Saturday, 10 March 2018

പേര് ഒരു വിപ്ലവം

കഴിഞ്ഞ ക്രിസ്മസ് ദിവസം സെബാസ്റ്റ്യൻ അപ്പച്ചനോട്‌ സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് വാക്കുകളുടെ പ്രയോഗവും ഓരോ പേരിൻറെ ഗുണവും ദോഷവുമൊക്കെ സംസാരത്തിനിടയിൽ കയറി വന്നത്.

ഒരാഴ്ച മുമ്പ് എൻറെ ഫ്രണ്ട് പറഞ്ഞു നാളെ ഞാൻ "പൊങ്കാല" ഇടാൻ പോവുകയാണെന്ന്. സമൂഹമാധ്യമങ്ങളിൽ പൊങ്കാലയിടാൻ പോവുക എന്നാൽ ഞാൻ പറയാതെ തന്നെ അറിയാലോ.

ഇങ്ങനെ ഇങ്ങനെ പലതരം വാക്കുകൾ പലയിടങ്ങളിൽ പല ദേശങ്ങളിൽ നല്ലതും ചീത്തയുമായി മാറുന്നു. പങ്ക് വയ്ക്കുക (share) എന്ന പദം കണ്ണൂർ കാസർകോട് ഭാഗത്ത് അങ്ങേയറ്റം ചീത്തയായി ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. തിരുവനന്തപുരത്തെ ആളുകൾ തമ്മിൽ സംബോധന ചെയ്യാൻ ഉപയോഗിയ്ക്കുന്ന "അപ്പി" എന്ന വാക്ക് കാസർകോട് എത്തുമ്പോൾ കുട്ടികളുടെ മലം ആകുന്നതും ദേശാന്തര വ്യത്യാസവും വൈവിധ്യപൂർണ്ണമായ ഭാഷാ രീതിയുമാണ്.

ഏകദേശം 1960കളിലെ കഥയാണ് സെബാസ്റ്റ്യൻ അപ്പച്ചൻ പറഞ്ഞു തന്നത്. അന്ന് ഹെൽത്ത് ഡിപാർട്മെൻറിൽ ആയിരുന്നു അപ്പച്ചന് ജോലി. ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്, പല ദേശങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ആയിടയ്ക്ക് ജോലി സംബന്ധിച്ച് വീടുകളിൽ നേരിട്ട് കയറി ഇറങ്ങേണ്ടതുണ്ടായിരുന്നു. ആരോഗ്യ സർവ്വേ. അതുകൊണ്ടു തന്നെ ആളുകളെ ഏറ്റവും അടുത്ത് അറിയാനും പറ്റി. ആ കാലഘട്ടത്തിൽ അയിത്തവും അനാചാരവും കൊടികുത്തി വാഴുന്ന സമയവും. പേര് അധികമാരോടും പറയാറില്ലായിരുന്നു. പിന്നെ തെക്കു നിന്ന് വന്നവനെന്ന ചെറിയ അകൽച്ചയും. അന്നാണ് അപ്പച്ചൻറെ മനസ്സിൽ ജാതിയും മതവും തിരിച്ചറിയാനാവാത്ത പെരുകളെക്കുറിച്ചുള്ള ചിന്ത മുളപൊട്ടിയത്.

അപ്പച്ചൻ അപ്പച്ചൻറെ മൂന്ന് മക്കൾക്കും മൂന്ന് വ്യത്യസ്തമായ പേരാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെയാൾക്ക് 'തിരുമേനി' എന്നും രണ്ടാമത്തെയാൾക്ക് 'സീത ബീവി' എന്നും മൂത്താമത്തെയാൾക്ക് 'സരിഗമ' എന്നും പേരിട്ടു.

"പേരിലെന്തിരിക്കുന്നു..?" എന്ന് പറഞ്ഞ മഹാനായ ഷേക്സ്പിയർ ആ വാചകത്തിനടിയിൽ പേരെഴുതി വെച്ചത് ചരിത്രപരമായ മണ്ടത്തരമെന്നെ വിശേഷിപ്പിക്കാൻ കഴിയൂ, കാരണം പേരിലുമുണ്ട് കാര്യം.

തിരുമേനി എന്ന പേര് കേൾക്കുമ്പോൾ അമ്പലത്തിലെ ശാന്തിക്കാരനാണോ എന്നൊരു തോന്നൽ ആദ്യമുണ്ടാകും, അല്ലാ പള്ളീലച്ചന്മാർ പ്രമോഷനായി മെത്രാനും ബിഷപ്പുമാരുമാകുമ്പോൾ തിരുമേനി എന്നാണ് പൊതുവേ അവരെ വിളിക്കുക. പിന്നെ പ്രവാചകനായ നബി തിരുമേനിയും കൂട്ടത്തിലുണ്ട്. ചുരുക്കി പറഞ്ഞാൽ മാർപ്പാപ്പയ്ക്ക് വരെ തിരുമേനി എന്ന് വിളിക്കേണ്ട അവസ്ഥ വരും.

സീത ബീവി എന്നത് മത സൗഹാർദ്ദം ഉദ്ദേശിച്ചാണ് ഇട്ടത്. പലപ്പോഴും സീത എന്ന് മാത്രം വിളിക്കപ്പെടുന്ന സീത ബീവി പള്ളിക്ക് പോകാനുണ്ടെന്നു പറഞ്ഞാൽ നേരിട്ടറിയാത്തവർ നെറ്റി ചുളിക്കും.

മൂന്നാമത്തെയാൾ സരിഗമ. സപ്തസ്വരങ്ങളിൽ ആദ്യത്തെ നാലക്ഷരം. സംഗീതമില്ലാതെ ഈ ഭൂമിയെ സങ്കൽപ്പിക്കാൻ പറ്റുമോ. സംഗീതത്തിന് ജാതിയും മതവുമില്ല, കാല ദേശാന്തര വ്യത്യാസമില്ല.

അപ്പച്ചൻറെ ഭാഗ്യം പോലെ തന്നെ തൻറെ കടിഞ്ഞൂൽ പുത്രനായ തിരുമേനിക്ക് കിട്ടിയ നല്ലപാതിയുടെ പേരും സമാനമായ സ്മിത എന്നായിരുന്നു. സ്മിത എന്ന പേരിനൊപ്പം തിരുമേനി എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ ഏതോ ഇല്ലത്തെ അന്തർജ്ജനമാണെന്നെ നേരിട്ടറിയാത്തവർ കരുത്തുകയുള്ളൂ എന്നതും രസകരമാണ്.

കൊച്ചുമോൻറെ പേര് അദ്വൈത് എന്നാണ്. അഹങ്കാരിയായി നടക്കുന്ന പണ്ഡിതനായ ശ്രീ ശങ്കരാചാര്യരുടെ കണ്ണ് തുറപ്പിക്കാൻ ചണ്ടാളനായി അവതരിച്ച സാക്ഷാൽ പരമശിവൻ അദ്വൈത രഹസ്യം പകർന്നു നൽകുന്നിടത്താണ് അദ്വൈത സിദ്ധാന്തം പിറവിയെടുക്കുന്നത്.

( വേദാന്തത്തിൻറെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിൻറെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.)

അപ്പച്ചൻ ഭയങ്കര പുരോഗമന ചിന്താഗതിക്കാരനാണ്. ഒരു ക്രിസ്ത്യനി അവൻറെ കുട്ടിക്ക് കൃഷ്ണൻ എന്നും ഒരു ഹിന്ദു അവൻറെ കുട്ടിക്ക് കബീർ എന്നും ഒരു ഇസ്‌ലാം തൻറെ കുട്ടിക്ക് ജോസഫെന്നും ഇട്ടാൽ തന്നെ ആളുകൾ ആശ്ചര്യപ്പെടാൻ തുടങ്ങും, മത സൗഹാർദ്ദം പറഞ്ഞു നടക്കുന്നതല്ല ഹീറോയിസം അത് പ്രവർത്തിയിൽ കൊണ്ടു വരുമ്പോഴാണ്. ചർച്ചിൽ പോകുന്ന കൃഷ്ണനും, അമ്പലത്തിൽ പോകുന്ന കബീറും, പള്ളിയിൽ പോകുന്ന ജോസഫും കൗതുകം തന്നെയായിരിക്കും.

ഒരുകാലത്ത് മുംബൈ, കൊൽക്കത്തയുടെ ഓവുചാലുകളിൽ അനേകം നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുമായിരുന്നു. അങ്ങനെയാണ് മദർ തെരേസ ഒരു 'അമ്മ തൊട്ടിൽ സ്ഥാപിച്ചത്. ആ തൊട്ടിലേക്ക് എത്തപ്പെട്ടത് നൂറ് കണക്കിന് കുഞ്ഞുങ്ങളും. അച്ഛനുമമ്മയും ആരെന്നറിയാതെ നൂറുകണക്കിന് കുഞ്ഞുങ്ങൾ വളർന്നു, മിടുക്കരായി പഠിച്ചു ലോകത്തിൻറെ പലഭാഗങ്ങളിലും പല ഉയർന്ന പദവികളും അലങ്കരിക്കുന്നുണ്ട്. അവനെന്ത് ജാതി, എന്ത് മതം.

മുമ്പെങ്ങോ വായിച്ചതോർമ്മയുണ്ട്. ആനയുടെ പേര് ക്രിസ്ത്യൻ പേരായത് കൊണ്ട് അമ്പലത്തിലെ എഴുന്നള്ളത്തിന് ഒഴിവാക്കിയത്രെ. പാപ്പാൻ മുസ്ലീമായത് കൊണ്ട് പാപ്പാനെ മാറ്റിയത്രെ.

ആണിനും പെണ്ണിനും മതി മറന്നൊന്നു പരസ്പരം അഭിനന്ദിക്കാനോ, സ്നേഹം പ്രകടിപ്പിക്കാനോ ആശ്ലേഷിക്കാനോ പാടില്ലത്രേ....

ഹോസ്റ്റലുകൾ തടവറകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാദാചാര കേന്ദ്രങ്ങളാകുമ്പോൾ 'Incredible India' യിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു വിശ്വവിദ്യാലയം സ്ഥാപിച്ചു അതിൻറെ കവാടത്തിൽ 'എത്ര വിശ്വം ഭവത്യേക നീഡം' എന്ന് കുറിച്ചു വെച്ച ടാഗോർ ഇത് കാണുന്നുണ്ടാകുമോ എന്തോ.....!!!

സെബാസ്റ്റ്യൻ അപ്പച്ചൻ കാണിച്ച വിപ്ലവം ഒരു വഴിയാണ്. മതത്തിൻറെ വേലിക്കെട്ടുകളിൽ നിന്ന് മനുഷ്യനിലേക്കുള്ള വഴി.

വൈഗ

വർഷങ്ങൾക്കു ശേഷം ഇന്നവളെ ഞാൻ വീണ്ടും കണ്ടു, ഒരു മാറ്റവുമില്ല.
ഓർമ്മകൾ ശരവേഗത്തിൽ പിന്നോട്ട് കുതിച്ചു.

