്തിനോ ആചാരത്തിനോ വിധേയമായി ലഭ്യമാണ്. മറ്റുള്ളവർക്ക്, 1890-ലെ ഗാർഡിയൻസ് ആൻ്റ് വാർഡ്സ് നിയമം ബാധകമാണ്, എന്നാൽ ഇത് ഹിന്ദു കുടുംബ നിയമത്തിനോ ആചാരത്തിനോ വിധേയമല്ലാത്തവർക്ക് ദത്തെടുക്കലല്ല, രക്ഷാകർതൃത്വം മാത്രമേ നൽകുന്നുള്ളൂ. അംഗീകൃത ദത്തെടുക്കൽ ഏജൻസികൾ വഴി "അനാഥരും ഉപേക്ഷിക്കപ്പെട്ടവരും കീഴടങ്ങപ്പെട്ടവരുമായ" കുട്ടികളെ ദത്തെടുക്കുന്നതിനെയാണ് CARA പ്രാഥമികമായി കൈകാര്യം ചെയ്യുന്നത്. 2018-ൽ, ലിവ്-ഇൻ റിലേഷൻഷിപ്പിലുള്ള വ്യക്തികൾക്ക് ഇന്ത്യയിൽ നിന്നും അകത്തുനിന്നും കുട്ടികളെ ദത്തെടുക്കാൻ CARA അനുവദിച്ചിട്ടുണ്ട്.

©മോഹൻദാസ് വയലാംകുഴി 

#CentralAdoptionResourceAuthority #childAdoption #CARA #ChildProtectionAct #CWC #ChildWelfareCommittee #MohandasVayalamkuzhy #BetterLifeFoundationIndia #NGO #Adoption #Wayanad #Landslide #Flood #Kerala #AdoptionProceedureInIndia #FosterCare #HAMA #Wayanad #Mundakkai #Landsliding #Flood #Orphan #InternshipProgram

ബാലനീതി വിവരങ്ങൾക്ക് കടപ്പാട്: റോയ് മാത്യു വടക്കേൽ

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ 


Saturday, 1 June 2024

Unlock your potential & find a job that sets your soul on fire

Personal Grooming - 2

സാധാരണ എല്ലാവരും ആഗ്രഹിച്ച ജോലി കിട്ടാതിരിക്കുമ്പോൾ കിട്ടിയ ജോലിയിൽ അസംതൃപ്തി പ്രകടിപ്പിച്ചു കൃത്യസമയം പാലിക്കാതെയും ജോലിയിൽ പരിപൂർണ്ണ ശ്രദ്ധ ചെലുത്താതെയും സ്വയം പഴിപറഞ്ഞും ചിലർ ജീവിക്കുന്നത് കാണാം.

സർക്കാർ ജോലി നോക്കുന്നവരിലും ഇത് കാണാം. വരുന്ന പി.എസ്.സി/യു.പി.എസ്.സി പരീക്ഷകളൊക്കെ വലിച്ചുവാരി എഴുതുകയും ഒടുവിൽ ഇഷ്ടപ്പെടാത്തൊരു ജോലിക്ക് അപ്പോയ്ൻമെൻറ് ലെറ്റർ വരികയും ഗവണ്മെന്റ് ജോലിയല്ലേ കളയണ്ട എന്നു വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും പറഞ്ഞതനുസരിച്ചു ജോലിയിൽ കയറി വെറുത്തു വെറുത്തു ദിവസങ്ങൾ തള്ളി നീക്കുന്നവരുണ്ട്.

ഒരു ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മറ്റൊരു ജോലിക്ക് വീണ്ടും പഠിച്ചു പരീക്ഷ എഴുതാൻ പാടില്ലെന്ന നിയമമൊന്നും നമ്മുടെ നാട്ടിൽ നിലവിൽ ഇല്ലെന്നിരിക്കെ നിങ്ങൾ താത്കാലികമായി ഒരു ജോലി നിലനില്പിനുവേണ്ടി ചെയ്യുന്നു (നിലനിൽപ്പിന് വേണ്ടി ചെയ്യുന്ന താത്കാലിക ജോലിയായാലും വളരെ ആത്മാർത്ഥമായി ചെയ്യുക) എന്ന് മാത്രം കരുതി വീണ്ടും ആത്മാർത്ഥമായി പഠിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയിൽ, ആഗ്രഹിക്കുന്ന ജോലി തന്നെ ലഭിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്.

കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവ് പ്രകാരം ഇത്ര വർഷം കപ്ലീറ്റ് ആയാൽ അടുത്ത ലെവലിലേക്ക പ്രമോഷൻ ലഭിക്കുമെന്ന വ്യാമോഹം സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ട. പ്രമോഷന് അർഹതയുണ്ടെന്ന് തെളിയിക്കാനുള്ള പരീക്ഷകളിൽ പാസാവുക തന്നെ വേണമെന്ന് കോടതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

തുടക്കത്തിൽത്തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ട ശമ്പളത്തോടുകൂടിയ ജോലിയോ, ഇഷ്ടപ്പെട്ട മേഖലയോ ലഭിക്കണമെന്നില്ല. എങ്കിലും നിങ്ങൾ ഏതൊരു ജോലിയിൽ കയറിയാലും അതൊരു ചവിട്ടുപടിയായി മാത്രം കണ്ടു ഭാവിയിൽ ഏറ്റവും ഇഷ്ടപ്പെട്ട മേഖലയിൽത്തന്നെ ജോലി ചെയ്യുവാനുള്ള കഠിന പരിശ്രമങ്ങൾക്ക് തുടക്കമിടുക.

പഠിക്കുമ്പോൾ തന്നെ സ്വിഗ്ഗിയിലും സൊമാറ്റോയിലും ഓലയിലും ഉബറിലും ജോലി ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. അവരൊക്കെയും ഇത്തരം കമ്പനികൾ മൾട്ടി നാഷണൽ കമ്പനികളായതുകൊണ്ടും പറയാൻ ഇച്ചിരി കൊള്ളാവുന്ന കമ്പനികളായതുകൊണ്ടും ജോലി ചെയ്യുന്നതായിട്ടാണ് പലരോടും ചോദിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്. അതേസമയം തട്ടുകട നടത്തിയും ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും പത്രമിട്ടും പൂഴിവാരാൻ പോയും വരുമാനമുണ്ടാക്കി പഠിക്കുന്നവരുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തോടുകൂടി ന്യൂജെൻ പിള്ളേർക്ക് എന്ത് ജോലി ചെയ്താലും അതൊക്കെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വൈറലായാൽ അഭിമാനിക്കാം എന്നുള്ളതുകൊണ്ട് പലരും എന്ത് ജോലിയായാലും ചെയ്യാൻ ഉത്സാഹം കാണിക്കുന്നുണ്ട്. പക്ഷെ, ഈ ഉത്സാഹം എത്രനാൾ കാണും എന്നതാണ് പ്രധാനം.

പറഞ്ഞു വരുന്നത് പഠിത്തം കഴിഞ്ഞുള്ള ജോലിയെക്കുറിച്ചാണ്. നിങ്ങളുടെ ഭാഗ്യംകൊണ്ടോ, കുറച്ചധികം നാക്കിൻറെ ബലം കൊണ്ടോ, അതുമല്ലെങ്കിൽ ആരുടെയെങ്കിലും റഫറൻസിലോ ഇഷ്ടപ്പെട്ട ജോലി കിട്ടിയെന്നിരിക്കട്ടെ. പക്ഷെ, നിങ്ങൾക്ക് ആ ജോലിയിൽ വേണ്ടത്ര തിളങ്ങാൻ പറ്റിയില്ലെങ്കിൽ? വിചാരിച്ച രീതിയിൽ കാര്യങ്ങൾ മാനേജ് ചെയ്യാൻ പറ്റാതിരുന്നാൽ? ക്ലയന്റിനെ കൃത്യമായി സംതൃപ്തിപെടുത്താൻ പറ്റിയില്ലെങ്കിൽ? മീറ്റിങ്ങുകളിൽ കാര്യങ്ങൾ വേണ്ട രീതിയിൽ വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ? നല്ലരീതിയിൽ പ്രസന്റേഷൻ സ്കിൽ ഇല്ലെങ്കിൽ? ഇഷ്ടപ്പെട്ട ജോലിയായാലും നിങ്ങൾ വെറുത്തുപോകുന്നത് എന്തുകൊണ്ടായിരിക്കും? ഇങ്ങനെ വരുമ്പോൾ കമ്പനിയെയും മറ്റുള്ളവരെയും സ്വയം പഴിച്ചും കാര്യമുണ്ടോ?

