Thursday, 14 May 2015

പുതുമൊഴി

കാക്ക കറുത്തതിന്
കാർന്നോരെന്തിനു കലഹിക്കണം..!!!

ഉണ്‍മ മാസിക (Vol. No.17, Issue No.200, August 2002)

കാക്കപ്പെണ്ണ്

കാവതി കാക്കേ കറുത്തപെണ്ണേ
കാലത്ത് വേലയ്ക്കിറങ്ങിയതാണോ ..?
തെക്കേലെ പ്ലാവിൻ ചുവട്ടിലും ചാരത്തും
തെളിനീരും വറ്റും വീണിരിപ്പുണ്ട്,
പഴങ്കഞ്ഞി വറ്റും തക്കാളിക്കറിയും
പാത്രത്തിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്,
ഉച്ചതെളിയുമ്പോൾ വൃത്തിയാക്കാനായ്
മുറ്റത്തെ തെങ്ങിൻ ചുവട്ടിലുമുണ്ട്.
കാവതി കാക്കേ കറുത്തപെണ്ണേ,
കാലം കളയാതെ വേലചെയ്യൂ...

മാതൃഭൂമി കുട്ടി.com (25 June 2003, Wednesday)

ഒറ്റയടിപ്പാത

അമ്മതൻ പൊക്കിൾകൊടി മുറിച്ചു ഞാൻ 
പാരിൻ മടിത്തട്ടിലേക്കു വീണു
അന്ത്യമില്ലാത്ത വീഥിയിലൂടെ ഞാൻ 
മന്ദമായി പിച്ചവച്ചു നടക്കുമ്പോൾ
മുന്നിലതാ രണ്ടു കൈവഴികൾ
ഒന്നു നന്മയും മറ്റൊന്നു തിന്മയും
നേരെയുള്ളതോ ജീവിതത്തിൻ സാഫല്യം
ഞാൻ വിഷണ്ണനായി ശങ്കിച്ചു നിന്നുപോയി
ജീവിതത്തിൻ സാഫല്യവും തിന്മയുമുപേക്ഷിച്ചു
നന്മയുടെ പാതയിൽ സഞ്ചരിച്ചു
കാഠിന്യമാം ജീവിതപാതയിൽ
ദുർഗടമാണെന്റെ വഴികൾ,
വിമർശ്ശനമാണെന്റെ ശക്തി.
എൻ ജീവിതസാക്ഷാത്കാരത്തിനായ്
കൃഷ്ണനും യേശുവും നബിയും
കേടാവിളക്കായ് എൻ മുന്നിൽ നിന്നു.
വെളിച്ചത്തിലേക്കാണെന്റെ യാത്ര
ലോകനന്മയാണെന്റെ ലക്‌ഷ്യം
എന്നന്ത്യപാതയിൽ കൂട്ടിന്നായ്
അമ്മതൻ ഒരുപിടി ബാഷ്പബിന്ദു
അമ്മ.... അമ്മയാണവസാനവാക്ക്
അതല്ലയോ ജീവിതത്തിൻ സാഫല്യം.

K.K.N.T.C News (കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോണ്‍ഗ്രസ്) (February 2002)

Monday, 11 May 2015

തലയുണ്ടായിട്ടും തലവെക്കാത്തവർ....!!

പോയ്‌ മുഖങ്ങളാണേറെയും....??? !!!

ഒരു മുഖപുസ്തകം തുടങ്ങി മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും നിയമപാലകരേയും എന്തിനതികം എവിടെയോ കിടക്കുന്ന ഒബാമയെ വരെ തെറി വിളിക്കുന്നവരാണു കൂടുതലും....
വരും വരായ്കകൾ മനസ്സിലാക്കാതെ മുന്നും പിന്നും നോക്കാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു... പലർക്കും സാമൂഹ്യ മാദ്ധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നു പോലും അറിയില്ല. ഇനി നിർബന്ധമായും വേണ്ടത് സൈബർ നിയമബോധവൽക്കരണ ക്ലാസ്സുകളാണ്.

അറിവുണ്ടായിട്ടും ചിലരാകട്ടെ രാഷ്ട്രീയവും മതവും ജാതിയും പ്രചരിപ്പിക്കാനുള്ള ഒരു മാദ്ധ്യമമായി ഇതിനെ ചൂഷണം ചെയ്യുന്നു.

ഇവിടെ ഏറ്റവും രസം ആണ്‍ പെണ്‍ വ്യത്യാസമില്ലെന്നുള്ളതാണ്... അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് വരണം, പക്ഷെ ഇതിച്ചിരി കൂടിപ്പോയോ എന്നൊരു സംശയം....

ഇവിടെ നല്ല വശങ്ങളും കാണിതിരിക്കുന്നില്ല. സമൂഹമാധ്യമങ്ങൾ വഴി എത്രയോ നല്ല രചനകൾ ഉണ്ടായിട്ടുണ്ട്, പാവപ്പെട്ടവർക്കും അശരണരായ രോഗികൾക്കും സഹായങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്, രക്തദാനവും, അവയവദാനവും വരെ ഉണ്ടായിട്ടുണ്ട്... വീടില്ലാത്തവർക്ക് വീട്, തൊഴിലില്ലാത്തവർക്ക് തൊഴില് എല്ലാം ഇതിൻറെ നല്ലൊരു ഭാഗമാണ്.

പിന്നെ നമുക്കും ഉണ്ടല്ലോ നല്ലൊരു പാരമ്പര്യം... ആദാമും അവ്വയും തിന്നരുതെന്ന് പറഞ്ഞ വിലക്കപ്പെട്ട കനി തിന്നതുമുതൽ തുടങ്ങിയതാണ്‌ നമ്മുടെ ദുസ്വാതന്ത്ര്യം...