*********************************************************
നാലാം നിലയിലുള്ള എന്റെ ഓഫീസിലേക്ക് പടികയറുമ്പോൾ മൂന്നാം നിലയിലെ മറ്റൊരു സ്ഥാപന്നത്തിന്റെ ചില്ലുകൂടിനകത്തൂടി ചിരിക്കുന്ന ആ മുഖം എന്നും കണ്ടാണ്‌ ദിവസവും മുകളിലേക്ക് കയറിപോകുന്നത്. നെറ്റിയിൽ ചന്ദന കുറിയും ഈറനുണങ്ങാത്ത മുടിയിഴകളിൽ മുല്ലപ്പൂവും ചൂടി എന്നും പ്രസന്നവതിയായി മാത്രമേ അവളെ കണ്ടിട്ടുള്ളു.... അങ്ങനെ എത്രയോ മാസങ്ങൾ ഒന്ന് മിണ്ടുകപോലും ചെയ്യാതെ....
ഓണത്തിനു രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപായിരുന്നു അത് സംഭവിച്ചത്. ഞങ്ങളുടെ ഓഫീസിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കളമത്സരം കാണാൻ അവളും കൂട്ടുകാരിയും വന്നു. അവളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഒരു വായാടി... അവർക്ക് മധുരം നൽകിയപ്പോൾ മാസങ്ങളായുള്ള മൗനത്തിന്റെ ചില്ലുകൊട്ടാരം തകർന്നുവീണു...
അവർ പോയി...
അന്നുച്ചയ്ക്ക് ചോറുണ്ണാൻ ഇറങ്ങിയപ്പോൾ അവരുടെ ഓഫീസിനു പുറത്ത് രണ്ടുപേരും നിൽക്കുന്നത് കണ്ടപ്പോൾ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചതാണ്. ചോറുണ്ടോന്ന്. ഇല്ലെന്നു പറഞ്ഞപ്പോൾ വരില്ലെന്നറിഞ്ഞിട്ടും വീണ്ടും  ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചു, ഉടുപ്പി ഹോട്ടലിലേക്ക് പോവാണ് വരുന്നോന്ന്. ഒന്നാലോചിച്ച്, ഒരു മിനിട്ട് വെയ്റ്റ് ചെയ്യാൻ പറഞ്ഞു ഓഫീസിലേക്ക് പോയി പെട്ടന്ന് തിരിച്ചു വന്നു...
വാ നമുക്കൊരു ഓട്ടോ പിടിക്കാം...
അവളാദ്യം കയറി പിന്നെ കൂട്ടുകാരിയും ഒടുവിൽ ഞാനും....
മനസ്സിൽ സന്തോഷത്തിൻറെ ചീട്ടുകൊട്ടാരം കേട്ടിപോക്കുകയായിരുന്നു....
എന്നെ പോലെ തന്നെ അവളും വെജിറ്റേറിയനായിരുന്നു...
ഭക്ഷണം കഴിക്കുന്നതിനിടയിൽ കൂട്ടുകാരി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
ഞാനിടയ്ക്ക് അവളെ നോക്കുമ്പോൾ അവളും നോക്കുന്നുണ്ടായിരുന്നു...
 എനിക്ക് മറ്റൊരു ദിവസം ചാൻസ് തരാമെന്ന് പറഞ്ഞ് ഭക്ഷണത്തിൻറെ ബില്ല് അവർതന്നെ കൊടുത്തു...
തിരിച്ചു വീണ്ടും ഒരു ഓട്ടോപിടിച്ച് ഓഫീസിലേക്ക്... പടികൾ കയറുമ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം അവളുടെ മുഖത്തു കണ്ടു...
മൂന്നാം നിലയിലെത്തിയപ്പോൾ, കൂട്ടുകാരി പറഞ്ഞു, " താങ്ക്സ് ഫോർ കമിങ്ങ് വിത്ത് അസ്..."
ഞാനൊന്നു ചിരിച്ചു, "ഞാനല്ലെ ക്ഷണിച്ചത്... അപ്പോൾ ഞാനല്ലേ താങ്ക്സ് പറയേണ്ടത്...."
"എനിവേ അഡ്വാൻസ് ഓണം വിഷസ്..."
"സെയിം റ്റു യു, ഞങ്ങൾ കന്നടാസ് അങ്ങനെ ഓണം ആഘോഷിക്കാറില്ല..."
"സോ, വൈ ഡോണ്ട് യു കം റ്റു മൈ ഹോം... നമുക്കാഘോഷിക്കാം..."
മൗനം...
"വാട്ട് ഹാപ്പന്റ്റ്, ഡു യു ഹാവ് എനി പ്രോബ്ലം...??"
"ഹേയ് നൊ നോ പ്രോബ്ലം..."
"ദെൻ, വാട്ട് എൽസ്... സണ്ടെ ആണ്.."
ഞാൻ വഴി പറഞ്ഞു കൊടുത്തു... ഫോണ്‍ നമ്പറും അഡ്രസും എഴുതികൊടുത്തു...
"രണ്ടുപേരും വരണം", ഞാനവളെ നോക്കി...
അവൾ തലകുലുക്കി...
"ഉറപ്പായും വരണം, വന്നില്ലെങ്കിൽ ഇനി കണ്ടാൽ ഞാൻ മൈന്റ് ചെയ്യില്ലാ..." പടികൾ കയറി ഞാൻ ഓഫീസിലേക്ക് പോയി...

*****************************************************************************************
ഓണം, ഞായറാഴ്ച... എങ്കിലും, നേരത്തേ എഴുന്നേറ്റ് കുളിച്ച് മുറ്റത്ത് പൂക്കളമൊക്കെ ഇട്ട്, ക്ലോക്കിൽ സമയം നോക്കിക്കൊണ്ടിരുന്നു.... അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു... രണ്ടു ഫ്രണ്ട്സ് ചിലപ്പോൾ വരുമെന്ന്...
ഫ്രണ്ട്സ് വീട്ടിലേക്കു വരുന്നത് പുതിയൊരു കാര്യമായിരുന്നില്ല... അതുകൊണ്ട് തന്നെ ആരാ, ഏതാ, എവിടുന്നാ എന്നൊന്നും അമ്മയും ചോദിച്ചില്ല....

ലാൻറ് ഫോണിലേക്കൊരു കോൾ. ഏട്ടനായിരുന്നു എടുത്തത്, പിന്നെ വഴി പറഞ്ഞുകൊടുക്കുന്നതൊക്കെ കേട്ടു...
ഫോണ്‍ വച്ച് ഏട്ടൻ എന്റടുത്ത് വന്ന് പറഞ്ഞു, നിന്റെ ഫ്രണ്ട്സ് വരുന്നുണ്ട് കവലയിലെത്തിയപ്പോൾ വിളിച്ചതാണെന്ന്....
ഞാൻ അകത്ത് പോയി, ഓണക്കോടി എടുത്തിട്ടു... കണ്ണാടിയിൽ പലവട്ടം നോക്കി.. മുടി ചീകിയൊതുക്കി... വീണ്ടും വീണ്ടും തിരിഞ്ഞും മറിഞ്ഞും നോക്കി...
പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു... ഞാൻ പതുക്കെ ഇറങ്ങി വരുമ്പോഴേക്കും ഏട്ടൻ ചെന്ന് സ്വീകരിച്ച് അകത്തേയ്ക്ക് കൂട്ടി വന്നിരുന്നു.... വല്ലാത്തൊരു എക്സൈറ്റ്മെന്റ്...
ഏട്ടനും കൂട്ടുകാരിയും കൂടി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു....
ഞാൻ അകത്തു പോയി ചായ കൊണ്ട് വന്നു, അവൾക്ക് കൊടുക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു...
എന്തിനാണിങ്ങനെ നേർവസ്സാകുന്നത്... ഞാൻ എന്നോടുതന്നെ ചോദിച്ചു...

അമ്മ അടുക്കളയിൽ നിന്നും വന്നു അച്ഛനും കയറി വന്നു.... അവരൊക്കെ കലപില സംസാരിച്ചുകൊണ്ടിരുന്നു...
ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു... അവൾ എഴുന്നേറ്റ് ഷോക്കേസിൽ വച്ചിരിക്കുന്ന എന്റെ സമ്മാനങ്ങളും ചുവരിൽ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങളും നോക്കിക്കൊണ്ടിരുന്നു...

അമ്മ അടുക്കളയിലേക്കും, അച്ഛൻ വാഴയില മുറിക്കാനും പോയി.... ഏട്ടൻ എന്നെ നോക്കി പറഞ്ഞു, "നീ അവരെ എല്ലാമൊന്ന് ചുറ്റികാണിക്ക്, ഞാനിതൊക്കെയൊന്ന് അറേഞ്ച് ചെയ്യട്ടെ...."

ഞാനവരെ കൂട്ടി പുറത്തിറങ്ങി...  പൂന്തോട്ടത്തിലൂടെ നടന്നു....
അവളിടയ്ക്കിടെ എന്നെ നോക്കി ചിരിച്ചു....

അകത്തുനിന്ന് ഏട്ടന്റെ വിളി വന്നു....
ഭക്ഷണം റെഡിയായി കൈ കഴുകി ഞങ്ങളെല്ലാരും ഒരുമിച്ചിരുന്നു....

ഭക്ഷണം കഴിച്ചെഴുന്നേറ്റ്, കുറച്ചു നേരം കൊച്ചുവർത്താനം പറഞ്ഞിരുന്നു....
രണ്ടുപേരും പോകാൻ തിടുക്കം കൂട്ടി.... വന്ന ഓട്ടോയിൽ തന്നെ തിരിച്ച് പോയി....

***********************************************************************************
തിങ്കളാഴ്ച്ച..
ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരുത്സാഹമായിരുന്നു....
മൂന്നാം നിലയിലേക്കെത്തിയപ്പോൾ കൂട്ടുകാരി പുറത്തു നിൽക്കുകയായിരുന്നു....
"ഹായ് ഡിയർ, ഗുഡ് മോണിങ്ങ്..." അവൾ ചിരിച്ചു കൊണ്ടെന്റെ അടുത്തേയ്ക്ക് വന്നു...
ഞാനും ഗുഡ് മോണിങ്ങ് പറഞ്ഞു.... എന്റെ കണ്ണുകൾ എന്തോ തിരയുന്നതുപോലെ തോന്നിയതുകൊണ്ടാവാം അവൾ പറഞ്ഞു, "വൈഗ വന്നില്ല, അവൾക്കു നല്ല സുഖമില്ല... രണ്ടു ദിവസം ലീവെടുത്തു..."
"ഉം...."
"ഓകെ ബായ്, സീയൂ.... കുറെയേറെ വർക്കുണ്ട്..." ഞാൻ ഓഫീസിലേക്ക് കയറി പോയി....
പതിവില്ലാതെ ഞാൻ ഓഫീസിൽ നിന്നും പെട്ടന്നിറങ്ങി....
അടുത്ത ദിവസം ഒരു കാരണവുമില്ലാതെ ലീവെടുത്ത് വീട്ടിലിരുന്നു....