ഇവിടെയാണ് നമ്മുടെ സ്കിൽ പരിപോഷിപ്പിച്ചെടുക്കേണ്ട ആവശ്യകത സംജാതമാകുന്നത്.  മുകളിൽ പറഞ്ഞ ഏതെങ്കിലും ഭാഗ്യം കൊണ്ട് ജോലി കിട്ടിയതാണെങ്കിലും കഷ്ടപ്പെട്ടുതന്നെ നേടിയതാണെങ്കിലും നിങ്ങൾക്ക് ആ ജോലിയിൽ തന്നെ ദീർഘകാലം തുടരാനും സമ്മർദ്ധങ്ങളില്ലാതെ സന്തോഷത്തോടും സമാധാനത്തോടുംകൂടി ജോലി ചെയ്യണമെങ്കിൽ ആ മേഖലയിൽത്തന്നെ ഉയർന്ന പദവിയും ഉയർന്ന ശമ്പളവും ഭാവിയിൽ ലഭിക്കണമെങ്കിൽ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾകൂടി ചെയ്യേണ്ടതായി വരും.

നിങ്ങളുടെ നിലവിലുള്ള രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമുള്ള മാറ്റങ്ങൾക്ക് വിധേയമാകുക - ഓരോ സ്ഥാപനത്തിനും ഓരോ പോളിസിയുണ്ട്, ഡ്രസ്സ് കോഡുണ്ട്, വർക്കിങ്ങ് സ്റ്റൈലും കൾച്ചറുമുണ്ട്. അതിനനുസരിച്ചു നിങ്ങൾ മാറിയേതീരൂ.

സമയം - ഓരോ സ്ഥാപനങ്ങൾക്കും ഓരോ രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അത് ആ സ്ഥാപനത്തിൻറെ സ്വഭാവം അനുസരിച്ചായിരിക്കും.ഉദാഹരണത്തിന് ബാങ്കിലൊക്കെ മാസാവസാനവും വർഷാവസാനവും നല്ലരീതിയിൽ വർക്ക് പ്രഷറും ജോലി ഭാരം കൂടുകയും കൂടുതൽ സമയം ജോലി ചെയ്യേണ്ടാതായി വരികയും ചെയ്യും. പോസ്റ്റൽ കൊറിയർ, സ്ഥാപനങ്ങളിലൊക്കെ രാവിലെ മുതൽ ഉച്ചവരെ എൻട്രിയും തരം തിരിക്കലുമായി നല്ല പണികാണും. അതുകഴിഞ്ഞാൽ ചിലപ്പോൾ ഒരുപണിയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഓരോ സ്ഥാപനത്തിലും ജോലിക്ക് കയറും മുൻപ് ആ സ്ഥാപനത്തിന്റെയും നിങ്ങൾ കയറുന്ന ജോലിയുടെയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക. പ്രത്യേകിച്ചും ഹോസ്പിറ്റലിൽ ജോലിക്ക് കയറുന്നവർ ഒട്ടുമിക്ക ജോലിയിലും നിർബന്ധമായും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടതായി വരും. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യാൻ പറ്റാത്തവരുണ്ടെങ്കിൽ ആദ്യമേ ഇത്തരം ജോലി നോക്കാതിരിക്കുന്നതാണ് ഉചിതം. വീട്ടിൽ പല ജോലികളും തീർത്ത് ജോലിക്ക് പോകുന്നവരും ജോലി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, വീട്ടിൽ പ്രായമായ അച്ഛനും അമ്മയും ചെറിയ കുട്ടികളും ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങളിലൊക്കെ കൃത്യസമയങ്ങളിൽ ശ്രദ്ധവേണ്ട അവസ്ഥയുള്ളവരാണെങ്കിൽ നിർബന്ധമായും ഇപ്പോൾ നിലവിലുള്ള വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിനനുസരിച്ചു വീട്ടുജോലിക്കാരെയോ മറ്റു രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി ജോലിക്ക് പോവുക. അല്ലെങ്കിൽ വീട്ടിലെ പ്രശ്നങ്ങളും സമയവും മാത്രം ആലോചിച്ചു ജോലിയിൽ ശ്രദ്ധാകേന്ദ്രീകരിക്കാനാവാതെ വരികയും ഒടുവിൽ ജോലിയിലുള്ള കാര്യക്ഷമത നഷ്ടപ്പെട്ട് ജോലിതന്നെ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാം. അതുകൊണ്ടുതന്നെ ടൈം മാനേജ്‌മെന്റ് എന്നത് എത്രത്തോളം പ്രധാനമെന്നത് നിങ്ങൾ മനസ്സിലാക്കിയേ മതിയാകൂ.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വല്ലാതെ മാനസികമായി പിരിമുറുക്കത്തിൽ അകപ്പെട്ടുകിടക്കുകയാണെന്നും എന്തെങ്കിലും സൊലൂഷൻ പറഞ്ഞുതരണമെന്നും ചോദിച്ചു വിളിച്ചിരുന്നു. ആദ്യം ഞാൻ  എല്ലാം കേട്ടു. കേട്ടപ്പോൾ എന്ത് സൊലൂഷൻ പറയണമെന്ന് ആശങ്കയിലായി. കാരണം, ഇഷ്ടപ്പെട്ട ജോലിയാണ് ചെയ്യുന്നത്. നല്ല ശമ്പളവും ഉണ്ട്. അതിലുപരി ഇഷ്ടത്തിനനുസരിച്ചു ജോലി ചെയ്യാനുള്ള സാഹചര്യവും അത്യാവശ്യം വന്നാൽ ഹാഫ് ഡേ ലീവോ, അത്യാവശ്യ ഘട്ടങ്ങളിൽ ഒന്നോ രണ്ടോ ദിവസവും ലീവെടുക്കാനും മാനേജ്‌മെന്റ് സമ്മതിക്കുന്നുണ്ട്. വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ ഉള്ളിൽ തന്നെയാണ് സ്ഥാപനം. പക്ഷെ, അതിരാവിലെ എഴുന്നേറ്റ് ജോലിയൊക്കെത്തീർത്തു മക്കളെയൊക്കെ റെഡിയാക്കി ജോലിക്ക് ബസ്സിൻറെ സമയം നോക്കി വീട്ടിൽ നിന്നും ഇറങ്ങണം. രാവിലെയും വൈകുന്നേരവും നല്ല ട്രാഫിക്ക് കാരണം ഒരുപാട് സമയം എടുക്കുന്നതുകൊണ്ട് കുറച്ചുകൂടി നേരത്തെ ഇറങ്ങേണ്ടതായി വരുന്നുണ്ട്. വൈകുന്നേരം ചിലപ്പോൾ കസ്റ്റമേഴ്‌സ് ഉണ്ടെങ്കിൽ ബില്ലൊക്കെ റെഡിയാക്കി കൊടുത്ത് ഇറങ്ങുമ്പോൾ തന്നെ വൈകും. വീട്ടിൽ എത്തുമ്പോൾ ചിലപ്പോൾ രാത്രിയാകും. വീണ്ടും വീട്ടിലെ മൊത്തം ജോലിയൊക്കെത്തീർത്തു കിടക്കുമ്പോൾ ഏറെ വൈകും. ഇതുതന്നെയാണ് ദിവസവും തുടരുന്നത്. ആകെ കിട്ടുന്ന ഞായറാഴ്ച അലക്കാനും വീട് വൃത്തിയാക്കാനും ഉണ്ടാകും. അത്യാവശ്യം എഴുത്തിനോടും വായനയോടും താത്പര്യമുള്ള ആളെന്ന നിലയിൽ വായനയും എഴുത്തും നടക്കുന്നില്ലെന്ന വിഷമവും ക്രീയേറ്റിവായി ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ആധിയുമാണ് ഇപ്പോൾ അലട്ടികൊണ്ടിരിക്കുന്ന മാനസിക പിരിമുറുക്കത്തിന് കാരണം. കഥ മൊത്തം കേട്ടപ്പോൾ എനിക്ക് നിർദ്ദേശിക്കാൻ തോന്നിയ ഒരേയൊരു സൊലൂഷൻ ഒരു ടൂവീലർ എടുക്കുക എന്നതാണ്. ടൂവീലർ ഓടിക്കാൻ അറിയില്ലെന്നും പേടിയാണെന്നൊക്കെ പറഞ്ഞു. എന്നാൽ പാഷനൊക്കെ മനസ്സിൽ നിന്ന് കളഞ്ഞു ഇപ്പോൾ ജീവിക്കുന്നതുപോലെ ജീവിച്ചു മരിച്ചോ ജീവിച്ചോ എന്ന് പറഞ്ഞു.

