അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. രഘുവീറും ബിപാഷയും ഉമേഷും മാറി മാറി നോക്കി. അവർക്കൊന്നും മനസ്സിലായില്ല.
കാലം അയാളിൽ പല മാറ്റങ്ങളും വരുത്തി. പരീക്ഷാ ഹാളിൽ വെച്ച് കഥയെഴുതുന്ന ആദ്യത്തെ ആൾ അയാളായിരിക്കാം..
മാനുഷീക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ക്രിസ്റ്റഫർ സാർ പരീക്ഷാഹാളിൽ കോപ്പിയടിച്ചു കൊണ്ടിരിക്കുന്ന ഋതുപർണ്ണനെ കണ്ടിട്ടും ഒന്നും പറഞ്ഞില്ല.
എന്തായിരിക്കും അവർ തമ്മിലുള്ള കരാർ...??
ജോസഫിൻറെ ഇളയച്ചൻറെ അളിയൻറെ പെങ്ങളുടെ ഭർത്താവിൻറെ അനിയൻറെ ഭാര്യയുടെ സഹോദരൻറെ മകളുടെ മാമോദിസ വേളയിലാണ് സാറിനെക്കുറിച്ച് ശരിക്കും അറിയാൻ കഴിഞ്ഞത്. ക്യാമ്പസിനകത്തെത്തിയാൽ സ്വതവേ ഗൗരവക്കാരനായ സാറിപ്പോൾ കളിച്ചുചിരിച്ച് തമാശകൾ പറഞ്ഞു നടക്കുന്നു. കൂട്ടുകാരുടെ ഇടയിൽ വച്ചെന്നെ പുകഴ്ത്തി പറഞ്ഞപ്പോൾ അതുവരെ സാറിനോടുണ്ടായിരുന്ന ദേഷ്യവും പുച്ഛവുമൊക്കെ അലിഞ്ഞില്ലാതായി. മാത്രമല്ല, ചെറിയൊരാരാധനയൊക്കെ തോന്നിത്തുടങ്ങിയിരുന്നു. സൂസി ടീച്ചറെയും ക്രിസ്റ്റഫർ സാറിനേയും ചേർത്തു പറഞ്ഞു നടക്കുന്നവരോടൊക്കെ ദേഷ്യം തോന്നി. മറ്റെല്ലാവരും സാറിനെ വൃകോദരൻ എന്ന് വിളിച്ചപ്പോൾ ഒന്നു രണ്ടു തവണ ഞാനും വിളിച്ചിരുന്നു. എനിക്കതിലിപ്പോൾ പശ്ചാത്താപം തോന്നുന്നു.
എനിക്ക് ചുറ്റുമുള്ളവർ കൂനിപ്പിടിച്ച് കുത്തിയിരുന്ന് എഴുതുകയും പരസ്പരം നോക്കുകയും തോണ്ടിവിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു... മുകളിലത്തെ ഹാളിലിപ്പോൾ സാധാരണ സമയത്തെ പഴിച്ചുകൊണ്ട് പഠിച്ചതൊക്കെയും എത്രയും വേഗത്തിൽ കടലാസിൽ പകർത്തുകയായിരിക്കും, അവളെന്നും ക്ലാസ്സിൽ ഫാസ്റ്റാണ്. ഞാനെന്നും അവളുടെ കൂടെ നടക്കുകയും പരീക്ഷകളിൽ തോൽക്കുകയും ചെയ്യുമ്പോൾ അവളുപദേശിക്കാറുണ്ട്....
പക്ഷെ, ഞാൻ...!!!??
ബയോളജി പഠിപ്പിക്കുന്ന മായ ടീച്ചറുടെ അനാട്ടമി നോക്കി പഠിക്കുകയും വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി ക്ലാസ്സിൽ നിന്നിറങ്ങി പുറത്തു പോയി ചുറ്റിയടിക്കുകയും മറ്റു ക്ലാസ് മുറിയുടെ അടുത്തു ചെന്ന് അകത്തിരിക്കുന്നവരെ കൈകാട്ടി വിളിക്കുകയും മറ്റും ചെയ്ത് രസം കണ്ടെത്തുന്നു.
മിക്കപ്പോഴും ക്ലാസ്സ് കട്ടുചെയ്ത് കറങ്ങി നടക്കുകയും, സിനിമയ്ക്കോ നഗരത്തിലോ ചുറ്റിയടിച്ച് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ യാതൊരു നിയന്ത്രണവുമില്ലാത്ത ജീവിതം....
അവൾ കൃത്യമായി ക്ലാസ്സിൽ വരികയും നോട്ട്സ് എഴുതുകയും അന്നന്ന് പഠിപ്പിച്ചത് വീട്ടിലിരുന്നുറക്കമിളച്ച് പഠിച്ചു വരികയും ചെയ്യുന്നു..
ഞാനെന്താ ഇങ്ങനെ...???
എന്നോടുതന്നെ ഒരുപാട് തവണ ചോദിച്ച ചോദ്യമായിരുന്നു ഇത്...
എന്തൊക്കെയോ ആകാൻ ശ്രമിക്കുമ്പോഴും തെന്നി മാറുന്ന ആഗ്രഹങ്ങളും കൈപിടിയിലോതുങ്ങുന്നതിനു മുമ്പ് കൈയ്യെത്തും ദൂരത്തുനിന്ന് ഉടഞ്ഞമരുന്ന ലക്ഷ്യങ്ങളും... എന്താ ഇങ്ങനെയൊക്കെ..??
എല്ലാമൊന്ന് പോളീഷ് ചെയ്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അയാൾ പിന്നേയും അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. സമയമാകുന്നതിനു മുമ്പേ ഋതുപർണ്ണൻ എഴുന്നേറ്റു.
പക്ഷെ മാറി വന്ന പിഷാരടി സാർ സമയമായില്ലെന്ന് പറഞ്ഞ് വിലക്കി. അവൻ ഇരുന്നേടത്തുനിന്നു തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്നു. അടുത്തിരുന്നവൾ വിഷമത്തോടെ തലയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്നുണ്ട്...
ഞങ്ങളെ അതികനേരം സഹിച്ചിരിക്കാൻ പിഷാരടി സാറിനു കഴിഞ്ഞില്ല. കടലാസുവെച്ച് സ്ഥലം വിട്ടോളാൻ പറഞ്ഞു.
പരോളിലിറങ്ങിയ ജയിൽ പുള്ളിയുടെ സന്തോഷമുണ്ടായിരുന്നു. പക്ഷെ, വീണ്ടും മടങ്ങിപോകേണ്ടിവരുന്നതിനെക്കുറിച്ച് ..ചിന്തിച്ചില്ല.
അവൻ നടന്നു, അവളെ കാത്തിരിക്കാതെ.....
No comments:
Post a Comment