പിറ്റേന്ന് കയറി ചെല്ലുമ്പോൾ അവൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു.... കൂടെ കൂട്ടുകാരിയും ഉണ്ട്....
"എനിക്ക് ബാഗ്ലൂർ ജോലി കിട്ടി, നാളെ പോകും, ഉച്ചയ്ക്ക് രണ്ടുപേർക്കും എന്റെ വക ട്രീറ്റ്..." കൂട്ടുകാരി പറഞ്ഞു....
ഞാൻ ഓഫീസിലേക്ക് കയറിപോയി.....

ഒരുമണിക്ക് കൂട്ടുകാരിയുടെ ഓഫീസ് ഫോണിൽ നിന്നൊരു കോൾ വന്നു.... "ഹായ്, സാതന ഹിയർ ഫ്രീ ആണെങ്കിൽ താഴെ വരൂ..."
"ജസ്റ്റ്, വെയ്റ്റ്...."

ഞങ്ങൾ ഓട്ടോയിൽ കയറി, പാർക്ക് അവന്യുയിൽ കയറി.... സാതന മെനു നോക്കി എന്തൊക്കെയോ ഒഡർ ചെയ്യുന്നുണ്ടായിരുന്നു....
ഞങ്ങൾക്കിടയിൽ വല്ലാത്തൊരു നിശബ്ദത... കഴിച്ചിറങ്ങിയപ്പോൾ വൈഗയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു... അവർ കെട്ടിപിടിച്ചു...
സാതന എന്നെ നോക്കി പറഞ്ഞു, " ഡോണ്ട് മിസ്സ്‌ മൈ ഫ്രണ്ട്ഷിപ്പ്..., ഐ മിസ്സ്‌ യു ബോത്ത്... ഞാൻ എത്തിയിട്ട് അവിടത്തെ നമ്പറിൽ വിളിക്കാം.... എൻറെ വൈഗയ്ക്ക് കമ്പനി കൊടുക്കാൻ മറക്കല്ലേ... അവളിത്തിരി സൈലന്റ് ആണ്, നിങ്ങളൊന്നു ശരിയാക്കിയെടുക്കണം... എനിവേ.... ബായ്... സീയു...."
"ബായ് സീയു..."

************************************************************************************************
അന്ന് വൈകുന്നേരം ഞാൻ അത്യാവശ്യമായി പൂനെയ്ക്ക് പോയി...
രണ്ട് ദിവസം കഴിഞ്ഞാണ് ഓഫീസിലെത്തിയത്....
മൂന്നാം നിലയിലേക്കിത്തിയതും വൈഗ ഓടിവന്നു... "എന്തേ രണ്ടുദിവസമായി കണ്ടില്ല...??"
"ഞാൻ പൂനെയ്ക്ക് പോയിരുന്നു, ഒരു അർജന്റ് മീറ്റിംഗ്.."
"സാതന... എത്തീട്ട് വിളിച്ചോ...??"
"ഉം..."
"തിരക്കിലാണോ..." അവൾ വല്ലാത്തോരാകാംഷയോടെ ചോദിച്ചു...
"അല്ല, എന്തേയ്.."
"നമുക്കൊന്ന് പുറത്തു പോയാലോ..."
"എവിടേയ്ക്ക്..??"
"വല്ലാത്തൊരു തലവേദന ഒരു ചായ കുടിക്കണം...ഒറ്റയ്ക്ക് പോകാനൊരു മടി..."
"അതിനെന്താ...പോകാലോ..." ഞാൻ പറഞ്ഞു...
ഞങ്ങൾ ഫുഡ് കോട്ടിലേക്ക് നടന്നു...
ചായയ്ക്ക് പറഞ്ഞ് ഞങ്ങളിരുന്നു...
അവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നി...
അതിനു മുമ്പേ ഞാൻ പറഞ്ഞു..."ഞാൻ ഓഫീസിൽ നിന്നും റിസൈൻ ചെയ്തു, എനിക്കിവിടെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി....മിക്കവാറും ഈ വീക്കിൽ തന്നെ ജോയിൻ ചെയ്യണം...."
"ഉം...."
അവളൊന്നും പറഞ്ഞില്ല...
"ആക്ച്വലി എനിക്കും ഈ ജോബ് വിട്ട് മറ്റൊരു കമ്പനിയിൽ കയറിയാലോ എന്നൊരു പ്ലാനുണ്ട്.... കാൻ യു ഹെൽപ്പ് മി...."
"ഓ.... തീർച്ചയായും....ഞാനെന്റെ ഫ്രണ്ട്സ് സർക്കിളിൽ ഒന്ന് പറഞ്ഞു നോക്കട്ടെ... ഉറപ്പായും കിട്ടും ഡോണ്ട് വറി..."
അവൾ ചിരിച്ചു....
"ഹൊ... സന്തോഷായി... ഒന്ന് ചിരിച്ചല്ലോ..."
ഞങ്ങളിറങ്ങി....

വൈകുന്നേരം ഞാനവളുടെ ഓഫീസിനു മുന്നിൽ നിന്ന് അവളെ വിളിച്ച് ഫുഡ് കോട്ടിൽ കൊണ്ടുപോയി...
"തനിക്ക് ഭാഗ്യമുണ്ടെൽ ഇത് കിട്ടും, നാളെ രാവിലെ ഇന്റർവ്യൂനു പോകാൻ തയ്യാറായിരിക്കു...."
"എന്താ ജോബ്..."
"ഒരു കണ്‍സ്ട്രക്ഷൻ കമ്പനിയാണ്... അഡ്മിൻ.."
"ഒക്കെ..."
"സാലറി ഇപ്പോൾ കിട്ടുന്നത്തിന്റെ മൂന്നിരട്ടി കിട്ടും, മാനേജർ എൻറെ ഫ്രണ്ട് ആണ്, റെഫറൻസിൽ എൻറെ പേരും നമ്പറും വച്ചോളൂ.... ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..."
"ഉം..."
"നന്നായി പെർഫോം ചെയ്യണം, ഇയാളെക്കുറിച്ച് ഞാൻ ഒരു ഔട്ട്‌ ലൈൻ കൊടുത്തിട്ടുണ്ട്...."
"ഒക്കെ..."
"നാളെ ഞാൻ ഉണ്ടാവില്ല... പുതിയ കമ്പനിയുടെ ഹെഡ് ഓഫീസിൽ പോയി ഡോക്യുമെന്റ് സബ്മിറ്റ് ചെയ്യാനുണ്ട്, ഇന്ടർവ്യു കഴിഞ്ഞ് വിളിക്കു.... ഒക്കെ, ബായ്... സീയു....ഓൾ ദ ബെസ്റ്റ്..."
"താങ്ക്യു...."

**********************************************************************************
അടുത്തദിവസം വൈഗ വിളിച്ചു,"ഹായ്, ചേട്ടാ.. വൈഗയാ... ഇന്റർവ്യു കഴിഞ്ഞു..."
"ഒക്കെ... ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ... ഞാൻ തിരിച്ച് വിളിക്കാം..."
ഞാൻ മാനേജരെ വിളിച്ചു, "ഡാ... ഷീയീസ് സോ യങ്ങ്.... ആൻറ് സ്മോൾ..."
"സാറേ, അവൾ പുലിയാണു, അഞ്ചാറു ഭാഷയൊക്കെ ഈസിയായി സംസാരിക്കും.... ധൈര്യായി എടുത്തോളു, ട്രസ്റ്റ് മീ..."
"ഉം...ടൂ വീക്ക് ടൈം കൊടുക്കുന്നുണ്ട്... അതിനുള്ളിൽ അവൾ പെർഫോം ചെയ്ത് കാണിക്കണം, ഇല്ലേൽ തൂക്കിയെറിയും...."
"ഒക്കെ... ഷീവിൽ ടു..."

ഞാൻ വൈഗയെ വിളിച്ചു, "ഹായ്, സിദ്ദു, ഹിയർ, ഫ്രീയാണേൽ ഫുഡ് കോട്ടിൽ വാ...."
"ഹേയ്... മാനേജർ എന്ത് പറഞ്ഞു..."
"വാ...പറയാം...."

മുഖത്ത് വല്ലാത്തോരാകാംഷയോടെ അവൾ കയറി വന്നു..
ഞാൻ രണ്ടു കോൾഡ് കോഫിക്ക് പറഞ്ഞു...
"കണ്‍ഗ്രാജുലേഷൻസ്... നാളെ ജോയിൻ ചെയ്തോളു...."
അവളുടെ മുഖത്ത് ആയിരം സൂര്യന്മാർ ഒന്നിച്ചു മിന്നിമറയുന്നത് കണ്ടു....
"യു ആർ സോ സ്വീറ്റ്..."
"അതൊക്കെ അവിടെയിരിക്കട്ടെ... പാർട്ടി വേണം...."
"ഓ...നോ പ്രോബ്ലം...നെക്സ്റ്റ് വീക്ക് സാതനയും വരുന്നുണ്ട്... മൂന്നുപേർക്കും കൂടാം..."
"ഒക്കെ.... ഞാനിറങ്ങട്ടെ.... ഓഫീസിൽ കുറച്ചു ജോലി ഉണ്ട്, ലാസ്റ്റ്ടെ ആണല്ലോ.... സീ യു..."

*****************************************************************************************
പിന്നീട് ഞങ്ങൾ ഇടയ്ക്കെടെ കൂടും....

മാസങ്ങൾ കടന്നു പോയി...

*****************************************************************************************
അന്നൊരു ഞായറാഴ്ച്ചയായിരുന്നു....
അവളുടെ കോൾ, കരയുന്നുണ്ടായിരുന്നു...
"ഹേയ്.... എന്തുപറ്റിയെടി..??? എന്തിനാ കരയുന്നത്...???"
കരച്ചിൽ തുടർന്നു...
"ഹേയ്....ഡിയർ വാട്ട് ഹാപ്പന്റ്...??"
"എനിക്കീ വീട്ടിൽ നിൽക്കാൻ പറ്റില്ല.... ഞാൻ ബാഗ് എടുത്തിട്ടുണ്ട്, ചേട്ടന്റെ വീട്ടിലേക്ക് വര...."
അത്രേ കേട്ടുള്ളു.... ഞാൻ ഞെട്ടിപ്പോയി.... ഉള്ളിലൊരൽപ്പം ഭയവും....
"വൈഗ.... എന്താ പറ്റിയെ...പറ..."
കരച്ചിൽ തേങ്ങലായി....
"ഒരു കാര്യം ചെയ്യ്‌, ഫുഡ് കോട്ടിൽ വാ.... നമുക്ക് സംസാരിക്കാം...."
"ഉം..."