ടൂവീലർ ഓപ്‌ഷൻ വെച്ചതിനുള്ള കാരണങ്ങൾ ഇതാണ്. ഇഷ്ടപ്പെട്ട ജോലി, ഉയർന്ന ശമ്പളം, പ്രായവും കൂടിയിട്ടുണ്ട് (പുതിയൊരു ജോലി തപ്പിയെടുക്കാനുള്ള ബുദ്ധിമുട്ട്) പത്ത് കിലോമീറ്റർ എന്നത് വലിയ ദൂരവുമല്ല, അത്യാവശ്യം സ്വാതന്ത്ര്യത്തോടും സമാധാനത്തോടുംകൂടി ജോലി ചെയ്യാൻ പറ്റുന്ന സ്ഥാപനവുമാണ്. ഇവിടെ വിഷയം ബസ്സിൽ പോയി വരുന്നതുകൊണ്ട് രാവിലെയും വൈകുന്നേരവും ബസ്സിൻറെ സമയം നോക്കി ഇറങ്ങേണ്ടതുണ്ട്. സമയത്തിന് പോകേണ്ടതുകൊണ്ട് ചിലപ്പോഴൊക്കെ കുട്ടികളുടെ കാര്യങ്ങൾ വീട്ടിലുള്ള മറ്റുള്ളവരെ ഏൽപ്പിച്ചു ഇറങ്ങിയാലും കുട്ടികൾ മര്യാദയ്ക്ക് കഴിച്ചു കാണുമോ, സ്‌കൂളിൽ പോയോ എന്നൊക്കെയുള്ള ചിന്തകളായിരിക്കും. വൈകുന്നേരം കസ്റ്റമേഴ്സ് കൂടുതൽ ഉണ്ടെങ്കിൽ ഇടയ്ക്കിടെ സമയം നോക്കി  ടെൻഷൻ അടിച്ചു ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതെ വരുന്നു. തെറ്റുകൾ വരുന്നതുകൊണ്ട് പിറ്റേന്ന് മേലധികാരിയിൽ നിന്ന് ചീത്ത കേൾക്കേണ്ടതായി വരുന്നു. കൂടുതൽ വൈകിയാൽ ഓട്ടോ പിടിച്ചു പോകേണ്ടതായി വരുന്നു. എല്ലാം കൂടി ടെൻഷൻ മാറുന്നേയില്ല. ഏറ്റവും ട്രാഫിക്ക് കൂടിയ ഒരു നഗരത്തിൽ താമസിക്കുമ്പോൾ ഒരു ടൂവീലർ സ്വന്തമായി ഉണ്ടെങ്കിൽ നിങ്ങളുടെ സമയത്തിനനുസരിച്ചു പോകാനും വരാനും സാധിക്കും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്പോൾ നിർബന്ധമായും അതിന് വേണ്ടി ഡ്രൈവിങ്ങ് സ്‌കിൽ ഉണ്ടാക്കിയെടുത്തെ മതിയാകൂ.

അതുപോലെതന്നെയാണ് ഫീൽഡ് ജോലി ചെയ്യുന്നവരും നിർബന്ധമായും നിങ്ങളുടെ ജോലിക്ക് അനുസരിച്ചു  ടൂവീലർ അല്ലെങ്കിൽ ഫോർവീലർ സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്.

ജീവിതത്തിൽ ടൈം മാനേജ്‌മെൻറ് പിന്തുടർന്നാൽ ഒരുപാട് കാര്യങ്ങൾക്ക് സ്വാഭാവികമായിത്തന്നെ പരിഹാരമുണ്ടാകും. അതില്ലെങ്കിൽ സമയത്തിന് ജോലി തീർക്കാത്തതിനുള്ള ചീത്തവിളിയും, ടെൻഷനും പിരിമുറുക്കവും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

നെറ്റ്‌വർക്ക് - പലർക്കും ഒരു വിചാരമുണ്ട്. ഉയർന്ന ജോലിയും ഉയർന്ന ശമ്പളവുമൊക്കെ കിട്ടിയാൽ അതിനനുസരിച്ചുള്ള ബന്ധങ്ങളും വ്യക്തികളും മതി എന്ന്. പക്ഷെ, ഏതൊരു ജോലിയിൽ കയറിയാലും ആ ജോലിയുമായി ബന്ധപ്പെട്ടോ അവിടെയുള്ള വ്യക്തികളുമായി ബന്ധപ്പെട്ടോ നമ്മൾക്ക് പലരേയും ആവശ്യമായിവരും.

ഉദാഹരണത്തിന് നമ്മൾ മൾട്ടി നാഷണൽ കമ്പനിയിൽ വർക്ക് ചെയ്യുന്നതായാൽ പോലും സീനിയർ പൊസിഷനിൽ ഇരിക്കുന്നവരായാലും നമുക്ക് മുകളിൽ ഇരിക്കുന്ന ആൾ രാവിലെതന്നെ വിളിച്ചു പൈപ്പ് പൊട്ടിയെന്നോ, കാബിനിൽ ഏസി വർക്ക് ചെയ്യുന്നില്ലെന്നോ പറഞ്ഞു ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ അറിയാവുന്നവർ ഉണ്ടെങ്കിൽ അപ്പോൾത്തന്നെ വിളിച്ചു പ്രശ്നം പരിഹരിക്കാൻ സാധിക്കും. ചിലപ്പോൾ ആ ദിവസം കമ്പനിക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണെങ്കിൽ നിങ്ങൾ ഇതുമൂലം ടെൻഷൻ അടിക്കേണ്ടതായി വന്നേക്കാം. ഇതേപോലെതന്നെയാണ് നമുക്ക് താഴെയുള്ള ജോലിക്കാരുടെ കാര്യവും. ഒരാൾ പെട്ടന്ന് ജോലി വിടുകയോ, അപകടമോ, അസുഖമോ വന്നു ജോലിക്ക് വരാതിരുന്നാൽ വളരെ പ്രധാനപ്പെട്ട ജോലി കൈകാര്യം ചെയ്യുന്ന ആളാണെങ്കിൽ ആ പൊസിഷനിൽ എത്രയും പെട്ടന്ന് മറ്റൊരാളെ നിയമിക്കേണ്ടതായി വരും. അങ്ങനെയുള്ളപ്പോഴും നമ്മുടെ കണക്ഷൻസ്, അല്ലെങ്കിൽ നെറ്റ്‌വർക്ക് ഉപയോഗിക്കാൻ സാധിക്കും.

കണക്ഷൻസ് ഉണ്ടാക്കുന്ന കാര്യം പറയുമ്പോൾ തന്നെ കൂട്ടത്തിൽ ഒരു കാര്യം കൂടി പറയേണ്ടത്, ആവശ്യത്തിന് മാത്രം വിളിക്കുകയും ഇങ്ങോട്ടു വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാതിരിക്കുകയോ ചെയ്‌താൽ അത്തരം ആളുകൾ പിന്നീടൊരിക്കലും നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി വിളിച്ചാൽ സാഹായിക്കില്ലെന്ന് മാത്രമല്ല, അയാൾക്കറിയാവുന്ന മറ്റു സുഹൃത്തുക്കളോടും നിങ്ങളെക്കുറിച്ചുള്ള ബാഡ് ഇമ്പ്രെഷൻ ഉണ്ടാക്കാൻ വഴിയൊരുക്കും. കണക്ഷനുവേണ്ടി എല്ലാവരേയും പിടിച്ചു കമ്പനിയാക്കാം എന്ന് വിചാരിച്ചാലും പണികിട്ടാൻ സാധ്യതയുണ്ട്. സഹായങ്ങൾ ചെയ്തുതന്നതിന് ശേഷം നമ്മളെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ, തെറ്റായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുകയോ ചെയ്‌താൽ നിങ്ങൾ കുഴിയിൽ പോയി ചാടുകയും ജോലി നഷ്ടപ്പെടുകയും ചിലപ്പോൾ കേസും കോടതിയും ജയിലും വരെ ആവാനുള്ള സാധ്യതയുമുണ്ട്. എന്ത് തിരഞ്ഞെടുക്കുമ്പോഴും വിവേകത്തോടെ തിരഞ്ഞെടുക്കുക. പറ്റില്ലെന്ന് പറയേണ്ട അവസരം വന്നാൽ തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കുക.