കൂടാതെ  ഇന്ത്യാ മഹാരാജ്യം പോലൊരു രാജ്യത്താണല്ലോ നമ്മൾ വാണരുളുന്നത്.... ആർക്കും എന്തും എപ്പോൾ വേണമെങ്കിലും പറയാനും ചെയ്യാനുമുള്ള അനിയതിന്ത്രമായ സ്വാതന്ത്ര്യം പൂർവ്വികർ കഷ്ടപ്പെട്ട് നേടിക്കൊടുത്തിട്ടുണ്ടല്ലോ....

ഈ മുഖപുസ്തകത്താളുകൾ എത്രയോ കുടുംബങ്ങളെ കുടുംബ ബന്ധങ്ങളെ ശിതിലമാകിക്കൊണ്ടിരിക്കുന്നു. സംശയങ്ങളും സംശയരോഗങ്ങളും കാട്ടു തീ പോലെ പടർത്തി മാറാരോഗമാക്കിത്തീർത്തിരിക്കുന്നു... എത്രയോ മുഖങ്ങൾ രൂപാന്തരം പ്രാപിച്ചു തലമാറി ഉടലുമാറി പുറത്തു വരുന്നു... മാനസിക വൈകല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ശക്തിപകരുന്ന കാഴ്ചകളാണു ദിവസവും കണ്ടോണ്ടിരിക്കുന്നത്..

അപകടസ്ഥലത്തുനിന്നും നിന്നും ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ ചാനലുകാരല്ല, മുഖപുസ്തകത്തിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരാണ്... തടവ്‌ പുള്ളികൾ വരെ ജയിലിനുള്ളിലെ വിശേഷങ്ങൾ അപ്പപ്പോൾ പുറം ലോകമെത്തികുന്നുണ്ടല്ലോ....

ചിലർ ചായകുടിക്കുന്നതും, കഞ്ഞികുടിക്കുന്നതും, പിസ്സ കഴിക്കുന്നതും, ഗേൾഫ്രണ്ടിന്റെ കൂടെ കറങ്ങുന്നതും കക്കൂസിൽ പോയതും  ഉണ്ണുന്നതും ഉറങ്ങുതും വരെ മുഖപുസ്തകത്തിലാണ്.

ഇന്ത്യാമഹാരാജ്യത്ത് ഇതിനു തടയിടാൻ നിയമങ്ങളില്ലത്രെ... നിയമവ്യവസ്തകളില്ലത്രെ.... നിയമനിർമ്മാണം നടത്താലോ... പക്ഷെ ആരാണിതൊക്കെ നടത്തേണ്ടത്....???

ഇങ്ങനെ പറയാൻ ഒരുപാടുകാണും... ഞാനാരാ ഇതൊക്കെ പറയാൻ സദാചാര പോലീസോ എന്നും ചോദിക്കുന്നവരുണ്ടാകും... മേൽപറഞ്ഞ സ്വാതന്ത്ര്യങ്ങളെല്ലാം ഞാനും ഒന്ന്  ദുരുപയോഗം ചെയ്തോട്ടെ സാറെ...

NB : അച്ഛനും മകനും അമ്മയും മകനും മകളും ഇപ്പോൾ സംസാരിക്കുന്നത് വാട്സാപ്പിലും മുഖപുസ്തകസന്ദേശങ്ങളിലൂടെയുമാണത്രെ... ഭയങ്കര തിരക്കാണത്രെ...

Monday, 4 May 2015

അമ്മാ... കുറച്ചു ലൈക്കും കമൻസും തായോ...

പണ്ട് പണ്ട് വളരെ പണ്ടൊന്നും അല്ല, 2014-ൽ പ്രായപൂർത്തിയായ രണ്ടു ഇരട്ടകൾ... അപ്പുവും അമ്മുവും. ഇണപിരിയാത്ത രണ്ടു ജന്മങ്ങൾ.  പ്രായപൂർത്തിയായപ്പോൾ രണ്ടും കൂടി ഒരോരോ ഫെയ്സ്ബുക്ക് അക്കൌണ്ടും തുടങ്ങി. രണ്ടുപേർക്കും 999 (ബാറ്റയുടെ (Bata foot wears) മക്കളൊന്നും അല്ലാട്ടോ.) സുഹൃത്തുക്കൾ ഈ 999 സുഹൃത്തുക്കളും രണ്ടെണ്ണത്തിലും ഉണ്ട് (Same to same..). രണ്ടെണ്ണത്തിനും ഒരു ജോലിയും ഇല്ലാത്തത് കൊണ്ടും വെറുതെയിരുന്ന് സമയം കളയാൻ താൽപ്പര്യമില്ലാത്തതു കൊണ്ടും രാവിലെ എഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ ഫെയ്സ്ബുക്കിൽ തന്നെ (INN ഉണ്ടല്ലോ). എഴുന്നേൽക്കുന്നതും പല്ലു തേക്കുന്നതും തുടങ്ങി കഞ്ഞി കുടിച്ചു, പിസ്സ കഴിച്ചു, ചന്തിക്കുത്തി വീണു, കൊതുക് കുത്തിയതുവരെ സ്റ്റാറ്റസ്സിട്ടു കളിയാണ് മുഖ്യപരിപാടി. പക്ഷെ പറഞ്ഞു വരുന്നത് മറ്റൊരു രസികൻ സംഭവമാണ്. അമ്മു ഇടുന്ന ഒരോ സ്റ്റാറ്റസിനും 500 ഉം 600 ഉം ലൈക്ക്സ്, ചറ പറാ...ചറ പറാ... കമന്റ്സ്. അപ്പു ഒരോ മിനിട്ട് ഇടവിട്ട് നോട്ടിഫിക്കേഷൻ മെസേജ് നോക്കികൊണ്ടെയിരിക്കും, എന്ത് കാര്യം :( , ഒന്നോ രണ്ടോ ലൈക്ക്സ് കമൻസിന്റെ ഒരു പൊടി പോലും ഇല്ല. :( :(
അപ്പു പലതും പരീക്ഷിച്ചു നോക്കി.. നോ രക്ഷ... അമ്മുവാണെങ്കിൽ കൂളായി ഇരിക്കുന്നു. എന്തിട്ടാലും ലൈക്ക്സിന്റെ പൂരം...
ഒരു ദിവസം അപ്പു ചുമ്മാ അമ്മുവുമൊത്തുള്ള  ഒരു ഫോട്ടോ എടുത്ത് ഇട്ടതാണ്... ഹമ്മോ.. അപ്പുവിൻറെ കണ്ണുതള്ളിപ്പോയി... ലൈക്ക്സിന്റെ പെരുമഴയായിരുന്നു... കമൻസിന്റെ തൃശൂർ പൂരവും...