ഫുഡ് കോട്ടിൽ ബാഗുമായി കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന വൈഗ.... അവളാകെ ഭ്രാന്തുപിടിച്ച ഭാവമാണ്... വീട്ടിൽ അമ്മയോടെന്തോ തല്ലുകൂടിയതാണ് പ്രോബ്ലം... കുറെ നേരം സംസാരിച്ചിരുന്നു.... പിന്നെ എൻറെ വീട്ടിൽ പെട്ടന്നൊരു പെണ്‍കുട്ടി കയറിവന്നാലുണ്ടാകുന്ന പുകിൽ പോലീസ് കേസ്, എന്റേയും ആവളുടെയും ജോലിപോയാലുള്ള അവസ്ഥ എല്ലാം ക്ഷമയോടെ പറഞ്ഞു കൊടുത്തു....
അവളേയും കൂട്ടി ഓർഫനേജിലേക്ക് പോയി.... കുട്ടികൾക്ക് മിട്ടായി വാങ്ങിച്ചു കൊടുത്തു....  ഞാൻ അവരെ കാണിച്ച് പറഞ്ഞു "ഇവരൊക്കെ അച്ഛനുമമ്മയും നഷ്ടപ്പെട്ടവരാണ്, തനിക്കതുണ്ട്, താനത് നഷ്ടപ്പെടുത്തരുത്.... പ്ലീസ്, തിരിച്ചു പോകു.... എന്റെയൊപ്പം ജീവിക്കണമെന്നുണ്ടെങ്കിൽ  ഞാൻ വന്നു പെണ്ണ് ചോദിക്കാം.... അതുവരെ കാത്തിരിക്കു...."
"ഉം..."
അവൾ മടങ്ങി പോയി....

രണ്ടുമൂന്നു ദിവസം ഫോണ്‍ സുച്ചോഫായിരുന്നു....
പിന്നെ വിളിച്ചു കിട്ടിയപ്പോൾ അത്ര താല്പര്യമില്ലാത്ത പോലെ സംസാരിച്ചു, തിരക്കുണ്ടെന്ന് പറഞ്ഞു ഫോണ്‍ കട്ടുചെയ്തു....
പിന്നീടവൾ വിളിച്ചില്ല.... കാണുമ്പോഴൊക്കെ ഒഴിഞ്ഞു മാറി നടക്കും....
ഞാൻ ആ ജോലിയും നഗരവും ഉപേക്ഷിച്ചു.....
അവളില്ലാത്തൊരു ലോകത്തേയ്ക്ക് പറന്നു.....

************************************************************************************
അവൾ ക്ഷേത്രം പ്രദക്ഷിണം വച്ചു വരുമ്പോഴേക്കും ഞാൻ ഇറങ്ങി നടന്നു....

Thursday, 8 March 2018

ഈ കാഞ്ഞബുദ്ധിയൊക്കെ എവിടന്ന് വരുന്നേന്നറിയോ...!

ലോകത്തിലെ ബുദ്ധി രാക്ഷസന്മാരിൽ പലരും വെജിറ്റേറിയൻസ് ആണ്. അതിൽ തന്നെ ലോകം കണ്ട ഏറ്റവും ക്രൂരന്മാരും ശുദ്ധ സസ്യാഹാരികളാണ് എന്നതാണ് കൗതുകം.

അഡോൾഫ് ഹിറ്റ്ലർ, ജോർജ് ഡബ്ള്യൂ ബുഷ്, എൽ. കെ. അദ്വാനി, ദാമോദർ ദാസ് മോദി, എ.പി.ജെ.അബ്ദുൾ കലാം, ആൽബർട്ട് ഐൻസ്റ്റീൻ, കാൾ ലൂയിസ്, മാർട്ടിന നവർത് ലോവ, തോമസ് ആൽവ എഡിസൺ, പമേല ആൻഡേഴ്സൻ, സ്റ്റീവ് ജോബ്സ്..... അങ്ങനെ പോകുന്ന നീണ്ട നിരയിലെ അവസാന കണ്ണിയാണ് മോഹൻദാസ് വയലാംകുഴി.😉😎

പറഞ്ഞു വന്നത്, ബുദ്ധിമാന്മാരും ക്രൂരന്മാരും പോത്തിനെയോ, പശൂനെയോ, ആടിനെയോ, കോഴിയെയോ, എന്തിനധികം മീനിനെ പോലും തിന്നാത്തവരാണ്.

ഒരു 10 വർഷം മുമ്പ് വരെ കോഴിമുട്ട പോലും കഴിക്കാത്ത ഞാൻ എൻറെ ഫ്രണ്ടിന്റെ അനിയത്തിയുടെ വിവാഹനിശ്ചയത്തിന്റെ തലേ ദിവസം രാത്രി ഫ്രണ്ടിന്റെ കൂടെ കോഴിയെ വാങ്ങാൻ പോയി. വലിയൊരു കോഴി ഫാമാണ്. കോഴിയെ കൊല്ലുന്ന ഹിന്ദിക്കാരൻ പയ്യൻ സുഖമില്ലാത്തതിനാൽ വന്നതുമില്ല. ഇനി ഈ രാത്രി എവിടെ പോയി കോഴിയെ ഉണ്ടാക്കാനാണ്. 24 കോഴി വേണം. അവിടെ നോക്കി നടത്തുന്ന പയ്യന് കോഴിയെ കൊല്ലാനും അറിയില്ല. ഫ്രണ്ടിനാണേൽ കോഴിയെ കൊല്ലുന്നത് പേടിയാണ്. തിന്നാനറിയാം.😉😎😆😅

മൊബൈൽ ഫോണൊന്നും അധികം ഉപയോഗിക്കാത്ത കാലമാണ്. ആരെ വിളിക്കും. ഫ്രണ്ട് ആകെ ടെൻഷൻ ആകാൻ തുടങ്ങി. ഒടുവിൽ ഞാൻ ഒരു സൊലൂഷൻ പറഞ്ഞു കൊടുത്തു. നിങ്ങൾ രണ്ടുപേരും കോഴിയെ പിടിക്കുകയാണെങ്കിൽ ഞാൻ അറുത്ത് തരാം. അവനൊന്നു ഞെട്ടി, 'കോഴി മുട്ട പോലും തിന്നാത്ത നീയെങ്ങാനാടാ കോഴിയെ കൊല്ലുന്നത് എന്നൊരു ആക്കിയ ചോദ്യവും...."😏😏😏

മറ്റെന്തും സഹിക്കും.... ഒരുമാതിരി ആക്കിയാൽ നമ്മള് സഹിക്കില്ല. ഡയലോഗൊന്നും അടിക്കാതെ ഒരോ കോഴിയെ എടുത്ത് പിടിച്ചോളാൻ പറഞ്ഞു.

തുടർന്ന് നടന്നത് കൂട്ട കൊലപാതകമായിരുന്നു. 24 കോഴികളെ നിർദാക്ഷിണ്യം വധിച്ചു കലിയടങ്ങാത്ത ഞാൻ ഇനിയുമുണ്ടോ കോഴികൾ എന്നും പറഞ്ഞു ചോരയൊലിക്കുന്ന കത്തിയുമായി ഉറഞ്ഞു തുള്ളുന്ന വിഷ്ണു മൂർത്തി തെയ്യത്തിനടുത്ത് കോഴിയെ കുരുതി കൊടുത്ത് ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനെപോലെ നിൽക്കുന്നു.

പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ട് ചെവിയിൽ മുഴങ്ങി...
"നാങ്കളെ കൊത്ത്യാലും ചൊവ്വറെ ചോര,
നിങ്കളെ കൊത്ത്യാലും ചൊവ്വറെ ചോര..."

നാലഞ്ച് പാമ്പിനെയൊക്കെ ഒരുളുപ്പുമില്ലാതെ കൊന്നിട്ടുണ്ട്. പക്ഷെ, എലിയേയും തവളയെയും പേടിയാണ്.😊☺

ഹാ..... അതൊക്കെ ഒരു കാലം... ഇതിപ്പോ പറയാൻ കാരണം നമ്മുടെ ചങ്ക് ബ്രോ ഹോമിയോ ഡാക്കിട്ടർ മേധ സംസാരത്തിനിടയിൽ വെജിറ്റേറിയൻ ബിരിയാണി കഴിച്ചൂന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് Invite ചെയ്തതാ  Vegetarian Group ൽ Membership എടുക്കാൻ. ലവൾക്കൊരു പുജ്‌ഞം...😏😏😏😏

ഇനിയാരും മെമ്പർഷിപ്പ് വേണൊന്നും, ഇങ്ങളിപ്പോഴും വെജ് ആണോ, ഏത് ലോകത്താ..... എന്നൊന്നും ചോദിച്ചു വന്നേക്കരുത്. ഗേറ്റ് പൂട്ടി താക്കോൽ ഗോശ്രീ പാലത്തിൽ നിന്ന് താഴെക്കെറിഞ്ഞിട്ടുണ്ട്.🏃🏃🏃🏃🏃🏃

Monday, 5 March 2018

പിഴച്ചു പോയ ഗുരുക്കന്മാരുടെ പിഴയ്ക്കാൻ വിധിക്കപ്പെട്ട ശിഷ്യന്മാർ

ഇന്ന് വൈകുന്നേരം കാസർകോട് ബിഗ് ബസാർ ബിൽഡിങ്ങിൽ ഗ്രൗണ്ട് ഫ്ലോറിൽ യൂണിഫോം ധരിച്ച നാലഞ്ച് സ്‌കൂൾ വിദ്യാർഥികൾ നിൽക്കുകയായിരുന്നു. പെട്ടന്നാണ് ഒരു കുട്ടിയുടെ പുറത്ത് പട പട അടിക്കുന്നത് കണ്ടു കൊണ്ട് ഞാൻ തൊട്ടടുത്ത് എത്തിയത്. കുറച്ചു നേരം സംഭവം വീക്ഷിച്ചപ്പോൾ മനസ്സിലായത് അവൻറെ ടീച്ചറാണ് അവനെ തല്ലിയത്. ഉടനെ അവനെ പിടിച്ചു നിർത്തി ടീച്ചർ ഫോണെടുത്ത് അവൻറെ ഉമ്മയെ വിളിച്ചു സംസാരിക്കുന്നുണ്ട്. കേട്ടതിൽ നിന്നും മനസ്സിലായത് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആ ചെറുക്കൻ സമയത്തിന് വീട്ടിൽ പോവുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ഉമ്മ ടീച്ചറിനെ വിളിച്ചു സ്ഥിരമായി പരാതി പറയുന്നുണ്ട്.

ഇനി കാര്യത്തിലേക്ക് കടക്കാം.

ഒരു ഹൈസ്‌കൂൾ ടീച്ചർ (നേരിട്ട് അറിയാവുന്ന ടീച്ചർ ആണ്) ഒരു കുട്ടിയെ ഇങ്ങനെ പബ്ലിക്ക് പ്ലെയിസിൽ നിന്ന് ഒരുപാട് പേർ നോക്കി നിൽക്കുമ്പോൾ അടിച്ചത് ശരിയാണോ..?

ഇത്തരത്തിലുള്ള ശിക്ഷയും ശാസനയും ആ കുട്ടിയെ നന്നാവാൻ പ്രേരിപ്പിക്കുമോ..?