ഭാഷ - നമുക്ക് ജീവിക്കാൻ ഭാഷ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുവേണമെങ്കിൽ പറയാം. പക്ഷെ നമ്മുടെ ജീവിതം സുന്ദരവും സുരഭിലവും സന്തോഷകരമാക്കാനും ആത്മവിശ്വാസം ഉണ്ടാകാനും ഭാഷയ്ക്കുള്ള പങ്ക് ചെറുതല്ല. എവിടെയും ആരോടും അവരുടെ ഭാഷയിൽ സംസാരിക്കാൻ സാധിക്കാൻ കഴിഞ്ഞാൽ അവർക്ക് നിങ്ങളോട് അടുപ്പം വർദ്ധിക്കുകയും അതുവഴി കാര്യങ്ങൾ എളുപ്പമാക്കാനും സാധിക്കും. ചില സമയത്ത് നിങ്ങൾക്ക് ഡീൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തിക്ക് അയാളുടെ ഭാഷ അല്ലാതെ മറ്റൊരു ഭാഷയും വശമില്ലെങ്കിൽ ആ ഭാഷ നിങ്ങൾക്ക് അറിയുന്നുണ്ടെങ്കിൽ മറ്റൊരാളുടെ സഹായമില്ലാതെ തന്നെ നിങ്ങൾക്ക് അയാളെ ഡീൽ ചെയ്യാൻ സാധിക്കുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ കോൺഫിഡൻഷ്യൽ ആയി കൈകാര്യം ചെയ്യേണ്ട കാര്യം ഭാഷ അറിയാത്തതുകൊണ്ട് ദ്വിഭാഷിയെ വെച്ച് സംസാരിച്ചു രഹസ്യവിവരങ്ങൾ പരസ്യമാകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. 

കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെക്ടറിൽ ജോലി ചെയ്യുന്ന ഒരാളുടെ ബലം തന്നെ അയാളുടെ പ്രാദേശികമായ അറിവും കണക്ഷനും ഭാഷാ പരിജ്ഞാനവുമാണ്.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം - ഓരോ ജോലിക്കും ഓരോ സ്വഭാവമാണ്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ തന്നെ പലരീതിയിൽ കൈകാര്യം ചെയ്യേണ്ട ഒന്നാണ് സമൂഹ മാധ്യമങ്ങൾ. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചു മുൻ ലേഖനത്തിൽ വിശദമായി പറഞ്ഞിട്ടുണ്ടെങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ കൂടെ കൂട്ടിച്ചേർക്കാനുണ്ട്. നിങ്ങൾ ഏത് പൊസിഷനിൽ ജോലി ചെയ്താലും നിങ്ങളുടെ ജോലിയുടെ ഉയർച്ചയ്ക്കും ഉന്നത പദവിയിലേക്കുള്ള പ്രയാണത്തിനും കൂടുതൽ ശമ്പളവും ഉയർന്ന പൊസിഷനിലേക്കെത്താനും ലിങ്ക്ഡിൻ പോലുള്ള പ്രൊഫഷണൽ മാധ്യമങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിങ്ങളുടെ അഭിപ്രായങ്ങളും സമയാസമയങ്ങളിൽ കൃത്യമായി രേഖപ്പെടുത്തി ആക്ടീവായി ഇരിക്കുക. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കമ്പനികളെയും എച്.ആർ എക്സിക്ക്യൂട്ടിവുകളേയും സമാന ജോലി സ്വഭാവമുള്ള ആളുകളെയും പിന്തുടരുക. തന്മൂലം നിങ്ങൾക്ക് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഉയർന്ന ജോലികൾ നേടിയെടുക്കാൻ ഇതുവഴി സാധിക്കുന്നതാണ്. പക്ഷെ, ലിങ്ക്ഡിൻ പോലുള്ള മാധ്യമങ്ങളിൽ അനാവശ്യമായി ഒരാൾക്ക് മെസ്സേജയച്ചു ബുദ്ധിമുട്ടിക്കാൻ ചെന്നാൽ ഉള്ള ജോലിവരെ പോകാനുള്ള സാധ്യതയുണ്ട്. കാരണം ഒട്ടുമിക്ക സ്ഥാപനങ്ങളും അതിലെ മേധാവികളും തമ്മിൽ നല്ല പ്രൊഫഷണൽ ബന്ധമുണ്ടായിരിക്കും. അങ്ങനെ വരുമ്പോൾ തുടർച്ചയായ സന്ദേശങ്ങൾ അയാൾക്കൊരു ബുദ്ധിമുട്ടയാൽ ആദ്യം അറിയുന്നത് നിങ്ങളുടെ കമ്പനിയിലെ എച്.ആർ ആയിരിക്കും. മറ്റു കമ്പനികളിൽ ജോലി നോക്കുന്നുണ്ടെന്ന അറിവ് ചിലപ്പോൾ നിങ്ങളുടെ ജോലി തെറിക്കാൻ കാരണമായേക്കാം. അല്ലെങ്കിൽ നിങ്ങളോടുള്ള സമീപനത്തിന് കോട്ടം തട്ടിയേക്കാം, അതുമല്ലെങ്കിൽ നിങ്ങളുടെ പ്രമോഷനെത്തന്നെ ബാധിച്ചേക്കാം.

ഇതിൽ മറ്റൊരു കാര്യം സമൂഹ മാധ്യമങ്ങൾ നന്നായി ഉപയോഗിച്ചു ജോലി ചെയ്യേണ്ട മേഖലകൾ ഉണ്ടായിരിക്കും. അവിടെ നിങ്ങൾ ഇത് കാര്യക്ഷമമായി ഉപയോഗിച്ചില്ലെങ്കിലും പ്രശ്നമാണ്. ഉദാഹരണത്തിന് മാർക്കറ്റിങ്ങ് കമ്പനികൾ ആണെങ്കിൽ ദിവസവും പലതരത്തിലുള്ള പരസ്യങ്ങളും പോസ്റ്ററുകളും ഷെയർ ചെയ്യേണ്ടതായി വരും. കൂടുതൽ പേരിലേക്ക് എത്തിക്കേണ്ടതായി വരും. അങ്ങനെ വരുമ്പോൾ നിങ്ങൾ സമൂഹ മാധ്യമങ്ങൾ നന്നായി ഉപയോഗിക്കുന്നവരാണെങ്കിൽ കുറച്ചുകൂടി മൈലേജ് ലഭിക്കും.

ഒരു പരസ്യ കമ്പനിയിലോ ഈവന്റ് മാനേജ്മെൻറ് കമ്പനിയിലോ ജോലി ചെയ്യുമ്പോഴും ഇതുതന്നെ അവസ്ഥ. നിങ്ങൾ ഇത് ഷെയർ ചെയ്യണമെന്നൊന്നും ആരും പറയാനോ നിർബന്ധിക്കാനോ വരില്ലെങ്കിൽപോലും നിങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് ഹയർ അതോറിറ്റി മനസ്സിലാക്കിയെടുക്കുമെന്നുള്ള കാര്യം ഓർമ്മിക്കുക.

ഇനി പറയാൻ പോകുന്നത് മറ്റു സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചാണ്.  ഇന്റർവ്യൂവിന് തയ്യാറെടുക്കേണ്ടതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും മുൻപ് ഒരു ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിരുന്നു. ലിങ്ക് താഴെ കൊടുക്കുന്നു. 