ഞാനുദ്ദേശിച്ചതെന്താണെന്നു എല്ലാവർക്കും ഇപ്പോൾ മനസ്സിലായിക്കാണും... ഇതാണിപ്പോൾ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും... ഇതൊക്കെ വായിച്ച് ആരും ഇതിനു കേറി ലൈക്കൊന്നും അടിച്ചു എന്നെയാരും പറ്റിക്കണ്ടാട്ടോ... കമന്ടുകയും വേണ്ട... ദയവു ചെയ്ത് ചതിക്കരുത്...പ്ലീസ്..... പ്ലിംഗ്.... :P ;)

Saturday, 2 May 2015

പൊളിച്ചെഴുത്ത്


അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. രഘുവീറും ബിപാഷയും ഉമേഷും മാറി മാറി നോക്കി. അവർക്കൊന്നും മനസ്സിലായില്ല.
കാലം അയാളിൽ പല മാറ്റങ്ങളും വരുത്തി. പരീക്ഷാ ഹാളിൽ വെച്ച് കഥയെഴുതുന്ന ആദ്യത്തെ ആൾ അയാളായിരിക്കാം..
മാനുഷീക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ക്രിസ്റ്റഫർ സാർ പരീക്ഷാഹാളിൽ കോപ്പിയടിച്ചു കൊണ്ടിരിക്കുന്ന ഋതുപർണ്ണനെ കണ്ടിട്ടും ഒന്നും പറഞ്ഞില്ല.
എന്തായിരിക്കും അവർ തമ്മിലുള്ള കരാർ...??
ജോസഫിൻറെ ഇളയച്ചൻറെ അളിയൻറെ പെങ്ങളുടെ ഭർത്താവിൻറെ അനിയൻറെ ഭാര്യയുടെ സഹോദരൻറെ മകളുടെ മാമോദിസ വേളയിലാണ് സാറിനെക്കുറിച്ച് ശരിക്കും അറിയാൻ കഴിഞ്ഞത്. ക്യാമ്പസിനകത്തെത്തിയാൽ സ്വതവേ ഗൗരവക്കാരനായ സാറിപ്പോൾ കളിച്ചുചിരിച്ച് തമാശകൾ പറഞ്ഞു നടക്കുന്നു. കൂട്ടുകാരുടെ ഇടയിൽ വച്ചെന്നെ പുകഴ്ത്തി പറഞ്ഞപ്പോൾ അതുവരെ സാറിനോടുണ്ടായിരുന്ന ദേഷ്യവും പുച്ഛവുമൊക്കെ അലിഞ്ഞില്ലാതായി. മാത്രമല്ല, ചെറിയൊരാരാധനയൊക്കെ തോന്നിത്തുടങ്ങിയിരുന്നു. സൂസി ടീച്ചറെയും ക്രിസ്റ്റഫർ സാറിനേയും ചേർത്തു പറഞ്ഞു നടക്കുന്നവരോടൊക്കെ ദേഷ്യം തോന്നി. മറ്റെല്ലാവരും സാറിനെ വൃകോദരൻ എന്ന് വിളിച്ചപ്പോൾ ഒന്നു രണ്ടു തവണ ഞാനും വിളിച്ചിരുന്നു. എനിക്കതിലിപ്പോൾ പശ്ചാത്താപം തോന്നുന്നു.
എനിക്ക് ചുറ്റുമുള്ളവർ കൂനിപ്പിടിച്ച് കുത്തിയിരുന്ന് എഴുതുകയും പരസ്പരം നോക്കുകയും തോണ്ടിവിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു... മുകളിലത്തെ ഹാളിലിപ്പോൾ സാധാരണ സമയത്തെ പഴിച്ചുകൊണ്ട് പഠിച്ചതൊക്കെയും എത്രയും വേഗത്തിൽ കടലാസിൽ പകർത്തുകയായിരിക്കും, അവളെന്നും ക്ലാസ്സിൽ ഫാസ്റ്റാണ്. ഞാനെന്നും അവളുടെ കൂടെ നടക്കുകയും പരീക്ഷകളിൽ തോൽക്കുകയും ചെയ്യുമ്പോൾ അവളുപദേശിക്കാറുണ്ട്....
പക്ഷെ, ഞാൻ...!!!??
ബയോളജി പഠിപ്പിക്കുന്ന മായ ടീച്ചറുടെ അനാട്ടമി നോക്കി പഠിക്കുകയും വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി ക്ലാസ്സിൽ നിന്നിറങ്ങി പുറത്തു പോയി ചുറ്റിയടിക്കുകയും മറ്റു ക്ലാസ് മുറിയുടെ അടുത്തു ചെന്ന് അകത്തിരിക്കുന്നവരെ കൈകാട്ടി വിളിക്കുകയും മറ്റും ചെയ്ത് രസം കണ്ടെത്തുന്നു.
മിക്കപ്പോഴും ക്ലാസ്സ് കട്ടുചെയ്ത് കറങ്ങി നടക്കുകയും, സിനിമയ്ക്കോ നഗരത്തിലോ ചുറ്റിയടിച്ച് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ യാതൊരു നിയന്ത്രണവുമില്ലാത്ത ജീവിതം....
അവൾ കൃത്യമായി ക്ലാസ്സിൽ വരികയും നോട്ട്സ് എഴുതുകയും അന്നന്ന് പഠിപ്പിച്ചത് വീട്ടിലിരുന്നുറക്കമിളച്ച് പഠിച്ചു വരികയും ചെയ്യുന്നു..
ഞാനെന്താ ഇങ്ങനെ...???
എന്നോടുതന്നെ ഒരുപാട് തവണ ചോദിച്ച ചോദ്യമായിരുന്നു ഇത്...
എന്തൊക്കെയോ ആകാൻ ശ്രമിക്കുമ്പോഴും തെന്നി മാറുന്ന ആഗ്രഹങ്ങളും കൈപിടിയിലോതുങ്ങുന്നതിനു മുമ്പ് കൈയ്യെത്തും ദൂരത്തുനിന്ന് ഉടഞ്ഞമരുന്ന ലക്ഷ്യങ്ങളും... എന്താ ഇങ്ങനെയൊക്കെ..??
എല്ലാമൊന്ന് പോളീഷ് ചെയ്തെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അയാൾ പിന്നേയും അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. സമയമാകുന്നതിനു മുമ്പേ ഋതുപർണ്ണൻ എഴുന്നേറ്റു.
പക്ഷെ മാറി വന്ന പിഷാരടി സാർ സമയമായില്ലെന്ന് പറഞ്ഞ് വിലക്കി. അവൻ ഇരുന്നേടത്തുനിന്നു തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്നു. അടുത്തിരുന്നവൾ വിഷമത്തോടെ തലയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്നുണ്ട്...
ഞങ്ങളെ അതികനേരം സഹിച്ചിരിക്കാൻ പിഷാരടി സാറിനു കഴിഞ്ഞില്ല. കടലാസുവെച്ച് സ്ഥലം വിട്ടോളാൻ പറഞ്ഞു.
പരോളിലിറങ്ങിയ ജയിൽ പുള്ളിയുടെ സന്തോഷമുണ്ടായിരുന്നു. പക്ഷെ, വീണ്ടും മടങ്ങിപോകേണ്ടിവരുന്നതിനെക്കുറിച്ച് ..ചിന്തിച്ചില്ല.
അവൻ നടന്നു, അവളെ കാത്തിരിക്കാതെ.....