ശാരീരികമായ ശിക്ഷ സ്‌കൂളിൽ പോലും പാടില്ലെന്നിരിക്കെ ഇത്തരമൊരു ശിക്ഷ കുറ്റകരമല്ലേ..?

ഇനി മറ്റൊരു ചിന്ത :

പൊതുസ്ഥലത്ത് നിന്നുള്ള ഇത്തരം ശിക്ഷയിൽ മനം നൊന്ത് ആ പയ്യൻ അബദ്ധം എന്തെങ്കിലും കാണിച്ചാൽ...?

ആ പയ്യൻറെ മുന്നിൽ നിന്ന് തന്നെ ഫോൺ വിളിച്ചു ഉമ്മയോട് സംസാരിച്ചത് ശരിയാണോ...?

ടീച്ചർ വളരെ അപക്വമായല്ലേ പെരുമാറിയിരുന്നത്...?

വീട്ടുകാരെ ഭയന്ന് ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്താൽ..?

ഏകദേശം 19 വർഷം മുമ്പ് ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപകൻ ശിക്ഷിച്ചൊരു കുട്ടി ബസ് സ്റ്റാൻറിൽ നിൽക്കുമ്പോൾ ആ അധ്യാപകനെ കല്ലെറിഞ്ഞു പരിക്കേല്പിച്ചിരുന്നു. മറ്റൊരു കുട്ടി വടികൊണ്ട് അടിക്കുമ്പോൾ വടി പിടിച്ചു പൊട്ടിച്ചു കളഞ്ഞു മേലാൽ അടിക്കരുതെന്ന് ക്ലാസ്സ് മൊത്തം കേൾക്കെ പറഞ്ഞതും ഓർമ്മയിലുണ്ട്.

ഞാൻ ഇന്ന് കണ്ട ടീച്ചർ പഠിപ്പിക്കുന്നത് എൻറെ സുഹൃത്ത് പഠിച്ച സ്കൂളിലായിരുന്നു. കുറേ വർഷങ്ങൾക്ക് മുമ്പ് ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ മൂന്ന് വിദ്യാർത്ഥികൾ പിറകിലെ ബഞ്ചിലിരുന്നു ലൈംഗികാവയവം പുറത്തിട്ടു സ്വയംഭോഗം നടത്തുകയും ഇത് കണ്ട ഒരു പെൺകുട്ടി ടീച്ചറിൻറെ അടുത്ത് നേരിട്ട് പറയുകയും ടീച്ചർ വന്നു നോക്കിയപ്പോൾ ലൈംഗികാവയവം പുറത്തിട്ടു നിൽക്കുന്ന മൂവരേയും കണ്ടു. അന്ന് തന്നെ മൂവരേയും സ്‌കൂളിൽ നിന്ന് ടി.സി കൊടുത്തു വിട്ടു.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ മൂന്നാം ദിവസം റെയിൽവേ ട്രാക്കിന് സമീപം പൂർണ്ണ നഗ്നനായി മരിച്ചു കിടക്കുന്നത് കണ്ടെത്തി. കൂടെയുണ്ടായിരുന്ന കൂട്ടുകാരോട് അന്വേഷിക്കുമ്പോൾ കഞ്ചാവടിച്ചു നടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നു പോലീസുകാർക്ക് മൊഴി കൊടുത്തു. പക്ഷെ യാതൊരുവിധ പോറൽ പോലും ഏൽക്കാതെയാണ് ബോഡി കിട്ടിയതെന്നാണ് പോലീസും പരിസരവാസികളും പറയുന്നത്.

മാസങ്ങൾക്ക് മുമ്പ് ഒരു കോളേജ് അധ്യാപകനും കുട്ടികളും ബാറിൽ നിന്ന് ഇറങ്ങി വരുന്നതും കാണുകയുണ്ടായി.

വീടിനടുത്തുള്ള അൺ എയ്ഡഡ് പബ്ലിക്ക് സ്‌കൂളിലേക്ക് മിക്ക കുട്ടികളും ബൈക്കും കാറും എടുത്താണ് വരുന്നത്. ലൈസൻസ് പോലും ഇല്ലാത്ത കുട്ടികൾക്ക് ബൈക്കും കാറും വാങ്ങി കൊടുക്കുന്നത് ആരാണ്..? ഇത് കണ്ടിട്ടും നിയമ നടപടിയെടുക്കാത്ത പോലീസും വാഹനഗതാഗത വകുപ്പും നോക്കുകുത്തികളാണോ..?

ജില്ലയിലെ മറ്റൊരു കോളേജിൽ റെക്കോഡ് ഒളിച്ചോട്ടമാണ്. വിദ്യാർത്ഥിയുടെ കൂടെ ഒളിച്ചോടിപ്പോയ കല്യാണം കഴിഞ്ഞ അധ്യാപികയും ഉണ്ടെന്നറിയുമ്പോൾ നമ്മുടെ ലോകം എങ്ങോട്ടാണ് പോകുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ രീതിയും കുട്ടികളും അധ്യാപകരും പല തട്ടിലാണെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം അധ്യാപകയെ ലൈംഗീക ദൃഷ്ടിയോടെ കാണുന്ന കുട്ടികളുടെ മുന്നിൽ എന്ത് വേഷം ധരിച്ചാണ് വരിക, എങ്ങനെയാണ് ഇത്തരം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ക്‌ളാസ് മുറിയിൽ നിൽക്കാൻ സാധിക്കുക.

പരിഹാരം :

ബോധവൽക്കരണം തന്നെ വേണം.

കാലാകാലങ്ങളായി നടന്നു വരുന്ന വെറുമൊരു പ്രഹസന ബോധവൽക്കരണ പരിപാടിയല്ല വേണ്ടത്. ഓരോ സ്‌കൂളിലും അല്ലെങ്കിൽ ഓരോ ഉപജില്ലയ്ക്ക് കീഴിലും ഇത്തരം ഒരു ടീമിനെ തന്നെ നിയമിച്ചു സ്‌കൂളുകൾ തോറും സ്ഥിരമായ ബോധവൽക്കരണ പരിപാടിക്കൊപ്പം കുഴപ്പം തോന്നുന്ന കുട്ടികളെ കണ്ടെത്തി കൗൺസിലിങ്ങ് പരിപാടിയും ഒപ്പം രക്ഷിതാക്കൾക്ക് കൂടി കൃത്യമായ ബോധവൽക്കരണവും കൗൺസിലിങ്ങും നിർബന്ധമായും നല്കിയാലേ കുറച്ചെങ്കിലും മാറ്റമുണ്ടാകൂ.

Thursday, 18 January 2018

ഫെമിനിസം തോൽക്കുന്ന വിവേചനിസം

ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലൊക്കെ എൻറെ അതേ ഗ്രെഡിൽ ജോലി ചെയ്ത എല്ലാവർക്കും (ആണിനും പെണ്ണിനും) ഒരേ ശമ്പളമായിരുന്നു. എനിക്ക് കിട്ടിയിരുന്ന എല്ലാ സൗകര്യവും അവർക്കും കിട്ടിയിരുന്നു. ഞങ്ങൾ ഒരുമിച്ചു നടക്കുകയും ഒരേ കാന്റീനിൽ നിന്ന് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും ഒരേ തട്ട് കടയിൽ പോയി ചായ കുടിക്കുകയും ചെയ്തിരുന്നു.

എൻറെ വീട്ടിൽ വരുന്ന എല്ലാവരും ഒരുമിച്ചിരുന്ന് മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂ. സഹോദരിമാരില്ലാത്തത് കൊണ്ട് തന്നെ മറ്റെന്തിനേക്കാളും കൂടുതൽ ഒരു പെണ്ണിന് ജീവിതത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഒപ്പം നടന്ന എല്ലാ പെൺ സുഹൃത്തുക്കൾക്കും അവരർഹിക്കുന്ന സ്നേഹവും ബഹുമാനവും നൽകിയിട്ടുണ്ട്.

വേർതിരിവാണ് സഹിക്കാൻ പറ്റാത്തത് :

ചില പ്രത്യേക മത വിഭാഗത്തിൻറെ കല്യാണ വീടുകളിൽ പോയാൽ അണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം പ്രത്യേകം മറച്ചു വെച്ചിരിക്കുന്നത് കണ്ടിട്ട് ഒപ്പം വന്ന പെണ്ണിനെ എങ്ങോട്ടയക്കണം എവിടെയിരുത്തണം എന്ന് ടെൻഷൻ അടിച്ചിട്ടുണ്ട്. പെണ്ണിൻറെ സമ്മതമില്ലാതെ ആണിന് പെണ്ണിനെ കല്യാണം കഴിച്ചു കൊടുക്കുന്നതും പെണ്ണില്ലാതെ തന്നെ ആണിൻറെ കൈപിടിച്ചു ദൈവനാമത്തിൽ
ആണിന് പെണ്ണിൻറെ പിതാവ് വിവാഹ വാഗ്ദാനം നൽകുന്നതും കണ്ടിട്ടുണ്ട്.

അപ്പോൾ ഈ സമൂഹത്തിൽ ആണിനും പെണ്ണിനും തുല്യമായ സ്ഥാനം നല്കുന്നുണ്ടോ...? വിവേചനം അനുഭവിക്കുന്ന പെണ്ണുങ്ങളില്ലേ...?

വിവേചനം എല്ലായിടത്തുമുണ്ട്. വർണ്ണത്തിൻറെ പേരിൽ, ഭാഷയുടെ പേരിൽ, വേഷത്തിൻറെ പേരിൽ, പണത്തൂക്കത്തിൻറെ പേരിൽ, ദേശത്തിൻറെ പേരിൽ.... ഇങ്ങനെ ഇങ്ങനെ വിവേചനത്തിൻറെ നാമങ്ങൾ പലതാണ്.

അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും വരുന്ന ആണും പെണ്ണും അമ്മയെന്ന പെണ്ണിനെ ഓർത്താൽ തീരുന്ന വിവേചനമേ ഇന്നുള്ളൂ.

ഇതൊക്കെ മാറുമോ എന്നൊന്നും അറിയില്ല. എങ്കിലും ഒന്നെനിക്ക് പറയാൻ സാധിക്കും....

ഫെമിനിച്ചികൾക്കൊപ്പമോ മെയിൽ ഷോവനിസ്റ്റുകൾക്കൊപ്പമോ അല്ല...
കൂടെ നടക്കുന്ന നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന ഒപ്പം നടക്കുന്ന എല്ലാവർക്കുമൊപ്പം....

എനിക്ക് വിവേചനമില്ല.... ആരോടും എന്തിനോടും.

ഒപ്പം ഒപ്പത്തിനൊപ്പം

©മോഹൻദാസ് വയലാംകുഴി

Thursday, 11 January 2018

Sex is not a promise

What is the meaning of of Trust in Love?