Personal Grooming - 1

https://storiesofmohandas.blogspot.com/2023/08/interview-tips-and-personal-grooming.html

Personal Grooming - 3

Crafting The Perfect Resume: A Step-by-Step Guide to Stand Out

https://storiesofmohandas.blogspot.com/2024/09/crafting-perfect-resume-step-by-step.html

©മോഹൻദാസ് വയലാംകുഴി


#MohandasVayalamkuzhy #Article #Career #Job #Interview #SocialMediaCulture #SocialMedia #Behaviour #charecter #Potential #growth #Salary #Position #JobSearch #PartTimeJob #WorkFromHome

Wednesday, 8 May 2024

ലക്ഷദ്വീപിലേക്കുള്ള എൻറെ സ്വപ്നയാത്ര...

 


കൽപേനി ദ്വീപ് - ഒരു നിധി ദ്വീപ് (Kalpeni Island - A Treasure Island)

ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിൽ കൊച്ചിയോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് കൽ‌പേനി. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ജന്തുജാലങ്ങൾ വെള്ളത്തിനടിയിൽ ആനന്ദിക്കുന്നു.  പർപ്പിൾ നിറത്തിലുള്ള പവിഴപ്പുറ്റുകൾ പലതരം ആകൃതികളിൽ ശാഖ ഉണ്ടാക്കിയിരിക്കുന്നു, എനിക്ക് അവയെ സ്പർശിക്കാൻ കഴിയും;  പക്ഷെ എനിക്ക് നന്നായി അറിയാം - പവിഴപ്പുറ്റുകളുടെ കാഴ്ച അകലെ നിന്ന് ആസ്വദിക്കുന്നതാണ് ഭംഗിയെന്നും, ഒരു ചെറിയ സ്പർശനം പോലും അവയെ ശിഥിലമാക്കുമെന്നും.  ഞാൻ കൊച്ചിയിൽ നിന്ന് പടിഞ്ഞാറ് 155 (287 KM) നോട്ടിക്കൽ മൈൽ അകലെയാണ്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത്.

അറബിക്കടലിൽ, ലക്ഷദ്വീപ് 36 ദ്വീപുകളുടെ ഒരു കൂട്ടമാണ്, അവയിൽ 10 എണ്ണം മാത്രമേ ജനവാസമുള്ളൂ.  12 അറ്റോളുകൾ, 3 പാറകൾ, ചില മനോഹരമായ തടാകങ്ങൾ എന്നിവയാൽ വസിക്കുന്ന, സമുദ്രജീവികളുടെ ഒരു നിധി അതിൻ്റെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു.  ദ്വീപിൻ്റെ ചരിത്രം ഐതിഹ്യങ്ങളാൽ പൊതിഞ്ഞതാണ്, എന്നാൽ അറേബ്യൻ വ്യാപാരികളുടെ സ്വാധീനത്തിൽ നിവാസികൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാം സ്വീകരിച്ചുവെന്നതാണ്.  11-ാം നൂറ്റാണ്ടിൽ, മലബാർ തീരത്ത് നിന്ന് ദ്വീപുകളുടെ നിയന്ത്രണം ചോളന്മാരിലേക്കും കണ്ണനൂർ രാജ്യത്തിലേക്കും പോയി.  ഒടുവിൽ അത് ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമാകുന്നതിന് മുമ്പ് പലതവണ കൈ മാറി.

ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നായ കൽപേനി ദ്വീപ് ആൻഡ്രോത്തിൽ നിന്ന് അറുപത്തിമൂന്ന് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.  വിനോദസഞ്ചാരകേന്ദ്രത്തിലെ ഒരു പ്രധാന സ്ഥലമായ കൽപേനി വിനോദസഞ്ചാരികൾക്ക് പ്രദേശത്തെ വിവിധ ജല കായിക വിനോദങ്ങളിലൂടെ അവരുടെ കായിക വൈദഗ്ധ്യവും സ്പോർട്സ് സ്പിരിറ്റും പര്യവേക്ഷണം ചെയ്യാനുള്ള മികച്ച അവസരം നൽകുന്നു.

തുല്യ അളവിലുള്ള സാഹസികത കലർന്ന വിനോദത്തിൻ്റെ സമന്വയം ആഗ്രഹിക്കുന്നവർക്ക്, കൽപേനി ദ്വീപ് അവർക്ക് സാഹസികമായ ജല കായിക വിനോദങ്ങൾ കാഴ്ചവയ്ക്കുന്നു.  പ്രകൃതിദത്തവും പ്രകൃതിരമണീയവുമായ സൗന്ദര്യത്തിൻ്റെ ഏറ്റവും മികച്ച സമ്മാനം നൽകുന്ന കൽപേനി ദ്വീപ് പരമ്പരാഗത സംസ്കാരത്തിൻ്റെയും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും സമന്വയമാണ്.

ഈ പ്രദേശത്തെ വൈവിധ്യമാർന്ന പാരിസ്ഥിതിക ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന കൽപേനി ദ്വീപ് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ അനുഗ്രഹീതമാണ്, കൂടാതെ നിരവധി അപൂർവ ജൈവ ഇനം സസ്യങ്ങളും മൃഗങ്ങളും ജലജീവികളും.  സുവർണ്ണ മണൽ ബീച്ചുകളും അറബിക്കടലിലെ ശുദ്ധജലവും കൽപേനി ദ്വീപിലെ പവിഴപ്പുറ്റുകളും വിനോദസഞ്ചാരികളെ ആകർഷകമാക്കുകയും ചെയ്യുന്നു.  കൽപേനി ദ്വീപിലെ അതിമനോഹരമായ ചുറ്റുപാടുകൾ വിനോദസഞ്ചാരികളെ അതീന്ദ്രിയമായ തലത്തിലേക്ക് ഉയർത്തുകയും കവിഭാവനകളെ ഉണർത്തുകയും ചെയ്യുന്നു.

കൽപേനി ദ്വീപിലെ തദ്ദേശവാസികൾ സാമൂഹിക മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ തന്നെ പൊലീസിനെ പെർമിറ്റ് കാണിച്ചു സീലും ഒപ്പും വാങ്ങുകയും മടങ്ങുമ്പോഴും ഇതുപോലെ സീലും ഒപ്പും വാങ്ങേണ്ടതാണ്. കപ്പലിറങ്ങുന്ന സ്ഥലത്ത് പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരിക്കും. ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി സീലും ഒപ്പും വയ്പ്പിക്കണം.  കൽപേനി ദ്വീപ് സമാധാനപരമായ മനുഷ്യ അസ്തിത്വത്തിൻ്റെ സ്ഥലമാണ്. കൽപ്പേനി ദ്വീപിലെ കോൽക്കളിയുടെയും പരിചക്കളിയുടെയും വർണ്ണാഭമായതും ആകർഷകവുമായ നാടോടി നൃത്തങ്ങൾ തദ്ദേശീയ ജനതയുടെ കലാപരമായ കഴിവ് ചിത്രീകരിക്കുന്നു.

കന്നനൂർ ദ്വീപുകളുടെ ഏറ്റവും തെക്കുകിഴക്കായി ആൻഡ്രോത്തിൽ നിന്ന് 63 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന കൽപേനിയാണ്.  കിഴക്ക് ഭാഗത്ത് രണ്ട് പ്രധാന ദ്വീപുകളുള്ള നീളമേറിയ അറ്റോൾ രൂപീകരണം ഇതിൽ അടങ്ങിയിരിക്കുന്നു.  തെക്കൻ ദ്വീപായ കൽപേനി 8 കിലോമീറ്റർ വിസ്തൃതിയുള്ള വലിയ ദ്വീപാണ്.  വടക്ക് ഭാഗത്തുള്ള ചേരിയം ദ്വീപ് 46 ഹെക്ടർ വിസ്തൃതിയുള്ള ഇടുങ്ങിയതാണ്.  കൽപേനിയുടെ ലഗൂൺ സൈഡിൽ നിരവധി ചെറിയ തുരുത്തുകൾ സ്ഥിതി ചെയ്യുന്നു.

പ്രധാന ആകർഷണ കേന്ദ്രങ്ങൾ
  • ടിപ് ബീച്ച്
  • കൂമയിൽ ബീച്ച്
  • മൊയിദീൻ പള്ളി (ജിന്ന് പള്ളി)
  • ലൈറ്റ് ഹൗസ്‌
  • അഗത്തിയാട്ടി പാറ
  • ബനിയൻ നിർമ്മാണശാല
  • കൊക്കനട്ട് പൗഡർ ഫാക്റ്ററി
എന്നിവയാണ് ദ്വീപിലെ പ്രധാന ആകർഷണം. ഇതിൽ കൂമയിൽ ബീച്ചാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം.