പരിതാപം

ബെന്ദർ സ്ട്രീറ്റിലെ മിലാട്ടോണ്‍ ഷോപ്പിനുമുന്നിൽ നിൽക്കുകയായിരുന്നു ഞാൻ.
"ഐഡിയ" ഉണ്ടോ..??
"റീചാർജു കൂപ്പണാണോ സിം കാർഡാണോ...??"
"യെസ്, സിം കാർഡ്.."
"ഐഡിയ...??"
"യാ .."
കടയിലെ തിരക്കുകാരണം ഞാൻ പുറത്തിറങ്ങി നിന്നു.
"നിങ്ങളെന്തു ചെയ്യുന്നു..?"
"ആ...ഞാൻ പഠിക്കുകയാ.."
"ആ...ആ.. മലയാളിയാ..."
"നന്നായി പഠിക്കണം, ബല്യ ആളാണം..."
ഒരാൾ കയറി വന്നു. "സമയമെത്രയായി...??"
"എടാ...സമയെത്രായി...?"
"പത്തേ അഞ്ച് ടാ..."
കണ്ണിനു മീതെ ഇടതുകൈ പിടിച്ച് സൂര്യനെ നോക്കിക്കൊണ്ടോരാൾ പറഞ്ഞു , "പത്ത് മണി കായ്‌ഞ്ഞ് മോനെ.."
"നിങ്ങൾക്കെങ്ങനെ മനസ്സിലായി...!!! ??", ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.
"അതൊക്കെ അറിയാൻ പറ്റും..."
"മഴകാലത്തും പറയാൻ പറ്റുമോ..??"
"ആ...മയക്കാലത്തും പറ്റും...."
"ഇപ്പോന്നെ, ഞമ്മക്കെല്ലാം എയർപ്പോട്ടില് പോണെങ്കി കൊയിക്കോട്ടും കൊച്ചിക്കും പോണ്ടേ, ഞമ്മളെ നാട്ട്ലന്നെ ബരുംന്ന്..."
"അതെവിടെയാ...?"
"മൂർഖൻ പറമ്പ്... മോന് കേട്ടിനോ..??? അങ്ങ് കന്നൂർന്ന്ട്ത്.. അബടെ ഏയർപ്പോട്ട് ബരും..."
"നിങ്ങളുടെ പേരെന്താ..?"
"അബ്ദുള്ള... ബർമ്മ അബ്ദുള്ളാന്നു പറഞ്ഞാലറിയും..."
"നിങ്ങളെവിടെയാ ..?"
"ഞാന് ബർമ്മേലായിര്ന്ന്... ൻറെ ബാപ്പാന്റെ നാട്... കൊറേ പണ്ട് ഞമ്മളെം കൂട്ടി ബാപ്പ ബന്ന്... ദാ, ഒനെന്റെ മോനാ.. ഓനെ ഞമ്മള് നാട്ട്ലന്നെ നിർത്തി.. ബർമ്മക്ക്ക്കൊന്നും ഓനെ ഞമ്മള് ബിടൂല്ല..." വികാരം കൊണ്ടും അംഗവിക്ഷേപങ്ങളും കൊണ്ട് അബ്ദുക്ക ആ ഓർമ്മകൾ എൻറെ മുന്നിൽ അയവിറക്കി. കണ്ണുകൾ കലങ്ങിയിരുന്നു.
"ഞമ്മള് ബുദ്ധമാതായിര്ന്ന്.."
"പിന്നെ നിങ്ങളെങ്ങനെ അബ്ദുള്ളയായി...?"
"ബാപ്പ ഇസ്ലാം മതം സ്വീകരിച്ച്.. ബർമ്മ അബൂബക്കർ. ഇന്ത്യേല് ബന്ന് കൊല്ലത്ത് ബന്ന് പെണ്ണു കെട്ടി, ബീണ്ടും ബർമ്മക്ക് പോയി.."
"അന്നെ കാണുമ്പോ... ഞാൻ പറയ്ന്നത് കേക്കുമ്പോ ലേസം ലൂസ്ണ്ടെന്ന് തോന്നും... ൻറെ മോന് ലേസം ലൂസ്ണ്ടായിന്, ഇപ്പൊ പടച്ചോൻ സഹായിച്ച് എല്ലാം മാറ്റിക്കോട്ത്ത്.. റബ്ബിലായില തമ്പുരാനേ... പടച്ചോൻ കാത്ത്.. മെഹബൂബ് കെട്ടിക്കൊടുത്തതാരാ ഈ ഞമ്മള്... നരീനെ അറിയോ...??"
"അറിയില്ലാ..."
"ഞമ്മള് കൊണ്ടന്നില്ലേ നരീനെ...."
"സി.പി.സി.ആർ.ഐ.ലെ മുയുവനും തെങ്ങ് ഞമ്മൊ നാട്ടതന്നെ... ഒന് ബിട്ടോട്ത്ത്, ഞമ്മക്കെന്തിനാപ്പാ... ബയറിന്റെ പൊരിച്ചില് മാറണം, അത്രന്നെ.. ഇങ്ങള് ബെജാറാക്കണ്ടാന്ന്.. ഞമ്മള് രണ്ട് കൊല്ലം സമ്പാതിച്ച കായ്ണ്ട്... പൊന്ന്ണ്ട്... രണ്ട് കൊല്ലം.. അറിയോങ്ങക്ക്..." അബ്ദുള്ളയുടെ കണ്ണുകളിൽ വികാരം ആളികത്തുകയായിരുന്നു. ശരീരമാകെ വിറയ്ക്കുന്നുണ്ട്.
"ഇങ്ങക്കറിയോ, (തൊണ്ട വരണ്ട് ശബ്ദം ഇടറി)ഇറ്റിങ്ങോ ൻറെ മുയുവനും കട്ടു. ഞമ്മള് പാപ്പറ.. ഈ ദുനിയാവില് നാട്ക്കണെ എല്ലാം പടച്ചോൻ കാണ്ന്നണ്ട്... മേരാ ഭാരത്‌ മേരാ ദിൽ.."
"ബാപ്പ, പോകാം..."
ഓകെ..ഓകെ ..പോകാം.."
ആ.. ആ.. അപ്പോഴും അബ്ദുള്ളയുടെ ശരീരം വിറയ്ക്കുകയായിരുന്നു.
ബാപ്പയും മകനും കൈപിടിച്ച് നടന്നു നീങ്ങി. മൂടിക്കെട്ടിയ അന്തരീക്ഷം പെട്ടന്ന് തകർത്തെറിയപ്പെട്ടു.
"അയാളെന്താ പറഞ്ഞത്..?" എല്ലാവർക്കും ആകാംക്ഷയായി...
"ആ...ഒരു പാവം ബർമ്മക്കാരൻ അബ്ദുള്ള.., അയാൾക്കെ ലേശം ലൂസുണ്ടോന്നൊരു സംശയം..."
"അല്ല... ലൂസ്ന്നെ ... ചെറിയൊരു ലൂസ്..."