മായാനദി കണ്ടിറങ്ങുന്ന പലരും ചോദിക്കുന്ന ഒരു ചോദ്യമായിരിക്കും. പലരുടേയും ഹൃദയത്തിൽ പലപ്പോഴായി ആഴത്തിൽ മുറിവേൽപ്പിച്ചൊരു സത്യം.

വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകത്തിൽ പോലും ഇതേ ചോദ്യം തന്നെയാണ് നമ്മളോരോരുത്തരിലേക്കും തൊടുത്തു വിടുന്നത്.

ഗൂഗിളിൽ തിരയുമ്പോൾ ഇങ്ങനെ പറയുന്നു :

" Trusting someone means that you think they are reliable, you have confidence in them and you feel safe with them physically and emotionally. Trust is something that two people in a relationship can build together when they decide to trust each other."

Trust അല്ലെങ്കിൽ വിശ്വാസം എന്നതിനെ ആശ്രയിച്ചാണ് എല്ലാം നമുക്ക് ചുറ്റും കറങ്ങുന്നത്.

സ്നേഹവു, പ്രേമവും, തീരുമാനങ്ങളും, ആരാധനയും, ബന്ധങ്ങളും, സൗഹൃദങ്ങളും, എല്ലാം Trust അഥവാ വിശ്വാസം എന്ന ഒരൊറ്റ Point ൽ നിലനിൽക്കുന്നതാണ്. അഥവാ Trust എന്ന ചരടിലെ മുത്തു മണികകളാണ് മേൽപറഞ്ഞവയൊക്കെയും. എത്ര വലിയ ബന്ധമായാലും Trust നഷ്ടപ്പെട്ടാൽ തീർന്നു.

Sex is not a promise.

ഇന്ത്യയിൽ മാത്രമാണ് Sex ഒരു Marriage Promise (വിവാഹ വാഗ്ദാനം) ആയി  തീരുന്നത്. ആ വാഗ്ദാനം ലംഘിക്കുമ്പോൾ ഉടൻ അത് ബലാത്സഗവും പീഡനവും ആയി രൂപാന്തരപ്പെടുന്നു.

ഒന്നുകിൽ ശരീരം പങ്കുവയ്ക്കുകയും അത് മതിവരുവോളം ആസ്വദിക്കുകയും ചെയ്യുക. അല്ലെങ്കിൽ ആ പണിക്ക് പോകാതിരിക്കുക. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച Trust എന്ന വാക്കിന് കൂടുതൽ പ്രാധാന്യം കൈവരുന്നത്.

പലപ്പോഴും തോന്നിയിട്ടുണ്ട് എല്ലാം ആസ്വദിച്ചു കഴിയുമ്പോൾ പിന്നെ അത് വെറും പാഴ് വസ്തു ആയി മാറുന്നു.

Premarital sex

കല്യാണത്തിന് മുൻപ് അല്ലെങ്കിൽ കല്യാണമേ കഴിക്കാതെ സെക്സിൽ ഏർപ്പെടാം എന്ന ചിന്ത 1960കളിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാണ് തുടങ്ങിയത്. ഇപ്പോൾ ഇന്ത്യയിൽ ബാഗ്ലൂർ, മുംബൈ , ചെന്നൈ, കൊച്ചി  പോലുള്ള മെട്രോ സിറ്റികളിൽ Living together ഒപ്പം ശരീരമാവശ്യപ്പെടുമ്പോൾ അല്ലെങ്കിൽ ദാഹിക്കുമ്പോൾ പാനം ചെയ്യാനുള്ള ഒരു വസ്തു മാത്രമായി സെക്‌സ് മാറിയിരിക്കുന്നു. ജങ്ക് ഫുഡ്ഡ് വാങ്ങി താത്കാലിക വിശപ്പടക്കൽ പ്രക്രീയ പോലൊരു അഡ്ജസ്റ്റ്‌മെൻറ്.

സാദാചാരത്തിൻറെ കണ്ണിൽ നോക്കുന്നവന് എല്ലാം എല്ലാം തെറ്റായി തോന്നുമ്പോൾ തിരിച്ചു ചിന്തിക്കുന്നവരും കാണും.

ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.

#sexisnotapromise #sex #life #promise #romance #premaritalrelationship #relationship

Thursday, 28 December 2017

ഞാൻ കണ്ട ജീവിതം

സ്ത്രീകളെക്കുറിച്ച് പൊതുവെയുള്ള ധാരണകൾ പാടേ മാറ്റുന്ന ഒരു കൂട്ടം സ്ത്രീ സൗഹൃദങ്ങളാണ് എൻറേതെന്ന് പറഞ്ഞാൽ നിങ്ങൾക്കത് എത്രമാത്രം ദഹിക്കുമെന്നെനിക്കറിയില്ല.

ഞാൻ കണ്ട 50 പെണ്ണുങ്ങൾ എന്ന സീരീസ് തുടങ്ങുമ്പോഴും ഞാൻ ജീവിതത്തിൽ 50 പെണ്ണുങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ, അഥവാ പെണ്ണുങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ എന്ന അരികുവത്കരണം വളരെ ദുഃഖകരമാണ്. പെണ്ണുങ്ങളേക്കാൾ കൂടുതൽ ആൺസുഹൃത്തുക്കൾ ഉണ്ടെന്ന് എൻറെ ആൺ സുഹൃത്തുക്കൾക്ക് വളരെ നന്നായി അറിയാം. ഒരു പക്ഷെ ഞാൻ ബന്ധങ്ങൾക്ക് കൽപ്പിക്കുന്ന വില തന്നെയാണ് എൻറെ സൗഹൃദങ്ങൾ നിലനിൽക്കാനുള്ള ഒരുകാരണം.

ബന്ധങ്ങളെ എങ്ങനെ നിലനിർത്താം എന്നതിനെക്കുറിച്ചുള്ള എൻറെ കാഴ്ചപ്പാട് :

പരസ്പര വിശ്വാസം, സ്നേഹം, ബഹുമാനം എന്നത് വളരെ പ്രധാനമാണ്.

സാഹചര്യത്തിനനുസരിച്ചു പെരുമാറാനും നിലപാടുകളിൽ ഉറച്ചു നിൽക്കാനും, പറഞ്ഞവാക്ക് പാലിക്കാനും, പരസ്പര ധാരണയോടെ മുന്നോട്ട് പോകാനും കഴിയണം.


ശാരീരികമായ മാനസികമായ ബലഹീനതകളെ മനസ്സിലാക്കുകയും ആത്മാർത്ഥമായ പിന്തുണ നൽകുകയും ചെയ്യുക.

പരസ്പരം കേൾക്കുക. ഉള്ളുതുറന്ന് സംസാരിക്കുകയും സംസാരിച്ചത് നമ്മളിൽ തന്നെ ഒതുങ്ങുകയും ചെയ്യുക.

ഇങ്ങനെ പൊതുവായി പറയാൻ ഒരുപാടുണ്ടെങ്കിലും എൻറെ അവരോടുള്ള സമീപനം തന്നെയാണ് എന്നിൽ ഇത്രയും വ്യത്യസ്തതയുള്ള ഒരുകൂട്ടം ആൺ പെൺ സുഹൃത്തുക്കൾ ലോകത്തിൻറെ പലഭാഗത്തായി വ്യാപിച്ചു കിടക്കുന്നത്.

Monday, 13 November 2017

കടിഞ്ഞാൺ വിട്ടുപോകുന്ന കുഞ്ഞുങ്ങൾ

വർഷാവർഷം ശിശുദിനവും ശിശു സൗഹൃദവും കൊണ്ടാടുമ്പോഴും കൗമാരത്തിലേക്ക് പോലും എത്തിയിട്ടില്ലാത്ത ആൺ പെൺ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ഏറ്റവും പുതിയ കാലത്തിൻറെ പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി നോക്കിയാലോ എന്ന ചിന്തയുടെ പുറത്താണ് ഇതെഴുതുന്നത്.

നേരിട്ട് കാര്യത്തിലേക്ക് കടക്കും മുമ്പ് ഒന്നുരണ്ട് കേസുകൾ ഓർമ്മവരുന്നത് കുറിക്കുന്നു :

രണ്ട് വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഭാര്യയും ഭർത്താവും അവരുടെ കുഞ്ഞു മോൾ. കൂട്ടിനൊരു കുഞ്ഞുവാവ വേണമെന്ന് അവൾ പലപ്പോഴും പറയുമെങ്കിലും കല്യാണം കഴിഞ്ഞ സമയത്തെ കൗതുകത്തിന് തോന്നിയ പരസ്പരമുള്ള ശരീരം പങ്കുവയ്ക്കലിലൂടെ കൈമാറിയ ബീജ സങ്കലനവും അതിലൂടെ നടന്ന രാസപ്രവർത്തനത്തിൻറെ ഫലമായി വളർന്ന ഭ്രൂണവും ഒരു ദിവസം മനുഷ്യരൂപത്തിൽ പൊക്കിൾ കൊടി ബന്ധം മുറിച്ചു സ്വാതന്ത്രമായപ്പോൾ ഒരു കുഞ്ഞു സുന്ദരിയായി മാലാഖകുട്ടിയായി അവർക്കിടയിൽ  നടന്നു. പരസ്പരം കുറ്റപ്പെടുത്തലും കണക്കുപറച്ചിലും ഈഗോയും കടന്നുകൂടിയപ്പോൾ മകൾക്കുമുന്നിൽ അഭിനയിക്കുന്ന രണ്ട് നല്ല അഭിനേതാക്കളായി അവർ ചുരുങ്ങാൻ തുടങ്ങി. മകളെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം ഒരുമിച്ചു ജീവിച്ചു മറ്റുള്ളവരുടെ മുന്നിൽ ബോധ്യപ്പെടുത്തുന്ന രണ്ട് ദമ്പതികൾ. ഇനിയൊരു കുഞ്ഞുവാവ അവൾക്ക് വേണമെങ്കിൽ ദിവ്യ ഗർഭം ധരിക്കേണ്ടി വരുമെന്ന് ആ പാവം കുഞ്ഞിനറിയുമോ...?

യുവതിയായിരുന്നു മായ നോർത്ത് ഇന്ത്യയിലെ വലിയൊരു സാമൂഹ്യ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്നു. ഭർത്താവ് ശ്രീധർ അവിടെയുള്ള കോളേജിൽ പ്രൊഫസറും. അവർക്ക് എട്ട് വയസ്സുള്ള ഒരു മകനുമുണ്ട്. പലപല കുഞ്ഞു പ്രശ്നങ്ങൾ കാരണം ഒരിക്കലും ഒത്ത്‌പോകില്ലെന്ന് മനസ്സിലാക്കിയപ്പോൾ മായ കുട്ടിയേയും കൂട്ടി നാട്ടിലേക്കു തിരിച്ചു പോന്നു. രണ്ടു മൂന്നു മാസം പിടിച്ചു നിന്ന ശ്രീധറിന് മകനെ കാണാതെ വയ്യെന്നായപ്പോൾ ജോലിയും രാജിവെച്ചു നാട്ടിലേക്ക് മടങ്ങിവന്നു. മായ ഇപ്പോൾ മെട്രോ നഗരത്തിൽ ജോലിയും നോക്കി ഒരു കുഞ്ഞു ഫ്ലാറ്റിൽ മറ്റൊരു വനിതാ സുഹൃത്തിൻറെ കൂടെ താമസിക്കുന്നു. എല്ലാ വാരാന്ത്യത്തിലും ഭർത്താവിൻറെ വീട്ടിൽ പോയി ഒരേമുറിയിൽ രണ്ടു കട്ടിലിൽ കിടന്നുറങ്ങി തിരിച്ചു വരുമ്പോൾ കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി അവർ സ്വന്തം മകനുമുന്നിൽ, രണ്ടുപേരുടേയും കുടുംബത്തിന് മുന്നിൽ, നാട്ടുകാരുടെ മുന്നിൽ കെട്ടിയാടുന്ന വേഷം കാണുമ്പോൾ വല്ലാത്തൊരു നിസംഗത തോന്നുന്നു.

സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകളെ പത്തൊൻപതാം വയസ്സിൽ പൊന്നും പണവും കൊടുത്ത് കെട്ടിച്ചുവിടുമ്പോൾ മമ്മദ്ക്ക ഒന്നേ ആലോചിച്ചുള്ളു മകളുടെ ഭാവി. വെറും ഒരാഴ്ചത്തെ കൗതുകത്തിന് അവൾക്കൊരു കുഞ്ഞിനേയും സമ്മാനിച്ചു അവൻ കടന്നു കളഞ്ഞു. അവന് വേണ്ടത് പെണ്ണിനെയല്ല, ആണിനെയാണ്. തലാക്കും ചൊല്ലി പോയപ്പോൾ അവൻ ഡിവോഴ്സ് മാത്രം കൊടുത്തില്ല. മറ്റൊന്നും കൊണ്ടല്ല, പേരുകേട്ട തറവാടിൻറെ മാനം കളയാതിരിക്കാൻ നാട്ടുകാരുടെ മുന്നിൽ അവൻറെ ഭാര്യയും കുട്ടിയും ആയി അവർ വേണം.

മൂന്ന് വ്യത്യസ്തമായ കേസുകളിൽപ്പെട്ട ഈ കുട്ടികൾ ഭാവിയിൽ വളർന്നു വരുമ്പോൾ എന്താകും അവസ്ഥയെന്ന് ഒരിക്കൽ പോലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ.?

ഈ കുട്ടികളെ പരസ്പരം സ്നേഹിച്ചു കൊല്ലാൻ മാതാപിതാക്കൾ മത്സരിക്കുകയാണ്. ചോക്കളേറ്റും വീഡിയോ ഗെയിംസും തുടങ്ങി കുട്ടിയെ സന്തോഷിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കുകയുമില്ല. ഒടുവിൽ കുട്ടികൾ ഈ സാഹചര്യം പരമാവധി മുതലെടുത്ത് മറ്റൊരു ലോകത്തേക്കെത്തുമ്പോഴേക്കും കൈവിട്ടുപോകുന്ന ഒരു ബാല്യം തിരിച്ചു പിടിക്കാനാവാതെ വരും.

ബാല്യം നന്നാവട്ടെ....  ഒപ്പം കൗമാരവും യൗവനവും വാർദ്ധക്യവും...
Child is the father of the man .

Wednesday, 8 November 2017

സ്ത്രീ = ധനം ?

"സ്ത്രീ" ധനമാണോ സ്ത്രീധനമാണോ വലുതെന്നു ചോദ്യം പലപ്പോഴും പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നിട്ടും വിവാഹകമ്പോളത്തിൽ ലേലം വിളിയുമായി സ്ത്രീയും ധനവും തമ്മിൽ ഇപ്പോഴും മൽപ്പിടുത്തമാണ്.

രണ്ടു ജീവിത പങ്കാളികൾക്കിടയിൽ എന്താണ് ആഭരണങ്ങൾക്കും മറ്റ് ആഡംബര വസ്തുക്കൾക്കും കാര്യമെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ജീവിക്കാൻ പൈസ വേണം, പക്ഷെ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കി ഭാര്യയേയും കുഞ്ഞുങ്ങളേയും പോറ്റാൻ ഗതിയില്ലാത്തവന് സ്ത്രീധനവും കൊടുത്ത് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കുന്ന അപ്പനമ്മമാരെയാണ് പറയേണ്ടത്.

അതിലും രസകരം മറ്റൊന്നാണ്. വർഷങ്ങളോളം പ്രണയിച്ചു വീട്ടുകാരുമായി സംസാരിച്ചുറപ്പിച്ചു നടത്തുന്ന വിവാഹത്തിന് പോലും നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ബാങ്കിൽ നിന്ന് കടമെടുത്തും വസ്തു വിറ്റും കിട്ടുന്ന പൈസ കൊണ്ട് ആഭരണവും മറ്റും വാങ്ങി കെട്ടിച്ചയക്കുമ്പോൾ പെൺ മക്കൾ മാത്രമുള്ള രക്ഷിതാക്കൾ ഓർക്കുന്നുണ്ടോ ഇനി ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്ന്. അല്ല ഇങ്ങനനെയങ്ങ് പോയി ചത്തുകഴിഞ്ഞാൽ ബാങ്കുകാര് അതൊക്കെ എഴുതി തള്ളിക്കളയുമെന്നോ മറ്റോ വിചാരിക്കുന്നുണ്ടോ. കെട്ടിച്ചു വിട്ട മകൾ ഭർത്താവുമൊത്ത് അടിച്ചു പൊളിച്ചു വീടിനെക്കുറിച്ചു പോലും ഓർക്കാതിരുന്നാൽ ജപ്തിയാകും ഒടുവിൽ ഫലം.

പല പെൺകുട്ടികൾക്കും കല്യാണം കഴിഞ്ഞു പോയാൽ സ്വന്തം വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും യാതൊരു ബോധവും കരുതലും പൊതുവേ ഉണ്ടാകാറില്ല (അല്ലാത്തവരും ഉണ്ട്). രണ്ടോ മൂന്നോ പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ മൂന്നെണ്ണത്തിനേയും കെട്ടിച്ചു വിടുന്നതോട് കൂടി സത്യത്തിൽ പാപ്പരാകുന്ന അവസ്ഥയും കടങ്ങളുടെ മുകളിൽ കടമായി ഊണും ഉറക്കത്തിലും ഓരോന്ന് ആലോചിച്ച് സ്വസ്ഥതയും നഷ്ടപ്പെട്ട് മരിക്കേണ്ട അവസ്ഥ വരുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. സ്ത്രീധവും കൊടുത്ത് കെട്ടിച്ചു വിട്ട പെൺ മക്കൾ ഒരാൾ കാനഡയിലും മറ്റൊരാൾ അമേരിക്കയിലും പിന്നൊരാൾ ലണ്ടനിലും ആണെന്ന് നാട്ടുകാരോടും ബന്ധുക്കളോടും വീമ്പടിച്ചു നടക്കുമ്പോഴും വല്ലപ്പോഴും ഒരിക്കൽ സുഖമാണോ എന്നുപോലും വിളിച്ചു ചോദിക്കുന്നില്ലെന്ന് ആ പാവങ്ങൾക്കല്ലേ അറിയൂ.

സ്ത്രീധനം വാങ്ങിപ്പോയ ഏതെങ്കിലുമൊരു പെൺകുട്ടി അത് തിരിച്ചടയ്ക്കാൻ സ്വന്തം രക്ഷിതാക്കൾക്ക് പൈസ അയച്ചു കൊടുത്തിട്ടുണ്ടോ..? എത്രപേർ അതിനെക്കുറിച്ചു അന്വേഷിക്കുന്നുണ്ട്.?

ഇതിന് വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളും ഇവിടെ പറയാതിരിക്കാൻ വയ്യ.

ഒന്നുമില്ലാത്ത കുടുംബത്തിലെ പെൺകുട്ടിയെ ആരുമറിയാതെ വീട്ടിൽ കൊണ്ടുപോയി സ്വർണ്ണവും പണവും നൽകി നാട്ടുകാരുടെ മുന്നിൽ വെച്ച് താലിയും ചാർത്തി കൊണ്ടുവരുന്ന ആൺകുട്ടികളും ഉണ്ട്. സ്വന്തം ഭാര്യയുടെ കുടുംബത്തെ മൊത്തമായി ഏറ്റെടുത്ത് സ്വന്തം കുടുംബമായി കണ്ട് താഴെയുള്ള കുട്ടികളെക്കൂടി പഠിപ്പിച്ചു വലിയ നിലയിലെത്തിച്ചു മരുമകനല്ല താൻ, മകനാണ് എന്ന് കർമ്മം കൊണ്ട് തെളിയിക്കുന്ന ആൺകുട്ടികളും ഉണ്ട്. കല്യാണം കഴിഞ്ഞു പോയാലും സ്വന്തം വീടിനെയും ഭർത്താവിൻറെ വീടിനെയും വേർതിരിച്ചു കാണാതെ വളരെ തന്ത്രപൂർവ്വം മുന്നോട്ട് കൊണ്ടുപോകുന്ന തന്ത്രശാലികളായ പെൺകുട്ടികളും ധാരാളമുണ്ട്.

നാം എവിടെയാണ് അപ്പോൾ അധ:പതിച്ചു പോയിരിക്കുന്നത്. പെൺകുട്ടികൾ ബാധ്യതയാണോ. ബാല്യകാലത്ത് മാത്രം സ്നേഹവും ലാളനയും ആവോളം നൽകി വളർത്തി വലുതാക്കി കഴിഞ്ഞാൽ അവളൊരു ബാധിതയാണോ...? ബാധ്യത ഒഴിവാക്കാനാണോ മുന്നും പിന്നും ആലോചിക്കാതെ പെൺകുട്ടികളെ ഒരുത്തനെ പിടിച്ചേൽപ്പിക്കുന്നത്?

എത്ര വിപ്ലവം പറഞ്ഞു നടക്കുന്നവരും വിവാഹത്തിൻറെ കാര്യം വരുമ്പോൾ ജാതി, മതം, ജാതകം തുടങ്ങി ഓരോ മതത്തിൻറെയും വിശ്വാസപ്രമാണങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാത്രമേ ചിന്തിക്കുന്നത് കണ്ടിട്ടുള്ളൂ. എന്നിട്ട് കുറേ ന്യായീകരണവും ഉണ്ടാകും. പെൺകുട്ടിയുടെയോ ആൺകുട്ടിയുടെയോ ഇഷ്ടാനിഷ്ടങ്ങൾക്ക് പോലും പ്രസക്തിയില്ലാത്ത ഒത്തിരി വിവാഹങ്ങൾ നടക്കുന്നുണ്ട്.