തേങ്ങയാണ് ദ്വീപിലെ പ്രധാന കാർഷികോത്പ്പന്നം. മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്. പരിമിതമായ തോതിൽ വാഴയും ഉദ്പാദിപ്പിയ്ക്കുന്നുണ്ട്.
സൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, വാനുകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.

പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ മാത്രമാണ് ഇവിടെ പ്രവർത്തിയ്ക്കുന്നത്. മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾക്കു പുറമേ സ്വാൻ (സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക്) കണക്റ്റിവിറ്റിയും കല്പേനിയിലുണ്ട്. സ്വകാര്യ കേബിൾ ടിവിയും ദൂരദർശന്റെ റിലേ സ്റ്റേഷനും പ്രവർത്തിയ്ക്കുന്നുണ്ട്. 

നെറ്റ് വർക്ക് ബി.എസ്.എൻ.എല്ലിന്റെ മാത്രമായതുകൊണ്ട് ദ്വീപിൽ പോകുന്നവർ ബി.എസ്.എൻ.എല്ലിന്റെ സിം കാർഡ് എടുത്താലേ പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റുകയുള്ളൂ. 2ജി ഇന്റർനെറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. കടകളിലും മിക്ക വീടുകളിലും വൈഫൈ സൗകര്യങ്ങൾ ഉള്ളതാണ് ആശ്വാസം.

ലക്ഷദ്വീപുകളിൽ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസ സ്വാതന്ത്രം ലഭിച്ച ആദ്യ ദ്വീപാണ് കൽപേനി. കരയോട് അടുത്ത്‌ കിടക്കുന്നതുകൊണ്ട് തന്നെ ആവണം, ദ്വീപ്‌സമൂഹത്തിനു പുറത്ത്‌ ജോലി ചെയ്യുന്ന ആൾക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കൽപേനി.


ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഓരോന്ന് വീതവും 6 അംഗനവാടികളും ദ്വീപിലുണ്ട്.


സ്‌കൂളിൽ പഠിക്കുമ്പോൾ വായിച്ചു പഠിച്ച കഥകളിൽ ഒന്നാണ് ജോനാഥൻ സ്വിഫ്റ്റിൻറെ ഗള്ളിവേഴ്സ് ട്രാവൽസിൽ ഗള്ളിവർ എന്ന നാവികൻ ലില്ലിപുട്ട് എന്ന ദ്വീപിലെ കുള്ളന്മാരെക്കുറിച്ചു പറയുന്നുണ്ട്. പിന്നീട് ഒന്നോ രണ്ടോ ഇംഗ്ലീഷ് സിനിമയിലും ദ്വീപിൽ അകപെട്ടുപോയി ദിവസങ്ങളോളം അലയുന്ന നാഗരിക മനുഷ്യനെക്കുറിച്ചുള്ള കഥകൾ കണ്ടു...

ശ്രീപാർവ്വതിയെന്ന പാറു ചേച്ചിയുടെ 'മീനുകൾ ചുംബിക്കുമ്പോൾ' എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിലാണ് ഫിറോസ് നെടിയത്തെന്നു പേരുള്ള തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിക്കുകയായിരുന്ന കൽപേനി ദ്വീപുകാരനെ പരിചയപ്പെടുന്നത്. ഫിറു അങ്ങനെ ഇടയ്ക്ക് കാസർകോഡിലെ എൻറെ ദേവാങ്കണത്തിലേക്ക് കയറി വന്നു. അപ്പോഴൊക്കെയും ദ്വീപിൽ ഒരു ദിവസം പോകാമെന്നൊക്കെ പറയും. ഫിറു ഫ്രീയാകുമ്പോൾ ഞാൻ തിരക്കിലും, ഞാൻ ഫ്രീയാകുമ്പോൾ ഫിറു തിരക്കിലുമായിരിക്കും.

പിന്നീട് ഫിറു ഡോ. ഫാത്തിമ അസ്‌ലയെന്ന പാത്തുവിനെ കല്യാണം കഴിക്കുകയും വീണ്ടും ജോലിയും യാത്രയുമായി തിരക്കിലായി. അങ്ങനെ ഈ നോമ്പ് കാലത്ത് നോമ്പ് തുടങ്ങും മുമ്പേ ഫിറുവും പാത്തുവും ദ്വീപിലേക്ക് പോയി. അവിടെ നിന്നുള്ള അവരുടെ കടലും നിലാവും (Kadalum Nilavum) യൂട്യൂബ് ചാനലിലെ വീഡിയോസ് കണ്ടപ്പോൾ ഫിറുവിനെ ചുമ്മാ വിളിച്ചതാണ്. പെരുന്നാളും, ഇലക്ഷനും കഴിഞ്ഞേ ഫിറുവും പാത്തുവും ഇനി കേരളത്തിലേക്കുള്ളൂ എന്ന് പറഞ്ഞപ്പോൾ, "എടാ എന്നാൽ ഞാൻ അങ്ങോട്ട് പെരുന്നാൾ കൂടാൻ വന്നാലോ?" എന്ന് ചുമ്മാ ചോദിച്ചതേയുള്ളൂ. "എന്നാ നിങ്ങള് വായോ" എന്ന് ഫിറുവും.

അപ്പോൾ തന്നെ കേരള പൊലീസിൻറെ Pol App ൽ കയറി നോൺ ഇൻവോൾമെൻറ് ഇൻ ഒഫൻസസ് സർട്ടിഫിക്കറ്റിന് (Non-Involvement In Offences Certificate or NIOC Certificate or Police Clearance Certificate)*  ഓൺലൈനായി അപേക്ഷ നൽകി.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചയുടനെ ഫിറുവിന് അയച്ചു കൊടുത്ത് ദ്വീപിലേക്കുള്ള പെർമിറ്റ്** എടുക്കാൻ പറഞ്ഞു.  പെർമിറ്റ് കിട്ടിയപ്പോൾ തന്നെ ഏതാണ്ട് പെരുന്നാളിനോടടുത്ത് കപ്പൽ യാത്രയ്ക്കുള്ള ടിക്കറ്റ്*** എടുക്കാനും ഫിറുവിനെത്തന്നെ ഏൽപ്പിച്ചു. അങ്ങനെ 2320 രൂപയ്ക്ക് കൽപേനി ദ്വീപിലേക്ക് പോകാനുള്ള കപ്പൽ ടിക്കറ്റും തിരിച്ചു അതേ ദ്വീപിൽ നിന്ന് തന്നെ വരാനുള്ള കപ്പൽ ടിക്കറ്റും എടുത്തു. ബങ്കറിലാണ് ഞാൻ പോയതും വന്നതും. ഫസ്റ്റ് ക്ലാസും സെക്കൻഡ് ക്ലാസും ഉണ്ടെങ്കിലും ഉയർന്ന നിരക്കാണ്. ഫസ്റ്റ് ക്ലാസിന് ഏകദേശം 5000 രൂപയോളം വരുന്നുണ്ട്. സെക്കൻഡ് ക്ലാസിനും 2200 രൂപയ്ക്ക് മുകളിൽ ഉണ്ട്. ബങ്കർ അത്ര മോശമൊന്നുമല്ല. ട്രെയിനിലെ സെക്കൻഡ് ഏസി പോലുള്ള സെറ്റപ്പാണ്.

അങ്ങനെ കൊച്ചിയിലെ വില്ലിംഗ് ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് വാർഫും യാത്രക്കാരുടെ സൗഖ്യ കേന്ദ്രത്തിൽ (Lakshadweep Wharf and Passengers Facilitation Centre) 12 മണിക്ക് എത്തി ചെക്ക് ഇൻ കഴിഞ്ഞു 2 മണിക്ക് വാർഫിൽ നിന്നും പെർമിറ്റും ടിക്കറ്റും ഐഡി കാർഡും പരിശോധിച്ച് സീൽ വെച്ചു യാത്രക്കാരെ കൂട്ടി ബസ്സിൽ പോർട്ടിലേക്ക് പോയി. അവിടെ നിന്ന് എം.വി. കവരത്തി എന്ന കപ്പലിലേക്ക് കയറി.

