അന്നൊരു വൈകുന്നേരം കുടുംബ സുഹൃത്തായ ചേച്ചി ആശുപത്രിയിൽ പ്രസവിച്ചു
കിടക്കുന്നതറിഞ്ഞു കുട്ടിയെ കാണാൻ പോയതായിരുന്നു. അവിടെയിരിക്കുമ്പോൾ വാതിൽ
തുറന്ന് നീലയും വെള്ളയും യൂണിഫോമിൽ അമ്മയ്‌ക്കൊപ്പം കയറിവന്ന മഞ്ഞുപോലൊരു
പെൺകുട്ടി.
സംസാരത്തിൽ നിന്ന് പ്ലസ് ടു വേനലവധിയുടെ അവസാന
പരീക്ഷയും കഴിഞ്ഞുള്ള വരവായിരുന്നു അത്. അന്ന് ഞാനവളെ കാര്യമായി
ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ കൂടെയുള്ള എൻറെ കൂട്ടുകാരനും അവളുടെ കസിനുമായ
ഋഷി അവളുടെ മൊബൈലിൽ നിന്ന് അവളറിയാതെ അവൻറെ മൊബൈലിലേക്ക് മിസ്സ് കോളടിച്ചു
നമ്പർ എടുക്കുന്നത് എൻറെ ശ്രദ്ധയിൽ പെട്ടിരുന്നു. ഒന്നുമറിയാത്തത് പോലെ
ഞാനിരിക്കുകയും ചെയ്തു. പിന്നീടത് ആ കാര്യം ഞാൻ മറന്നു.
മാസങ്ങൾക്ക്
ശേഷം അവൻറെ മൊബൈൽ വെറുതെയിരുന്ന് നോക്കുന്നതിനിടയിൽ ആ നമ്പർ ശ്രദ്ധയിൽ
പെടുകയും ഉടനെ എൻറെ മൊബൈലിലേക്ക് സേവ് ചെയ്യുകയും ചെയ്തു. ആദ്യമൊക്കെ
ടെക്സ്റ്റ് മെസ്സേജുകളിൽ കൂടി സംസാരിച്ച ഞാൻ അവളെ ഒരു ദിവസം വിളിച്ചു
സംസാരിച്ചു. മുമ്പ് പല തവണ ഞാനവളുടെ വീട്ടിൽ പോയിരുന്ന കാര്യം
അവൾക്കറിയില്ലായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ നല്ല
സുഹൃത്തുക്കളായി. അവളുടെ ഓരോ കാര്യങ്ങളിലും ഞാൻ വേണ്ടതിലധികം ആകുലതകൾ
കാണിച്ചു. അവളെങ്ങനെ കോളേജിൽ ചേർന്ന് പഠിക്കുമ്പോഴേക്കും ഞാൻ ജോലി
ആവശ്യാർഥം ബാഗ്ലൂരിലേക്ക് പോയിരുന്നു. അവിടത്തെ ജീവിതം മറ്റൊരു
തരത്തിലായിരുന്നത് കൊണ്ട് പതുക്കെ നാട്ടിലുള്ളവരുമായുള്ള ബന്ധം തുടരാൻ
പറ്റാത്തൊരവസ്ഥ സംജാതമായി. തിരിച്ചു നാട്ടിൽ വന്നപ്പോൾ അത്യാവശ്യം
ബിസിനസ്സും കാര്യങ്ങളുമായി നാട്ടിൽ തന്നെ കറങ്ങുന്ന സമയത്തായിരുന്നു ദേവൻറെ
കയ്യിൽ നിന്ന് ആ നമ്പർ വീണ്ടും കിട്ടിയത്. അന്ന് തന്നെ വിളിച്ചു
സംസാരിച്ചു. ഞങ്ങൾക്കിടയിൽ വല്യ ഗ്യാപ്പൊന്നും തോന്നിയിരുന്നില്ലെങ്കിൽ
പോലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് ഏകദേശം മൂന്ന് വർഷത്തിന്
മുകളിലായിരിക്കുന്നു. പക്ഷെ അതൊന്നും ഞങ്ങളുടെ സംസാരത്തിൻറെ ഇടയ്ക്ക് പോലും
കടന്നു വന്നില്ല.
