Saturday, 2 May 2015

ആശയക്കുഴപ്പം

അതിരുകളിൽ സഞ്ചരിക്കുന്നവയുടെ കാഴ്ചകൾക്ക് എത്ര അടരുകൾ, എത്രമാത്രം പടർപ്പുകൾ, എന്തുമാത്രം ശിഖരങ്ങൾ...
                                                                           -- ആരോ ഒരാൾ, ഒരു പക്ഷെ ഞാൻ തന്നെ.

ദേവ് വളരെ ക്ഷീണിതനായിരുന്നു. നിരത്തിവച്ച വിസിറ്റിംഗ് കാർഡുകളിലൊന്നും താൻ അന്വേഷിക്കുന്ന നമ്പറില്ല.
ശിഖരങ്ങൾ ഉണങ്ങി,
ഇലകൾ കൊഴിയുന്നു...
ഇത് ഞാൻ തന്നെയല്ലേ ...!!!
ആകാംക്ഷ വന്ന് പിറകിൽ നിന്നു. അവൾ വരുന്ന കാലൊച്ച കേട്ടതേയില്ല...!!!
അല്ല... ഞാൻ ശ്രദ്ദിച്ചിരിക്കില്ല...
മകരമാസകുളിര്  ആകാംക്ഷയുടെ കൈകളിലൂടെ എൻറെ നെഞ്ചിലെക്കിറങ്ങി.
അബോധാവസ്ത്ഥയിലിരിക്കുമ്പോഴും ഞാൻ എന്നോ കേട്ടു മറന്ന ഈരടികൾ അവളുടെ കാതുകളിൽ മൊഴിഞ്ഞു.
തളിരിട്ട കിനാക്കളും, പാലപ്പൂ മണവും.... എൻറെ ചുണ്ടുകളിൽ തത്തിക്കളിച്ചു.
മൃദുലമായ തളിരിലകളിൽ തഴുകുമ്പോൾ എവിടെ നിന്നോ ഒഴുകിയെത്തിയ സുഗന്തമെന്നെ ഉന്മത്തനാക്കി..
ഒടിഞ്ഞ തണ്ടുകളിൽ വാർന്നൊലിക്കുന്ന തെളിനീരും, നെടുവീർപ്പുകളും നീ തന്നെയല്ലേ...
അമർന്നു പോയ ആ നിമിഷത്തെ പഴിച്ച ഞാൻ പരതുകയായിരുന്നു വാർന്നു പോയ ഏതോ തുമ്പുതേടി.
അക്ഷരങ്ങളുടെ നിറങ്ങൾ ഗ്രഹിച്ചു കഴിഞ്ഞിട്ടും നമ്പറുകൾക്കെന്തു ചായം നൽകണമെന്നൊരാധിയായിരുന്നു. പരസ്പരം ഒട്ടിനിൽക്കുമ്പോളനുഭാവപ്പെടുന്ന നിർവ്വികാരത്തെ ഉൾക്കൊള്ളാൻ ഞങ്ങളുടെ മനസ്സുകൾക്കും സാധിച്ചു.
മുൾപ്പടർപ്പുകളില്ലിവിടെ...
ദേവ് കോട്ടുവായിട്ടെഴുന്നേറ്റു. അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി കെട്ടി ആകാംക്ഷ അടുത്തുതന്നെയുണ്ടായിരുന്നു.
പശ്ചാത്തപിക്കുന്ന കുറ്റവാളിയുടെ മനസ്സുമായി ഞാൻ നടന്നു... തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു, പൂക്കളുണ്ടാകുന്നതിനെക്കുറിച്ച്, ചിത്രങ്ങൾ വരയ്ക്കുന്നതിനെക്കുറിച്ച്, ശില്പങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനെക്കുറിച്ച്....
ഞാൻ നോക്കി... അരയുടെ ഇടതുഭാഗം കോറിവരഞ്ഞിരിക്കുന്നു... നഖങ്ങൾ വെട്ടിയോതുക്കാൻ പറയണം.ഇന്നലത്തേയും നാളത്തേയും കഥകൾ കേൾക്കാൻ ആകാംക്ഷയായിരിക്കുന്നു.. ഇന്നത്തെ കഥ അവൾക്കുമാറിയാം...
വാടിയ പൂക്കളും, പൊട്ടുന്ന കായകളും നിറം മാറി കുനിയുന്ന ശാഖകളും...