ആശയക്കുഴപ്പം

അതിരുകളിൽ സഞ്ചരിക്കുന്നവയുടെ കാഴ്ചകൾക്ക് എത്ര അടരുകൾ, എത്രമാത്രം പടർപ്പുകൾ, എന്തുമാത്രം ശിഖരങ്ങൾ...
                                                                           -- ആരോ ഒരാൾ, ഒരു പക്ഷെ ഞാൻ തന്നെ.

ദേവ് വളരെ ക്ഷീണിതനായിരുന്നു. നിരത്തിവച്ച വിസിറ്റിംഗ് കാർഡുകളിലൊന്നും താൻ അന്വേഷിക്കുന്ന നമ്പറില്ല.
ശിഖരങ്ങൾ ഉണങ്ങി,
ഇലകൾ കൊഴിയുന്നു...
ഇത് ഞാൻ തന്നെയല്ലേ ...!!!
ആകാംക്ഷ വന്ന് പിറകിൽ നിന്നു. അവൾ വരുന്ന കാലൊച്ച കേട്ടതേയില്ല...!!!
അല്ല... ഞാൻ ശ്രദ്ദിച്ചിരിക്കില്ല...
മകരമാസകുളിര്  ആകാംക്ഷയുടെ കൈകളിലൂടെ എൻറെ നെഞ്ചിലെക്കിറങ്ങി.
അബോധാവസ്ത്ഥയിലിരിക്കുമ്പോഴും ഞാൻ എന്നോ കേട്ടു മറന്ന ഈരടികൾ അവളുടെ കാതുകളിൽ മൊഴിഞ്ഞു.
തളിരിട്ട കിനാക്കളും, പാലപ്പൂ മണവും.... എൻറെ ചുണ്ടുകളിൽ തത്തിക്കളിച്ചു.
മൃദുലമായ തളിരിലകളിൽ തഴുകുമ്പോൾ എവിടെ നിന്നോ ഒഴുകിയെത്തിയ സുഗന്തമെന്നെ ഉന്മത്തനാക്കി..
ഒടിഞ്ഞ തണ്ടുകളിൽ വാർന്നൊലിക്കുന്ന തെളിനീരും, നെടുവീർപ്പുകളും നീ തന്നെയല്ലേ...
അമർന്നു പോയ ആ നിമിഷത്തെ പഴിച്ച ഞാൻ പരതുകയായിരുന്നു വാർന്നു പോയ ഏതോ തുമ്പുതേടി.
അക്ഷരങ്ങളുടെ നിറങ്ങൾ ഗ്രഹിച്ചു കഴിഞ്ഞിട്ടും നമ്പറുകൾക്കെന്തു ചായം നൽകണമെന്നൊരാധിയായിരുന്നു. പരസ്പരം ഒട്ടിനിൽക്കുമ്പോളനുഭാവപ്പെടുന്ന നിർവ്വികാരത്തെ ഉൾക്കൊള്ളാൻ ഞങ്ങളുടെ മനസ്സുകൾക്കും സാധിച്ചു.
മുൾപ്പടർപ്പുകളില്ലിവിടെ...
ദേവ് കോട്ടുവായിട്ടെഴുന്നേറ്റു. അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി കെട്ടി ആകാംക്ഷ അടുത്തുതന്നെയുണ്ടായിരുന്നു.
പശ്ചാത്തപിക്കുന്ന കുറ്റവാളിയുടെ മനസ്സുമായി ഞാൻ നടന്നു... തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു, പൂക്കളുണ്ടാകുന്നതിനെക്കുറിച്ച്, ചിത്രങ്ങൾ വരയ്ക്കുന്നതിനെക്കുറിച്ച്, ശില്പങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനെക്കുറിച്ച്....
ഞാൻ നോക്കി... അരയുടെ ഇടതുഭാഗം കോറിവരഞ്ഞിരിക്കുന്നു... നഖങ്ങൾ വെട്ടിയോതുക്കാൻ പറയണം.ഇന്നലത്തേയും നാളത്തേയും കഥകൾ കേൾക്കാൻ ആകാംക്ഷയായിരിക്കുന്നു.. ഇന്നത്തെ കഥ അവൾക്കുമാറിയാം...