രണ്ടാമത്തെ ആ കണ്ടുമുട്ടലിൽ ഞങ്ങൾ ശരിക്കും
പിരിയാനാവാത്ത വിധം സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. ഹോസ്റ്റലിലെ ഇടവേളകളിൽ
പലപ്പോഴും ഞങ്ങൾ പലയിടത്തായി കണ്ടു മുട്ടി. അതിനിടയിലാണ് ആ ഞെട്ടിക്കുന്ന
വിവരം അവളെന്നോട് പറഞ്ഞത്. കോളേജിലെ ഒരു സീനിയർ പയ്യനുമായി അവൾക്ക്
പ്രണയമുണ്ടെന്ന്. പക്ഷെ, എൻറെ വരവോടു കൂടി ഒരു പ്രണയ ഭംഗം അവിടെ
സംഭവിച്ചിരുന്നു എന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമായിരുന്നു.
പലപ്പോഴും അവൾ അവനെ വിളിക്കാതായി, കാണാതായി. അവൻ പലപ്പോഴും അവളെ
വിളിക്കുമ്പോൾ അവൾ ഞാനുമായി സംസാരിച്ചിരിക്കുന്നുണ്ടാകും. അവൻറെ കോൾ കണ്ടാൽ
പോലും എടുക്കാതെയായി.
അവന് എന്നിലേക്കുള്ള വഴി തുറന്നത്
അങ്ങനെയായിരുന്നു. അവൻ എന്നെ വന്നു പരിചയപ്പെട്ടു, അവർ തമ്മിലുള്ള ബന്ധവും
പറഞ്ഞു. അതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ലാത്തത് കൊണ്ട് തന്നെ
ഞാനവൻറെ ജൽപനങ്ങളെ മുഖവിലയ്‌ക്കെടുത്തില്ല. പലപ്പോഴും അവൻറെ കാര്യം
പറയുമ്പോൾ കരയാറുള്ള അവളോട് ഞാൻ ചോദിച്ചിരുന്നു, അവനെ പിരിയാൻ
പറ്റാത്തതായുള്ള എന്തെങ്കിലും ബന്ധം നിങ്ങൾക്കിടയിലുണ്ടായിരുന്നോ എന്ന്.
പക്ഷെ അന്നൊന്നും അവൾ സമ്മതിച്ചു തന്നിരുന്നില്ല.
ഒരു
വൈകുന്നേരമായിരുന്നു ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നത്. ചായയും
കുടിച്ചിരിക്കുമ്പോൾ ശക്തമായ മഴയും ഇടിയും മിന്നലും തുടങ്ങി ഞാനവിടെ
ബാക്കിയായി. ഏറെ വൈകിയും ഞാൻ അവളുടെ വീട്ടിൽ തന്നെ ഇരിക്കുമ്പോഴാണ് അവളുടെ
മൊബൈലിലേക്ക് അവൻറെ കോൾ വന്നത്. എടുത്തത് ഞാനും. ഞാനവനോട് ഇനി അവളെ
വിളിക്കരുതെന്ന് താക്കീത് ചെയ്തു വിട്ടു. അന്ന് തിരിച്ചു വീട്ടിൽ പോയപ്പോൾ
പാതിരാത്രിയിൽ വിളിച്ചു അവൻ അവളെ എന്ത് കൊണ്ട് ഇത്രമാത്രം സ്നേഹിക്കുന്നു
എന്നതിൻറെ വലിയ രഹസ്യത്തിൻറെ ചുരുളഴിച്ചു. വലിയൊരു ഞെട്ടലോടെയാണ് ഞാൻ അത്
കേട്ടത്.
പിറ്റേന്ന് അവൾ കോളേജിൽ പോയി. ജോലിയുമായി ബന്ധപ്പെട്ട്
ഞാനേറെ ദൂരത്തുമായിരുന്നു. പതിനൊന്ന് മണിയോടുകൂടി അവളുടെ റൂം മേറ്റിൻറെ കോൾ
വന്നു. അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, എത്രയും പെട്ടന്ന് വരണമെന്ന്
പറഞ്ഞായിരുന്നു ആ വിളി. ഞാനവളോട് സംസാരിക്കാൻ ശ്രമിച്ചു വിഫലമായി ഒടുവിൽ
ടൗണിലേക്ക് വരാൻ പറഞ്ഞു ബൈക്കുമെടുത്ത് ഞാൻ വേഗത്തിൽ അവളുടെ അടുത്തെത്തി.