എം.വി കവരത്തി (M V Kavaratti)

എം.വി കവരത്തി കൊച്ചി നഗരത്തിനും ലക്ഷദ്വീപ് ദ്വീപുകൾക്കുമിടയിൽ പ്രവർത്തിക്കുന്ന ഒരു ക്രൂയിസ് കപ്പലാണ്.  വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്, കപ്പലിൻറെ നിറം വെള്ളയാണ്. എം.വി കവരത്തി, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ദ്വീപുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തതാണ്.  700 യാത്രക്കാരെയും 200 ടൺ ചരക്കുകളെയും വഹിക്കാനുള്ള ശേഷിയുള്ള 120 മീറ്റർ നീളമുള്ള ഈ കപ്പൽ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ യാത്രാ കപ്പലാണ്.  173 കോടി ഇന്ത്യൻ രൂപയാണ് കപ്പലിൻറെ നിർമ്മാണ ചിലവ്.

കപ്പലിന് ആറ് ഡെക്കുകൾ ഉണ്ട്, ഏറ്റവും മുകളിൽ പാലവും ഹെലിപാഡും ഉള്ള ഒരു തുറന്ന ഡെക്ക് ആണ്.  3, 4, 5 ഡെക്കുകളിൽ രണ്ട് ബെഡ് ക്യാബിനുകളുണ്ട്, എന്നാൽ 1, 2 ഡെക്കുകളിൽ ബങ്ക് ബെഡുകളും ലോവർ ക്ലാസ് ക്യാബിനുകളുമുണ്ട്.  അഞ്ചാമത്തെ ഡെക്കിൽ ഒരു നീന്തൽക്കുളമുണ്ട്.  നാലാം ഡെക്കിൽ മുൻവശത്ത് ഒരു വിനോദ ഹാളും പിൻവശത്ത് ഒരു കഫറ്റീരിയയും ഉണ്ട്.  ഒരു ആശുപത്രിയും ഇൻഫർമേഷൻ ഡെസ്കും മൂന്നാം ഡെക്കിലാണ്.  പ്രധാന എംബാർക്കേഷൻ വാതിൽ മൂന്നാം ഡെക്കിലും സെക്കൻഡറി എംബാർക്കേഷൻ വാതിലുകൾ ഒന്നാം ഡെക്കിലുമാണ്.

കപ്പലിൻറെ ക്യാന്റീനിൽ കൃത്യ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. ഉയർന്ന ക്ലാസിലെ യാത്രക്കാർക്കും താഴ്ന്ന ക്ളാസിലെ യാത്രക്കാർക്കും വേറെ വേറെ ക്യാന്റീൻ ഉണ്ടെങ്കിലും ഇതിൽ നിന്ന് വേണമെങ്കിലും കഴിക്കാൻ സാധിക്കും.

കപ്പൽ യാത്രയെക്കുറിച്ചു പല പേടിപ്പെടുത്തുന്ന പല കഥകളും കേട്ടിരുന്നെങ്കിലും ഫ്ളൈറ്റിലൊക്കെ പോകുന്ന ഒരുതരം പ്രതീതിയാണ്. പ്രത്യേകിച്ചും എം.വി കവരത്തിയെന്ന കപ്പൽ വലുതായതുകൊണ്ട് കുലുക്കമൊന്നും അനുഭവപ്പെട്ടില്ല.

ഉച്ചയ്ക്ക് 2 മണിക്ക് ചെക്ക് ഇൻ ചെയ്തു കയറിയിട്ടും ഏകദേശം 6 മണിവരെ ആളുകൾ കയറിക്കൊണ്ടേയിരുന്നു. 7 മണിക്കാണ് കപ്പൽ കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. രാവിലെ 8 മണിക്ക് കൽപേനി ദ്വീപിനടുത്ത് കപ്പൽ കടലിൽ തന്നെ നങ്കൂരമിട്ടു. ഏകദേശം 12 മണിക്കൂറിലധികം വേണ്ടി വരും കൊച്ചിയിൽ നിന്നും കല്പേനിയിലേക്കുള്ള നേരിട്ടുള്ള യാത്രയ്ക്ക്. അവിടെ നിന്നും ചെറു ബോട്ടുകൾ വന്നു ആളുകളെ കയറ്റി ദ്വീപിലേക്ക് പോയി.

എം.വി. കവരത്തി ഞങ്ങളെ ഇറക്കി തൊട്ടടുത്തുള്ള മറ്റു മൂന്ന് ദ്വീപുകളിലേക്ക് കൂടി പോയിട്ടാണ് തിരിച്ചു കൊച്ചിയിലേക്ക് പോകുന്നത്.


ഏകദേശം 8 കിലോമീറ്റർ മാത്രമുള്ള കൽപേനി ദ്വീപിലാണ് ഫിറുവിന്റെ വീട്. ഉപ്പയും ഉമ്മയും സഹോദരന്മാരും സഹോദരിമാരും വല്യുമ്മയും മാമനുമൊക്കെ അടങ്ങിയ വലിയ കുടുംബം. ചെന്നു കയറിയ ദിവസം മുതൽ ആ വീട്ടിൽ എനിക്ക് വേണ്ടി ദ്വീപിലെ വ്യത്യസ്ത തരത്തിലുള്ള സസ്യാഹാരങ്ങൾ ഉണ്ടാക്കി കഴിപ്പിച്ചു കൊണ്ടിരുന്നു. കിലാഞ്ചി. അരിയും മുട്ടയും കൊണ്ട് ഉണ്ടാക്കിയ കനം കുറഞ്ഞ ക്രേപ്പ് പോലെയുള്ള ഒരു വിഭവമാണ് കിലാഞ്ചി, തേങ്ങാപ്പാലും വാഴപ്പഴവും ശർക്കരയും കൊണ്ട് ഉണ്ടാക്കിയ മധുരവും വെള്ളവും ഉള്ള വിഭവം കഴിക്കുന്നതാണ് നല്ലത്.

ഉച്ചയ്ക്ക് പാൽ കഞ്ഞി ആയിരുന്നു. തേങ്ങാ പാലിൽ വേവിച്ചെടുത്ത ചോറ്. കറിയില്ലെങ്കിൽ പോലും ചോറ് മാത്രമായി കഴിക്കാൻ പറ്റും. മറ്റൊരു അഡാർ ഐറ്റമാണ് ദ്വീപ് ഫത്തീർ. മലബാർ മേഖലയിൽ ഉണ്ടാക്കുന്ന അരി പത്തിരി പോലെയാണ് കാണാൻ എങ്കിലും നല്ല വ്യത്യാസമുണ്ട്. കറിയായി തേങ്ങാപ്പാലിൽ പഴം അരിഞ്ഞിട്ട് പഞ്ചസാരയും ചേർത്തു കഴിക്കുമ്പോൾ കിട്ടുന്ന ഒരു ടേസ്റ്റുണ്ട്. പിന്നെ പാലുപോലുള്ള കിണ്ണത്തപ്പവും അരിയുണ്ടയും ദ്വീപിലെ സ്പെഷ്യൽ ബിസ്ക്കറ്റും രുചിയുടെ വ്യത്യസ്ത ലോകം കാണിച്ചു തന്നു. അവിടെ ഉണ്ടായിരുന്ന 6 ദിവസവും അങ്ങനെ കിടിലൻ ഹോം മെയ്‌ഡ്‌ ഫുഡാണ് കഴിക്കാൻ സാധിച്ചത്.


കയാക്കിംഗ് പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ് ലക്ഷദ്വീപിലെ കയാക്കിംഗ്.  ലക്ഷദ്വീപിൽ സാഹസികമായ ജലവിനോദങ്ങൾക്ക് ഒരു കുറവുമില്ല. വെളുപ്പിന് കൽപേനിയിലെ കൂമൽ  ബീച്ച് റിസോട്ടിൽ പോയി കയാക്കിംഗ് ചെയ്തു. ഒപ്പം രണ്ട് ആൾതാമസമില്ലാത്ത കുഞ്ഞു ദ്വീപിൽ കൂടി കയറാൻ പറ്റി. തിരയടിക്കുന്ന തീരമായിരുന്നില്ല ഞങ്ങൾ കയാക്കിംഗ് ചെയ്ത സ്ഥലം. മാത്രമല്ല അവിടെയുള്ള വെള്ളം നല്ല പളുങ്ക് പോലെ ആയിരുന്നു. അടിത്തട്ടിലെ പൂഴിയും കോറൽസും മിനറൽസും എല്ലാം കാണാൻ പറ്റും. 