ഒരു പക്ഷെ ഞാനും അവളും, ചിലപ്പോൾ നിങ്ങളും..??
ദേവ് എല്ലാം അടുക്കിപ്പെറുക്കിവച്ചു. ആകാംക്ഷയും സഹായത്തിനെത്തി...
"എല്ലാമൊന്ന് പോളീഷ് ചെയ്ത് വയ്ക്കണം..".
സങ്കൽപ്പങ്ങൾ മാറുമ്പോൾ നരച്ചു പോകുന്നവയൊക്കെയും എന്റേതു തന്നെയല്ലേ...!!!
കുനിയുമ്പോൾ കാണുന്ന വരകളും നാവിലൂറുന്ന വെള്ളവും തമ്മിൽ എന്താണു ബന്ധം...
"ഇതുതന്നെയല്ലേ ഞാൻ നേരത്തെ തപ്പിക്കൊണ്ടിരുന്ന നമ്പർ..??"
പൊടിമീശ തടവുന്ന കൈകൾ തന്നെയല്ലേ തളിരിലകളെ താഴുകിയുറക്കുന്നതും..
മറുഭാഗം മുഴങ്ങിക്കൊണ്ടിരിക്കുന്നതല്ലാതെ ആളനക്കമൊന്നും കേട്ടില്ല. വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. നിരാശയായിരുന്നു ഫലം.
കയറ്റുകട്ടിലിൽ കിടന്ന് ആകാശം നോക്കുമ്പോൾ ആകാംക്ഷ അരികത്തുണ്ടായിരുന്നില്ല. ഞാൻ നക്ഷത്രങ്ങളെ എണ്ണാൻ ശ്രമിച്ചു.
ചുണ്ടിലൊരു നനവു പറ്റിയപ്പോൾ നെഞ്ചിലൊരു കുളിരായിരുന്നു...
ഞാനെഴുന്നേറ്റുപോയി...
വിരലുകൾക്കിടയിലൂടെ പുകച്ചുരുളുകൾ പൊങ്ങിയുയരുമ്പോൾ താഴ്വരയിലേക്കു നോക്കി നിൽക്കുന്ന ആകാംക്ഷയുടെ മുഖം ഇരുട്ടിലൂടെ കണ്ടു.. ഞാനവളുടെയടുത്തെക്ക് പോയി...
തെളിഞ്ഞ വെള്ളത്തിനടിയിലൂടെ തടാകത്തിന്റെ ഉൾവശങ്ങൾ തെളിഞ്ഞു കാണാം, നിമ്നോന്നതങ്ങളും, ചുഴികളും നിറഞ്ഞ അകം..
വേലിക്കെട്ടുകളാൽ വേർതിരിക്കപ്പെടുന്ന ഒരേ മണ്ണ്, കാലം തിരിയിട്ടു കത്തിച്ച വിളക്കിന്റെ പ്രകാശത്തിനും മങ്ങലേറ്റിരിക്കുന്നു..
അവൾ വിങ്ങിക്കരഞ്ഞു.. ഞാനവളെ ആശ്വസിപ്പിച്ചു, ബന്ധനങ്ങളില്ലാത്ത കൂടിച്ചേരലുകൾക്കൊന്നും അർത്ഥമുണ്ടാകില്ലെന്നും മഴയിൽ കുതിർന്നൊലിച്ചു പോകുന്ന ചായകൂട്ടങ്ങളുടെ ഗതിയായിരിക്കുമെന്നും ഇപ്പോഴാണവളോർത്തത്..
ഓർമ്മകൾക്കെന്നും അഴകാണ്, ചിലപ്പോൾ അഴുക്കും...
മാഞ്ഞുപോകുന്ന മഷികൂട്ടുകൾ ഉരഞ്ഞു തേഞ്ഞാലും പോകാതെ...
ഛെ...
ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. മറിഞ്ഞു കൊണ്ടിരിക്കുന്ന നമ്പറുകളിൽ നോക്കാതെ... അകലെ നിന്ന് കേൾക്കുന്ന ആശ്വാസവചനങ്ങളും അവയ്ക്ക് കൊടുക്കാനുള്ള മറുപടികളും..
ക്രാഡിൽ ഒച്ചയോടെ പതിച്ചു. കൈകളിൽ മരവിപ്പും ചെവികളിൽ കിരുകിരുപ്പും...
അവൾ തേങ്ങി.
ഞാനെങ്ങനെയാണവളെ ആശ്വസിപ്പിക്കുക...???

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...