ടൗണിലെ ഐസ്ക്രീം പാർലറിൻറെ ഒരു കോണിൽ സ്ഥാനം പിടിച്ചിരുന്നു. വന്നയുടനെ അവൾ
ഒരു വലിയ കവർ എൻറെ മുന്നിലേക്കിട്ടു. ഞാനെടുത്ത് നോക്കിയപ്പോൾ മുഴുവൻ
അവളുടെ ഫോട്ടോസ് ആയിരുന്നു. കുറെയെണ്ണം പകുതി കീറിയിട്ടുണ്ട്. അതിൽ
സൂക്ഷിച്ചു നോക്കിയാൽ കാണാം അവൻറെ കയ്യുടെ കുറച്ചു ഭാഗങ്ങൾ. എല്ലാം തിരികെ
കവറിലാക്കി ബാഗിലിട്ട് ഞാനവളെ കുറേ ആശ്വസിപ്പിക്കാൻ നോക്കി. അവൾ കരഞ്ഞു
കൊണ്ടേയിരുന്നു. അവനെ ഇത്രമാത്രം കണക്ട് ചെയ്യുന്ന എന്താണ് ഉള്ളതെന്ന്
ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല. പകരം ഞാനവളോട് ഒരു കാര്യം ചോദിച്ചു,
അവനിന്നലെ പാതിരാത്രിയിൽ എന്നോടൊരു കാര്യം പറഞ്ഞിരുന്നു, ശരിയാണോ എന്ന്.
അതെ എന്നവൾ തലയാട്ടി. എന്തിനത് ചെയ്തു എന്ന് ചോദിച്ചപ്പോൾ അവനൊപ്പം
ജീവിതകാലം മുഴുവൻ ജീവിക്കണമെന്നുണ്ടായിരുന്നു എന്ന് മാത്രം പറഞ്ഞു.
കുറെ നേരം സംസാരിച്ചു അവളെ കോളേജിലേക്ക് തിരികെ പറഞ്ഞു വിടാൻ ശ്രമിച്ചു
വിഫലമായപ്പോൾ വീട്ടിലേക്കെങ്കിലും പൊയ്ക്കോ എന്ന് പറഞ്ഞു. എങ്ങോട്ടും
പോകുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ ഞാൻ ത്രിശങ്കു സ്വർഗ്ഗത്തിലായി.
ഒടുവിൽ എൻറെ വീട്ടിലേക്ക് പോകാമെന്ന് സമ്മതിപ്പിച്ചു. അങ്ങനെ ബൈക്കിന്
പിറകിലിരുന്നു. സ്ഥിരം പോകുന്ന വഴിയേ പോയാൽ നാട്ടുകാര് മൊത്തം
കാണുമെന്നുള്ള പേടികൊണ്ട് മറ്റൊരു വഴി തിരഞ്ഞെടുത്തു. കുറച്ചു മുന്നോട്ട്
പോകുമ്പോഴേക്കും ശക്തമായ മഴ പെയ്തു. അടുത്ത് കണ്ട പെട്രോൾ പമ്പിലേക്ക്
വണ്ടി കയറ്റി നിർത്തിയപ്പോൾ അവൾ ഇറങ്ങി ഓടി. ഞാൻ വണ്ടി അവിടെയുള്ള ആളിനോട്
പിടിക്കാൻ പറഞ്ഞു അവളുടെ പിന്നാലെ പോയി ഓടി തിരികെ കൂട്ടി വന്നു ബൈക്ക്
എടുക്കാൻ നോക്കുമ്പോൾ അടുത്തുള്ള ഓട്ടോയിൽ നിന്നിറങ്ങിയ ആൾ എന്നെ നോക്കി
ചിരിച്ചു. എൻറെ അയൽക്കാരൻ ഓട്ടോ ഡ്രൈവറായിരുന്നു അത്. ഞാനൊന്ന് ചിരിച്ചു,
ബൈക്ക് സ്റ്റാർട്ട് ചെയ്ത് മഴയെ അവഗണിച്ചു നേരെ വീട്ടിലേക്ക് ലക്ഷ്യമാക്കി
നീങ്ങി.
മഴ നനഞ്ഞു കുളിച്ചു വരുന്ന ഞങ്ങളെ കണ്ട 'അമ്മ വഴക്കു
പറഞ്ഞു. എവിടെയെങ്കിലും നിർത്തി മഴ കഴിഞ്ഞു വരാൻ പാടില്ലായിരുന്നോ മോളെ
എന്നൊക്കെ അവളോട് പറയുന്നതും കേട്ടു.