എനിക്ക് നാല് ദ്വീപിലേക്കുള്ള പെർമിറ്റ് കിട്ടിയിരുന്നെങ്കിലും മറ്റു ദ്വീപുകളിലേക്ക് പോകാൻ വെസ്സലും വല്ലപ്പോഴും മാത്രമേ കാണുകയുള്ളൂ. പോയാലും താമസത്തിനൊക്കെ വേറെ നോക്കേണ്ടിവരും. അതുകൊണ്ടുതന്നെ അങ്ങോട്ടുള്ള യാത്ര ഇനിയൊരിക്കലാകാമെന്ന് തീരുമാനിച്ചു. ഒപ്പം നല്ല ചൂടും ഹ്യുമിഡിറ്റിയും കൂടുതലുള്ള സമയമാണ്. ഒന്നും വേണ്ടപോലെ ആസ്വദിക്കാൻ പറ്റുന്നില്ല. ആഗസ്റ്റ് മുതൽ ഫെബ്രുവരിവരെയൊക്കെ നല്ല സമയമായിരിക്കും. അതുകൊണ്ട് തന്നെ അവിടെയുണ്ടായിരുന്ന ആറ് ദിവസവും വൈകുന്നേരങ്ങളിൽ മാത്രം പുറത്തിറങ്ങി കാഴ്ചകൾ ആസ്വദിച്ചത്. ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ കൽപേനി അറ്റോളിൻ്റെ ഭാഗമായ ജനവാസമില്ലാത്ത പിട്ടി ദ്വീപിൽ പോകണമെന്നുണ്ടായിരുന്നു. രാത്രി അവിടെ തങ്ങി മീനൊക്കെ പിടിച്ചു ചുട്ടു തിന്നാം എന്നൊക്കെ ഫിറു പറഞ്ഞു. ഞാൻ മീൻ കഴിക്കുകയുമില്ല ഈ ചൂടിന് അവിടെ പോയാൽ ആസ്വാദിക്കാനും പറ്റില്ല.

കൽപേനി ലൈറ്റ് ഹൗസ്  (Kalpeni Lighthouse)

കടൽ ഗതാഗതവും മത്സ്യബന്ധന പ്രവർത്തനങ്ങളും വർധിച്ചതോടെ കൽപേനിയിൽ ശക്തമായ ലൈറ്റ് ഹൗസ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത അനുഭവപ്പെട്ടു.  1970-കളുടെ തുടക്കത്തിലാണ് ഈ ലൈറ്റ് ഹൗസ് ആസൂത്രണം ചെയ്തത്. 37 മീറ്റർ ഉയരമുള്ള ടവർ CC ബ്ലോക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചത്. മുഴുവൻ ഉപകരണ ഘടകവും M/S J സ്‌റ്റോൺ ഇന്ത്യ കൽക്കട്ടയാണ് (M/S J Stone India Calcutta) വിതരണം ചെയ്തത്.  1976 നവംബർ 21-നാണ് ലൈറ്റ് ഹൗസ് കമ്മീഷൻ ചെയ്തത്. ഭൂമിശാസ്ത്രപരമായ ലൊക്കേഷനായ Lat.10° 04.50' N, നീളം 73° 58.54' E. ടവറിന് 41 മീറ്റർ വൃത്താകൃതിയിലുള്ള RCC ബ്ലോക്ക് കൊത്തുപണികൾ ഇതര കറുപ്പും വെളുപ്പും ബാൻഡ് ഉപയോഗിച്ച് പെയിൻ്റ് ചെയ്തിട്ടുണ്ട്. ലൈറ്റ് ഹൗസ്  2013 മുതൽ ഓട്ടോമേഷനിൽ ഉൾപ്പെടുത്തി, മിനിക്കോയ് ആർസിഎസിന് കീഴിൽ വരുന്ന ഈ സ്റ്റേഷൻ 2012 മുതൽ NATIONAL AGRICULTURAL INSURANCE SCHEME (NAIS)-ന് കീഴിലുള്ള The Price Support Scheme (PSS)-ൽ ഒന്നാണ്.

മൊയിദീൻ പള്ളി (ജിന്ന് പള്ളി)

കടലിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പൊങ്ങി വന്നതാണെന്നൊക്കെയാണ് ഐതീഹ്യം. ജിന്ന് പള്ളിക്ക് ചുറ്റും ഏഴ് കുളങ്ങൾ ഉണ്ട്. അതിലൊരു കുളത്തിൽ മാത്രം വെള്ളത്തിന് ഉപ്പുരസമില്ല. മറ്റ് ആറ് കുളത്തിലെ വെള്ളത്തിനും  നല്ല ഉപ്പുരസമുള്ളതാണ്.


എം.വി. അറേബ്യൻ സീ (IMO: 9448097) ഒരു പാസഞ്ചർ/ചരക്ക് കപ്പലാണ്. അതിന്റെ നീളം (LOA) 88.8 മീറ്ററും വീതി 15.5 മീറ്ററുമാണ്




*Non-Involvement In Offences Certificate or NIOC Certificate or Police Clearance Certificate

Documents required

👉🏻Proof of Address
👉🏻Proof of Identity
👉🏻Required Documents
👉🏻Passport size colour photo
👉🏻An authorisation letter etc

Steps to apply
👉🏻Create user
👉🏻Select Category of NIO Certificate
👉🏻Fill up application
👉🏻Upload photo & documents
👉🏻Pay fee online & Apply

Pol App ൽ കയറി Services എന്ന വിഭാഗത്തിൽ കയറി Certificate of Non-Involvement In Offences New Request ൽ ക്ലിക്ക് ചെയ്യുക. പിന്നീട് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു മുകളിൽ പറഞ്ഞ രേഖകൾ അപ് ലോഡ് ചെയ്യുകയും ചെയ്യുക. പോലീസ് വിളിക്കുമ്പോൾ രണ്ട് അയൽവാസികളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും നൽകുക. പൊലീസ് നമ്മളെക്കുറിച്ചന്വേഷിച്ചു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കും. ഇത് നമുക്ക് ഇതേ ആപ്പിൾ നിന്ന് തന്നെ ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. 610 രൂപയാണ് ഓണലൈനായി ഫീസ് അടക്കേണ്ടത് 

**പെർമിറ്റ് (Entry Permit)
പെർമിറ്റ് എടുക്കാനും നമ്മുടെ ഫോട്ടോയും ആധാർ കാർഡിൻറെ കോപ്പിയും 3000 രൂപയും വേണം. അതോടൊപ്പം രണ്ട് അയൽക്കാരുടെ പേരും അഡ്രസ്സും ഫോൺ നമ്പറും നൽകണം. പെർമിറ്റിന് നമുക്ക് നേരിട്ട് അപേക്ഷിക്കാൻ പറ്റില്ല. ഏതെങ്കിലുമൊരു ദ്വീപിലെ താമസക്കാർ സ്പോൺസർ ചെയ്യുകയോ അല്ലെങ്കിൽ ട്രാവൽ ഏജൻസിയെ സമീപിക്കുകയെ നിവർത്തിയുള്ളൂ. താമസക്കാരൻറെ സെൽഫ് ഡിക്ലറേഷനും അഡ്രസ്സും ഐഡി പ്രൂഫും മറ്റു വിവരങ്ങളും ആവശ്യമുണ്ട്.

***കപ്പൽ ടിക്കറ്റ് (Ship Ticket)
ടിക്കറ്റ് ഓൺലൈനായോ വില്ലിംഗ് ടൺ ഐലൻഡിലുള്ള ലക്ഷദ്വീപ് വാർഫിലോ പോയി നേരിട്ട് എടുക്കാവുന്നതാണ്.


ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഫിറുവും ടീമും നല്ലൊരു പാക്കേജ് നൽകുന്നുണ്ട്.


©മോഹൻദാസ് വയലാംകുഴി

#Lakshadweep #KadalumNilavumClub #FirozNediyath #DrFathimaAsla #KalpeniIsland #MVKavaratti #MVArabian #Kayaking #LightHouse #Tourism #Island #UnionTerritory #ArabianSea #MohandasVayalamkuzhy

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...