വാടിയ പൂക്കളും, പൊട്ടുന്ന കായകളും നിറം മാറി കുനിയുന്ന ശാഖകളും...
ഒരു പക്ഷെ ഞാനും അവളും, ചിലപ്പോൾ നിങ്ങളും..??
ദേവ് എല്ലാം അടുക്കിപ്പെറുക്കിവച്ചു. ആകാംക്ഷയും സഹായത്തിനെത്തി...
"എല്ലാമൊന്ന് പോളീഷ് ചെയ്ത് വയ്ക്കണം..".
സങ്കൽപ്പങ്ങൾ മാറുമ്പോൾ നരച്ചു പോകുന്നവയൊക്കെയും എന്റേതു തന്നെയല്ലേ...!!!
കുനിയുമ്പോൾ കാണുന്ന വരകളും നാവിലൂറുന്ന വെള്ളവും തമ്മിൽ എന്താണു ബന്ധം...
"ഇതുതന്നെയല്ലേ ഞാൻ നേരത്തെ തപ്പിക്കൊണ്ടിരുന്ന നമ്പർ..??"
പൊടിമീശ തടവുന്ന കൈകൾ തന്നെയല്ലേ തളിരിലകളെ താഴുകിയുറക്കുന്നതും..
മറുഭാഗം മുഴങ്ങിക്കൊണ്ടിരിക്കുന്നതല്ലാതെ ആളനക്കമൊന്നും കേട്ടില്ല. വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. നിരാശയായിരുന്നു ഫലം.
കയറ്റുകട്ടിലിൽ കിടന്ന് ആകാശം നോക്കുമ്പോൾ ആകാംക്ഷ അരികത്തുണ്ടായിരുന്നില്ല. ഞാൻ നക്ഷത്രങ്ങളെ എണ്ണാൻ ശ്രമിച്ചു.
ചുണ്ടിലൊരു നനവു പറ്റിയപ്പോൾ നെഞ്ചിലൊരു കുളിരായിരുന്നു...
ഞാനെഴുന്നേറ്റുപോയി...
വിരലുകൾക്കിടയിലൂടെ പുകച്ചുരുളുകൾ പൊങ്ങിയുയരുമ്പോൾ താഴ്വരയിലേക്കു നോക്കി നിൽക്കുന്ന ആകാംക്ഷയുടെ മുഖം ഇരുട്ടിലൂടെ കണ്ടു.. ഞാനവളുടെയടുത്തെക്ക് പോയി...
തെളിഞ്ഞ വെള്ളത്തിനടിയിലൂടെ തടാകത്തിന്റെ ഉൾവശങ്ങൾ തെളിഞ്ഞു കാണാം, നിമ്നോന്നതങ്ങളും, ചുഴികളും നിറഞ്ഞ അകം..
വേലിക്കെട്ടുകളാൽ വേർതിരിക്കപ്പെടുന്ന ഒരേ മണ്ണ്, കാലം തിരിയിട്ടു കത്തിച്ച വിളക്കിന്റെ പ്രകാശത്തിനും മങ്ങലേറ്റിരിക്കുന്നു..
അവൾ വിങ്ങിക്കരഞ്ഞു.. ഞാനവളെ ആശ്വസിപ്പിച്ചു, ബന്ധനങ്ങളില്ലാത്ത കൂടിച്ചേരലുകൾക്കൊന്നും അർത്ഥമുണ്ടാകില്ലെന്നും മഴയിൽ കുതിർന്നൊലിച്ചു പോകുന്ന ചായകൂട്ടങ്ങളുടെ ഗതിയായിരിക്കുമെന്നും ഇപ്പോഴാണവളോർത്തത്..
ഓർമ്മകൾക്കെന്നും അഴകാണ്, ചിലപ്പോൾ അഴുക്കും...
മാഞ്ഞുപോകുന്ന മഷികൂട്ടുകൾ ഉരഞ്ഞു തേഞ്ഞാലും പോകാതെ...
ഛെ...
ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. മറിഞ്ഞു കൊണ്ടിരിക്കുന്ന നമ്പറുകളിൽ നോക്കാതെ... അകലെ നിന്ന് കേൾക്കുന്ന ആശ്വാസവചനങ്ങളും അവയ്ക്ക് കൊടുക്കാനുള്ള മറുപടികളും..
ക്രാഡിൽ ഒച്ചയോടെ പതിച്ചു. കൈകളിൽ മരവിപ്പും ചെവികളിൽ കിരുകിരുപ്പും...
അവൾ തേങ്ങി.
ഞാനെങ്ങനെയാണവളെ ആശ്വസിപ്പിക്കുക...???