ഞാനും അവളും ഡ്രെസ്സൊക്കെ മാറി
വന്ന് ഭക്ഷണവും കഴിച്ചിരിക്കുമ്പോൾ അവൾ അമ്മയുടെ അടുത്ത പോയി രണ്ട് ദിവസം
അവിടെ ഉണ്ടാകുമെന്ന് അമ്മയോട് പറയുന്നത് കേട്ടു. രാത്രിയിൽ അവൾ
അമ്മയ്‌ക്കൊപ്പം കിടന്നു. അതിരാവിലെ ഞാൻ ബെഡിൽ നിന്നും തിരിഞ്ഞു
കിടന്നപ്പോൾ കൈ തട്ടി നോക്കുമ്പോൾ അവളെൻറെ അടുത്ത് ഇരിക്കുന്നതാണ് കണ്ടത്.
ഞെട്ടിത്തിരിഞ്ഞു എഴുന്നേറ്റ് നോക്കിയപ്പോൾ ചുമരിൻറെ നാല് ഭാഗത്തും അവളുടെ
വലിയ ഫോട്ടോ പശകൊണ്ട് ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടു. മാർക്കർ പേന
കൊണ്ട് ചുറ്റും വലിയ ബോർഡറും വരച്ചു വച്ചിരിക്കുന്നു. വലിച്ചു കീറാൻ
നോക്കിയപ്പോൾ അവൾ അമ്മയെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവളുടെ വായ
പൊത്തിപ്പിടിച്ചു ഞാൻ കാല് പിടിച്ചു അപേക്ഷിച്ചു. ബുദ്ധിമുട്ടിക്കരുതെന്ന്.
രാവിലെ എഴുന്നേറ്റ് ചായ കുടിച്ചു. ഉച്ചയ്ക്ക് ചോറും ഉണ്ട് ഇരിക്കുന്നത്
കണ്ടപ്പോൾ എനിക്ക് ശരിക്കും പേടിയായി. ഒടുവിൽ അവളെ പറഞ്ഞു സമ്മതിപ്പിച്ചു
ഓട്ടോ കയറ്റി അവളുടെ വീട്ടിലേക്ക് അയച്ചു.
ഒരാഴ്ച കഴിഞ്ഞു പതിവ്
പോലെ ഒരു വൈകുന്നേരം അവൾ വണ്ടിയെടുത്തു വന്നു. ബോട്ടിൽ പോകണമെന്ന് വാശി
പിടിച്ചു. ഞാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മയോട് പറഞ്ഞു അവളെന്നെ
നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി. സന്ധ്യയ്ക്ക് ബോട്ടിലൂടെ കുറെ നേരം
കറങ്ങി.
അന്ന് ഏറെ വൈകിയാണ് വീട്ടിൽ നിന്നും പോയത്. അന്ന് മുതൽ ഞാൻ
ശരിക്കും പേടിച്ചു തുടങ്ങി. എങ്ങനെയെങ്കിലും അവളെ ഒഴിവാക്കുക എന്ന
അജണ്ടയുമായി മുന്നോട്ട്പോകാൻ തുടങ്ങിയ സമയമായിരുന്നു അത്. ഫോൺ വിളിച്ചു
ആവശ്യത്തിനും അനാവശ്യത്തിനും തല്ല് കൂടാൻ തുടങ്ങിയപ്പോൾ അവൾ പതുക്കെ
പിൻവലിഞ്ഞു. എങ്കിലും ആ ആഴ്ച എൻറെ പിറന്നാൾ ദിനമായിരുന്നു. അന്ന്
എന്തായാലും അവളെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവൾക്ക്
മെസ്സേജയച്ചു പറയുകയും ചെയ്തു. ഇന്ന് അഞ്ചു മണിക്ക് മുമ്പായി നീ എന്നെ
വന്നു കണ്ടില്ലെങ്കിൽ ഇനി കാണേണ്ടതില്ലെന്ന്.