അതിലും രസമാണ് വിവാഹ നിശ്ചയം അഥവാ വിവാഹത്തിന് മുമ്പ് വീട്ടുകാർ തമ്മിൽ ഔദ്യോഗികമായി പറഞ്ഞുറപ്പിക്കൽ ചടങ്ങ്. ഇത് എല്ലാ മതങ്ങളിലും ഉണ്ട്. ഈ ചടങ്ങ് നടക്കുന്നതോട് കൂടി രണ്ട് വീട്ടുകാരും ആചാരപ്രകാരം ബന്ധുക്കളായി എന്നാണ് നാട്ടുനടപ്പ്. കല്യാണം വരെയുള്ള കാലയളവ് നീണ്ട ഇടവേളയാണെങ്കിൽ പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ സംസാരിക്കുകയും കാണുകയും ചെയ്യുന്നതോട് കൂടി കല്യാണത്തിന് മുൻപ് തന്നെ ജീവിതത്തിൽ ഒരിക്കലും ഒത്തുപോകില്ലെന്ന് പരസ്പരം മനസ്സിലാക്കി പിരിയാൻ തീരുമാനിച്ചാൽ പോലും അഭിമാന പ്രശ്നത്തിൻറെ പേരിൽ തറവാട്ടു മഹിമയുടെ പേരിൽ, കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി നിർബന്ധിച്ചു കെട്ടിക്കുന്ന കാഴ്ചകൾ ധാരാളം. ഒടുവിൽ സംഭവിക്കുന്നതോ. രണ്ടും രണ്ടു വഴിക്കാവുകയെന്ന തീരുമാനത്തിലേക്ക് തന്നെ. അതിൽ കുറേപ്പേരെങ്കിലും സഹിച്ചും പൊറുത്തും ജീവിക്കുന്നുമുണ്ട്. അതിന് കാരണങ്ങൾ പലതാണ്.

വീട്ടിൽ നിന്ന് കഷ്ട്പ്പെട്ടു കെട്ടിച്ചയക്കുന്ന പല പെൺകുട്ടികളും ആരോടും ഒന്നും പറയാതെ പലതും സഹിച്ചു ജീവിക്കുന്നുണ്ട്. മറ്റു ചിലർക്കിടയിൽ സംഭവിക്കുന്നത് കുട്ടികൾ എന്ന ബാധ്യതയാണ്. ഫലമോ ഭാര്യ തോന്നിയപോലെ അവരുടേതായ ലോകത്തും ഭർത്താവ് അവൻറേതായ ലോകത്തും ജീവിച്ചു ജീവിതം ഉത്സാഹഭരിതമാക്കുന്നു.

ഇതൊക്കെയും കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും ഒരു രക്ഷിതാക്കളെങ്കിലും മാറി ചിന്തിക്കുന്നുണ്ടോ? ഒരു പെൺകുട്ടിയോ ആൺകുട്ടിയോ മാറി ചിന്തിക്കുന്നുണ്ടോ...?

വീട്ടിലേക്കൊന്ന് ഫോൺ ചെയ്തു നോക്കൂ... ഒന്നന്വേഷിക്കൂ....

Friday, 3 November 2017

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്,
വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക...
മതി മറന്നാടുക, മരണം വരെ...

എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം കഴിയുമ്പോൾ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്...?

കല്യാണം കഴിയുന്നതുവരെ അച്ഛനുമമ്മയും പറഞ്ഞു പഠിപ്പിക്കുന്നത് കല്യാണം കഴിഞ്ഞാൽ നിനക്ക് എന്തും ചെയ്യാലോ, എവിടെയും പോവാലോ എന്ന്. രക്ഷിതാക്കൾക്ക് നൽകാൻ പറ്റാത്ത എന്ത് സ്വാതന്ത്ര്യമാണ് തങ്ങളുടെ മകളുടെ ജീവിതത്തിലേക്ക് കയറി വരുന്ന ഒരാൾക്ക് നൽകാൻ കഴിയുക. എന്തൊക്കെ വിപ്ലവം പറഞ്ഞു നടക്കുന്നവനും വീട്ടിൽ കയറി വരുമ്പോൾ തിന്നാൻ ഉണ്ടാക്കി കൊടുക്കാനും അലക്കി കൊടുക്കാനും കിടന്നു കൊടുക്കാനും കെട്ടിയവൾ (കെട്ടിയ) വേണം. ഒരൊറ്റ ദിവസം അവൾ തയ്യാറല്ല എന്നു പറഞ്ഞാൽ....??? 

നമ്മുടെ മുന്നിൽ കളിച്ചു ചിരിച്ചു നടക്കുന്ന പലരുടെയും ജീവിതം വളരെ ശോകമാണ്... കഷ്ടമാണ്. ഇത് പ്രായമാകുംന്തോറും പുളിച്ചു തികട്ടിയത് പോലെ പുറത്തു വന്നാലും ഛർദ്ദിക്കാനും വയ്യ, ഇറക്കാനും വയ്യാത്തൊരവസ്ഥായാണ് പലർക്കും അവരുടെ ജീവിതം.

Yes, Marriage is legal punishment...

ഇതിനിടയിൽ പലരും ജീവിക്കുന്നത് കുട്ടികൾ എന്ന സെൻറിമെൻസ്, അല്ലെങ്കിൽ ബാധ്യത അതുമല്ലെങ്കിൽ തൻറെ രക്തത്തോട് മാത്രമുള്ള അടക്കാനാവാത്ത സ്നേഹം, വാത്സല്യം ഒന്നുകൊണ്ട് മാത്രമാണ്.

ഒരുമിച്ചൊരുമുറിയിൽ രണ്ടിടത്തായി കിടക്കുന്ന ഭാര്യയും ഭർത്താവും വർഷങ്ങളോളം ആളുകളുടെ മുന്നിൽ മാതൃകാ ദമ്പതിമാരായി കഴിയുന്നത് ചില കെട്ടുപാടുകൾ കൊണ്ട് മാത്രമാണ്. സമൂഹം, ചുറ്റുപാടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, തറവാട്ട് മഹിമ, തുടങ്ങിയ നൂറ് നൂറ് കെട്ടുപാടുകൾ മുന്നിലുള്ളത് കൊണ്ടും സമൂഹമെന്ന സദാചാരിയെ പേടിയുള്ളത് കൊണ്ടുമാണ്.

ഇന്ത്യയിൽ പൊതുവെ വിവാഹമെന്നത് സെക്സ് ചെയ്യാനുള്ള ലൈസൻസ് മാത്രമാണെന്ന് തോന്നിപ്പോകും വിധമാണ് കാര്യങ്ങൾ പോകുന്നത്. തിളച്ചു നിൽക്കുന്ന പ്രായത്തിൽ തോന്നുന്ന ഒരുതരം ഇൻഫാക്ച്യുവേഷൻ എന്ന് വേണമെങ്കിൽ പറയാം. അത് ശരീരത്തോടുള്ള ആർത്തിയും കാമവെറിയുമാണ്. അത് കഴിഞ്ഞാൽ തീരും എല്ലാം. അതിനിടയിൽ സ്വന്തം ഭാര്യയായത് കൊണ്ട് മാത്രം കോണ്ടം പോലുമുപയോഗിക്കാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് പറ്റിപോകുന്നതാണ് കുഞ്ഞുങ്ങളെന്ന പ്രതിഭാസം. പകുതിയിലധികവും ഒരു കുഞ്ഞിക്കാലുകാണാൻ ആഗ്രഹമുണ്ടായിട്ടൊന്നും അല്ല ഭാര്യയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത്. മാനസികമായും ശാരീരികമായും തൃപ്തിപ്പെടൽ. പിന്നീട് ആലോചിക്കുമ്പോൾ തെറ്റായിപ്പോയി എന്ന തുറന്നു പറച്ചിലിലേക്ക് എത്തുന്ന ദുരവസ്ഥ.

ഇതിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് ജീവിതാവസാനം വരെ പരസ്പരം പ്രണയിച്ചു ജീവിക്കുന്നത്. ബാക്കി പലതും അഡ്ജസ്റ്റുമെൻറുകൾ മാത്രമാണ്.

പല വിവാഹങ്ങളും പരസ്പര ഇഷ്ടത്തോട് കൂടിയല്ല നടക്കുന്നത്. ഏറെ കാലം പ്രണയിച്ച വ്യക്തികൾ പിരിഞ്ഞു വീട്ടുകാർ കണ്ടെത്തുന്ന വ്യക്തിയെ കല്യാണവും കഴിച്ചു ജീവിക്കുമ്പോഴാണ് നിരാശ വരികയും പിന്നീട് വഴിവിട്ട ജീവിതത്തിലേക്കു നയിക്കുന്നത്.

ഒളിച്ചോട്ടം ഒരു പ്രതിഭാസമേ അല്ലാതായി കഴിഞ്ഞു. പ്രത്യേകിച്ചും കല്യാണം കഴിഞ്ഞ പെൺകുട്ടികൾ. അവിഹിത ബന്ധങ്ങൾക്ക് ന്യായീകരണങ്ങളുണ്ട്. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് തോന്നുന്ന വഴിവിട്ട ബന്ധം പോലും ഒരു പ്രശ്നമല്ലാതായി കഴിഞ്ഞു...

ഇതിനിയൊക്കെ ചോദ്യം ചെയ്യുന്നവരെ സദാചാരവാദികളെന്ന് മുദ്രകുത്തപ്പെടുകയും പുതു തലമുറയുടെ ജീവിത ശൈലിയോടുള്ള പഴയ തലമുറയുടെ വൃത്തികെട്ട മാനോഭാവമെന്നുമൊക്കെ പലരും വിശേഷിക്കുമെങ്കിലും നമ്മൾ ജീവിക്കുന്നയിടം യൂറോപ്പ്യൻ രാജ്യമൊന്നുമല്ല. ഇന്ത്യയാണ്, സർവ്വോപരി കേരളമാണ്. കുറേയധികം മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും കുടുംബമെന്ന മനോഹരമായ പക്ഷിക്കൂടിൽ പരസ്പരം സ്നേഹം പകിട്ടെടുത്ത് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടെയുള്ളത്.

കല്യാണം കഴിഞ്ഞ ഒരു യുവതി പറഞ്ഞതിങ്ങനെയാണ്, "അങ്ങനെ അഭിനയിച്ച് അഭിനയിച്ച് എപ്പോഴോ ഒരിക്കൽ എന്നെ തന്നെ എനിക്ക് നഷ്ടമാകും... എനിക്കിപ്പോൾ അങ്ങനെയേ പറയാൻ പറ്റൂ, മുമ്പായിരുന്നെങ്കിൽ ഞാനും മറ്റുള്ളവരെ പോലെ പറഞ്ഞേനെ..."

ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റും, മറ്റൊരാളുടെ തെറ്റ് വേറൊരാൾക്ക് ശരിയും ആയിരിക്കും...
അതുകൊണ്ട് തന്നെ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ആർക്കും കൃത്യമായി നിർവ്വചിക്കാൻ പറ്റില്ല...


©മോഹൻദാസ് വയലാംകുഴി

#life #lifequotes #adjustmentlife #mentalhealth #relationship #lifeisbeautiful #maritalrelationship #MohandasVayalamkuzhy

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...