Friday, 1 May 2015

നോവുകൾ

സ്വപ്‌നങ്ങൾ മരിക്കുന്നതേയില്ല...
മുമ്പൊക്കെ ബ്ലാക്ക് ആൻറ് വൈറ്റ് സ്വപ്നങ്ങളായിരുന്നു കാണാറുള്ളത്. ഇന്നത് മാറി, നിറപ്പകിട്ടോടുകൂടിയ വളരെയേറെ സാങ്കേതിക തികവോടും മികവോടും കൂടി കാണാൻ തുടങ്ങിയിരിക്കുന്നു... ഇത് മാറും ...
അന്നെന്റെ സ്വപ്നങ്ങളിൽ തേളും പഴുതാരയും പാമ്പും കഴുകനുമൊക്കെ കടന്നുവന്നപ്പോൾ ഇന്നത് ശക്തിയേറിയ കമ്പ്യൂട്ടർ വൈറസുകൾക്ക് വഴിമാറി കൊടുത്തു.
അന്നും ഇന്നും എന്നും എൻറെ മനസ്സിൽ നീ മാത്രമായിരുന്നു. നിൻറെ ശബ്ദത്തിന്,രൂപത്തിന്, ഒന്നിനും ഒരു മാറ്റം കാണാൻ കഴിഞ്ഞില്ല...
ദൈവങ്ങൾ പല രൂപത്തിലും പല വേഷത്തിലും അദ്രിശരായി ഈ ഭൂമിയിൽ അല്ല ഈ പ്രപഞ്ചത്തിൽ തങ്ങളെ പ്രാർത്ഥിക്കുന്നവരെ തേടി ഓടികൊണ്ടെയിരിക്കുന്നു... ഒരു മാരത്തോണ്‍ ഓട്ടം....
ദൈവങ്ങൾ : ഞങ്ങൾക്ക് ഊണില്ല ഉറക്കമില്ല, എന്തിന് ഈ മനുഷ്യൻ ഒരു നിമിഷത്തെ വിശ്രമത്തിനു പോലും ഇടനൽകാറില്ല.
ഞങ്ങളവർക്ക് സ്വന്തം കാലിൽ നിൽക്കാൻ രണ്ട് കൈ, രണ്ട് കാല്, രണ്ട് കണ്ണ്, രണ്ട് ചെവി എന്ന തോതിൽ എല്ലാവരേയും സൃഷ്ടിച്ചു. എന്നിട്ടും പരാതികൾ തന്നെ....
മനുഷ്യർ : ഞാൻ പാതി ദൈവം പാതി... അല്ലാതെ ഞാനൊറ്റയ്ക്കൊന്നും ചെയ്യില്ല... അദ്ദേഹമല്ലെ സൃഷ്ടിച്ചത് അപ്പോൾ ഞങ്ങളെ സംരക്ഷിക്കാനുള്ള അധികാരവും അദ്ദേഹത്തിനു തന്നെയാണ്... അല്ല പിന്നെ...
അസുരന്മാർ : ഞങ്ങൾ പണ്ട് ഭൂമിയെ എത്ര ഭംഗിയായി ഭരിച്ചിരുന്നു. അപ്പോൾ ആ ദേവന്മാർക്ക് കണ്ണുകടി, ഇപ്പോഴെന്തായി...!!!
മനുഷ്യൻ: ഞങ്ങളെ ആരും ഭരിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല. നിങ്ങളെല്ലാവരും ഞങ്ങളുടെ ദാസന്മാർ. ഞങ്ങൾ പറയുന്നത് കേൾക്കുക ചെയ്തു തരിക.. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പൂജയോ നിവേദ്യമോ എന്തു വേണേലും തരാം... കൂടുതൽ ഇങ്ങോട്ടൊന്നും ഉണ്ടാക്കണ്ടാ ...
സ്വപ്‌നങ്ങൾ മരിക്കുമോ...!!! ??
സാഹിത്യകാരന്മാർ: ഹാ... എത്ര സുന്ദരമായ ഭൂമി, പച്ച വിരിച്ച പുൽപ്രദേശങ്ങൾ, കുന്നുകൾ, പർവ്വതങ്ങൾ, നദികൾ, അരുവികൾ, പാടങ്ങൾ, കൈതകൂട്ടങ്ങൾ... ഞങ്ങൾക്കിതു മതി...
പരിസ്ഥിതി വാദികൾ: പുഴകൾ മരിക്കുന്നു, വനങ്ങൾ അപ്രത്യക്ഷമാകുന്നു, കുന്നുകൾ നിരപ്പാക്കുന്നു, കരിമണൽ ഖനനം ചെയ്യുന്നു... ഉണരൂ... ഉണരൂ.. വികസനത്തിൻറെ പേരു പറഞ്ഞു നടത്തുന്ന ഈ കൂട്ടക്കുരുതിയെ നമ്മൾ ചെറുത്തു നിന്നു തോൽപ്പിക്കണം..
ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്നതാരാണ്...??
വീണ്ടും ബ്ലാക്ക് ആൻറ് വൈറ്റിലെക്കൊരു പ്രയാണം..
അവൾ കണങ്കാലോളമെത്തുന്ന പാവാടയും അര കെട്ടുമറയ്ക്കുന്ന ബ്ലൗസുമിട്ട് ദാവണി ചുറ്റി പാടവരമ്പത്തു കൂടി നടന്നു വരുമ്പോൾ ഞാൻ മുണ്ടും ജുബ്ബയും തോളത്തൊരു സഞ്ചിയുമായി മൂളിപ്പാട്ടും പാടി എതിരെ വരുമ്പോൾ അവൾ നാണത്തോടെ ഒരു നെൽക്കതിരു പറിച്ച് വെള്ളാരം കല്ലുപോലുള്ള പല്ലുകൾ കൊണ്ട് മെല്ലെ കടിച്ചു കൊണ്ടിരുന്നു..
സ്വപ്‌നങ്ങൾ സാർത്ഥകമാകുമ്പോൾ...
പ്രാകൃതരായ മനുഷ്യരും, ജാതി മതം, ദൈവം എന്ന കണ്ടെത്തലുകൾക്കും മുമ്പുള്ള കാലഘട്ടത്തിലെ കായ് കനികൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ഒരു തലമുറ...
അവിടെ ഞാനും എൻറെ പ്രീയപ്പെട്ടവളും മാത്രം...
ബ്ലാക്ക് ആൻറ് വൈറ്റ് സ്വപ്‌നങ്ങൾ മാത്രമായിരിക്കാം അവിടെ. അല്ലാതെ നിറപ്പകിട്ടോടു കൂടിയ മേന്മയേറിയ സാങ്കേതിക തികവാർന്ന ഡിജിറ്റൽ സ്വപ്‌നങ്ങൾ അവിടെ എങ്ങനെയെത്തും....!!!!