ക്ളോക്ക് നോക്കി
കിടന്ന ഞാൻ അറ്റാക്ക് വന്നു മരിക്കും എന്ന് തോന്നി. കൃത്യം നാലരയ്ക്ക് അവൾ
വീട്ടിലെത്തി, ഒപ്പം അവളുടെ 'അമ്മ കൂടി ഉണ്ടായിരുന്നു. റൂമിൽ
കിടക്കുകയായിരുന്ന എൻറെ അരികിലേക്ക് വന്ന് ഗിഫ്റ്റ് ബെഡിൽ വച്ച് അവൾ തിരികെ
പോകുമ്പോൾ ഞാനവളുടെ കൈ പിടിച്ചു. ബലമായി വലിച്ചു കൈ വിടുവിച്ചുകൊണ്ടവൾ
പുറത്തേക്ക് പോയി. രണ്ടമ്മമാരും കൂടി സംസാരിച്ചു നിൽക്കുന്നിടത്തേയ്ക്ക്
മാറിനിന്ന് അവൾ ചായയും കുടിച്ചു അമ്മയെ കൂട്ടി ഒന്നും പറയാതെ സ്ഥലം വിട്ടു.
ഒരു സ്പടികത്തിൻറെ ശില്പമായിരുന്നു അവൾ തന്ന ഗിഫ്റ്റ്. എടുത്തപ്പോൾ കയ്യിൽ
നിന്ന് താഴെ വീണ് രണ്ടായി പിളർന്നു. ഞാൻ എടുത്ത് ഒട്ടിച്ചു വച്ചപ്പോഴും
അത് ഇളകി മാറി.
പിന്നീടുള്ള ദിവസങ്ങൾ സംഘർഷ ഭരിതമായിരുന്നു. അവളുടെ
അച്ഛനൊക്കെ വിളിച്ചു ഇനി കാണരുത്, വിളിക്കരുത് എന്നൊക്കെ കേണപേക്ഷിച്ചു.
ഒരച്ഛൻറെ വാക്കിനെ ധിക്കരിക്കാൻ തോന്നിയില്ല. അന്ന് ഉപേക്ഷിച്ച
ബന്ധമായിരുന്നു ഞങ്ങൾ....
ഉപേക്ഷിക്കാൻ ഞാൻ കുറേ കാരണങ്ങൾ
ഉണ്ടാക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അവളുടെ കാമുകൻ അന്ന് രാത്രി
വിളിച്ചു പറഞ്ഞ കാര്യങ്ങൾ പിറ്റേന്ന് ഐസ്ക്രീം പാർലറിൽ വെച്ച് ഞാൻ അവളോട്
ചോദിച്ചിരുന്നു. അവനെ മറക്കാനാവാത്ത വിധം എന്ത് ബന്ധമാണ് നിങ്ങൾ തമ്മിൽ
ഉള്ളതെന്ന്.
"ഞങ്ങൾ അഞ്ചു തവണ സെക്സിൽ ഏർപ്പെട്ടിരുന്നു" എന്നാണ് അവൾ എന്നോട് പറഞ്ഞ മറുപടി.
അതെ അവൾ കന്യകയായിരുന്നില്ല. അതറിഞ്ഞത് മുതൽ ഒരു സാധാരണ യാഥാസ്ഥിതിക
കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് അവളൊരു ഭാരമായി തോന്നി. അന്ന് പക്ഷെ
ഉപേക്ഷിച്ചു പോയാൽ അവളെന്തെങ്കിലും കടുംകൈ ഒപ്പിച്ചാൽ അകത്താക്കുന്നത്
ഞാനായിരിക്കും എന്ന ബോധമുള്ളത് കൊണ്ട് എല്ലാം സഹിച്ചായിരുന്നു പിന്നീടുള്ള
നീക്കങ്ങളൊക്കെ.
വർഷങ്ങൾക്ക് ശേഷം ഈ മഹാനഗരത്തിൽ ഞാനവളെ
കണ്ടുമുട്ടി. സുഖമാണോ എന്ന രണ്ടു വാക്കുകളിൽ സംസാരം ഒതുക്കി ഞാൻ എൻറെ
തിരക്കുകളിലേക്ക് ഊളിയിട്ടു.
Episode -4 Tomorrow 10 PM. Please stay tune here...
രണ്ട് വർഷത്തോളം പിന്നാലെ നടന്ന് സുഹൃത്തായ ഇന്നും ആ സൗഹൃദം ഹൃദയത്തോട് ചേർത്തു പിടിക്കുന്ന തട്ടത്തിൻ മറയത്തെ പെണ്ണ്...