കരയും കടലും ഒന്നാകുന്നതിനെപ്പറ്റി...

ചിന്നിച്ചിതറിയ കുപ്പിച്ചില്ലുകളിൽ ചോരതളം കെട്ടിക്കിടന്നു. അങ്ങിങ്ങായി രക്തക്കറകൾ  കറുത്തിരുണ്ട് കിടപ്പുണ്ട്. വാക്കുകളെ വലംവയ്ക്കുമ്പോൾ നുറുങ്ങിപ്പോകുന്ന എല്ലിൻ കഷണങ്ങളെപ്പോലെ നാവു പതുക്കെ കുഴഞ്ഞു വീണു. ഓരോ യാമവും കടന്നു പോകുന്നത് ആദിത്യൻ മാത്രമേ അറിയുന്നുള്ളു.
തണുത്തുറഞ്ഞ ഐസുകട്ടകൾക്ക് മുകളിലൂടെ അവളപ്പോഴും നൃത്തം വയ്ക്കുകയായിരുന്നു. എനിക്ക് വഴക്കമില്ലാത്ത എന്തോ ഒന്ന് ഉച്ചരിച്ചു കൊണ്ടവൾ ഉറക്കെ ചിരിക്കുകയും ഉന്മത്തയായും കാണപ്പെട്ടു. അവളുടെ അരക്കെട്ടുകൾക്ക് മുകളിലൂടെ അവന്റെ കൈകൾ  ഊർന്നിറങ്ങി. തഴുകി തലോടലുകൾ കഴിഞ്ഞു.... ഇടയ്ക്കെപ്പോഴോ ഇറങ്ങിയോടുമ്പോൾ കവിളിൽ ചുണ്ടുകൾ ഉറക്കെ പതിക്കുന്നതും ചുണ്ടിന്റെ അറ്റത്തു രണ്ടു വിരലുകൾ സ്പർശിച്ചു  ആ കണ്ണുകൾ പതുക്കെ അടച്ചു തുറന്ന് നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ച് ഇരുളിലേക്ക് മറയുന്നത് നോക്കി ഞാനവിടെത്തന്നെ നിന്നു...
ഇല്ല ആദിത്യനെ കണ്ടില്ല...
വെളിച്ചം അവനിഷ്ടമായിരുന്നില്ല, ഉറക്കിനെ കവർന്നെടുക്കുന്ന ഊർജ്ജമാണ് വെളിച്ചമെന്നവൻ പുലമ്പിക്കൊണ്ടിരുന്നു.
കത്തിയമരുന്ന പുകച്ചുരുലുകളെ നോക്കി അവളിരുന്നു. കണ്ണുകൾ മാത്രം തിളങ്ങി. ആ തണുത്തു വിറച്ച ശരീരത്തിനെ ചൂടുപിടിപ്പിക്കാൻ തുടങ്ങുമ്പോൾ ആദിത്യൻ പതിയെ കണ്ണുകളിറുക്കിയടച്ചു...
മുല്ലമൊട്ടുകൾ വിടർന്നു, പാല പൂത്തു, അടയ്ക വാവലുകൾ പറന്നു നടന്നു കലപില കൂട്ടി. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഊർജ്ജ കൈമാറ്റവും വികേന്ദ്രീകരണവും കഴിഞ്ഞു...
പതിവുപോലെ ആദിത്യൻ കണ്ണുതുറന്നു...
മുല്ല മൊട്ടുകൾ തളർന്നു വാടിക്കരിഞ്ഞു, ഉന്മാദലഹരി വിട്ടൊഴിഞ്ഞ രണ്ടാത്മാക്കൾ പരസ്പരം വേർപ്പേട്ടു...
രക്തക്കറ തുടച്ചു വൃത്തിയാക്കി കുപ്പിച്ചില്ലുകൾ പെറുക്കിയെടുത്തു കളഞ്ഞു. മുറിവുണങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും.
ആദിത്യൻ മടങ്ങുമ്പോൾ വലതു തുടയിൽ താളം പിടിച്ചു പൊങ്ങിക്കിടക്കുന്ന ഐസുകട്ടകളെ നീക്കി നിർത്തി  മെല്ലെ മെല്ലെ വലിച്ചിറക്കി ഒപ്പം പുകച്ചുരുളുകൾ നൃത്തം വച്ച് തുടങ്ങിയിരുന്നു.
കറുത്തിരുണ്ട രക്തക്കറയ്ക്കു മുകളിൽ ചവിട്ടിയവൻ നടന്നു.
കരയും കടലും ഒന്നാകുന്നതിനെപ്പറ്റി...
ആദിത്യൻ എല്ലാം കാണുന്നു....!!!!

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...